truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 29 January 2023

truecoppy
Truecopy Logo
Readers are Thinkers

Sunday, 29 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
Kerala Sastra Sahitya Parishad banner

Science

സര്‍ക്കാറിന്റെ
വികസന നടപടികളോട്
പരിഷത്തിന് വിയോജിപ്പുണ്ട്

സര്‍ക്കാറിന്റെ വികസന നടപടികളോട് പരിഷത്തിന് വിയോജിപ്പുണ്ട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57ാം വാര്‍ഷിക സമ്മേളനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ന് തുടങ്ങുകയാണ്. വികസനം, പരിസ്ഥിതി, പ്രകൃതി വിഭവ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പലതും പുനഃപരിശോധിക്കേണ്ടവയാണെന്ന് പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. ക്വാറിയും, ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറക്കുന്ന തീരുമാനം, പ്രളയാനന്തര പുനര്‍നിര്‍മ്മാണം, കെ റയില്‍, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നടപ്പാക്കല്‍, പ്രകൃതി വിഭവ വിനിയോഗത്തിലെ സാമൂഹ്യ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടുന്നു

24 Oct 2020, 10:59 AM

ടി.പി.കുഞ്ഞിക്കണ്ണന്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 24 മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്. ഇതിനകം ലോകത്തിന് മാതൃകയായ വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് പരിഷത്ത്. ‘റൈറ്റ് ലൈവ്​ലി ഹുഡ്' അവാര്‍ഡ് എന്ന ബദല്‍ നോബല്‍ സമ്മാനമുള്‍പ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

തുടക്കത്തില്‍, മാതൃഭാഷയായ മലയാളത്തില്‍ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിന് ആനുകാലികങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ എഴുതി പ്രചരിപ്പിച്ചു. തുടര്‍ന്ന് സ്വന്തമായി ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക എന്നീ മാസികകള്‍ പുറത്തിറക്കി. എന്നാല്‍ സമൂഹത്തില്‍ മൊത്തം ശാസ്ത്രവിജ്ഞാനം എത്തിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ തേടിയാണ് ശാസ്ത്രക്ലാസ്സുകളിലേക്ക് എത്തുന്നത്.

ലൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് വെബ്സൈറ്റില്‍ KSSP യെക്കുറിച്ചുള്ള പേജിന്‍റെ സ്ക്രീന്‍ഷോട്ട്.
‘റൈറ്റ് ലൈവ്​ലി ഹുഡ്' വെബ്​സൈറ്റിൽ പരിഷത്തിനെക്കുറിച്ചുള്ള പേജ്​.  1996ൽ ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ. നാരായണൻ, പ്രസിഡൻറായിരുന്ന പി.കെ. രവീന്ദ്രൻ

പ്രകൃതി-സമൂഹം-ശാസ്ത്രം, എന്ന ബഹുജന വിദ്യാഭ്യാസ പരിപാടിയായിരുന്നു ഇതില്‍ പ്രധാനം. തുടര്‍ന്ന് ശാസ്ത്ര പ്രചാരണത്തിന്റെ മറ്റൊരു ഉപാധി എന്ന നിലയ്ക്കാണ് എഴുപതുകളുടെ ഒടുവിൽ ശാസ്ത്രകലാജാഥകള്‍ ആരംഭിച്ചത്. ജനബോധനത്തിന്റെ പുതിയ മാതൃകയായി കലാജാഥകള്‍ മാറി. ഇതോടെ എല്ലാ വിഭാഗം ജനങ്ങളുമുള്‍പ്പെടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായി പരിഷത്ത് മാറുകയായിരുന്നു.

