മഹാനായ സംഗീതജ്ഞൻ സക്കീർ ഹുസൈന്റെ തബല ലീഡ് ഇൻസ്ട്രുമെന്റ് ആയി ചിട്ടപ്പെടുത്തിയ പ്രശസ്ത മ്യൂസിക് ആൽബമാണ് ‘മരുഭൂമികളുടെ സംഗീതം’. 2024 സെപ്റ്റംബർ അഞ്ചിന് മരിച്ച പ്രിയ സുഹൃത്ത് സോബി സൂര്യഗ്രാമം ഈ മ്യൂസിക് ആൽബം പശ്ചാത്തലമാക്കി സംഭാഷണമേതുമില്ലാതെ ശരീരാഭിനയം മാത്രമുപയോഗിച്ച് രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു നാടകം ചെയ്തിരുന്നു. സോബിയെ ഇപ്പോൾ ഓർത്തെടുക്കുന്നത് ഈയൊരു മ്യൂസിക് പ്ലേയിലൂടെയാണ്.
ഒന്ന്: മരുഭൂമിയുടെ നിറഭേദങ്ങൾ
മരുഭൂമിയുടെ സംഗീതം പല ഖണ്ഡങ്ങളായുള്ള മരുഭൂമിയുടെ വിവിധ ഭാവങ്ങളും രൂപങ്ങളും നിറങ്ങളും നിറഞ്ഞുനിൽക്കുന്ന, ഉള്ളിൽ കൊള്ളുന്ന വലിയൊരു സംഗീതയാത്രയാണ്. ഒരു സ്റ്റൈലൈസ്ഡ് നാടകത്തിലേക്ക് ഈ യാത്രയെ എങ്ങിനെ മെർജ് ചെയ്തു എന്നതിലാണ് സോബി എന്ന ഡ്രാമാ ആർട്ടിസ്‌റ്റിന്റെ പ്രതിഭ അനേഷിച്ചുപോവേണ്ടത്. ഈ പ്ലേയിലെ രംഗങ്ങൾ മണൽഭൂമികയുടെ മ്യൂസിക്കിനെ വിവർത്തനം ചെയ്തവിധം ഒന്ന് ശ്രദ്ധയോടെ നിരീക്ഷിച്ചെടുക്കാം എന്ന് തോന്നുന്നു.
വിശാലമായ ഒരു സർക്കസ് ടെന്റിലേതുപോലെ സാധനസാമഗ്രികൾ പ്ലേസ് ചെയ്തുവെച്ച ഒരു ഒറ്റമുറി വീടിന്റെ ഉള്ളകം പോലെ തോന്നിപ്പിക്കുന്ന ഒരിടം. അവിടെത്തന്നെയാണ് കോർ ആയിട്ടുള്ള രംഗ സ്ഥാനം. ഡിസൈനിൽ ആദ്യത്തെ മെർജ് സംഭവിക്കുന്നത് ഇവിടെയാണ്. ഒരു ഒറ്റമുറി വീട് സ്വീകരണ മുറിയും (പബ്ലിക് ഓപ്പൺഡ്) അടുക്കള (സെമി പ്രൈവറ്റ് ) കിടപ്പുമുറി (ടോട്ടലി പ്രൈവറ്റ് ) ഇതല്ലാംകൂടി ചേർന്ന് ഒരുക്കിയ ഒരു പ്ലേ സ്പേസ് ആണ്. ഈ സ്പേസിൽ ഇവിടെ സംഭവിക്കുന്ന രംഗങ്ങളിൽ കാണികൾക്ക് എന്തും ഒരതിരുമില്ലാതെ പ്രതീക്ഷിക്കാവുന്നതാണ്. മരുഭൂമി സംഗീതത്തിന്റെ രാഗവും അങ്കവും കൂടിച്ചേർന്ന രംഗം സാധിച്ചെടുക്കുന്നത് ഈ മെർജ് പ്ലേസിലാണ്.
