കൃത്യമായ നയ സമീപനവും ദേശീയ കോവിഡ് നിവാരണ പ്രവര്‍ത്തന പരിപാടിയും ആസൂത്രണം ചെയ്തിരുന്നെങ്കില്‍ റിസര്‍വ് ബാങ്കിന്റെയും ഭക്ഷ്യകോര്‍പ്പറേഷനുകളുടെയും, ഭക്ഷണത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, ഉപജീവനത്തിനുള്ള അവകാശം എന്നീ നിയമങ്ങളുടെയും പിന്‍ബലത്തോടെ കോവിഡ് ബാധയെ ഇന്ത്യയ്ക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളും കോവിഡിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉപജീവിക്കാന്‍ കഴിയുംവിധം അവര്‍ക്ക് ഭക്ഷണവും പണവും മരുന്നും എത്തിക്കുന്ന പാക്കേജുകളായിരുന്നു ആവശ്യം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമാക്കാവുന്ന പാക്കേജുകളാണ് കൊറോണയുടെ മറവില്‍ കേന്ദ്രം കൊണ്ടുവന്നത്. 'സ്വാശ്രയ ഇന്ത്യയ്ക്ക്' എന്ന് കൊട്ടിഘോഷിച്ചു കേന്ദ്രം കൊണ്ടുവന്ന പാക്കേജിന്റെ അജണ്ടകള്‍ തുറന്നുകാട്ടുകയാണ് ലേഖകന്‍
21 Jun 2020, 06:17 PM
കോവിഡ് രോഗം ലോകത്താകെ വ്യാപിച്ചതോടെ, തദ്ദേശീയ സര്‍ക്കാരുകള്‍, ജനങ്ങളുടെ ദൈനം ദിന ജീവിത കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുകയും അതിനായുള്ള സാമ്പത്തിക പാക്കേജുകള്‍ നടപ്പാക്കുകയും ആരോഗ്യരംഗവും മറ്റും ദേശസാല്‍ക്കരിക്കുകയുമാണ്. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പേക്കേജിലൂടെ രാജ്യത്തെ പൊതു ആസ്തികളും മനുഷ്യാധ്വാനവും പ്രകൃതി വിഭവങ്ങളുമെല്ലാം വിദേശ-സ്വദേശ കമ്പനികള്‍ക്ക് കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയത്. വിരോധാഭാസമെന്ന് പറയട്ടെ, ഈ ജനവിരുദ്ധ നടപടികള്‍ക്ക് നല്‍കിയ പേര് രാജ്യത്തെ സ്വാശ്രയത്തിലേക്ക് നയിക്കുന്ന ഉത്തേജക പാക്കേജ് എന്നാണ്. സ്വാതന്ത്ര്യാനന്തര വിഭജനകാലത്തെ അനുസമരിപ്പിക്കും വിധം ജനങ്ങള്‍ പട്ടിണികൊണ്ടും രോഗങ്ങള്‍കൊണ്ടും തെരുവുകളില്‍ മരിച്ചുവീഴുമ്പോഴാണ് ഈ രീതിയിലുള്ള ഉദാരീകരണ ഉത്തേജനം നടപ്പാക്കുന്നത്.
ദുരന്തകാലത്ത് ജനങ്ങളെ സഹായിക്കുക എന്നത് ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റെയും കടമയാണ്. ദുരന്തം ഒരു രാജ്യത്ത് മാത്രമാകുമ്പോള്‍ ഇതര രാജ്യങ്ങള്‍ സഹായിക്കാറുണ്ട്. എന്നാല്‍, ഇന്നത്തേതുപോലെ എല്ലാരാജ്യങ്ങളും ദുരന്തത്തില്‍ അകപ്പെടുമ്പോള്‍ ദേശീയ സര്‍ക്കാരുകള്‍ക്കാണ് പൂര്‍ണ്ണ ഉത്തരവാദിത്വം. കൊറോണ കാലത്തെ രോഗത്തിന്റെയും ജീവിതത്തിന്റേതുമായ രണ്ട് തരം ദുരിതങ്ങളാണ് ജനങ്ങള്‍ക്കുണ്ടായത്. രോഗചികിത്സക്കും രോഗപ്രതിരോധത്തിനും വഴി കണ്ടെത്തുക; അതോടൊപ്പം ഉപജീവനത്തിനായുള്ള ഭക്ഷണം, വരുമാനം, പാര്‍പ്പിടം എന്നിവയും സാധ്യമാവുക. ദരിദ്രഭൂരിപക്ഷത്തിന് ഇവരണ്ടുംനിഷേധിച്ച സ്ഥിതിയാണ് ഇന്ത്യയില്‍ ഉണ്ടായത്. രോഗത്തിനെതിരായ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് തന്നെ വളരെ വൈകിയാണ്. അത് തന്നെ ഒരു ദേശീയ കര്‍മ്മ പരിപാടി ആവിഷ്‌കരിച്ചു കൊണ്ടൊന്നുമായിരുന്നില്ലതാനും.കേവലം നാല് മണിക്കൂര്‍ മാത്രം സമയം നല്‍കി സമ്പൂര്‍ണ്ണ "ലോക്ക്ഡൗണ്‍' പ്രഖ്യാപിക്കുകയായിരുന്നു.
എല്ലാ രീതിയിലും തകര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും താമസവും പണവും ലഭ്യമാക്കലായിരുന്നു സാമ്പത്തിക പാക്കേജിന്റെ ഒന്നാമത്തെ ലക്ഷ്യമായി വരേണ്ടിയിരുന്നത്; അതുണ്ടായില്ല.