1_25.jpg
യുറീക്ക കവര്‍

ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുക മാത്രമല്ല, ജനങ്ങളില്‍ ശാസ്ത്രബോധവും ശാസ്ത്രീയ വീക്ഷണവും വളര്‍ത്തുക, ശാസ്ത്രത്തെ ഉപയോഗിച്ചുള്ള ചൂഷണത്തെ ചെറുക്കുക, അശാസ്ത്രീയതകളെയും അന്ധവിശ്വാസങ്ങളെയും തുറന്നെതിര്‍ക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ പടിപടിയായി വളര്‍ന്നു. ശാസ്ത്ര സാങ്കേതിക വിജ്ഞാനം ചൂഷണത്തിനുപയോഗിക്കുന്ന ശക്തികളില്‍ നിന്ന്​ മോചിപ്പിച്ച് നിരന്തരം ദരിദ്രവത്കരിക്കപ്പെടുന്ന സാമാന്യ ജനങ്ങളുടെ മുന്നേറ്റത്തിനുള്ള ഉപാധിയാക്കുക എന്ന ലക്ഷ്യത്തോടെ ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം 1973 ല്‍ പരിഷത്ത് സ്വീകരിച്ചു. 

ഇടപെടലുകള്‍

ആശയപ്രചാരണത്തിനുമപ്പുറം ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും ബദല്‍ വികസന മാതൃക സൃഷ്ടിക്കാനുമുള്ള തലത്തിലേക്ക് പരിഷത്തിന്റെ പ്രവര്‍ത്തനമണ്ഡലം വളര്‍ന്നു. സമൂഹത്തിന്റെ പരിസ്ഥിതി അവബോധത്തില്‍ ഗുണപരമായ മാറ്റം വരുത്തിയ സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭമായിരുന്നു ഇതില്‍ പ്രധാനം. കേരളത്തെ സമ്പൂര്‍ണ സാക്ഷരമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മറ്റൊന്ന്.

നാടിനു ചേര്‍ന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ പാലക്കാട് സ്ഥാപിച്ച ഐ.ആര്‍.ടി.സി എന്ന ഗവേഷണ കേന്ദ്രവും അവിടെ വികസിപ്പിച്ച ദക്ഷത കൂടിയ അടുപ്പും ചൂടാറാപ്പെട്ടിയും പോലുള്ള ഉല്‍പന്നങ്ങള്‍ ഇന്ന് ഏറെ ജനകീയമായി കഴിഞ്ഞു. ജനകീയ ആരോഗ്യ നയത്തിനും ഔഷധ മേഖലയിലെ ചൂഷണങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സര്‍വേ, ഭോപ്പാല്‍ വാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധേയമായിരുന്നു.

3_15.jpg
ശാസ്ത്ര കേരളം കവര്‍

ബഹുരാഷ്ട്രകുത്തകകള്‍ക്കെതിരെയും പിന്നീട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും നടത്തിയ ആശയപ്രചാരണങ്ങളും പ്രക്ഷോഭങ്ങളും പുതിയൊരു അവബോധം സൃഷ്ടിച്ചു.  ജനകീയാസൂത്രണത്തിലേക്ക് നയിച്ച വാഴയൂര്‍ പഠനവും കല്യാശ്ശേരി ആസൂത്രണ മാതൃകയും പോലുള്ള പ്രവര്‍ത്തനങ്ങള്‍, സമഗ്രമായ കേരള പഠനങ്ങള്‍, പുതിയ പാഠ്യപദ്ധതിയിലേക്കുനയിച്ച വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, സ്ത്രീതുല്യതയ്ക്കുവേണ്ടി നടത്തിയ കലാജാഥകളുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ നിരവധി മേഖലകളിലെ പരിഷത്ത് ഇടപെടലുകള്‍ കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇന്ന് ഇന്ത്യയിലാകെ പ്രവര്‍ത്തിക്കുന്ന ഒരു അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനു രൂപം നല്‍കാനും പരിഷത്തിനു കഴിഞ്ഞിരിക്കുന്നു.

ശാസ്ത്രവിരുദ്ധത ആഘോഷിക്കപ്പെടുമ്പോള്‍

പരിഷത്ത്​ പ്രവര്‍ത്തനം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണ് ഇന്നത്തേത്. ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതത്തില്‍ അതിവേഗം മാറ്റം വരുത്തുകയാണ്. എന്നാല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴും ശാസ്ത്രത്തിന്റെ രീതിയെയും ശാസ്ത്രബോധത്തെയും കൈയൊഴിയുന്ന വൈരുദ്ധ്യവും ഇന്ന് പ്രകടമാണ്. ശാസ്ത്രവിരുദ്ധ പ്രചാരണത്തിന് ബോധപൂര്‍വ ശ്രമങ്ങളും ലോകത്താകെ നടക്കുന്നു.

