പരിസ്ഥിതി സംരക്ഷണത്തെ
ദരിദ്രപക്ഷ സംരക്ഷണമാക്കിയ
ഡോ. എ. അച്യുതൻ
പരിസ്ഥിതി സംരക്ഷണത്തെ ദരിദ്രപക്ഷ സംരക്ഷണമാക്കിയ ഡോ. എ. അച്യുതൻ
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാനവും രാഷ്ട്രീയദിശയും നല്‍കിയ ആളാണ് ഡോ. എ. അച്യുതൻ. ദരിദ്രര്‍ക്ക് പരിസ്ഥിതി ഒരു ഉപജീവന മാര്‍ഗമാണ്, അതിനാല്‍ പരിസ്ഥിതി സംരക്ഷണം എന്നാല്‍ ദരിദ്രപക്ഷ സംരക്ഷണമാണ് എന്ന നിലപാട് രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും മാഷിന് വലിയൊരു പങ്കുണ്ട്. കേരളത്തില്‍ അരങ്ങേറിയ ഖനന- മണല്‍ മാഫിയയെയും ഇതേ നിലപാടില്‍ നിന്നുകൊണ്ടുതന്നെയാണ് മാഷ് എതിര്‍ത്തത്.
11 Oct 2022, 02:57 PM
പ്രയോഗത്തെയും സിദ്ധാന്തത്തെയും ശാസ്ത്രീയമായി സമന്വയിപ്പിച്ച്, കേരളത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റേതായ സംഭാവന നല്‍കുകയും നേതൃപരമായി ഇടപെടുകയും ചെയ്ത മുന്‍നിര പേരാളികളിലൊരാളായിരുന്നു ഡോ. എ. അച്യുതന്‍. തന്റേതായ എളിമയോടെ, മറ്റൊരാള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പാതയോരങ്ങളിലൂടെ നടക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചതെങ്കിലും കര്‍മഭൂമികളില്‍ അച്യുതന്‍ മാഷ് കേന്ദ്രസ്ഥാനത്തുതന്നെ നിലയുറപ്പിച്ചിരുന്നു. നവതിയിലേക്കെത്തിയ മാഷ്, ഇരിങ്ങാലക്കുടയിലാണ് ജനിച്ചുവളര്‍ന്നത് എങ്കിലും, ജീവിതത്തില്‍ ആറു ദശാബ്ദത്തോളം കോഴിക്കോട്ടുകാരനായിരുന്നു.
നാലഞ്ച് സ്‌കൂളുകളില്‍ പഠിച്ചിരുന്നുവെങ്കിലും കൊടുങ്ങല്ലൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍നിന്നാണ് 1948ല്‍ മാഷ് പത്താം ക്ലാസ് പാസായത്. ഇന്റര്‍മീഡിയറ്റിന് പഠിച്ചത് തൃശൂര്‍ സെൻറ് തോമസ് കോളേജില്‍. 1950ല്‍ നല്ല രീതിയില്‍ ഇന്റര്‍മീഡിയറ്റ് പാസായി. തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍നിന്ന് 1954ല്‍ ബി.എസ്‌സി എഞ്ചിനീയറിംഗ് ബിരുദമെടുത്തു. കുറച്ചുകാലം അധ്യാപകനായും എഞ്ചിനീയറായും ജോലി ചെയ്തു. 1957ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. (എം.എസ്, സിവില്‍ എഞ്ചിനീയറിംഗ്, ഹൈഡ്രോളിക്‌സ്). പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രത്യേക പദ്ധതിയനുസരിച്ച് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ വിദേശരാജ്യങ്ങളിലയച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായ 39 അംഗ ടീമില്‍ ഒരംഗമായിരുന്നു അച്യുതന്‍ മാഷ്. 1962ല്‍ കോഴിക്കോട് റീജ്യനല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി. 1970ല്‍ മദിരാശി ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറല്‍ ബിരുദം. തുടര്‍ന്ന് അധ്യപനം, ഗവേഷണം, അവയുടെ പ്രയോഗം എന്നീ നിലകളില്‍ 2022 വരെ അദ്ദേഹം സജീവമായിരുന്നു.