രോഗപ്രതിരോധത്തെ "ലോക്ക്ഡൗണി'ല്‍ ഒതുക്കിയപ്പോള്‍ അതുവഴി കൊട്ടിയടക്കപ്പെട്ടവരുടെ ഉപജീവനം പരിഗണിക്കപ്പെട്ടതേ ഇല്ല. ഓരോരുത്തരും എവിടെയാണോ അവിടെതന്നെ നില്‍ക്കാനായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇടത്തരക്കാരും സമ്പന്നരുമൊക്കെ അവരുടെ നല്ല വീടുകളിലായിരുന്നു. എന്നാല്‍, ദരിദ്രകോടികള്‍ പ്രത്യേകിച്ചും വീട് വിട്ട് ഇതര പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ ജോലിസ്ഥലത്തായിരുന്നു, "ലോക്ക് ഡൗണ്‍' ചെയ്തതോടെ, അവര്‍ക്ക് ജോലി ഇല്ലാതായി; കൂലി ഇല്ലാതായി, ഭക്ഷണം ഇല്ലാതായി, താമസം ഇല്ലാതായി, പൊതു ഗതാഗതം ഇല്ലാതായി, സ്വന്തം വീട്ടിലെ കാര്യങ്ങളില്‍ അന്ധാളിപ്പുമായി, കുടിവെള്ളം പോലും കിട്ടാഞ്ഞതിനാല്‍ സോപ്പ് കൂട്ടി കൈകഴുകണമെന്ന് കരുതിയാല്‍ പോലും നടക്കാതായി. സാമൂഹ്യ അകലം പാലിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. പലരുടെ കൂടെയും സ്ത്രീകളും, കുട്ടികളും അടങ്ങുന്ന കുടുംബവുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തില്‍ സാധാരണക്കാരായ ഈ മനുഷ്യന്‍ എന്ത് ചെയ്യണം? അവശേഷിക്കുന്ന ജീവനെങ്കിലും നിലനിര്‍ത്താന്‍ കഴിയുമോ എന്ന് തോന്നലില്‍ അവര്‍ പരക്കം പായുകയായിരുന്നു. നൂറുകണക്കിന് നാഴിക താണ്ടാന്‍ തീരുമാനിച്ച അവരില്‍ ചിലർ പാതിവഴിയില്‍ മരിച്ചു വീണു. എല്ലാ രീതിയിലും തകര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും താമസവും പണവും ലഭ്യമാക്കലായിരുന്നു സാമ്പത്തിക പാക്കേജിന്റെ ഒന്നാമത്തെ ലക്ഷ്യമായി വരേണ്ടിയിരുന്നത്; അതുണ്ടായില്ല.

രണ്ടാമത് വേണ്ടിയിരുന്നത്, പണി നഷ്ടപ്പെട്ടതോടെയും യാത്ര അസാധ്യമായതോടെയും വീട്ടില്‍ കുടുങ്ങിപ്പോയ ജനങ്ങളെ സഹായിക്കാനുള്ള നടപടികളായിരുന്നു. കര്‍ഷകതൊഴിലാളികള്‍, നിര്‍മ്മാണ തോഴിലാളികള്‍, ഹോട്ടല്‍ തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍, വാഹന തൊഴിലാളികള്‍, സ്വയംതൊഴിലാളികള്‍, ചെറുകിട സംരംഭകര്‍, വര്‍ക്ക്ഷാപ്പ് തൊഴിലാളികള്‍ എന്നിങ്ങനെ ആയിരക്കണക്കിന് ജനങ്ങള്‍ ഇതില്‍പ്പെടുന്നു. അവര്‍ക്ക് താമസ സൗകര്യമുണ്ട്. എന്നാല്‍ അത്യാവശ്യത്തിന് പണം, ഭക്ഷണം, ചികിത്സ എന്നിവ അനിവാര്യമായിരുന്നു. അവരായിരുന്നു പേക്കേജില്‍ പരിഗണിക്കപ്പെടേണ്ട രണ്ടാമത്തെ വിഭാഗം.
മൂന്നാമതായി പ്രദേശിക ആരോഗ്യരംഗത്തെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു വേണ്ടത്. നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തല്‍, മരുന്നും ഉപകരണങ്ങളും എത്തിക്കല്‍, താല്‍ക്കാലിക സംവിധാനമൊരുക്കല്‍, ജീവനക്കാരെ നിയമിക്കല്‍, പരിശീലനം നല്‍കല്‍ എന്നിവയൊക്കെ നടക്കേണ്ടിയിരുന്നു. നാലാമതായി പ്രാദേശിക കമ്പോളത്തെ ചലിപ്പിക്കുന്നതിനായുള്ള ഉത്പാദന പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കലാണ്. അവിടെയാണ് കൃഷി, അനുബന്ധ രംഗങ്ങള്‍, ചെറുസംരംഭങ്ങള്‍, സ്വയംതൊഴില്‍, തൊഴിലുറപ്പ് പദ്ധതികള്‍ എന്നിവയൊക്കെ വരുന്നത്. ഒപ്പം, ഇവയെല്ലാം പ്രാവര്‍ത്തികമാക്കുന്ന പൊതു സുരക്ഷാ പരിപാടി, അതിന്റെ ഭാഗമായി രോഗവ്യാപനം ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമൂഹ പങ്കാളിത്തത്തോടെ സമാന്തരമായി നടത്തേണ്ടിയിരുന്നു.
ഇത്തരം കാര്യങ്ങളെ മുന്നില്‍ കണ്ട് ഒരു ദേശീയ കര്‍മ്മപദ്ധതി തയ്യാറാക്കാതെ "ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ചതിനാല്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയാതാണ് ഇന്ത്യയിലെ അനുഭവം; എന്നാല്‍ രോഗം വലിയ തോതില്‍ വ്യാപിച്ചുകഴിഞ്ഞു. രോഗം വന്നത് വിമാനം വഴിയാണെങ്കിലും സൈക്കിള്‍ യാത്രക്ക് പോലും ഗതിയില്ലാത്തവരാണ് റോഡില്‍ മരിച്ചുവീണത്. രോഗം പിടികൂടിയവരില്‍ ഏറെയും നഗരങ്ങളിലെ കൂലിവേലക്കാരും ചേരിനിവാസികളുമാണ്. ഇവിടെയാണ് ദീര്‍ഘസമീപനത്തോടെയുള്ള സാമ്പത്തിക പാക്കേജ് വേണ്ടിയിരുന്നത്.
ചികിത്സയ്ക്ക് നിലവിലുള്ള പൊതു സംവിധാനം മതിയാകാതെ വന്നപ്പോള്‍ ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവിടുത്തെ സ്വകാര്യ ആശുപത്രികള്‍ ദേശസാല്‍ക്കരിക്കുകയായിരുന്നു. ഇതില്‍ നിന്നൊക്കെ ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടായിരുന്നു.