ജ്യോത്സ്യവും മന്ത്രവാദവും കപടചികിത്സാരീതികളും കപടശാസ്ത്രങ്ങളും തുടങ്ങി കാര്യകാരണ ബന്ധമായി വിശദീകരിക്കാനാവത്ത പലതിനും പ്രസക്തിയുണ്ടെന്നും അവയെ ശാസ്ത്രത്തിന്റെ രീതിയില്‍ വിശകലനം ചെയ്യാനാവില്ലെന്നും ശാസ്ത്രവും ഒരുതരം ബൃഹദാഖ്യാനം മാത്രമാണെന്നും വാദങ്ങളും ശക്തിപ്പെടുകയാണ്. 

ഇന്ത്യയിലാകട്ടെ ശാസ്ത്രവിരുദ്ധതയെ തന്നെ ആഘോഷിക്കുന്ന ഭരണനയങ്ങളാണ് നടപ്പിലാക്കുന്നത്. ഭാരതത്തിന് ശക്തമായ ശാസ്ത്രപാരമ്പര്യമുണ്ടെന്ന് അംഗീകരിക്കുന്നു. അപ്പോള്‍ തന്നെ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കേണ്ടിയിരിക്കുന്നു. അവക്ക് പലപ്പോഴും ഔദ്യോഗിക അംഗീകാരം തന്നെ ലഭിക്കുന്ന അവസ്ഥയാണ്. സംവത്സരങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിച്ചിരുന്നുവെന്നും പ്ലാസ്റ്റിക് സര്‍ജറിയും ടെസ്റ്റ് ട്യൂബ് ശിശുക്കളുമൊക്കെ ഉണ്ടായിരുന്നുവെന്നുമുള്ള അവാസ്തവങ്ങള്‍ ശാസ്ത്രപ്രബന്ധങ്ങളായി വരുന്നു.  കൂടാതെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ നയങ്ങള്‍ മാറ്റുന്നു.

ശാസ്ത്രീയമനോഭാവവും അന്വേഷണത്വരയും ജനങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്ന ഒരു രാജ്യത്താണ് ഇതൊക്കെ നടക്കുന്നത്.
ജാതി- മത- പ്രാദേശിക സംഘര്‍ഷങ്ങളാല്‍ കലുഷിതമായ ഒരു ഇന്ത്യയെയാണ് സാമ്രാജ്യത്വ ശക്തികള്‍ക്ക് ആവശ്യം. ലാഭത്തിനായുള്ള ഒരു വിപണിവത്കൃത സാംസ്‌കാരിക ബോധം ഉല്‍പാദിപ്പിക്കുന്നതിന് അന്ധവിശ്വാസങ്ങളും അശാസ്ത്രീയ വീക്ഷണവും ആവശ്യമാണ്. അതിനായി കമ്പോളം മത-വര്‍ഗീയ രാഷ്ട്രീയത്തെയും ശാസ്ത്രബോധത്തെ ഒഴിവാക്കിയുള്ള ആധുനിക സാങ്കേതികവിദ്യകളെയും പരസ്പരപൂരകമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഇതിന്റെ ഫലമായി ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുകയാണ്. ഇതിന്റെ ഭാഗമായ വികസന നയങ്ങള്‍ ഭൂമിയെത്തന്നെ ഇല്ലാതാക്കുകയാണ്. കാലാവസ്ഥാമാറ്റവും ആഗോള താപനവും പോലുള്ള പ്രവണതകള്‍ ശക്തിപ്പെടുത്തുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിയമങ്ങളെല്ലാം പൊളിച്ചടുക്കാനാണ് മുതലാളിത്തം ആഗ്രഹിക്കുന്നത്. തുടര്‍ച്ചയായ ഉത്പാദന- ഉപഭോഗ വര്‍ധനവും കമ്പോള മത്സരവും, വിവേചനരഹിതമായ ഈ വളര്‍ച്ച പ്രകൃതി വിഭവങ്ങളെ ഇല്ലാതാക്കുകയും ഭൂമിയുടെ നിലനില്പിന് തന്നെ ഭീഷണിയാവുകയുമാണ്. പരിസ്ഥിതിയെയും പ്രകൃതിയെയും നശിപ്പിക്കുന്ന ഇന്നത്തെ വികസന സമീപനങ്ങള്‍ക്കനുകൂലമായ വാദങ്ങള്‍ കേരളത്തിലും ശക്തമാണ്. അവയ്ക്കെതിരെ ജനങ്ങളില്‍ വലിയ അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

കേരളം: കരുതല്‍ വേണം

മുകളില്‍ സൂചിപ്പിച്ച ആഗോളീകൃത കമ്പോളത്തിന്റെ സ്വാധീനം കൂടുതലുള്ള സമൂഹമാണ് കേരളത്തിലേത്. കേവല ദാരിദ്ര്യം കുറവാണെങ്കിലും സാമ്പത്തിക അസമത്വം ഇന്ന് കേരളത്തിലെ പ്രധാന പ്രശ്നമാണ്. ഇതുണ്ടാക്കുന്ന സാമൂഹ്യസംഘര്‍ഷങ്ങള്‍ പല രംഗങ്ങളിലും പ്രകടമാണ്. പണക്കാരിലേക്ക് മാത്രം പലതും പരിമിതപ്പെടുന്ന സ്ഥിതിയുണ്ട്. എങ്കിലും ശക്തമായ പൊതുസംവിധാനങ്ങളും അതിന് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരും പലതരം ക്ഷേമ നടപടികളും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും എല്ലാം ചേര്‍ന്നാണ് കേരളത്തിലെ ജനജീവിതം തകരാതെ നോക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും പൊതുമേഖലയെ സംരക്ഷിക്കാന്‍ പരിഷത്ത് പോലുള്ള ഒരു സംഘടന എക്കാലത്തും ബാധ്യസ്ഥമാണ്. ഈ തിരിച്ചറിവോടെയുള്ള ഇടപെടലുകള്‍ നടക്കണം. 

പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്നത്തെ ഓണ്‍ലൈന്‍ പഠനത്തിന് ചില പരിമിതികളുണ്ടെന്ന് പരിഷത്ത് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്നത്തെ കോവിഡ് കാലത്തും എല്ലാ പ്രദേശങ്ങളിലേയും എല്ലാ ക്ലാസുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഉറപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ, ഒരുപക്ഷെ ഏക സംസ്ഥാനം കേരളമായിരിക്കും. ഇതിന് ലഭിക്കുന്ന സാമൂഹ്യ പിന്‍ബലവും പ്രധാനമാണ്. എന്നാല്‍ ഇത്തരം സാമൂഹ്യ പിന്‍ബലം ഇല്ലാതാക്കുന്ന രീതിയാണ് കോവിഡിന്റെ നാലാം ഘട്ടത്തില്‍ നാം കാണുന്നത്.

പൊതുആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുന്ന രീതിയിലേക്ക് രോഗത്തെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ആ രീതിയിലല്ല കേരള സമൂഹം അതിനോട് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച സാമൂഹ്യ അവബോധം ശക്തിപ്പെടുത്താന്‍ ജനകീയ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പരിഷത്ത് പോലുള്ള സംഘടനക്ക് ഉത്തവാദിത്വങ്ങളുണ്ട്.

വേണം, ജനകീയ സമ്മര്‍ദം

അതേസമയം വികസന രംഗത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പലതും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി പുനഃപരിശോധിക്കേണ്ടവയാണ്. ഉദാഹരണത്തിന് ഉറവിട മാലിന്യ സംസ്‌കരണമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ നടപ്പാക്കിവരുന്ന ‘മാലിന്യത്തില്‍ നിന്ന് വൈദ്യുതി' എന്നത് എല്ലായിടത്തും എല്ലാ രീതിയിലും പരാജയപ്പെട്ട മാതൃകയാണ്.

പരിസ്ഥിതി ആഘാത നിർണയ നിയമ (ഇ.ഐ.എ) ത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അവസാന നിമിഷത്തിലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ക്വാറിയും, ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിന് കൂട്ടുനിന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്​ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ പി.ഡി.എന്‍.എ റിപ്പോര്‍ട്ട് നല്ലൊരു വികസന നയത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ നടപ്പാക്കി വന്നപ്പോള്‍ അതിനുപകരം ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ആര്‍.കെഡി.പി പദ്ധതിയായി അത് മാറി.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തില്‍ മുന്‍ഗണനയില്‍ വരേണ്ട പദ്ധതിയല്ല കെ റയില്‍ എന്നതാണ് പരിഷത്തിന്റെ അഭിപ്രായം. ഈ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും ജനങ്ങള്‍ക്ക് നല്‍കാതെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഏറെ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. 

Shasthragathi.jpg
ശാസ്ത്രഗതി കവർ

ജനകീയാസൂത്രണ പ്രസ്ഥാനം കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരാനിരിക്കുന്നു. കൂടുതല്‍ അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കി വികേന്ദ്രീകരണം ശക്തിപ്പെടുത്തേണ്ടതിനു പകരം ജില്ലാ തലത്തില്‍ ഡി.ഡി.സി മാരെ നിയമിക്കാനുള്ള നീക്കം ഗുണകരമാവില്ല. 

ഒരു പ്രദേശത്തെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എതിര്‍ക്കുന്ന ക്വാറി പ്രശ്നമാണ് കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുമലയിലേത്. വലിയ മനുഷ്യച്ചങ്ങല തന്നെ ഇതിനെതിരെ ജനങ്ങള്‍ ഒന്നടങ്കം തീര്‍ക്കുകയുണ്ടായി. പക്ഷെ, ഏതോ ഒരു ‘അദൃശ്യകരം' ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നു. അതിനാല്‍ ദിവസേനയെന്നോണം ഈ പ്രദേശത്ത് പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കവചമായി കണക്കാക്കുന്ന Eco-Sensitive Zone കള്‍ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി മനുഷ്യവാസപ്രദേശങ്ങളെ പൂര്‍ണമായി ഇതില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ശാസ്ത്രീയ വനസംരക്ഷണത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ മുന്നോട്ടു വെച്ച നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നടപ്പാക്കല്‍, പ്രകൃതി വിഭവ വിനിയോഗത്തിലെ സാമൂഹ്യ നിയന്ത്രണം എന്നിവയൊക്കെ ഒരിടത്തുമെത്താത്ത അവസ്ഥയിലാണ്. ഇതെല്ലാം കാണിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തോടെയുള്ള സുസ്ഥിര വികസന ചര്‍ച്ചകള്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു എന്നാണ്. ഇതിനെ ഒരു രാഷ്ട്രീയ അജണ്ടയാക്കി മാറ്റുന്നതിനുള്ള ജനകീയ സമ്മര്‍ദ്ദത്തിനായുള്ള സംവാദങ്ങള്‍ക്ക് പരിഷത് സമ്മേളനം രൂപം നല്‍കേണ്ടിയിരിക്കുന്നു. 

അമിതമായ ഉപഭോഗപരതയില്ലാതെ തന്നെ മനുഷ്യന്റെ ജീവിത സംതൃപ്തി വര്‍ധിപ്പിക്കാന്‍ കഴിയും. ഭൂമിയേയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന സുസ്ഥിരവികസനം സാധ്യമാക്കുന്ന, വിഭവങ്ങളുടെ സമതുലിതമായ വിതരണവും ഉപഭോഗവും ഉറപ്പാക്കുന്ന, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സമത്വം സാധ്യമാക്കുന്ന, ലിംഗനീതി ഉറപ്പാക്കുന്ന ഒരു കേരളവും ഇന്ത്യയും ഉണ്ടാവുകയാണ് നാം നേരിടുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനായി വേണ്ടത്.

ഇത്തരമൊരു സമൂഹം സാധ്യമാക്കാന്‍ ശാസ്ത്രത്തിന്റെ വഴി മാത്രമേ ഉള്ളൂവെന്ന് കോവിഡ് കാലം തെളിയിച്ചിരിക്കുന്നു. പുതിയൊരു പ്രതിരോധ മരുന്നിനായി ജനം ശാസ്ത്രത്തെ ഉറ്റുനോക്കുന്നു. അതുകൊണ്ടുതന്നെ ജനകീയ ശാസ്ത്രപ്രചാരണത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുന്ന കാലത്താണ് പരിഷത്ത്​സമ്മേളനം നടക്കുന്നത്. ഇത് കേരളീയ സമൂഹത്തിന് തന്നെ കൂടുതല്‍ കരുത്തുപകരുമെന്ന് പ്രത്യാശിക്കാം.

  • Tags
  • #Science
  • #Science Education
  • #Scientific Temper
  • #Kerala Sasthra Sahithya Parishad
  • #T.P. Kunhikannan
  • #Developmental Issues
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

സുരേഷ് ബാബു. ടി എം നരയംകുളം.

25 Oct 2020, 08:03 AM

പുതിയ Kറെയിൽ പദ്ധതി കേരളത്തിൻ്റെ പരിസ്ഥിതിയുടെ പാളം തെറ്റിക്കുമെന്നതിൽ സംശയമില്ല. അവശേഷിക്കുന്ന കൃഷിയിടങ്ങൾ നശിക്കാനും കുന്നും മലകളും നിരപ്പാവാനും അവശേഷിക്കുന്ന പാറകൾക്വാറികളായി മാറാനും ഇത് വഴിവെക്കും. വികസനത്തിൻ്റെ പേരിൽ കേരളത്തിൻ്റെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്ത് കുറച്ചു പേർക്ക് നല്ല വരുമാനം ഉണ്ടാക്കുന്നതിന് മാത്രമാണ് ഇത് വഴിവെക്കുക.അതിശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നു വരേണ്ടതുണ്ട്.

കെ രവിക്കുട്ടൻ

24 Oct 2020, 01:10 PM

തീർച്ചയായും

ethiran

Interview

എതിരൻ കതിരവൻ

പാലാ ടു ഷിക്കാഗോ; ശാസ്ത്രം, വിശ്വാസം, കഞ്ചാവ്

Jan 21, 2023

60 Minutes Watch

d-n-a-database

Science

എതിരൻ കതിരവൻ

ആധാർ പോലെ ജനിതക വിവരങ്ങളടങ്ങിയ ഡി.എൻ.എ ക്യു ആർ കോഡ്​ വരുമോ?

Oct 29, 2022

6 Minutes Read

Svante Pääbo

Nobel Prize

ഡോ. യു. നന്ദകുമാർ

സ്വാന്റെ പേബോ തിരുത്തിയെഴുതുന്ന സുവിശേഷങ്ങള്‍

Oct 11, 2022

6 Minutes Read

achuthan

Obituary

ടി.പി.കുഞ്ഞിക്കണ്ണന്‍

പരിസ്​ഥിതി സംരക്ഷണത്തെ ദരിദ്രപക്ഷ സംരക്ഷണമാക്കിയ ഡോ. എ. അച്യുതൻ

Oct 11, 2022

6 Minutes Read

dr. svante pääbo

Science

എതിരൻ കതിരവൻ

മനുഷ്യചരിത്രം ഡി.എന്‍.എ. കഥാമാലയില്‍ - ഡോ. സ്വാന്റെ പാബോയുടെ തീവ്രയജ്ഞങ്ങള്‍

Oct 10, 2022

10 Minutes Read

b-ramesh

Kerala Politics

Truecopy Webzine

കെ റെയില്‍ വിഷയത്തിലെ ഭിന്നതക്കുകാരണം പരിഷത്ത് അംഗങ്ങളുടെ സി.പി.എം ചായ്‌വ്? പ്രസിഡന്റ് മറുപടി പറയുന്നു

Oct 06, 2022

3 Minutes Read

 Adani-Pinarayi-Vijayan-Oomman-chandy-narendra-modi.jpg

Environment

പ്രമോദ് പുഴങ്കര

വിഴിഞ്ഞം: അദാനിയുടെ പോരിശയുള്ള വാല്യക്കാരും ചെഞ്ചൊടി മാരനും

Aug 23, 2022

12 Minutes Read

T Pradeep

Interview

പ്രൊ.ടി. പ്രദീപ്

ശാസ്ത്രത്തിന്റെ തലയും ഹൃദയവും

Jul 18, 2022

48 Minutes Watch

Next Article

പെലെ പന്തിന്റെ ആത്​മവിദ്യാലയം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster