ഇടതുപക്ഷ മാനേജർമാർ
കെട്ടിവച്ച രക്ഷകരെ തള്ളിക്കളയുകയാണ്
തൃക്കാക്കര ചെയ്തത്
ഇടതുപക്ഷ മാനേജർമാർ കെട്ടിവച്ച രക്ഷകരെ തള്ളിക്കളയുകയാണ് തൃക്കാക്കര ചെയ്തത്
ഇടതുപക്ഷത്തിനൊപ്പം നിന്ന് കേരള സമൂഹം ഏതൊക്കെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളെയാണോ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത് അതിനെയെല്ലാം യാതൊരുവിധ വിശാലാസംവാദങ്ങളുമില്ലാതെ ഉപേക്ഷിച്ച ഒരു തെരഞ്ഞെടുപ്പിലാണ് തൃക്കാക്കരയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയപ്പെട്ടത്.
3 Jun 2022, 02:00 PM
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച വലിയൊരു മാറ്റത്തിന്റെ പ്രത്യക്ഷമായ, മറച്ചുപിടിക്കലുകളില്ലാത്ത വെളിപാടായിരുന്നു. ആം ആദ്മിയും ട്വൻറി ട്വൻറിയും മുന്നോട്ടുവെക്കുന്ന വര്‍ഗരാഷ്ട്രീയ വിരുദ്ധമായ ഉപരിവര്‍ഗ meritocracy -യുടെ യഥാര്‍ത്ഥ നടത്തിപ്പുകാര്‍ ഇപ്പോള്‍ തങ്ങളാണെന്ന് കേരളത്തിലെ സി.പി.എം നേതൃത്വം ജനങ്ങളോട് യാതൊരു പ്രത്യയശാസ്ത്രഭാരവുമില്ലാതെ വിളിച്ചുപറഞ്ഞതായിരുന്നു ഈ തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പില്‍ സംഘടിത മത, സാമുദായിക നേതൃത്വങ്ങളുടെ പിന്തുണ നേടാനും അവര്‍ക്ക് സ്വാധീനമുള്ള വിഭാഗങ്ങളുടെ വോട്ടുകള്‍ അത്തരം മത, സാമുദായിക സ്വത്വബോധത്തിനെ പരമാവധി പ്രീതിപ്പെടുത്തി നേടാനുമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മത, സാമുദായിക സംഘടനാ നേതാക്കളുടെ മാളികകളില്‍ കയറി കൈകൂപ്പി വീഴുന്ന കാഴ്ച അത്രയേറെ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പങ്കുവെച്ചത്. ഇതിന്റെയൊന്നും എതിര്‍പക്ഷത്തായിരുന്നില്ല കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി. ഏറെക്കാലങ്ങളായി കോണ്‍ഗ്രസ് നേതൃത്വവും യു ഡി എഫും ഇത്തരം രാഷ്ട്രീയം തന്നെയാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. വിമോചന സമരക്കാലത്ത് മുന്നണിരൂപം പ്രാപിച്ച ഈ സഖ്യത്തിനെതിരായ രാഷ്ട്രീയം കൂടിയായിരുന്നു ഇടതുപക്ഷം ഒരു പരിധിവരെയെങ്കിലും ഉയര്‍ത്തിയിരുന്നത്. ഇതില്‍ നിന്നും പരിപൂര്‍ണമായി വിട്ടുമാറി എന്നത് ജനങ്ങളോട് പറയാന്‍ കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ "തെരഞ്ഞെടുപ്പ് മാനേജര്‍മാര്‍' ശ്രമിച്ചത്.
ഇടതുപക്ഷത്തിനൊപ്പം നിന്ന് കേരള സമൂഹം ഏതൊക്കെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളെയാണോ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത് അതിനെയെല്ലാം യാതൊരുവിധ വിശാലാസംവാദങ്ങളുമില്ലാതെ ഉപേക്ഷിച്ച ഒരു തെരഞ്ഞെടുപ്പിലാണ് തൃക്കാക്കരയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയപ്പെട്ടത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നുവെങ്കില്‍, ഒരു സി.പി.എം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വട്ടിപ്പലിശ കൊടുക്കേണ്ടിയിരുന്നത് പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും കാരന്തൂരിലെയും സമുദായ നേതാക്കന്മാർക്കായിരുന്നു എന്നത് എന്തുമാത്രം ഹീനമായ കച്ചവടമാണ് ഇടതുപക്ഷത്തിന്റെ പേരില്‍ ഈ "മാനേജര്‍മാര്‍' നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കാണിക്കുന്നു.
"പ്രൊഫഷണലുകളും വിദ്യാസമ്പന്നരും' രാഷ്ട്രീയത്തിലേക്ക് വരണമെന്നും അഴിമതിക്കെതിരെ അവരൊക്കെക്കൂടി നയിക്കണമെന്നുമുള്ള ആം ആദ്മി രാഷ്ട്രീയം ഇപ്പോള്‍ നടപ്പാക്കുന്നത് തങ്ങളാണെന്നും അതുകൊണ്ട് ആം ആദ്മി / ട്വൻറി ട്വൻറി ആശയഗതിക്കാര്‍ക്ക് വോട്ടുചെയ്യാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും തങ്ങളാണെന്നും സി.പി.എം സെക്രട്ടേറിയറ്റ് അംഗം പറഞ്ഞത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ രാഷ്ട്രീയപങ്കാളിത്തത്തെ എങ്ങനെയാണ് കാണുന്നതെന്നും അഴിമതിയെ എങ്ങനെയാണ് ഒരു വ്യവസ്ഥാപ്രശ്‌നമായി വിലയിരുത്തി നേരിടുന്നതെന്നും കാണിച്ചുതന്നു. യഥാര്‍ത്ഥത്തില്‍ ആം ആദ്മി/ ട്വൻറി ട്വൻറി രാഷ്ട്രീയത്തിന്റെ ധാരയിലേക്ക് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ കൊണ്ടുപോകാനുള്ള ശ്രമം കൂടിയായിരുന്നു തൃക്കാക്കരയില്‍ നടത്തിയത്. അതായത് ജനങ്ങളുടെ കൂട്ടായ രാഷ്ട്രീയഇച്ഛാശക്തി എന്നതിനെ നിര്‍വ്വീര്യമാക്കുകയും "പ്രൊഫഷണലുകളും വിദ്യാസമ്പന്നരും' ഒക്കെയായ "രക്ഷകര്‍’ ജനങ്ങളെ നയിക്കുകയും ചെയ്യുന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധവും തൊഴിലാളിവര്‍ഗരാഷ്ട്രീയ വിരുദ്ധമെന്നും മനസ്സിലാക്കാവുന്ന ഒരു പരിപാടിയെ ഇടതുപക്ഷ രാഷ്ട്രീയത്തിനുമുകളില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് "തെരഞ്ഞെടുപ്പ് മാനേജര്‍മാരും' പൊതുവില്‍ കേരളത്തിലെ ഭരണമുന്നണിയും നടത്തിയത്.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയും അവര്‍ പ്രതിനിധീകരിക്കുന്ന ഫ്യൂഡല്‍ ബാക്കിയുടെ പാരമ്പര്യ, കുടുംബ പിന്തുടര്‍ച്ചാ രാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധതയുമൊക്കെ ഈ തൃക്കാക്കര താറാവിന്റെ എതിര്‍പക്ഷത്തായതുകൊണ്ടല്ല, മറിച്ച് ഇടതുപക്ഷം എന്ന പേരില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന ഒരു ദല്ലാള്‍നേതൃത്വത്തിനെ തത്ക്കാലത്തേക്കെങ്കിലും ജനങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നതുകൊണ്ടാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വി രാഷ്ട്രീയമായി കൂടുതല്‍ പ്രസക്തമാകുന്നത്.