എന്തുകൊണ്ടാവാം സോബി ഈയൊരു സംഗീതാവസ്ഥയെ പറയാൻ മനോഹരമായി ലൈറ്റപ്പ് ചെയ്ത അധികവും തിരശ്ചീന ആകൃതിയിലുള്ള പ്രോപ്പർട്ടികളെ വെച്ചുകൊണ്ട് ആദ്യം ഒരാണ് ഒറ്റയ്ക്കും പിന്നീട് വന്നുചേരുന്ന പെണ്ണും പാർക്കുന്ന ഇങ്ങനെയൊരിടം തിരഞ്ഞെടുത്തത്. ഈ കഥാപാത്രങ്ങൾ അവരുടെ പ്രണയ ദാമ്പത്യ സമയങ്ങളിൽ കടന്നുപോവുന്ന കഠിനമായ മരുഭൂമി ജീവിതത്തെ കാണിക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട ഒരിടം ഇല്ല എന്നതിനാലാവാം.ഒരു സ്റ്റൈലൈസ്ഡ് നാടകത്തിലേക്ക് ഈ യാത്രയെ എങ്ങിനെ മെർജ് ചെയ്തു എന്നതിലാണ് സോബി എന്ന ഡ്രാമ ആർട്ടിസ്‌റ്റിന്റെ പ്രതിഭ നമ്മൾ അനേഷിച്ചു പോവേണ്ടത്.

രണ്ട്: മണൽക്കാറ്റൊരുക്കുന്ന സിംഫണി
മൂടിപ്പുതച്ചുറങ്ങുന്ന ഒരു ബാച്ചിലർ ആണിന്റെ സ്വപ്ന കാഴ്ച്ചകളും അതിലേറെ ശബ്ദ വിസ്മയങ്ങളും ചേർന്നൊരു സീനിൽ നിന്നാണ് നാടകം ആരഭിക്കുന്നതെന്നാണ് ഓർമ്മ. പിന്നീടയാൾ ചതുരംഗ കരുക്കളെയും മറ്റുള്ള ഓരോ വസ്തുക്കളെയും കരുതലോടെ തലോടിയും നൃത്തം വെച്ചും മുന്നേറുമ്പോൾ മരുഭൂമി സിംഫണിയുടെ രണ്ടാംഘട്ടത്തിലാണ് എന്ന് തോന്നുന്നു നായികയുടെ രംഗപ്രവേശം. ഇളം നീലനിറത്തിലുള്ള വെള്ളി പ്രകാശത്തിൽ മിന്നുന്ന ഗൗൺ ഇട്ട് കയ്യിൽ വെള്ളപ്രാവിനെ പറപ്പിക്കാനായെത്തുന്ന വിഷ്വൽ ഇപ്പോൾ ഒരു പരിചിത കാഴ്ചയെന്ന് തോന്നാമെങ്കിലും ഏതാണ്ട് മൂന്ന് ദശകം മുൻപെങ്കിലും അരങ്ങിലെത്തിയ ഈ നാടകത്തിൽ ഒരു വിക്ടോറിയൻ ഇൻഫ്ലുവൻസ്ഡ് റൊമാന്റിക് ചിത്രം പോലെ വളരെ ആപ്റ്റ് ആയിരുന്നു.
ഒരു ഫ്രീ ബേർഡ് വിഷ്വലിലൂടെ ഒരു നായികയെ ഇൻട്രൊഡ്യൂസ് ചെയ്യുക എന്നതും വിശാലമായ മരുഭൂമി ആകാശത്തെ കാണാതെ കാണുക എന്നതും ഒരു സുന്ദരനുഭവമാണ്. നാടകം പ്രേമ അങ്കത്തിലേക്കു കടക്കുന്നതും ഇവിടെയാണ്. നായക നടനായ സോബി കുറസോവ സിനിമയായ ‘സെവൻ സാമുറായി’യിലെ പോരാളിയെ പോലെ അരക്കെട്ടുയർത്തി ശരീരം ഭൂമിയിലേക്ക് തിരശ്ചീനമാക്കി കുനിഞ്ഞു നീങ്ങുന്ന പോസിലാണ് മൂവ്മെന്റുകൾ അധികവും കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. സർക്കസ് കൂടാരത്തിലെ ട്രപ്പീസ് കളിക്കുപയോഗിക്കുന്ന വല പ്രണയാരംഭ കാലങ്ങളിൽ ഊഞ്ഞാലായും പിന്നെ കുഞ്ഞിന്റെ തൊട്ടിലായും ദാമ്പത്യ വിരസതകളിൽ മരണക്കയറായും ഒക്കെ ട്രാൻസ്‌ഫോം ചെയ്യാവുന്ന ഒന്നായിട്ടു തന്നെയാവാം സീനിൽ കരുതി വെച്ചത്.

