ഇന്ദുചൂഡനും മന്നാടിയാരും സൃഷ്​ടിച്ച വ്യാജ ചരിത്രത്തെ അപനിർമിക്കുന്ന ‘തുറമുഖം’

നല്ല കമ്മ്യൂണിസ്റ്റ്, മോശം കമ്മ്യൂണിസ്റ്റ് ദ്വന്ദം സൃഷ്ടിച്ച്​ ‘കമ്യൂണിസ്റ്റ് നന്നാക്കി പട’മാകുന്നില്ല ‘തുറമുഖം’. കേരളത്തിലെ ഇടതുപക്ഷത്തെ വഞ്ചിച്ച അനേകം കമ്യൂണിസ്റ്റ് സിനിമകളുടെ കൂട്ടത്തിലേക്ക് ‘തുറമുഖം’ വീഴുന്നില്ല. അതുകൊണ്ട്​, കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചരിത്രത്തോട് കൂടിയാണ് ഈ സിനിമ സത്യസന്ധത പുലർത്തുന്നത്.

ലയാള സിനിമാചരിത്രത്തിന്റെ കാപട്യങ്ങളിൽ നിന്നുള്ള തിരിച്ചുനടത്തമാണ് രാജീവ് രവിയുടെ ‘തുറമുഖം’. സിനിമ ആത്യന്തികമായി മുതലാളിത്ത ആധുനികതയുടെ കലയാണ്. അതിന്റെ രൂപം (form) ആവശ്യപ്പെടുന്നത് വൈയക്തികമായ വിജയങ്ങളുടെ, നീതിനിർവ്വഹണത്തിന്റെ കഥയാണ്. മലയാള സിനിമാക്കഥകളിൽ (പൊതുവിൽ സിനിമയുടെ തന്നെ) രക്ഷകർ ആരാണ്? ആരാണ് നീതി നടപ്പാക്കുന്നത്?
ഏക പുരുഷ നായകനാണതിന്റെ കർതൃത്വം.
അയാൾ വില്ലനോടും സംഘടിത രാഷ്ട്രീയത്തോടും സ്റ്റേറ്റിനോടുമെല്ലാം ഒറ്റക്ക് പൊരുതി ജയിക്കും. നീതി നടപ്പിലാക്കും.
ഭരത് ചന്ദ്രനും ഇന്ദുചൂഡനും മന്നാഡിയാരുമൊക്കെ ഉദാഹരണം.

എന്നാൽ ചരിത്രമിതാണോ? ചരിത്രത്തിൽ നീതി പിറവി കൊണ്ടിട്ടുള്ളത് ഒറ്റയാൾ പോരാട്ടങ്ങളിലൂടെയല്ല, സംഘടിത സമരങ്ങളിലൂടെയാണ്. മനുഷ്യർ വിമോചനമെന്ന ആശയത്താൽ സംഘടിതരായി കൊടിപിടിച്ചും അടിതടുത്തും മുദ്രാവാക്യം വിളിച്ചും നേടിയതാണ് ഇന്ന് കാണുന്ന എല്ലാ അവകാശവും അന്തസ്സും. അതാരും ഒറ്റക്ക് നേടിയെടുത്തതല്ല. ആരും താലത്തിൽ നീട്ടി തന്നതുമല്ല. തീ തുപ്പുന്ന തോക്കിനുമുന്നിൽ ചോരതുപ്പി നേടിയതാണ്.
അത് പുന്നപ്രയിലുണ്ട്, വയലാറിലുണ്ട്, ചിക്കാഗോയിലുണ്ട്, ഇങ്ങ് മട്ടാഞ്ചേരിയിലുമുണ്ട്.
ആ ചരിത്ര യാഥാർത്ഥ്യത്തിലേക്കാണ് രാജീവ് രവിയുടെ തുറമുഖം ക്യാമറ തിരിക്കുന്നത്.

തുറമുഖം സിനിമയിൽ നിന്ന്

കൊടി പിടിച്ചു മനുഷ്യർ സമത്വത്തിനുവേണ്ടി സംഘടിക്കുന്നതിന്റെ, സംഘടിച്ചു തൊണ്ടപൊട്ടി മുദ്രവാക്യം വിളിക്കുന്നതിന്റെ, സംഘടിത സമരത്തിന്റെ - ദൃശ്യങ്ങൾ ഇത്രയേറെ പ്രാധാന്യത്തോടെ, ഇത്രയേറെ സമഗ്രതയോടെ ആവിഷ്‌ക്കരിക്കപ്പെടുന്ന മറ്റൊരു സമീപകാല മുഖ്യധാരാ മലയാള സിനിമ ഓർമയിലില്ല.

സിനിമ ആനന്ദത്തിന്റെ കലയാണ്. അനുഭൂതി ഉൽപ്പാദിപ്പിക്കലാണതിന്റെ ധർമം. സിനിമ പരമ്പരാഗതമായി ആനന്ദം ഉൽപ്പാദിപ്പിച്ചു പോന്നിട്ടുള്ളത് വ്യക്തി ശരീരത്തിന്റെ വസ്തുവത്ക്കരണത്തിലൂടെയാണ്. അഥവാ നായകന്റെയും നായികയുടെയും ശരീരത്തെ ലോ ആംഗിളിലും ക്ലോസപ്പിലും പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയിൽ നിറുത്തിയാണ്.

ഇവിടെ സിനിമ ആനന്ദം ഉൽപ്പാദിപ്പിക്കുന്നത് ആൾക്കൂട്ടത്തിലൂടെയാണ്. സംഘടിതരായ സമരസഖാക്കളുടെ അനുസ്യൂതമായി മുന്നേറ്റത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെയാണ്. വ്യക്തിയല്ല, സംഘിടതരായ ആൾക്കൂട്ടമാണ് അനുഭൂതി സൃഷ്ടിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റെ ധർമം ഏറ്റെടുക്കുന്നത് തൊണ്ട പൊട്ടി ചാടുന്ന കഥാപാത്രങ്ങളുടെ തന്നെ മുദ്രവാക്യങ്ങളും.
സിനിമയുടെ രൂപപരമായ ചരിത്രവത്ക്കരണമാണത്.

മലയാള സിനിമയിലെ പുരോഗമന സിനിമകളായി സമീപകാലത്ത് ആഘോഷിക്കപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ജയജയഹേയും വരെ ഈ രീതിയിൽ ചരിത്രവത്ക്കരിക്കപ്പെട്ടില്ല. ആ സിനിമകളിൽ വിമോചനം മൊബൈലിലൂടെ ലഭിക്കുന്ന ഉപരിവിപ്ലവങ്ങളാണ്. സമരസംഘാടനത്തിന്റെ ചരിത്ര- ഭൗതിക യാഥാർത്ഥ്യത്തിന് അവിടെ സ്ഥാനമില്ല.

അവിടെ ‘തുറമുഖം’, കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചരിത്രത്തോട് കൂടിയാണ് സത്യസന്ധത പുലർത്തുന്നത്. സമരസംഘാടനത്തിനടയിൽ നല്ല കമ്മ്യൂണിസ്റ്റ്, മോശം കമ്മ്യൂണിസ്റ്റ് ദ്വന്ദം സൃഷ്ടിച്ച്​ ‘കമ്യൂണിസ്റ്റ് നന്നാക്കി പടമാകുന്നില്ല ' ‘തുറമുഖം’. കേരളത്തിലെ ഇടതുപക്ഷത്തെ വഞ്ചിച്ച അനേകം കമ്യൂണിസ്റ്റ് സിനിമകളുടെ കൂട്ടത്തിലേക്ക് ‘തുറമുഖം’ വീഴുന്നില്ല.
ഇടതുപക്ഷത്തിന് അടിസ്ഥാന വർഗമലയാളിയുടെ മനസ്സിലിടം നൽകിയ സമരസംഘാടനത്തിന്റെ ഉജ്ജ്വല സ്മരണയെ വിഷയഗൗരവം ചോരാതെ പറഞ്ഞു പോകുകയാണ് ഈ സിനിമ.

നിവിൻപോളി എന്ന താരത്തിന്റെ സാന്നിധ്യവും അയാളുടെ കഥാപാത്രത്തിന്റെ നിർമിതിയും മറ്റൊരു ചരിത്രപരമായ അനിവാര്യതയാണ്. മലയാള സിനിമയിലെ ഒരു ആൺതാരം, കഥാപരിസരത്തിനകത്ത് സംഘടിത ആൾക്കൂട്ടത്തിന് അപരസ്ഥാനത്ത് വരികയും പരാജയപ്പെടുകയും ചെയ്യുന്നു എന്നതുകൊണ്ടുമാത്രമല്ല, വർത്തമാനകാല ലിബറൽ മുതലാളിത്തത്തിന്റെ അരാഷ്ട്രീയ യൗവ്വനത്തിന്റെ തുടർച്ചയാകുന്നു ആ കഥാപാത്രം എന്നിടത്തു കൂടിയാണത്.

സംഘടിത രാഷ്ട്രീയ സമരങ്ങളോട് മുഖംതിരിക്കുന്ന മൊയ്തു (നിവിൻ) ആത്യന്തികമായി ജീവിതത്തിന്റെ നിരർത്ഥകതിയിലേക്ക് വീണുപോകുന്നുണ്ട്. മാർക്‌സ് സൂചിപ്പിച്ച അന്യവത്ക്കരണമാണ് അയാളിൽ സംഭവിക്കുന്നത്. ഒടുവിൽ അന്യവൽകൃതനായി, പ്രയോജനരഹിതമായൊരു ജീവിതത്തിന്റെ അറ്റത്ത് മൊയ്തുവിന്റെ ശരീരം ഒരു റഷ്യൻ കപ്പലിന്റെ വെടിയേറ്റ് തീരത്തടിയുന്നതിൽ അരാഷ്ട്രീയതയോടുള്ള സമരരാഷ്ട്രീയത്തിന്റെ പ്രതിക്രിയയുണ്ട്.

മലയാള സിനിമയുടെ രൂപത്തെ, ചരിത്രത്തെ വിപ്ലവാത്മകമായി അപനിർമ്മിക്കുകയാണ് ‘തുറമുഖ’ത്തിലൂടെ രാജീവ് രവി. ആ സാഹസത്തിൽ അയാൾക്ക് സംഭവിച്ച പല ആശയക്കുഴപ്പങ്ങളും സിനിമയുടെ പരിമിതികളാകുന്നുണ്ട്. എങ്കിലും അവയൊന്നും ‘തുറമുഖം’ തുറന്നിടുന്ന മലയാള സിനിമയുടെ പുതിയ ചരിത്രത്തെയും ചരിത്രവത്ക്കരണത്തെയും അപ്രസക്തമാക്കുന്നില്ല. എല്ലാ അരാഷ്ട്രീയ പൊതുബോധ മറവികൾക്കുമെതിരെ ‘തുറമുഖം’ ഒരു ഓർമപ്പെടുത്തലാകുന്നുണ്ട്. അതിൽ സമരചരിത്രമെന്ന ഭൗതിക യാഥാർത്ഥ്യം പിന്നെയും പിന്നെയും മുഴങ്ങുന്നുണ്ട്.

കാട്ടാളൻമാർ നാടു ഭരിച്ച്
നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ...

Comments