പി.ടി തോമസ് മരിച്ചാല്‍ ഭാര്യയെ സ്ഥാനാർത്ഥിയാക്കുക എന്ന യാതൊരുതരത്തിലുള്ള ആധുനിക രാഷ്ട്രീയ - സാമൂഹ്യ ബോധവും പ്രകടിപ്പിക്കാത്ത കോണ്‍ഗ്രസ് മുന്നണിയോട് ഇടതുമുന്നണിയുടെ മാനേജര്‍മാര്‍ ഏതാണ്ട് അതെ നിലവാരത്തിലാണ് മത്സരിച്ചത് എന്നത് കേരളത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയകാലം എത്രമാത്രം ക്ഷുദ്രമായിരിക്കുമെന്ന മുന്നറിയിപ്പാണ്. കല്ലറയില്‍ ചെരിപ്പിട്ട് ചവിട്ടിയതിന് യു ഡി എഫ് മാപ്പുപറയണം എന്ന് തുടങ്ങിയ എമണ്ടന്‍ രാഷ്ട്രീയ വിഷയങ്ങളായിരുന്നു ഇടതുമുന്നണി "മാനേജര്‍മാര്‍' ഉന്നയിച്ചുതുടങ്ങിയത്. എല്ലാ സമയത്തും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍ അപ്പോഴപ്പോഴുണ്ടാകുന്ന അധമമായ വാഗ്വിലാസങ്ങളുടെ പേരിലുള്ള ചേരിതിരിയലും ചീത്തവിളിയുമാക്കി മാറ്റുന്നതിലായിരുന്നു തുടര്‍ന്നും അവര്‍ ശ്രദ്ധിച്ചത്. കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവസ്ഥയെയോ സാമ്പത്തിക പ്രതിസന്ധിയേയോ വികസനത്തിന്റെ വമ്പന്‍ വാചകമറിക്കുള്ളില്‍ ഒളിച്ചുവെച്ച ധനികര്‍ക്കുവേണ്ടിയുള്ള കൊള്ളകളെയോ ഒന്നും ചര്‍ച്ചയാക്കാതിരിക്കാന്‍ ഇത്തരത്തിലുള്ള നിസ്സാരതകള്‍ ആവശ്യവുമായിരുന്നു.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ ഭാര്യ- ഡോക്ടറാണ് അവരും - സാമാന്യമായി രാഷ്ട്രീയ വ്യക്തയുള്ളയാളാണെന്നത് എല്‍ ഡി എഫ് സൈബര്‍ പ്രചാരകര്‍ ആഘോഷമായി ഏറ്റെടുത്തത്, ആം ആദ്മി പാര്‍ട്ടിയുടെ ആശയഗതിക്കാര്‍ക്ക് ചേരാന്‍ പറ്റിയ കക്ഷി തങ്ങളാണെന്ന സി പി എം തെരഞ്ഞെടുപ്പ് മാനേജര്‍മാരുടെ വിലയിരുത്തല്‍ ശരിവെക്കുന്ന തരത്തിലായിരുന്നു. രാഷ്ട്രീയവിഷയങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനുപകരം തരികിട കെട്ടുകാഴ്ചകളൊരുക്കാനാണ് അവര്‍ ശ്രമിച്ചത്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും തിങ്ങിപ്പാര്‍ക്കുന്ന തൃക്കാക്കരയില്‍ ടെക്കികള്‍ക്കും മാന്യന്മാര്‍ക്കും ഒപ്പം ഇതാ ഞങ്ങളുടെ പുതിയ മുഖം എന്ന് വിളിച്ചുപറയാന്‍ നടത്തിയ ശ്രമമാണ് കണ്ടത്.
അടിസ്ഥാനപരമായി ഇടതുപക്ഷ രാഷ്ട്രീയം പുലര്‍ത്തേണ്ട രാഷ്ട്രീയധാരണകളെയൊന്നാകെ തള്ളിപ്പറയുന്നൊരു നേതൃത്വം കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തില്‍ വരുംകാലത്തിലേക്ക് തിരനോക്കുന്നതിന്റെ അലര്‍ച്ച കൂടിയാണ് തൃക്കാക്കരയില്‍ കണ്ടത്. ഒരു തോല്‍വികൊണ്ട് അത് പിന്നോട്ടടിക്കും എന്ന തോന്നല്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാകും. കാരണം അത്തരത്തിലൊരു നേതൃത്വത്തിന്റെയും പരിപാടിയെയും സാധ്യമാക്കുന്നത് വ്യക്തിപരമായ കുഴപ്പങ്ങളോ വിവരക്കേടോ അല്ല കൃത്യമായ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങളാണ്.
കെ-റെയില്‍/ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് തൃക്കാക്കരക്കാര്‍ എന്നായിരുന്നു ഭരണകക്ഷിയുടെ പ്രചാരണത്തിലൊന്ന്. ഒരു ഉപതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലല്ല സില്‍വര്‍ലൈന്‍ പോലൊരു പദ്ധതിയുടെ ഗുണദോഷവിചാരങ്ങള്‍ നടക്കേണ്ടത് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ തൃക്കാക്കരയില്‍ ഭരണപക്ഷവും സര്‍ക്കാരും അതിനെ കൊണ്ടുവെച്ചത് കേരളത്തിന്റെ വികസനരാഷ്ട്രീയത്തിന്റെ പുത്തന്‍ധാര എന്താണ് എന്ന് നിര്‍ണയിക്കാനുള്ള ഒരു മാതൃകാ മണ്ഡലം എന്ന നിലയ്ക്കാണ്. തൃക്കക്കാര സില്‍വര്‍ ലൈനിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന സ്ഥലമാണ് എന്നായിരുന്നു പ്രചാരണം. ആര്‍ക്കും ഭൂമി നഷ്ടപ്പെടാത്ത എന്നാല്‍ എല്ലാവർക്കും സൗഭാഗ്യങ്ങള്‍ മാത്രമുണ്ടാകുന്ന തരത്തില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന തൃക്കാക്കരയുടെ സമ്മോഹനചിത്രമായിരുന്നു തെരഞ്ഞെടുപ്പ് മാനേജര്‍മാര്‍ വരച്ചിടാന്‍ ശ്രമിച്ചത്. അതായത് കേരളത്തിന്റെ മൊത്തം രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്നൊരു വിഷയത്തെ നിങ്ങളുടെ മണ്ഡലത്തിലെ കുറെപ്പേര്‍ക്ക് ലാഭമാകും എന്ന എന്ന മട്ടില്‍ വില്‍ക്കാന്‍ ശ്രമിച്ച ക്ഷുദ്രപ്രചാരണതന്ത്രം ഏശിയില്ല എന്നതുകൂടി പ്രധാനമാണ്. സില്‍വര്‍ ലൈന്‍ പോലെയുള്ള "വികസന'കാഴ്ചപ്പാടിന്റെ ഗുണഭോക്താക്കളും അനുകൂലികളുമായ ‘വിദ്യാസമ്പന്നരും പ്രൊഫഷനലുകളും "ടെക്കികളും' നിറഞ്ഞ മണ്ഡലത്തില്‍ വെള്ളിപ്പാതയിലൂടെ കുതിച്ചെത്തുന്ന വികസനം വേണ്ടത്ര വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേതൃത്വത്തിനല്ലെങ്കിലും സില്‍വര്‍ ലൈന്‍ ലഘുലേഖയുമായി വീടുകള്‍ കയറിയിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് ഒന്നാലോചിക്കാനുള്ള വകയുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയത്തിനു മാത്രമല്ല, ആധുനിക ജനാധിപത്യ സമൂഹത്തിനു പാകമാകാത്ത തരത്തിലൊരു പിതൃനേതൃബിംബത്തെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചെലവില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും പുതിയ പതിപ്പായ പ്രചാരണ അജണ്ടയാണ് തൃക്കാക്കരയിൽ നടന്നത്. പിണറായി വിജയന്‍ എന്ന ബ്രാന്‍ഡാണ് ഇടതുപക്ഷം എന്ന ധാരണയിലേക്കെത്തിക്കാനാണ് ശ്രമം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്തവിധം പാര്‍ട്ടി സംഘടനാ സംവിധാനവും പ്രവര്‍ത്തകരുമെല്ലാം കേവലം പിണറായി വിജയന്‍ എന്ന ബ്രാന്‍ഡിന്റെ വില്‍പ്പനക്കുള്ള sales man - മാരായി മാറി. എന്നാല്‍ വ്യക്തിത്വവില്‍പ്പന മാത്രമല്ല എന്നതാണ് അതിലെ വലിയ അപകടം. എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാട് എന്നും വികസന കാഴ്ചപ്പാട് എന്നും സംബന്ധിച്ച് നവ-ഉദാരവത്കരണവാദത്തിന്റെ കുറിപ്പടികള്‍ നടപ്പാക്കുന്നതാണ് പിണറായി ബ്രാന്‍ഡ് ആയി അവതരിച്ചത്. കേരളം ധനികരെ ചുമക്കുന്ന പല്ലക്കായ സില്‍വര്‍ ലൈന്‍ അതിന്റെ ഏറ്റവും മൂര്‍ത്തമായ പരിപാടിയാണ്.

ഇടതുപക്ഷത്തിനെതിരായ പിന്തിരിപ്പന്‍ സഖ്യമെന്നതില്‍ നിന്ന്, എല്ലാ വിധത്തിലുള്ള പിന്തിരിപ്പന്മാരും ധനികവര്‍ഗ താത്പര്യങ്ങളുമായി സഖ്യമുണ്ടാക്കുന്ന ‘പിണറായി ബ്രാന്‍ഡി’നെ രാഷ്ട്രീയമിടുക്കായി വില്‍ക്കാനാണ് ശ്രമം നടന്നത്. വര്‍ഗീയതയുടെയും കോര്‍പറേറ്റ് കൊള്ളക്കുള്ള പരസ്പരസമ്മതങ്ങളുടെയും ബലത്തില്‍ അമിത് ഷാ നടത്തിയ സംഘടനാ ഏകോപനത്തെയും തെരഞ്ഞെടുപ്പ് വിജയങ്ങളെയും കാണിച്ചുകൊണ്ട് അയാളെ ‘രാഷ്ട്രീയ ചാണക്യന്‍’ എന്നുവിളിക്കുന്നത് സംഘപരിവാര്‍ അനുകൂല കോര്‍പറേറ്റ് മാധ്യമങ്ങളുടെ പതിവാണ്. എന്ത് കലിയിലാണ്, എന്തടവിലാണ് നിങ്ങള്‍ ചാണക്യനാകുന്നത് എന്നതാണ് യഥാര്‍ത്ഥ ചോദ്യം. അതുതന്നെയാണ് ‘പിണറായി ബ്രാന്‍ഡി’നോടുള്ള ചോദ്യവും. അത്തരം ചോദ്യങ്ങളേയും വിമര്‍ശനങ്ങളെയും ആള്‍ബലവും ആയുധബലവുംകൊണ്ട് അടിച്ചിരുത്തുന്ന ഏര്‍പ്പാട് കുറേക്കാലം നടക്കും, എക്കാലവും നടക്കില്ല.
തൃക്കാക്കരയില്‍ പിണറായി വിജയന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ നടന്ന പ്രചാരണമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്. ക്രിസ്ത്യൻ പാതിരിമാരെ ഇരുപുറമിരുത്തി തങ്ങളുടെ രാഷ്ട്രീയഅടവ് തുടങ്ങിയ തെരഞ്ഞെടുപ്പ് മാനേജര്‍മാര്‍ക്കൊപ്പം, അധികാരരാഷ്ട്രീയത്തിലെ അവസരവാദത്തിനൊരു പുത്തന്‍മുഖമുണ്ടെങ്കില്‍ അത് താനാണ് എന്ന് പ്രഖ്യാപിച്ചുവന്ന കെ.വി. തോമസെന്ന രാഷ്ട്രീയ അശ്ലീലത്തെ യേശുവിന്റെ ചിത്രം നല്‍കി ആനയിച്ച സി പി എം, തങ്ങള്‍ പതിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയവിരുദ്ധതയുടെ ആഴങ്ങളെക്കുറിച്ച് അറിയുന്നേയില്ല എന്നതല്ല, അത് പുതിയ വഴിയാക്കി തെരഞ്ഞെടുത്തു എന്നതാണ് ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി.

കെട്ടുകാഴ്ചകളുടെ പ്രചാരണ കോലാഹലം എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും രീതിയാണ്. സ്വേച്ഛാധിപതികളുടെ നിലനില്‍പ്പുതന്നെ അങ്ങനെയാണ്. നരേന്ദ്രമോദിയുടെ പ്രചാരണാശ്ലീലങ്ങള്‍ നാം കാണുന്നതാണ്. അതേവഴിയിലല്ല ഇടതുപക്ഷം രാഷ്ട്രീയം പറയേണ്ടത് എന്നത് സാമാന്യമായ രാഷ്ട്രീയബോധമാണ്. എന്നാല്‍ അത്തരത്തിലൊരു രാഷ്ട്രീയബോധം കൈമോശം വന്ന ഇടതുപക്ഷ പ്രചാരണമായിരുന്നു എല്‍ ഡി എഫ് നടത്തിയത്.
ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനോട് സംവദിക്കാനുള്ള രാഷ്ട്രീയധാരണകളല്ല പിണറായി വിജയനിലൂടെ ഭരണപക്ഷം നല്‍കുന്നത്. ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിന്റെ മറുപുറത്തുനിന്നുകൊണ്ട് കാരണഭൂതവാഴ്ത്തുകളുടെ തിരുവാതിരപ്പാട്ടു പാടിയാല്‍ അത് ഇടതുപക്ഷമല്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കായി മുദ്രാവാക്യം വിളിച്ചുകൊടുത്ത് പോകാന്‍ നേരത്ത് അവസാനം പിണറായി വിജയന്‍ സിന്ദാബാദ് എന്ന് മൈക്ക് പിടിച്ചുവാങ്ങി പൂരിപ്പിച്ചുപോകുന്ന സി പി എം നേതാവ് ആ പാര്‍ട്ടിയുടെ രാഷ്ട്രീയദാരിദ്ര്യമാണ്. നിര്‍ഭാഗ്യവശാല്‍ അതാണ് അഭിമാനം എന്ന് പറയുന്നവര്‍ക്കാണ് അവിടെ ഇലയിട്ട് സദ്യ.
അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും ഒപ്പം നില്‍ക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം എന്നുറപ്പുള്ള ഒരുപാടുപേര്‍ ഇങ്ങനെത്തന്നെ മുന്നോട്ടുപോയാല്‍ മതി എന്നാര്‍പ്പുവിളിക്കുന്നുണ്ട്. അധികാരത്തിന്റെ പരിസരത്തിലെ അവസാനത്തെ അപ്പക്കഷ്ണങ്ങളും തിന്നുതീര്‍ന്നാല്‍ പുതിയ പട്ടേലരെയും പുതിയ ലാവണങ്ങളെയും തേടിപ്പോകുന്ന മിടുക്കരായ തൊമ്മികളുടെ വാഴ്ത്തുപാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ചുരുക്കിക്കെട്ടരുത്. സോവിയറ്റ് യൂണിയന്‍ മുതല്‍ ബംഗാള്‍ വരെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തകര്‍ന്നപ്പോള്‍ ഒരു ശബ്ദം പോലുമുണ്ടാക്കാതെ അപ്രത്യക്ഷരായ ഈ വാഴ്ത്തുപാട്ടുകാരുടെ സംഘമാണിപ്പോള്‍ കടന്നലുകളായും കടന്നല്‍ കമാണ്ടര്‍മാരായും ഒപ്പമുള്ളത്. പാര്‍ട്ടിയുടെ നേതാക്കള്‍ക്കുപോലും ബോധ്യമാകാത്ത വികസനപരിപാടികള്‍ ഈ പി.ആർ. മാനേജര്‍മാരാണ് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. വിദൂഷകര്‍ക്കും സ്തുതിപാഠകര്‍ക്കും പുറത്ത് കൊട്ടാരത്തിനു പുറത്താണ് രാഷ്ട്രീയം സംസാരിക്കുന്ന മനുഷ്യരുള്ളത്.

സില്‍വര്‍ലൈന്‍ ചര്‍ച്ചകളില്‍ കല്ല് പറിക്കുന്നവന്റെ പല്ലുപറിക്കുമെന്നും അടിച്ചോടിക്കുമെന്നുമൊക്കെയുള്ള ആക്രമണഭീഷണികള്‍ മുഴക്കിയ ഒരു ഭരണനേതൃത്വം ജനാധിപത്യവിരുദ്ധരാണ്. ജനങ്ങള്‍ക്ക് ശരിയോ തെറ്റോ ആകട്ടെ, ജീവഭയം കൂടാതെ രാഷ്ട്രീയം പറയാനും എതിരഭിപ്രായങ്ങള്‍ പറയാനുമുള്ള ഏറ്റവും കുറഞ്ഞ ജനാധിപത്യത്തിനെങ്കിലും ഈ നാട്ടില്‍ അവകാശമുണ്ട്. അത് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്കപ്പുറവും നിലനില്‍ക്കുകയും വേണം.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
സലിം കുരിക്കളകത്ത്
3 Jun 2022, 05:37 PM
ഈ വിജയത്തിൽ പിണറായിക്ക് മാത്രമല്ല, കോൺഗ്രസിനും പാഠമുണ്ട്. യു.ഡി.എഫിന്റെ നേട്ടമല്ല, പിണറായി സർക്കാറിനോടുള്ള വെറുപ്പാണ് തൃക്കാക്കരയിൽ കണ്ട വിജയം.