മൂന്ന്: റോബോട്ടിക് വേഷമിട്ട അതിഥികൾ
റോബോട്ടിക് ഡ്രസ്സിട്ട, സുന്ദരമായ മാസ്കിട്ട ഒരു യൂറോപ്യൻ സെവൻസ് ഫുട്ബോൾ ടീമംഗങ്ങളെ പോലെ മണൽ കാറ്റിന്റെ പതിഞ്ഞ താളത്തിൽ മുറിയിലേക്ക് ഒന്നൊന്നായി കയറിവരുന്നേടത്താണ് നാടകം കുറച്ചു ലൗഡ് ആവുന്നതെന്നാണ് ഓർമയിൽ തെളിയുന്നത്. കോറസ് ആക്‌ടേഴ്‌സിന്റെ മിലിറ്ററി ചുവടുകളും, പന്തുതട്ടിയും എറിഞ്ഞും പിടിച്ചും പിന്നെ കോറസ് സ്വഭാവം വിട്ട് ഇടകലർന്ന് ദമ്പതികളുമായുള്ള കളിയിലേർപ്പെടുന്നത് ചെറിയതോതിലെങ്കിലും നേരത്തെ പറഞ്ഞ പബ്ലിക് എൻട്രി സ്പേസിൽ നിന്നും പ്രൈവറ്റ് സ്പേസിലേക്കുള്ള അതിർലംഘനമാണ്.
ഏതൊരു ചെറിയ വീട്ടിലും ഏതൊരു സാധന സാമഗ്രികളിലും എഴുതപ്പെടാത്ത ഒരു ആക്സസ്സ് കണ്ട്രോൾ കോഡ് ഉണ്ട്. ആൺ പെൺ ശരീരങ്ങൾ ഉൾപ്പെടെയുള്ള പ്രോപ്പർട്ടികളിൽ അത് വ്യക്‌തമാണ്. ഈ കോഡിന്റെ വയലേഷൻ അതിക്രമവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ഈയൊരു അതിസൂക്ഷ്മ രാഷ്ട്രീയത്തിലാണ് സോബിയുടെ നാടകം വർക്ക് ചെയ്യുന്നത്. ഇതു പലപ്പോഴും പ്രത്യക്ഷമായോ, ശരീങ്ങൾ തമ്മിലുള്ള വിനിമയ കലയായും കലഹങ്ങളായും നാടകങ്ങൾക്ക് പുറത്തും അവനിൽ പരിണമിക്കാറുണ്ടായിരുന്നു. തന്റെ കൂട്ടുകാരി തനിക്കും വീട്ടുകാരിക്കും ഇടയിലായി സ്വതന്ത്രമായീ കിടന്നുറങ്ങാറുണ്ടന്ന് അവൻ പലപ്പോഴും ഹാസ്യരൂപേണ പറഞ്ഞിരുന്നതും ഈ രാഷ്ട്രീയത്തെ ഉറപ്പിക്കാനായിരുന്നെന്നു തോന്നുന്നു.
