ഇന്ത്യക്കാരൻ ഞാനായി മാറി
പത്ത്
ലിത്വാനിയയിലെ അതിശൈത്യം മാറി മഞ്ഞുരുകി തുടങ്ങിയിരുന്നു. വസന്തത്തിന്റെ വരവ് വിളിച്ചറിയിച്ച് മഞ്ഞുകണങ്ങൾ ഉരുകിമാറിയ വേളയിൽ കണ്ടുതുടങ്ങിയ പച്ചപ്പിൽ നിന്ന് കുഞ്ഞുപൂക്കൾ വിടരാൻ തുടങ്ങി. മഞ്ഞിൽ ഉരുകി നിന്നിരുന്ന മരങ്ങളിലും പൂക്കൾ വിടർന്ന് നിറഞ്ഞു. നഗരവീഥികളിലൂടെയുള്ള യാത്ര സൗരഭ്യമുള്ളതായി. അങ്ങനെയൊരുദിവസം കൗണസ് നഗരത്തിനടുത്തുള്ള ഒരു ഉദ്യാനത്തിൽ വിരിഞ്ഞ ടുളിപ്പ് പുഷ്പങ്ങൾ കാണാൻ ക്രിസ്റ്റീന ക്ഷണിച്ചു.
അരയന്നങ്ങളും പൂക്കളും നിറഞ്ഞ ആ ഉദ്യാനത്തിൽ അവർക്കൊപ്പം വസന്തത്തിന്റെ വരവ് ആസ്വദിച്ചു. "വിന്ററിൽ തുടങ്ങുന്ന ഇറാസ്മസ് സെമസ്റ്ററിൽ ഇങ്ങോട്ടുവന്നത് നന്നായി. ബാൾട്ടിക് മാതൃകയിലുള്ള ശൈത്യം, വസന്തം, ഹേമന്തം, ശരത്കാലം എല്ലാം കണ്ടശേഷം ഒരു നല്ല കാലാവസ്ഥയിൽ ഇവിടെനിന്ന് വിടപറയാം'; കെ.ടി.യുവിലെ അധ്യാപികയായ അഡ്രോണ ചെറിയൊരു പുഞ്ചിരിയോടെ സൂചിപ്പിച്ചു. എന്റെ ഗവേഷണങ്ങളെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമെല്ലാം വിശദമായി പലകാര്യങ്ങളും ചോദിക്കുകയും ചർച്ച ചെയ്യുകയുമെല്ലാം ചെയ്തിരുന്നയാളാണ് അവർ. പതിഞ്ഞ ശബ്ദത്തിൽ എന്നാൽ ശക്തമായ വാക്കുകളിലൂടെ സംസാരിക്കുന്നയാളായിരുന്നു പ്രൊഫ. അഡ്രോണേ. ആദ്യമായി ഇടപഴകുമ്പോൾ തന്നെ കരുത്തുറ്റ വ്യക്തിത്വമുള്ള ഒരു സ്ത്രീയായി അനുഭവപ്പെട്ടിരുന്നു.
![കൗണസിലെ ഉദ്യാനത്തിൽ ക്രിസ്റ്റീനയ്ക്കും കുടുംബത്തിനുമൊപ്പം അമൽ](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/kaunus1-d6ef.jpg)
കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വിശിഷ്യ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെക്കുറിച്ച് അവർ ഏറെ ജിജ്ഞാസയോടെ പലകാര്യങ്ങളും ചോദിച്ചു. ആദ്യകാല ഗവൺമെന്റിലുണ്ടായിരുന്ന വനിതാ നേതാക്കളെക്കുറിച്ച് അവർ അത്ഭുതം കൂറി. ലിത്വാനിയയിൽ എല്ലാ മേഖലയിലും നിങ്ങൾക്ക് സ്ത്രീകളെ കാണാം. എന്നാൽ നേതൃത്വങ്ങളിൽ അവരില്ലാത്ത അവസ്ഥയാണ്. സമൂഹം ഇപ്പോഴും പുരുഷകേന്ദ്രീകൃതം തന്നെ. അഡ്രോണ പറഞ്ഞു. കേരളത്തിലെ സോവിയറ്റ് സ്വാധീനങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചക്കൊടുവിൽ അവർ പറഞ്ഞു; ""നോക്കൂ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പുരോഗമനപരമായി സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യം തന്നെയാണ്. എന്നാൽ ഞങ്ങൾ കമ്യൂണിസം ഇഷ്ടപ്പെടാത്തതിന് ഞങ്ങളുടേതായ ചില കാര്യങ്ങളുണ്ട്.
എന്റെ മുത്തശ്ശി സ്റ്റാലിന്റെ ഭരണകാലത്ത് സൈബീരിയൻ ലേബർ ക്യാമ്പിൽ എത്തപ്പെട്ട ഒരാളാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊന്നും നല്ല ഓർമകളല്ല.'' ഇക്കാരണങ്ങൾ കൊണ്ടുതന്നെ ജെ.എൻ.യു ക്യാമ്പസിന്റെ ചിത്രങ്ങളിൽ സോവിയറ്റ് നേതാക്കളും കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളുമെല്ലാം കണ്ടപ്പോൾ ആദ്യം അത് അത്ര നല്ല അനുഭവമായി തോന്നിയില്ല. അവർ പറഞ്ഞു. എന്നാൽ നീണ്ട ആശയവിനിമയങ്ങൾക്കുശേഷം ജെ.എൻ.യുവിലേയും കേരളത്തിലേയും ഇടതുപക്ഷം നേതൃത്വം കൊടുത്ത മാറ്റങ്ങളെ അവർ ഏറെ സ്വീകാര്യമെന്ന് വിശേഷിപ്പിച്ചു. റിസർച്ച് മെത്തഡോളജി സെമിനാറിന് ഞാൻ അവതരിപ്പിച്ച "കേരളത്തിന്റെ ഭാവുകത്വത്തിലെ സോവിയറ്റ് യൂണിയൻ' എന്ന എന്റെ ഗവേഷണത്തിന് നിർദേശങ്ങളും ആശംസകളും അവർ നൽകുകയും ചെയ്തിരുന്നു. അവിടെ ഞാൻ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തെ പൊതുവേ സോവിയറ്റ് വിരുദ്ധരെങ്കിലും വിദ്യാർഥികളും അധ്യാപകരും ജനാധിപത്യപരമായി കേട്ടിരിക്കുകയും അവരുടെ അഭിപ്രായം പറയുകയും ചെയ്തു. ഇത്തരം കാര്യങ്ങളിലെല്ലാം ഉയർന്ന അക്കാദമിക നിലവാരം അവർ പുലർത്തിയിരുന്നു.
![സഖായിലെ ക്ലാസ് കഴിഞ്ഞപ്പോൾ അടുത്തുവന്ന് സംസാരിച്ചവരിൽ ഒരാളാണിത്. ഇദ്ദേഹം സ്റ്റാലിന്റെ കാലത്ത് സൈബീരിയൻ ലേബർ ക്യാമ്പിലേക്ക് നാടുകടത്തപ്പെട്ടയാളാണ്.](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/amal_3-1d14.jpg)
ഒരിക്കൽ ഒരു അക്കാദമിക് ചർച്ചയിൽ സോവിയറ്റ് വിഷയങ്ങളിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ സംബന്ധിച്ചും ഒരു പ്രഫസറുമായി ശക്തമായ വാദങ്ങളിലേർപ്പെടുകയുണ്ടായി. ചർച്ചകൾക്കുശേഷം ഞാൻ എന്റെ അവിടുത്തെ റിസർച്ച് ഗൈഡായ സരുണാസിനോട് ചോദിച്ചു: "ഞാൻ ഇത്തരം കാര്യങ്ങളിൽ എന്റെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ഇവിടുത്തെ പലരുടേയും വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നതിൽ നിങ്ങൾക്കൊക്കെ എന്തെങ്കിലും മനഃപ്രയാസങ്ങളുണ്ടാകുന്നുണ്ടോ? പോരാത്തതിന് കമ്മ്യൂണിസം നിയമം മൂലം നിരോധിച്ച ഒരു രാജ്യമല്ലേ നിങ്ങളുടേത്.'
