truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
The Worst Person in the World

Society

The Worst Person in the World എന്ന സിനിമയില്‍ നിന്ന്

പ്രണയത്തിനുത്തരവാദി
നമ്മളല്ലാതെ പിന്നെ ആര്​?

പ്രണയത്തിനുത്തരവാദി നമ്മളല്ലാതെ പിന്നെ ആര്​?

പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരു തരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്.

1 Nov 2022, 10:18 AM

ഡോ. റ്റിസി മറിയം തോമസ്

‘‘എടാ, നമുക്കുചെയ്യാന്‍ പറ്റുന്ന ഏക കാര്യം, എല്ലാം പൂര്‍ണമായ ഭാവനയായിട്ടങ്ങു കാണിക്കുക എന്നേയുള്ളു. ഒരു മാധവിക്കുട്ടി ലൈന്‍ ..എങ്ങനുണ്ട്? ശരിക്കും നടന്നതാണോ അതോ എല്ലാം ഫാന്റസി ആണോ എന്നൊന്നും ആളോള്‍ക്കു പുടി കിട്ടരുത്. ഉള്ളതൊള്ളത് പോലെ പറഞ്ഞാപ്പിന്നെ വിമര്‍ശനമായി, റിവ്യൂസ് ആയി ആകെ സുഖമൊക്കെയങ്ങു പോകും... നമുക്ക് ഒക്കെ പറയാതെ പറയാം... എന്റെ ഐഡിയയും നിന്റെ ക്യാമറയും കൂടെ ആവുമ്പോ നമുക്ക് വേണ്ടതൊക്കെ കാണിച്ചൂന്നൊരാശ്വാസവുമായി. ഈ തിരക്കഥയൊക്കെ സത്യസന്ധമായി എഴുതുകാന്നു പറഞ്ഞാ ഇത്ര പണിയാണെന്നു തൊടങ്ങിയപ്പോ കരുതിയില്ല ഞാന്‍.. ഇതിപ്പോ അഡ്വാന്‍സും മേടിച്ചേച്ചു പിന്മാറാനും പറ്റാതായില്ലേ?
പിന്നെ മാര്‍കേസിന്റെ മകള്‍ ഇന്ദിര ഇപ്പോ പുറത്തു വന്നതു പോലൊക്കെ കാര്യങ്ങള്‍ എന്നേലും വെളിപ്പെട്ടോട്ടെ. അന്ന് നമ്മളുണ്ടാവില്ലേലും വെളിപ്പെടാനുള്ളതൊക്കെ സെറ്റ് ആക്കീട്ടു പോയാല്‍ മതിയല്ലോ. എന്റെയാ കുഞ്ഞി പയ്യനില്ലേ, ഫോണ്‍ നന്നാക്കാന്‍ കൊടുത്തിട്ടു ഹാക്ക് ചെയ്തവന്‍... അവനൊക്കെ വളര്‍ന്നു വരുമ്പോഴേക്കും രസായിട്ടു റിവീല്‍ ചെയ്‌തോളും... അത് നമുക്ക് സെറ്റാക്കാം. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