നാല്: കൈക്കുമ്പിളും ചെവിയും കൊണ്ടൊരു മണൽ ഘടികാരം
‘മ്യൂസിക് ഓഫ് ഡെസേർട്സ്’ എന്ന നാടകം രണ്ടു പ്രദേശങ്ങളിലായാണ് അരങ്ങിലെത്തിയിരുന്നത്. കേരളത്തിൽ 1995-ൽ ഗുരുവായൂരിലും 2001-ൽ അറബ് എമിരേറ്റ്സ്കളായ ഷാർജയിലും ദുബായിലും എന്നാണെന്റെ ഓർമ്മ. ഷാർജയിൽ ‘ശവംതീനി ഉറുമ്പുകൾ’ എന്ന നാടകത്തിനു ശേഷം ഏർപ്പെടുത്തിയിരുന്ന ഏറെ വർഷങ്ങളായുള്ള നിരോധനം മാറുന്നത് ഗൾഫ് നാടക ചരിത്രത്തിൽ വീണ്ടും ഒരു കർട്ടൻ റൈസർ ആയി അവതരിപ്പിക്കപ്പെടുന്നത് സോബിയുടെ മരുഭൂമിയുടെ സംഗീതമാണ്. യു.എ.ഇയിൽ കളിച്ചപ്പോഴാണ് മണൽ ഒരു പ്രധാന സാമഗ്രിയായി സ്റ്റേജിൽ കൊണ്ടുവരുന്നത്. ഹുസ്സൈന്റെ തബല തകർത്തുപെയ്യുന്ന പശ്ചാത്തലത്തിൽ കമിതാക്കൾ വാളെടുത്ത് ചുവടുകളിലമർന്നും തെറ്റിച്ചും കളരിയും പയറ്റുമായി മുന്നേറി പിന്നെ കാട്ടുവള്ളികളെ പോലെ ചുറ്റിപിരിഞ്ഞിണചേർന്ന് ഒറ്റമരമായ് ഉയർന്നു പൊങ്ങി മണ്ണിലേക്കടർന്നലച്ചു വീഴുന്നതും വിളക്കുതെളിയുമ്പോൾ പരസ്പരം മടിത്തട്ടും തലയും മാറിമാറി മണൽഘടികാരം നിർമ്മിക്കുന്നതുപോലുള്ള ആക്റ്റിങ് സീക്വൻസ് ഓർമയിൽ മറയാതെ നിൽക്കുന്നു. നിശ്ചലമായ മണൽക്കാറ്റിൽ സമയസ്ഥല (Time & Space) വേരിയബിളുകൾ ഒന്നാകുന്ന മുഹൂർത്തം സക്കീർ ഹുസൈൻെറ തബലപോരാതെ മറ്റു ലോഹവാദ്യ സാമഗ്രികളെയും എടുത്തു പുതിയ ആരോഹണം നിർമ്മിച്ചെടുക്കുബോൾ സ്റ്റേജിൽ കൈക്കുമ്പിളിൽ നിന്നൂർന്ന് നേർരേഖയിൽ വീഴുന്ന മണൽത്തരികളും വിടർന്ന ചെവിയും മാത്രമാകുന്ന കാഴ്ച്ച. പ്രശസ്തനായ കൂടിയാട്ടം കലാകാരൻ അമ്മന്നൂർ മാധവചാക്യാർ പറഞ്ഞതുപോലെ ചങ്കിൽ നിന്ന് നാഭിയിലേക്ക് മുറുക്കി കെട്ടുന്ന ചരട് പോലെ അർത്ഥഭദ്രമായ ഒരു ആട്ടബിംബം കണക്കെ മായാതെ നിൽക്കുന്നു.

അഞ്ച്: നാടൻ തെയ്യവും റോബോട്ടിക് സൈന്യവും നേർക്കുനേർ
കോറസിന്റെ രണ്ടാം വരവിൽ തബലയിൽ ടെൻഷൻ മ്യൂസിക്കിനോടൊപ്പം ഇലക്ട്രിക് ടോർച്ചുകൾ വീശി തോക്കിൽ നിന്നെന്ന പോലെ വെളിച്ചമുതിർത്ത് അധിനിവേശത്തിനു സജ്ജമാക്കിയെടുക്കുന്ന ഒരു ബഹളമയമായ (Crowded) സീൻ ഉണ്ട്. അവർ അതിനെ തുണി ചുറ്റിക്കെട്ടി കത്തിച്ച പന്തവുമായാണ് നേരിടുന്നത്. മ്യൂസിക് സംഘർഷത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുപോലെ നാടൻ തെയ്യവും റോബോട്ടിക് സൈന്യവും ഒരു തുറന്ന ലൈറ്റ് ആൻഡ് ഷെയ്ഡ് യുദ്ധത്തിലേർപ്പെടുന്നു.
