ഞങ്ങളുടെ നാടകം ഇന്ത്യയിലെത്തിയില്ല. ഇന്ന് ഈ നിമിഷം, കേരളത്തിലെ ഇറ്റ്ഫോക് (ITFOK) തിയേറ്റർ ഫെസ്റ്റിവലിൽ ഞങ്ങളുടെ രണ്ട് ഷോകൾ നടക്കേണ്ടതായിരുന്നു. ആ സ്റ്റേജ് ഞങ്ങളുടേതാകേണ്ടതായിരുന്നു. പക്ഷേ അതിനു പകരം, അവിടെ നടക്കുന്നത് എത്തിച്ചേരാൻ കഴിയാതെ പോയ ആ നാടകത്തോടുള്ള ഐക്യദാർഢ്യത്തിന്റെ സായാഹ്നമാണ്.
രണ്ടുമാസം മുമ്പാണ് "The Last Play in Gaza" കേരളത്തിൽ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ക്ഷണം ലഭിച്ചത്. ഒരു വർഷത്തോളം അപൂർണ്ണമായിരുന്ന ആ നാടകം ഞങ്ങൾ പൂർത്തിയാക്കി. 'നിശബ്ദതയിലെ ശബ്ദങ്ങൾ' (Voices in the Silence) എന്ന പ്രമേയമുള്ള ഇറ്റ്ഫോക് ഫെസ്റ്റിവലിലൂടെ അത് ലോകത്തിന് മുന്നിലെത്തിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.

ഞങ്ങൾ വിസയ്ക്ക് അപേക്ഷിച്ചു. എന്നാൽ അനുമതിക്ക് പകരം ഡൽഹിയിലെ അധികൃതർ നാടകത്തിന്റെ സിനോപ്സിസ് ആവശ്യപ്പെട്ടു. ഞങ്ങൾ അത് അയച്ചുകൊടുത്തു. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് ഞങ്ങളുടെ നാടകത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ഞങ്ങൾ കാത്തിരുന്നു.
പക്ഷേ വിസ നിഷേധിക്കപ്പെട്ടു.
ഞങ്ങൾ അപ്പീൽ നൽകി. തത്വത്തിൽ അംഗീകാരം ലഭിച്ചെങ്കിലും വിസ മാത്രം വന്നില്ല. ഇന്ന് രാവിലെ ഞാൻ എംബസിക്ക് മുന്നിൽ ഒരു മണിക്കൂറോളം കാത്തുനിന്നു, പക്ഷേ അവർ എന്നെ അകത്തേക്ക് കടത്തിവിട്ടില്ല. എനിക്ക് വലിയ അത്ഭുതം തോന്നി. കാരണം, ഈ ഒരു സാഹചര്യത്തെക്കുറിച്ച് തന്നെയാണ് ഞങ്ങളുടെ നാടകവും പറയുന്നത്.
ഇതൊരു യാദൃശ്ചികതയല്ല, വെറും നൂലാമാലകളുമല്ല. നാടകം എന്തിനെക്കുറിച്ചാണോ പറയുന്നത്, അതേ 'മായ്ച്ചുകളയൽ' (Erasure) തന്നെയാണിത്. ആദ്യം ഗാസ ഇല്ലാതാക്കപ്പെടുന്നു, പിന്നെ ഗാസയുടെ രേഖകൾ ഇല്ലാതാക്കപ്പെടുന്നു, അതിനുശേഷം ഗാസയെക്കുറിച്ച് സംസാരിക്കുന്ന ശബ്ദങ്ങൾ ഇല്ലാതാക്കപ്പെടുന്നു. ഒടുവിൽ, ഈ ഇല്ലാതാക്കലിനെക്കുറിച്ച് പറയുന്ന ഒരു നാടകം സ്റ്റേജിലെത്തുന്നതും തടയപ്പെടുന്നു.

ഇസ്രായേൽ-പലസ്തീനിൽ ഞങ്ങൾക്ക് ഇത് ഒരിക്കലും അവതരിപ്പിക്കാൻ കഴിയില്ല. ഇപ്പോൾ സയണിസ്റ്റ് ശക്തികളുടെ പങ്കാളിയായ ഇന്ത്യയിലും അതിന് കഴിയുന്നില്ല.
എന്നാൽ മായ്ച്ചുകളയാൻ കഴിയാത്ത ചിലതുണ്ട്: കൂടെ നിൽക്കുന്ന മനുഷ്യർ. വരാൻ കഴിയാതെ പോയ ഒരു നാടകത്തിന് വേണ്ടി ഒരു സായാഹ്നം മുഴുവൻ മാറ്റിവെച്ച ഒരു ഫെസ്റ്റിവെൽ. ഒരാളുടെ അഭാവം പോലും ഒരു പ്രതിഷേധമാണെന്ന് മനസ്സിലാക്കുന്ന ഒരു ജനത. ഇറ്റ്ഫോക്കിന്റെ ധീരതയ്ക്ക് നന്ദി. കേരളത്തിലെ പ്രേക്ഷകരുടെ ഐക്യദാർഢ്യത്തിന് നന്ദി.
നാടകം ഇന്ത്യയിൽ എത്തിയില്ലായിരിക്കാം, പക്ഷേ അതിന്റെ കഥ അവിടെ എത്തിക്കഴിഞ്ഞു. പോരാട്ടം തുടരുക തന്നെ ചെയ്യും. ഫ്രീ ഗാസ. വംശഹത്യ അവസാനിപ്പിക്കുക. ഫ്രീ പാലസ്തീൻ…
▮
വിവർത്തനം: പ്രകാശ് ബാരെ.