നീ ഒന്നാലോചിച്ചു നോക്കിയേ.. ആരേലും വിശ്വസിക്ക്വോ ഇതൊക്കെ... പോസ്റ്റ് പാര്‍ട്ടം മൂത്ത്​, കൊച്ചിനെ പോലും നോക്കാത്ത ഐശ്വര്യ, ടിന്‍ഡര്‍ ചെക്കനെ നോക്കി സ്വയംഭോഗം ചെയ്തൂന്നു കാണിച്ചാ ഒടിടി-യില്‍ പോലും ആളോള് മുഖം ചുളിക്കൂല്ലേ? ക്വാറന്റയിൻ കാലത്തിന്റെ ബോറടിയില്‍ നാലു പേരെ സ്ഥിരമായി വെര്‍ച്വല്‍ വേഴ്ചക്ക് തയ്യാറാക്കി നിര്‍ത്തിയെന്നൊക്കെ പറഞ്ഞാ, പെണ്ണുങ്ങളുടെ ചാരിത്ര്യം ഞാന്‍ സംരക്ഷിച്ചില്ലേന്നും പറഞ്ഞ്​ എന്നെ ശബരിമലേ പോലും കേറ്റത്തില്ലെടാ. ശാരിക ഇന്നലേം കൂടെ പറഞ്ഞതാ, ശരത്തേന്നോ ശ്യാമേന്നോ മറ്റോ വിളിച്ചോണ്ട് അവള് ഭര്‍ത്താവിന്റെ മോളില്‍ കേറി സുഖിച്ചെന്നും പറഞ്ഞു ലവന്‍ അപ്പൊ തന്നെ അവളുടെ ഫോണ്‍ ചെക്ക് ചെയ്ത് അര്‍ധരാത്രിക്ക് അലമ്പാക്കിയെന്ന്... മെര്‍ലിന്റെ അന്നത്തെ ഞെട്ടല്‍ ഓര്‍ക്കുന്നുണ്ടോ നീ... അവള്‍ടെ മുന്‍പിലെ, റൂം മേറ്റ് ആഷിഫേടെ തുണിയുരിഞ്ഞ പ്രകടനം....കൈയും കാലും വിറച്ചു അവള്‍ എറങ്ങി ഓടിയത്.. ഈയിടെയായി ചെലരൊക്കെ, ആരൊക്കെയാന്നു നിനക്കറിയാല്ലോ, ഈ സെക്ഷ്വല്‍ സ്റ്റഫ് വാരിക്കോരി എഴുതുന്നുണ്ട്, അവര്‍ക്കൊക്കെ നല്ല പണീം കിട്ടുന്നുണ്ട്. അവരെയൊന്നും നമുക്കീ കാര്യത്തില്‍ കോണ്‍ടാക്ട് ചെയ്യുവേമൊന്നും വേണ്ട, അതിലും ഭീകര ഉരുപ്പടിയല്ലേ നമ്മുടെ കൈയില്‍... ഹാഹാ. ഈ സമാന്തര പ്രണയമൊക്കെ അംഗീകരിച്ച ടീംസ് അന്ന് ഗ്രൂപ്പില്‍ കുത്തിന് പിടിച്ചു സീനാക്കിയതോ... ആ ആര്‍മിക്കാരന്‍ ജിജോ എടപെട്ടില്ലാരുന്നേല്‍ പിറ്റേന്ന് വാര്‍ത്തയായേനെ. ഹൊ, അവനാ ജീനേടെ അരക്കെട്ടിലൂടെ കൈയിട്ടു പൊക്കി സേവ് ചെയ്തത് ഓര്‍ക്കുമ്പോ... എന്റെ പൊന്നു ചെക്കാ... ഇപ്പോഴും പെരുവിരലേന്നങ്ങു കേറും മേലോട്ട്... ഇതൊക്കെ എങ്ങനെ സീന്‍ ബൈ സീന്‍ ആയി അടുക്കുമെന്നാ.. ആകെ എഴുപതെണ്ണമേ പറ്റത്തുമൊള്ളൂ. 

 Illustration: Curt Merlo
''പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്. സന്തോഷകരവും ലഘുവും ആയാസരഹിതവുമായ മാനസികാവസ്ഥക്കു പകരം, ഇത്തരം സാഹചര്യത്തില്‍ പ്രണയം ഒരാള്‍ക്ക് നല്‍കുന്നത് ഉത്കണ്ഠയും മാനസിക സംഘര്‍ഷവുമാണ്.'' 