പിന്നാലെ വരുന്ന രംഗങ്ങളിൽ മരുഭൂമിയിലെ നിറം മാറുന്നത്, കാറ്റിനോടൊപ്പം മണൽ മേയുന്നത്, അതിന്റെ രൂപവും ശബ്ദവും മായുന്നത്, വെയിൽ വളർന്ന് ഉച്ചയാവുന്നത്, തബലയിൽ വിരലുകൾ വിശ്രമിക്കുന്നത്, അസാധാരണ ശബ്ദങ്ങളുടെ അകമ്പടിയോടെ സന്ധ്യ വരുന്നത്, നിഘൂഢതകളും വിസ്മയങ്ങളും ഒളിപ്പിച്ച് രാത്രി നൃത്തം ചെയ്യുന്നത്… അങ്ങനെ അങ്ങനെ നാടകത്തിലെ കമിതാക്കളും നമ്മളെ അമ്പരപ്പിച്ച് ഒപ്പം കൂട്ടുന്നു. അറേബ്യയിൽ വെച്ച് കാണുമ്പോൾ നാടകത്തിനു വളരെയേറെ പ്രസക്‌തിയുണ്ടെന്നു പറയുന്നത് ‘ഡെസെർട്ട്’ എന്ന വാക്കുള്ളത് കൊണ്ടല്ല. ഒറ്റയായ ഫ്ലാറ്റിൽ ദാമ്പത്യങ്ങളിൽ ഉണ്ടാകുന്ന സ്വച്ചന്ദ പരിണാമങ്ങളിലേക്കും വിരസതയുടെ, മടുപ്പിന്റെ, മണൽപറ്റിയ ഉടലുകൾ തമ്മിലുള്ള ഘർഷണ സന്ദർഭങ്ങളിലേക്കും നാടകം കണക്ട് ചെയ്തു കൊണ്ടുപോവുന്നതുകൊണ്ടാണ്. ഒരു നടൻ അല്ലെങ്കിൽ നടി തന്റെ സ്യകാര്യതയെ ബുദ്ധിപൂർവം വെളിപ്പെടുത്തുമ്പോളാണ് ഒരു നല്ല ആക്ട് സ്റ്റേജിൽ സംഭവിക്കുന്നത്. അതൊരു ഫ്രീഡം ഓഫ് ‘എക്സ്സ്പ്രെഷന്റെ എക്സ്സ്‌ട്രിം’ ആയി പലപ്പോഴും അനുഭവിക്കാറുണ്ട്. എന്നാൽ മറിച്ച് അവരുടെ പ്രൈവറ്റ് സ്പേസിലേക്ക് ബാഹ്യ അധികാരങ്ങൾ കടന്നുവരുന്നത് ഒരു എക്സ്പ്രഷൻ ഓഫ് വയലൻസിലേക്ക് എത്തിക്കുന്നെന്ന വെളിപ്പെടുത്തലും ഈ നാടകം പറയുന്നുണ്ട്.

ആറ്: ശരീരത്തിന്റെ ഭാഷയാകുന്ന
മരുഭൂമി സംഗീതം
നാടകത്തിന്റെ അവസാന രംഗങ്ങളിലേക്കടുക്കുമ്പോൾ തബലവാദ്യം പ്രക്ഷുബ്ധമാവുന്നപോലെ കോറസ് സംഘം അവരുടെ അധിനിവേശം പൂർണ്ണമാക്കുന്നു. നായികയെ ആക്രമിച്ചു കീഴ്പ്പെടുത്തി ആ തുറന്ന വീടിനെ തകർത്ത് ഒരു ആക്രിപ്പുര (Scrap yard) ആക്കി മാറ്റുന്നു. നമ്മൾ നേരത്തെ പറഞ്ഞ ആക്സസ്സ് കണ്ട്രോൾ കോഡ് എല്ലാം മറികടന്നിരിക്കുന്നു. പിന്നീട് സോബി എന്ന ശരീര നടൻ (Body Actor) മ്യൂസിക് ആൽബത്തിന്റെ പാത്തോസിനെ മറികടന്ന ഒരു പെർഫോമൻസ് ആണ് കാണിച്ചുതരുന്നത്. പ്ലേയുടെ ക്ലൈമാക്സ് അടുക്കുമ്പോൾ തന്റെ ഇണയെ ആക്രമിച്ചു മരുപ്പറമ്പാക്കിയ, അനാഥമായ ഇടത്തേക്കയാൾ എത്തുന്നുണ്ട്. തന്റെ നേർനില്പിനെ (Verticality) തല്ലിയൊതുക്കിയപ്പോളാവാം ഒരു പാമ്പ് അതിന്റെ വിലങ്ങനെയുള്ള ഉരഗയാത്ര ആരംഭിച്ചിട്ടുണ്ടാവുക എന്ന ചിന്തയിലേക്ക് കാണികളും സോബിയോടൊപ്പം ഇഴഞ്ഞെത്തുന്നു.
