'ദൈവനാമത്തിൽ' തകർക്കപ്പെട്ട
ബാബറി മസ്ജിദിന്റെ ഇടത്തിലേക്ക് ഒരു യാത്ര

തകർക്കപ്പെട്ട ബാബറി മസ്ജിദിന്റെ ഇടത്തിലേക്ക്, 2018-ന്റെ തുടക്കത്തിൽ നടത്തിയ, വേദനയും അമർഷവും കൂടിക്കലർന്ന ഒരു യാത്രയുടെ അനുഭവം എഴുതുന്നു സ്വതന്ത്രമാധ്യമപ്രവർത്തകനായ കൃഷ്ണ ഗോവിന്ദ്.

ഒന്ന്

2018-ലെ തുടക്കത്തിൽ, ഒരു തണുത്തുറഞ്ഞ ഏതോ രാത്രിയിലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ട ഇടത്തിലേക്കെത്തിയത്. അതൊരു അവിചാരിതമായ എത്തിപ്പെടലല്ലായിരുന്നു. പോകണം എന്നും വേണ്ട എന്നുമുള്ള മനസ്സിലെ വടംവലികൾക്കൊടുവിൽ സംഭവിച്ച ഒന്നായിരുന്നു, അവിടേക്കുള്ള യാത്ര. അതിന് നിമിത്തമായത് ഒരു അടുത്ത സുഹൃത്താണ്. 2017-ന്റെ പകുതിക്കുശേഷം ആരംഭിച്ച ഒറ്റയ്ക്കുള്ള ഇന്ത്യാ പര്യടനത്തിനിടയിലാണ് ആ യാത്ര സംഭവിച്ചത്. വേദനകളും അമർഷങ്ങളും കൂടിക്കലർന്ന ഒരു വികാരം സമ്മാനിച്ച അയോദ്ധ്യയിലേക്കുള്ള ആ യാത്ര ഒരിക്കലും മറക്കില്ല.

രണ്ട്

മാസങ്ങളായി ഒറ്റക്കുനടത്തിയിരുന്ന യാത്രകൾക്കിടയിൽ കേദാർനാഥിൽവച്ച് അവിചാരിതമായി ഒരു ഫോൺകോൾ എത്തുന്നു; ഡിഗ്രി പഠനക്കാലത്ത് ഒരുമിച്ച് മൂന്നു വർഷം കൂടെയുണ്ടായിരുന്ന ചങ്ങാതി അബുദാബിയിൽ നിന്ന് നാട്ടിൽ എത്തിയെന്നും, ഒന്ന് ഒരുമിച്ചുകൂടണം എന്നും പറഞ്ഞു. ഒറ്റക്ക് ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ, ആവേശത്തോടെ അവൻ പ്രതികരിച്ചത്, രണ്ടുമൂന്നു ദിവസം എനിക്കായി കാത്തിരിക്ക്, നിന്നെ കാണാൻ എവിടെയാണെങ്കിലും എത്തിയേക്കാം എന്നാണ്. അങ്ങനെ കേദാർനാഥിൽ നിന്ന് റാണിഖേത്-നൈനിതാൾ-ഹൽദാനി വഴി ഡൽഹിയിലെത്തി ഒന്ന് വിശ്രമിച്ചപ്പോഴേക്കും അവൻ വിമാനം പിടിച്ച് ഡൽഹിയിലെത്തി. അങ്ങനെ ഒന്നിച്ച് ആഗ്രയും വരാണാസിയും അലഹബാദും (അന്ന് പ്രയാഗ്രാജ് ആയിട്ടില്ല) ഒക്കെ ചുറ്റിയടിച്ചപ്പോൾ അവനാണ് പറഞ്ഞത്, അയോദ്ധ്യയിലേക്ക് പോകാമെന്ന്.

2018-ലെ തുടക്കത്തിൽ, ഒരു തണുത്തുറഞ്ഞ ഏതോ രാത്രിയിലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ട ഇടത്തിലേക്കെത്തിയത്. അതൊരു അവിചാരിതമായ എത്തിപ്പെടലല്ലായിരുന്നു

മൂന്ന്

ആദ്യം ഒട്ടും താൽപര്യമില്ലായിരുന്നു അവിടേക്ക് പോകാൻ. ഒരു കൂട്ടം അധികാരികളുടെയും വർഗ്ഗീയവാദികളുടെയും കുടിലതകളിലകപ്പെട്ട് മതഭ്രാന്ത് തലക്കുപിടിച്ച് ഹിന്ദുത്വവർഗീയവാദികളുടെ കൂട്ടമായി മാറിയ വലിയൊരു സംഘം മനുഷ്യർ അഴിഞ്ഞാടിയ ആ പ്രദേശത്തേക്ക് പോകാൻ എന്തോ മനസ്സ് വന്നില്ല.

യഥാർത്ഥത്തിൽ 19-ാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം (ഏകദേശം 1853 മുതൽ സജീവമായി) തന്നെ ഈ പ്രദേശം സംബന്ധിച്ച് അവകാശ തർക്കങ്ങളുണ്ടെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ തർക്കങ്ങൾ പലതും ലഹളകളായി മാറിയിട്ടുമുണ്ട്. സ്വതന്ത്ര ഇന്ത്യ വന്നിട്ടും ഈ തർക്കത്തിന് പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എങ്കിലും ആധുനിക ഇന്ത്യയിൽ, വ്യാപകമായി രാജ്യത്തിലെ പല പ്രദേശങ്ങളിലും ഹിന്ദു- മുസ്‍ലിം കലാപങ്ങളുണ്ടാകുവാനും പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകൾ മരിക്കാനും പലർക്കും വീടും സ്ഥലവും ഉപേക്ഷിച്ച് പലായനം ചെയ്യാനും ഇടവരുത്തിയത് 1992- ഡിസംബർ ആറിന് അയോദ്ധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച സംഭവമായിരുന്നു. അയോദ്ധ്യ എന്ന് കേൾക്കുമ്പോഴൊക്കെ തെളിയുന്നത്, നിസഹായരായ മനുഷ്യരുടെ നിലവിളികളും അതിനെ മറികടന്നെത്തുന്ന ആക്രോശങ്ങളുമാണ്.

നാല്

അയോദ്ധ്യയിലെ പ്രഭാതം

സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അലഹബാദിൽനിന്ന് ഫൈസാബാദ് വഴി അയോദ്ധ്യയിലേക്ക് പോകാം എന്ന് തീരുമാനിക്കുന്നത്. നാലഞ്ച് മണിക്കൂർ എടുത്ത യാത്ര ബസിലായിരുന്നു. രാത്രി മുഴുവനും സംസ്ഥാന പാതയിലെ അരികുകാഴ്ചകൾ കണ്ട് ഉറങ്ങാതെ ഇരുന്നു. അയോദ്ധ്യ എന്നുള്ള വലിയ വഴികാട്ടി പലകകൾ അന്നേ അവിടെയുണ്ടായിരുന്നു. ഫൈസാബാദിൽനിന്ന് അയോദ്ധ്യയിലേക്ക് സംസ്ഥാന പാതയിലൂടെയുള്ള അഞ്ചാറ് കി.മീ യാത്ര ഇപ്പോഴും മനസ്സിലുണ്ട്. പുലർച്ചെ മൂന്നര കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടിലെ ചെറിയൊരു ജംഗ്ക്ഷൻ പോലുള്ള ഒരു മുക്കിൽ ബസുകാർ ഞങ്ങളെ ഇറക്കി. അവിടെ ആ സമയത്ത് ഒരു ചായക്കടപോലും തുറന്നിട്ടില്ലാത്തതിനാൽ ഒരു കടയുടെ മുന്നിലെ തട്ട് അടിച്ചിട്ടടുത്ത് കയറി ഇരുപ്പായി.

അഞ്ച്

നാലര കഴിഞ്ഞപ്പോൾ ചിലയാളുകളെ കണ്ടു. പരമ്പരാഗത വേഷം ഒക്കെ ധരിച്ച അവരോട് ബാബറി മസ്ജിദ് എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു. കൂടെയുണ്ടായിരുന്നവൻ രാം മന്ദിർ എന്ന് ചോദിച്ചപ്പോൾ മൂന്നാല് കി.മീ കൂടിയുണ്ടെന്നും ഷെയർ ഓട്ടോ കിട്ടും, പക്ഷെ ആറര കഴിയും വണ്ടി വരാൻ എന്നും മറുപടി കിട്ടി. അവരും ബാബറി മസ്ജിദിനെ മറന്നുതുടങ്ങിയെന്ന് തോന്നുന്നു, കാൽ നൂറ്റാണ്ടിനുമുമ്പു തല്ലിതകർത്ത, 'തർക്ക മന്ദിരം' എന്ന വിളിച്ചിരുന്ന ബാബറി മസ്ജിദിനെ അവർ ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടായിരിക്കില്ല.

ആറ്

ഇതിനിടയിൽ ഒരു ചായക്കട തുറന്നു. 'കാലാ ചായ' (കട്ടൻ ചായ) കുടിച്ച് കടക്കാരനോട് 'രാം മന്ദിറി’ലേക്ക് പോകുവാനുള്ള കാര്യങ്ങൾ ചോദിച്ചു. മുമ്പു പറഞ്ഞവ തന്നെയാണ് അദ്ദേഹവും പറഞ്ഞത്. ഒരുപാടുപേർ രാമനാമം ജപിച്ച് നടക്കുന്നത് കണ്ടപ്പോൾ ചുമ്മാതെ ഒന്നന്വേഷിച്ചു: അവർ സരയൂ നദിയിൽ സ്നാനം നടത്താൻ പോകുവാണെന്നും ഇതിനുശേഷം രാം മന്ദിന് അടുത്തുള്ള മന്ദിറിൽ പ്രാർത്ഥിക്കാൻ പോവുകയാണെന്നും അറിഞ്ഞു. സരയൂ നദി ഒന്ന് കണ്ടുകളഞ്ഞേക്കാം എന്നുകരുതി നദിതടത്തിലേക്കും പോയി. പിന്നീട് രാം കി പൈദി എന്ന ഘട്ടുകളിലേക്കും (പടവുകൾ).

ഏഴ്

അതിമനോഹരമായ വാസ്തുശൈലിയിലുള്ള പുരാതന കെട്ടിടങ്ങൾക്കും (പുരാതനമായി തോന്നുന്നതാണോ എന്നറിയില്ല) ഘട്ടുകൾക്കും ഇടയിലൂടെയുള്ള, സരയുവിന്റെ കൈവഴികളുടെ പശ്ചാത്തലത്തിലെ സൂര്യോദയം അതിഗംഭീരമായ കാഴ്ചയായിരുന്നു.

അതിമനോഹരമായ വാസ്തുശൈലിയിലുള്ള ആ പുരാതന കെട്ടിടങ്ങൾക്കും (പുരാതനമായി തോന്നുന്നതാണോ എന്നറിയില്ല) ഘട്ടുകൾക്കും ഇടയിലൂടെയുള്ള സരയുവിന്റെ കൈവഴികളുടെ പശ്ചാത്തലത്തിലെ സൂര്യോദയം അതിഗംഭീരമായ കാഴ്ചയായിരുന്നു സമ്മാനിച്ചത്. മനോഹരമായ പല ചിത്രങ്ങളും അവിടെനിന്ന് പകർത്താൻ സാധിച്ചു. നേരം നല്ലതുപോലെ പുലർന്നപ്പോൾ ഒരു ഷെയർ ഓട്ടോ പിടിച്ച് രാം മന്ദിറിന് അടുത്തുള്ള മറ്റൊരു മന്ദിറിന് മുമ്പിലെത്തി. ലഘുഭക്ഷണവും കഴിച്ച് ബാബറി മസ്ജിദ് നിന്നിരുന്ന ഇടത്തിലേക്ക് ചുവടുകൾ വച്ചു. അന്ന് ഏതൊക്കയോ ഗലികൾ പോലെയുള്ള (ഗലികളെക്കാൾ അല്പം കൂടി വീതിയുള്ള വഴിത്താരകളായിരുന്നു) വഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ ബാബറി മസ്ജിദ് ഉണ്ടായിരുന്ന സ്ഥലത്ത് എത്തി.

എട്ട്

ബാബറി മസ്ജിദ്, തർക്കമന്ദിരം, തർക്കഭൂമി, രാം മന്ദിർ, രാം ജന്മ ഭൂമി എന്നൊക്കെയുള്ള വിശേഷണങ്ങളാണ് ആദ്യം മനസ്സിലേക്ക് എത്തിയത്. ചുറ്റും വലിയ ടാർപ്പാളിനും ഷീറ്റും കൊണ്ട് മറച്ചിട്ടിരിക്കുന്ന ഒരാൾക്ക് നിന്നുതിരിയിയാൽ ഇടമില്ലാത്ത ബാരിക്കോഡുകളാൽ തീർത്ത കുനുകുനുയുള്ള ക്യൂ സിസ്റ്റത്തിന്റെ തുടക്കമാണ് ആദ്യം കണ്ടത്. അതിന്റെ കവാടം എന്നു തോന്നിക്കുന്ന ഇടത്ത് പോലീസിന്റെയും പട്ടാളക്കാരുടെയും ചെക്ക് പോയിന്റുകളുമുണ്ട്. അവിടേക്ക് സുഹൃത്തിനൊപ്പം എത്തിയപ്പോൾ തന്നെ അവർ തടഞ്ഞു. ഐ.ഡി കാർഡ് ഒക്കെ നോക്കി ഞങ്ങൾ അന്യമതസ്തരല്ലെന്ന് ഉറപ്പാക്കി. കാരണം താടിയുള്ളവരെ കണ്ടാൽ അവർക്ക് സംശയമാണ്. ഓൾ ഇന്ത്യ സോളോ യാത്രയിൽ പലയിടങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ നിന്ന്, അത്തരം വിവേചനങ്ങളും ബുദ്ധിമുട്ടുകളും നല്ലതുപോലെ അനുഭവിച്ചിട്ടുള്ളതിനാൽ ഇവിടുത്തെ പരിശോധനകളും ചോദ്യങ്ങളും താരത്മ്യന ചെറുതായി തോന്നി. എങ്കിലും ഒട്ടും മോശമല്ലായിരുന്നു.

ഒമ്പത്

ബാഗും ബെൽറ്റും വാച്ചും ഫോണും ഒന്നും അകത്തേക്ക് അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. അതിന്റെ പ്രധാന കാരണം പിന്നീടാണ് അറിഞ്ഞത്. സുരക്ഷയെക്കാളുപരി, വാച്ചിന്റെ സ്ട്രാപ്പും, ബെൽറ്റും ഒക്കെ തുകൽ കൊണ്ടുള്ളതാണ് എന്നതാണ്. (അന്ന് ക്ഷേത്രമായിട്ടില്ല അവിടെ, പക്ഷെ ഭയങ്കര 'ശുദ്ധം' ആണ്). തൊട്ടടുത്ത വീടുകളിൽ ക്ലോക്ക് റൂം സൗകര്യങ്ങൾ നൽകി ഉപജീവനം കണ്ടത്തുന്ന ആളുകളുള്ളതിനാൽ അത്തരമൊരു വീട്ടിൽ സാധനങ്ങൾ ഏൽപ്പിച്ച് ചെക്ക് പോയിന്റിലേക്ക് കടന്നു. വീണ്ടും ഐ.ഡി കാർഡ് കാണിച്ചു, എല്ലാം ഓക്കെയാക്കിയപ്പോൾ അടുത്ത പ്രശ്നം; പേഴ്സും അതിനകത്തെ സിം കാർഡും, പിന്നെ ഷൂസുമായിരുന്നു. അതും തിരികെ കൊണ്ടുവച്ച് ആ തണുപ്പത്ത് വീണ്ടും ചെക്ക് പോയിന്റിലേക്ക് ചെന്നു. ഇത്തവണയും ആദ്യം മുതലുള്ള പരിശോധനയുണ്ടായിരുന്നു.

10

ഒടുവിൽ കടമ്പകൾ കടന്ന് അകത്തേക്ക് പോകാമെന്നായി. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ സൗഹാർദ്ദത്തിൽ വന്ന് ചോദിച്ചു, എന്താണ് വലിയ ബാഗുമായി വന്നതെന്ന്. അപ്പോഴാണ് മനസ്സിലായത് ആ പട്ടാളക്കാരൊക്കെ നമ്മളെ ആദ്യം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നുവെന്ന്. ആ ചോദ്യം സ്വഭാവികമാണ്, ഒരു പടപണ്ടാരം ബാഗായിരുന്നു, തോളത്ത് കിടന്നിരുന്നത്. 'പൂരാ ദേശ് ഗുമ്മ്നെ കെലിയെ ആയേഗാ..' (രാജ്യം മുഴുവൻ കറങ്ങാൻ ഇറങ്ങിയതാ..) എന്നൊക്കെ ഹിന്ദി ഗ്രാമർ തെറ്റിച്ച് ഒക്കെ വച്ചു കാച്ചി.. അത് പുള്ളിക്ക് 'ക്ഷ ബോധിച്ചു. കേരളത്തിൽ നിന്നാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ പുള്ളിയുടെ ഡയലോഗ്, 'നിങ്ങൾ (കേരളത്തിലെ ആണുങ്ങൾ) എല്ലാവരും താടി വയ്ക്കുന്നവരാണല്ലേ' എന്ന്... ചിരിച്ചുകൊണ്ട് അതേ എന്ന് പുള്ളിയോട് തള്ളിമറിച്ച്, അകത്തേക്ക് കയറി. വെളിയിൽ കണ്ടതൊന്നുമല്ല, ഒരു മൈതാനം പോലെയുള്ള സ്ഥലത്ത് (മേൽക്കുരയുണ്ട്) ബിവറേജിലെ ക്യൂ നിയന്ത്രിക്കാൻ കെട്ടിവച്ച ബാരിക്കോഡുകൾപോലെ വട്ടം ചുറ്റി വച്ചിരിക്കുകയാണ്.

11

തിരക്കില്ലാത്തക്കൊണ്ട് ഈ ബാരിക്കോഡുകൾ ചുറ്റി ചുറ്റി വേഗം പ്രധാന സ്ഥലത്തേക്ക് എത്തി. ബാരിക്കോഡുകളുടെ നിശ്ചിത അകലത്തിലെല്ലാം പട്ടാളക്കാർ ചെക്ക് പോയിന്റ് ഇട്ടിട്ടുണ്ട്. അതെല്ലാം കടന്ന് മുന്നോട്ട് പോയപ്പോൾ ഒരു തട്ടടിച്ച പ്ലാറ്റ്ഫോമിൽ ഒരു പണ്ഡിറ്റ് (പൂജാരി) ഇരുന്ന് പ്രസാദം പോലെയുള്ള സിന്ദൂരവും മധുരവും ഒക്കെ നൽകുന്നുണ്ട്. അതിന്റെ പിന്നിലായി സീതാ സമേതനായ രാമന്റെ ഒരു പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമയും കണ്ടതായി ഓർക്കുന്നു. അതിന്റെയും പിന്നിലായി വലിയ ഷീറ്റുകൾ വച്ച് മറച്ചിരിക്കുകയാണ്.

സുപ്രീംകോടതിയിൽ കേസായി തർക്കമന്ദിരമെന്നും തർക്ക ഭൂമിയെന്നും ഒക്കെ വിളിച്ചിരുന്ന ആ സ്ഥലത്ത്, ഭരണകൂട ഒത്താശയോടെ ഒരു മതവിഭാഗത്തിന്റെ ആളുകളെ മാത്രം കടത്തിവിടുകയും അവർക്ക് ആരാധന പോലെയുള്ള (ആരാധന തന്നെ) കാര്യങ്ങൾക്ക് നിയന്ത്രണത്തോടെ അനുവാദം നൽകുകയും കേസിലെ എതിർ മതവിഭാഗത്തിൽപ്പെട്ടവരെ തീണ്ടാപ്പാടകലെ നിർത്തുകയും ചെയ്യുന്ന യഥാർത്ഥ്യം കണ്ടറിഞ്ഞു.

അവിടെ നിന്നപ്പോൾ, കാൽ നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന, ബാബറി മസ്ജിദ് തകർത്തതിന്റെ, പത്രത്തിലും യുട്യൂബിലും മറ്റും കണ്ടിട്ടുള്ള ഫയൽ ചിത്രങ്ങൾ മനസ്സിലേക്ക് ആർത്തലച്ച് വന്നു.

12

ആ പണ്ഡിറ്റിന്റെ മുന്നിൽ കുറച്ച് പട്ടാളക്കാർ നിൽപ്പുണ്ടായിരുന്നു. അവിടെ വച്ച് ഒരു പട്ടാളക്കാരൻ അടുത്ത് വന്ന്, മലയാളിയാണോ എന്ന് ചോദിച്ചു. മലയാളിയായ പുള്ളിയോടും ഓൾ ഇന്ത്യ സോളോ യാത്രയുടെ കഥയൊക്കെ പറഞ്ഞ് പരിചയപ്പെട്ടു. അദ്ദേഹത്തോട് വെറുതെ ഒന്നു പതിയെ ചോദിച്ചു, എവിടെയാണ് ബാബറി മസ്ജിദ് എന്ന്? 'നിങ്ങൾ നിൽക്കുന്നയിടം തന്നെയാണ്, ആ കാണുന്ന ഷീറ്റുകൾക്ക് പിന്നിലായിരുന്നു പള്ളിയുടെ പ്രധാന ഭാഗങ്ങൾ ഉണ്ടായിരുന്നത്’, അദ്ദേഹത്തിന്റെ മറുപടി.

കാലിലൂടെ ഒരു മരവിപ്പ് കയറി, പുള്ളിയുടെ വാക്കുകൾ ഇങ്ങനെ മുഴങ്ങിമുഴങ്ങി നിൽക്കുന്നു. അവിടെ നിന്നപ്പോൾ, കാൽ നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന, ബാബറി മസ്ജിദ് തകർത്തതിന്റെ, പത്രത്തിലും യുട്യൂബിലും മറ്റും കണ്ടിട്ടുള്ള ഫയൽ ചിത്രങ്ങൾ മനസ്സിലേക്ക് ആർത്തലച്ച് വന്നു. അധികനേരം അവിടെ നിൽക്കാൻ സാധിച്ചില്ല. പതിയെ മുന്നോട്ട് നീങ്ങി. എപ്പോഴോ പുറത്തേക്കുള്ള കവാടത്തിലെത്തി. മനസ്സ് മുഴുവൻ ഒരു മരവിപ്പായിരുന്നു. ഇതുകൊണ്ടാണ് ഇവിടേക്ക് വരേണ്ട എന്ന് ചിന്തിച്ചിരുന്നത്.

13

പുറത്തേക്കിറങ്ങിയത് മറ്റൊരു കവാടം വഴിയായിരുന്നു. ബാഗ് വച്ചിരിക്കുന്ന ഇടത്തേക്ക് പോയി സാധനങ്ങൾ എടുത്തശേഷം ബാബറി മസ്ജിദ് നിന്ന സ്ഥലത്തിനു ചുറ്റും വെറുതെ ഒന്ന് നടക്കുവാൻ തീരുമാനിച്ചു. ചെറിയ ആ വീഥികളിലൂടെ നടന്നപ്പോൾ ഒന്നുരണ്ടു പേരോട് ബാബറി മസ്ജിദ് നിന്ന സ്ഥലത്തെക്കുറിച്ച് ചുമ്മാതെ ഒന്ന് ചോദിച്ചു, ആരും അങ്ങനെ മറുപടി ഒന്നും പറഞ്ഞില്ല. അവർക്ക് അതുപറയാനോ മറ്റും താൽപര്യമില്ലെന്ന് തോന്നുന്നു. ഒരാൾ പറഞ്ഞു, ആ റോഡിന്റെ മറുഭാഗത്ത് ചെന്നാൽ മസ്ജിദ് നിന്നിരുന്ന സ്ഥലം കാണാം. പക്ഷെ അവിടെ ഒന്നുമില്ല. മസ്ജിദിന്റെ ഒരു കട്ട പോലും അവിടെ കാണില്ല, എല്ലാം അവിടെ നിന്ന് മാറ്റി. ആ വാക്കുകൾ കേട്ടപ്പോൾ ബാരിക്കേഡുകൾക്കിടയിൽ നിന്നല്ലാതെ അവിടം ഒന്ന് കാണണം, അത് വലിയൊരു ദുഃഖകരമായ ഒന്നാണെങ്കിലും അത് കാണണം എന്ന് തോന്നൽ വന്നു.

14

മടക്കത്തിൽ ചില പള്ളിയറകൾ കണ്ടു. രാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുന്ഘൻ, കൗസല്യ, കൈകയി, സുമിത്ര തുടങ്ങി ദശരഥ മഹാരാജാവിന്റെയും ഹനുമാന്റെയും പേരിലുള്ള കെട്ടിടങ്ങളും കോട്ടകളും കണ്ടു.

പതിയെ നടന്ന് പുറകിലെത്തി നോക്കിയപ്പോൾ, കുറച്ചുമുമ്പ് പ്രദേശവാസിയായ ആ ഭയ്യ പറഞ്ഞതു പോലെ തന്നെ അവിടെ ഒരു മതിലു കണ്ടു. മതിലിനുള്ളിൽ വലിയ ഷീറ്റ് ഇട്ടിട്ടുണ്ട്. ആ ഷീറ്റ് വച്ച് മറച്ചുവച്ചതിനപ്പുറത്ത് ആയിരുന്നു അൽപം മുമ്പ് ബാരിക്കേഡിലൂടെ ഞങ്ങൾ കടന്നുപോയത്. ഇവിടെ നിന്നിട്ടും അധികം ഒന്നും കാണാൻ കഴിഞ്ഞില്ല. അവിടെയും ഇവിടെയും മാറി മതിലിനകത്ത് അല്പം മൺകൂന കണ്ടു. കുറച്ചുനേരം അവിടെ നോക്കി നിന്നശേഷം മടങ്ങി. മടക്കത്തിൽ ചില പള്ളിയറകളും കണ്ടു. രാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുന്ഘൻ, കൗസല്യ, കൈകയി, സുമിത്ര തുടങ്ങി ദശരഥ മഹാരാജാവിന്റെയും ഹനുമാന്റെയും പേരിലുള്ള കെട്ടിടങ്ങളും കോട്ടകളും കണ്ടു. ഇതിൽ പലതിനും പഴമ തോന്നിക്കുന്നില്ലെന്നു മാത്രം. ചിലപ്പോൾ മറ്റുള്ളവർക്ക് തോന്നിയിട്ടുണ്ടാകാം.

15

രാമായണം ഏറ്റവും ഇഷ്ടമുള്ള കാവ്യങ്ങളിലൊന്നാണ്. രാമായണത്തിലെ കഥകളും ഉപകഥകളും പലക്കുറി കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. കഥകളിലെയും ഐതിഹ്യങ്ങളിലെയും ഇടങ്ങൾ തേടിയുള്ള യാത്രകൾ എപ്പോഴും താൽപര്യമുള്ള ഒരു കാര്യവുമാണ്. മതഭ്രാന്തുകൾ പുലമ്പുന്ന ആളുകളുടെ ചിന്തകളിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു, വായിച്ച് സ്വയം മനസ്സിലാക്കി അറിഞ്ഞ രാമനും സീതയും രാവണനും ഒക്കെ. അവിടെ വിമർശനങ്ങൾക്കും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഭക്തിക്കും വിഭക്തിയ്ക്കും നാസ്തികത്തിനും ഒക്കെ സ്ഥാനമുണ്ട്. നിലവിലെ സാഹചര്യത്തിൽ അത്തരം ചിന്തകൾക്ക് യാതൊരു പ്രസക്തിയുമില്ല എന്നതാണ് ദൗർഭാഗ്യകരം. ഹനുമാൻ ഗർഹിയും, രാം കോട്ടും, ദശരഥ് മഹലും ഒക്കെ ദർശിച്ച് നടന്ന് അവസാനം വീണ്ടും പ്രധാന റോഡിലെത്തി. മടക്കം അയോദ്ധ്യ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ കണ്ടാൽ തന്നെ ക്ഷേത്രമാണെന്ന് തോന്നും. ക്ഷേത്ര മാതൃകയിലാണ് ആ കെട്ടിടം പണിതിരിക്കുന്നതുതന്നെ. അന്നുതന്നെ ആ പുരാതന നഗരത്തെ അടിമുടി മാറ്റി തുടങ്ങിയത് ദൃശ്യമായി തുടങ്ങിയിരുന്നു.

ക്ഷേത്രസമാനമായ അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ

16

അടുത്തയിടത്തിലേക്കുള്ള യാത്രയ്ക്കായി അയോദ്ധ്യയിലെ റെയിൽവേ സ്റ്റേഷനിൽ ചെന്നിരുന്നപ്പോൾ ആലോചിച്ചത്, ഭക്തിയുണ്ടായിരുന്ന കാലത്തെ പ്രിയപ്പെട്ട ഈശ്വര സങ്കൽപ്പമായ രാമന്റെ നാമത്തിൽ (രാം കി നാം..), ദൈവനാമത്തിൽ, ഒരു കൂട്ടം ആളുകൾ സൃഷ്ടിച്ച മുറിവുകളെക്കുറിച്ചായിരുന്നു. ഒപ്പം, ആ മുറിവുകൾ എന്നെങ്കിലും ഉണങ്ങുമെന്നും എല്ലാവരും സൗഹാർദ്ദത്തോടെ നിൽക്കുമെന്നും ലോകം മുഴുവനും പരസ്പരം തീർത്ത വേലിക്കെട്ടുകളും മതിലുകളും പൊളിച്ചു കളഞ്ഞ് വിവേചനങ്ങളില്ലാതെ അതിർത്തികളില്ലാതെ എല്ലാവർക്കും സഞ്ചരിക്കാമെന്നും എല്ലാവരിലും പുഞ്ചിരിയും സമാധാനവും കാണുമെന്നുമുള്ള ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം ഇപ്പോഴും തുടരുന്നു.

Comments