മഞ്ഞിൽ ഉറഞ്ഞ തടാകത്തിന് മുകളിലൂടെ 'വിൽനസ് ട്രക്കായ്' കോട്ടയിലേക്ക് നടന്നു പോവുന്ന സഞ്ചാരികൾ / ഫോട്ടോ: അമൽ പുല്ലാർക്കാട്ട്

സെലക്റ്റീവായി തെരഞ്ഞെടുത്ത
ഓർമകളുടെ ദേശം

മുതലാളിത്തത്തിന്റേയും അമേരിക്കൻ ചേരിയുടേയും ഏകതാനമായ കീഴടക്കലുകൾക്ക് അനുയോജ്യമാംവിധമുള്ള ഘടനയും ഇടപെടലുകളും ഇന്നത്തെ ഭരണ സംവിധാനങ്ങളുടെ കാതലായി മാറുമ്പോൾ അത് സോവിയറ്റ് കാലത്തെ പ്രശ്‌നങ്ങളുടെ വ്യത്യസ്തമായൊരു പുനഃപ്രതിഷ്ഠ മാത്രമല്ലേ അവതരിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നതിൽ അസ്വാഭാവികതകളുണ്ടെന്ന് തോന്നുന്നില്ല.

രണ്ട്

ഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിനുപുറത്ത് മാറിമറയുന്ന കാഴ്ചകളിൽനിന്ന് കണ്ണെടുക്കാനേ കഴിയുന്നുണ്ടായിരുന്നില്ല.
ശരിക്കും ഒരു മഞ്ഞുമലയിലൂടെ സഞ്ചരിക്കുന്ന പ്രതീതി.
അകത്ത് നല്ല ഹീറ്റിംഗ് സംവിധാനമുണ്ടായിരുന്നതിനാൽ തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന കൈയ്യുറകളും ജാക്കറ്റും ക്യാപ്പുമെല്ലാം മാറ്റി ദീർഘനിശ്വാസത്തോടെ ഇരിക്കാറായി.

വിൽനസ് നഗരംവിട്ട് മുന്നോട്ട് പോന്നതോടെ മരപ്പലകകൾ കൊണ്ട് നിർമിച്ച ഭംഗിയുള്ള കൊച്ചുവീടുകൾ കണ്ടുതുടങ്ങി. ഗ്രാമങ്ങൾക്ക് ചെറിയ റെയിൽവേ സ്റ്റേഷനുകളുണ്ട്. അത്തരം ഒരു ഗ്രാമം വിട്ടുകഴിഞ്ഞാൽ പിന്നെ തുറസായ സ്ഥലങ്ങളും കൊച്ചുകുന്നുകളും വനപ്രദേശങ്ങളുമെല്ലാമാണ്. കൃഷിയിടങ്ങളുമുണ്ട്. എന്നാൽ എങ്ങും മഞ്ഞുകൊണ്ടുള്ള പരവതാനി വിരിച്ചിരുന്നതിനാൽ അതൊന്നും ഇപ്പോൾ തിരിച്ചറിയാൻ വയ്യ. ജനസാന്ദ്രത വളരെക്കുറവ്. ഇതിനിടയിൽ വിഷ്ണുവുമായുള്ള സൗഹൃദ സംഭാഷണങ്ങൾ പുരോഗമിച്ചു.

ലിത്വാനിയയിൽ പ്രവാസി വിദ്യാർത്ഥികളായ മലയാളികളുമുണ്ട്. കൂടുതലും നേഴ്‌സിങ്ങ്, മെഡിക്കൽ, എഞ്ചിനീയറിംഗ് മേഖലയിലുള്ളവർ. തമിഴ് വിദ്യാർത്ഥികൾ എഞ്ചിനിയറിംഗ് മേഖലയിൽ ഏറെയുണ്ട്. ഇത് വളരെയടുത്ത് സംഭവിച്ച മാറ്റങ്ങളാണ്. വിഷ്ണു 2013 ൽ പഠനമാരംഭിച്ച കാലത്ത് തദ്ദേശവാസികൾ കൗതുകത്തോടെ ഇന്ത്യക്കാരെ ശ്രദ്ധിക്കുമായിരുന്നു എന്നുപറഞ്ഞു. അടുത്തുവന്ന് പ്രത്യേകമായി സംസാരിച്ചവരും തൊട്ടുനോക്കിയവരുമെല്ലാം ഉണ്ടത്രേ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ എത്തിയതോടെ ആ സാഹചര്യം മാറി. നഗരത്തിലെന്നപോലെ ട്രെയിനിലും തിരക്ക് നന്നെ കുറവ്. ട്രെയിൻ ഒന്നരമണിക്കൂർ കൊണ്ട് കൗണസ് നഗരത്തിലെത്തി. ആ ചെറിയ രാജ്യത്ത് അതുതന്നെ വലിയൊരു യാത്രയാണത്രേ.

മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ഒരു ഗ്രാമീണ റെയിൽവേ സ്റ്റേഷൻ
മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ഒരു ഗ്രാമീണ റെയിൽവേ സ്റ്റേഷൻ

കേരളത്തിന്റെ ഇരട്ടിയോളം വലിപ്പം വരും ലിത്വാനിയക്ക്.
ശരാശരി ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ വലിപ്പം. എന്നാൽ ജനസംഖ്യയാവട്ടെ കേരളത്തിന്റെ പത്തിലൊന്നിൽ താഴെയും. ഏറെയും തുറസായ സ്ഥലങ്ങളും വനഭൂമിയും. നഗരത്തിലുള്ളതെങ്കിലും കൗണസ് സ്റ്റേഷൻ ചെറുതുതന്നെ. ഒരേ പ്ലാറ്റ്‌ഫോം തന്നെ രണ്ടും മൂന്നും ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മരത്തിന്റെ കൊത്തുപണികളും ചിത്രപ്പണികൾ ചെയ്ത ചില്ലുജാലകങ്ങളെല്ലാമായി ഭംഗിയുള്ള കുഞ്ഞുസ്റ്റേഷൻ. യാത്രികർക്ക് ഇരിക്കാൻ പ്ലാറ്റ്‌ഫോമിൽ ഭംഗിയുള്ള ബഞ്ചുകളും സ്റ്റേഷനുള്ളിൽ മരക്കസേരകളും, വേണമെങ്കിലൊന്ന് കിടക്കാൻ എയർ ബാഗുകളും. താഴെ മനോഹരങ്ങളായ ടൈലുകൾ പാകിയിരിക്കുന്നു. ഏറെ പഴക്കമുള്ള ബിൽഡിങ്ങ് എന്ന് ഒറ്റനോട്ടത്തിൽ അറിയാം.

ഒരു ഹോസ്റ്റലിൽ തന്നെ റൂമുകൾ തിരിച്ച് ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്നു. അക്കാരണം കൊണ്ട് അവിടെ ഒരു ഭൂകമ്പവും സംഭവിക്കുന്നില്ല

ഞങ്ങൾ പുറത്തിറങ്ങി. മെട്രോ സ്റ്റേഷന്റെ നേരെ മുന്നിലാണ് ബസ് സ്റ്റോപ്പ്. റെയിൽവേ ലൈനുകളിൽ നിന്നും റോഡുകളിൽ നിന്നും മഞ്ഞ് മാറ്റിയിടാൻ സംവിധാനമുണ്ട്. റോഡിൽ വലിയ ലോറി പോലൊരു വണ്ടി പാർശ്വങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന പങ്ക പോലൊന്നുകൊണ്ട് തെർമോക്കോൾ പൊടിഞ്ഞതുപോലെ വീണടിഞ്ഞ് കട്ടപിടിക്കുന്ന മഞ്ഞുപൊടികളെ വകഞ്ഞ് ഓരം ചേർത്തുകൂട്ടുന്നു. എങ്കിലും ഫുട്പാത്തിൽ നിറയെ മഞ്ഞുകൂമ്പാരങ്ങളാണ്. വേഗം നടക്കാൻ വയ്യ. സ്യൂട്ട്‌കേസ് വലിച്ചു നീക്കാൻ പറ്റുന്നില്ല. ഭാരം സഹിച്ച് എടുത്ത് പൊക്കേണ്ടിവന്നു. സ്റ്റേഷന്റെ ഓരം ചേർന്നുതന്നെ ലിത്വാനിയൻ പഴമ തുളുമ്പുന്ന ഒരു ബാർ ഹോട്ടൽ കാണാം. വൈകാതെ ബസ് എത്തി.

കേബിൾ സംവിധാനത്തിലൂടെ ഓടുന്ന പഴയ ചെറിയ ബസ്. മധ്യവയസ്‌കയാണ് ഡ്രൈവർ. ഇപ്പോഴും വലിയ ശതമാനം ബസും സോവിയറ്റ് കാലത്തേതാണെന്ന് വിഷ്ണു പറഞ്ഞു. ഡ്രൈവറെ കൂടാതെ മറ്റ് സ്റ്റാഫുകളില്ല. അന്നാട്ടിൽ കൂടുതൽ ഡ്രൈവർമാരും സ്ത്രീകളത്രേ. ഇടക്ക് കയറുന്ന ടിക്കറ്റ് ചെക്കർമാരല്ലാതെ മറ്റൊരു സ്റ്റാഫുമില്ല. ഓരോ സ്റ്റോപ്പെത്തുമ്പോഴും ലിത്വാനിയൻ ഭാഷയിൽ അനൗൺസ്‌മെന്റ് വരും. അറിയിപ്പുകൾ എഴുതിക്കാണിക്കുന്നതും ലിത്വാനിയനിൽ തന്നെ.

കാര്യങ്ങളെല്ലാം ഡ്രൈവർ ഒറ്റക്ക് നിയന്ത്രിക്കുന്നു. ബസ് ഗവൺമെന്റ് സർവീസാണ്. വിഷ്ണുവിന് കാർഡുണ്ടായിരുന്നു, അത് ബസിനകത്തെ മെഷീനുനേരേ കാണിച്ചാൽ മതി. അവന്റെ നിർദേശപ്രകാരം ഞാൻ ഒരു യൂറോ ഡ്രൈവർ ഇരിക്കുന്നതിനടുത്തുള്ള ബോക്‌സിലേക്കിട്ട് അദ്ദേഹം കീറിത്തന്ന ടിക്കറ്റ് വാങ്ങി. പത്ത് മിനിറ്റിനുള്ളിൽ സ്റ്റുദന്റ് ഗാത്ത് വേ (സ്റ്റുഡന്റ് സ്ട്രീറ്റ്) യിൽ എത്തി.

വണ്ടിയിറങ്ങി നേരേ പത്തുനിലയുള്ള പഴയൊരു ഭീമാകാരൻ ഹോസ്റ്റലിലേക്ക്. അതും സോവിയറ്റ് കാലത്തെ നിർമിതി. ഒരു ഹോസ്റ്റലിൽ തന്നെ റൂമുകൾ തിരിച്ച് ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്നു. അക്കാരണം കൊണ്ട് അവിടെ ഒരു ഭൂകമ്പവും സംഭവിക്കുന്നില്ല. വന്നിറങ്ങിയത് ഞായറാഴ്ചയായിരുന്നെങ്കിലും മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ ഹോസ്റ്റൽ അഡ്മിനിസ്‌ട്രേറ്റർ മരിയ റൂം തയ്യാറാക്കിവച്ചിരുന്നു. ഇത് താൽക്കാലിക ദോം ആണത്രേ. ദിവസങ്ങൾക്കുള്ളിൽ മറ്റൊന്ന് തരും. ഹോസ്റ്റലുകൾക്ക് അവർ ദോം എന്നാണ് പറയുന്നത്. എട്ടാം നിലയിലുള്ള എന്റെ റൂമിലേക്ക് സാധനങ്ങൾ കയറ്റാൻ സഹായിച്ച് വിഷ്ണുവും ലിഫ്റ്റ് കയറി.

കൗണസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റി
കൗണസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റി

പുറത്തെ മഞ്ഞുവീഴ്ചയും കാഴ്ചകളും കണ്ടിരിക്കാൻ പറ്റുന്ന തരത്തിലുള്ള വലിയ ഗ്ലാസ്‌വിന്റോയുള്ള റൂം. താൽക്കാലിക മുറിയിലെ റൂംമേറ്റാകട്ടെ സഹൃദയനായൊരു തമിഴ്‌നാട്ടുകാരൻ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി. ഹോസ്റ്റലിനകത്ത് സെൻട്രലൈസ്ഡ് ഹീറ്റിങ്ങ് സിസ്റ്റമുള്ളതിനാൽ തണുപ്പറിയുന്നില്ല. ചൂടിലേക്ക് കയറിയതിന്റെ ആലസ്യത്തിലിരുന്ന് ഞാനും വിഷ്ണുവും കാഴ്ചപ്പാടുകളിലെ യോജിപ്പുകളും വിയോജിപ്പുകളും പങ്കുവച്ച് ബാൾട്ടിക് ദേശത്തെക്കുറിച്ചുള്ള ചർച്ച തുടർന്നു.

നവ ഉദാരീകരണ ബാൾട്ടിക് നരേറ്റീവുകൾ

ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങൾ വ്യത്യസ്ത ഭാഷാ- സാംസ്‌കാരിക-ദേശീയതകളാണെങ്കിലും അന്തർദേശീയ പഠനങ്ങളിൽ ഇവയെ ഒരൊറ്റ രാഷ്ട്രീയ-പാരിസ്ഥിതിക പ്രദേശങ്ങൾ എന്ന നിലയിലാണ് പരിഗണിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നത്. ലിത്വാനിയയും ലാത്വിയയും ഭാഷാശാസ്ത്രപരമായി ഇന്തോ-യൂറോപ്യൻ ഗണത്തിൽപ്പെടുന്നു. അവർ ഭാഷാശാസ്ത്രപരമായി ബാൾട്ട്‌സ് എന്ന് വിളിക്കപ്പെടുന്നു. എസ്റ്റോണിയൻ ഭാഷ ഫിന്നോ-യുറിക് ഗണത്തിലാണ്. അവർ സാംസ്‌കാരികമായി കൂടുതൽ ഫിൻലന്റിനോട് ചേർന്നുനിൽക്കുകയും അവരുമായി അതിർത്തി പങ്കിടുകയും ബാൾട്ടിക് ഫിൻസ് എന്ന് ഭാഷാശാസ്ത്രപരമായി അറിയപ്പെടുകയും ചെയ്യുന്നു.

ചരിത്രത്തിൽ ഈ രാജ്യങ്ങൾ വൻശക്തികളാൽ ഒരുമിച്ച് ആക്രമിക്കപ്പെടുകയും, കീഴടക്കലുകൾക്കും കടന്നുകയറ്റങ്ങൾക്കും വിധേയരാവുകയും ചെയ്തു. തൻമൂലം ഒരേതരത്തിലുള്ള സാമൂഹിക-രാഷ്ട്രീയ ചരിത്രം പങ്കുവെച്ചു. ഇവർ തമ്മിൽ സഹകരണത്തോടെയാണ് മുന്നോട്ടുപോകുന്നതെങ്കിലും പ്രത്യക്ഷത്തിൽ തങ്ങളുടേതായ യൂണിയനൊന്നും അവർ രൂപീകരിച്ചിട്ടില്ല.

ലിത്വാനിയൻ പരമ്പരാഗത ഭക്ഷണമായ സെഫിലിനി
ലിത്വാനിയൻ പരമ്പരാഗത ഭക്ഷണമായ സെഫിലിനി

സോവിയറ്റ് ഇക്കോണമിയിൽ നിന്ന് പുറത്തുവന്ന ശേഷം ബാൾട്ടിക്കുകൾ റൂബിൾ നാണയം ഉപപേക്ഷിക്കുകയും പഴയ നാണയങ്ങളായ ലിത്വാനിയയുടെ ലിത്താസിലേക്കും, ലാത്വിയയുടെ ലാത്ത്‌സിലേക്കും എസ്റ്റോണിയയുടെ ക്രൂണിലേക്കും മടങ്ങുകയും ചെയ്തു. എല്ലാ മേഖലകളിലും കൂടുതൽ ശക്തിയോടെ അവരുടെ സ്വത്വം ഉദ്‌ഘോഷിക്കപ്പെട്ടു. എന്നാൽ യൂറോസോണിലേക്ക് കുടിയേറിയതോടെ നാണയവും യൂറോയായി. അതവർക്ക് അഭിമാനവുമായി. യൂറോപ്യൻമാർ എന്ന മറ്റൊരു ഏകശിലാത്മകമായ സ്വത്വത്തിന്റെ ഭാഗമാവാൻ അവർ ദേശീയമായി തയ്യാറെടുത്തു.

സോവിയറ്റ് കാലത്തെ ബാൾട്ടിക് ജീവിതം, സോഷ്യലിസ്റ്റ് സംഭാവനകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇകഴ്ത്തിമാത്രം ചിത്രീകരിക്കുന്ന നവ ഉദാരീകരണ ബാൾട്ടിക് നരേറ്റീവുകൾ എങ്ങും ലഭ്യമാണ്

നവ ഉദാരീകരണ കാലത്തെ സ്വത്വബോധത്തിന്റേയും ചരിത്രത്തിൽ നിന്ന് വളരെ സെലക്റ്റീവായി തെരഞ്ഞെടുത്ത ഓർമകളുടേയും അടിസ്ഥാനത്തിൽ ഭൂരിപക്ഷം ഒരു പുതിയ ദേശ-രാഷ്ട്രം നിർമിച്ചു. പടിഞ്ഞാറൻ പാശ്ചാത്യ രാഷ്ട്രീയത്തിന്റെ ചിന്താധാരയിൽ തെരഞ്ഞെടുക്കപ്പെട്ട ഭൂതകാല ഓർമകൾ സവിശേഷമായ രീതിൽ വർത്തമാനകാലത്ത് അവതരിപ്പിക്കപ്പെടുന്നു. ബെനഡിക്റ്റ് ആന്റേഴ്‌സൺ തന്റെ വിഖ്യാത കൃതിയായ "സാങ്കൽപ്പിക സമൂഹ' (Imagined Communities) ങ്ങളിൽ നിർവചിച്ച സങ്കൽപങ്ങളിൽ വിഭാവനം ചെയ്യപ്പെട്ട സമൂഹത്തിന്റെ യഥാർത്ഥ രാജ്യത്തിലേക്കുള്ള പരിവർത്തനം എന്നത് ബാൾട്ടിക് ദേശ-രാഷ്ട്ര രൂപീകരണത്തിൽ വ്യക്തമായി കാണാം. എന്നാൽ പൗലോസ് മാർ ഗ്രിഗോറിയോസ് പറഞ്ഞുവയ്ക്കുന്നതുപോലെ, ഓരോ സ്വത്വ കേന്ദ്രീകൃത ദേശീയതാ നിർമാണത്തിലും ഭൂരിപക്ഷ, ഭരണവർഗ താൽപര്യങ്ങൾ തന്നെയാണ് മേധാവിത്വം പുലർത്തുക.

ഇത്തരത്തിൽ സോവിയറ്റ് കാലത്തെ ബാൾട്ടിക് ജീവിതം, സോഷ്യലിസ്റ്റ് സംഭാവനകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇകഴ്ത്തിമാത്രം ചിത്രീകരിക്കുന്ന നവ ഉദാരീകരണ ബാൾട്ടിക് നരേറ്റീവുകൾ എങ്ങും ലഭ്യമാണ്. വിഷ്ണുവിന്റെ വാദങ്ങൾ അന്നാടിനോട് ഇഴുകിച്ചേർന്ന ഇഷ്ടത്താൽ ഔദ്യോഗിക ബാൾട്ടിക് ദേശീയതയെ പിന്തുണച്ചുവന്നു. എന്നാൽ ഞാൻ നിരന്തരം നിയോ ലിബറൽ നരേറ്റീവുകളെ പ്രശ്‌നവൽക്കരിക്കുകയും അവയുടെ മറുവശത്തേക്ക് ശ്രദ്ധക്ഷണിക്കുകയും ചെയ്തുകൊണ്ടിരുന്നു.

വെൽക്കം വീക്ക്

നീണ്ടയാത്രയിലും അതിൽപ്പാതി നീണ്ട ചർച്ചയിലും തളർന്ന ഞങ്ങൾ ഹോസ്റ്റലിന് താഴേക്കിറങ്ങി അടുത്തുള്ള ഒരു രസികൻ കൊച്ചുകടയിൽ നിന്ന് ടർക്കിഷ് ബീഫ്‌റോളുകൾ വാങ്ങിക്കഴിച്ച് അന്നേക്ക് വിടചൊല്ലി. നാളെ കെ.ടി.യുവിന്റെ ഇറാസ്മസ് വെൽക്കം വീക്ക് ആരംഭിക്കുകയാണ്.

കെ.ടി.യു. വെൽക്കം വീക്ക് രജിസ്ട്രേഷനിൽ മറ്റു വിദ്യാർഥികൾക്കൊപ്പം അമൽ
കെ.ടി.യു. വെൽക്കം വീക്ക് രജിസ്ട്രേഷനിൽ മറ്റു വിദ്യാർഥികൾക്കൊപ്പം അമൽ

ഇറാസ്മസ് സെമസ്റ്റർ എക്‌സ്‌ചേഞ്ചുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുവന്ന വിദ്യാർത്ഥികൾക്കും ആ സെമസ്റ്ററിൽ ജോയിൻ ചെയ്ത കെ.ടി.യുവിലെ പുതിയ വിദ്യാർത്ഥികൾക്കും യൂണിവേഴ്‌സിറ്റിയിലെ ഇറാസ്മസ് സ്റ്റുഡൻസ് നെറ്റുവർക്ക് (ESN) നേതൃത്വം നൽകുന്ന പകലുകളും രാത്രികളും നീളുന്ന വിശാലമായ ഒരാഴ്ചത്തെ പരിപാടികളാണ് വെൽക്കം വീക്കിലുള്ളത്. ഇ.എസ്.എൻ അവരുടെ വിദ്യാർത്ഥി യൂണിയൻ ആണന്ന് പറയാം. കലാപരിപാടികളും, കായിക മത്സരങ്ങളും, കളികളും, സിനിമാ പ്രദർശനവും, ഡിന്നർ പാർട്ടിയും, യാത്രകളുമൊക്കെയായി ആകർഷകമാണ് വെൽക്കം പാർട്ടി. അങ്ങനെ ഞങ്ങൾ വലിയൊരു പറ്റം വിദ്യാർത്ഥികൾ പരസ്പരം പരിചയപ്പെടുത്തുകയും, സ്വാദിഷ്ഠമായ ലിത്വാനിയൻ വിഭവങ്ങളടങ്ങിയ രസികൻ ഡിന്നർ പാർട്ടിയിൽ പങ്കെടുക്കുകയും, ഒറ്റ ക്യാമ്പസ് എന്ന സങ്കൽപ്പം വിട്ട് നഗരത്തിൽ അവിടെയുമിവിടെയും ചിതറിക്കിടക്കുന്ന ബിൽഡിങ്ങുകളായ യൂണിവേഴ്‌സിറ്റിയും ലൈബ്രറിയുമെല്ലാം നടന്നുകാണുകയും ചെയ്തു. ഒപ്പം ലിത്വാനിയൻ ഗ്രാന്റ് ഡ്യൂക്ക് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച "വിൽനസ് ട്രക്കായ്' എന്ന മനോഹരമായ കോട്ടയും അതിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മ്യൂസിയവും കാണാൻ പോയി.

ലിത്വാനിയൻ ഗ്രാന്റ് ഡ്യൂക്ക് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച 'വിൽനസ് ട്രക്കായ്' എന്ന കോട്ട
ലിത്വാനിയൻ ഗ്രാന്റ് ഡ്യൂക്ക് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച 'വിൽനസ് ട്രക്കായ്' എന്ന കോട്ട

തടാകത്തിനു നടുവിലെ ദ്വീപിലാണ് ഭീമാകാരൻ കോട്ട. എന്നാൽ അവിസ്മരണീയമെന്ന് പറയട്ടെ, ഞങ്ങൾ ചെല്ലുമ്പോൾ മഞ്ഞിന്റെ കാഠിന്യത്താൽ തടാകമാകെ ഉറഞ്ഞുപോയിരിക്കുന്നു. ചിലർ ഉളിയും ചുറ്റികയും വച്ച് മുകൾഭാഗത്തെ ഐസ് തുളച്ച് അവിടെ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്നു. നീളത്തിലൊരു മരപ്പാലം കോട്ടയിലേക്ക് കയറാനുണ്ടായിരുന്നെങ്കിലും ഞങ്ങൾ അതുപേക്ഷിച്ച് മൈതാനം പോലെ ഉറഞ്ഞ തടാകത്തിനു മുകളിലൂടെ നടക്കാൻ തുടങ്ങി. കോട്ടക്കകത്ത് ലിത്വാനിയൻ രാജവാഴ്ചക്കാലത്തിന്റെ ഗംഭീരൻ മ്യൂസിയവുമുണ്ടായിരുന്നു.

വിൽനെസ് ട്രക്കായ് കോട്ടയുടെ അകത്തെ ഒരു ഭാഗം
വിൽനെസ് ട്രക്കായ് കോട്ടയുടെ അകത്തെ ഒരു ഭാഗം

സ്‌പെയിൻ, ഫ്‌ളോറിഡ കൂട്ടുകാർ

അവിടെവച്ച് സ്‌പെയ്‌നിലെ കറ്റലൂണിയയിൽ നിന്നുള്ള സാറയേയും മിഗൂയിലിനേയും അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്നുള്ള മിച്ചലിനേയും ജെയിംസിനേയും കൂട്ടുകാരായി കിട്ടി. സാറയ്ക്കും മിഗൂയിലിനും സ്വന്തം നാടിനെക്കുറിച്ച് പങ്കുവയ്ക്കാനുള്ള പ്രധാന വിശേഷം, പിറന്ന നാടായ ബാഴ്‌സലോണ കേന്ദ്രമായ കറ്റലൂണിയയിലെ ജനതയുടെ അസ്തിത്വ പ്രശ്‌നങ്ങളാണ്. കറ്റലൂണിയൻ ജനതയുടെ സ്‌പെയ്‌നിനെതിരായ സ്വാതന്ത്ര മുന്നേറ്റങ്ങളെക്കുറിച്ച് സാറ വാചാലയായി.

കേരളത്തിലെയും ഡൽഹിയിലെയുമെല്ലാം ആവേശഭരിതമായ വിദ്യാർത്ഥി മുന്നേറ്റങ്ങളുടേയും സമരങ്ങളുടേയും സ്റ്റുഡന്റ്‌സ് യൂണിയനുകളുടേയും സംസ്‌കാരങ്ങളിൽനിന്ന് കാതങ്ങൾ വ്യത്യസ്തമാണ്‌ ഇവിടുത്തെ വിദ്യാർഥി യൂണിയൻ

ജനങ്ങളെ ക്രൂരമായി നേരിടുന്ന സ്പാനിഷ് പൊലീസിനു നേരെ അവൾ ശകാരവർഷം ചൊരിഞ്ഞു. കറ്റലൂണിയക്ക് വിമോചനം കൂടിയേ തീരൂ എന്നവൾ വാദിച്ചു. മിഗൂയിലാകട്ടെ മിതവാദ നിലപാടുകളോടെ സാറയുടെ വാദങ്ങൾക്ക് എതിർപക്ഷം പറയുകയായിരുന്നു. പൊലീസ് ക്രൂരതകൾക്ക് അവൻ തികച്ചും എതിരായിരുന്നെങ്കിലും ഒരുമിച്ചു നിൽക്കുന്ന സ്‌പെയ്‌നിനും ഒരുമയുള്ള യൂറോപ്പിനും വേണ്ടിയെല്ലാമായിരുന്നു അവന്റെ വാദമുഖങ്ങൾ. മറുഭാഗത്ത് മിച്ചലിനും ജെയിംസിനും ഡോണാൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളെക്കുറിച്ചും തൻമൂലം ലോകത്തിനു മുമ്പിൽ അമേരിക്കൻ ജനത നാണംകെടുന്നതിന്റെ നിരാശയും നിസ്സഹായതയുമായിരുന്നു പങ്കുവയ്ക്കാനുണ്ടായിരുന്നത്. കൂട്ടത്തിൽ ഇവരെല്ലാം ഇന്ത്യയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ താൽപര്യത്തോടെ എന്നോട് ചോദിച്ചുകൊണ്ടുമിരുന്നു.

വിദ്യാർഥി യൂണിയനുണ്ട്, പക്ഷെ...

തണുത്തുറഞ്ഞ നടത്തത്തിനും ഗംഭീരൻ അനുഭവങ്ങൾക്കും ശേഷം ഹീറ്റിങ്ങ് സിസ്റ്റത്തിന്റെ ചൂടുപിടിച്ച് ബസിലിരുന്ന് പോകുമ്പോൾ പ്രധാനമായും ആലോചിച്ചത് ഇവിടുത്തെ വിദ്യാർത്ഥി യൂണിയനായ ഇ.എസ്.എന്നിനെ കുറിച്ചാണ്. കേരളത്തിലെയും ഡൽഹിയിലെയുമെല്ലാം ആവേശഭരിതമായ വിദ്യാർത്ഥി മുന്നേറ്റങ്ങളുടേയും സമരങ്ങളുടേയും സ്റ്റുഡന്റ്‌സ് യൂണിയനുകളുടേയും സംസ്‌കാരങ്ങളിൽനിന്ന് കാതങ്ങൾ വ്യത്യസ്തമാണ്‌
ഇ.എസ്.എൻ. കുട്ടികളെ ഉല്ലസിപ്പിക്കാനുള്ള ഒരു ഓർഗനൈസേഷൻ മാത്രമാണവർ.

വിൽനസ് ട്രക്കായ് കോട്ടയുടെ മുന്നിൽ മഞ്ഞിൽ ഉറഞ്ഞുപോയ തടാകം
വിൽനസ് ട്രക്കായ് കോട്ടയുടെ മുന്നിൽ മഞ്ഞിൽ ഉറഞ്ഞുപോയ തടാകം

അവർ കലാ-കായിക പരിപാടികളും ഡിന്നർ പാർട്ടികളും സംഘടിപ്പിക്കുന്നു. കുട്ടികളെ നൈറ്റ് ക്ലബുകളിലേക്കും യാത്രകളിലേക്കും മ്യൂസിക്, ഡാൻസ് പാർട്ടികളിലേക്കുമെല്ലാം ആനയിക്കുന്നു. എന്നാൽ ഇവിടെ മൗലികമായൊരു പ്രശ്‌നമുണ്ട്. ഇതെല്ലാം കൈയ്യിൽ പണമുള്ളവർക്ക് മാത്രം പറ്റുന്ന ഏർപ്പാടുകളാണ്. വെൽക്കം വീക്കിന്റെ ഭാഗമായി ഇറാസ്മസ്‌ ഫണ്ടിലൂടെ കുട്ടികൾക്ക് സൗജന്യമായി അനുവദിക്കപ്പെട്ട പ്രോഗ്രാമുകളിലാണ് ഞങ്ങൾ പങ്കെടുത്തത്. തുടർന്ന് യൂണിയന്റെ ഭാഗത്തുനിന്ന് വന്ന കമനീയമായ യാത്രകളുടേയും പരിപാടികളുടേയും ഫീസ് കേട്ട് ഞെട്ടി പിന്നീട് ആ വഴിക്ക് പോകാൻ കഴിഞ്ഞിട്ടില്ല.

യൂണിയന് ഇലക്ഷനോ ശക്തമായ ശ്രേണീവ്യവസ്ഥയോ ഇല്ല. താൽപര്യമുള്ള ആർക്കും അംഗങ്ങളാകാം. യൂറോപ്യൻ യൂണിയനു കീഴിൽ വരുന്ന എല്ലാ സർവകലാശാലകൾക്കും ഇത്തരമൊരു യൂണിയൻ വേണമെന്ന് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള അവകാശ പ്രശ്‌നങ്ങൾ വരികയാണെങ്കിൽ ഈ യൂണിയൻ ഇടപെടുമെന്നോ പൊരുതുമെന്നോ സ്വപ്നം കാണുക പോലും വേണ്ട. ബാധ്യസ്ഥർ സ്വയം പരിഹാരം കണ്ടുകൊൾക.