എടാ, നീ അവിടെയുണ്ടല്ലോ അല്ലേ.. എല്ലാം റെക്കോര്‍ഡ് ചെയ്യുവാന്നും പറഞ്ഞു ഫോണും ഓണ്‍ ചെയ്തു വെച്ച് നീ അടുക്കളേ പോയോ? എന്നാലും കൊഴപ്പമില്ല.. എനിക്കീ സ്‌ക്രിപ്റ്റ് എഴുതാനിരിക്കുമ്പോഴൊക്കെ വല്ലാത്ത സദാചാര ബ്ലോക്ക് ആണെടാ. എഴുതാനുള്ളത് നമുക്ക് ചുറ്റുമുള്ളതൊക്കെ തന്നെയാ. ഈ സദാചാരമൊന്നും ആരുടേയും പേര്‍സണല്‍ ലൈഫിലില്ല. പറേന്നതും എഴുതുന്നതും മാത്രേയുള്ളു പുറത്തു കാണിക്കാന്‍ കൊള്ളുന്നത്. ബാക്കിയൊക്കെ ഫേക്കാടാ. പക്ഷെ പാക്ക് ചെയ്തു ഇതൊക്കെ സ്‌ക്രീനില്‍ എത്തിക്കുമ്പോ എല്ലാരുടേം ഫേക്ക് കമന്റ്സിന് ഒരു കൊറവുമില്ല. എനിക്കാണേല്‍ എല്ലാരുടേം ജീവിതത്തി നടക്കുന്നതൊക്കെ എഴുതുവേം പുറത്തു കാണിക്കുവേം ചെയ്യുമ്പോ, ഒക്കെ ഉള്ളിലൊതുക്കി വിഷമിച്ചു നടക്കുന്നോര്‍ക്കു ഒരു ആത്മവിശ്വാസം കൊടുക്കാല്ലോ. ജീവിതം ഇത്രേയുള്ളൂ, സന്തോഷത്തോടെ ഇരിക്കൂ എന്നൊക്കെ ഉള്ളില്‍ തോന്നിപ്പിക്കാല്ലോ എന്നൊക്കെയാ. പക്ഷെ, വല്ലാത്ത ബ്ലോക്കാണെടോ.. 
ഞാനീ പറേന്നതൊക്കെ ഒരു ഓഡിയോ സിനിമ ആക്കിയാലോ? നമുക്ക്.. പേര്‍സണല്‍ കോണ്‍വെര്‍സേഷന്‍സ് ദൃശ്യമാക്കിയാലേ സിനിമ ആകത്തൊള്ളോ? നമ്മള്‍ കണ്ടതും അനുഭവിച്ചതും വളരെയധികം മയപ്പെടുത്തി പറയാന്‍ പഠിക്കണം. ക്രീയേറ്റീവിറ്റി കോമ്പ്രമൈസ് ചെയ്യണം അല്ലേ? ഫേക്കായി തന്നെ ചെയ്യേണ്ടി വരും അല്ലേ?...’’ 

love
മറകളും വെച്ചുകെട്ടലുകളും ഇവിടെ, താനല്ലാത്ത മറ്റെന്തോ ആയി മാറാന്‍ പ്രേരിപ്പിക്കുകയാണ്. ഈ മായക്കാഴ്ചകള്‍ക്കപ്പുറം ശരീരവും മനസ്സും തുറന്നു വെക്കാനും കൈമാറാനും മുന്‍ മാതൃകകളില്ലാതെ നമുക്ക് കഴിയേണ്ടതുണ്ട്.

പറഞ്ഞുവന്നത് സൗഹൃദങ്ങളില്‍ പോലും വെളിപ്പെടുത്താത്ത അതിതീവ്രമായ പ്രണയ മുഹൂര്‍ത്തങ്ങളെക്കുറിച്ചാണ്. പ്രണയത്തെ പ്രമേയമായി കൈകാര്യം ചെയ്യുമ്പോഴുള്ള ഇരട്ടത്താപ്പിനെക്കുറിച്ചാണ്. മലയാളിയുടെ സദാചാരകള്ളത്തരങ്ങള്‍ പോലെ അതെത്ര സുതാര്യമാണ്! അടുത്തും അകലെയും സംഭവിക്കുന്ന, സമാന്തരവും ബഹുമുഖവുമായ പ്രണയങ്ങളും അതിന്റെ പെരുക്കങ്ങളും നമ്മള്‍ കാണുന്നുണ്ട്. കുടുംബത്തിനകത്തും ജോലിസ്ഥലത്തും പൊതുനിരത്തിലും കോഫിഷോപ്പിലും ബീച്ചിലും അടച്ചിട്ട ജനാലക്കും വാതിലിനുമുള്ളിലും തിങ്ങിവിങ്ങി തുടിച്ചുപൊന്തുന്ന പ്രണയത്തെയും നമുക്കറിയാം. പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരുതരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്. സന്തോഷകരവും ലഘുവും ആയാസരഹിതവുമായ മാനസികാവസ്ഥക്കു പകരം, ഇത്തരം സാഹചര്യത്തില്‍ പ്രണയം ഒരാള്‍ക്ക് നല്‍കുന്നത് ഉത്കണ്ഠയും മാനസിക സംഘര്‍ഷവുമാണ്. ഇവ പിന്നീട് കുടുംബബന്ധങ്ങളെയും സദാചാരവിശ്വാസങ്ങളെയും പലതരത്തില്‍ ബാധിക്കുന്നുണ്ടെങ്കിലും, അതേസംബന്ധിച്ച മൗലികമായ ചര്‍ച്ചകളും ആവിഷ്‌കാരങ്ങളും മലയാളത്തില്‍ സജീവമാകാതെ പോകുകയും ചെയ്യുന്നു. പ്രണയത്തിലും കാമത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന പ്രവണതകളെയും കാഴ്ചകളെയും സര്‍ഗാത്മകമായി പര്യാലോചിക്കാന്‍ പൊതുസമൂഹം ലജ്ജിക്കുകയോ ഭയക്കുകയോ ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ പ്രണയവിഷയത്തിന് ബൗദ്ധിക മുടക്കുമുതല്‍ കൊടുക്കേണ്ടെന്ന പൊതുവായ തോന്നലും ശക്തമായിരിക്കാം.

സുസ്ഥിര കുടുംബത്താല്‍ കവചിതമായ ഗവേഷണ വിഷയങ്ങളാണ് അക്കാദമികമേഖലയിലും പ്രാഥമികമായി പഠിക്കപ്പെടാറുള്ളത്. പഠനശേഷം കുടുംബബന്ധങ്ങളിലെ അപാകതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, കുടുംബബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും മറ്റേതൊരുതരം മനുഷ്യ ബന്ധങ്ങളിലും എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. പ്രണയത്തിന്റെ ചില കാണാപ്പുറങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുമുള്ള മുഖ്യധാരാ പ്രണയ ഭാവനകളുടെ പശ്ചാത്തലത്തില്‍ ഏതു തരം പ്രണയത്തെയാണ് നമ്മള്‍ പിന്‍താങ്ങുന്നതെന്നും, വിഭാവനം ചെയ്യുന്നതെന്നും യഥാര്‍ത്ഥ ലോകത്തില്‍ ഏതെല്ലാം തരം പ്രണയങ്ങളാണ് സംഭവിക്കുന്നതെന്നും കാണേണ്ടതുണ്ട്.  

