കാലവും സമയവും: ‘ഇറ്റ്​ഫോക്കി’ലെ പുതിയ തിയറ്ററുകൾ

കേരളത്തിൽ തിയറ്ററുമായി ബന്ധപ്പെട്ടുള്ള സ്ഥലകാല ഇടങ്ങൾ നമുക്ക് നേരത്തെ ഉണ്ടായിരുന്നിരിക്കണം. അതിൽ ചിലതൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവയാണെങ്കിൽ കേവല ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടുമാത്രം ഒതുങ്ങിപ്പോയോ എന്ന ചിന്ത തിയറ്ററിലെ സ്ഥല-കാല ഇടങ്ങൾ അന്വേഷിക്കുന്ന പല ഗവേഷകർക്കും ഉണ്ട്. അനുഷ്ടാന കലകൾക്കപ്പുറത്തു കൊളോണിയൽ കാലഘട്ടത്തിന്റെ ഭാഗമായി നമ്മുടെ പരിസരങ്ങളിൽ വന്ന തിയറ്റർ ആർക്കിടെക്ച്ചർ സ്പേസുകൾ നിലനിൽക്കുന്നത് ഏഷ്യൻ, യൂറോപ്പ്യൻ വാർപ്പ് മാതൃകകൾ മാത്രമായി പരിമിതപ്പെട്ടു.

തിയറ്റർ എന്നാൽ സ്ഥലവും കാലവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രകടനമാണ്. അതിനാൽ തന്നെ തിയറ്ററിനെയും അതിന്റെ സങ്കല്പങ്ങളെയും പല വിധത്തിൽ നോക്കിക്കാണാം. കുറച്ചുനേരത്തേക്ക് ഒരു വേദിയിൽ ഒരു പ്രത്യേക വാസ്തുശില്പം രൂപപ്പെടുന്നതാണ് തിയറ്റർ. ആ ശില്പചാരുതയിൽ കലാകാരനെ പോലെ കാണികളും ഒരുപോലെ പങ്കാളികളാണ്.

ഒരു അവതരണം വാസ്തുശില്പത്തിലേക്ക് എത്തുന്ന ഒരു പ്രത്യേക സമയത്തു നിർമിക്കപ്പെടുന്ന ഏകതാനമല്ലാത്ത പ്രകടനങ്ങളാണ് ഒരു തിയറ്റർ എന്ന് പറയാം.

കേരളത്തിൽ തിയറ്ററുമായി ബന്ധപ്പെട്ടുള്ള സ്ഥലകാല ഇടങ്ങൾ നമുക്ക് നേരത്തെ ഉണ്ടായിരുന്നിരിക്കണം. അതിൽ ചിലതൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവയാണെങ്കിൽ കേവല ആചാര അനുഷ്​ഠാനങ്ങളുമായി ബന്ധപ്പെട്ടുമാത്രം ഒതുങ്ങിപ്പോയോ എന്ന ചിന്ത തിയേറ്ററിലെ സ്ഥല-കാല ഇടങ്ങൾ അന്വേഷിക്കുന്ന പല ഗവേഷകർക്കും ഉണ്ട്.

അതിനാൽ തന്നെ ഇങ്ങനെ കൈവന്ന പലതും യഥാർത്ഥത്തിൽ തിയറ്റർ സ്ഥല-കാല തലത്തിലേക്ക് ഉയർന്നിട്ടുണ്ടോ എന്നുള്ള സംശയവും ഇവർക്കുണ്ട്. അതുകൊണ്ടു തന്നെ വർത്തമാന കാലത്തെ തിയറ്റർ എന്താണ് എന്ന് അന്വേഷിക്കുമ്പോൾ ഒരു അവതരണത്തിന് ആവശ്യമായ സ്ഥലവും കാലവും ആവശ്യമില്ലേ എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. അല്ലെങ്കിൽ അത്തരത്തിലുള്ള അന്വേഷണം വൈകിയിരിക്കുന്നു എന്ന് പറയേണ്ടിവരും.

അനുഷ്​ഠാന കലകൾക്കപ്പുറത്തു കൊളോണിയൽ കാലഘട്ടത്തിന്റെ ഭാഗമായി നമ്മുടെ പരിസരങ്ങളിൽ വന്ന തിയറ്റർ ആർക്കിടെക്ചർ സ്പേസുകൾ നിലനിൽക്കുന്നത് ഏഷ്യൻ, യൂറോപ്പ്യൻ വാർപ്പ് മാതൃകകൾ മാത്രമായി പരിമിതപ്പെട്ടു.

നാടക നിർമ്മാണങ്ങൾക്കുവേണ്ടി അന്വേഷിക്കുന്ന സ്പേസ് ആൻഡ് ടൈം എങ്ങനെയാണ്​ 13-മത്​ ‘ഇറ്റ്ഫോക്കി’ൽ പ്രവർത്തിക്കുന്നത് എന്ന്, പ്രധാനമായും പാലസ് ഗ്രൗണ്ടിൽ ഉയരുന്ന പവലിയൻ വേദിയെ അടിസ്​ഥാനമാക്കി പരിശോധിക്കാം. ‘ഇറ്റ്ഫോക്കി’ലേക്കെത്തുന്ന കുറേയധികം അവതരണങ്ങൾക്ക് വേദിയാകുന്ന വാസ്തുശില്പ നിർമിതിയാണ് ഈ വേദി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആർക്കിടെക്റ്റ് ബ്രിജേഷ് ഡിസൈൻ ആശ്രം ഒരുക്കുന്ന പവലിയൻ വേദിയും അതിലെ അവതരണങ്ങളും നമുക്ക് എങ്ങനെയാണ്​തിയറ്ററിൽ സ്ഥലവും സമയവും പ്രവർത്തിക്കുന്നത് എന്നറിയാൻ അവസരമൊരുക്കുന്നു. ആർക്കിടെക്ടുകളുടെ കൂടെ സഹായികളായി അശ്വന്ത്, ദർശൻ എന്നിവർ പവലിയൻ വേദിയുടെ നിർമ്മാണത്തിൽ മേൽനോട്ടം വഹിക്കുന്നു.

മറ്റൊരു പ്രധാന വേദി ആർട്ടിസ്റ്റ് സുജാതൻ സീനിക്ക് ഗാലറിയാണ്.

തിയറ്റർ സ്പേസിനെ മുൻകാല രീതിയിൽ അവതരിപ്പിച്ചിട്ടുള്ള സുജാതൻ മാഷുടെ രംഗപടങ്ങൾ വെച്ചുള്ള ഗാലറി ‘ഇറ്റ്ഫോക്കി’ലെത്തുന്ന പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കും. ഈ വേദി രൂപകൽപന ചെയ്യുന്നത് മറ്റു ആർക്കിടെക്റ്റുകളായ റെനിയും ലിജോ ജോസും ചേർന്നാണ് എന്നത് വലിയ കൗതുകമാണ്.

ഇക്കൊല്ലം, നാടകങ്ങളുടെ അവതരണങ്ങൾ വെച്ചുള്ള വാസ്തുശില്പ വേദികൾ വേറെയുമുണ്ട്.

13-ാമത്​ ‘ഇറ്റ്ഫോക്കി’ന്റെ പ്രധാന സവിശേഷതയിൽ ഒന്ന് ആർക്കിടെക്ച്ചറുകളുമായുള്ള സഹകരണത്തിനു തുടക്കമാകുന്നു എന്നതാണ്.

തിയറ്റർ മേഖലയിൽ ആർക്കിടെക്റ്റുകളുമായുള്ള കൊടുക്കൽ വാങ്ങൽ നേരത്തെ നാം ചെയ്യേണ്ടതായിരുന്നു. പക്ഷേ ഇക്കൊല്ലം സംഗീത നാടക അക്കാദമി ഇക്കാര്യത്തിൽ മികച്ച തീരുമാനമാണ് എടുത്തത്. അതിൽ നമുക്ക് അഭിമാനിക്കാം. ഇത് വലിയൊരു മുന്നേറ്റത്തിനുള്ള തുടക്കമാകും. ഈ അന്വേഷണം തുടരുകയാണെങ്കിൽ തിയറ്ററിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ രീതികളിൽ നിന്ന് ഇടങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങളിലേക്കു കൂടെ നമ്മുടെ തിയറ്റർ സംസ്കാരം സഞ്ചരിക്കും.

കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിനുവേണ്ടി നടത്തുന്ന 13-ാമത്​ ‘ഇറ്റ്ഫോക്ക്’ ഫെബ്രുവരി 5 മുതൽ 14 വരെ ഏഴ് വേദികളിലായി തൃശ്ശൂരിൽ നടക്കും.

Comments