ഈ രീതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉപജീവിക്കാന്‍ കഴിയും വിധം അവരിലേക്ക് പണവും, ഭക്ഷണവും മരുന്നും എത്തണമായിരുന്നു. നിത്യജീവിത അവസ്ഥകള്‍ ഇന്ത്യയിലേതുപോലെ പരിതാപകരമല്ലാത്ത രാജ്യങ്ങളില്‍പോലും അവരുടെ ഉത്തേജക പാക്കേജില്‍ ഇത്തരം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പലരാജ്യങ്ങളും അവരുടെ ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നും നാലിലൊന്നുമൊക്കെ ഇതിനായി നീക്കിവെച്ചു. യുഎസ്സ് 15%, യു.കെ 20%, ജപ്പാന്‍ 20%, മലേഷ്യ 16%, സിങ്കപ്പൂര്‍ 13%, ജര്‍മ്മനി 10-15% എന്നിങ്ങനെ കണക്കുകള്‍ കാണിക്കുന്നു. ചികിത്സ, ഭക്ഷണം, തൊഴിലില്ലായ്മ വേതനം, പലിശ എഴുതിതള്ളല്‍, വായ്പയുടെ തിരിച്ചടവ്, നീട്ടിവെക്കല്‍, വില്‍ക്കാനാവാത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള താല്‍ക്കാലിക സഹായം എന്നിങ്ങനെ. ചികിത്സയ്ക്ക് നിലവിലുള്ള പൊതു സംവിധാനം മതിയാകാതെ വന്നപ്പോള്‍ ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവിടുത്തെ സ്വകാര്യ ആശുപത്രികള്‍ ദേശസാല്‍ക്കരിക്കുകയായിരുന്നു. ഇതില്‍ നിന്നൊക്കെ ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടായിരുന്നു.
ഇന്ത്യയിലാകട്ടെ "ലോക്ക് ഡൗണ്‍'പ്രഖ്യാപിച്ചു, ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍ക്ക് വലിയ പ്രചാരണവും നല്‍കി. എന്നാല്‍, കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരുകളെ ഏല്‍പ്പിച്ചു,അതിനുള്ള പണം സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു സ്ഥിതി. പല ഭാഗത്തുനിന്നും സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ മാര്‍ച്ച് അവസാനം ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ (ദേശീയ വരുമാനത്തിന്റെ 0.7%) ഒരു സഹായം പ്രഖ്യാപിച്ചു. അതില്‍തന്നെ, ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്നവ വളരെ കുറവായിരുന്നു. ഈ സ്ഥിതി വിവിധതരംസംഘര്‍ഷങ്ങള്‍ക്കിടയാക്കി. എല്ലാ രംഗത്ത് നിന്നും സമ്മര്‍ദ്ദം കൂടിവന്നതോടെ ഏതാണ്ട് ഒന്നര മാസം കഴിഞ്ഞ് മെയ് 12 ന് രാത്രി പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപ (GDP യുടെ 10-%) യുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ധനമന്ത്രി പിന്നീട് നല്‍കുമെന്നും പറഞ്ഞു.
ഏറെ പ്രതീക്ഷയോടേയും പ്രത്യാശയോടെയുമാണ് രാജ്യം ഈ പ്രഖ്യാപനത്തെ ഉള്‍ക്കൊണ്ടത്. എന്നാല്‍, ധനമന്ത്രി അഞ്ച് രംഗങ്ങളായി കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയതോടെ, പ്രത്യാശ ക്രമത്തില്‍ ക്രമത്തില്‍ നിരാശയായി മാറി. അവസാനം വഴിയില്‍ കിടക്കുന്ന കോരന് കഞ്ഞി മാത്രം ബാക്കിയായി. സ്വന്തം ബംഗ്ലാവിലെ ചുമരും ചാരി നിന്ന കോര്‍പ്പറേറ്റ് മുതലാളിക്ക് എല്ലാം കിട്ടി. പ്രത്യക്ഷമായി ആവശ്യപ്പെട്ടില്ലെങ്കിലും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ മനസ്സറിയാവുന്ന കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങളൊക്കെ തളികയില്‍ വെള്ളം എന്നപോലെ അവര്‍ക്ക് നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ മണ്ണ്, വിണ്ണ് എന്നിവയുടെ വില്‍പന അടക്കം. ഇതൊക്കെ പേക്കേജിലേക്കുള്ള പണം കണ്ടെത്താനാണത്രെ.
അഞ്ച് ഘട്ടങ്ങളായാണ് ധനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞല്ലോ. ഒന്നാമത്തേത് MSME, ബേങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ആദായനികുതി, പ്രൊവിഡന്റ് ഫണ്ട് എന്നിവയെപ്പറ്റിയായിരുന്നു. രണ്ടും മൂന്നും ഘട്ടം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. നാലാമത്തേതില്‍ വന്‍കിട വ്യവസായങ്ങള്‍, ഖനനം, ഗവേഷണം എന്നിവ ഉള്‍പ്പെട്ടിരുന്നു. അവസാനത്തേതിലും ആരോഗവും, തൊഴിലുറപ്പും ഉള്‍ച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ വായ്പാ പരിധിയും ഉയര്‍ത്തി.

ഈ പ്രഖ്യാപനങ്ങളിലൂടെ പൊതുവായൊന്ന് കണ്ണോടിച്ചാല്‍ തന്നെ അതിന്റെ ക്രൂരത വ്യക്തമാകും. പലതും ഇന്നത്തെ ധനമന്ത്രി തന്നെ 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പറഞ്ഞവയാണ്. അതായത് കൊറോണ വന്നില്ലെങ്കിലും നടപ്പാക്കാമെന്ന് പറഞ്ഞവ. ചിലതൊക്കെ കുറെക്കാലമായി പറഞ്ഞതും നടപ്പാക്കിയതും നടപ്പാക്കാന്‍ കഴിയാതെ വന്നതുമായ നയപ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമാണ്. ഭൂരിഭാഗവും ഉദാരീകരണത്തിന്റെ ഭാഗമായി നടന്നു വരുന്ന കോര്‍പ്പറേറ്റ് പ്രീണന നടപടികളാണ്. മറ്റ് ചിലവ പ്രകൃതി വിഭവങ്ങള്‍ കയ്യേറാന്‍ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്നതാണ്. ശൂന്യാവകാശ ഗവേഷണത്തിലും ആയുധ നിര്‍മ്മാണത്തിലും വിദേശ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് വേറെ ചിലത്. ചുരുക്കത്തില്‍ ബഹുഭൂരിഭാഗം നിര്‍ദ്ദേശങ്ങളും കൊറോണയാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളിലേക്ക് പണവും ഭക്ഷണവും മരുന്നും എത്തിക്കുന്ന അടിയന്തിര പ്രവര്‍ത്തനങ്ങളല്ല.
കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ പകുത്തു നല്‍കുന്നതാണ് പുതിയ സാമ്പത്തിക പാക്കേജ്. ഏറ്റവും നല്ല ഉദാഹരണം, ഇതിലെ ആരോഗ്യ ചെലവാണ്. കേവലം 15,000 കോടി (GDP യുടെ 0.07%) മൊത്തം നീക്കിവെച്ചതില്‍ തന്നെ 8100 കോടി സ്വകാര്യ ആശുപത്രികളുടെ പശ്ചാത്തല വികസനത്തെ സഹായിക്കാനാണ്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമാക്കാവുന്നവയാണ്. ജനങ്ങള്‍ക്ക് വേണ്ടി എന്ന് കരുതുന്ന MSME കൃഷി അംഗങ്ങള്‍ക്ക് തന്നെ പണം വകയിരുത്തിയിരുന്നില്ല. അതൊക്കെ ബാങ്കുകള്‍ വായ്പയായി നല്‍കാനാണ് ഉദ്ദേശിച്ചത്. ബേങ്കുകളാകട്ടെ തികച്ചും ജനവിരുദ്ധമായ രീതിയില്‍ കുറെക്കാലമായി ആഗോളവത്ക്കരണ പാക്കേജുകളാണ് നടപ്പാക്കി വരുന്നത്.
ദേശീയ വരുമാനത്തിന്റെ 10% അഥവാ 20 ലക്ഷം കോടി രൂപ എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ചെലവായി ഏതാണ്ട് രണ്ട് - രണ്ടര ലക്ഷം കോടിരൂപ, അഥവാ ദേശീയ വരുമാനത്തിന്റെ 1.2% മാത്രമാണെന്നാണ് രാജ്യത്തെ വിദഗ്ധരായ കോര്‍പ്പറേറ്റ് കണക്കെഴുത്തുകാര്‍ പോലും കണക്കാക്കിയിരിക്കുന്നത്. ചിലരുടെ കണക്കില്‍ ഇത് കേവലം 0.8% മാത്രമാണ്. ചുരുക്കത്തില്‍, എന്താണോ കൊറോണ ബാധിച്ച് നരകിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടത്, അവര്‍ പ്രതീക്ഷിക്കുന്നത്; അതിന്റെ ചെലവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ പകുത്തു നല്‍കുന്നതാണ് പുതിയ സാമ്പത്തിക പാക്കേജ്. ഏറ്റവും നല്ല ഉദാഹരണം, ഇതിലെ ആരോഗ്യ ചെലവാണ്. കേവലം 15,000 കോടി (GDP യുടെ 0.07%) മൊത്തം നീക്കിവെച്ചതില്‍ തന്നെ 8100 കോടി സ്വകാര്യ ആശുപത്രികളുടെ പശ്ചാത്തല വികസനത്തെ സഹായിക്കാനാണ്.
നമുക്ക് കുറച്ചുകൂടി വിശദാംശങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തേത്, MSME, MBFC ആദായനികുതി, ഇ.പി.എഫ്, റിട്ടേണ്‍സ് സമര്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 3 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിനായി ശുപാര്‍ശയുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് മൂലധന സഹായമായി 30,000 കോടി രൂപ നീക്കി വെച്ചിരുന്നു. ഒപ്പംതന്നെ ബാങ്ക് ഇതര സ്ഥാപനങ്ങള്‍ക്കുള്ള സഹായം വഴി ഭവന നിര്‍മ്മാണത്തിനും മറ്റും ഉണ്ടാകുന്ന സാധ്യതയാണ്. വൈദ്യുത കമ്പനികള്‍ക്കുള്ള 90,000 കോടി സഹായവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കാര്‍ഷിക രംഗത്താണെങ്കില്‍ പശ്ചാത്തല വികസനത്തിനാണ് ഊന്നല്‍. വിപണി പരിഷ്‌കാരം, ധാന്യ സൂക്ഷിപ്പ് സംവിധാനം, അവശ്യവസ്തു നിയമഭേദഗതി, ധാന്യകുത്തകള്‍ക്ക് കരിഞ്ചന്തയില്‍ യഥേഷ്ടം ധാന്യം സൂക്ഷിക്കാനുള്ള അവസരം. സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടില്ലെന്ന ഉറപ്പ്, സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളിലെ നിയമ നിര്‍മ്മാണം എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് അവശ്യവസ്തു നിയമഭേദഗതി.
നാലാത്തേതിലെ വ്യവസായം, ഖനനം എന്നിവയിലാണ് വലിയ കൊള്ളയടി നടക്കുന്നത്. ആയുധ നിര്‍മ്മാണം, ശൂന്യാകാശ ഗവേഷണം എന്നിവയിലൊക്കെയുള്ള വര്‍ദ്ധിച്ച വിദേശ മൂലധന പങ്കാളിത്തമാണ് ഒരിനം. ഖനനം വഴി പ്രകൃതി വിഭവ കൊള്ള നടത്താനുള്ള സ്വകാര്യ കമ്പനികള്‍ക്കുള്ള അനുമതിയാണ് മറ്റൊരിനം. ഈ പാക്കേജിനൊപ്പം, ബി.ജെ.പി. ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമ ഭേദഗതികള്‍ കൂടി കണക്കിലെടുക്കണം. അവ തൊഴില്‍, പരിസ്ഥിതി, നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതികളാണ്. തൊഴില്‍ സമയം ദീര്‍ഘിപ്പിച്ച് സ്വകാര്യ മേഖലകള്‍ക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുന്നു. ഇതോടൊപ്പമാണ് പൊതുമേഖലയില്‍ സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി കുറക്കുന്നത്. എന്ത് കൂലിയിലും പണിയെടുക്കാനും, വിശപ്പടക്കാനായി എന്തെങ്കിലും കിട്ടാനും പാടുപെടുന്ന പാവപ്പെട്ട തൊഴിലാളികളുടെ കരുതല്‍ സേനയെ മുന്നില്‍ കണ്ട് അവര്‍ക്കെതിരെ മറ്റൊരുതരം കൊറോണയുടെ അക്രമണം അഴിച്ചുവിടുകയാണ്.