ALSO READ

ചാമരം: ലൈംഗികതയില്‍നിന്ന് പ്രണയം സൃഷ്ടിച്ച ശരീരങ്ങള്‍

വിവാഹിതരുടെ പ്രണയം കുടുംബബന്ധങ്ങളെ താളം തെറ്റിക്കുന്നതായും ആ തെറ്റുകള്‍ ഏറ്റു പറഞ്ഞു സ്വന്തം പങ്കാളിയിലേക്കു തിരിച്ചെത്തിക്കുന്നതായും ചെയ്യലാണ് മിക്ക മലയാള സിനിമകളുടെയും ഹാപ്പി ഫോര്‍മുല. കവിതകളില്‍ അവിടെയും ഇവിടെയും വടിവൊത്തതല്ലാത്ത, അരികുകളിലെ പ്രണയം പ്രതിപാദിച്ചു പോകുന്നുണ്ട്. സിനിമാഗാനങ്ങളാകട്ടെ നഷ്ടപ്രണയങ്ങളെയും കാത്തിരിപ്പിനെയും വാഴ്​ത്തിപ്പുകഴ്​ത്തുകയും ചെയ്യുന്നു. സ്‌നേഹത്തിനു വേണ്ടി വ്യക്തികള്‍ നടത്തുന്ന സ്വയത്യാഗങ്ങളും വിട്ടുവീഴ്ചകളും പങ്കാളി ഒരിക്കല്‍ തിരിച്ചറിയുമെന്ന കാത്തിരിപ്പുമൊക്കെ അതിശയോക്തി കലര്‍ത്തിയും അത്യന്തം കാല്പനികവല്‍ക്കരിച്ചുമാണ് നമ്മുടെ സിനിമകള്‍ കാണിച്ചുകൊണ്ടേയിരിക്കുന്നത്.

ഏകപതിയും പത്‌നിയും മാത്രമുള്ള ശ്രേഷ്ഠആദര്‍ശത്തിലധിഷ്ഠിതമായ മലയാളി സമൂഹമെന്നു പുറമെ അഭിമാനിക്കുകയും അതിനു അനുകൂലമായി വാദിക്കുകയും ചെയ്യുമ്പോള്‍ തന്നെ എല്ലാത്തരം സാമൂഹ്യ അതിരുകളെയും തകര്‍ത്തു അനവധി പ്രണയങ്ങള്‍ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്; പ്രണയത്തിനങ്ങനെ ഒരുതരത്തിലുമുള്ള അതിരുകളില്ലല്ലോ. അവയില്‍ എല്ലാവൈവിധ്യങ്ങളുണ്ട്.
എന്തുകൊണ്ടാണ് ഒരാള്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നത്? എങ്ങനെയാണ്​ പ്രണയം അനുഭവിക്കാനും പ്രകടിപ്പിക്കാനുമാവുന്നത്? പ്രണയത്തെ അനുഭവിക്കാനുള്ള ഒരാളുടെ കഴിവിന് തടസ്സമായി നില്‍ക്കുന്നത് എന്താണ്? പരസ്പരം ഒരുമയോടെ ബഹുമാനത്തോടെ കഴിയേണ്ട വീടുകള്‍ എങ്ങനെയാണ് സ്‌നേഹരാഹിത്യങ്ങളുടെ, അസ്വസ്ഥതകളുടെ ഉറവിടമാവുന്നത്?

പ്രണയമനസ്സുകളുടെ വ്യക്തിചരിത്രം

പ്രണയവും വെറുപ്പും (ലവ് ആന്‍ഡ് ഹേറ്റ്) വളരെ ശക്തമായ വിരുദ്ധ വികാര നിലപാടുകളായാണ് മനോവിശ്ലേഷണ സിദ്ധാന്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രണയിനിയെ പരിപൂര്‍ണമായി സ്വന്തമാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ അവരെ പൂര്‍ണ്ണമനസ്സോടെ വെറുക്കുന്ന പരസ്പര വിരുദ്ധമായ ഉഭയഭാവനയാണത്. പ്രണയം രണ്ടുപേര്‍ തമ്മില്‍ മാത്രമുള്ള ഇടപാടല്ലാത്തതുകൊണ്ട്, അത്ര തന്നെ ലളിതവും സുന്ദരവുമല്ല നമ്മുടെ ചുറ്റുമുള്ള പ്രണയപ്രത്യാഘാതങ്ങള്‍ എന്നുള്ളതുകൊണ്ട് പ്രണയത്തെക്കുറിച്ച്​ കൂടുതല്‍ അറിയേണ്ടതുണ്ട്. പ്രണയത്തിന്റെ നിര്‍വചനങ്ങള്‍ ഓരോ വ്യക്തിയുടെയും അനുഭവതലവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ചെറുപ്പ കാലത്തു നേരിട്ട കഠിനമായ സ്‌നേഹനിരാസങ്ങളോ ഇച്ഛാഭംഗങ്ങളോ കടുത്ത നിയന്ത്രണങ്ങളോ ഒക്കെ, മുതിരുമ്പോള്‍ താനെന്ന വ്യക്തിയെ, അവയില്‍ നിന്നൊക്കെ വേര്‍തിരിച്ചു മനസ്സിലാക്കാനാവാതെ, ശീലിച്ചുവളര്‍ന്ന സാദൃശ്യമാതൃകകളെ ആവര്‍ത്തിക്കുന്ന സ്വഭാവരീതികളിലേക്കു മാറുന്നു. അതുകൊണ്ടുതന്നെ, ഏതുതരത്തിലുള്ള പ്രണയി/നിയാണ് താനെന്ന ബോധമാണ് ഒരാള്‍ക്ക് ആദ്യം ഉണ്ടാവേണ്ടത്. എന്ന് വെച്ചാല്‍, പ്രണയിക്കുമ്പോഴോ അതിനു മുന്നേയോ ഒരാള്‍ക്ക് സ്വയാവബോധം അത്യാവശ്യമാണ്. സ്‌നേഹിക്കപ്പെടുകയോ ആഗ്രഹിക്കപ്പെടുകയോ ചെയ്യാനായില്ലെങ്കില്‍ വ്യക്തികള്‍ മാനസികമായി തകര്‍ന്നുപോകുകയും, അടക്കാനാവാത്ത അമര്‍ഷവും പകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് മാനസികരോഗചികിത്സയില്‍ സ്ഥിരാനുഭവമാണ്. വ്യക്തിബന്ധങ്ങളില്‍ അവിഭാജ്യമായ ഒന്നായി മാറുന്ന പ്രണയത്തിന്റെ വേരോട്ടം അത്ര അനായാസം വെളിപ്പെടുന്നതല്ല. സ്വയാന്വേഷണം മറ്റൊരാളില്‍ ചെന്നെത്തി നില്‍ക്കുമ്പോഴാവും പലപ്പോഴും തിരിഞ്ഞു നോട്ടം സംഭവിക്കാറ്.

സ്ഥാനാന്തരഗമനം (transference), എതിര്‍ സ്ഥാനാന്തരഗമനം (countertransference) എന്നിങ്ങനെയുള്ള രണ്ടു പ്രക്രിയകള്‍ നമ്മുടെയൊക്കെ ബന്ധങ്ങളില്‍ വളരെ സാധാരണമായി അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നുണ്ട്. എന്റെ പ്രണയി/നിക്ക് എനിക്കറിയാവുന്ന ആരുടെയെങ്കിലും പെരുമാറ്റവുമായി സാമ്യമുണ്ടെങ്കില്‍ ഞാന്‍ എങ്ങനെയാണോ അവരോടു പെരുമാറുന്നത്, അതേപോലെ തന്നെ പ്രണയിനിയോടും പെരുമാറുന്നു. ഇതാണ് സ്ഥാനാന്തരഗമനം. എതിര്‍ സ്ഥാനാന്തരഗമനം എന്നാല്‍ എന്റെ പ്രണയി/നിയും, എന്നോട്, അവര്‍ക്ക് അഗാധ ബന്ധമുള്ള ആരോടോ പോലെ പെരുമാറുന്നു എന്നതാണ്. പ്രണയാനുഭവങ്ങളില്‍ കടന്നുവരാറുള്ള സ്വാഭാവിക പ്രകൃതിയാണിവ. പരസ്പരമുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും തീവ്രമാക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനും ഈ പ്രക്രിയക്ക് സാധിക്കും. സ്വയം പ്രതിഫലിക്കുന്നത് പ്രണയപങ്കാളിയിലാണെന്ന് വിശ്വസിക്കുന്ന ഒരാള്‍, അവരുടെ ഏറ്റവുമടുത്ത മറ്റാരെയോ ആണ് പങ്കാളിയില്‍ തേടുന്നതെന്നു അത്ര ലളിതമായി തിരിച്ചറിയണമെന്നില്ല. 