എഞ്ചിനീയറിംഗ് ബിരുദം നേടിയപ്പോള്‍തന്നെ പഠനമിടുക്കിനാല്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഡമോണ്‍സ്‌ട്രേറ്ററായി. കുറച്ചുകഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായി. കുറച്ചുകാലം ഐ.സി.എം.ആറിന്റെ സാനിറ്റേഷന്‍ പ്രൊജക്റ്റില്‍ കൊല്ലത്ത് പ്രവര്‍ത്തിച്ചു. പിന്നീട് കുറെക്കാലം തൃശൂർ കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറായി. ഉപരിപഠനത്തോടൊപ്പം വീണ്ടും അധ്യാപനത്തിലേക്കുതന്നെ തിരിച്ചുവന്നു.

1962ല്‍ കോഴിക്കോട് ആര്‍.ഇ.സിയില്‍ നേരിട്ടുള്ള നിയമനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 16 വര്‍ഷം അവിടെ തുടര്‍ന്നു. 1978ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിക്ഷേമവിഭാഗം ഡീന്‍ ആയി. പിന്നീട് അവിടെ തന്നെ അക്കാദമിക് സ്റ്റാഫ് കോളേജിന്റെ ഡയറക്ടര്‍, എഞ്ചിനീയര്‍ എന്നിങ്ങനെയെല്ലാം പ്രവര്‍ത്തിച്ചു. കോഴിക്കോട് ‘സ്‌റ്റെഡി’ന്റെ ഡയറക്ടര്‍ ആയിരുന്നു. പിന്നീട് ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാതെ തന്റെ അറിവും അനുഭവവും ജനങ്ങള്‍ക്കും നാടിനുമായി അദ്ദേഹം സമര്‍പ്പിച്ചു. ആര്‍.ഇ.സിയിലെ അവസാന ഘട്ടം, അദ്ദേഹത്തിന് ഏറെ മാനസിക പ്രയാസമുണ്ടാക്കിയ കാലം കൂടിയായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. രാജന്‍ കേസും അന്വേഷണവും മറ്റുമായിരുന്നു പ്രധാനമായും അദ്ദേഹത്തിന് പ്രയാസമുണ്ടാക്കിയത്.
1962ല്‍ അധ്യാപകനായി കോഴിക്കോട്ട് എത്തിയ അതേ ഏപ്രിലില്‍ തന്നെയാണ് അവിടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന രൂപം കൊള്ളുന്നത്. ആദ്യ യോഗങ്ങളിലൊന്നും മാഷ് പങ്കെടുത്തിരുന്നില്ല. എന്നാല്‍, 1960കളിലെ കലാ- സാഹിത്യ- സാംസ്‌കാരിക സമ്പന്നമായ കോഴിക്കോടിന്റെ ഭാഗമായി അദ്ദേഹം മാറി. ഒരു കവിയരങ്ങളില്‍ മറ്റൊരു ഇരിഞ്ഞാലക്കുടക്കാരനായ എന്‍.വി. കൃഷ്ണവാരിയരെ പരിചയപ്പെട്ടു. 1965ല്‍ പരിഷത്ത് അംഗമായി. എം.എന്‍. സുബ്രഹ്മണ്യനായിരുന്നു അംഗത്വം നല്‍കിയത്. 1966ല്‍ മാഷ് പരിഷത്ത് ജനറല്‍ സെക്രട്ടറിയായി. 1969ല്‍ സംസ്ഥാന പ്രസിഡന്റായി. ഇക്കാലത്തുതന്നെ ‘ശാസ്ത്രഗതി' പത്രാധിപരായി. മാഷിന്റെ കാലത്താണ് പരിഷത്ത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്തത് അച്യുതന്‍ മാഷിന്റെ വീടിന്റെ വിലാസത്തിലാണ് (അഞ്ജലി, പി.ഒ ആര്‍.ഇ.സി). അതോടെ മാഷിന്റെ വീട് പരിഷത്ത് ഓഫീസും പരിഷത്ത് ഓഫീസ് മാഷിന്റെ വീടുമായി മാറുകയായിരുന്നു. അഥവാ, പരിഷത്തിന് ഒരു വിലാസമുണ്ടാക്കിയത് മാഷ് ആയിരുന്നു.
പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കുകയായിരുന്നു മാഷിന്റെ പ്രധാന ദൗത്യം. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ ഈ സമീപനം അവസാനം വരെ അദ്ദേഹം തുടര്‍ന്നു. മാലിന്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍, കൊതുകനിവാരണം, പുക കുറഞ്ഞ അടുപ്പിന്റെ (ഇന്നത്തെ പരിഷത്ത് അടുപ്പ്) രൂപീകരണം, വൈദ്യുതി ലാഭിക്കാനുള്ള മാർഗങ്ങൾ, കുടിവെള്ള സംരക്ഷണ നടപടികള്‍, ചെലവ് കുറഞ്ഞയും പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചുമുള്ള കെട്ടിടനിര്‍മാണം എന്നീ രംഗങ്ങളിലായിരുന്നു അദ്ദേഹം ഊന്നിപ്രവര്‍ത്തിച്ചത്. ഇവയൊക്കെ പ്രചരിപ്പിക്കാൻ ധാരാളം ഗ്രന്ഥങ്ങളും ലഘുലേഖകളും അദ്ദേഹം തയാറാക്കി. ‘നിങ്ങള്‍ക്കൊരു വീട്' എന്നതാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ആര്‍.ഇ.സിയില്‍ സഹപ്രവര്‍ത്തകനായിരുന്ന വിന്‍സെൻറ് പോളുമായി ചേര്‍ന്നാണ് ഈ പുസ്തകം തയാറാക്കിയത്. ‘പരിസ്ഥിതി പഠനത്തിനൊരാമുഖം' എന്നത് സമഗ്രമായ ചെറിയൊരു പരിസ്ഥിതി സമീപന രേഖയാണ്. അതിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അവസാനം തയാറാക്കിയ ‘ഉയിര്‍നീര്‍' വെള്ളത്തിന്റെ എ ടു ഇസെഡ് കാര്യങ്ങള്‍ അടങ്ങിയ ഗ്രന്ഥമാണ്. കൂടാതെയുള്ള ലഘുലേഖകള്‍, 15ഓളം പുസ്തകങ്ങള്‍ എന്നിവയൊക്കെ കാലിക പ്രധാന്യമുള്ള വിഷയങ്ങള്‍ കെകാര്യം ചെയ്യുന്നവയായിരുന്നു.
ഈയിടെയായി അദ്ദേഹത്തെ അലട്ടിയ പ്രധാന പ്രശ്‌നം കാലാവസ്ഥാ മാറ്റവും അതിന്റെ ആഘാതങ്ങളുമായിരുന്നു. ഈ ലേഖകനും കെ. രമയും ചേര്‍ന്ന് തയാറാക്കിയ പുസ്‌കത്തിന്റെ അവരാതികയില്‍ അദ്ദേഹം പറഞ്ഞു, ‘ഇനിയും തര്‍ക്കിച്ച് നാളുകള്‍ കളഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലെത്തും. അതുകൊണ്ട് ആഗോള താപനം നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനത്തിന് ഒട്ടും വൈകിക്കൂടാ... ഗവണ്‍മെന്റിനെക്കൊണ്ട് ചെയ്യിക്കേണ്ടത് ഇനി നിങ്ങളാണ്. നാളെയാവുകില്‍ ഏറെ വൈകീടും...'

പരിഷത്തിനകത്തും പുറത്തും നിന്നുകൊണ്ട് മാഷ് നേതൃത്വം നല്‍കിയ സമരങ്ങള്‍ പ്രധാനമായും പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിലൂന്നിയുള്ളവയായിരുന്നു. സൈലൻറ്വാലി സംരക്ഷണ സമരം തന്നെയായിരുന്നു തുടക്കം. എഞ്ചിനീയറായ മാഷ് ആദ്യമൊക്കെ വൈദ്യുതിയുടെ ഭാഗത്തായിരുന്നു. എന്നാല്‍, എം.കെ. പ്രസാദ് മാഷിന്റെ സാന്നിധ്യമാണ് ഇതില്‍ മാറ്റം വരുത്തിയത്. പിന്നീട് സൈലൻറ്വാലിയുടെ വിശദാംശങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും തയാറായതോടെ ആ വനങ്ങള്‍ സംരക്ഷിക്കാനായി നിരന്തരം അദ്ദേഹം പോരാടി. ഈ വീറോടെയാണ് ചാലിയാര്‍ മലിനീകരണ പ്രശ്‌നത്തിനെതിരെയുള്ള പോരാട്ടവും നടത്തുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സില്‍ മലിനീകരണം ഒഴിവാക്കി കമ്പനി നടത്താമായിരുന്നു. എന്നാല്‍, ലാഭം കുറയും. അത് മുതലാളിക്ക് ഇഷ്ടമില്ല. അവിടെയാണ് മുതലാളിത്തവും ജനജീവിതവും തമ്മിലുള്ള തുലനത്തെ അഭിസംബോധന ചെയ്യുന്നത്. ഈ ചിന്ത പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാനവും രാഷ്ട്രീയദിശയും നല്‍കി. ദരിദ്രര്‍ക്ക് പരിസ്ഥിതി ഒരു ഉപജീവന മാര്‍ഗമാണ്, അതിനാല്‍ പരിസ്ഥിതി സംരക്ഷണം എന്നാല്‍ ദരിദ്രപക്ഷ സംരക്ഷണമാണ് എന്നതാണ് ആ തിരിച്ചറിവ്. ആ നിലപാട് രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും മാഷിന് വലിയൊരു പങ്കുണ്ട്. കേരളത്തില്‍ അരങ്ങേറിയ ഖനന- മണല്‍ മാഫിയയെയും ഇതേ നിലപാടില്‍ നിന്നുകൊണ്ടുതന്നെയാണ് മാഷ് എതിര്‍ത്തത്.
ജീരകപ്പാറ വനസംരക്ഷണത്തില്‍ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. ചെങ്ങോട്ടുമല സംരക്ഷണത്തില്‍ പരിഷത്ത് നിയോഗിച്ച വിദഗ്ധ സമിതിയില്‍ മാഷ് അംഗമായിരുന്നു. മുക്കം ഭാഗത്തെ ഉരുള്‍പൊട്ടല്‍ പഠിക്കാനുള്ള കമ്മിറ്റിയില്‍ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചു. പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നത്തിലും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി, ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ നിലപാടെടുത്തു. കോഴിക്കോട് കിനാലൂരില്‍ ജനഹിതം മാനിക്കാതെയുണ്ടായ ഇടപാടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംഘത്തിന്റെ ചുമതല മാഷിനായിരുന്നു. ഞങ്ങളൊക്കെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്താണ് പലതും മനസ്സിലാക്കിയത്. ഈ പഠനത്തെ മുന്‍നിര്‍ത്തി മാഷ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ടുതന്നെ ‘കിനാലൂര്‍: ജനവികാരം അവഗണിച്ചതിന്റെ പ്രത്യാഘാതം' എന്നായിരുന്നു.
കുടുംബത്തെ ഒപ്പം നിര്‍ത്തിക്കൊണ്ടുതന്നെ എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളും നിറവേറ്റിപ്പോന്ന മാഷ് അക്ഷരാര്‍ഥത്തില്‍ ഒരു കര്‍മയോഗിയായിരുന്നു. ആ കുടുംബബന്ധത്തിന്റെ തീവ്രത ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിരന്തരം ഇടപെടല്‍ നടത്തിയ, സ്വന്തമായി പഠിച്ചതിനെയെല്ലാം പ്രയോഗിച്ച, അതിന്റെ ഗുണം നാടിനായി ലഭിക്കാന്‍ പ്രയത്‌നിച്ച കര്‍മയോഗി. അച്യുതന്‍ മാഷിന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറാകാമായിരുന്നു. ‘പല' രീതിയിലുമുള്ള ഉയര്‍ച്ചക്ക് അതൊക്കെ ഗുണകരമാകുമായിരുന്നു. മാഷ് പക്ഷെ, ആ വഴിയല്ല സ്വീകരിച്ചത്. പഠനവും അധ്യാപനവും പൊതുപ്രവര്‍ത്തനവുമാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ കൂടപ്പിറപ്പുകളെക്കുറിച്ചുകൂടി അദ്ദേഹം ചിന്തിച്ചു. അവര്‍ക്കായി പ്രവര്‍ത്തിച്ചു. അങ്ങനെ സഹജീവികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി യത്‌നിച്ച മനുഷ്യസ്‌നേഹിയായി. അങ്ങനെയാണ് സിവില്‍ എഞ്ചിനീയറായ ഡോ. എ. അച്യുതന്‍ പരിസ്ഥിതി പ്രവര്‍ത്തകനും ജനകീയ ശാസ്ത്രപ്രചാരകനുമായ അച്യുതന്‍ മാഷായി നമ്മോടൊപ്പം ഉണ്ടായിരുന്നത്.
എം.വി. സന്തോഷ് കുമാർ
Jan 12, 2023
5 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
അജു കെ. നാരായണന്‍
Oct 19, 2022
6 Minutes Read
കെ. ശ്രീകുമാര്‍
Oct 15, 2022
6 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ്
Oct 02, 2022
7 Minutes Read