ഇതെല്ലാം സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്, ഇതിനകം തന്നെ നടപ്പാക്കി പരാജയപ്പെട്ട മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പ്രചാരണ മുദ്രാവാക്യത്തില്‍ ""സ്വാശ്രയ ഇന്ത്യ''യെപ്പറ്റി പറഞ്ഞു കൊണ്ടാണെന്നതില്‍ ജനങ്ങള്‍ക്ക് അത്ഭുതം തോന്നിയേക്കാം. ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസം ഉണ്ടെങ്കില്‍ അത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി അധികം വിഭാവനം ചെയ്യുന്ന 40,000 കോടി രൂപയാണ്. ഇതില്‍ 11,000 കോടി കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശികയാണ്. അത് കഴിച്ചാല്‍ 29,000 കോടി രൂപയുടെ കൂലി സമൂഹത്തിലേക്ക് വരും. അത്രയും നല്ലത്. അതും ഈ സാമ്പത്തിക വര്‍ഷത്തില്‍ നടത്തി തീര്‍ത്താല്‍ മതി. അതിനുള്ള പണം പോലും സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കാന്‍ തയ്യാറായിട്ടില്ല. ചിലപ്പോള്‍ മൊത്തം കുടിശ്ശിക 51,000 കോടി ആയി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഒരു അതിഥി തൊഴിലാളിക്ക് 2 മാസത്തേക്ക് 5 കി.ഗ്രാം ധാന്യവും അവരുടെ കുടുംബത്തിന് മാസത്തേക്ക് ഒരു കിലോഗ്രാം പയറും നല്‍കാനുള്ള നിര്‍ദ്ദേശം വളരെ പരിമിതമാണെങ്കിലും സ്വാഗതാര്‍ഹമാണ്. ""ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്'' എന്നത്, ഇനിയും ഏറെ സമയം വേണ്ട ഒരു നിര്‍ദ്ദേശമാണ്. എങ്കിലും ഗുണകരമായേക്കാമെന്ന് പ്രത്യാശിക്കാം.
പൊതുവില്‍ പരിശോധിച്ചാല്‍, കഷ്ടപ്പെടുന്ന ജനങ്ങളിലേക്ക് പണം എത്തുന്നില്ല. പലപ്പോഴായി പറഞ്ഞ് പരാജയപ്പെട്ട കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റുമായി ചേര്‍ന്ന് കൊള്ള നടത്താന്‍ അവസരമൊരുക്കുന്നു. കാര്യങ്ങളെ ബേങ്ക് വായ്പയുമായി വന്‍തോതില്‍ ബന്ധിപ്പിക്കുന്നു, ദീര്‍ഘകാല നയപ്രഖ്യാപനങ്ങളായി മിക്കവയും മാറുന്നു, ആഗോളവത്ക്കരണം-സ്വകാര്യവത്ക്കരണ നയങ്ങളെ വീണ്ടും ശക്തിപ്പെടുത്തുന്നു.
പ്രകൃതി വിഭവങ്ങള്‍ സ്വന്തക്കാര്‍ക്കായി തീരെഴുതുന്നു, എല്ലാം കൂടി ""സ്വാശ്രയത്വ''ത്തിന്റെ പേരില്‍ ഈ രാജ്യത്തെ പരാശ്രയത്തിലേക്ക് നശിക്കും വിധം പണയത്തിലാക്കുന്നു. രോഗികളെ കിടത്താന്‍ ആശുപത്രികളില്‍ സൗകര്യങ്ങളില്ലാതെ വലയുമ്പോള്‍ താല്‍ക്കാലിക ഷെഡുകള്‍ പണിയാനോ താല്ക്കാലിക ജീവനക്കാരെ നിയമിക്കാനോ പണം വകയിരുത്തിയില്ല. എന്നാല്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനായി 8,100 കോടി രൂപ കണ്ടെത്തുന്നു.
ഉയര്‍ന്നു വന്ന പ്രതിഷേധം കണക്കിലെടുത്ത്, അവസാനം സംസ്ഥാനങ്ങളുടെ പരമാവധി GDP യുടെ 5% ആക്കി ഉയര്‍ത്തി. എന്നാല്‍ പണം ചെലവാക്കണമെങ്കില്‍ അതിന് പ്രത്യേകം മാനദണ്ഡങ്ങള്‍ വേണമത്രെ. ചരിത്രത്തില്‍ ആദ്യമായാണ് ഈയൊരു സ്ഥിതി.
ഇത് മാത്രമല്ല, സംസ്ഥാന, തദ്ദേശ സര്‍ക്കാരുകളോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിബന്ധനകളും നടപടികളും പ്രഖ്യാപിക്കലല്ലാതെ എല്ലാം നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. "തദ്ദേശം' എന്നൊരു പ്രയോഗം തന്നെ കേന്ദ്രസര്‍ക്കാര്‍ ഉരുവിടാറില്ല. സംസ്ഥാനങ്ങള്‍ക്കാണെങ്കില്‍, അര്‍ഹിക്കുന്ന പണം ലഭിക്കുന്നതിന് തന്നെ പലതരം നിബന്ധനകളും പരിധികളും പാലിക്കണം. നികുതി ചുമത്താനും പിരിക്കാനും ചെലവാക്കാനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം GST ഫണ്ട് ഏതാണ്ട് തീര്‍ന്ന മട്ടാണ്. എന്നാല്‍, കേന്ദ്രം പിരിച്ച് നല്‍കേണ്ടതില്‍ കുടിശ്ശിക നിലനില്‍ക്കുന്നു. ധനകമ്മീഷന്‍ ശുപാര്‍ശ ചെയ്ത പണം പോലും കൃത്യമായി നല്‍കുന്നില്ല. നിയമപ്രകാരം നല്‍കേണ്ടതിനെപ്പോലും പാക്കേജിന്റെ ഭാഗമാക്കുന്നു. ധനകമ്മി, FRBM നിയമം നടത്തിയ നിയന്ത്രണ നടപടികള്‍ യാതൊരു യുക്തിയുമില്ലാതെ അടിച്ചേല്‍പിക്കുന്നു. ഇവയ്‌ക്കൊക്കെ എതിരെ ഉയര്‍ന്നു വന്ന പ്രതിഷേധം കണക്കിലെടുത്ത്, അവസാനം സംസ്ഥാനങ്ങളുടെ പരമാവധി GDP യുടെ 5% ആക്കി ഉയര്‍ത്തി. എന്നാല്‍ പണം ചെലവാക്കണമെങ്കില്‍ അതിന് പ്രത്യേകം മാനദണ്ഡങ്ങള്‍ വേണമത്രെ. ചരിത്രത്തില്‍ ആദ്യമായാണ് ഈയൊരു സ്ഥിതി. അതും ഒരു ദുരന്തകാലത്തെ ഉത്തജക പേക്കേജിന്റെ ഭാഗമായി. ആ രീതിയില്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മൂക്ക് കയര്‍ ഇടുന്ന, തൊഴില്‍ നിയമ ഭേദഗതികളിലൂടെ മുതലാളിമാര്‍ക്ക് തൊഴില്‍ ചൂഷണത്തിന് അവസരമൊരുക്കുന്ന, പരിസ്ഥിതി നിയമം ലളിതവത്ക്കരിച്ച് മുതലാളിമാര്‍ക്ക് പ്രകൃതിവിഭവ കൊള്ളക്ക് അനുമതി നല്‍കുന്ന ഒരു കൂട്ടം നിയമനടപടികള്‍ എങ്ങനെയാണ് ഒരു മഹാമാരി കാലത്ത് തകര്‍ന്നുപോയ ജനജീവിതത്തിന് താങ്ങാവുന്നതെന്ന് ഒരിക്കലും ബോധ്യപ്പെടുന്നില്ല. ഇത് ദുരന്തത്തിന്റെ മറവില്‍ നടക്കുന്ന തീവെട്ടി കൊള്ളമാത്രമാണ്.
എന്തുകൊണ്ടാണ് ഇന്ത്യാസര്‍ക്കാര്‍ ഈ രീതിയില്‍ പെരുമാറുന്നത്. അത് സ്വദേശി-വിദേശി കോര്‍പ്പറേറ്റുകളോടുള്ള വിധേയത്വവും എന്തും കാശാക്കി മാറ്റാനുള്ള മനോഭാവം കൊണ്ടുമാണ്. കൊറോണക്കുമുമ്പ് തന്നെ ഇന്ത്യയൊരു സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. അതിന്റെ കാരണമാകട്ടെ, ഉല്‍പാദന തകര്‍ച്ച, തൊഴിലില്ലായ്മ, ക്രയശേഷികുറവ് എന്നിവയായിരുന്നു. അതിന്റെ ഉറവിടം കാര്യങ്ങള്‍ കമ്പോളത്തിനും കോര്‍പ്പറേറ്റുകള്‍ക്കും വിട്ടുകൊടുക്കുന്ന നവ ഉദാരീകരണ പദ്ധതികളുടെ സ്വാഭാവികമായ പരിണിതഫലമായിരുന്നു. അതുവഴി സമൂഹത്തില്‍ ശക്തിപ്പെട്ട ധനിക-ദരിദ്ര അസമത്വമായിരുന്നു. ഇതിനെതിരെ ഒരു മാന്ദ്യവിരുദ്ധ പാക്കേജ് ഉണ്ടാകണമെന്ന് പലരും 2019 ഡിസംബറില്‍ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫെബ്രുവരി ഒന്നിന്റെ ബജറ്റിലും മുതലാളിമാരെ സഹായിക്കാനുള്ള നടപടികള്‍ തന്നെയാണ് പ്രഖ്യാപിച്ചത്. അതില്‍ തൊഴിലുറപ്പിനുള്ള ചെലവ് മുന്‍വര്‍ഷത്തേക്കാള്‍ 1000 കോടി രൂപ വെട്ടി കുറച്ചിരുന്നു. കങ്കാണികളായ ഏജന്റുമാരുടെ, ചങ്ങാത്ത മുതലാളിത്തത്തിന്റെ, പ്രാകൃതമായ മൂലധന സ്വരൂപണ രീതിയുടെയെല്ലാം വക്താക്കളും പ്രയോക്താക്കളുമായി കേന്ദ്രസര്‍ക്കാര്‍ മാറുകയാണ്.
ഇന്ന് നിലവിലുള്ള ഉയര്‍ന്ന ധാന്യകരുതല്‍, കുറഞ്ഞ എണ്ണവിളവില, വര്‍ധിച്ച വിദേശ നാണയ ശേഖരം എന്നിവയൊക്കെ പ്രയോജനപ്പെടുത്തി വിലക്കയറ്റമില്ലാതെ തന്നെ കേന്ദ്ര സര്‍ക്കാരിന് അതിന്റെ നേരിട്ടുള്ള ചെലവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളിലേക്ക് പണം എത്തിച്ച് വിപണിയെ ചലിപ്പിക്കാവുന്നതാണ്. "ലോക്ക്ഡൗണ്‍'കാലത്ത് പ്രാദേശിക വിപണി ചലിച്ചു തുടങ്ങിയിരുന്നെങ്കില്‍ മാത്രമേ, ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ സമ്പദ്ഘടനയും ചലിക്കൂ. എന്നാല്‍ ഇതൊന്നും കോര്‍പ്പറേറ്റ് മൂലധനം ആഗ്രഹിക്കുന്ന കാര്യമല്ല. അവര്‍ക്ക് സാമ്പത്തികമാന്ദ്യവും ദുരന്താതികളുമൊക്കെ അവരുടെ നഷ്ടം നികത്താനുള്ള അവസരമാക്കുംവിധം സര്‍ക്കാരിനെക്കൊണ്ട് നയപരിപാടികള്‍ ഉണ്ടാക്കുന്നതിലാണ് താല്പര്യം, ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നതും അതു തന്നെ. അല്ലാതെ വന്നാല്‍, വിദേശ-സ്വദേശ മൂലധനം രാജ്യംവിട്ട് പുറത്തേക്ക് പോകുമെന്നും, രാജ്യത്ത് വികസനം അസാധ്യമാകുമെന്നും, സ്വാശ്രയത്വം സാധ്യമാകില്ലെന്നും സര്‍ക്കാര്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെനടപ്പാക്കി പരാജയപ്പെട്ടതും, ലോക മഹാമാന്ദ്യത്തെ ക്ഷണിച്ചു വരുത്തിയതും 1990 കള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേറ്റ് കാല്‍നൂറ്റാണ്ട് കൊണ്ടുതന്നെ തകര്‍ന്ന് തരിപ്പണമാവുകയും ചെയ്ത ഈ കമ്പോള മൗലികവാദത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍. അതേസമയം, ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയാല്‍ നിയന്ത്രിക്കുന്നതിനാല്‍ "സ്വദേശി'എന്നും "സ്വാശ്രയം' എന്നും ഇടക്കിടെ ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ അവര്‍ ബദ്ധശ്രദ്ധരായിരിക്കും. ഒന്ന് പറയുക, നേര്‍വിപരീതമായത് ചെയ്യുക. അതിന്റെ ഭാഗമായി, എല്ലാരീതിയിലും വിധേയത്വം കോര്‍പ്പറേറ്റുകളോടായിരിക്കുകയും ചെയ്യും. ഈ രാഷ്ട്രീയം മുറുകെ പിടിക്കുന്നതിനാലാണ് മഹാമാരി കാലത്തും സാധാരണ ജനങ്ങളില്‍ നിന്ന് മാറി, കോര്‍പ്പറേറ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, കൃഷി എന്നിങ്ങനെയുള്ള സാമൂഹ്യ വികസന പ്രക്രിയയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും എല്ലാം വിപണിവഴിസ്വകാര്യ കമ്പനികള്‍ നടത്തികൊള്ളുമെന്നുമാണ് നവലിബറല്‍ വ്യാഖ്യാനം. അങ്ങനെ വരുമ്പോള്‍ കോര്‍പ്പറേറ്റ് സംരംഭങ്ങളെ സംരംക്ഷിക്കാനായി ക്രസമാധാനം, ജയില്‍, പൊലീസ് എന്നിവയൊക്കെ സര്‍ക്കാര്‍ ചുമതലയില്‍ നടക്കണം. അതാണ് കമ്പനികള്‍ ആഗ്രഹിക്കുന്നത്. സമ്പന്നരായ 10 % ത്തെയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് മഹാമാരി കാലത്തും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ മെനക്കേടാതെ ആയുധ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ കോര്‍പ്പറേറ്റുകളെ ക്ഷണിക്കുന്ന രാഷ്ട്രീയം പുറത്തുവരുന്നത്. ഈ രാഷ്ട്രീയത്താല്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാരിന് ഏത് പാക്കേജിലും ക്രൂരമായ രീതിയില്‍ മാത്രമേ നിലപാടെടുക്കാന്‍ കഴിയൂ എന്നതാണ് വസ്തുത; കാരണം അവരുടെ മനസ്സിലെ രാഷ്ട്രീയം അതാണ്.
കേന്ദ്രത്തിന്റെ കണ്ണില്‍ കേരളം എല്ലാം കൊണ്ടും ശത്രുപക്ഷത്തായിരുന്നു. ഇവിടുത്തെ നാണ്യവിളകൊന്നും തന്നെ പാക്കേജിന്റെ പരിഗണയില്‍ ഉണ്ടായിരുന്നില്ല. ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കുന്നില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക കൊറോണ ഫണ്ട് പോലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കല്ല, ജില്ലാ കലക്ടര്‍മാര്‍ക്കാണ് നല്‍കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇത്രയേറെ ക്രൂരമായി പെരുമാറിയിട്ടും, കോവിഡ് നിയന്ത്രണ കാര്യത്തില്‍ കേരളമടക്കം പല സംസ്ഥാനങ്ങള്‍ക്കും എങ്ങനെ മുന്നേറാന്‍ കഴിഞ്ഞു? അത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായവും (പ്രധാനമായും ക്ഷേമപെന്‍ഷനുകള്‍) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അസൂയാവഹമായ തരത്തിലുള്ള സംഘാടനവും കാരണമാണ്. ഇന്ത്യയില്‍ അതിഥിതൊഴിലാളികള്‍ക്കായി ആകെ ഒരുക്കിയ പാര്‍പ്പിട സൗകര്യങ്ങളില്‍ 69% വും കേരളത്തിലാണെന്ന്, കേന്ദ്രസര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ സമ്മതിച്ച കാര്യമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലുംകൂടി 31% മാത്രമേ വരുന്നുള്ളൂ. അന്തര്‍സംസ്ഥാന തൊഴിലാളി നീക്കങ്ങള്‍ നിയമാനുസൃതമായി കേന്ദ്രത്തിന്റെ ചുമതലയാണ്. എന്നിട്ടും എത്രമാത്രം സഹായമാണ് ഇക്കാലത്ത്, ഈ ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്?

സംസ്ഥാനത്തെ രണ്ട് പ്രളയങ്ങളെയും രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയെയും തുടര്‍ന്നാണ് കേരളത്തിലും കോവിഡ് രോഗബാധ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രയാസകരമായിരുന്നു കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. എന്നിട്ടും സ്തുത്യര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കേന്ദ്രത്തിന്റെ കണ്ണില്‍ കേരളം എല്ലാം കൊണ്ടും ശത്രുപക്ഷത്തായിരുന്നു. ഇവിടുത്തെ നാണ്യവിളകൊന്നും തന്നെ പാക്കേജിന്റെ പരിഗണയില്‍ ഉണ്ടായിരുന്നില്ല. ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കുന്നില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക കൊറോണ ഫണ്ട് പോലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കല്ല, ജില്ലാ കലക്ടര്‍മാര്‍ക്കാണ് നല്‍കുന്നത്. അതേസമയം കേരളത്തില്‍ നേരിട്ട് പണം എത്തുന്ന 3434 കോടിയുടെ പുതിയ പാക്കേജിനും കേരളം അനുമതി നല്‍കിയിരിക്കുന്നു. ഇതോടെ ഈ ആവശ്യത്തിലേക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി 23434 കോടി രൂപ അനുവദിച്ചിരിക്കുന്നു. സംസ്ഥാന വരുമാനത്തിന്റെ 3%; കേന്ദ്രത്തിന്റെ പാക്കേജില്‍ നിന്ന് ലഭിക്കുന്നത് ദേശീയ വരുമാനത്തിന്റെ 0.8% മുതല്‍ 1.2% വരെ മാത്രവും.
നേരത്തെ സൂചിപ്പിച്ചതുപൊലെ കൃത്യമായ നയ സമീപനവും ദേശീയ കോവിഡ് നിവാരണ പ്രവര്‍ത്തന പരിപാടിയും ആസൂത്രണം ചെയ്തിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ട് സ്ഥാപനങ്ങളുടേയും കേന്ദ്ര സര്‍ക്കാര്‍ ഇതിനകം പാസ്സാക്കിയ മൂന്ന് അവകാശാധിഷ്ഠിത നിയമങ്ങളുടേയും പിന്‍ബലത്തോടെ കോവിഡ് ബാധയെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. (ഇവിടെ ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതിന്റെ പ്രശ്നമുണ്ട്.) റിസര്‍വ്വ് ബേങ്കും, ഭക്ഷ്യകോര്‍പ്പറേഷനുമാണ് രണ്ട് സ്ഥാപനങ്ങള്‍. ഭക്ഷണത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, ഉപജീവനത്തിനുള്ള അവകാശം എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ പാസ്സാക്കിയിട്ടുള്ള മൂന്ന് നിയമങ്ങള്‍. 7.7 കോടി ടണ്‍ ഭക്ഷ്യധാന്യം ഇപ്പോള്‍തന്നെ സ്റ്റോക്കുണ്ട്. റാബി കൃഷി വിളവെടുപ്പോടെ ഇത് 11 കോടി ടണ്‍ ആകുമത്രെ. ഇത് അവശ്യം വേണ്ട കരുതലിനേക്കാള്‍ എത്രയോ കൂടുതലാണ്. അത് വിതരണം ചെയ്യണം. റിസര്‍വ്വ് ബേങ്കില്‍നിന്ന് പണം കടം വാങ്ങാം വേണമെങ്കില്‍ അച്ചടിക്കാം. ഇത് രണ്ടും ഉപയോഗിച്ച് ദരിദ്ര ജനങ്ങള്‍ക്ക് അവശ്യം വേണ്ട പണവും ഭക്ഷണവും എത്തിക്കാവുന്നതാണ്.

നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച്
നടത്തിയ പ്രതിഷേധം
സാമൂഹ്യ ശാസ്ത്രത്തിന്റെ രാഷ്ട്രീയ നേതാക്കളും, തൊഴിലാളി സംഘടനകളുമെല്ലാം ഇതിന് കൃത്യമായൊരു പരിപാടി മുന്നോട്ട് വെക്കുന്നുണ്ട്. ആദായ നികുതി നല്‍കുന്ന കുടുംബങ്ങളെ ഒഴിവാക്കി ബാക്കി എല്ലാ കുടുംബങ്ങള്‍ക്കും മാസത്തില്‍ 7500 രൂപ വീതം മൂന്ന് മാസം നല്‍കണമെന്നതാണ് ഒരു നിര്‍ദ്ദേശം. ഇന്ത്യയിലെ 46 കോടി വരുന്ന തൊഴിലാളികളില്‍ 37 കോടിയും നിത്യകൂലിക്ക് പണിയെടുക്കുന്ന അസംഘടിത മേഖലയിലാണ്. ആളൊന്നുക്ക് ആഴ്ചയില്‍ 10 കിലോ ധാന്യം നല്‍കണമെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. അടിയന്തര ചികിത്സക്കായുള്ള താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ മരുന്ന്, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവയാണ് മൂന്നാമത്തേത്. ജനങ്ങളിലേക്ക് പണം എത്തണം. അതിന് ക്ഷേമ പെന്‍ഷനുകള്‍ക്ക് പുറമെ തൊഴിലില്ലായ്മ വേതനം, പലിശ ഒഴിവാക്കല്‍, വായ്പ നീക്കിവെക്കല്‍ എന്നിവയും നടക്കണം.
മറ്റൊരു മാര്‍ഗ്ഗം തൊഴിലുറപ്പ് പദ്ധതിയെ വിപുലപ്പെടുത്തലാണ്. 100 ദിവസമെന്നോ 65 വയസ്സെന്നോ പരിമിതപ്പെടുത്താതെ, തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് പണി കൊടുക്കാന്‍ കഴിയണം. അതിനുള്ള പണി കണ്ടെത്തണം, കൂലി അപ്പോള്‍ തന്നെ നല്‍കാന്‍ കഴിയുംവിധം കേന്ദ്രസര്‍ക്കാര്‍ പണം മുന്‍കൂറായി നല്‍കണം. പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തി ധാന്യ വിതരണം കാര്യക്ഷമമാക്കണം. ഇവയ്ക്ക് പുറമെ അതിഥി തൊഴിലാളികള്‍ക്ക് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് താമസിക്കാന്‍ സൗകര്യമൊരുക്കണം. ഇവയോടൊപ്പം കൃഷിയടക്കമുള്ള ചെറുകിട പ്രാദേശിക സംരംഭങ്ങള്‍ ചലിപ്പിക്കാന്‍ സഹായിക്കുന്ന വിധം മാമൂല്‍ വിട്ട സാമ്പത്തിക സഹായവും നല്‍കണം. ഇത്രയും കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുന്നതിനായി GDP യുടെ 8-10% വരുന്ന തുക അടങ്ങുന്ന മറ്റൊരു കോവിഡ് പാക്കേജ് കേന്ദ്രത്തില്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കണം. ഇവക്കുള്ള ജനകീയ സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
പി.ബി. ജിജീഷ്
Jan 30, 2023
2 Minutes Read
റാണാ അയൂബ്
Jan 30, 2023
18 Minutes Watch
കെ. സഹദേവന്‍
Jan 30, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening
എ. എ. റഹീം
Jan 24, 2023
3 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
Unnikrishnan B
22 Jun 2020, 10:25 AM
Very important and painful facts. They never bother about the common man. So cruel.