ലക്ഷദ്വീപ് ഡയറി 3 കാറ്റിനും മഴയ്ക്കും ഇളംവെയിലിനുമിടയിൽ ഓടുന്ന സൈക്കിൾ ചക്രങ്ങൾ

ധ്യപൂർവ അറബിക്കടലിലെ ന്യൂനമർദ്ദപ്രദേശത്ത് രൂപം കൊണ്ട ഒരു ചുഴലിക്കാറ്റ് ക്ഷോഭിക്കുന്ന സുന്ദരിയെപ്പോലെ കറങ്ങി ഞാൻ വസിക്കുന്ന ദ്വീപിനു മുകളിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. ഏകദേശം രണ്ടായിരം മൈൽ ദൂരെ നീലസാഗരത്തിലൂടെ യാതൊരു തടസ്സവുമില്ലാതെ സഞ്ചരിച്ച ചുഴലിസുന്ദരിയുടെ ചെറുപുഞ്ചിരിപോലുള്ള കാറ്റിന്റെയലകൾ, ഈ കൊച്ചുദ്വീപിന് പുതപ്പെന്നപോലെ വരിവരിയായി നിൽക്കുന്ന തെങ്ങിൻകൂട്ടങ്ങളെ അല്പം ശക്തിയോടെ തന്നെ ആട്ടിയുലയ്ക്കുന്നുണ്ടായിരുന്നു.
"ഈ കിടക്കുന്ന ഒരുപിടി ഭൂമിക്ക് മുകളിൽ നിന്റെ ലീലാവിലാസങ്ങൾ പ്രദർശിപ്പിക്കുന്ന സുന്ദരിയേ, ഉള്ളയീ അൽപകാല ജീവിതത്തിൽതന്നെ നിന്റെ എല്ലാ പഞ്ചാരച്ചിരിയും കണ്ടുതന്നെ തീർക്കുന്നതാണ്' എന്ന് മൂക്കിൻതുമ്പത്ത് കുസൃതിച്ചിരിയുമായി കടലോരത്തെ സിമന്റ് പാകിയ പാതയിലൂടെ സൈക്കിളും ചവിട്ടിപോകുകയായിരുന്നു ഞാൻ. ഇതുതന്നെയല്ലേ ജീവിതം ഇതുതന്നെയല്ലേ സ്വാതന്ത്ര്യം എന്ന് കാറ്റിനും മഴയ്ക്കും ഇളംവെയിലിനുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന സൈക്കിളിന്റെ ചക്രങ്ങൾ.

കാലവർഷം കഴിഞ്ഞ് പുലരിയിൽ പുൽനാമ്പുകൾക്ക് മീതെ മെല്ലെ മഞ്ഞു പെയ്യാൻ തുടങ്ങി. "ഇനി നിനക്ക് ദ്വീപിലെ സഞ്ചാരം തുടരാം' എന്നു പറയുന്നപോലെ തിളങ്ങുന്ന മഞ്ഞുകണങ്ങൾ. കനത്ത മഴയേറ്റ് ജീർണിച്ച കടൽതീരത്തെ പച്ചപുല്ലുകൾക്ക് മീതെ പലവിധ വർണത്തിലുള്ള കാട്ടുപൂക്കൾ. ഓരോ പൂവിനും ഓരോ പേരുകൾ. ഓരോന്നിനും ഓരോരോ സൗന്ദര്യവും. ഈ സമയത്തുതന്നെ സരോവരത്തിൽ വെള്ളത്തിനു മീതെ കടൽചൊറികൾ (ജെല്ലി ഫിഷ്) പൊങ്ങിപ്പൊങ്ങി വരുന്നു. അന്യഗ്രഹത്തിൽനിന്ന് പറന്നു വന്ന ക്ഷുദ്രജീവികളെപ്പോലെ കാണപ്പെടുന്ന ഈ മീനുകൾ ശരീരത്തിൽ സ്പർശിച്ചാൽ പൊക്കിളയുണ്ടാവും. കടുത്ത ജ്വരവും ക്ഷീണവും അനുഭവപ്പെടും.തളർച്ച കഠിനമായാൽ മരണം വരെ സംഭവിക്കാം. "കടൽചൊറികൾക്ക് മനുഷ്യരെ കൊല്ലണമെന്ന യാതൊരു ഉദ്ദേശവുമില്ല. അവയുടെ സഞ്ചാരത്തിന് തടസ്സമാകുന്ന മനുഷ്യരുടെ ശരീരത്തിൽ തങ്ങളുടെ മുള്ളുകൊണ്ട് വെറുതെ ദംശിക്കും, അത്രമാത്രം. എന്നാൽ നമ്മൾ അവയെപ്പറ്റി ജാഗരൂകരായിരിക്കണം' എന്ന് എന്റെ കൂടെ നീന്താൻവരുന്ന സമുദ്രശാസ്ത്രജ്ഞൻ മുന്നറിയിപ്പ് നൽകിയിരുന്നു. കടൽതീരത്ത് വളരുന്ന കുള്ളൻ തെങ്ങുകളുടെ ഓലമടലുകളിൽ ഒരു പ്രത്യേക തരം പൂപ്പൽ വളരുന്നുണ്ട്. ഈ പൂപ്പലിനെ ചുരണ്ടി കടൽച്ചൊറികൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ വേദനയുടെ നീറ്റൽ കുറഞ്ഞുകിട്ടുമെന്ന് അദ്ദേഹം നാട്ടുവൈദ്യവും പറഞ്ഞുതന്നു.

ഉദ്യോഗത്തിൽനിന്ന് പിരിഞ്ഞ നല്ല ദൃഢഗാത്രനും സുന്ദരനുമായ ഇദ്ദേഹം കവി കൂടിയായിരുന്നു. എല്ലാ ദിവസവും നീന്താൻ ലഗൂണിലേക്ക് വരും. മണിക്കൂറോളം നീന്തും. എല്ലാറ്റിനെയും എല്ലാവരെയും നല്ല രീതിയിൽ വീക്ഷിച്ച്​ചുറുചുറുക്കോടെ ജീവിക്കുന്നു. മനസ്സുവെച്ചിരുന്നുവെങ്കിൽ ലോകംതന്നെ അറിയപ്പെടുന്ന സമുദ്ര ശാസ്ത്രജ്ഞനാകേണ്ടിയിരുന്നയാൾ. എന്നാൽ തന്റെ സുന്ദരമായ ദ്വീപും ഈ നീല ലഗൂണിൽ നീന്തുന്ന സുഖവും ഉപേക്ഷിക്കാൻ മനസ്സില്ലാത്തതിനാൽ ഇവിടെത്തന്നെ ശാന്തനായി ജീവിച്ചുവരുന്നു. "നിങ്ങൾ പുറത്തുനിന്ന് വന്ന ആളാണ്. ത്വരിതഗതിയിലുള്ള ജീവിതം കണ്ടവനാണ് നിങ്ങൾ. പക്ഷെ താങ്കൾക്ക് ഇവിടെ തോന്നുന്ന കാര്യങ്ങളെയെല്ലാം പറയാൻ പോകേണ്ട. എല്ലാം വെറുതെ കണ്ടുകൊണ്ട് അനുഭവിക്കുക. ഇവിടെ ഏതു കാലത്ത് ഏതു തെങ്ങിൽ നിന്നാണ് നിങ്ങളുടെ തലയിൽതേങ്ങ വീഴുകയെന്ന് പറയാൻ സാധിക്കുകയില്ല. കരുതിയിരിക്കുക.'

നീന്തിക്കൊണ്ടിരിക്കുമ്പോൾ ചെവിയിൽ പറഞ്ഞ് അയാൾ മുന്നോട്ട് നീങ്ങുന്നു. തിരിഞ്ഞു നോക്കിയാൽ വളരെ ദൂരത്ത് നീന്തി മറയുന്നു. പിന്നീട് നോക്കിയാൽ ഏതെങ്കിലും ചായക്കടയിലോ യാത്രാബോട്ടിലോ കാണുന്നു, ചില സമയത്ത് വിമാനത്താവളത്തിലും. കഴിഞ്ഞ പ്രാവശ്യം വിമാനത്താവളത്തിൽവെച്ച് കണ്ടപ്പോൾ ലക്‌നൗവിലേക്കാണെന്ന് പറഞ്ഞു. അവിടെ നടക്കുന്ന മുതിർന്ന പൗരൻമാരുടെ നീന്തൽ മത്സരത്തിൽ പങ്കെടുക്കുവാൻ പോവുകയാണ്. "നീന്തൽ മത്സരത്തിൽ ലഭിക്കുന്ന മെഡലുമായി വന്നു നിങ്ങളെ കാണാം'എന്ന് പുഞ്ചിരിച്ചു. അദ്ദേഹം അവിടെ നീന്തുന്ന വേളയിൽ ഇവിടെ വീശുന്ന നിർവ്വാത സുന്ദരിയുടെ ചുഴലിക്കാറ്റ്. ഈറൻതുള്ളികളിറ്റു വീഴുന്ന വെയിൽമഴയിൽ കടൽതീരത്തെ ചുറ്റുവഴികളിലൂടെ ചുറ്റിക്കറങ്ങണമെന്ന് കരുതി പുറപ്പെട്ടവന്റെ തലയ്ക്കുള്ളിൽ മുളപൊട്ടുന്ന നാടിനെക്കുറിച്ചുള്ള ഓർമകൾ. അർദ്ധചന്ദ്രനെപ്പോലെ അൽപവിരാമമിട്ട് നിർത്തിയിരിക്കുന്ന ചില ബന്ധങ്ങൾ. നാട്ടിൽനിന്ന് ഫോൺവിളിച്ചപ്പോൾ ഉമ്മ പലതരം ജിജ്ഞാസയുള്ള ചോദ്യങ്ങൾചോദിച്ചിരുന്നു. "നീ അവിടെ ദ്വീപിൽതന്നെയുള്ള പെണ്ണൊരുത്തിയെ കല്യാണം കഴിച്ചെന്നു കേട്ടല്ലോ, ശരിയാണോ?' എന്ന്​ബന്ധങ്ങളെ കുറിച്ചന്വേഷിക്കുന്ന അധികാരിയെപ്പോലെ ഉമ്മ ചോദിച്ചപ്പോൾ ഞാൻ ചൂടാവുകയും അതിന് എന്നെ ചീത്ത പറയുകയും ചെയ്തിരുന്നു. "നീ വസിക്കുന്ന ദ്വീപിലെ ഗർഭിണികൾക്ക് പ്രസവിക്കാൻ നേരത്ത് വേദനയുണ്ടാകാറില്ലത്രേ, ശരിയാണോ?' ഉമ്മ ചോദിച്ചു. എന്റെ ബാല്യകാലത്തെ മൊല്ലാക്കയെപ്പറ്റി അവർ കൊള്ളിവാക്ക് പറഞ്ഞതായിരുന്നു അത്.

എട്ട് മക്കളെ തുടർച്ചയായി പ്രസവിച്ച എന്റെ ഉമ്മയെ സംബന്ധിച്ച് ഈ പ്രസവവേദനയെന്നത് സ്ത്രീ വർഗത്തെ അലട്ടുന്ന വലിയ സമസ്യയായിരുന്നു. ഓരോ പ്രസവവും വലിയൊരു പർവ്വതം കയറിയിറങ്ങിയ നോവിന് സമം. ഒരു പർവ്വതം കയറിയിറങ്ങി സമാധാനപ്പെടുമ്പോഴേക്കും മുന്നിൽവീണ്ടും മറ്റൊരു പർവ്വതം. ഉമ്മയുടെ നാലു പ്രാവശ്യത്തെ പ്രസവ സമയത്തും പിഞ്ഞാണപ്പാത്രത്തിൽ ഖുർആനിലെ "അൽബഖറ' എന്ന സൂറത്തിലെ "ആയത്തുൽഖുർസി'യെന്ന സവിശേഷമായ ആയത്തുകൾ മഷിയിലെഴുതി ആ പാത്രത്തെ കഴുകിയ മഷിവെള്ളത്തെ കുടിപ്പിച്ച് പ്രസവവേദനയുടെ തീവ്രത കുറക്കാനായി ഞങ്ങളുടെ മൊല്ലാക്ക വീടിനു മുമ്പിൽ ഹാജരാകുമായിരുന്നു. ഉമ്മയുടെ പ്രസവം അടുക്കാറാകുമ്പോഴേക്കും തന്റെ സഞ്ചിയിൽ പിഞ്ഞാണപ്പാത്രവുമായി വീടിനു പരിസരത്ത് ചുറ്റിക്കറങ്ങുമായിരുന്ന അദ്ദേഹം "പേറ്റുനോവു വരാറായോ, വരാറായോ' എന്നു പുറത്തുനിന്നുതന്നെ ചോദിച്ച് അവർക്ക് വളരെയധികം തൊന്തരവ് കൊടുക്കുമായിരുന്നു. ഇത് സഹിക്കാൻ കഴിയാത്ത ഉമ്മ വേദന വന്നെന്നു പറഞ്ഞ് പിഞ്ഞാണപ്പാത്രം വാങ്ങി മഷിവെള്ളം കുടിച്ച് ഒരു കട്ടൻചായയുമുണ്ടാക്കി കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഉമ്മ ഇനിയും പ്രസവിച്ചിട്ടില്ലെന്നറിയുമ്പോൾ അദ്ദേഹം വീണ്ടും ഹാജരാകുമായിരുന്നു. അയാളുടെ ശല്യം സഹിക്കവയ്യാതെ നിന്നെ ഏഴാം മാസത്തിലാണ് പെറ്റെതെന്ന് ഉമ്മ പറഞ്ഞിരുന്നു.അതിനാലാണ് ചന്തിയിൽ ഉറുമ്പ് കടിച്ചവനെപ്പോലെ നിൽക്കേണ്ടയിടത്ത് നിൽക്കാതെ നീ ഓടിക്കളിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉമ്മ ഇടയ്ക്കിടെ ചീത്ത പറയുന്നത്. എന്താണന്നറിയില്ല അവർക്ക് ഈ മൊല്ലാക്കയോട് ദേഷ്യമാണ്. "തലയും വാലുമില്ലാത്ത ഇയാൾ എവിടെ നിന്നാണ് വന്നതെന്ന് മനസ്സിലാവുന്നില്ല. ഇയാൾ പഠിപ്പിക്കുന്ന അറബി വാചകങ്ങളുടെ അർത്ഥം ഇയാൾക്കു തന്നെ ശരിക്കും മനസ്സിലാവുന്നുണ്ടോയെന്നും എനിക്കും പിടികിട്ടുന്നില്ല' എന്ന് അവർ അകമേ പറയുമായിരുന്നു.

ഉമ്മയുടെ ഈ ന്യായമായ കോപത്തിന് ഒരു കാരണമുണ്ടായിരുന്നു. ശിഷ്യരായ ഞങ്ങളെ വീട്ടിനകത്തെ ശൗചാലയത്തിൽ മൂത്രിക്കുവാൻ മൊല്ലാക്ക സമ്മതിച്ചിരുന്നില്ല. രാത്രി പോലും മൂത്രിക്കാൻ തോന്നുകയാണെങ്കിൽ കുറച്ചപ്പുറത്തുള്ള തെങ്ങിൻ ചുവട്ടിൽ മൂത്രമൊഴിച്ചു വൃത്തിയാക്കി വരണമായിരുന്നു. "വെളുപ്പാൻ കാലത്തെ തണുപ്പിൽ വെള്ളമുപയോഗിച്ചുള്ള ശുദ്ധിവരുത്തൽ പ്രയാസമാണെങ്കിൽ അതിന്റെ ആവശ്യമില്ല. ഇഷ്ടികക്കഷ്ണം കൊണ്ട് ബാക്കികിടപ്പുള്ള മൂത്രക്കണത്തെ വലിച്ചെടുത്ത് വന്നാൽ മതി' എന്നു നിർദ്ദേശിച്ചിരുന്നു.

കുടകിൽ കടലില്ലാത്തത്തിനാലും എന്നാൽ തെങ്ങിന് ലവണാംശം ആവശ്യമുണ്ടായിരുന്നതിനാലും പിള്ളേരെല്ലാം അവിടെ മൂത്രമൊഴിക്കണമെന്ന താക്കീത് ലഭിച്ചിരുന്നതിനാലും ഞങ്ങളെല്ലാം തുടർച്ചയായി മൂത്രമൊഴിച്ചതിനാൽ ആ കല്പവൃക്ഷത്തിന്റെ ചുവട്ടിൽനിന്ന് വമിക്കുന്ന ഒരുതരം അസഹ്യഗന്ധവും അവിടെ കുന്നുകൂടിയ ഇഷ്ടിക കഷ്ണങ്ങളും കാരണം അതിലേക്കൂടി നടക്കുമ്പോൾ ഉമ്മയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു. അതിനാൽ തന്നെ മൊല്ലാക്കയുടെ കൂടെ ഞങ്ങളെയും ചേർത്ത് വഴക്കു പറയുമായിരുന്നു.

മഹാനുഭവൻ തന്റെ പൂർവികരുടെ നാടായ ലക്ഷദ്വീപിൽ തെങ്ങിൽ നിന്നെടുത്ത നീര കൊണ്ടുണ്ടാക്കുന്ന ശർക്കരയെക്കുറിച്ചും പറയുമായിരുന്നു. അതിനായി തെങ്ങ് കയറാനറിയാവുന്ന തമിഴനായ ഒരാളെക്കൊണ്ട് അതിന്റെ പൂങ്കുലയിലൊരു കുടം കെട്ടി വെപ്പിച്ചിരുന്നു. കുലയിലുണ്ടാക്കുന്ന മുറിവിൽനിന്ന് ഇറ്റിറ്റായി നീര ഊർന്നിറങ്ങി കുടം നിറഞ്ഞാൽ അതിനെ പാകം വരുത്തി മണിക്കൂറോളം തിളപ്പിച്ചാൽ ശർക്കരയാക്കാമെന്നും സ്വർഗപൂങ്കാവനമായ ജന്നാത്തുൽഫിർദൗസിൽ ലഭിക്കുന്ന ഹൗദിൽകൗസറിലെ വെള്ളത്തോളം അത് മധുരമുള്ളതാണെന്നും അദ്ദേഹം പാടിപ്പുകഴ്ത്തി. എന്നാൽ തെങ്ങ്​ കയറാനറിയാമായിരുന്ന തമിഴനായ ആ വ്യക്തിക്ക് പൂങ്കുല എങ്ങനെ വെട്ടണമെന്ന കാര്യത്തിൽ പിടിയില്ലായിരുന്നു. പക്ഷേ അക്കാര്യം വെളിപ്പെടുത്താൻ ഇഷമില്ലാത്തത്തിനാൽ എവിടെയൊക്കെയോ വെട്ടിപ്പരിക്കേൽപ്പിച്ചതു കാരണം നീര കുടത്തിലേക്ക് ഊർന്നിറങ്ങാതെ രാത്രി മുഴുവൻ തെങ്ങിൻ ചുവട്ടിലേക്ക് ഇറ്റിറ്റു വീണിരുന്നു. പിള്ളേരൊഴിച്ച മൂത്രവുമായി കലർന്ന് ഒന്നുകൂടെ രൂക്ഷമായ ഗന്ധത്തെ അത് അന്തരീക്ഷത്തിൽ പടർത്തി. ഇടവിടാത്ത പേറ്റുനോവനുഭവിച്ചും മൂത്രത്തിന്റെ ദുർഗന്ധം മണത്തും തളർന്നവശയായ ഉമ്മ അക്കാലത്ത് സദാസമയവും തലയിൽ ഒരു ഭാഗത്തുണ്ടാകുന്ന വേദനകൊണ്ട് ഞെരങ്ങുമായിരുന്നു.

എന്നാൽ മക്കൾ വളർന്നപ്പോൾ അവരുണ്ടാക്കിയിരുന്ന ശല്യങ്ങളിൽനിന്നും തലവേദനകളിൽനിന്നും മുക്തയായ ഉമ്മ ഇപ്പോൾ സ്വയവും അല്പം സ്വാഭാവികമായ കുസൃതിയുമായി ലക്ഷദ്വീപിൽ ഒറ്റയ്ക്ക് കഴിയുന്ന എന്നെക്കുറിച്ചുള്ള ചില സന്ദേഹങ്ങൾക്ക് വ്യക്തത വരുത്തുകയായിരുന്നു. "ഏഴാം മാസത്തിൽപെറ്റ നീ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് പറയാനാവുന്നില്ല. ഉള്ള കെട്ടിയോളെയും മക്കളെയും വിട്ട് അവിടെ മറ്റൊരു പെണ്ണൊരുത്തിയെ കൂടെ പൊറുപ്പിക്കുന്നില്ലല്ലോ, അല്ലേ' ഉമ്മ ചോദിച്ചു.

എനിക്ക് പിഞ്ഞാണപ്പാത്രത്തെക്കുറിച്ചാണെങ്കിൽ ഓരോരുത്തർക്കും ഓരോരോ ചിന്തയായിരിക്കുമെന്നോർത്ത് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. കടലിനു മുകളിലെ ഒരു ദിക്കിലെ ആകാശത്തുണ്ടായ ന്യൂനമർദ്ദത്തിന് അതേ കടലിനു നടുവിൽ ആയിരത്തോളം മൈൽദൂരെയുള്ള ഒരു ദ്വീപിൽ ഇത്രയെല്ലാം സൗന്ദര്യങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാൻ കഴിയുമെങ്കിൽ ആ നിർവ്വാതത്തിനെക്കാളും വലിയ വാതായനത്തെ തലച്ചോറിനകത്ത് സൂക്ഷിച്ച് അലഞ്ഞുകൊണ്ടിരിക്കുന്ന ഞാൻ ഇനിയും എവിടെയെല്ലാം കൊടുങ്കാറ്റുകളെയും ചുഴലിക്കാറ്റുകളെയും സൃഷ്ടിച്ചേക്കാമെന്നും ആലോചിച്ചു.

ഇവയൊന്നിനെക്കുറിച്ചുമുള്ള ബോധമില്ലാതെതന്നെ സൈക്കിളിന്റെ അനായാസമായി കറങ്ങുന്ന ചക്രങ്ങളെപ്പോലെ ചലിച്ചുകൊണ്ടിരിക്കണമെന്ന് പഠിപ്പിക്കുന്ന പവിഴദ്വീപിലെ ആയാസരഹിതമായ ജീവിതം. വൈകുന്നേരം മഴ നിന്നാൽ വേലിയിറങ്ങുന്ന സമയത്ത് നീരാളി പിടിത്തക്കാരുടെ കൂടെ പോകേണ്ടതുണ്ട്. നീരാളികളെക്കുറിച്ച് ഓർത്തുകൊണ്ട് വീണ്ടും പെഡൽ ചവിട്ടാൻ തുടങ്ങി.

ആടിനെയറുക്കുന്ന വയസ്സൻ പറഞ്ഞ ചേരമാൻ പെരുമാളിന്റെ കഥ

ഒരു കൊടുങ്കാറ്റ് പോയിമറഞ്ഞ് ഇനിയെല്ലാം തെളിഞ്ഞെന്നു കരുതുമ്പോഴേക്കും കടലിന്റെ ഏതോ ഒരു മൂലയിൽ മൂടിക്കെട്ടിയ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി അതിന്റെ കണ്ണിനു ചുറ്റും കാറ്റിന്റെയലകൾ തീർത്ത്​ പതിയെപ്പതിയെ കൊടുങ്കാറ്റായി ഉരുവം പ്രാപിച്ച് പകലിനെ ഇരുൾകൊണ്ട് പുതയ്ക്കു​കയും രാത്രിയെ ഗർജിക്കുന്ന കടലിന്റെ ശബ്ദമാക്കുകയും ചെയ്തപ്പോൾ ഇതെന്താണെന്നും ഞാനെന്തിനാണ് ഇവിടെയെന്നും എങ്ങനെയാണ് ഇവിടെ വന്നെത്തിയതെന്നുമറിയാതെ ഇരുൾമഴയിലൂടെ ഒരല്പം ദൂരം നടന്നു വരുന്നു. സഹസ്രാബ്ദങ്ങളായി കൊടുങ്കാറ്റിനോടും കടൽക്ഷോഭത്തോടും മല്ലിട്ട് കിടക്കുന്ന ഈ ദ്വീപുസമൂഹത്തിലേക്ക് ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ് കുടിയേറിയിരിക്കാൻ സാധ്യതയുള്ള ഇവിടുത്തെ മനുഷ്യർ ഇതെല്ലാം സാധാരണയെന്ന മട്ടിൽ ചിരിച്ച് മുന്നോട്ടുനീങ്ങുന്നു. ഇവരാരും കൂടുതൽ സംസാരിക്കാറില്ല, തമാശകൾ കൂടുതൽ പറയാറുമില്ല. അന്വേഷണങ്ങൾക്ക് ചുരുക്കത്തിലുള്ള മറുപടി പറഞ്ഞ് മുന്നോട്ടു പോകും. എങ്കിലും ഞാൻ വിടാതെ എന്റെ അസംഖ്യം ചോദ്യങ്ങൾകൊണ്ട് അവരെ പൊറുതിമുട്ടിക്കും. വൻകരയിലെ നമ്മളെപ്പോലുള്ള മനുഷ്യരോട് അവർക്ക് ഒരു തരത്തിലുള്ള നീരസമുള്ളതായി എനിക്ക് തോന്നുന്നു. നൂറ്റാണ്ടുകളായി ഇവിടുത്തെ മനുഷ്യരെ പല കാരണങ്ങൾക്കുവേണ്ടി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധിയായി അവരെന്നെ കാണുന്നുണ്ടായിരിക്കാമെന്ന് ചിന്തിച്ചപ്പോൾ അവയെയെല്ലാം വിശദമാക്കുകയെന്നാൽ ദുഷ്‌കരമായ ഏകതാനതയിലുള്ള സംഗതിയാണെന്ന് കരുതി ഞാൻ മിണ്ടാതിരിക്കുന്നു.

ചണ്ഡമാരുതന്റെ ചിറകുപോലെ വീശിയടിക്കുന്ന കാറ്റിന്റെ സമ്മോഹനത്തിൽപ്പെട്ട് ആടിയുലയുന്ന തെങ്ങിൻതലപ്പുകൾ. കേവലം ഇരുനൂറു മീറ്റർ അകലത്തിൽ ക്ഷോഭിച്ചുകൊണ്ടിരിക്കുന്ന അറബിക്കടലിന്റെ ശബ്ദം. പാതിരാത്രിയിലെ ചെറുതായി പെയ്യുന്ന ചാറ്റൽമഴയത്ത് സൈക്കിളും ചവിട്ടി കടൽതീരത്തു ചെന്ന് ഇരിക്കുകയാണ്. ഓരോ നിമിഷവും മിന്നിമറയുന്ന ദീപസ്തംഭത്തിൽനിന്നുള്ള വെളിച്ചമേറ്റ് ആ ഇരുട്ടിൽപളപളാ തിളങ്ങുന്ന തിരമാലകൾ. അടുത്ത് എവിടെനിന്നോ കേൾക്കുന്ന അടക്കിപ്പറച്ചിൽ. മിക്കവാറും ആൺപെൺ ജോഡികളുടെ സ്‌നേഹസല്ലാപങ്ങളായിരിക്കും. എന്റെ ശബ്ദംകേട്ട് ഭയന്ന് അവരവിടെനിന്ന് എഴുന്നേറ്റ് പോകാൻ തുനിയുകയാണ്. മിന്നാരത്തിൽനിന്നുള്ള വെളിച്ചം അവർ രണ്ടുപേരുടെയും ദേഹത്ത് നിമിഷത്തിലൊരിക്കൽ പതിയുന്നുണ്ട്. ഒരല്പം ദൂരെ നടന്ന് അവരിരുവരും വേർപിരിയുന്നു. അവന്റെ കഴുത്ത് വലിച്ചടുപ്പിച്ച് അവളവന്റെ ചുണ്ടുകളിൽ ചുംബിക്കുന്നുണ്ട്. അവനാണെങ്കിൽ കല്ലുപോലെ നിൽക്കുന്നു.മിക്കവാറും അവൾ അവിടെനിന്ന് മുന്നോട്ടു ഒറ്റയ്ക്കുതന്നെ നടക്കുകയാണ്. യാതൊരു കൊടുങ്കാറ്റിനെയും കടൽക്ഷോഭത്തെയും ഗൗനിക്കാത്ത മനുഷ്യവാസനയുടെ ഒരു പിടി പ്രേമകാമനകളെന്ന് കരുതി ചെറുതായി നെടുവീർപ്പിട്ട് ഞാനും എഴുന്നേറ്റ് നിന്നു. ദൂരെനിന്ന് കടലിനുമേലെ വിതാനം തീർത്ത് വന്നെത്തിക്കൊണ്ടിരിക്കുന്ന പെരുമഴയുടെ ചുവടുവെപ്പുകൾ ഇരുട്ടത്ത് മണലിൽ ടപടപായെന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. സൈക്കിളിൽകയറി ഏതോ ഒരു നാടൻപാട്ടും മൂളി ഞാൻ പെഡൽചവിട്ടാൻ തുടങ്ങി. ഇരുട്ടിലെ മഴയിൽ വിളക്കുകളില്ലാത്ത വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന എന്നെ കാണുന്നവർക്കൊക്കെയും ഞാനൊരു പ്രേതമായി തോന്നുന്നുണ്ടാകാമെന്നു കരുതി ചിരി വരികയാണ്. ആരും തിരിച്ചറിയാത്ത വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കണമെന്ന എന്റെ വളരെ പഴയ ഒരാഗ്രഹം ഇവിടെ ഈ അപരിചതമായ ദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതോർത്ത് ഉള്ളിന്റെയുള്ളിൽ കുളിരണിയുകയാണ്.

"സുമാർ ആയിരത്തിമുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഈ ദ്വീപുകൾ ഞങ്ങൾക്കും അപരിചിതമായിരുന്നു ’എന്ന് ഈ ദ്വീപിലെ വൃദ്ധനായ ഒരു പാട്ടുകാരൻ കഥ പറഞ്ഞു. എങ്കിലും അടിസ്ഥാനപരമായി അയാളൊരു പാട്ടുകാരനല്ല. ഇവിടെയടുത്ത് മൂന്നു തെരുവുകളും സന്ധിക്കുന്നയിടത്ത് ഒരു തെങ്ങിനടിയിൽ ചിലപ്പോഴൊക്കെ മൂപ്പെത്തിയ ഒരു ആടിനെയറുത്ത് മുറിച്ച് ഇറച്ചിയാക്കി അയാൾ വിൽക്കുന്നുണ്ട്. എന്നാൽ തൊഴിൽപരമായി അദ്ദേഹം അറവുകാരനുമല്ല. വാടകമുറികളുള്ള ഒരു കെട്ടിടത്തിന്റെ ഉടമസ്ഥനാണയാൾ. കുറച്ചു തെങ്ങുകളും സ്വന്തമായുണ്ട്. കൂടാതെ പണ്ടുകാലത്ത് ദ്വീപുകളിൽനിന്ന് ദ്വീപുകളിലേക്ക് പായക്കപ്പലിൽ മണിച്ചരക്കുമായി സഞ്ചരിച്ച് കച്ചവടം ചെയ്തു ജീവിക്കുമായിരുന്നു. അതിനാൽ അദ്ദേഹം ഒരു വ്യാപാരി കൂടിയാണ്. അർദ്ധനഗ്‌നമായ ശരീരം. ഒരു കഷ്ണം മുണ്ട്. മുഖത്ത് വിരൽനീളത്തിൽ വെള്ളത്താടി. അരയിൽവെള്ള അരപ്പട്ടയും മുണ്ടിൽകൊരുത്ത താക്കോൽക്കൂട്ടങ്ങളും. ഇയാളുടെ കൈവിരലുകൾ എല്ലായ്‌പ്പോഴും എന്തൊക്കെയോ എണ്ണിക്കൊണ്ടിരിക്കുന്നതുപോലെ വിറച്ചുകൊണ്ടിരിക്കുകയും തലയാണെങ്കിൽ എന്തൊക്കെയോ കണക്കു കൂട്ടുന്നതുപോലെ ആടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. "എന്നെ കണ്ടാൽ ഞാനൊരു പിശുക്കനായ കിഴവനെന്നാണ് ഇവിടെയുള്ളവരെല്ലാം കരുതുന്നത്, പക്ഷേ സത്യമായിട്ടും ഞാൻ എന്താണെന്ന കാര്യം ഈ ദ്വീപിൽ ആർക്കുമറിയില്ല' എന്ന് അയാൾ ചിരിക്കുന്നു.

അദ്ദേഹം അടുത്തു തന്നെയുള്ള മറ്റൊരു ദ്വീപുകാരനാണ്. കഴിഞ്ഞ മുപ്പതു വർഷങ്ങളായി പുതിയ ഭാര്യയോടൊപ്പം ഇവിടെ ജീവിക്കുകയാണ്. "ആ ദ്വീപിലെ എന്റെ ആദ്യഭാര്യ തന്റെ ജീവനെക്കാളും എന്നെ സ്‌നേഹിച്ചിരുന്നു. പതിനെട്ട് വർഷത്തോളം അവളെനിക്ക് വേണ്ടി കാത്തിരുന്നു. അതുകഴിഞ്ഞ് ഞാൻ തന്നെ അവളുടെ അടുത്ത് ചെന്ന് എനിക്കായി കാത്തിരിക്കേണ്ടതില്ലെന്നും മറ്റൊരു വിവാഹം ചെയ്ത് ജീവിക്കണമെന്നും പറഞ്ഞ് മുന്നിൽ നിന്നുകൊണ്ട് കല്യാണം നടത്തി തിരിച്ചുപോന്നു. അവളുടെ കൂടെ എന്റെ മകനുണ്ട്. പുതിയ ബന്ധത്തിലും അവൾക്ക് മക്കളുണ്ടായിട്ടുണ്ട്. എല്ലാവരും എപ്പോഴെങ്കിലും ഒരിക്കൽ വന്നു കണ്ട് മടങ്ങുന്നു. അവളെന്നെ ജീവനെക്കാളും സ്‌നേഹിക്കുന്നുണ്ടെങ്കിൽ ഇവളെന്നെ പ്രാണനെക്കാളും കൂടുതലായി സംരക്ഷിക്കുന്നു' എന്ന് തന്റെ രണ്ടാമത്തെ ഭാര്യയെ അയാൾ ചൂണ്ടിക്കാണിക്കുന്നു. രണ്ടാമത്തെ കെട്ടിയോൾക്കും വയസ്സായിട്ടുണ്ട്. ഒന്നും മനസിലാകാത്തതുപോലെ എന്നാൽ എന്തോ ഒന്ന് മനസിലായതുപോലെ തലയിലെ തട്ടംകൊണ്ട് മുഖം മറച്ച് നാണിക്കുന്നു. ഈ വയസ്സിലും നാണിക്കുന്ന രണ്ടാമത്തെ കെട്ടിയോളോട് "ഹേയ്, സാറിനൊരു കട്ടൻചായ ഉണ്ടാക്കിക്കൊട്...' എന്ന് അയാൾ കൽപിച്ചു.

"ജീവനെക്കാളും കൂടുതൽ സ്‌നേഹിച്ച ഭാര്യയെ ഒഴിവാക്കി പ്രാണനെക്കാളും ഏറെ പരിപാലിക്കുന്ന ഇവരെ എന്തിനാണ് കല്യാണം കഴിച്ചത്' എന്ന് യാതൊരു സങ്കോചവുമില്ലാതെ ഞാൻ ചോദിച്ചു. "അക്കഥ പിന്നീട്. ആദ്യം ഞങ്ങൾ ഈ ലക്ഷദ്വീപിലേക്ക് കുടിയേറിയതിനെക്കുറിച്ചുള്ള കഥ പറയാം. കേൾക്ക്' എന്ന് അയാൾ തുടരുന്നു.

"ഏകദേശം ആയിരത്തിമുന്നൂറു വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ കൊടുങ്ങല്ലൂരിൽ ചേരമാൻ പെരുമാളെന്നു പേരുള്ള രാജാവുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ പ്രജകളായിരുന്നു. വളരെ നല്ല രാജാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പത്‌നിയായ മഹാറാണി വളരെ സുന്ദരിയായിരുന്നു. അദ്ദേഹം വെറുമൊരു രാജാവായിരുന്നില്ല. രാജാധിരാജൻ. അദ്ദേഹത്തിന്റെ ഇംഗിതമില്ലാതെ മറ്റേതൊരു രാജാവിന്റെ ഉത്തരവും പ്രാബല്യത്തിൽ വരില്ലായിരുന്നു. മഹാറാണിയും അങ്ങനെത്തന്നെ. രാജാവ് അവരുടെ മുഖത്തേക്കല്ലാതെ മാറ്റേതൊരു പെണ്ണിന്റെ നേർക്കും നോക്കില്ലായിരുന്നു. അത്രയും മനോഹരിയായിരുന്നു മഹാറാണി. എന്നാൽ ചന്തമുള്ള പല്ലുകൾക്കിടയിൽകേടായ ഒരു പല്ലുമുണ്ടായിരിക്കും എന്നു പറയുന്നതുപോലെ അവരിലും ഒരു കോട്ടമുണ്ടായിരുന്നു.' എന്ന് അയാൾ ഒരു രഹസ്യച്ചിരി ചിരിച്ചു. അതുപോലുള്ള ദോഷങ്ങളെക്കുറിച്ച് മഹാജ്ഞാനമുളളവനെപ്പോലെ ഞാനും ഒന്നു ചിരിച്ചു. അയാളും അർത്ഥഗർഭമായി എന്റെ കൈപിടിച്ച് ഇറുക്കി. അപ്പോഴും നടുങ്ങുന്നുണ്ടായിരുന്ന അയാളുടെ വിരലുകൾ.

ആ ചേരമാൻ പെരുമാളിന്റെ സൗന്ദര്യവതിയായ മഹാറാണിക്ക് മഹാരാജാവിന്റെ ഒരു മന്ത്രിയോട് തടുത്തുനിറുത്താൻ കഴിയാത്ത പ്രണയം. മന്ത്രിക്കാണെങ്കിൽ രാജാവിനെ കണ്ടാൽ തന്നെ വിറയ്ക്കുംവിധം ഭയം. മഹാറാണി ശല്യം ചെയ്യുകയും അപേക്ഷിക്കുകയും കണ്ണീരൊലിപ്പിക്കുകയും ചെയ്‌തെങ്കിലും മന്ത്രിക്ക് അലിവ് തോന്നിയില്ല. ഒടുവിൽ ഹതാശയായ മഹാറാണി മന്ത്രിക്കെതിരായി രാജാവിനോട് പരാതി പറഞ്ഞു. "താങ്കൾ നായാട്ടിന് പോയ സമയത്ത് മന്ത്രി എന്റെ ചാരിത്ര്യം നശിപ്പിക്കാൻ ശ്രമിച്ചു' എന്ന് രാജാവിനോട് അവർ ആവലാതിപ്പെട്ടു. കോപത്താൽ വിറപൂണ്ട രാജാവ് മൂന്നു തെരുവുകൾ സന്ധിക്കുന്ന സ്ഥലത്തുവെച്ച് മന്ത്രിയുടെ തല കൊയ്യാൻ ആജ്ഞാപിച്ചു.

ഏതാനും നിമിഷങ്ങൾക്കകം മന്ത്രിയുടെ തല ഛേദിക്കപ്പെടാനിരിക്കെ പശ്ചിമദിക്കിലെ ആകാശത്ത് ഒരു നക്ഷത്രം പൊട്ടിച്ചിതറി ഒരു കഷ്ണം താഴേക്ക് വന്നു. അതിൽനിന്ന് നൂലുകൊണ്ടുള്ള ഒരു ഏണി താഴെയിറങ്ങി വന്ന് മന്ത്രിയെ മേലേക്കുയർത്തിക്കൊണ്ടു പോവുകയും നക്ഷത്രങ്ങൾക്ക് നടുവിലിരുത്തി അപ്രത്യക്ഷമാവുകയും ചെയ്തു. എവിടെനിന്നോ രാജനെ വിരക്തി പിടികൂടി. ആ സമയത്തുതന്നെ അറബിനാട്ടിൽനിന്നു വന്ന ഒരു പായക്കപ്പൽ കോഴിക്കോട് തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. തന്റെ ഭടൻമാരെ വിളിച്ച് ആറടി നീളവും മൂന്നടി വീതിയുമുള്ള ഒരു പെട്ടിയുണ്ടാക്കി ആ കപ്പലിൽ രഹസ്യമായി ഒളിപ്പിച്ചു വെക്കാൻ ചേരമാൻ പെരുമാൾ കല്പിച്ചു. ഇരുൾമൂടിയ നേരത്ത് അദ്ദേഹം ആ കപ്പലിൽ നുഴഞ്ഞുകയറി പെട്ടിക്കുള്ളിലൊളിച്ചു. പായയും നിവർത്തി കോഴിക്കോടുനിന്നു അറബ് ദേശത്തേക്ക് പുറപ്പെട്ട കപ്പൽ അവിടെ ചെന്നെത്തുകയും ചേരമാൻ പെരുമാൾ വിശുദ്ധ മക്കയിലണയുകയും ചെയ്തു. ആ സമയത്ത് പുണ്യപുരുഷനായ മുഹമ്മദ് നബി ഭരണം നടത്തുകയായിരുന്നു. നബിയുടെ പാദങ്ങളിൽ വീണ ചേരമാൻ പെരുമാൾ മഹാറാണി പ്രവർത്തിച്ച വഞ്ചനയുടെ കഥ പറയുകയും ആകാശത്തൊരു നക്ഷത്രം പൊട്ടിത്തെറിച്ച് അതിലൊരു കഷ്ണം താഴെയിറങ്ങി വന്നതിനെക്കുറിച്ച് വിവരിക്കുകയും തനിക്ക് മോക്ഷം നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ഇവിടെ കൊടുങ്ങല്ലൂരിൽ രാജാവില്ലാതെ കുഴപ്പത്തിലായ പ്രജകളെല്ലാം അദ്ദേഹത്തെയും തിരഞ്ഞുകൊണ്ട് കരമാർഗവും ജലമാർഗവും നാനാദിക്കിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. "അങ്ങനെ അറബിക്കടലിലൂടെ സഞ്ചരിച്ച് പടിഞ്ഞാറൻ ദിക്കിലേക്ക് പായക്കപ്പലിൽ കയറി പുറപ്പെട്ട് വഴിയിൽകൊടുങ്കാറ്റിൽപ്പെട്ട് ഭക്ഷണമില്ലാതെ വലഞ്ഞ് ഒടുവിൽ ജലസരോവരത്തിന് നടുവിലുള്ള താങ്കളിപ്പോൾ ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന ദ്വീപുസമൂഹത്തിൽആയിരത്തിമുന്നൂറു വർഷങ്ങൾക്ക് മുമ്പ് എത്തിപ്പെട്ടവരാണ് ഞങ്ങൾ' എന്ന് അയാൾ കഥ തുടർന്നു.

അപ്പോഴേക്കും അയാളുടെ രണ്ടാമത്തെ കെട്ടിയോൾ ഭൂരിഭാഗം മുഖവും തട്ടംകൊണ്ട് മറച്ച് ചായയും പലതരത്തിലുള്ള പലഹാരങ്ങളും കൈയ്യിലേന്തി വന്ന് ടേബിളിന് മുകളിൽവെച്ച് തിരിച്ചു നടന്ന് വീടിനകത്ത് മറഞ്ഞു. അവർവന്നു പോയതിനുശേഷം അവിടെ ഒരുതരത്തിലുള്ള പരിമളം പരന്നു. അയാളൊരുതവണ മിഴിയടച്ച് തുറന്ന് "എന്നെ പ്രാണനെക്കാളും നോക്കുന്നുണ്ടിവൾ' എന്നു പറഞ്ഞ് വീണ്ടുമൊരു പ്രാവശ്യം കണ്ണടച്ചു. എല്ലാവരും ഇയാളെ ആടിനെയറുത്ത് കാശുണ്ടാക്കുന്ന കിഴവനെന്ന് വിളിക്കുമ്പോൾ ഇയാൾ രണ്ടാമത്തെ കെട്ടിയോളുടെ സുഗന്ധത്തിൽ മുഴുകി കണ്ണുമടച്ച് കവിയെപ്പോലെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. തന്റെ ആദ്യഭാര്യയെ അയാൾത്യജിക്കാൻ ബലമായ എന്തോ കാരണമുണ്ടെന്ന് ഞാൻ ആലോചിക്കുന്നതിനു മുമ്പുതന്നെ ചേരമാൻ പെരുമാളിന്റെ കഥ പറഞ്ഞ് അയാൾ എന്റെ വായയടപ്പിച്ചു.

ഞാൻ ഇദ്ദേഹത്തിന്റെയടുക്കലേക്ക് വരാനുള്ള കാരണം മറ്റൊന്നാണ്. മണിച്ചരക്കുകളുമായി പായക്കപ്പലിലൂടെ സഞ്ചരിച്ച് കച്ചവടം ചെയ്തിരുന്ന ഇയാൾ ഏകദേശം അറുപത് വർഷങ്ങൾക്ക് മുമ്പ് മംഗലാപുരത്തെ പഴയ തുറമുഖത്തേക്കും വന്നിരുന്നുവത്രെ. അങ്ങനെ വന്ന ഇയാളുടെ പായക്കപ്പൽ ഇതുപോലെയൊരു കൊടുങ്കാറ്റിൽപ്പെട്ട് ഗതി മാറി ദിക്കും ദിശയും തെറ്റി മാസങ്ങളോളം അലഞ്ഞുതിരിഞ്ഞതിനൊടുവിൽ ബേപ്പൂർ തുറമുഖത്ത് വന്നണഞ്ഞത്രെ. വിശപ്പ് സഹിക്കാൻ കഴിയാത്ത സഹവ്യാപാരികൾ കരയടുക്കുന്നതിനു മുമ്പേ കപ്പലുമുപേക്ഷിച്ച് പലകകളുമായി വെള്ളത്തിൽ ചാടുകയും കര ലക്ഷ്യമാക്കി നീന്തി മറഞ്ഞു പോവുകയും ചെയ്തു. അങ്ങനെ അപ്രത്യക്ഷരായവരിൽ ഞാൻ തേടിവന്നിരിക്കുന്ന പിഞ്ഞാണപ്പാത്രത്തിന്റെ ഉടമയായ മൊല്ലാക്കയും ഉണ്ടായിരുന്നിരിക്കാമെന്നത് എന്റെ ഊഹമായിരുന്നു. ആ അറുപത് വർഷം മുമ്പ് നടന്ന സംഭവത്തെയും മൊല്ലാക്കയുടെ ജീവിതകഥയെയും ചേർത്തുവെച്ചു നോക്കുമ്പോൾ എവിടെയോ അവ തമ്മിലൊരു പൊരുത്തമുള്ളത് കണ്ട് ഞാൻ ഇയാളുടെ പിറകെ നടക്കുന്നു. അതേക്കുറിച്ച് യാതൊരു സൂചനയുമറിയാത്ത ഇദ്ദേഹം തന്റെ ജീവിതകഥയും ചേരമാൻ പെരുമാളിന്റെ വൃത്താന്തവും പറഞ്ഞു തന്നു.

അഷ്ടമി രാത്രിയിലെ ചന്ദ്രനും കടലൊച്ചുകളുടെ പ്രേമകഥകളും

പടിഞ്ഞാറൻ കടലിൽ പാതിരാത്രിയും കഴിഞ്ഞ് അഷ്ടമിയിലെ ചന്ദ്രൻ അസ്തമിക്കുന്നത് കാണാൻ വന്നിരിക്കുകയാണ്. ആരുമില്ലാത്ത കടൽ. വെളളമണലിൽ കൂമ്പാരം കൂട്ടിയും കുഴികളുണ്ടാക്കി അതിനകത്തേക്ക് പോയും വന്നുംകൊണ്ട് റൗഡിപ്പിള്ളേരെപ്പോലെ അലഞ്ഞു തിരിയുന്ന ഞണ്ടുകൾ എന്റെ കാലൊച്ച കേട്ട് ലാത്തിയടി പേടിച്ചോടുന്നവരെപ്പോലെ ദിശതെറ്റി ഓടുന്നുണ്ടായിരുന്നു. ഒരുപക്ഷേ മനുഷ്യപാദങ്ങൾ കടൽതീരത്ത് ചുവടുവെക്കാത്ത നേരത്തായിരിക്കാം അവ വന്നത്. മനുഷ്യവ്യവഹാരങ്ങളെല്ലാം കഴിഞ്ഞ് കടൽശാന്തമായതിനുശേഷം ആരംഭിക്കുന്ന ജലജീവികളുടെ വ്യവഹാരങ്ങൾ. വെള്ളത്തിലും കരയിലും ജീവിക്കുന്ന ഈ ജീവികൾ തീരത്തുനിന്നും മനുഷ്യർ പിൻവാങ്ങുമ്പോൾ പ്രത്യക്ഷപ്പെടുന്നു. ചിലവ വേഴ്ചയ്ക്കായി, മറ്റു ചിലത് സന്താനോത്പാദനത്തിനായി, വേറെ കുറെയെണ്ണം മറ്റു ജീവികളുടെ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടു വന്ന് കുറച്ചുനേരം സമാധാനമായി കഴിയാനായി. മറ്റൊരു ജോലിയുമില്ലാത്തതുകൊണ്ട് എട്ടാം രാത്രിയിലെ ചന്ദ്രൻ പടിഞ്ഞാറൻ അതിരിൽ അദൃശ്യമാകുന്നത് കാണാനായാണ് ഞാനിവിടെ വന്നിരിക്കുന്നത്.

കടൽകന്യയുടെ അർദ്ധനഗ്‌നമായ സ്തനംപോലെ കാണപ്പെട്ടിരുന്ന ഇളംചുവപ്പുനിറത്തിലുള്ള ചന്ദ്രൻ കരാള ഹസ്തവും നീട്ടിക്കൊണ്ടു കിടക്കുന്ന തിരശ്ശീലയിട്ട ഒരു മേഘത്തിന്റെ വിടവുകൾക്കിടയിലൂടെ തെളിഞ്ഞും മറഞ്ഞും കബളിപ്പിക്കുന്നുണ്ടായിരുന്നു. എന്നാലും നാണിച്ചുകൊണ്ട് വെളിപ്പെട്ടിരുന്ന അതിന്റെ മോഹിപ്പിക്കുന്ന നിറം കണ്ട് വശംവദനായ ബാലനെപ്പോലെ ഞാൻ തീരത്തൂടെ നടക്കുകയായിരുന്നു. കാലുകൾക്കിടയിലൂടെ ഓടിക്കൊണ്ടിരുന്ന കടൽ ഞണ്ടുകളുടെ സംഘം. ആകാശത്ത് അനന്തമായി വ്യാപിച്ചുകിടക്കുന്ന നക്ഷത്രങ്ങൾ. ദൂരെയെവിടെയോ നിർത്തിയിട്ടിരിക്കുന്ന മീൻതോണിയിൽനിന്ന് മിന്നിത്തിളങ്ങുന്ന നീലവർണ്ണത്തിലുള്ള വിളക്ക്.

കാൽച്ചുവട്ടിൽ മണലിലൂടെ ഒരു കടലൊച്ച് (ശംഖ്) വേച്ചുവേച്ചു നടന്നു പോകുന്നുണ്ടായിരുന്നു. അമ്പലങ്ങളിലും പൂജാമുറികളിലും പൂജാരികളുടെയും സാധു സന്യാസിമാരുടെയും കൈകളിൽ ഓംകാരനാദം പുറപ്പെടുവിക്കുന്ന ശംഖുകളെ കണ്ടിട്ടുള്ള എനിക്ക് ജീവനുള്ള ഒരു ശംഖ് മണലിലൂടെ തന്റെ കാലുകളും വലിച്ച് വേച്ചുവേച്ചു നടന്ന് രാത്രിയുടെ ഈ അന്ത്യയാമത്തിൽ എങ്ങോട്ടോ പുറപ്പെട്ടിരിക്കുന്നതു കണ്ട് തമാശ തോന്നി. പോകുന്ന മദ്ധ്യേ ഞണ്ടുകളുണ്ടാക്കിയ കുഴികളിൽ അത് വീഴുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറി തന്റെ ലക്ഷ്യസ്ഥാനത്തേക്ക് അത് വീണ്ടും ചലിക്കുന്നുണ്ടായിരുന്നു. അതിന്റെ ശംഖുകവചത്തിനകത്തുനിന്ന് ഇടയ്ക്കിടെ പുറത്തേക്ക് നീട്ടുന്ന സൂക്ഷ്മ സംവേദികളായ മീശകൾ. കറുത്ത പൊട്ടുപോലെ തീരെ ചെറിയ കണ്ണുകൾ. കവചത്തിനുള്ളിൽനിന്ന് പുറത്തേക്കുനീണ്ട ചലിച്ചുകൊണ്ടേയിരിക്കുന്ന കാലുകൾ. എന്നിലൊരു സംശയമുണർന്നു. ഇത് കടലൊച്ചു തന്നെയാണെന്ന് എങ്ങനെ തീർച്ചപ്പെടുത്താൻപറ്റും? ബുദ്ധിശാലിയായ ഒരു ഞണ്ട് ശംഖിനകത്ത് കയറിയൊളിച്ച് ശത്രുക്കളിൽനിന്ന് രക്ഷപ്പെട്ട് ഏതോ ഗുപ്തമായ കാര്യത്തിനുവേണ്ടി വേഷപ്രച്ഛന്നനായി ഉലാത്തുന്നതായിക്കൂടെയെന്നും എനിക്ക് തോന്നി. എനിക്കും വേറെ ജോലിയൊന്നുമില്ല. അത് നൂറു ചുവടുകൾവെക്കുമ്പോൾ ഞാൻ ഒരു ചുവടു വെച്ചാൽമാത്രം മതി. അതിന്റെ നിശാസഞ്ചാരത്തിന്റെ പൊരുൾ വെളിപ്പെടുകയാണ്. വെറുതെ ടോർച്ചടിച്ച് അതിനെ പിന്തുടരാൻതുടങ്ങി. ടോർച്ചിന്റെ തുളയ്ക്കുന്ന വെളിച്ചമേറ്റപ്പോൾ അമ്പരന്നുപോയ ആ ജീവി നിമിഷനേരത്തേക്ക് കുഴങ്ങിയെങ്കിലും വീണ്ടും തന്റെ ലക്ഷ്യത്തിലേക്ക് വേച്ചുവേച്ച് നീങ്ങി.

ഏതോ രഹസ്യമായ രാഷ്ട്രീയകാരണമൊന്നുമല്ല മറിച്ച് എന്തോ സ്വകാര്യവും അടിയന്തിരവുമായ ജോലിയുണ്ടായിരിക്കാമെന്ന് തോന്നി. നിനച്ചതുപോലെത്തന്നെ സംഭവിച്ചു. രണ്ടു ചുവടുകൾവെക്കുമ്പോഴേക്കും അതിന്റെ ദേഹപ്രകൃതിക്ക് പകുതി വലിപ്പമുള്ള മറ്റൊരു കടലൊച്ച് അതെവിടെനിന്നോ ഒരു കുഴിയിൽനിന്ന് പുറത്തേക്ക് വന്ന് ഇതിനെ അനുഗമിക്കാൻതുടങ്ങി. മുന്നിൽ ഗമിച്ചിരുന്ന കടലൊച്ച് തന്റെ നടത്തത്തിന്റെ വേഗത കുറച്ച് മണലിൽ വീണുകിടന്നിരുന്ന തെങ്ങോല തന്റെ മുൻഭാഗത്തെ തൊട്ടുരുമ്മി അവിടെത്തന്നെ നിന്നു. പിറകിൽനിന്ന് പിന്തുടർന്നിരുന്ന ചെറിയ കടലൊച്ച് ദ്രുതഗതിയിൽ അതിന്റെ പുറത്തുകയറി അതിനെക്കാളും വേഗതയിൽ ഊർജസ്വലമാവുകയും അങ്ങനെത്തന്നെ അവിടെനിന്ന് നിലത്തേക്ക് ഉരുണ്ടുവീണ് നിശ്ചലമായി ചുരുണ്ടുകിടക്കുകയും ചെയ്തു. അല്പം മുന്നോട്ട് നടന്ന വലിയ കടലൊച്ച് സ്വയവും ഉണർവറ്റ് മറ്റൊരു കുഴിയിലേക്ക് വീണു.

ആയിരം നാഴിക ദൂരത്തോളം നീലക്കടലിന് നടുവിലായി മൺകൂനകളെപ്പോലെ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപുകളിലെ മണൽപരപ്പിനു മീതെ ജലജീവികളെപ്പോലും വിട്ടൊഴിയാത്ത വ്യാമോഹങ്ങൾ. ഒരുപക്ഷേ നൂറോളം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് തന്റെ പുറന്തോടിനെ കടലിൽ ഉപേക്ഷിച്ച് പരമാത്മാവിൽ ലയിച്ചുചേർന്ന കടലൊച്ചിന്റെ ശംഖിനകത്ത് ഒളിച്ചുകൊണ്ട് പ്രച്ഛന്നവേഷധാരികളായി വന്നിരിക്കുന്ന ഒരു പെൺഞണ്ടും ഒരാൺഞണ്ടും. ചുറ്റിലും ഉലാത്തിക്കൊണ്ടിരിക്കുന്ന മറ്റു ഞണ്ടുകളിൽനിന്ന് രക്ഷപ്പെട്ട് തങ്ങളുടെ പ്രണയത്തെ ദ്രുതഗതിയിൽ പ്രകാശിപ്പിച്ച് അചേതനരായി ശംഖുകളോടൊപ്പം അവ വീണുകിടക്കുന്നു. "നൈമിഷികമായ ഐഹീക സുഖത്തിനുവേണ്ടി ലോകബോധത്തെയും ഇസ്​ലാമിനെയും ഈമാനിനെയും ഫർദ് സുന്നത്തുകളെയും വരാനിരിക്കുന്ന ഖിയാമത്ത് നാളിനെയും അതിനുശേഷമുള്ള ജന്നത്ത് എന്ന സ്വർഗത്തിലെ സുഖത്തെയും ജഹന്നം എന്ന നരകത്തിലെ ശിക്ഷയെയും നീ മറക്കാൻപാടില്ല ഇബിലീസേ ...' എന്നു പറഞ്ഞ് കുട്ടിക്കാലത്ത് എന്നെ ഖുർആൻ പഠിപ്പിച്ച മൊല്ലാക്ക തന്റെ കൈയ്യിലുള്ള നേരിയ ചൂരൽവടിയുടെ മുനയാൽ എന്റെ കക്ഷത്തിൽ കുത്തുകയും കണ്ണുരുട്ടുകയും ചെയ്തിരുന്നു. ഗൗരവമല്ലാത്ത തെറ്റിന് നല്കിയ ശിക്ഷയായിരുന്നു അത്. ഗൗരവമായ തെറ്റിന് ചെവി പിടിച്ച് രണ്ടു തവണ തിരിക്കലായിരുന്നു ശിക്ഷ. അങ്ങനെ കാര്യമായ തെറ്റൊന്നും ഞാൻ ചെയ്തിരുന്നില്ല. ചെയ്ത ആ തെറ്റെന്താണെന്ന് ഇപ്പോൾ ഓർമയുമില്ല. അത് എവ്വിധത്തിലുള്ള ഐഹീക സുഖമാണെന്നും മനസ്സിലാകുന്നുമില്ല. മിക്കവാറും ഖുർആൻ ഈണത്തോടെ വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് കുടുകൂടാ ചിരിച്ചതുകൊണ്ടതിനാലായിരിക്കാം അങ്ങനെ ചെയ്തത്. എന്തോർത്താണ് ചിരിച്ചതെന്നും ഓർമയിൽ ഇപ്പോൾ വിളങ്ങുന്നില്ല.

തുലഞ്ഞു പോകട്ടെ. ഓർമയുണ്ടെങ്കിൽതന്നെ അതെല്ലാം ഇവിടെ പങ്കുവെക്കേണ്ട ആവശ്യമില്ലല്ലോ. ആ വയസ്സിൽ കാണാൻ പാടില്ലാത്തതെന്തോ കണ്ട് ഖുർആൻ വായിക്കുന്ന സമയത്ത് അതേകുറിച്ച് ഓർത്തിരിക്കണം! അതിനുതന്നെയാണ് ക്ഷണികനേരത്തെ ഐഹീക സുഖത്തിനായി ലഭിക്കുന്ന സരളമായ നരകശിക്ഷയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനായി അപ്പോൾമാത്രം രോമം മുളയ്ക്കുന്നുണ്ടായിരുന്ന എന്റെ കക്ഷത്തിൽ ചെറുപ്പത്തിൽ മൊല്ലാക്ക ചൂരലുകൊണ്ട് കുത്തിയത്. ഹാ! ഇപ്പോൾ ഓർമവന്നു. ഖുർആൻ വായിക്കുമ്പോൾ ഈ കക്ഷത്തിലെ രോമത്തെ ഓർത്താണ് പൊടുന്നനെ ഞാൻ ചിരിച്ചത്. നോക്കിയത് ഞാൻ മാത്രമായിരുന്നില്ല. തൊട്ടടുത്തിരുന്ന് ഖുർആൻ വായിക്കുമ്പോലെ നടിച്ചുകൊണ്ടിരുന്ന അയൽക്കാരിയായ ആമിനയും എന്റെ കക്ഷത്തിലെ രോമം കണ്ട് ചിരിച്ചു. കൂടാതെ തനിക്കും വന്നിട്ടുണ്ടെന്ന് അതും അവളെനിക്ക് കാണിച്ചു തന്നു. ഞങ്ങളിരുവരും തമ്മിൽ തമ്മിൽ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെയടുക്കലേക്ക് ചൂരൽവടിയുമായി വന്ന മൊല്ലാക്ക ഇത് കാണുകയും ഞങ്ങൾ രണ്ടുപേർക്കും തക്കശിക്ഷയും നൽകുകയും ചെയ്തു. അടിയും വാങ്ങി ഖുർആൻ വായിക്കാനായി തുടങ്ങുമ്പോൾ വീണ്ടും അവയെല്ലാമോർത്തുകൊണ്ട് കുടുകൂടാ ചിരിച്ചു. അന്നേരമാണ് നൈമിഷികമായ ഐഹീക സുഖത്തെക്കുറിച്ച് പറഞ്ഞ് വീണ്ടും ശിക്ഷിച്ചത്.

ഇപ്പോൾ നോക്കുമ്പോൾ അദ്ദേഹത്തിന്റെ മുൻഗാമികളുടെ നാടായ കടലിന് നടുവിലുള്ള ദ്വീപുസമൂഹങ്ങളിൽ ഒന്നായ ഈ ചെറിയൊരു ദ്വീപിലെ മണൽപരപ്പിൽ മനുഷ്യരെല്ലാവരും ഉറങ്ങിക്കഴിഞ്ഞ്, അന്ത്യയാമത്തിൽ അഷ്ടമിയിലെ ചന്ദ്രനും പടിഞ്ഞാറൻ സീമയിൽ മറഞ്ഞ്, കല്ലും വെള്ളവും അലിയുന്ന ആ സമയത്ത് തിരയൊലിയുടെ പശ്ചാത്തലത്തിൽ നൂറുകണക്കിന് കടലൊച്ചുകളും ഞണ്ടുകളും പലതരത്തിലും പലവർണങ്ങളിലുമുള്ള ഇനിയും തിരിച്ചറിയാത്ത കവടി വർഗങ്ങളും കടൽതീരത്ത് ഐഹീക സുഖത്തിൽ മുഴുകുകയാണ്. എന്തുകൊണ്ടോ മൊല്ലാക്കയുടെ ഓർമകൾ കടന്നുവന്നപ്പോൾ നിമിഷനേരത്തേക്ക് ഞാൻ കണ്ണടച്ചു. തുറന്നു നോക്കിയപ്പോൾ ആകാശത്ത് ആയിരം കോടി നക്ഷത്രങ്ങൾ മാനത്തെയെല്ലാം അങ്കണമാക്കിക്കൊണ്ട് അത്യുന്നതമായ അലൗകീകതയിൽ ധ്യാനലീനരായിരിക്കുന്നതുപോലെ മിന്നിവിളങ്ങുന്നുണ്ടായിരുന്നു. മറ്റൊരു തവണ മിഴിയടച്ച് തുറന്നപ്പോൾ അവളും നക്ഷത്രങ്ങൾക്കിടയിലിരുന്ന് കുടുകുടാ ചിരിക്കുന്നുണ്ടായിരുന്നു. എന്റെ ബാല്യകാല കഥകളെല്ലാം കേട്ടുംകൊണ്ട് ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചിരുന്ന എന്റെ ആത്മസഖി. നരകത്തിലെ കരാളമായ യാതനകളെയെല്ലാം ജീവിക്കുമ്പോൾ തന്നെ അനുഭവിച്ച് ഇനി ഈ നരകം അവസാനിച്ചെന്ന് പറഞ്ഞ് സുരക്ഷിതമായി അവൾ ആകാശത്ത് ചെന്നണഞ്ഞു. അവിടെയിരുന്ന് എല്ലാമോർത്തുകൊണ്ട് അവൾ പൊട്ടിച്ചിരിക്കുണ്ടായിരുന്നു. ഞാൻ ജീവിച്ചിരിക്കുന്നതുതന്നെ അപമാനമാണെന്നപോലെ അവൾ അവിടെയിരുന്നുകൊണ്ട് ചിരിക്കുന്നതായി എനിക്കത് കണ്ടപ്പോൾ തോന്നി. "എന്റേത് എല്ലാം കഴിഞ്ഞു മോനേ... നീ ഇനിയെല്ലാം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ' എന്നപോലെ ചിരിച്ചിരുന്ന അവളുടെ ഭ്രാന്തൻചിരി. വീണ്ടും കണ്ണടച്ചു തുറന്ന് ക്യാമറ സഞ്ചിയിലാക്കി ആ നിർബാധമായ രാത്രിയിൽ നടക്കാൻ തുടങ്ങി. കടലിന്റെ വെള്ളമണൽ തീരത്ത് ഉഭയജീവികൾവീണ്ടും അവരുടെ കർമ്മങ്ങൾ തുടരുന്നുണ്ടായിരുന്നു. "കണ്ടതിനെയും അനുഭവിച്ചതിനെയുമെല്ലാം രേഖപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന എഴുത്തുകാരന്റെ ജീവിതം നരകവുമാണ് സ്വർഗവുമാണ്' എന്ന് എന്റെയൊരു കഥ കേട്ട ശേഷം അവൾ പറഞ്ഞിരുന്നു.

അത് കുട്ടിയായിരിക്കുമ്പോൾ എന്നെ സുന്നത്ത് ചെയ്ത കഥ. ടൗണിൽ ക്ഷൗരക്കട നടത്തിയിരുന്ന ഒസാൻകാക്ക എന്നറിയപ്പെട്ടിരുന്ന ക്ഷുരകൻ ഒരു ദിവസം ഉച്ചയ്ക്ക് വലിയൊരു കല്യാണം പോലുള്ള ഒച്ചപ്പാടിനിടെ ചെറിയൊരു കത്രികകൊണ്ട് എന്റെ സുന്നത്തു നടത്തുകയും അതിന്റെ വേദനയറിയാത്തതുപോലെ തുടയിലേക്ക് ടപേയെന്നടിച്ച് മരവിപ്പിക്കുകയും കത്രികയിൽ പതിഞ്ഞ ചോര കഴുകി തിരിച്ചുപോവുകയും ചെയ്തിരുന്നു. അനന്തരമുള്ള ചില പകൽ രാത്രികളിൽ വേദനയാലും അപമാനത്താലും മരവിച്ചുകൊണ്ട് മനസ്സിനുള്ളിൽതന്നെ കരഞ്ഞിരുന്നു. ഉറക്കത്തിലും നോവിലും ഞാൻ കൈകാലിട്ടടിച്ച് മുറിവ് പൊട്ടി പുണ്ണാകാതിരിക്കാൻ പല രാത്രികളും എന്റെ രണ്ടു കാലുകളുമാടാതെ പിടിച്ചുകൊണ്ട് ഉമ്മ അരികിലിരിക്കുമായിരുന്നു. അവർക്ക് ഉറക്കം വരാതിരിക്കാൻ മാഹാനുഭാവൻ ഉച്ചത്തിൽ ബദർമാല പടപ്പാട്ട് പാടുമായിരുന്നു. വേദനയാൽ പുളയുന്നവന്റെ കാതുകളിൽ ലയബദ്ധമായി കേട്ടിരുന്ന അറബി മലയാളത്തിലുള്ള വീരാവേശം നിറഞ്ഞ പാട്ടുകൾ. അപ്പോൾ മൊല്ലാക്കയെ മനസ്സിനുള്ളിൽതന്നെ വെറുത്തുപോയിരുന്നു.

"എന്നാൽ നീ അദ്ദേഹത്തെ ദ്വേഷിക്കുന്നതിൽ അർത്ഥമില്ല' എന്നു പറഞ്ഞ് അവൾ ചിരിച്ചു. "പയ്യനൊരുത്തൻ ആണാകുന്ന സമയത്തെ ആചാരമാണത്. ഉറങ്ങാതിരിക്കണമെങ്കിൽ പടപ്പാട്ടുകളല്ലാതെ താരാട്ടുപാട്ട് പാടണമെന്നാണോ' എന്ന് അവൾ തീർത്തുപറഞ്ഞു. അതുകഴിഞ്ഞ് അതെന്തൊക്കെയോ പല കാര്യങ്ങളും പറഞ്ഞ് കുറെ ചിരിച്ചു. ഇപ്പോഴാണെങ്കിൽ എല്ലാ ചിരികളും നിർത്തി ഈ ലോകംവിട്ട് മുകളിൽപോയി അവിടെയിരുന്നുകൊണ്ട് എന്റെ ഇന്നത്തെ അവസ്ഥകളോർത്ത് വീണ്ടും ചിരിക്കുന്നു. അവൾ ഇപ്പോഴും ജീവിക്കുന്നവളാണെന്ന് വിചാരിച്ചുകൊണ്ട് എന്റെ ദൈനംദിന കഥകളെ അവൾക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. അവൾ അവിടെയിരുന്നുകൊണ്ട് "നീ പറയുന്നതിനു മുമ്പേ അതെല്ലാമെനിക്കറിയാം. എന്നാലും നീ പറ. നീ അനുഭവിച്ച് കഥ പറയുമ്പോൾ കേൾക്കാൻ രസമാണ്' എന്ന് കൽപിക്കുമായിരുന്നു. "ഇനിയൊരു രണ്ടാഴ്ചകൾക്കകം മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രത്തിന്റെ അസൽപാത്രം ലഭിക്കാൻ പോവുകയാണ്' എന്ന് ഞാനവളോട് പറഞ്ഞു. "അതേ കിട്ടും, അതെനിക്കറിയാം' അവൾ പ്രതിവചിച്ചു. "ആ പാത്രമുള്ള വീടിന്റെ സമീപത്തുതന്നെ പാട്ടു പാടുന്ന, ആടിനെയറുത്ത് വിൽക്കുന്ന ഒരു വൃദ്ധൻ താമസിക്കുന്നുണ്ട്' ഞാനവളോട് പറഞ്ഞു. "അതേ, ഞാനത് ഇവിടെയിരുന്നുകൊണ്ട് കണ്ടിരുന്നു. അതേകുറിച്ച് നീ എഴുതിയിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. നീ സൃഷ്ടിക്കുന്ന ഫാന്റസികൾ ഒരല്പം കൂടിപ്പോയിട്ടുണ്ട്' എന്ന് അവൾ കളിയാക്കി.

"ഹേയ്, മറ്റൊരു കാര്യമറിയാമോ? ഈ ആടിനെയറുക്കുന്ന വൃദ്ധനും നമ്മുടെ മൊല്ലാക്കയും ഒരേ ദ്വീപുകാരാണ്. അദ്ദേഹത്തെപ്പോലെ ഇയാളും കുട്ടികളെ സുന്നത്ത് നിർവ്വഹിക്കുന്ന ചടങ്ങിൽ പാടിയിരുന്നയാളാണ്. ഇപ്പോൾ കൈകളും കഴുത്തും വിറയ്ക്കുന്ന അവസ്ഥ കാരണം ആടിനെയറുത്ത് വിൽക്കലാണ് പണി' ഞാൻ പറഞ്ഞു. "അതേ, നിങ്ങളുടെ സംഭാഷണവും ഞാനിവിടെയിരുന്നുകൊണ്ട് കേട്ടിരുന്നു' അവൾ പറഞ്ഞു. "അവരിരുവരും ഒരേ പായകപ്പലിലാണ് മംഗലാപുരത്തേക്ക് പുറപ്പെട്ടത്. കപ്പൽ കൊടുങ്കാറ്റിൽപ്പെടുകയും ബേപ്പൂരിൽവെച്ച് അവർ വേർപ്പിരിയുകയും ചെയ്തു. അറിയാമോ?' എന്നും ഞാൻ ചോദിച്ചു. "അതുമറിയാം. എന്നാൽ അത് കഴിഞ്ഞ് എന്തു സംഭവിച്ചെന്ന് അടുത്തയാഴ്ച എഴുത്. ഈയാഴ്ച ഇത്ര മതി' എന്ന് അവൾ വീണ്ടും കിലുകിലാ ചിരിച്ചു.

"ദേവിയേ, എല്ലാമറിയുന്നെങ്കിൽ പിന്നെയെന്തിനാണ് മരിച്ചത്?' എന്നു ഞാൻ ചോദിച്ചപ്പോൾ ചിരി നിർത്തി നക്ഷത്രങ്ങൾക്കു നടുവിൽ വലിയ കണ്ണുകളും തുറന്ന് അവൾ വെറുതെ നോക്കിക്കൊണ്ടിരുന്നു. ഞണ്ടുകളും കടലൊച്ചുകളും ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഇത്രയും മനോഹരമായ ലോകംവിട്ട് പോയതിൽ അവളും വേദനിക്കുന്നുണ്ടെന്ന് തോന്നി.

(തുടരും)

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്

ലക്ഷദ്വീപ് ഡയറി മറ്റു ഭാഗങ്ങൾ

Comments