സംഗീതത്തിന് ശരീരത്തിന്റെ ഭാഷയാവാമെന്നും അല്ലെങ്കിൽ ശരീരത്തിന് സംഗീതഭാഷ ചേരുമെന്നും സോബി എന്ന പ്രധാന നടൻ തന്റെ പ്ലാസ്റ്റിക് ബോഡി കൊണ്ട് തകർത്തെറിഞ്ഞ ജീവിത സാമഗ്രികളെ അരിച്ചരിച്ച് നീങ്ങി അളന്നളന്ന് കാണിച്ചുതരുന്നു. ഒരു അവശേഷിപ്പുകളുമില്ലാതെ സക്കീർ ഹുസ്സൈന്റെ തബലയിൽ നിന്ന് വിരലുകൾ അകന്നകന്നു പോകുന്നപോലെ നടുവൊടിഞ്ഞ പാമ്പിനെപോലെ അയാളും മരണമാളത്തിലേക്ക് കയറാനെത്തുന്നു. പിന്നെ ചെറുചിറകടികളോടെ പിടഞ്ഞു ചുരുണ്ട് അനക്കമറ്റു വീഴുന്നു.

ഏഴ്: നക്ഷത്രവിളക്കുമായെത്തുന്ന പെൺകുട്ടികൾ
അവസാന സീനിൽ ഒരു പ്രതീക്ഷ പോലെ കുറച്ച് ന്യൂജെൻ കുട്ടികൾ വിളക്കുകളും നക്ഷത്രങ്ങളുമായി വന്നെത്തി ഒരു തൈച്ചെടി മണ്ണില്ലാതെ നടന്റെ ചെവിയോട് ചേർത്ത് നടുന്നുണ്ട്. രംഗത്തിന്റ യാഥാർത്ഥ്യമറിയാതെ ഒരു കുട്ടി നടന്റെ ചെവിയിലേക്കായിരുന്നു നനച്ചുകൊണ്ടിരുന്നത്. ജലം നിറഞ്ഞൊഴുകിയിട്ടും അവൾ ജലാർപ്പണം നിർത്തിയില്ല. “സ്റ്റോപ്പ്... പ്ളീസ് സ്റ്റോപ്പ്...” എന്ന അടക്കത്തിലുള്ള അവന്റെ അപേക്ഷയും വകവെച്ചില്ല. വെള്ളമൊഴുകി ആക്റ്റിംഗ് ബോഡി ഒരു ജലപ്രളയമാവുന്നതുവരെ. അകാലത്തിൽ വന്നെത്താനുള്ള മരണത്തെ സ്വീകരിക്കാനെന്ന പോലെയുള്ള ഗർഭപാത്ര നിശബ്ദതയിൽ ആരോടും കലഹിക്കാതെ സോബിയെന്ന നടൻ വെറും മണലിൽ നനഞ്ഞ് കുതിർന്നു കിടന്നു.
തിരിഞ്ഞുനോക്കുമ്പോൾ ഇന്നും വളരെ കാലിക പ്രസക്‌തിയുള്ള നാടകം, ലോകത്ത് പല ഭൂഖണ്ഠങ്ങളിലും കൂടുതൽ ഭീകരമായി മിഡിൽ ഈസ്റ്റിലും ഇതെഴുതുമ്പോഴും നടന്നുകൊണ്ടിരിക്കുന്ന അധിനിവേശങ്ങളെ, സംഘർഷങ്ങളെ, അനാഥമാക്കപ്പെട്ട പെൺദേഹങ്ങളെ, മുറിവേൽക്കപെട്ട കുഞ്ഞുങ്ങളെ, മണലിൽ നനഞ്ഞു കിടക്കുന്ന മൃതദേങ്ങളെ… സങ്കടഹൃദയത്തോടെ ഓർക്കാൻ പ്രേരണയാവുന്നു.
ശരീരരാഷ്രീയത്തിൽ (Body Politics) നിന്നും സ്റ്റേറ്റ് പൊളിറ്റിക്സിലേക്കും വേൾഡ് പൊളിറ്റിക്സിലേക്കും അവിടെനിന്നു തിരിച്ചും ഇടകലർന്നും ഈ ക്രിയേറ്റീവ് വർക്ക് മ്യൂസിക് ആൽബത്തിന്റെ അകമ്പടിയിൽ രേഖപ്പെടുത്തുന്നുണ്ട്. തന്റെ ഇരുപത്തഞ്ച് വയസ്സിനുമുമ്പേ കരിയറിലെ പ്രധാന വർക്കുകൾ എല്ലാം ചെയ്ത വലിയ പൊട്ടൻഷ്യലുള്ള തിയേറ്റർ ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായിരുന്നു സോബി സൂര്യഗ്രാമം. എല്ലാ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും അവൻ നിരന്തരം സംഘർഷത്തിലായിരുന്നു. ഏതൊരു നാടകത്തിനു വരിനിൽക്കുമ്പോഴും പിൻനിരയിൽ മുഴങ്ങിക്കേട്ടത് അവന്റെ ഒച്ചയായിരുന്നു.
(സോബിയുടെ നാടകജീവിതത്തെ കുറിച്ച് ഇറങ്ങാനിരിക്കുന്ന പുസ്‌തകത്തിലേക്കുള്ള നാടകക്കാഴ്ച വിഭാഗത്തിൽ ചേർക്കുന്നതിനായി എഴുതിയതിൽ നിന്ന്)
▮
കുറിപ്പ്:
ഷാർജയിൽ 2001-ൽ നാടകം അവതരിപ്പിച്ചപ്പോൾ സംവിധായകനും പ്രധാന നടനുമായ സോബിയോടൊപ്പം നായികയായി തിയേറ്റർ- സിനിമ ആർടിസ്റ്റായ ജോളി ചിറയത്ത് ‘കോറസിൽ ലീഡ് ആയി കവിയും തിയേറ്റർ ആർട്ടിസ്റ്റുമായ അനൂപ് ചന്ദ്രനും അഭിനയിച്ചിരുന്നു. ഗുരുവായൂരിൽ 1995-ലെ അവതരണത്തിൽ നാടകവീട് ഗ്രൂപ്പിലെ നടിയും നടന്മാരും ക്രിയേറ്റീവ് സപ്പോർട്ട് ആയി സുനിൽ കോട്ടപ്പടിയും ഉണ്ടായിരുന്നു.
സോബി സംവിധാനം ചെയ്ത മറ്റു നാടകങ്ങൾ: ‘അതിർത്തികൾ’ (1989), ‘കാക്കാലൻ’ (1992), ‘കല്യാണസൗഗന്ധികം’, ‘വർത്തകതെരുവിലെ നീതിശാസ്ത്രങ്ങൾ’, ‘ന്റെ പുള്ളിപയ്യ് കരയണ്’ (2003), ‘ഇത്ര മാത്രം’, ‘പുലിജന്മം’ (2011), ‘വീടുകൾ കത്തുന്നു’ (2013), ‘വെള്ളരിക്ക പട്ടണം’ (2015), ‘കണ്ടാമൃഗം’, ‘മാംസഗണിതം’ (2014), ‘കടൽകാണുന്ന പാചകക്കാരൻ’, ‘തീൻ മേശയിലെ ദുരന്തം’, ‘ബിരിയാണി’, ‘കുതിര പൊറാട്ട്’, ‘സഖാവ് അറക്കൽ: ഇരുൾവഴിയിലെ കനൽ നക്ഷത്രം’ (2022).
2025 സെപ്തംബർ 21ന് കുന്നംകുളം ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ ‘സോബി സീൻ-1’ എന്ന പേരിൽ സോബിയുടെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

▮
‘മരുഭൂമികളുടെ സംഗീതം’ എന്ന മ്യൂസിക് പ്ലേയുടെ അവതരണത്തിൽ നിന്ന്…







▮
സോബി സൂര്യഗ്രാമത്തിന്റെ ‘മരുഭൂമികളുടെ സംഗീതം’ എന്ന ദൃശ്യാവിഷ്കാരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ




