ആണാനന്ദങ്ങളുടെയും
മെയില്‍ മാര്‍ക്കറ്റിങ്ങിന്റെയും കാഞ്ഞബുദ്ധിക്ക്
ഇരയാവുന്ന നടിമാര്‍
ആണാനന്ദങ്ങളുടെയും മെയില്‍ മാര്‍ക്കറ്റിങ്ങിന്റെയും കാഞ്ഞബുദ്ധിക്ക് ഇരയാവുന്ന നടിമാര്‍
ആണാനന്ദങ്ങളുടെയും മെയില്‍ മാര്‍ക്കറ്റിന്റെയും കാരുണ്യരഹിതമായ ഇരകളാണ് നീലച്ചിത്രങ്ങളില്‍ അഭിനയിച്ച നടികള്‍. നാം കുറ്റബോധത്തോടെ അവരോട് മാപ്പ് പറയേണ്ടതുണ്ട്, അവരെ മറയാക്കി സംവിധായകര്‍ നടത്തുന്ന നിര്‍ലജ്ജമായ മാര്‍ക്കറ്റിങ്ങിന്. ഉടല്‍ മാത്രമാണ് സ്ത്രീയുടെ ഉള്ളടക്കമെന്ന് ധരിക്കുന്ന പുരുഷന്റെ കാഞ്ഞബുദ്ധി എപ്പോഴും സാംസ്‌കാരികതയുടെ ഉടയോടകളോടെ വെളുക്കെ ചിരിച്ചുകൊണ്ടു തന്നെയുണ്ട്.
20 Nov 2022, 12:01 PM
ഒരു സ്ത്രീക്കു മാത്രം നല്‍കാവുന്ന അത്യന്തം ആനന്ദകരമായ കാഴ്ചകളുടെ തുള്ളിച്ചാട്ടങ്ങള്‍ തിരശ്ശീലയില്‍ നാം കണ്ടത് ചിലരിലൂടെയാണ്.
രാത്രി, നിലാവ്, വീഞ്ഞ്, മുല്ല തുടങ്ങി ഗസലുകളില്‍ ആവര്‍ത്തിച്ചുവരുന്ന ബിംബങ്ങള്‍ മാത്രമല്ല, കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകള്‍ പോലും കേട്ട് നാം അത്ഭുതസ്തബ്ധരാവാറുണ്ട്. അങ്ങനെ വാക്കുകളിലൂടെ യാഥാര്‍ഥ്യത്തിനും ഉന്മാദത്തിനുമിടയില്‍ മറ്റൊരു മനോഹരമായ ലോകത്ത് നാം പോയി.
എത്രയെത്ര മനോഹരമായ അശ്ലീലങ്ങള്‍ നമ്മള്‍ പരസ്പരം പറഞ്ഞു ചിരിച്ചിട്ടുണ്ട്! ബുദ്ധിയുടെ ഉടുപ്പുരി നിര്‍ത്തുന്ന അശ്ലീലങ്ങളായിരുന്നു, അവ. ഏറ്റവും ദുഃഖം നിറഞ്ഞ നിമിഷങ്ങളില്‍ ഏറ്റവും മനോഹരമായ അശ്ലീലം പറഞ്ഞ് നമ്മള്‍ സ്വയം സ്വച്ഛരായി.
മരിയോ വര്‍ഗാസ് യോസയുടെ ‘രണ്ടാനമ്മയ്ക്ക് സ്തുതി ’ എന്ന നോവല്‍ വായിച്ച്, എത്രയെത്ര അതിശയ രാവുകളിലൂടെ കടന്നുപോയി. ഒരു ബ്ലൂഫിലിമില്‍ കാണാവുന്നതിനേക്കാള്‍ സൂക്ഷ്മവും ഉജ്ജ്വലവും മനോഹരവുമായി യോസ ആ നോവലില്‍ ഉടലിനെ ഉടുപ്പൂരി വാക്കുകളുടെ വെളിച്ചത്തില്‍ നിര്‍ത്തുന്നുണ്ട്. അതിലെ ഡോണ ലു ക്രേഷ്യ എന്ന സ്ത്രീയും ഡോണ്‍ റിഗോ ബര്‍തോ എന്ന പുരുഷനും തമ്മില്‍ നടത്തുന്ന ഉടലിളക്കങ്ങള്‍ വായനക്കാരില്‍ ഒരു നീലച്ചിത്രം കാണുന്നതിനേക്കാള്‍ രതിജന്യമായ ആഹ്ലാദങ്ങള്‍ പകരുമെന്നതില്‍ സംശയമില്ല.