സ്വന്തം ചരിത്രത്തിലുള്ള നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കോ കൂട്ടക്കൊലകളും അക്രമങ്ങളും നടന്ന സ്ഥലത്തേക്കോ കുട്ടികളെ കൊണ്ടുപോയി ബോധവൽക്കരണം നൽകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട

പിന്നെ സന്ദർഭമനുസരിച്ച് ഇതിനിടയിൽ തന്ത്രപരമായി അവതരിപ്പിക്കുന്ന ചില രാഷ്ട്രീയങ്ങളുമുണ്ട്. ഈയടുത്തായി സോഷ്യൽ മീഡിയയിൽ കണ്ട അത്തരമൊന്ന് വെൽക്കം വീക്കിന്റെ ഭാഗമായി കുട്ടികളെ സോവിയറ്റ് കാലത്തെ ഭീകരത അനുഭവവേദ്യമാക്കുന്ന ഒരു ആധുനിക ബങ്കറിലേക്ക് ക്ഷണിക്കുന്നു എന്ന ടൈറ്റിലിൽ കണ്ട പ്രോഗ്രാമാണ്. അതേസമയം, സ്വന്തം ചരിത്രത്തിലുള്ള നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കോ കൂട്ടക്കൊലകളും അക്രമങ്ങളും നടന്ന സ്ഥലത്തേക്കോ കുട്ടികളെ കൊണ്ടുപോയി ബോധവൽക്കരണം നൽകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. വിദ്യാർത്ഥികളെ സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ നിന്ന് സമർഥമായി അകറ്റുകയും കേവല ആകർഷണങ്ങളിലും ആഘോഷങ്ങളിലും തളച്ചിടുകയും ചെയ്യുന്നു. സാമൂഹിക-സാമ്പത്തിക ബന്ധങ്ങളുടെ സങ്കീർണതകളാൽ മറ്റുളളവർക്കൊപ്പം ഓടിയെത്താൻ കഴിയാത്ത വിദ്യാർത്ഥികളെ ഒറ്റപ്പെടലിലേക്ക് നയിക്കുക എന്നതാണ് ഇതിന്റെ പുറംപോക്കിൽ സംഭവിക്കുന്നത്. ഇന്നാടുകളിൽ ആത്മഹത്യാ നിരക്ക് വളരെക്കൂടുതലാണ്. അതിലേക്ക് ഒരു വലിയ സംഭാവന നൽകുന്നത് ഇത്തരം അരാഷ്ട്രീയ ഒറ്റപ്പെടലുകൾ കൂടിയാകാം.

ബാൾട്ടിക് നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും അക്കാദമിക സെമിനാറുകളും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുമായി ജെ.എൻ.യുവിൽ വന്നപ്പോൾ ചുവരിൽ കണ്ട ലെനിന്റേയും മറ്റും ചിത്രങ്ങളും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളുമെല്ലാം അവരെ അത്ഭുതപ്പെടുത്തുകയും അൽപം അകറ്റുകയും ചെയ്തു. എന്നാൽ തുടർന്നുനടന്ന അക്കാദമിക അവതരണങ്ങളിലും ചർച്ചകളിലും ഭാഗമായതോടെ വിദ്യാർത്ഥി മുന്നേറ്റങ്ങളെക്കുറിച്ചും അവകാശപ്പോരാട്ടങ്ങളെക്കുറിച്ചുമുള്ള വ്യത്യസ്തമായൊരു രേഖാചിത്രം അവർക്ക് ലഭിക്കുകയും അതിലെല്ലാം തെറ്റുപറയാനാകാത്ത വിധം അവരുടെ അഭിപ്രായം രൂപീകരിക്കപ്പെടുകയും ചെയ്തു. മുതലാളിത്തത്തിന്റേയും അമേരിക്കൻ ചേരിയുടേയും ഏകതാനമായ കീഴടക്കലുകൾക്ക് അനുയോജ്യമാംവിധമുള്ള ഘടനയും ഇടപെടലുകളും ഇന്നത്തെ ഭരണ സംവിധാനങ്ങളുടെ കാതലായി മാറുമ്പോൾ അത് സോവിയറ്റ് കാലത്തെ പ്രശ്‌നങ്ങളുടെ വ്യത്യസ്തമായൊരു പുനഃപ്രതിഷ്ഠ മാത്രമല്ലേ അവതരിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നതിൽ അസ്വാഭാവികതകളുണ്ടെന്ന് തോന്നുന്നില്ല.

വെൽക്കം വീക്ക് കഴിഞ്ഞ് യൂണിവേഴ്‌സിറ്റി ക്ലാസുകളാലും അക്കാദമിക് പ്രോഗ്രാമുകളാലും സജീവമായി. അത് ഇനിയും ഏറെ വ്യത്യസ്തമായ പരിചയപ്പെടലുകൾക്കും അനുഭവങ്ങൾക്കും ചർച്ചകൾക്കും പുതിയ അറിവുകൾക്കും സാക്ഷിയാകാനുള്ള തുടക്കമാവുകയായിരുന്നു.▮

(തുടരും)

Comments