ഫോറസ്റ്റ് ബ്രദേഴ്‌സ് അംഗത്തിന് ആർമി ഓഫീസിനു മുമ്പിൽ നൽകിയ അന്ത്യയാത്ര. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ ബാൾട്ടിക് രാജ്യങ്ങളെ കീഴടക്കിയപ്പോൾ അവർക്കെതിരെ ചാവേറാക്രമണം നടത്തിയ സംഘടനയാണ് ഫോറസ്റ്റ് ബ്രദേഴ്‌സ്.

രണ്ട്​ സ്വാതന്ത്ര്യദിനങ്ങളുള്ള രാജ്യം

ആർമി യൂണിഫോമുകളിട്ട് വരുന്ന കൗമാരക്കാരായ വിദ്യാർഥി- വിദ്യാർഥിനികൾ പതിവ് കാഴ്ചയായിരുന്നു. റഷ്യയെ മുൻനിർത്തി അവതരിപ്പിക്കപ്പെടുന്ന ഭയം നിറഞ്ഞ ഓർമകളുടെ രാഷ്ട്രീയം യുദ്ധത്തിനായ് തയ്യാറെടുത്ത് നിൽക്കുക എന്നത് ഒരു അനിവാര്യതയായി മാറ്റിയിരുന്നു

നാല്

​​​​​​​കൗണസ് നഗരത്തിലെ സാധാരണമായൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ് ക്രിസ്റ്റീന. സാമാന്യം വലിയൊരു കുടുംബമാണ് അവരുടേത്. ബന്ധുമിത്രാദികൾ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പടർന്നു കിടക്കുന്നു. ക്രിസ്റ്റീനയുടെ പിതാവ് സോവിയറ്റ്/ ലിത്വാനിയൻ ആർമിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. മാതാവ് നിലവിൽ വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നു. കൊമേഴ്‌സിൽ പിഎച്ച്.ഡി നേടിയശേഷം ടൗണിലുള്ള ഒരു കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് ക്രിസ്റ്റീന. അവിടെ അസിസ്റ്റന്റ് പ്രൊഫസർമാർക്ക് ഒരു പിഎച്ച്.ഡി വിദ്യാർഥിയുടെ സ്‌കോളർഷിപ്പിനോളമേ സാലറിയുള്ളൂ. 800 യൂറോയോളം. പിന്നെ പിടിച്ചുനിൽക്കാൻ കഴിയുന്നത് മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ റിസർച്ച് പ്രോജക്ടുകൾ ലഭിക്കുന്നതുവഴിയാണ്. പലരും യു.എന്നിന്റെയോ, യൂറോപ്യൻ യൂണിയന്റെയോ പ്രോജക്ടുകൾക്കായി നെട്ടോട്ടമോടുന്നു. അവിടെ ഗവൺമെന്റ് സെക്ടറിൽ മിനിമം വേജ് എന്നത് 500 യൂറോയാണത്രേ. എന്നാൽ നഗരത്തിൽ ഒരു സാമാന്യം കുഴപ്പമില്ലാത്ത വീട് വാടകക്കെടുക്കേണ്ടിവന്നാൽ ഇതേപണം നൽകേണ്ടിവരും. ഒരു നേരം ഭക്ഷണം പുറത്തുനിന്ന് കഴിക്കുകയാണെങ്കിൽ ആവറേജ് അഞ്ച് യൂറോ പ്രതീക്ഷിക്കാം. എന്നാൽ ഏതൊരു മുതലാളിത്ത രാജ്യത്തും സംഭവിക്കുന്നതുപോലെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളെ ഭരണകൂടം കുറഞ്ഞ രീതിയിലാണ്​ പരിഗണിക്കുന്നത്​.

ഗാരിസൺ ഓഫീസേഴ്‌സ്  ക്ലബിൽ നടന്ന ലിത്വാനിയൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്രിസ്റ്റീനക്കും അവരുടെ അമ്മക്കുമൊപ്പം അമൽ
ഗാരിസൺ ഓഫീസേഴ്‌സ് ക്ലബിൽ നടന്ന ലിത്വാനിയൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്രിസ്റ്റീനക്കും അവരുടെ അമ്മക്കുമൊപ്പം അമൽ

ബാൾട്ടിക് ദിനങ്ങളിലും തുടർന്നും നിർലോഭമായൊരു സൗഹൃദം സമ്മാനിച്ചയാളാണ് ക്രിസ്റ്റീന. വിശേഷിച്ചും അവരുടെ കുടുംബക്കാർക്ക് ഇന്ത്യക്കാരോട് വലിയ കാര്യമായിരുന്നു. ഇന്ത്യക്കാരെന്ന് പറഞ്ഞാലും ക്രിസ്റ്റീനയുടെ സൗഹൃദവലയം മലയാളികളുടേതായിരുന്നു. ഇന്ത്യ സന്ദർശിക്കണമെന്ന് എപ്പോഴും ഒരു ആഗ്രഹമായി അവർ പറയുമായിരുന്നു. ക്രിസ്റ്റീനയുടെ പിതാവ് ആർമിയിൽനിന്ന് വിരമിച്ചെങ്കിലും കോൺട്രാക്ട് അടിസ്ഥാനത്തിൽ അവിടെ തുടർന്നും നിയമനം ലഭിച്ചു.
കൗണസ് ഗരിസൺ ഓഫീസേഴ്‌സ് ക്ലാസിലായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്. അത് രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള സ്വാതന്ത്ര്യകാലത്ത് (Inter war period) ലിത്വാനിയക്കാർ നിർമിച്ച അഭിമാന സ്തംഭങ്ങളിലൊന്നായ ആർമി റീജ്യണൽ ഓഫീസായിരുന്നു. അവിടെ വിശേഷദിവസങ്ങളിൽ നടന്നുവരാറുള്ള ലിത്വാനിയൻ കലാസാംസ്‌കാരിക പരിപാടികൾക്ക് ഞങ്ങളും ആനയിക്കപ്പെടുക പതിവായി. സംഗീത സദസുകളും, നൃത്തനൃത്യങ്ങളും സംഗീത നാടകങ്ങളുമെല്ലാമായി പുതിയൊരു ഗംഭീരൻ അനുഭവങ്ങളായിരുന്നു പ്രസ്തുത കലാ-സാംസ്‌കാരിക പരിപാടികൾ. നയന മനോഹരമായ വിരുന്നിനുശേഷം ക്രിസ്റ്റീനയുടെ കുടുംബവീട്ടിൽ നിന്ന് കൊണ്ടുവരുന്ന രസികൻ കേക്കുകളും, വൈനും, സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങളും ഞങ്ങളുമായി പങ്കുവയ്ക്കുക പതിവായിരുന്നു. ലിത്വാനിയൻ വിദ്യാർഥികൾക്ക് അവരുടെ പഠനകാലയളവിൽ ഒരു നിശ്ചിതസമയം ആർമി സേവനം നിർബന്ധമായിരുന്നു. തെരുവിലൂടെ നടന്നുപോകുമ്പോൾ ആർമി യൂണിഫോമുകളിട്ട് വരുന്ന കൗമാരക്കാരായ വിദ്യാർഥികൾ പതിവ് കാഴ്ചയായിരുന്നു. റഷ്യയെ മുൻനിർത്തി അവതരിപ്പിക്കപ്പെടുന്ന ഭയം നിറഞ്ഞ ഓർമകളുടെ രാഷ്ട്രീയം യുദ്ധത്തിനായി തയാറെടുത്ത് നിൽക്കുക എന്നത് ഒരു അനിവാര്യതയായി മാറ്റിയിരുന്നു. പുടിന്റെ ക്രിമിയൻ പിടിച്ചെടുക്കലിനുശേഷം റൂസോഫോബിയ (റഷ്യൻപേടി) പാരമ്യത്തിലെത്തി എന്നുപറയാം.

ഭരണഭാഷയായി സാംസ്‌ക്കാരിക മേധാവിത്തമായുള്ള റഷ്യൻ അധികാരത്തിന്റെ തിരിച്ചുവരവ് ബാൾട്ടിക് മനസുകളിൽ അസ്വസ്ഥതകളുടെ വിത്തെറിഞ്ഞിരുന്നു

കെടുകാര്യസ്ഥതയുടെ ഒരു കാലഘട്ടം

ക്രിസ്റ്റീനയുമായുള്ള സംഭാഷണങ്ങളിൽ, സോവിയറ്റ് യൂണിയൻ നടത്തിയ റൂസിഫിക്കേഷൻ (റഷ്യൻ വൽക്കരണം) യു.എസ്.എസ്.ആർ കാലത്തെ ബാർട്ടിക്കുകളുടെ ഒരു പ്രധാന പ്രശ്‌നമായി പറഞ്ഞു. സാറിസ്റ്റ് കൊളോണിയൽ കാലം മുതലേ റഷ്യൻ മേധാവിത്തത്തോടുള്ള അതൃപ്തി ജനങ്ങൾക്കിടയിൽ ആഴത്തിൽ അലിഞ്ഞുചേർന്നിരുന്നു. ഭരണഭാഷയായി സാംസ്‌ക്കാരിക മേധാവിത്തമായുള്ള റഷ്യൻ അധികാരത്തിന്റെ തിരിച്ചുവരവ് ബാൾട്ടിക് മനസുകളിൽ അസ്വസ്ഥതകളുടെ വിത്തെറിഞ്ഞിരുന്നു. അതോടൊപ്പം, സോവിയറ്റ് കാലത്ത് മതത്തിനും മതാധിഷ്ഠിത സാംസ്‌കാരിക മേധാവിത്തത്തിനും പ്രഭുത്വത്തിനും നൽകപ്പെട്ടിരുന്ന കൂച്ചുവിലങ്ങുകൾ കമ്യൂണിസത്തിനെതിരെ അലയടിച്ചുയരുന്ന യാഥാസ്ഥിതിക ആശയധാരയെ നിർമിച്ചു. വൈവിധ്യങ്ങളായ തിരഞ്ഞെടുപ്പുകളുടെ നിരാകരണം ഒരു പ്രധാന പ്രശ്‌നമായിരുന്നു. നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ അങ്ങനെ പലതും ഈടുള്ളവയെങ്കിലും ആവർത്തന വിരസതകളുടേതായി. ഇറച്ചി ലഭിക്കുന്ന ഗവൺമെന്റ് സ്റ്റോറിനു മുന്നിൽ കുട്ടിക്കാലത്ത് അമ്മൂമക്കൊപ്പം ക്യൂ നിന്ന് ഒടുവിൽ ബീഫ് തീർന്നുപോയ വാർത്തയറിഞ്ഞ് നിരാശയോടെ മടങ്ങേണ്ടിവന്ന അനുഭവം ​പ്രൊഫ. സരുണാസ് പങ്കുവെച്ചിരുന്നു. എന്നാൽ സോവിയറ്റ് അധികാരകേന്ദ്രങ്ങളുടെ (നോമെൻ ക്ലാത്തുറ) ഭാഗമായി നിലനിന്ന ഒഫീഷ്യൽസിന് എല്ലാം അല്ലലില്ലാതെ ലഭിക്കുമായിരുന്നത്രേ. ഇത്തരം അനുഭവങ്ങൾ കെടുകാര്യസ്ഥതയുടെ ഒരു കാലഘട്ടത്തെ ഓർമപ്പെടുത്തുന്നുണ്ട്.

സുഹൃത്ത് ക്രിസ്റ്റീനയ്ക്കൊപ്പം അമൽ
സുഹൃത്ത് ക്രിസ്റ്റീനയ്ക്കൊപ്പം അമൽ

ഇതേസമയം, പുറമേക്ക് ഏറെ ആകർഷകമെന്ന് തോന്നുംവിധം അവതരിപ്പിക്കപ്പെട്ട മുതലാളിത്ത ജീവിതങ്ങളുടെ പരസ്യത്തിൽ ജനത എളുപ്പം ആകൃഷ്ടരായി. ശീതയുദ്ധ നാളുകൾ മുതൽ ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മുതലാളിത്തലോകം ആർജിച്ച തരത്തിലുള്ള സാങ്കേതിക വികാസങ്ങൾ സോവിയറ്റ് നാടിന് നഷ്ടപ്പെട്ടു. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ മേധാവിത്ത നിർമിതിക്കായി നടത്തിക്കൊണ്ടിരുന്ന അനാവശ്യ ഇടപെടലുകളും വിനയായി. അഫ്ഗാൻ ഇടപെടലും മറ്റ് പലനിലകളിൽ മറ്റുള്ളവർക്ക് നൽകപ്പെട്ട സോവിയറ്റ് സഹായങ്ങളുമെല്ലാം ഈ നിലയിൽ പരിഗണിക്കാവുന്നതാണ്. ചുരുക്കത്തിൽ സോവിയറ്റ് നേതൃത്വം താഴെത്തട്ടിൽ നടക്കുന്നതെന്ത് എന്ന് മനസിലാക്കാൻ കഴിയാത്ത ബ്യൂറോക്രാറ്റിക് ശൈലിയിലുള്ള ഭരണസംവിധാനമായി അത് പാവപ്പെട്ടവർക്കായി നവയുഗനിർമ്മാണം എന്ന് വാഴ്​ത്തപ്പെട്ട ഒരു സിസ്റ്റത്തിന്റെ കടക്കൽ കത്തിവെച്ചു.

കാലിക്കുപ്പി പെറുക്കുന്ന യുവാവ്​

ഇന്ന് ഇതിന്റെ മറുവശമെന്നോണം കൊട്ടിഘോഷിക്കപ്പെടുന്ന വൈവിധ്യപൂർണമായ ജനാധിപത്യലോകം മറ്റൊരു പ്രൊപ്പഗാൻറയുടെ പരസ്യാവിഷ്‌കാരമാണെന്നും മനസിലാക്കാം. ഇന്നത്തെ മുതലാളിത്ത ജനാധിപത്യത്തിന്റെ അപ്പോസ്തലർ പുറമേക്ക് പറയാതെ പോകുന്ന ഉൾക്കാഴ്ചകൾ നേരിട്ട് കാണാൻ സാധിച്ച ഒരു സംഭവമുണ്ടായിരുന്നു. കൗണസിലെ എറ്റവും വലിയ ഷോപ്പിങ് മാളായ അക്രോ​പോളിസിലെ മാക്‌സിമ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിവരുമ്പോൾ ബില്ലടിച്ച് പേമെന്റ് വാങ്ങാനിരിക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചെറുപ്പക്കാരനായ ഒരു കണ്ണടക്കാരനെ ശ്രദ്ധിച്ചിരുന്നു. ലിത്വാനിയൻ കസ്റ്റമേഴ്‌സിനോടെല്ലാം വളരെ സ്വാഭാവികമായ പെരുമാറ്റത്തിനുശേഷം ഞങ്ങൾ ഇന്ത്യക്കാർ വന്നപ്പോൾ അയാൾ വളരെ പരുഷമായി പെരുമാറിയിരുന്നു. ഞങ്ങളോട് തീരെ ഇഷ്ടപ്പെടാത്തതായ ഒരു മുഖഭാവം അയാൾക്കുണ്ടായിരുന്നു. ഒരിക്കൽ ഇതേ മാളിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികേപ്പോകാൻ ബസ്‌റ്റോപ്പിലേക്ക് വരുമ്പോൾ ബസ്‌റ്റോപ്പിന് അൽപം പിറകിലായുള്ള വേസ്റ്റ് ബിന്നിൽ ആരെങ്കിലും നോക്കുന്നുണ്ടോയെന്ന് ചുറ്റിലും ശ്രദ്ധിച്ച് പരതുന്ന അയാളെക്കണ്ടു. അൽപ്പനേരം കൊണ്ട് അതിൽ നിന്ന് ഒരു കാലിക്കുപ്പി കൈക്കലാക്കി അത് കൈയിലുള്ള കവറിനകത്താക്കി. പെട്ടെന്ന് അതുവഴി കയറിവന്ന ഒരു ലിത്വാനിയൻ സ്ത്രീയെക്കണ്ട് അയാൾ വലിയ ജാള്യതയോടെ ചാടിമാറുന്നതുകണ്ടു. ഷോപ്പിങ് മാളുകളോടുചേർന്ന് കാലിക്കുപ്പികൾ എടുക്കുന്ന സ്ഥലമുണ്ട്. ഒരു കുപ്പിക്ക് പത്ത് സെന്റ് (ഒരു യൂറോയുടെ പത്തിലൊന്ന്) വീതം കിട്ടും. അത് പെറുക്കി വിൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ ഗതികേടാണ് ആ കണ്ടത്. ഇതുപോലെതന്നെ ഡസ്റ്റ്ബിന്നിൽ പരതുന്ന പ്രായം ചെന്നവരേയും ശ്രദ്ധയിൽപ്പെട്ടു.

ഫോറസ്റ്റ് ബ്രദേഴ്‌സ് അംഗങ്ങളെ രാജ്യത്തിന്റെ രക്തസാക്ഷികളായി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ
ഫോറസ്റ്റ് ബ്രദേഴ്‌സ് അംഗങ്ങളെ രാജ്യത്തിന്റെ രക്തസാക്ഷികളായി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ

പിന്നീട് നടത്തിയ യാത്രകളുടെ ഭാഗമായി ബർലിനിൽ ചെന്നപ്പോൾ അവിടെ ഞങ്ങൾക്ക് ആതിഥ്യമരുളിയ ​പ്രൊഫസറും സ്വന്തം നഗരത്തിൽ നേരിട്ട് കാണാറുള്ള സമാന അനുഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു. സോവിയറ്റ് കാലത്ത് പരിമിതികളും പ്രശ്‌നങ്ങളുമുണ്ടായിരുന്നെങ്കിലും അവശ്യ സാധനങ്ങൾ ഏവർക്കും ലഭ്യമായിരുന്നു. സോവിയറ്റ് കാലത്ത് ജീവിതത്തിന്റെ ഭാഗമായി കാലിക്കുപ്പികൾ പെറുക്കി വിൽക്കേണ്ട അവസ്ഥയിലേക്ക് ഭരണകൂടമായിട്ട് ജനതയെ തള്ളിവിട്ടിരുന്നില്ല. ഇന്ന് ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരാധീനതകളുടെ ഭാഗമായുണ്ടാകുന്ന വെറുപ്പ് മൂലകാരണങ്ങളെ മനസിലാക്കാതിരിക്കാൻ ഭരണകൂട സ്ഥാപനങ്ങൾ തന്നെ അത് ന്യൂനപക്ഷങ്ങളിലേക്കും കുടിയേറ്റക്കാരിലേക്കും തിരിച്ചുവിടുന്നു. അപ്പോൾ ഇന്ന് ജനങ്ങൾക്ക് സോവിയറ്റ് കാലങ്ങളേക്കാൾ സ്വാതന്ത്ര്യമുണ്ടോയെന്ന് ചോദിച്ചാൽ ഏറെ പരിമിതികൾക്കകത്തുനിന്ന ഉണ്ട് എന്ന് മറുപടി പറയേണ്ടിവരും.

തികച്ചും പാവപ്പെട്ട സാഹചര്യത്തിൽ ജീവിച്ചിരുന്ന ക്രിസ്റ്റീനയുടെ മാതാപിതാക്കൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം ചെലവേതുമില്ലാതെ ലഭ്യമായത് സോവിയറ്റ് യൂണിയന്റെ പരിരക്ഷകൾ മൂലമായിരുന്നത്രേ

കൃത്യമായ സോവിയറ്റ് വിമർശനങ്ങൾ അവതരിപ്പിക്കുമ്പോഴും ക്രിസ്റ്റീന സോവിയറ്റ് നാടിന് പറഞ്ഞ ഒരു പ്രധാന മേന്മ അവരുടെ കുടുംബത്തിന്റെ വികാസത്തെ സംബന്ധിച്ചതു തന്നെയായിരുന്നു. തികച്ചും പാവപ്പെട്ട സാഹചര്യത്തിൽ ജീവിച്ചിരുന്ന ക്രിസ്റ്റീനയുടെ മാതാപിതാക്കൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം ചെലവേതുമില്ലാതെ ലഭ്യമായത് സോവിയറ്റ് യൂണിയന്റെ പരിരക്ഷകൾ മൂലമായിരുന്നത്രേ. അന്ന് സാർവ്വത്രികമായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിൽ ഇന്നുകാണുന്ന തരത്തിലുള്ള ഒരു നിലനിൽപ്പ് ഞങ്ങളുടെ കുടുംബത്തിന് സാാധ്യമാകുകയുണ്ടാവില്ലെന്ന് ക്രിസ്റ്റീന സമർത്ഥിച്ചു. എന്നാൽ രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക നയങ്ങളിൽ പാവപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് വരുന്നൊരാൾക്ക് ഭരണകൂട പരിരക്ഷയോടെ ഉന്നതവിദ്യാഭ്യാസം എന്നത് ചിന്തനീയം പോലുമല്ല.

ഫോറസ്റ്റ് ബ്രദേഴ്‌സ്

അങ്ങനെയിരിക്കേ ഒരു നാൾ ഗാരിസൺ ഓഫീസേഴ്‌സ് ക്ലബ്ബിനു മുമ്പിലൂടെ നടന്നുപോകുമ്പോൾ അവിടെ ഒരു ആൾക്കൂട്ടവും മിലിറ്ററി ഓഫീസർമാരുടെ ആദരമർപ്പിക്കൽ ചടങ്ങുപോലെ ഒന്നും ശ്രദ്ധയിൽപ്പെട്ടു. അടുത്തുചെന്നു നോക്കിയപ്പോൾ ആരുടെയോ അന്ത്യയാത്രക്ക് അഭിവാദ്യം അർപ്പിക്കുകയാണ്. ചടങ്ങ് സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കേ ഞങ്ങളുടെ തൊട്ടടുത്ത് നിന്നിരുന്ന ഒരാൾ ഇംഗ്ലീഷിൽ ഞങ്ങളോട് വാചാലനായി.

ഫോറസ്റ്റ് ബ്രദേഴ്‌സിനെ പ്രകീർത്തിക്കുന്ന ചിത്രീകരണങ്ങൾ
ഫോറസ്റ്റ് ബ്രദേഴ്‌സിനെ പ്രകീർത്തിക്കുന്ന ചിത്രീകരണങ്ങൾ

അവിടെ നടക്കുന്നതെന്തെന്ന് ഞങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ നാടിനും ജനങ്ങൾക്കുംവേണ്ടി ധീരമായി പോരാടിയ ഒരു യോദ്ധാവാണത്. ഇവരെപ്പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ ഞങ്ങളൊന്നും ഇന്ന് ഉണ്ടാകുമായിരുന്നില്ല. രണ്ടാംലോകമഹായുദ്ധത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ ഞങ്ങളെ കീഴടക്കിയപ്പോൾ അവർക്കെതിരെ ചാവേറാക്രമണം നടത്തിയ ഫോറസ്റ്റ് ബ്രദേഴ്‌സ് എന്ന സംഘടനയിലെ അംഗമായിരുന്നു ഇയാൾ. അദ്ദേഹം അഭിമാനപൂർവ്വം പറഞ്ഞുനിർത്തി. താങ്കൾ ആരാണ്? ഞാൻ സൗഹൃദപൂർവ്വം ആരാഞ്ഞു.
അപ്പോൾ അൽപ്പം ദൂരെ ഒരു കുന്നിനു മുകളിലുള്ള കൗണസിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സമാന്യം വലിയൊരു ക്രിസ്ത്യൻ ദേവാലയം ചൂണ്ടിക്കാണിച്ചിട്ട് അദ്ദേഹം പറഞ്ഞു, ഞാൻ അവിടുത്തെ പുരോഹിതനാണ്. ഞങ്ങളുടെ പളളി സോവിയറ്റ് കാലത്ത് റേഡിയോ സ്‌റ്റേഷനാക്കിമാറ്റിയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളെ തുരത്തി അവരുടെ കൈവശമിരുന്ന ബാർട്ടിക്കുകളെ സോവിയറ്റ് യൂണിയൻ പിടിച്ചെടുത്തപ്പോൾ ചെമ്പടയെ തുരത്തി സോവിയറ്റ് യൂണിയനെ തിരിച്ചയക്കാനായി തദ്ദേശീയരായ ജന്മിമാരുടേയും പൗരോഹിത്യത്തിന്റേയും പിന്തുണയോടെ രൂപീകരിക്കപ്പെട്ട് വനങ്ങൾക്കകത്ത് പരിശീലനം നടത്തുകയും സോവിയറ്റ് മുന്നേറ്റങ്ങൾക്ക് നേരെ ചാവേറാക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്ന സംഘമാണ് ഫോറസ്റ്റ് ബ്രദേഴ്‌സ്. അവർക്ക് നാസി പ്രത്യയശാസ്ത്രത്തോടും ഹിറ്റ്‌ലറുടെ കടന്നുവരവിനോടും ഭരണത്തോടും പൂർണമായ യോജിപ്പായിരുന്നു. കിരാതമായ ജൂതക്കൊലകളിൽ അർത്ഥശങ്കകളില്ലായിരുന്നു.

എന്നാൽ നിലനിൽക്കുന്ന സാമൂഹിക- സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിച്ച് സോവിയറ്റ് യൂണിയൻ ആവിഷ്‌കരിച്ച പുത്തൻ രാഷ്ട്രനിർമാണം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. സ്റ്റാലിൻ അവർക്ക് ആജന്മ ശത്രുവായി മാറുകയും കമ്യൂണിസ്റ്റ് ആശയഗതികൾ ഒരിക്കലും വളരാതിരിക്കാൻ കഠിനമായി പ്രയത്‌നിക്കുകയും ചെയ്തു. എന്നാൽ ശക്തമായ ചെമ്പടയോട് പോരാടാനിറങ്ങിയ അവർക്ക് വളരെ വേഗം തന്നെ പരാജയപ്പെട്ട് കീഴടങ്ങേണ്ടിവന്നു. ഫോറസ്റ്റ് ബ്രദേഴ്‌സ് എന്ന ഒളിപ്പോരാളികളായ ചാവേറുകളെ സോവിയറ്റ് കാലഘട്ടത്തിൽ പിന്തിരിപ്പൻമാരായ തീവ്രവാദികളായി പരിഗണിച്ച് മാറ്റിനിർത്തുകയാണുണ്ടായത്.

ക്രിസ്റ്റീനക്കും കുടുംബത്തിനുമൊപ്പം കൗണസ് ആർമി ഓഫീസിൽ
ക്രിസ്റ്റീനക്കും കുടുംബത്തിനുമൊപ്പം കൗണസ് ആർമി ഓഫീസിൽ

എന്നാൽ സോവിയറ്റ്/ കമ്യൂണിസ്റ്റ് വിരുദ്ധ വിചാരധാര അവരെ വീരന്മാരായി മനസിൽ കൊണ്ടുനടന്നു. സോവിയറ്റ് യൂണിയനെതിരായ സമരകാലത്ത് മേധാവിത്തം തിരികെപിടിച്ചു യഥാസ്ഥിത ചിന്താധാര അവരെ ദേശീയ നായകരായി അവരോധിച്ചു. സോവിയറ്റ് അനന്തരനാളുകളിൽ അവർക്കായി സ്മാരകങ്ങളുയരുകയും ഔദ്യോഗിക ദേശീയത അവരെ വാഴ്ത്തിപ്പാടുകയും ചെയ്തു.

ആഘോഷവേദികളിലേക്ക്​

വന്നെത്തിയ ആദ്യനാളുകളിൽ കൂടുതലായും ദോമിലെ സുഹൃത്തുക്കളേക്കാളേറെ പുറത്തുള്ളവരുമായിട്ടാണ് സമയം ചെലവഴിച്ചിരുന്നതും സൗഹൃദങ്ങൾ പങ്കിട്ടിരുന്നതും. ദോമിലുള്ള പലരുമായും കൂടുതൽ അടുക്കുന്നത് പിന്നീടാണ്. ലിത്വാനിയൻ സ്വതന്ത്ര്യ സമരത്തിന്റെ വാർഷികാഘോഷങ്ങൾ അടുക്കുന്ന ദിവസങ്ങളായിരുന്നു അത്. സ്വതന്ത്ര ലിത്വാനിയൻ ദേശരാഷ്ട്രനിർമാണത്തിന്റെ നൂറാംവാർഷികവും സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഇരുപത്തെട്ടാം വാർഷികവും ആഘോഷിക്കാൻ രാജ്യം തയ്യാറെടുക്കുകയായിരുന്നു.

ഗാരിസൺ ഓഫീസേഴ്‌സ് ക്ലബ്ബിലെ സംഗീതവിരുന്ന്‌
ഗാരിസൺ ഓഫീസേഴ്‌സ് ക്ലബ്ബിലെ സംഗീതവിരുന്ന്‌

‘സാധാരണരാജ്യങ്ങൾ ഒരു സ്വാതന്ത്ര്യദിനമല്ലേ കൊണ്ടാടുക. ഇവർക്കെന്താ രണ്ട് സ്വാതന്ത്ര്യദിനങ്ങൾ?' ഞാൻ ഇതേപ്പറ്റി ഇവിടുത്തെ ഒരു ടാക്‌സിക്കാരനോട് ചോദിച്ചു. അയാൾ കൃത്യമായി ഒന്നും പറഞ്ഞില്ല. ദോമിലെ സുഹൃത്തായ ചെക്ക് റിപ്പബ്ലിക്കൻകാരി ഡൊമിനിക്ക ഒരിക്കൽ എന്നോടു പറഞ്ഞു; ബാൾട്ടിക്കുകളുടെ ആദ്യ സ്വാതന്ത്ര്യ ദിനമായ 1918 ഫെബ്രുവരി 16 ബോൾഷെവിക് വിപ്ലവത്തെ തുടർന്ന് സാറിസ്റ്റ് റഷ്യയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ അനുസ്മരിക്കപ്പെടുന്നതാണ്. രണ്ടാം സ്വാതന്ത്ര്യദിനമായ 1991 മാർച്ച് 11 ആകട്ടെ സോവിയറ്റ് യൂണിയനിൽ നിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ദിനവും.

ദേശീയ പുനർനിർമാണത്തിന്റെ നൂറാംവാർഷികം മുതൽ സിംഗിങ്​ റവല്യൂഷന്റെയും സോവിയറ്റ് യൂണിയനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും സംഭവ ബഹുലമായ അനുസ്മരണങ്ങൾക്കും ആഘോഷപരിപാടികൾക്കുമുള്ള വേദികളിലേക്ക് ഞാൻ ക്രിസ്റ്റീനയാൽ ക്ഷണിക്കപ്പെടുകയായിരുന്നു.▮

(തുടരും)

Comments