പ്രണയ സംബന്ധമായ പാശ്ചാത്യ മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രബലമാണെങ്കിലും ആത്മികവും താത്വികവുമായ മാനമാണ് പൗരസ്ത്യ ചിന്തകള്‍ പ്രണയത്തിനു നല്‍കുന്നത്. കേവലം അതിജീവനത്തിനുപരി, ജീവിതത്തിന്റെ അര്‍ത്ഥത്തേയും അന്തസത്തയെയും അന്വേഷിക്കലായി പ്രണയം മാറുന്നു. അവരവര്‍ എന്താണോ എങ്ങനെയാണോ അതിനെ അതായി തന്നെ അവതരിപ്പിക്കാനുള്ള ഇടമുണ്ടാക്കുക എന്നതാണ് പ്രധാനം. പ്രണയമായി ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്ന കാഴ്ചകളിലേറെയും വാസ്തവത്തില്‍ പലതരത്തിലുള്ള ആസൂത്രിത നിര്‍മിതികളാണ്. മറകളും വെച്ചുകെട്ടലുകളും ഇവിടെ, താനല്ലാത്ത മറ്റെന്തോ ആയി മാറാന്‍ പ്രേരിപ്പിക്കുകയാണ്. ഈ മായക്കാഴ്ചകള്‍ക്കപ്പുറം ശരീരവും മനസ്സും തുറന്നു വെക്കാനും കൈമാറാനും മുന്‍ മാതൃകകളില്ലാതെ നമുക്ക് കഴിയേണ്ടതുണ്ട്. അധികാര പദവിയുടെയും സാമൂഹ്യഘടനയുടെയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ പ്രണയ സാധ്യതകളെ സഹജമായി നേരിടാന്‍ നമ്മള്‍ ശീലിക്കേണ്ടതുണ്ട്.

അതാതു നാട്ടിലെ സാംസ്‌കാരിക- സദാചാരമൂല്യങ്ങള്‍ക്കനുസരിച്ച്​, പ്രണയ പ്രകടനങ്ങളുടെ സ്വഭാവവും മാറുന്നുണ്ട്. പങ്കാളികള്‍ കൈമാറുന്ന തികച്ചും വ്യക്തിപരമായ പ്രണയാനുഭവങ്ങള്‍ക്ക്, സാമൂഹ്യമാനം കൈവരുന്നത് അങ്ങനെയാണ്. അവരവരുടെ മനസ്സിലേക്ക് എത്തിപ്പെടാനും അതിനെ കാണാനുമുള്ള അടിസ്ഥാന കഴിവ് ചെറിയ പ്രായം മുതലേ നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതാണ്. ഒരുപക്ഷെ വിദ്യാഭ്യാസമെന്നത് ജീവോന്മുഖമായ മനോനിയന്ത്രണത്തിനുള്ളതും കൂടെയാണല്ലോ. കരുതലോടെ സ്വയം ഉടച്ചുകൊണ്ട് മറ്റൊരാളുടെ സ്‌നേഹത്തെ നമുക്ക് അനുവദിച്ചു കൊടുക്കാനാവുന്നത് ആത്മാവബോധത്തില്‍ നിന്നാണ്. പ്രണയബന്ധങ്ങളിലെ സുരക്ഷിതത്വമില്ലായ്മ തുടങ്ങുന്നത് വലിയൊരു പരിധിവരെ അവരവരില്‍നിന്നുതന്നെയാണെന്നിരിക്കെ, സ്വയംഉത്തരവാദിത്തത്തോടെ പ്രണയിക്കാനും കാമിക്കാനും നമ്മുടെ ഇളം തലമുറയെ ആരാണ് തയ്യാറാക്കേണ്ടത്?

ജലാലുദ്ദീന്‍ റൂമിയുടെ വരികള്‍ ഇവിടെ പ്രസക്തമാവുന്നു:
‘Out beyond ideas of wrongdoing and right-doing, there is a field. I will meet you there. When the soul lies down in that grass, the world is too full to talk about. Language, ideas, even the phrase ‘each other' doesn't make any sense. This then is the realm we are entering.'.

പ്രണയത്തിന്റെ അത്യന്തം സ്വകാര്യമായ അനന്യത, ഒരാളെ സമഗ്രതയുള്ള വ്യക്തി ആക്കുമെങ്കില്‍, പ്രണയത്താല്‍ ജീവിതം ഏകീകരിക്കപ്പെടുമെങ്കില്‍, നിങ്ങള്‍ക്ക് സ്വച്ഛമനസ്സോടെ ഊറ്റം കൊള്ളാവുന്ന കൈമുതലാണത്. കാരണം പ്രണയം അവരവരെ തന്നെയാണ് തിരയുന്നത്, ഇനിയുമിനിയും, ഏറെ ദയാവായ്പോടെ.

Reference:
Love and Hate: Existentialism and Psychoanalysis - A Personal Perspective.
(accessed Jan 20 2022).

ധ്വനി ബുക്സ് പ്രസിദ്ധീകരിക്കുന്ന (എഡിറ്റര്‍: റിനി രവീന്ദ്രന്‍)  ‘പെണ്ണുങ്ങളുടെ പ്രേമ വിചാരങ്ങള്‍’ എന്ന പുസ്തകത്തില്‍ നിന്ന്​. 

Remote video URL
  • Tags
  • #Love
  • #Society
  • #Social Exclusion
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
2

Society

ഷാജു വി.വി.

എലിപ്പത്തായത്തിലെ ഉണ്ണിത്താൻ വാല്

Jan 20, 2023

2 Minutes Read

Toxic love

Society

ആര്‍. രാജശ്രീ

പ്രണയിക്കുന്നവര്‍ക്കിടയില്‍ സമൂഹത്തിന് എന്തുകാര്യം?

Dec 28, 2022

10 Minutes Read

Kudumbashree

Society

Truecopy Webzine

എന്താണ് കേരളത്തിന് കുടുംബശ്രീ

Dec 05, 2022

6 Minutes Read

 banner_12.jpg

Pornography

ഡോ. ബൈജു ഗോപാല്‍

പോണോഗ്രഫിയിലെ മലയാളി സൈക്കി

Oct 19, 2022

10 Minutes Read

_32.jpg

Society

സല്‍വ ഷെറിന്‍

കുടിവെള്ളത്തിന്​ വായ്​പയെടുത്ത്​ ജപ്​തി നോട്ടീസ്​ കിട്ടിയ മണ്ണാടിക്കുന്ന്​ കോളനിക്കാർ

Sep 29, 2022

11 Minutes Watch

 Banner.jpg

Education

മുജീബ് റഹ്​മാന്‍ കിനാലൂര്‍ 

ഇംഗ്ലീഷ് എപ്പോഴാണ് നരകത്തില്‍ നിന്ന് കര കയറിയത്?

Aug 09, 2022

9 Minutes Read

Swathi-Thirunnal-Music-College

Society

മനില സി.മോഹൻ

'സവര്‍ണ' സംഗീത കോളേജില്‍ വിനയമില്ലെങ്കില്‍ സസ്പെന്‍ഷന്‍

Jul 25, 2022

15 Minutes Watch

 esteem.jpg

Society

റിദാ നാസര്‍

ESTEEM എന്താണെന്നറിയാമോ പൃഥ്വിരാജിന്

Jul 15, 2022

8 Minutes Watch

Next Article

വിജയകുമാർ മേനോൻ: കലാചരിത്രമെഴുത്തിലെ ഒരു ക്ലാസ്​റൂം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster