ഖസാക്കിന്റെ ബുദ്ധിജീവിക്കുത്തക തൃക്കരിപ്പൂരിലെ കണ്ടത്തിൽ കത്തിച്ചാമ്പലായി

റസാക്കിന്റെ ഇതിഹാസമെന്നും ഇസാക്കിന്റെ ഇതിഹാസമെന്നും പറഞ്ഞവർ ദിവസങ്ങൾ കഴിഞ്ഞപ്പോ ഖസാക്കിന്റെ ഇതിഹാസമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഒ.വി വിജയൻ എന്ന പേരിൽ ഒരെഴുത്തുകാരനുണ്ടെന്ന് അവർ ആദ്യമായി അറിഞ്ഞു. നമ്മുടെ കോളേജ് മാഷമ്മാറുടെയും ബുദ്ധിജീവികളുടെയും വിഷയമായിരുന്ന ഖസാക്കും രവിയും പത്മയും മൈമൂനയും രവിയെ കടിക്കുന്ന പാമ്പും നമ്മുടെ അമ്മമാരുടെയും ഏട്ടിമാരുടെയും വിഷയമായി. ഖസാക്കിന്റെ ഇതിഹാസത്തിന് അന്നുവരെയുണ്ടായിരുന്ന ബുദ്ധിജീവിക്കുത്തക ആദ്യമായി തൃക്കരിപ്പൂരിലെ കണ്ടത്തിലെ ഓലച്ചുട്ടുകളിൽ കത്തിച്ചാമ്പലായി.

വീടിനടുത്താണ് ആലുംവളപ്പ്. കുട്ടികളുടെയും മുതിർന്നവരുടെയും പോതികളുടെയും വിശാലമായ കളിമൈതാനം. ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി നോവൽ സാഹിത്യത്തിലെ എക്കാലത്തെയും ഇതിഹാസമാകുന്നതു പോലെതന്നെയാണ് അതേ പേരിലുള്ള രംഗപാഠം മലയാള നാടകാവതരണത്തിലെയും ഇതിഹാസമാകുന്നത്. ഖസാക്കിന്റെ ഇതിഹാസം(Khasakkinte Ithihasam) എന്ന ഗ്രാമീണ നാടകത്തിന് മലയാള രംഗവേദിയുടെ ഇന്നോളമുള്ള ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്.

തൃക്കരിപ്പൂരിൽ നിന്ന് തുടങ്ങി അഖിലേന്ത്യാതലത്തിൽ ശ്രദ്ധേയമായ ഒരു നാടകം കാസർഗോഡ് പോലുള്ള പിന്നാക്ക ജില്ലയിൽ നിന്നും രൂപപ്പെട്ടുവന്ന ചരിത്രവും രേഖപ്പെടുത്തി വെക്കേണ്ടതാണ്. അങ്ങനെയൊരു രേഖപ്പെടൽ മലയാള നാടകവേദിക്ക് എക്കാലത്തേക്കുമുള്ള വലിയ മുതൽക്കൂട്ടാണ്.

ആലുംവളപ്പിലെ പോതിമാരും മനുഷ്യരും

ആൽമരങ്ങൾ തഴച്ച ആലുംവളപ്പുകൾ തൃക്കരിപ്പൂരിൽ എവിടെയും കാണാം. പക്ഷെ എടാട്ടുമ്മൽ ആലുംവളപ്പ് അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. കാലങ്ങൾ കരിയിലകളായടിഞ്ഞ മണ്ണിൽ ഓരോ തവണ ചവിട്ടുമ്പോഴും എന്തോ ഒരു ഗാഢ ഗഹനതയിൽ നമ്മൾ നിശ്ശബ്ദമാകും.

വൃക്ഷപത്രങ്ങൾ സങ്കീർണ്ണമായ നിഴൽ ചിത്രങ്ങളെഴുതുന്ന മണ്ണിൽ പറഞ്ഞറയിക്കാനാകാത്ത നിഗൂഢതകൾ ആല്മരപ്പടുതകളൊരുക്കി. നട്ടുച്ച വിജനതയിലെ ഘനസാന്ദ്രിമയിൽ ദേവ ദൂതികൾ മണ്ണിലേക്കാഴ്ന്ന വേരുകളിൽ തൂങ്ങിയാടി. ഈ ദേശത്തിന് മറ്റെന്തൊ ഒരു നിയോഗമുണ്ട്, ഉത്തരവാദിത്വം നിർവഹിക്കാനുണ്ടെന്ന ഉള്ളറിവുകൾ ആൽ മരത്തണൽത്തെഴുപ്പുകൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

ഖസാക്കിലെ മനുഷ്യർ ജീവിതം തേടി ആലും വളപ്പിലേക്കെത്തുന്നതും ഒരു നൈരന്തര്യം തന്നെയാണ്. അതിന്റെ ആത്മീയവും ഭൗതികവുമായ മാനങ്ങൾ പലതാണ്. ഏകതാനമായ പടവുകൾ ചവുട്ടിയല്ല ഖസാക്കിന്റെ ഇതിഹാസമെന്ന അരങ്ങ്പാഠം രൂപപ്പെട്ടു വന്നത്. പല പല വഴികളിലൂടെ പലരുടേതായ യാത്രകൾ ഒടുവിലൊന്നായി ആൽമരങ്ങളെഴുതുന്ന നിഴൽച്ചിത്രങ്ങളിൽ കലരുകയായിരുന്നു. പഴയകാലത്തെ അയവെട്ടി മണ്ണിൽ മയങ്ങുന്ന നാട്ടു ദൈവങ്ങൾ ഖസാക്കിലെ മനുഷ്യരുടെ നോവുകളേറ്റുവാങ്ങി.ഒരു ദേശം മറ്റൊരു ദേശത്തെ ഉദരത്തിലാവാഹിച്ചു. തൃക്കരിപ്പൂരിലെ ആലുംവളപ്പിൽ നിന്നും പാലക്കാട്ടെ ഖസാക്കിലേക്ക് നാടകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമിഷയെന്ന കൊച്ചു കുട്ടിയുടെ ദൂരമേയുള്ളു.

ഇതുവരെ സങ്കല്പത്തിൽ മാത്രമനുഭവിച്ച ഒരു ദേശം കൺമുന്നിൽ നിവർന്നു വന്നു. നോവലിൽ വായിച്ചറിഞ്ഞ ഒരു ദേശവും അവിടെയുള്ള ജീവിതവും ഭൗതിക യാഥാർത്ഥ്യമായി നമ്മുടെ ജീവിതവുമായി താദാത്മ്യപ്പെടുകയായിരുന്നു.

ഖസാക്കിന്റെ നാടകപ്പിറവി

ആലോചിക്കുമ്പോ എന്നും അതിശയമാണ്. തൃശൂരിലെ സംഗീത നാടക അക്കാദമി ക്യാന്റീനിൽ പ്രിയപ്പെട്ട ചങ്ങാതി ജോസ് കോശിയുമൊത്ത് ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പകൽനേരം. അങ്ങ് ഡൽഹിയിലുള്ള ദീപനെ ഫോണിൽ വിളിച്ചു. കാസർഗോഡ് ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് ഒരു നാടകം ചെയ്യാൻ താല്പര്യമുണ്ടാ എന്നാണ് ചോദിച്ചത്. ദീപൻ മുൻപേ സംവിധാനം നിർവഹിച്ച സ്‌പൈനൽകോർഡ്, പിയർഗിന്റ് പോലുള്ള നാടകങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കെട്ടിമറച്ച സ്റ്റേജെന്ന സ്ഥലപരിമിതിയെ അനായാസേന മറികടക്കുന്ന, കാണി അരങ്ങിന്റെ അവിഭാജ്യ ഘടകമാകുന്ന, നാടകത്തിലെ അഭിനയമെന്നത് ചില സന്ദർഭങ്ങളിൽ ജീവിത യാഥാർത്ഥ്യമാകുന്ന, (ഉദാഹരണത്തിന് നാടകത്തിലെ നടന്മാർ കഥാപാത്രങ്ങളായി കഴിക്കുന്ന ഭക്ഷണം കാണികൾ യഥാതതമായി അനുഭ വിക്കുന്നത് ) കാഴ്ചകളിലൂടെ അരങ്ങിനെ ജീവിതത്തോടൊപ്പം ചേർത്ത് നിർത്തുന്ന രാസവിദ്യയായിരുന്നു ദീപന്റെ നാടകങ്ങൾ. അന്നുവരെ കണ്ടു വന്ന നാടകാനുശീലനങ്ങളെ പുതുക്കിപ്പണിയുന്നതായിരുന്നു.

ദീപൻ ശിവരാമൻ

നടൻ പ്രേക്ഷകനെ തന്റെ ജീവിതാനുഭവങ്ങളിലേക്ക് സമന്വയിപ്പിച്ച് നടകത്തിന്റെ ഭാഗമാക്കുന്ന ദീപന്റെ നാടകങ്ങളിൽ ഞങ്ങളുടെ നാട്ടിലെ തെയ്യാനുഭവങ്ങളേറെയുണ്ട്. ദീപന്റെ നാടകങ്ങളുടെ ഏറ്റവും നല്ല അരങ്ങ് ഞങ്ങളുടെ നാടാണെന്ന് സ്‌പൈനൽകോഡ് നാടകം കാണുമ്പോഴൊക്കെ തോന്നിയിരുന്നു. അത്തരം നാടകങ്ങൾ പറ്റിയ നല്ല അയരുള്ള മണ്ണാണ് ഞങ്ങളുടെ തൃക്കരിപ്പൂർ ദേശമെന്ന ചിന്ത അങ്ങനെ ബലപ്പെട്ടു വന്നു.

പ്രബലൻ വേലൂർ

തൃക്കരിപ്പൂർ കെ.എം. കെ. സ്മാരക സമിതിയുമായി അത്രയധികം ആത്മബന്ധമുണ്ട്. കലാസമിതി എത്രയോ വർഷങ്ങളായി നാടകം ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ കലാകാരന്മാർ തന്നെയാണ് സ്ഥിരമായി സംവിധായകരും അഭിനേതാക്കളും. അതിൽ നിന്നൊരു മാറ്റം കൊണ്ടുവന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം നാടകമാക്കിയപ്പോഴാണ്. ആദ്യമായി ഒരു സംവിധായകൻ പുറത്ത് നിന്ന് വരികയാണ്. സുവീരൻ നിറത്താടിയ വടക്കൻ മൺവീറിലേക്കാണ് പ്രബലൻ വരുന്നത്. തൃശൂരിലെ പ്രിയപ്പെട്ട നാടകസുഹൃത്തിനെ ഏറെ പ്രതീക്ഷയോടെയാണ് കെ.എം.കെയിലേക്ക് കൊണ്ടുവരുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച പ്രബലൻ വേലൂർ തൃക്കരിപ്പൂരിൽ താമസിച്ചു. പൂവമ്പഴം എന്ന നാടകം അവതരിപ്പിച്ചത് കലാസമിതിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. പ്രബലൻ സാക്ഷാത്കരിച്ച പൂവമ്പഴം നാടകത്തിലൂടെ കെ.എം.കെയിലെ കലാകാരന്മാർ തൃക്കരിപ്പൂരിന്റ പരിധിവിട്ട് യാത്ര ചെയ്തു. തിരുവനന്തപുരം, തൃശൂർ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ പൂവമ്പഴം നാടകം അവതരിപ്പിച്ചു.

പൂവമ്പഴത്തിന് ശേഷം പ്രിയനന്ദനൻ കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു എന്ന നാടകം സംവിധാനം ചെയ്തു. മികച്ച അവതരണമായിരുന്നിട്ടും കൂടുതൽ വേദികളിൽ കുഞ്ഞമ്പു നാടകം കളിച്ചില്ല. അതിനു ശേഷം കലാസമിതിയുടേതായ പ്രവർത്തനങ്ങൾ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. പിന്നെയും കുറച്ച് കഴിഞ്ഞാണ് പുതിയൊരു നാടകം എന്ന ആശയം കലാസമിതി പ്രവർത്തകർ മുന്നോട്ടു വെക്കുന്നത്. അങ്ങനെയാണ് ദീപനെ നേരിട്ട് വിളിച്ച് തൃക്കരിപ്പൂരിലേക്ക് വരാൻ ആവശ്യപ്പെടുന്നത്. കേരളത്തിലെ മികച്ച പ്രൊഫഷണലുകളെ വെച്ച് വമ്പൻ നാടകങ്ങൾ ചെയ്യുന്ന ദീപൻ ശിവരാമൻ ഞങ്ങളുടെ കുഗ്രാമത്തിൽ വന്ന് താമസിച്ച് അവിടെയുള്ള സാധാരണക്കാരെ നടന്മാരാക്കി നാടകം ചെയ്യില്ല എന്ന ഉറച്ച ബോധ്യത്തിലാണ് അന്നങ്ങനെ സംസാരിച്ചത്.

തൃക്കരിപ്പൂര് കെ.എം.കെ. സ്മാരക കലാസമിതി, നാടകക്യാമ്പിൽ ദീപൻ ശിവരാമൻ സംസാരിക്കുന്നു.

ദീപൻ ഒറ്റയടിക്ക് നാടകം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു. കൂടുതലൊന്നും ചോദിക്കാതെ തന്നെ തൃക്കരിപ്പൂരിൽ വന്ന് നാടകം ചെയ്യാമെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു. സത്യത്തിൽ വല്ലാത്ത അമ്പരപ്പാണ് അന്ന് തോന്നിയത്. എന്ത് നാടകം ചെയ്യും അതിന് എന്ത് സാമ്പത്തിക ബാധ്യത വരും എന്ന കാര്യമൊന്നും അപ്പോൾ സംസാരിച്ചിരുന്നില്ല. തൃക്കരിപ്പൂർ നാടിനെ കുറിച്ചും കെ.എം.കെ. സ്മാരക കലാസമിതിയെ കുറിച്ചും നാട്ടിലെ അമേച്ചർ നാടക സമിതികളെ കുറിച്ചും ദീപനുമായി നിരന്തരം ചർച്ച ചെയ്തുകൊണ്ടിരുന്നു. തൃക്കരിപ്പൂരിലെ സാധാരണ മനുഷ്യരെ, തെയ്യങ്ങളെ, കാവുകളെ, നാട്ടുപുരാവൃത്തങ്ങളെ, പറ്റുന്നതു പോലെ വിശദീകരിച്ചു കൊടുത്തു.
കുടുംബം ജോലി എന്നതിനൊപ്പം നിസ്വാർത്ഥമായി കലാസമിതി പ്രവർത്തനങ്ങൾ നടത്തുന്ന നാട്ടുകാരെ കുറിച്ചും പറഞ്ഞുപറഞ്ഞ് നമ്മുടെ നാട് ദീപന് അത്രയും സുപരിചിതമായി.

ദീപൻ ഡൽഹിയിൽ നിന്നും വിമാനം കേറി ഒരു വൈകുന്നേരം തൃക്കരിപ്പൂരിലെ കലാസമിതിയിലെത്തി. കലാസമിതിയിലേക്ക് ഒരാൾ വിമാനത്തിൽ വരുന്നത് ആദ്യമായിട്ടായിരുന്നു. എല്ലാവരെയും പരിചയപ്പെട്ടു. തൃക്കരിപ്പൂരിലെ ചായ കുടിച്ചു. നാട്ടുവർത്താനങ്ങൾ പറഞ്ഞു.

അലിയാർ അലി, ദീപൻ ശിവരാമൻ, വി.കെ. അനിൽ കുമാർ

ആദ്യ സന്ദർശനത്തിൽ നാടകത്തെ കുറിച്ചൊന്നും സംസാരിച്ചില്ല. ഏത് നാടകമാണ് ചെയ്യുന്നത് എന്നു സംബന്ധിച്ച് ആദ്യത്തെ കൂടിക്കാഴ്ചയിൽ ധാരണയുണ്ടായിരുന്നില്ല. നമ്മുടെ നാടുമായി ബന്ധപ്പെട്ട നാട്ടുപുരാവൃത്തങ്ങളും ചരിത്രവുമൊക്കെയുള്ള ഒരു നാടകം ചെയ്യാമെന്നൊക്കെയായിരുന്നു ആദ്യം വിചാരിച്ചത്.

തൃക്കരിപ്പൂരിൽ ആദ്യം വന്ന് പോയതിന് ശേഷം പല കാര്യങ്ങളും സംസാരിച്ചു. പിന്നെയും കുറേ ചർച്ചകൾക്കൊടുവിലാണ് ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയെ അടിസ്ഥാനമാക്കി ഒരു നാടകം ചെയ്യാമെന്ന് ഞങ്ങൾ തീരുമാനമെടുക്കുന്നത്. പുറത്താരോടും അത് ചർച്ച ചെയ്തിരുന്നില്ല. അങ്ങനെയാണ് നാടക ക്യാമ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. അപ്പോഴേക്കും ദീപന് തൃക്കരിപ്പൂർ നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും നാട്ടിലെ കലാസമിതി പ്രവർത്തനങ്ങളെ കുറിച്ചും കൃത്യവും വ്യക്തവുമായ ധാരണ കൈവന്നു.

ചാപ്പേരെ വളപ്പെന്ന കുതിര് കണ്ടത്തിലെ നാടകശാല

2015 ജൂൺ മാസം 7 നാണ് വീടിന് മുന്നിലെ കണ്ടത്തിലെ വിശാലമായ കുതിരിൽ നാടക ക്യാമ്പ് ആരംഭിക്കുന്നത്. കുതിരെന്ന് പറഞ്ഞാൽ വയലിന്റെ നടുവിലോ, ഓരത്തോ മണ്ണിട്ട് ഉയർത്തി പഴയ കാലത്ത് നിർമ്മിക്കുന്ന പറമ്പുകളാണ്. യഥേഷ്ടം കാറ്റും വെളിച്ചവും തണലും തുറസ്സും സന്തോഷവും പകർന്ന് തരുന്ന വിശിഷ്ടമായ ആവാസ വ്യവസ്ഥ കൂടിയാണ് കുതിര്.

കുതിര്

ആദ്യഘട്ടത്തിലെ ക്യാമ്പിൽ വെച്ചാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ നിന്നുമാണ് ഒരു നാടകം ഉണ്ടാകാൻ പോകുന്നതെന്ന് അറിയിക്കുന്നത്. നാടകത്തിന്റെ പേരൊന്നും അന്ന് തീരുമാനിച്ചിരുന്നില്ല. 40 അടി നീളവും 35 അടി വീതിയുമുള്ള അടച്ചുറപ്പുള്ള ഒരു സ്ഥലമാണ് റിഹേഴ്‌സലിനായി ദീപൻ ആദ്യം ആവശ്യപ്പെട്ടത്. തൃക്കരിപ്പൂർ ടൗണിൽ പണി പൂർത്തിയായ കെട്ടിടത്തിന് മുകളിൽ പരിശീലനത്തിന് പറ്റിയ സ്ഥലവും ഞങ്ങൾ കണ്ടുവെച്ചിരുന്നു. പക്ഷെ, ആദ്യത്തെ കാഴ്ചയിൽ തന്നെ ആ സ്ഥലം റിഹേഴ്‌സലിന് തീരെ പറ്റിയതല്ലെന്ന് ദീപൻ പറഞ്ഞു.

തൃക്കരിപ്പൂർ പരിസരത്തെവിടെയും സംവിധായകന്റെ സൗകര്യത്തിനനുസരിച്ച് നാടക പരിശീലനത്തിന് പറ്റിയ ഹാളോ സമാനമായ സ്ഥലമോ ഉണ്ടായിരുന്നില്ല.
ദീപൻ വിചാരിച്ചതുപോലുള്ള റിഹേഴ്‌സൽ സ്‌പേസ് ലഭ്യമല്ല എന്നുറപ്പായി. ഇനി എന്തു ചെയ്യും എന്ന ചിന്തയിൽ നിന്നുമാണ് ഓപ്പൺ ഗ്രൗണ്ട് എന്ന ആശയത്തിലെത്തുന്നത്. തുറസ്സായ സ്ഥലം നോക്കി നോക്കിയാണ് വീടിന് മുന്നിലെ കണ്ടത്തിലെത്തിയത്. ചാപ്പേരവളപ്പെന്ന് ഞങ്ങൾ വിളിക്കുന്ന സ്ഥലത്തെത്തിയതോടെ മറ്റാരു നാടകത്തിന് തുടക്കമാവുകയായിരുന്നു.
ചുറ്റിലും വയലുകളുള്ള നല്ല കാറ്റുവീശുന്ന വൃത്താകൃതിയിലുള്ള കുതിരിനെ നാടക സംവിധായകന് നന്നെ ബോധിച്ചു. ഡൽഹിയിൽ നിന്നും തൊടുലാടി മുള്ളുകൾ നിറഞ്ഞ ഞങ്ങളുടെ ചാപ്പേരെ വളപ്പിൽ ദീപൻ ശിവരമാൻ എത്തിയതോടെയാണ് ഇന്നു കാണുന്ന ഖസാക്കിന്റെ ഇതിഹാസം നാടകത്തിന്റെ ബീജാവാപം നടക്കുന്നത്.

രണ്ട് ദിവസത്തെ നാടക വർക്ക് ഷോപ്പ്

2015 ജൂൺ 7 ന് തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും നാടക പ്രവർത്തകർക്ക് വേണ്ടി രണ്ടുദിവസത്തെ തിയറ്റർ വർക്ക്‌ഷോപ്പ് നടത്തിയാണ് പ്രൊജക്ടിന് തുടക്കം കുറിക്കുന്നത്. നാടകത്തിലേക്ക് വേണ്ടുന്ന ആൾക്കാരെ മാത്രം തെരഞ്ഞെടുത്ത് വർക്ക്ഷോപ്പ് അവസാനിപ്പിച്ചു. കലാസമിതികളിൽ നാടകം കളിക്കുന്ന നാട്ടിലെ തികച്ചും അമേച്വറായ കലാകാരന്മാരായിരുന്നു അഭിനേതാക്കൾ. തൃക്കരിപ്പൂരിനോട് ചേർന്ന് കിടക്കുന്ന നടക്കാവ് , ഉദിനൂർ കിനാത്തിൽ , തടിയൻ കൊവ്വൽ, അന്നൂർ ,വെള്ളൂർ, കരിവെള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ അത്രയധികം നാടക കലാകാരന്മാരുണ്ട്. ഒരു തവണയെങ്കിലും സ്റ്റേജിൽ പെർഫോം ചെയ്യാത്ത ഒരു കലാകാരനെങ്കിലും ഇല്ലാത്ത ഒരൊറ്റ വീടുമുണ്ടാകില്ല നമ്മുടെ നാട്ടിൽ. കലാപ്രവർത്തനമെന്നത് ജീവിതത്തിൽ നിന്നും വിഭിന്നമായ ഒന്നല്ല.

നാടകത്തിനായുള്ള ഒരുക്കം

നാട്ടുമ്പുറത്തുകാരായ സാധാരണ മനുഷ്യർ നാടകത്തിൽ അഭിനയിക്കും. പാട്ടു പാടും പരിപാടികൾ സംഘടിപ്പിക്കും. അവർ സ്വയം തങ്ങൾ കലാകാരാമാരാണെന്ന് കണക്കാക്കീട്ടേയില്ല. സംഗീത നാടക അക്കാദമിയോ സ്‌കൂൾ ഓഫ് ഡ്രാമയോ അവർക്കറിയില്ല. തങ്ങളെ ആരും അംഗീകരിക്കുന്നില്ല, ബഹുമാനിക്കുന്നില്ല എന്നുള്ള യാതൊരു പരിഭവമോ ഈഗോ പ്രശ്‌നങ്ങളോ അവർക്കില്ല. ഒരു കാര്യത്തിൽ അവർക്ക് നിർബന്ധമുണ്ട് വർഷത്തിൽ ഒരു തവണയെങ്കിലും നാടകം അഭിനയിക്കണം. അതിനവർക്ക് ധാരാളം അവസരങ്ങളുണ്ട്. നാട്ടിൽ കലാസമിതികളുടെ വാർഷികാഘോഷങ്ങളിലും ഓണാഘോഷ പരിപാടികളിലുമായി നാടകങ്ങളും സംഗീത ശില്പങ്ങളും സംഘടിപ്പിക്കാറുണ്ട്. അനിലൻ ചിത്രശാല, കെ.വി, കൃഷ്ണൻ മാസ്റ്റർ, എ. കെ. കുഞ്ഞിരാമൻ പണിക്കർ, വത്സരാജ് തൃക്കരിപ്പൂർ, ഗംഗൻ ആയിറ്റി, സുരഭി ഈയ്യക്കാട്, അനിൽ നടക്കാവ്, ഇ.വി. ഹരി ദാസ് തുടങ്ങിയ നമ്മുടെ നാട്ടിലെ സംവിധായകരുടെ നാടകങ്ങളിലൂടെയാണ് ഇന്നത്തെ നടന്മാരൊക്കെ ഉണ്ടായിട്ടുള്ളത്. അവർക്ക് നാടകം എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു.

തൃക്കരിപ്പൂരിലെ ഖസാക്ക് ജീവിതം

ആദ്യ സന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് തിരിച്ചുപോയ ദീപൻ കൃത്യമായ പ്ലാനും സ്‌കെച്ചുമായാണ് രണ്ടാമത് വന്നത്. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകമാണ് ചെയ്യുന്നതെന്ന് നടന്മാർക്ക് വിശദീകരിച്ചു കൊടുത്തു. ക്യാമ്പിൽ നോവൽ വായിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രം. നാടകത്തിലെ അഭിനേതാക്കളായെത്തിയവരിൽ പ്രൊഫഷണൽ നടന്മാർ ആരുമുണ്ടായിരുന്നില്ല. എല്ലാവരും പല തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. അതിൽ കൂലിപ്പണിക്കാരുണ്ട്. ഡ്രൈവർമാരുണ്ട് അധ്യാപകരുണ്ട്. ഡോക്ടറുണ്ട്, ബാങ്ക് ജീവനക്കാരുണ്ട്, സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്നവരുണ്ട്. അങ്ങനെ പല തരത്തിൽപ്പെട്ട നാട്ടിലെ അഭിനേതാക്കളെ ഞങ്ങൾ തന്നെ കണ്ടെത്തുകയായിരുന്നു. ജോലിക്കും ജീവിതത്തിനുമിടയിലെ വിനോദമായിരുന്നു അവർക്ക് നാടകം കളി. തങ്ങൾ വലിയ കലാകാരന്മാരാണെന്ന ധാരണയും അതുണ്ടാക്കുന്ന ഈഗോയും അമ്പത് പേരുൾപ്പെടുന്ന നാടക സംഘത്തിൽ ഇതുവരെയുണ്ടായിട്ടില്ല. ഇന്നുവരെയുള്ള കലാപ്രവർത്തനങ്ങളിലൂടെ അവർ ആർജിച്ച ബോധ്യങ്ങളാണ് അവരെ തികഞ്ഞ അച്ചടക്കമുള്ള കലാകാരന്മാരാക്കി മാറ്റിയത്.