ആര്‍ത്തവം, ആര്‍ത്തവ വിരാമം തുടങ്ങിയവയെക്കുറിച്ചുള്ള ശാരീരിക അറിവുകളും സംഭോഗത്തിന്റെ ക്ലാസിക് വായനാനുഭങ്ങളും പുസ്തകങ്ങള്‍ വായിച്ചാണ് അറിഞ്ഞത്. ലജ്ജയോടെ പറയട്ടെ, സ്‌കൂള്‍ ക്ലാസ് മുറിയില്‍ നിന്ന് ഇത്തരം കാര്യങ്ങളൊന്നും പഠിക്കാന്‍ സാധിച്ചിരുന്നില്ല. മദ്രസയില്‍ എന്റെ ഉസ്താദ് പ്രത്യുത്പാദനത്തെക്കുറിച്ച് പഠിപ്പിച്ചതാണ് ഏറ്റവും മനോഹരമായ അനുഭവം. ഇതേക്കുറിച്ച് ‘ഉപ്പിലിട്ട ഓര്‍മ്മകള്‍' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുമുണ്ട്.

ആ ഓര്‍മ ഇതാണ്:
ഉസ്താദ് പറഞ്ഞു: ‘നമ്മള് കാരപ്പം ( ഉണ്ണിയപ്പം, മുട്ടയപ്പം) തിന്നാറ്ണ്ടണ്ടല്ലൊ. കാരപ്പം ചുട്ന്ന പാത്രത്തില് ഓട്ടയ്ണ്ടാവും. അതില് അരിയൊഴിച്ച് പൊരിച്ചെടുക്കുന്നതാണ് കാരപ്പം. അതുപോലെ പെണ്ണ്ങ്ങള് കാരച്ചട്ടിയാണെന്ന് വിചാരിക്ക്. ആണുങ്ങള് അതില് അരി കലക്കിയ വെള്ളം കലക്കി ഒയിച്ചാല് ണ്ടാവുന്ന കാരപ്പമാണ് മനുഷന്മാര്!'
വളരെ ലളിതമായ ഒരു ക്ലാസായിരുന്നു, അത്.
ഇങ്ങനെയൊക്കെയാണ്, വളരെ ദരിദ്യമായ ഭാവനയോടെയാണ് ജീവശാസ്ത്രം നമ്മുടെ തലമുറ പഠിച്ചത്.
സില്‍ക്ക് സ്മിത, അനുരാധ, ജയമാലിനി, ജ്യോതിലക്ഷ്മി തുടങ്ങി ഏറ്റവും ഒടുവില്‍ ഷക്കീല, സിന്ധു, രേഷ്മ തുടങ്ങിയവരുടെ സിനിമകളില്ലായിരുന്നെങ്കില്‍, ഞങ്ങളുടേത്, എഴുപതുകള്‍ക്കും എണ്‍പതുകള്‍ക്കുമിടയിലെ മുറിമീശ യൗവനങ്ങളുടേത്, ഇരുളടഞ്ഞ യൗവനമാകുമാകുമായിരുന്നു. പി. ചന്ദ്രകുമാറും ക്രോസ് ബെല്‍റ്റ് മണിയും ഉടലുകളുടെ നിറങ്ങള്‍ തിരശ്ശീലയിലാണെങ്കിലും കാണിച്ചുതന്നു. അങ്ങനെ ഞങ്ങളുടെ തലമുറ ഉടലിക്കങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടാക്കി. ആ തലമുറക്കുമുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.
ഇന്ന് ഒരു ഫോണ്‍ തന്നെ എന്തെല്ലാം സാധ്യതകളാണ് തുറന്നുതരുന്നത്. സ്വര്‍ഗ നരകങ്ങള്‍ക്കിടയിലെ സിറാത്തുല്‍ മുസതക്കീന്‍ എന്ന പാലമാണ് ഫോണ്‍. ലജ്ജയോടെ പറയട്ടെ, വീഡിയോ പ്ലയര്‍ വീട്ടില്‍ കൊണ്ടു വന്ന ദിവസം രണ്ടു സിനിമകള്‍ ഞാന്‍ കണ്ടു. ഒന്ന്, റാഷമോണ്‍. മറ്റൊന്ന്, ഒരു ഒരു ബ്ലൂ ഫിലിം- ‘ഡേര്‍ട്ടി നൈറ്റ്‌സ്.' ശരിക്കും ആ സിനിമയുടെ പേര് അതു തന്നെയാണോ എന്ന് ഉറപ്പില്ല. കാസറ്റ് കടക്കാര്‍ അന്ന് അവരുടെ ഭാവനക്കനുസരിച്ച് മനോഹരമായ പേരിടുന്നതില്‍ വിദഗ്ദ്ധരായിരുന്നു. ഹോ, ദുര്‍വിധിയെന്നു പറയട്ടെ, വൈറസ് ബാധ കാരണം ആ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഉപയോഗിച്ച് വിഡിയോ പ്ലെയര്‍ ഹെഡ് തുടച്ച് വൃത്തിയാക്കിയെങ്കിലും ആ പടം തിളങ്ങുന്ന കുത്തുകുത്തുകളില്‍ അവസാനിച്ചു.
ഞാന്‍ ഒരു പെരുന്നാളിന് കണ്ണൂര്‍ സംഗീതയില്‍ ഒരു ഇംഗ്ലീഷ് പടം കാണാന്‍ പോയി. പോസ്റ്ററില്‍ കണ്ട A മുദ്ര മാത്രമാണ് പ്രചോദനം. സെക്‌സ്, പ്രസവം, ആരോഗ്യകരമായ കുടുംബപരിപാലനം തുടങ്ങിയ വിശദീകരിക്കുന്ന ഒരു ഇംഗ്ലീഷ് ചിത്രമായിരുന്നു അത്. ആ സിനിമ ഇപ്പോള്‍ ഓര്‍ക്കുന്നത്, എന്നെ നാട്ടില്‍ വെച്ചു കണ്ടാല്‍ എപ്പോഴും പള്ളിയില്‍ പോകണം, നിസ്‌കരിക്കണം, മുണ്ട് നെരിയാണിക്ക് മീതെ ഉടുക്കണം എന്നൊക്കെ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ദീനിയായ സുഹൃത്തും എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഉണ്ടായിരുന്നു എന്നതു കൊണ്ടാണ്. അവന്റെ ചെവിയില്‍ തൊട്ടു പിന്നിലിരിക്കുന്ന ഞാന്‍ സലാം ചൊല്ലി.ആ മുഖം ഒന്നു കണേണ്ടതായിരുന്നു. പക്ഷെ, നിര്‍ഭാഗ്യവാനായ എണ്‍പതുകളിലെ മുറിമീശയൗവനമാണ്.
ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ തലമുറ ലൈംഗികതയെ മനസ്സിലാക്കാന്‍ ശ്രമിച്ചത്. പിന്നെയുണ്ടായിരുന്നത്, ഒ. വി. വിജയന്‍ എഴുതിയ കഥകളാണ്. അശാന്തം പേരില്‍ സമാഹരിച്ച ആ കഥകള്‍, ഒരു നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. പിന്നെ, എക്കാലത്തെയും ക്ലാസിക്, ഡെകാമറണ്‍ കഥകള്‍.

ഇതൊക്കെ പറയുന്നത്, അശ്ലീലം അഭിരുചിയുടെ ഒരു തലമായി സാഹിത്യത്തിലും സിനിമയിലും സംഗീതത്തിലും നിറഞ്ഞുനില്‍ക്കുന്നുണ്ട് എന്നു പറയാനാണ്. മനുഷ്യര്‍ ഫിലോസഫി മാത്രം പറയുന്ന ജീവിവര്‍ഗമല്ല. മനോഹരമായി അശ്ലീലം പറയുന്ന, കാണുന്ന, അതില്‍ ആനന്ദം കണ്ടെത്തുന്ന ജീവിവര്‍ഗ്ഗം കൂടിയാണ്. ഏതു മനുഷ്യന്റെ ഉള്ളിലും തുടിക്കുന്ന ഒരു അശ്ലീല ഹൃദയമുണ്ട്. എന്നാല്‍, പിന്നീട്, മനസ്സിലായി; ആണാനന്ദങ്ങളുടെയും മെയില്‍ മാര്‍ക്കറ്റിന്റെയും കാരുണ്യരഹിതമായ ഇരകളാണ് നീലച്ചിത്രങ്ങളില്‍ അഭിനയിച്ച നടികള്‍. നാം കുറ്റബോധത്തോടെ അവരോട് മാപ്പ് പറയേണ്ടതുണ്ട്, അവരെ മറയാക്കി സംവിധായകര്‍ നടത്തുന്ന നിര്‍ലജ്ജമായ മാര്‍ക്കറ്റിങ്ങിന്. ഉടല്‍ മാത്രമാണ് സ്ത്രീയുടെ ഉള്ളടക്കമെന്ന് ധരിക്കുന്ന പുരുഷന്റെ കാഞ്ഞബുദ്ധി എപ്പോഴും സാംസ്‌കാരികതയുടെ ഉടയോടകളോടെ വെളുക്കെ ചിരിച്ചുകൊണ്ടു തന്നെയുണ്ട്.
എഴുത്തുകാരന്‍
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
താഹ മാടായി
Jan 20, 2023
2 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch