തട്ടിൽ കിടന്ന് മരിക്കുക എന്നത് ഒരു നാടക കലാകാരനെ സംബന്ധിച്ചിടത്തോളം സ്വപ്നസദൃശമായ ക്ലൈമാക്സാണ്. തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ ഒരു മാസമായി തുടരുന്ന നാടകക്കളരിയ്ക്ക് നേതൃത്വം നൽകി വരവെയൊണ് മലയാള സ്വതന്ത്ര നാടക പ്രസ്ഥാനത്തിന് കനപ്പെട്ട സംഭാവനകൾ നൽകിപ്പോന്ന തിയേറ്റർ ആർട്ടിസ്റ്റ് പ്രിയപ്പെട്ട കെ.വി. വിജേഷ്, 2026 ജനുവരി 23-ന് ഉച്ചയ്ക്ക് നാടകത്തട്ടിൽ കുഴഞ്ഞു വീണത്. പാതിരാവാകുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ജീവിതത്തിന് എന്നെന്നേക്കുമായി തിരശ്ശീല താഴുകയും ചെയ്തു.
അനുഗൃഹീത കലാകാരനാണ് വിജേഷ്. തിയേറ്ററിന് വേണ്ടി സമ്പൂർണ്ണമായി സമർപ്പിച്ച ജീവിതം. നാടകരചന, സംവിധാനം, അഭിനയ പരിശീലനം, സംഗീത സംവിധാനം, ആലാപനം എന്നിങ്ങനെ നാടക-ചലച്ചിത്ര-സംഗീത കലകളിൽ, ശാഖകളിൽ നിന്ന് ശാഖകളിലേക്ക് മാറിമാറി ചേക്കേറുകയും തൊട്ടിടത്തെല്ലാം പൂക്കൾ വിരിയിക്കുകയും ചെയ്താണ് അദ്ദേഹം വളരെ നേരത്തെ, വെറും നാൽപ്പത്തൊൻപതാം വയസ്സിൽ, തികച്ചും അപ്രതീക്ഷിതമായി വിടവാങ്ങുന്നത്. നാടകത്തിലും ജീവിതത്തിലും സഹയാത്രികയായ സിനി-തിയേറ്റർ കലാകാരി കബനിയും ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ഏക മകൾ സൈറയും വിജേഷിന്റെ യാത്രാവഴിയിൽ ഇപ്പോൾ തനിച്ചായി. (ഏറ്റവുമൊടുവിൽ ചെയ്ത 'കളങ്കാവലി'ലെ വിനായകന്റെ ഭാര്യയുടെ വേഷത്തെക്കുറിച്ചു പറഞ്ഞാൽ കബനിയെ പരിചയമില്ലാത്തവർക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കും. ‘കളങ്കാവൽ’ കണ്ടിറങ്ങിയ ഉടനെ ഞാനെഴുതിയ റിവ്യൂ വായിച്ച ശേഷം ആ പടം ആവശ്യപ്പെടുന്ന ഇൻ്റിമേറ്റ് രംഗങ്ങളുടെയും ന്യൂഡിറ്റിയുടെയും അഭാവം പടത്തെ തന്നെ ദുർബലമാക്കുന്നു എന്നുള്ള ഏറെ പ്രസക്തമായൊരു വിയോജനം വിജേഷ് പങ്കുവെച്ചതും കൂട്ടത്തിലോർക്കുന്നു).
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിജേഷിന്റെ പ്രധാന രംഗമണ്ഡപം കബനിയുമൊത്ത് സ്ഥാപിച്ച 'തിയേറ്റർ ബീറ്റ്സ്' എന്ന നാടക കേന്ദ്രമായിരുന്നു. നാടക നിർമിതിയ്ക്കൊപ്പം, തകരച്ചെണ്ട, മങ്കി പെൻ, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ, ആമി, ക്ലിന്റ് തുടങ്ങിയ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയ പരിശീലന - സംഗീത മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ സിനിമാഭിനയത്തിന്റെ വഴി ഒരിക്കലും സ്വീകരിച്ചില്ല.

വിസ്മയകരമായ ഒരു സപര്യയാണ് വിജേഷിന്റെ തിയേറ്റർ ഫോർമേഷൻ. സീറോ സ്ക്രിപ്റ്റിലാരംഭിച്ച്, നാടകക്കളരി പുരോഗമിക്കുന്ന മുറയ്ക്കാണ് സ്ക്രിപ്റ്റ് രൂപപ്പെടുത്തുക. ഫൈനൽ സ്റ്റേജിങ്ങിലെത്തുമ്പോഴേയ്ക്ക് സ്ക്രിപ്റ്റിനും അവതരണത്തിനും പല തവണ രൂപപരിണാമങ്ങൾ സംഭവിച്ചിട്ടുണ്ടാകും. സ്ക്രിപ്റ്റ് പരുവപ്പെടുത്തിയെടുക്കുന്ന നാളുകളിൽ പാതിരാവിലൊക്കെ പ്ലോട്ട് പോയൻറുകൾ മനസ്സിലുണർന്നാൽ ഉന്മാദിയെപ്പോലെ ഉണർന്നെണീറ്റ് സ്വയം റിഹേഴ്സ് ചെയ്യുന്ന വിജേഷിനെക്കുറിച്ച് കബനി ഒരിക്കൽ പറഞ്ഞതോർക്കുന്നു. കൃതഹസ്തനായ നാടകകാരൻ എന്നതിനൊപ്പം, പ്രതിഭാധനനായ നടൻ കൂടിയാണ് വിജേഷ്. നടീനടന്മാർക്ക് സീൻ പെർഫോം ചെയ്തു കാണിച്ചു കൊടുക്കുന്ന ഘട്ടങ്ങളിൽ അദ്ദേഹത്തിലെ അസാമാന്യ അഭിനേതാവിനെ കണ്ട് അറിയാതെ കൈയടിച്ചു പോയ സന്ദർഭങ്ങൾ നിരവധിയുണ്ട്. അത്ഭുതകരമായ മെയ് വഴക്കവും താളബോധവും വിജേഷിലെ നടന്റെയും സംവിധായകന്റെയും വിലപ്പെട്ട കൈമുതലാണ്.
നിർബന്ധമായും മലയാള സിനിമയ്ക്ക് വിജേഷിലെ നടനെ ആവശ്യമുണ്ടെന്ന് സ്നേഹപൂർവം നിർബന്ധിക്കുമ്പോഴൊക്കെ സ്വതസിദ്ധമായ ആ കുസൃതിച്ചിരിയുമായി ഒഴിഞ്ഞു മാറിക്കളയാറാണ് പതിവ്. അയാളുടെ ലോകം, സ്വപ്നം, ആഹ്ലാദം, അഭിനിവേശം, തിയേറ്റർ മാത്രമാണെന്നതാണ് സത്യമെന്നിരിക്കിലും അസാമാന്യമായ പ്രതിഭ ധൂർത്തടിച്ചു കളഞ്ഞ കലാകാരനാണ് വിജേഷ് എന്ന് പറയാതെ വയ്യ.

നാല് ദിവസങ്ങൾക്ക് മുൻപാണ് വിജേഷിനോട് ഒടുവിൽ സംസാരിച്ചത്. തേവര നാടകക്കളരിയിലെ വിശേഷങ്ങൾ സന്തോഷപൂർവം വിശദീകരിക്കുന്ന കൂട്ടത്തിൽ സിൽക് സ്മിതയുടെ ആപ്പിൾ കഥയെ ആസ്പദമാക്കിയുള്ള പുതിയ പ്രോജക്റ്റ് പുരോഗമിച്ചു വരികയാണെന്ന് വിജേഷ് അറിയിച്ചപ്പോൾ ശരിക്കും എക്സൈറ്റഡായി. വർക്ക് പൂർത്തിയായാൽ അത് കാണാമെന്ന് അതിയായ കലാവേശത്തോടെയും കൗതുകത്തോടെയും പരസ്പരം വാക്കു പറഞ്ഞ ശേഷം പെട്ടെന്നുണ്ടായ എൻഗേജ്മെൻ്റിനെത്തുടർന്ന് ഫോൺകോൾ പാതിവഴിയിൽ നിർത്തിവെക്കുകയാണുണ്ടായത്. അപൂർണമായ ആ അവസാന സംഭാഷണം പോലെ തന്നെ അപൂരിതമായ ആഗ്രഹമായി മാറി ആ പ്രോജക്റ്റും. ആഴ്ചകൾക്ക് മുമ്പ് ഒന്നിച്ചിരുന്നപ്പോൾ വയനാട് ചുരത്തിന്റെ പശ്ചാത്തലത്തിൽ ഒരവിവാഹിത അമ്മയുടെ കഥ പറയുന്ന മറ്റൊരു പ്രോജക്റ്റിനെക്കുറിച്ചും വിശദമായി സംസാരിച്ചിരുന്നു. അതൊരു കലാവിഷ്കാരമായി പുറത്ത് വന്നിരുന്നെങ്കിൽ ഹിപ്പോക്രാറ്റിക് ആയ സമൂഹ മനസ്സിന്റെ കരണത്തടിക്കുന്ന ഉജ്വലമായൊരു ഇടപെടലായി മാറുമായിരുന്നു. പക്ഷേ, പെയ്തൊഴിയാത്ത മേഘഗർഭങ്ങൾ പോലെ ആ കഥാബീജങ്ങളെല്ലാം അനാദിയിലേക്ക് പറന്നകലുന്നതിന്റെ ഖിന്ന ദൃശ്യങ്ങളാണ് കാലത്തിന്റെ തിയേറ്റർ ബാക്കി വെക്കുന്നത്.
വിജേഷിന്റെയും കബനിയുടെയും വിവിധങ്ങളായ നാടക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒരിടമാണ് കോഴിക്കോട് സിൽവർ ഹിൽസ് സിഎംഐ സ്കൂൾ. തീവ്രമായ മനുഷ്യപക്ഷ രാഷ്ട്രീയം വിളംബരം ചെയ്യുന്ന, സംസ്ഥാന തലത്തിൽ പലകുറി പുരസ്കൃതമായ, നിരവധി നാടകങ്ങൾ അദ്ദേഹം അവിടെ ചെയ്തിട്ടുണ്ട്. വിജേഷിന്റെ ഏറ്റവും പുതിയ നാടകങ്ങളിലൊന്നായ 'അതിർത്തികൾ അതിജയിക്കുന്ന സ്വരങ്ങൾ' നാല് മാസങ്ങൾക്ക് മുമ്പാണ് ആദ്യമായി സ്റ്റേജ് ചെയ്തത്. അന്ന് നാടകം കണ്ടിറങ്ങിയ ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്ര സംവിധായകൻ അവിരാ റെബേക്ക വിജേഷിനെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടാണ് തന്റെ ആദരം പ്രകടിപ്പിച്ചത്. സാദത് ഹസൻ മൻ്റോയുടെ 'തോബ തെക് സിംഗ്' എന്ന കഥയെ അവലംബിച്ച് രചിക്കപ്പെട്ട പ്രസ്തുത നാടകം, തീവ്രദേശീയതയുടെ നിരർഥകത തുറന്നുകാട്ടുന്ന മികച്ച കലാസൃഷ്ടിയാണ്. ഇന്ത്യാ വിഭജനത്തോട് ചേർന്ന നാളുകളിൽ അതിർത്തി ദേശത്തിൽ പ്രവർത്തിച്ചിരുന്ന ചിത്തരോഗാശുപത്രിയിലെ അന്തേവാസികളെ വിഭജനാനന്തരം ഇരു രാജ്യങ്ങളിലേക്കുമായി കൈമാറ്റം ചെയ്യുന്ന ഘട്ടത്തിലുണ്ടാകുന്ന വിക്ഷോഭങ്ങളിലൂടെയാണ് ആ നാടകം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നത്.

മത്സ്യക്കുളങ്ങളും നീലാകാശവും സ്വപ്നം കാണുന്ന, വർത്തമാനത്തിലും ഭൂതകാലത്തിലും മാറിമാറി ജീവിക്കുന്ന സ്വതന്ത്രമനസ്കരായ ആ മനുഷ്യർ, രാജ്യാതിർത്തികളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ ജീവിതപ്പക്ഷിയെ തളച്ചിടുന്ന അധികാര വർഗമാണ് യഥാർത്ഥത്തിൽ ഉന്മാദികളെന്ന് ഉജ്വലമായി വിളിച്ചു പറയുന്നിടത്താണ് നാടകം അവസാനിക്കുന്നത്. ലോക മഹായുദ്ധ കാലത്ത് സൈനിക സന്നാഹങ്ങളൊരുക്കുന്നതിന്റെ ഭാഗമായി റേഡിയം ഉപയോഗിച്ച് ജോലി ചെയ്ത് അർബുദ ബാധിതരായി മരിച്ച പാവപ്പെട്ട സ്ത്രീ തൊഴിലാളികളുടെ അസ്ഥികൾ പൂക്കുന്ന കഥ പറഞ്ഞ 'റേഡിയം ഗേൾസ്', കറുപ്പിന്റെ കരുത്തിൽ വർണ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയ 'കാക്ക', ഭൂരഹിതരായ ദലിത്-ആദിവാസി ജീവിതങ്ങളുടെ കരളുലയ്ക്കുന്ന കഥ പറഞ്ഞ 'ഒരാൾക്ക് എത്ര മണ്ണ് വേണം?', മുതലാളിത്ത വ്യവസ്ഥയുടെ അമാനവികത തുറന്നുകാട്ടിയ 'അവസാനത്തെ അത്താഴം', 'മ്യാവൂ', 'ഗോഡ്ഫാദർ' തുടങ്ങി മർദ്ദിതന്റെ പക്ഷത്ത് നിന്ന് സമത്വത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ചെറുത്തുനില്പിന്റെ സ്വരമുയർത്തുന്ന ഒട്ടേറെ നാടകങ്ങൾ വിജേഷും കബനിയും ചേർന്ന് അവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ, കോഴിക്കോട് ടൗൺഹാളിൽ വിജേഷിനെ അവസാനമായൊന്ന് കാണുന്നതിന് അൽപം മുമ്പ് സിൽവർ ഹിൽസിലെ നാടകത്തട്ടിനടുത്തേക്ക് വെറുതേയൊന്ന് പോയിരുന്നു. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട് - ഈ ഭൂമീന്റെ പേരാണ് നാടകം', 'ഓറ ഓറ നാടകക്കാറാ' തുടങ്ങിയ സ്വയം കെട്ടിയ നാടകപ്പാട്ടുകൾ വിജേഷ് ഉറക്കെ തുടി കൊട്ടിപ്പാടിയ ആ വിശാല വേദി, കാഥികനൊഴിഞ്ഞ കഥാഹർമ്യം പോലെ അനാഥവിജനമായിക്കിടക്കുന്നത് കണ്ടപ്പോൾ കണ്ണീരടക്കാനായില്ല.
പ്രിയപ്പെട്ട വിജേഷ്, നിങ്ങളിലെ നശ്വരനായ മനുഷ്യൻ മാത്രമേ വിടവാങ്ങിയിട്ടുള്ളൂ. നിങ്ങൾ തന്ന സുന്ദരമായ ഓർമകൾക്കും അനശ്വരമായ കഥാപാത്രങ്ങൾക്കും പാട്ടുകൾക്കും ഇവിടം വിട്ടെങ്ങും പോകാൻ കഴിയില്ലല്ലോ.