ദീപൻ ശിവരാമൻ നാടകത്തിനായുള്ള ഒരുക്കത്തിൽ

നാടകത്തിന്റെ 20 ദിവസം നീണ്ട ഒന്നാംഘട്ട പരിശീലനത്തിൽ ആദ്യ ദിനങ്ങളിൽ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ വായനയായിരുന്നു. നാടകത്തിലെ നടീനടന്മാർ പലയാവൃത്തി മാറി മാറി നോവൽ വായിച്ചു. എന്താണ് ഖസാക്കെന്ന് കലാകാരന്മാർക്ക് വ്യക്തമായതിന് ശേഷമാണ് ഇംപ്രൊവൈസേഷൻ ആരംഭിക്കുന്നത്. നടന്മാരെ കൊണ്ട് പല വിധത്തിലുള്ള improvisation നടത്തി നോക്കി. ഖസാക്കിലെ കഥാപാത്രങ്ങളൊക്കെ എല്ലാവരെക്കാണ്ടും മാറി മാറി ചെയ്യിച്ചു. ആണുങ്ങളൊക്കെ നാടകത്തിലെ എല്ലാ പുരുഷ കഥാപാത്രങ്ങളെയും, നടിമാർ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കാണിച്ചു.

ചെതലിയും കൂമൻകാവും ഞാറ്റുപുരയും കരിമ്പനകളുടെ കനത്ത നിഴലുകളും നടീനടന്മാർക്ക് മുന്നിൽ തെളിഞ്ഞു. ഖസാക്ക് എന്ന നിഗൂഢതകൾ നിറഞ്ഞ ലോകത്തെയും അവിടെയുള്ള വിചിത്രസ്വഭാവത്തിലുള്ള കുറേ മനുഷ്യരെയും അവരുടെ വ്യഥകളെയും തൃക്കരിപ്പൂരിന്റെ മണ്ണിൽ കിടന്ന് കലാകാരന്മാർ നേരിൽ കണ്ടു.

രാവിലെ മുതൽ കഠിനമായി റിഹേഴ്‌സൽ ചെയ്ത് ക്ഷീണിച്ച ഒരു രാത്രിയിൽ സംവിധായകൻ എല്ലാവരോടും വെറും നിലത്ത് കണ്ണടച്ച് കിടക്കാൻ പറഞ്ഞു. പുറത്തെ എല്ലാ വെളിച്ചങ്ങളും കെടുത്തി. കണ്ണടച്ച് എല്ലാവരോടും ശാന്തമായുറങ്ങാൻ സംവിധായകൻ നിർദ്ദേശിച്ചു. ഇത്രയും നാളത്തെ പരിശീലനത്തിൽ, ആവർത്തിച്ചുള്ള നോവൽ വായനയിൽ നിങ്ങളെ ഏറ്റവും സ്വാധീനിച്ച കഥാപാത്രത്തെ ഉള്ളിൽ കാണാനും ആ കഥാപാത്രവുമായി നിശ്ശബ്ദമായി സംവദിക്കാനും പറഞ്ഞു.

ആരും ശബ്ദിക്കുന്നില്ല. കനത്ത ഇരുട്ടും നിർത്താതെ പെയ്യുന്ന മഴയും. നടന്മാരിൽ ചിലർ ഉറക്കത്തിന്റെ ആലസ്യത്തിലകപ്പെട്ടു.
മോഹനിദ്രയിലകപ്പെട്ട ക്ഷീണിച്ച മനുഷ്യരുടെ അടുത്ത് ചെന്നിരുന്ന് സംവിധായകൻ അവരുടെ ഉപബോധമനസ്സ് പതുക്കെ തുറന്നു. കൂമൻകാവിലെ ആൽമരത്തഴപ്പുകളും ചെതലിയുടെ ഇരുണ്ട താഴ്‌വാരങ്ങളും കബന്ധങ്ങൾ നീരാടുന്ന പള്ളിക്കുളവും സെയ്ദ് മിയാൻ ഷെയ്ക്കിന്റെയും തങ്ങന്മാരുടെയും കുതിരക്കുളമ്പടിയൊച്ചകളും കാറ്റുപിടിച്ച കരിമ്പനകളുടെ ഇളകിയാട്ടങ്ങളും അടഞ്ഞു പോയ കൺപോളകൾക്കുള്ളിൽ തെളിഞ്ഞു. ഖസാക്കിന്റെ പൂപ്പല് പിടിച്ച വഴിത്താരകളുടെ പഴമയിൽ അവർ കുറേ നിഴലുകളെ കണ്ടു. നൈജാമലിയെയും ഖാലിയാരെയും അള്ളാപ്പിച്ച മൊല്ലാക്കയെയും കുപ്പുവച്ചനെയും കൂട്ടാടൻ പൂശാരിയെയും രവിയെയും മൈമുനയെയും തിത്തിബിയുമ്മയെയും പത്മയെയും ആബിദയെയും കുട്ടാപ്പു നരിയെയും അപ്പുക്കിളിയെയും ചുക്രുരാവുത്തരെയും ശിവരാമൻ നായരെയും നാരായണിയെയും മാധവൻ നായരെയും രവിയുടെ അച്ഛനെയും... അങ്ങനെയങ്ങനെ ഖസാക്കിലെ മനുഷ്യ വ്യഥകളെയൊന്നാകെ നേർക്കുനേർ കൂടിക്കണ്ടു.

ഇതിൽ നാടകമേത് ജീവിതമേത്...

നടന്മാരെ ഹിപ്‌നോട്ടൈസ് ചെയ്ത് സംവിധായകൻ അവരിൽ എത്ര ആഴത്തിൽ ഖസാക്കിന്റെ വേരുകൾ പടർന്നിട്ടുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു.

ഒന്നാംഘട്ട പരിശീലന പദ്ധതി അങ്ങനെ അവസാനിച്ചു. രണ്ടാം ഘട്ടത്തിൽ ഞങ്ങൾ ഖസാക്കെന്തെന്ന് നേരിട്ടനുഭവിക്കുകയായിരുന്നു. നാടക സംഘത്തിലെ മുഴുവൻ അംഗങ്ങളും പാലക്കാട്ടെ തസ്രാക്കിലെത്തി. ഖസാക്കിലെ മനുഷ്യരെ കണ്ടു. മൈമൂനയുടെ വീട് കണ്ടു. മൊല്ലാക്ക ബാങ്കുവിളിച്ച പള്ളി കണ്ടു. പ്രവാചക സാന്നിധ്യമുള്ള അറബിക്കുളം കണ്ടു. ഖസാക്ക് യാത്ര വല്ലാത്ത അനുഭവമായിരുന്നു. തസ്രാക്കിലെ നിറഞ്ഞു പടർന്ന പാടവും തോടും കുളങ്ങളും കണ്ടു. രവി ബസ്സിറങ്ങിയ കൂമൻ കാവ് കണ്ടു.
ആടിനെ ബലികൊടുക്കുന്ന കാവിലെ ആഭിചാരങ്ങൾക്ക് സാക്ഷിയായി.

ഖസാക്കിന്റെ ഇതിഹാസം നാടക ടീം തസ്രാക്കിൽ

കൂമൻകാവ് രവിക്ക് മാത്രമല്ല ഞങ്ങൾക്കും തീരെ അപരിചിതമായി തോന്നിയില്ല. തൃക്കരിപ്പൂരുമായി ഒട്ടേറെ സാമ്യങ്ങൾ തസ്രാക്കിനുണ്ടായിരുന്നു. തസ്രാക്കിലെ വാനവിശാലതയിൽ പടർന്ന മരങ്ങളും വള്ളിപ്പടർപ്പുകളുടെ ഗാഢഗഹനതയും ചൂഴ്ന്ന് നില്ക്കുന്ന കാവകമെത്തിയപ്പോൾ നാട്ടിലെ തെയ്യക്കാവിൽ പോയതുപോലെയായിരുന്നു. തൃക്കരിപ്പൂരും തസ്രാക്കും കൂടിക്കുഴഞ്ഞ് നാടകത്തിലെ നടീനടന്മാർ പുതിയൊരു മണ്ണഴകിന്റെ പൊരുളറിഞ്ഞു.

തസ്രാക്കിൽ നിന്നും എല്ലാവരും പുലർച്ചെ തൃക്കരിപ്പൂരിൽ തിരിച്ചെത്തി. വൈകുന്നേരത്തെ പരിശീലനത്തിനായി തയ്യാറായി. എല്ലാവരും കൈ പിടിച്ച് വട്ടത്തിൽ കൂടിനിന്നു. സംവിധായകൻ ഓരോരുത്തരുടെയും ക്യാരക്ടർ നിശ്ചയിച്ചു.

ഡോക്ടർ താരിമ (മൈമൂന), സി.കെ. സുനിൽ കുമാർ (രവി), രാജീവൻ (നൈസാമലി)

പെയിന്റ് പണിക്കാരനായ സുനി ദാർശനിക വ്യഥകൾ പേറുന്ന ആസ്‌ട്രോ ഫിസിക്‌സിൽ ഗവേഷണം ചെയ്യുന്ന രവിയായി. ഹെൽത്ത് ഇൻസ്‌പെക്ടറായ രാജീവൻ നൈസാമലിയെന്ന ഖാലിയാരായി. ഡോക്ടറായ താരിമ മൈമൂനയായി. പെയിന്റ് പണിക്കാരനായ അക്കാളത്ത് വിജയേട്ടൻ മുങ്ങാങ്കോഴിയായി. ഇലക്ട്രീഷ്യനായ മനോജ് കൂട്ടാടൻ പൂശാരിയായി. അധ്യാപകനായ ലക്ഷ്മണൻ കുട്ടാപ്പു നരിയായി. സിമന്റ് പണിക്കാരാനായ കുട്ടൻ കുപ്പുവച്ചനായി. പെയിന്റിങ് തൊഴിലാളിയും ആർട്ടിസ്റ്റുമായ സുധീർ മൊല്ലാക്കയായി.

വി. കെ. ബാലാമണി ടീച്ചർ (തിത്തിബിയുമ്മ, പത്മ) , കുട്ടൻ (കുപ്പുവച്ചൻ) ശ്യാം മാസ്റ്റർ (അലിയാർ)

കോടതിയിലെ ക്ലാർക്കായ ശ്രീജ ചാന്തുമ്മയായി. റിട്ടയർ ചെയ്ത കൃഷ്ണൻ മാസ്റ്റർ രവിയുടെ അച്ഛനായി. പൂരക്കളി പണിക്കറും അധ്യാപകനുമായ ഭാസ്‌കരൻ മാസ്റ്റർ തെയ് നാകനായി. ഓട്ടോറിക്ഷ ഡ്രൈവറായ ഗോപാലേട്ടൻ ശിവരാമൻ നായരായി. എൽ.ഐ.സി ഏജന്റായ കുമാരേട്ടൻ മാധവൻ നായാരായി. ബാലാമണി ടീച്ചർ തിത്തിബിയുമ്മയും പത്മയുമായി പകർന്നാടി. എ.സി.സി സിമന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന കുഞ്ഞൂട്ടൻ പൊന്തുരാവുത്തരും അപ്പുക്കിളിയുമായി.

ഗാന (കുഞ്ഞാമിന), വിജയൻ (മുങ്ങാങ്കോഴി), ലക്ഷ്മണൻ മാഷ് (കുട്ടാപ്പുനരി)

ദിവസ വേതനക്കാരിയായ അശ്വതി നാരായണിയും ആബിദയുമായി.
അനുരാജ് , മാളവിക, ഗാന, പാർവ്വതി എന്നീ കുട്ടികൾ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാർഥികളായി. പിന്നെയും കുറേ കലാകാരന്മാർ പല സന്ദർഭങ്ങളിലും ഖസാക്കിൽ വരുന്നുണ്ട്.

ഖസാക്കിന്റെ ഇതിഹാസമെന്ന നാടകാവതരണത്തെക്കാൾ പ്രധാനപ്പെട്ടതാണ് വീടിന് മുന്നിലെ കണ്ടത്തിൽ അങ്ങനെയൊരു നാടകം മെല്ലെ മെല്ലെ രൂപപ്പെട്ടു വരുന്ന പ്രക്രിയ.

കഥാപാത്രങ്ങളെ തീരുമാനിച്ചതോടെ നാടകം കൂടുതൽ ഗൗരവമായി. പരിശീലനം കർക്കശമായി. പാതി രാത്രികളിൽ ചാപ്പേരെ വളപ്പിൽ നിന്നും തീപ്പന്തങ്ങൾ ആളിക്കത്തി. എല്ലാവരും ഉറങ്ങുമ്പോൾ കണ്ടത്തിലെ കനത്ത ഇരുട്ടിലും ഇടമുറിയാത്ത കർക്കടകത്തിലും പൊട്ടിച്ചിരികളും അലർച്ചകളും നിലവിളികളും ബാങ്കുവിളികളും ഉയർന്നു. നാട്ടിൽ ഇതൊന്നും പതിവില്ലാത്തതാണ്.

ഒരു പാട് വീടുകൾ റിഹേഴ്‌സൽ നടക്കുന്ന കുതിരിന് ചുറ്റുമുണ്ട്. അവർക്കാകെ അന്താളിപ്പായിരുന്നു. അവർ നാടകപ്പിറപ്പിനെ അത്ഭുതത്തോടെ കണ്ടു.

കേട്ടവർ കേട്ടവർ സന്ധ്യയാകുമ്പോൾ ഖസാക്ക് ജീവിതം വെന്ത് തിളക്കുന്ന കുതിരിലെത്തി. എത്രയെത്രയോ നാടക പരിശീലനങ്ങളാണ് തൃക്കരിപ്പൂരും പരിസര പ്രദേശങ്ങളിലും നടന്നിട്ടുള്ളത്. പക്ഷെ ഇതങ്ങനെയായിരുന്നില്ല. പരിസര പ്രദേശങ്ങളിലെ അമ്മമാരും ഏട്ടിമാരും കുഞ്ഞിമക്കളും സീരിയൽ ഓഫ് ചെയ്ത് രാത്രിയിൽ ഖസാക്കിലെത്തി. ദിവസം കഴിയുന്തോറും ഖസാക്കിലെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഒ.വി. വിജയനെയോ നോവൽ സാഹിത്യത്തെയോ അറിയാത്ത സാധാരണക്കാരായിരുന്നു അവർ. റസാക്കിന്റെ ഇതിഹാസമെന്നും ഇസാക്കിന്റെ ഇതിഹാസമെന്നും പറഞ്ഞവർ ദിവസങ്ങൾ കഴിഞ്ഞപ്പോ ഖസാക്കിന്റെ ഇതിഹാസമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഒ.വി വിജയൻ എന്ന പേരിൽ ഒരെഴുത്തുകാരനുണ്ടെന്ന് അവർ ആദ്യമായി അറിഞ്ഞു. നമ്മുടെ കോളേജ് മാഷമ്മാറുടെയും ബുദ്ധിജീവികളുടെയും വിഷയമായിരുന്ന ഖസാക്കും രവിയും പത്മയും മൈമൂനയും രവിയെ കടിക്കുന്ന പാമ്പും നമ്മുടെ അമ്മമാരുടെയും ഏട്ടിമാരുടെയും വിഷയമായി. ഖസാക്കിന്റെ ഇതിഹാസത്തിന് അന്നുവരെയുണ്ടായിരുന്ന ബുദ്ധിജീവിക്കുത്തക ആദ്യമായി തൃക്കരിപ്പൂരിലെ കണ്ടത്തിലെ ഓലച്ചുട്ടുകളിൽ കത്തിച്ചാമ്പലായി.

ഖസാക്ക് നാടകത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിന്റെ സമാപനം മലയാള നാടക വേദിയിൽ ഇനി ആവർത്തിക്കാനിടയില്ലാത്ത ചരിത്രമാണ്. ഇങ്ങനെയൊരു റിഹേഴ്‌സൽ ഒരു പക്ഷെ ഒരു നാടകത്തിനും ഉണ്ടാകാനിടയില്ല.
അവസാനത്തെ റിഹേഴ്‌സൽ ഒരു സംഭവം തന്നെയായിരുന്നു. രാവിലെ 8 മണിക്ക് തുടങ്ങി സന്ധ്യയോടെയാണ് പരിശീലനം അവസാനിച്ചത്.
അത്രയും വിശദമായിട്ടായിരുന്നു അന്നത്തെ റിഹേഴ്‌സൽ. കാണാൻ വൻ ജനാവലിയും ഉണ്ടായിരുന്നു. അത് നാടകമായിരുന്നില്ല. ജീവിതമായിരുന്നു. ഇന്ന് ജനങ്ങൾ കാണുന്ന നാടകത്തിന്റെ വിരാട് രൂപമായിരുന്നു.
അതിസൂക്ഷ്മമായ അനുഷ്ഠാനം പോലെ സമർപ്പിതമായിരുന്നു അന്നത്തെ പരിശീലന ക്രിയകൾ.

റിഹേഴ്‌സ്‌ൽ നടക്കുന്ന കുതിരിന് ചുറ്റുമുള്ള വിശാലമായ പാടങ്ങളും പറമ്പുകളും കുളവും കിണറും കാട്ടുപൊന്തകളും വീടുകളും ഒക്കെ നാടകത്തിന്റെ ഭാഗമാവുകയായിരുന്നു. കുത്തൂടുമായി കുപ്പുവച്ചൻ മീൻ പിടിക്കുന്നതിനായി മുട്ടോളം വെള്ളമുള്ള കണ്ടത്തിലെ തോട്ടിലിറങ്ങി. മഴക്കാലമായതിനാൽ പാടവും തോടും കുളങ്ങളും നിറഞ്ഞ് കവിഞ്ഞിരുന്നു. വേനൽക്കാലത്ത് കണ്ടത്തിലെ പച്ചക്കറികൾക്ക് വെള്ളമൊഴിക്കാനായി കുഴിച്ചുണ്ടാക്കിയ കൂവലിലേക്ക് (കൂവൽ - മണ്ണിൽ കുഴിച്ചുണ്ടാക്കുന്ന താല്കാലികമായ കിണർ) അക്കാളത്ത് വിജയേട്ടൻ എടുത്തു ചാടി. കണ്ടു നില്ക്കുന്നവരുടെ ചങ്കിടിച്ച നിമിഷങ്ങളായിരുന്നു. നീണ്ട കാലൻ കുട വരമ്പിൽ കുത്തി നിർത്തി മൊല്ലാക്ക വരമ്പിൽ കുത്തിയിരുന്ന് മുങ്ങാങ്കോഴി മുങ്ങുന്നത് നോക്കിയിരുന്നു. രഘുവേട്ടന്റെ വീടായിരുന്നു മൊല്ലാക്കയുടെയും തിത്തിബിയുമ്മയുടെയും മൈമൂനയുടെയും കുടി. കലിപൂണ്ട മൊല്ലാക്ക പത്രങ്ങളൊക്കെ നിലത്തെറിഞ്ഞുടച്ച് പൊട്ടിത്തെറിച്ചു. മൈമൂനയെയും തിത്തിബിയുമ്മയെയും മർദ്ദിച്ചു. പാത്രങ്ങളുടെ കല പില ശബ്ദങ്ങളും പെണ്ണുങ്ങളുടെ നിലയ്ക്കാത്ത നിലവിളികളും കേട്ട് ഇത് നാടകമാണെന്നറിയാത്ത എത്രയോ ആളുകൾ രഘുവേട്ടന്റെ വീട്ടിൽ എന്തോ അത്യാഹിതം നടക്കുന്നുവെന്ന് കരുതി ഓടിക്കൂടി. കാട്ടുപൊന്തയിൽ നൈജാമലി മൂർഖനെ തേടിയലഞ്ഞു. അപ്പുക്കിളി കണ്ടത്തിലേക്ക് ചാഞ്ഞ മരത്തിന്മുകളിലിരുന്ന് പൊട്ടിച്ചിരിച്ചു. രവിയും മാധവൻ നായരും പച്ചോലത്തണലിലിരുന്ന് നാടൻ റാക്കും സങ്കടങ്ങളും ഒരു പോലെ മോന്തി.

സന്ധ്യ സമയത്ത് അസുഖം ബാധിച്ച് ബോധരഹിതനായ രവിയെയും കയറ്റി പെട്ടി ഓട്ടോറിക്ഷ തൃക്കരിപ്പൂർ ബസാറിലെ ഹോസ്പിറ്റലിലേക്ക് കുതിച്ചു.
നാടകമേത് ജീവിതമേത്, ഉൺമയേത് പൊയ് എത് എന്ന് തിരിയാതെ സ്തബ്ധനായ ഡോക്ടറുടെ കയ്യിലെ സ്റ്റെതസ്‌കോപ്പ് വിറച്ചു.

"കുഞ്ഞമ്പൂന്റമ്പേന കണ്ടിനോ കണ്ടിനോ
ഞാൻ കണ്ടു ഞാൻ കണ്ടു കുഞ്ഞമ്പൂന്റമ്പേന..... '

അങ്ങനെയങ്ങനെയാണ് തൃക്കരിപ്പൂരിന്റെ മണ്ണിൽ ഖസാക്ക് ജീവിതം തെഴുമ്പ പൊട്ടിപ്പടർന്ന് തിടംവെച്ചത്. ഖസാക്ക് സങ്കടത്തിന്റെയും സംഗീതത്തിന്റെയും ഭൂമികയായിരുന്നു. ദുഃഖസാന്ദ്രമായ സംഗീതം ഖസാക്കിന്റെ പ്രാണവായുവായിരുന്നു. നമ്മെ വിട്ടകന്നുപോയ പാരീസ് ചന്ദ്രേട്ടൻ ഒരു നാടിനെയും അവിടുത്തെ കുറേ ജീവിതങ്ങളെയും തന്റെ മാസ്മര സംഗീതത്താൽ അനശ്വരമാക്കി.

തൃക്കരിപ്പൂരിന്റെ പഞ്ചഭൂതങ്ങളിലാണ് ചന്ദ്രേട്ടൻ വിലയം പ്രാപിച്ചിരിക്കുന്നത്.
ചൂട്ടുവെളിച്ചവുമായി വിവശരായ ആത്മാക്കൾ സ്വന്തം സ്വപ്നഭൂമി തേടി വരുമ്പോൾ പശ്ചാലത്തിൽ മുഴങ്ങുന്ന ബാങ്കുവിളിയിലെ സംഗീതം ആരുടെയും ഹൃദയം കവരുന്നതാണ്. അറ്റമില്ലാത്ത സങ്കടത്തിന്റെ സംഗീതമായി ഖസാക്കിലെ ബാങ്കുവിളികൾ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഉള്ളം നീറ്റുന്ന സംഗീതാനുഭവമായി.
പാരീസ് ചന്ദ്രനെന്ന ചന്ദ്രൻ വേയാട്ടുമ്മൽ, ഞങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രേട്ടനാണ് ഉള്ളുനീറിപ്പിടഞ്ഞ് ബാങ്കുവിളിച്ചത്. അന്നുവരെ നിലനിന്നിരുന്ന തിയറ്റർ സംഗീതത്തിനെ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിലൂടെ പുനർ നിർവചിക്കുകയായിരുന്നു ചന്ദ്രേട്ടൻ.

ചന്ദ്രൻ വേയാട്ടുമ്മൽ. (പാരീസ് ചന്ദ്രൻ)

ഖസാക്കിന്റെ ദുഃഖവും സ്വപ്നവിഭ്രാന്തികളും രതികാമനകളും ഹിംസാത്മകമായ പ്രണയവും അങ്ങനെ ജീവിതത്തിന്റെ നിർവചിക്കാനാകാത്ത സമസ്യകളെ ചന്ദ്രേട്ടൻ തന്റെ മാന്ത്രിക സംഗീതത്തിലൂടെ ആവിഷ്‌ക്കരിച്ചു. തൃക്കരിപ്പൂരിലെ അമ്മമാർ കുഞ്ഞിമക്കളെ പാടിയുറക്കിയ ഉറക്ക് പാട്ടിനെ ചന്ദ്രേട്ടൻ ലോകത്തിന് പരിചയപ്പെടുത്തി. വീട്ടിലെ അമ്മമാർ മൂളിയ നാട്ടുപാട്ടിൽ അപ്പുക്കിളി സ്വയം മറന്നുറങ്ങി.....

ഖസാക്കിലെ മഴയിൽ നനഞ്ഞ് കുതിർന്ന ആസ്വാദകരുടെയുള്ളിൽ നാല്ക്കാവളയുള്ള നെറ്റിക്ക് പൊട്ടുള്ള കുഞ്ഞമ്പൂന്റമ്പയലഞ്ഞു.
"കുഞ്ഞമ്പൂന്റമ്പേന കണ്ടിനോ കണ്ടിനോ..
ഞാൻ കണ്ടു ഞാൻ കണ്ടു കുഞ്ഞമ്പൂന്റമ്പേന...'
തൃക്കരിപ്പൂരിലെ അമ്മമാർ മറന്നു തുടങ്ങിയ ഉറക്ക് പാട്ട് അവർ ചന്ദ്രേട്ടന് വേണ്ടി വീണ്ടും പാടി...
ഹോ എന്തൊരു പാട്ടായിരുന്നു അത് ....

ഇന്ത്യൻ തിയറ്റർ സംഗീതത്തിലെ തന്നെ വിസ്മയമായ ചന്ദ്രേട്ടൻ യാതൊരു അവകാശവാദങ്ങളുമില്ലാതെ അർഹിക്കുന്ന പരിഗണനകൾ വേണ്ടത്ര ലഭിക്കാതെ പടിയിറങ്ങി. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഇംഗ്ലണ്ടിലെ നാഷണൽ തിയറ്ററിലേക്കും ഫ്രാൻസിലേക്കും യാത്ര ചെയ്ത ചന്ദ്രേട്ടൻ ലോകത്താകമാനമുള്ള നാടകാസ്വാദകരെ തന്റെ സ്വതസിദ്ധമായ സംഗീത വൈഭവം കൊണ്ട് വിസ്മയിപ്പിച്ചു.

വ്യത്യസ്ത ഭാവങ്ങളിൽ പാടുന്നതിനും ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തെയും സംഗീതോപകരണങ്ങൾ അനായാസേന കൈകാര്യം ചെയ്യുന്നതിനും അസാമാന്യമായ വൈദഗ്ധ്യം ഉണ്ടായിരുന്നു. കേരളത്തിലേക്ക് തിരികെ വന്ന് തിയറ്റർ മ്യൂസിക്ക് എങ്ങനെയാണ് നാടക സംവേദനത്തിന്റെ മുഖ്യ ഘടകമാകുന്നുവെന്ന് മലയാള നാടകവേദിക്ക് ചന്ദ്രൻ വേയാട്ടുമ്മൽ എന്ന പാരീസ് ചന്ദ്രേട്ടൻ പരിചയപ്പെടുത്തി.

നാടകം നിലയ്ക്കുമ്പോൾ ഖസാക്കിന്റെ സംഗീതം നാടകം ഹൃദയത്തിലേറ്റുവാങ്ങിയവരെ. വിടാതെ പിൻതുടരുന്നുണ്ട്. എങ്ങനെയാണ് ഒരു മഹാപ്രതിഭയ്ക്ക് ഇത്രയും പാവമായിരിക്കാൻ സാധിക്കുന്നതെന്ന് ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന ചന്ദ്രേട്ടനെ കാണുമ്പോൾ പലപ്പോഴും അതിശയപ്പെടാറുണ്ട്. ഏറെ നാളുകൾ തൃക്കരിപ്പൂരിൽ താമസിച്ച് തൃക്കരിപ്പൂരിന്റെ സംഗീതം തിരിച്ചറിഞ്ഞ് തൃക്കരിപ്പൂരുകാരുടെ മനസ്സിൽ ഇടം നേടിയ ചന്ദ്രേട്ടന്റെ ദേഹവിയോഗം അത്രമേൽ ഹൃദയഭേദകമാണ്.

ഖസാക്കിലെ അന്തിത്തിരിയൻ

ആലുംവളപ്പാണ് ഖസാക്കിന്റെ വേദിയെന്ന് നാടകം പൂർത്തിയായതിന് ശേഷമാണ് തീരുമാനിക്കുന്നത്. വലിയ ഗാലറിയുണ്ടാക്കി അഞ്ച് ദിവസം തുടർച്ചയായി ഒരൊറ്റ സ്ഥലത്ത് നാടകം കളിക്കുക. 2015 ൽ അങ്ങനെയൊന്ന് കേട്ടുകേൾവി പോലുമില്ലാത്തതാണ്. എല്ലാ അർത്ഥത്തിലും നാടകം കൈവിട്ട കളിയാണെന്ന് അപ്പോഴേക്കും മനസ്സിലായി. സാമ്പത്തികമെന്ന യാഥാർഥ്യം പൂർണ്ണമായും കൈപ്പിടിയിൽ നില്ക്കാത്തതായി. ലക്ഷങ്ങൾ ചെലവായിക്കഴിഞ്ഞിരുന്നു. സംവിധായകനിൽ നൂറുശതമാനവും വിശ്വാസമർപ്പിച്ചു. ഒരു കുടുംബമായി മാറിയ കലാസമിതി. നാടകത്തിന് വേണ്ടി എന്തു ത്യാഗവും ഏറ്റെടുക്കുന്ന നടന്മാർ. എന്ത് സഹായവുമായി ചുറ്റിലുമുള്ള വീട്ടുകാർ. നാടകത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ ഇരുപത്തിയഞ്ച് മിനിട്ട്. ലക്ഷങ്ങളുടെ ചെലവ്. ഇത് ജീവിതം വെച്ചുള്ള കളിയാണ്. സംവിധായകൻ പതറാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഒരു ഗ്രാമത്തെയും അവിടുത്തെ കുറേ മനുഷ്യരെയും നെഞ്ചൂക്ക് പകർന്ന് ചേർത്ത് പിടിച്ചു.

2015 സപ്തംബർ 12, 13, 14 തീയ്യതികളിൽ 3 ദിവസത്തെ ഷൊ ആണ് നടത്താൻ തീരുമാനിച്ചത്. തൃക്കരിപ്പൂരിൽ ആദ്യമായാണ് ഇങ്ങനെയൊരു നാടകാനുഭവം.
നാടക പരിശീലനം ആലും വളപ്പിലേക്ക് മാറ്റി. ദൈവങ്ങൾ നട്ടുച്ച വെയില് കായാനിറങ്ങുന്ന ആൽമരോദ്യാനത്തിലെത്തിയതോടെ എല്ലാവരുടെയും ആവേശമിരട്ടിച്ചു. നൂറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങൾ ജരാനരകളായി പടർന്ന വൃദ്ധവൃക്ഷങ്ങൾ ഞങ്ങളെ തണലുകളൊരുക്കി കാത്തിരുന്നു. മണ്ണിലേക്ക് താഴ്ന്നുവരുന്ന ശല്ക്കങ്ങളടർന്ന വേരുകൾ നൈസാമലിയെയും മൈമുനയെയും കുപ്പുവച്ചനെയും ഖസാക്കിലെ ജീവിതങ്ങളെയും തിരിച്ചറിഞ്ഞു.

അന്തിവാനം ചമയങ്ങളണിഞ്ഞ് ചോന്നിരുണ്ടു. കയ്യിൽ കത്തിച്ച് പിടിച്ച ചങ്ങലാട്ടയുമായി കായം മെലിഞ്ഞ് നീർ വറ്റിയ അന്തിരിശ്ശൻ ഖസാക്കിലേക്ക് വന്നു. സാന്ധ്യഛായകൾ പകർന്ന അലിവുകളിലേക്ക് പതുക്കെ നടക്കുന്ന ആലുകളുടെ കാവൽക്കാരന്റെ കയ്യിലെ അന്തിത്തിരി ജ്വലിച്ചു.
കുട്ടാപ്പു നരിക്കും നീലിക്കും ചാന്തുമ്മക്കും അപ്പുക്കിളിക്കും കുട്ടികൾക്കും മാധവൻ നായർക്കും അലിയാർക്കും ദീപൻ ശിവരാമനുമിടയിലൂടെ ആചാരക്കാരൻ നടന്നു.

ഗതികിട്ടിയ ആത്മാക്കൾ അന്തിത്തിരിയനെ അനുഗമിച്ചു.
ആൽമരത്തിലെ തെയ്യങ്ങൾ അന്തിത്തിരിക്കായി കാത്തിരുന്നു.
ആലുംവളപ്പിലെ പടുകൂറ്റൻ ആൽമരത്തിന്റെ ഹൃദയത്തിൽ അന്തിത്തിരിയൻ ദീപം പകർന്നു. അന്തിത്തിളക്കത്തെ ചങ്ങലാട്ടയിൽ ആവാഹിച്ച് ആലുംവളപ്പിന്റെ പടിത്താറായിപ്പടർന്ന കാവിന്റെ ഹൃത്തിലേക്ക് ഖസാക്കിലെ പുരോഹിതൻ വഴിതിരിഞ്ഞു.

ഖസാക്കിന്റെ ഇതിഹാസം നാടകത്തിന്റെ ആദ്യാവതരണം

കാറും കോളും നിറഞ്ഞ ആകാശത്തിന് താഴെ, ആൽമരങ്ങളുടെ വറ്റാത്ത കനിവിന് താഴെ എല്ലാവരും തയ്യാറായി. കുതിരക്കുളമ്പടി ശബ്ദത്തിനൊപ്പം പടിത്താറ് നിന്ന് ബാങ്കുവിളി പൊന്തി ആൽമരപ്പടുതകളിൽ അശരീരിയായി ബാങ്ക് മുഴങ്ങി. ഖസാക്കിലെ മനുഷ്യർ സ്വന്തം സ്വന്തം കുഴിമാടങ്ങളിൽ നിന്നും എഴുന്നേറ്റ് മണ്ണിലും പൊടിയിലും നിറഞ്ഞ് വൃക്ഷ താപസന്മാർക്ക് മുന്നിലെകർന്നു. കനത്ത ഇരുളിൽ ഓലച്ചുട്ടുകൾ വീശി ആത്മാക്കൾ ജനിമൃതികൾ താണ്ടി ഖസാക്കിലെ ജീവിതം തേടി വന്നു. ചൂട്ടുകൾ ആളിപ്പടർന്നു. ബാങ്കുവിളിയുടെ കാരുണ്യത്തിലേക്ക് സെയ്ദ് മിയാൻ ഷേക്കും തങ്ങന്മാരും വെള്ളക്കുതിരപ്പുറമേറി വന്നു.

ഖസാക്കിന്റെ സന്തതികളെ കണ്ടപ്പോൾ മേഘങ്ങളിൽ അലിവ് കനത്തു.
കാരുണ്യത്തിന്റെ സ്വാസ്ത്യത്തിൽ മഴ മേഘങ്ങൾ പ്രസാദിച്ചു. ഇടിയോട് കൂടിയ കനത്ത മഴ പെയ്തു. കമ്പ്യൂട്ടറുകൾ നിലച്ചു. രവിയും പത്മയും തെളിയേണ്ടിയിരുന്ന ആല്മരത്തിന്റെ വേരുകളിലുറപ്പിച്ച വലിയ സ്‌ക്രീൻ ശബ്ദത്തോടെ പൊട്ടി താഴെ വീണു. ഖസാക്ക് മഴയിൽ മുങ്ങി.
എല്ലാവരും പല വഴിക്കൊഴിഞ്ഞുപോയി. ആദ്യമായി സംവിധായകൻ തളർന്നു പോകുന്നതായി കണ്ടു. മഴയപ്പെയ്ത്തടങ്ങിയപ്പോൾ എല്ലാവരും ചന്ദ്രേട്ടനെ തിരയുകയായിരുന്നു. ആദ്യത്തെ മഴത്തുള്ളികൾ വീണ് സംഗീതം സ്ഥാനം തെറ്റിയതോടെ ചന്ദ്രട്ടൻ ഇറങ്ങിയോടി. മുറിയിൽ കയറി വാതിലടച്ചു.

ദീപൻ ശിവരാമൻ, ടെക്നിക്കൽ ടീമിലെ ജോസ് കോശി

സർവ്വ സന്നാഹത്തോടെയും തയ്യാറായ നാടകം ഒന്നാം ദിവസത്തെ അവതരണം നടത്താനാകാതെ പരാജയപ്പെട്ടു. പക്ഷെ തളർന്നിരിക്കാൻ ആരും തയ്യാറായില്ല.
ശബ്ദത്തിലെ പിഴവുകൾ മാറ്റി രണ്ടാം ദിവസം തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ നാടകം കളിച്ചു. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകം അങ്ങനെ മലയാള നാടകവേദിയുടെ ചരിത്രത്തിന്റെ ഭാഗമായി. പക്ഷെ കഷ്ടകാലം അവിടെയും തീർന്നില്ല.

രണ്ടാം ദിവസത്തിലെ അവതരണത്തിൽ മൈമൂനയുടെ കാൽമുട്ടിലെ എല്ലിന് ക്ഷതം പറ്റി. പിറ്റെന്നാളത്തെയും അവതരണം മുടങ്ങി. പ്ലാസ്റ്റിറിട്ട കാലുമായി താരിമ മൂന്നാമത്തെ അവതരണത്തിൽ നിറഞ്ഞാടി. ഖസാക്കിന്റെ ഇതിഹാസത്തിന്റെ സംഭവബഹുലമായ മൂന്നവതരണങ്ങൾ അങ്ങനെ പൂർത്തിയായി.


ഖസാക്ക് നാടകം മാധ്യമങ്ങളിൽ നിറഞ്ഞു

ധാരാളം എഴുത്തുകൾ നാടകത്തെ കുറിച്ച് വന്നു. കെ. എം. കെ. സ്മാരക കലാസമിതി നാടകക്കാർക്കിടയിൽ സജീവമായ ചർച്ചയായി. എല്ലാ കുറവുകളും തീർത്ത് തികഞ്ഞ നാടകമായി തിങ്ങി നിറഞ്ഞ ജനങ്ങൾക്ക് മുന്നിൽ ഡിസംബർ മാസത്തിൽ വീണ്ടും മൂന്നവതരണങ്ങൾ കൂടി നടത്തിയതോടെ ഖസാക്ക് കേരളത്തിലാകെ ചർച്ചാ വിഷയമായി.

രഘുവേട്ടനും ചന്ദ്രനും

ഖസാക്കിന്റെ ജീവാത്മാവും പരമാത്മാവുമായി ഒരു സംവിധായകനുണ്ടെങ്കിലും നാടകം ഇന്നെത്തി നില്ക്കുന്ന വിജയത്തിന് പിന്നിൽ തൃക്കരിപ്പൂരിലെ ഒരുപാട് മനുഷ്യരുടെ ത്യാഗമുണ്ട്. ഖസാക്ക് ഒറ്റക്കെട്ടായ സംഘശക്തിയുടെ വിജയമാണ്. തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതിക്കല്ലാതെ ഇത്തരമൊരു സാഹസിക കൃത്യം ഏറ്റെടുത്ത് വൻവിജയമാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കലാസമിതിയുടെ എത്രയോ പ്രവർത്തകരുടെ നിസ്വാർഥമായ സേവനമാണീ പ്രൊജക്ടിന്റെ വിജയം. ഡിസംബറിലെ അവതരണത്തിന് ശേഷം ഈ വമ്പൻ നാടകത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ജനുവരിയിൽ തൃശൂരിലെ അന്തർദ്ദേശീയ നാടകോത്സവമായ ഇറ്റ്‌ഫോക്ക് ITFOK തുടർന്ന് കൊടുങ്ങല്ലൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലൊക്കെ നാടകം അവതരിപ്പിച്ചു. ഒരിടത്ത് മൂന്നോ നാലോ ഷോകളായാണ് നാടകം പല സ്ഥലങ്ങളിലും സംഘടിപ്പിച്ചത്.

റോയ്സ്റ്റൻ ആബേലും സെക്രട്ടറി ചന്ദ്രനും

കേരളത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിന് പുറത്തും അവതരണങ്ങൾ നടക്കുമ്പോൾ അതിന്റെ ചുക്കാൻ പിടിച്ചത് രഘുവേട്ടനും ചന്ദ്രനുമായിരുന്നു. കോഴിക്കോട്, ബോംബെ, രാജസ്ഥാൻ, വടകര, തിരുവനന്തപുരം, എറണാകുളം , പാലക്കാട് , കരിവെള്ളൂർ, കോതമംഗലം എന്നിവിടങ്ങളിലും പിന്നീട് നാടകം അവതരിപ്പിച്ചു. 2015 ലെ രണ്ട് ഘട്ടങ്ങളായുള്ള അവതരണങ്ങൾക്ക് ശേഷം 7 വർഷങ്ങൾ കഴിഞ്ഞ് 2023 ലും നിറഞ്ഞ സദസ്സിന് മുന്നിൽ 3 അവതരണങ്ങൾ കൂടി നടത്തിയതോടെ മലയാളനാടക വേദിക്ക് എക്കാലത്തും അഭിമാനിക്കാവുന്ന നാടക സംരംഭമായി ഖസാക്കിന്റെ ഇതിഹാസം മാറിക്കഴിഞ്ഞു.

രഘുവേട്ടനും ചന്ദ്രനുമാണ് തുടക്കത്തിൽ കലാസമിതിയുടെ പ്രസിഡന്റും സെക്രട്ടറിയും. ഈ രണ്ട് വ്യക്തികളെയും ലോകമറിയണം. ലാഭകരമായ കാര്യങ്ങൾ മാത്രം ചെയ്യുന്നവരുടെ ലോകത്ത് കലാസമിതി പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് രഘുവേട്ടനും ചന്ദ്രനും.
ഈ രണ്ട് പേരുകൾ മാത്രം എടുത്തു പറയുമ്പോൾ ഖസാക്കിനായി രാപകലില്ലാതെ വിയർപ്പൊഴുക്കിയ എത്രയോ പ്രവർത്തകർ അപ്രസക്തരാകുന്നില്ല. അവരെയെല്ലാവരെയും ചേർത്താണ് കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമത്തിലെ ഈ രണ്ട് വ്യക്തികളെ കുറിച്ച് പറയുന്നത്.

രഘുവേട്ടൻ

ആധുനിക മയാള നാടക രംഗവേദി, നവോത്ഥാന പുരോഗമന കേരളം , തിയറ്ററിലെ നവീന ഭാവുകത്വം എന്നൊക്കെ നമ്മൾ നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ച് പറഞ്ഞ് അഭിമാനിക്കയാണല്ലോ. ഇന്ന് മലയാള നാടകവേദി ഇന്ത്യൻ നാടകവേദിയിൽ തന്നെ തലയെടുപ്പാർന്ന് നില്ക്കുന്നതിന് പിന്നിൽ ചന്ദ്രനെയും രഘുവേട്ടനെയും പോലുള്ള അമേച്വർ കലാസമിതി പ്രവർത്തകരുടെ കഠിനാധ്വാനമുണ്ട്.

നമ്മൾ സുഖനിദ്രയിലാണ്ട് മയങ്ങുമ്പോൾ ഒരു നാടകം കെട്ടിപ്പടുക്കുന്നതിനായി രഘുവേട്ടനും ചന്ദ്രനും ചാപ്പേരെ വളപ്പിലെ പരിശീലന കേന്ദ്രത്തിൽ ചെലവഴിച്ച എത്രയോ ഉറക്കമറ്റ രാത്രികളുണ്ട്. ഒരു നാടകത്തിന് വേണ്ടി അവരുടെ അമ്മമാർ ഭാര്യമാർ ഏറ്റെടുത്ത കണക്കില്ലാത്ത സഹനങ്ങളുണ്ട്. ഖസാക്കിന്റെ ഇതിഹാസമെന്നത് കേവലം ഒരു അരങ്ങ് പാഠമല്ല. നിരവധി നിരവധിയായ ജീവിതങ്ങൾ പകർന്നാടുന്ന രംഗഭൂമിയാണ്.

Comments