അതിന് അദ്ദേഹം ഊഷ്മളമായി ചിരിച്ച് മറുപടി നൽകി: "അമൽ, നിങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളിൽ നിന്നാണ്. നിങ്ങളെ സംബന്ധിച്ച് അതെല്ലാം വസ്തുതാപപരവും ശരിയുമാണ്. എന്നാൽ ഞങ്ങളുടെ ചരിത്രാനുഭവങ്ങൾ വ്യത്യസ്തമാണ്. അതിനാൽ തന്നെ പല വാദഗതികളും എതിർ സ്വഭാവമുള്ളവയാണ്. പക്ഷേ നിങ്ങളെ നിഷേധിക്കേണ്ട ഒരാവശ്യവും ഞങ്ങൾക്കില്ല. എല്ലാ നാട്ടിലേയും സംഭവവികാസങ്ങളെ ഒരുപോലെ കാണാനോ ഒരേ തട്ടിൽ അളക്കാനോ കഴിയില്ല.'
![ക്യബാർത്തായിലെ കുട്ടികളുടെ ക്ലാസ്](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/class-8a96.jpg)
എത്ര ഹൃദയംഗമമായിട്ടാണ് സരുണാസ് അന്ന് പറഞ്ഞുനിർത്തിയത്. ഒരു അക്കാദമിക് വിശാരദന്റെ ഉന്നതമായ ചിന്താഗതി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കപ്പുറം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ആയിടക്ക് എന്റെ മലയാളി സുഹൃത്ത് വിഷ്ണുവിനോട് ഇന്ത്യയെക്കുറിച്ച് ലിത്വാനിയയിലെ ചില ഉൾനാടൻ പ്രദേശങ്ങളിലുള്ളവർക്ക് ക്ലാസെടുക്കാൻ കഴിയുമോ എന്ന് ബുകിം പസിസ്താമി എന്ന എൻ.ജി.ഒയിലെ ഉദ്യോഗസ്ഥയായ യുർഗിത ചോദിച്ചിരുന്നു. അക്കാദമികമായി കുറച്ച് തിരക്കുള്ള സമയമായതിനാൽ വിഷ്ണുവിന് അതിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. അതിനാൽ എന്നോട് ക്ലാസുകളെടുക്കാമോ എന്ന് അവർ ചോദിച്ചു. അങ്ങനെ യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവരുമായി ഇടപെടാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി ഞാൻ ഇന്ത്യയെ പരിചയപ്പെടുത്തിക്കൊണ്ട് വ്യത്യസ്തരായ ലിത്വാനിയക്കാർക്കിടയിൽ ക്ലാസെടുത്തു. കൗണസിൽ ഇറാസ്മസ് സ്റ്റുഡന്റായി ജപ്പാനിൽ നിന്നെത്തിയ ഒരു പെൺകുട്ടിയും ആദ്യ തവണ അവരുടെ രാജ്യത്തെ പരിചയപ്പെടുത്തി ക്ലാസുകളെടുത്തിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ യുക്രയ്നിൽ നിന്നുളള എലേന എന്ന മറ്റൊരു പെൺകുട്ടി തന്റെ രാജ്യത്തെ പരിചയപ്പെടുത്തി ഞങ്ങൾക്കൊപ്പം ചേർന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വിൽനസിൽ നിന്ന് കാർ ഡ്രൈവ് ചെയ്ത് യുർഗിത കൗണസിലേക്കെത്തി ഞങ്ങളെ വിവിധ ഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും വയോധികരുടെ കലാലയത്തിലേക്കുമെല്ലാം കൂട്ടിക്കൊണ്ടുപോയി.
![പ്രസന്റേഷനിടയിൽ അമൽ, കൂടെയുള്ളത് എലേന](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/amal_1-5fcd.jpg)
ഇവിടെ കുടിയേറ്റക്കാരോട് സ്വീകാര്യമായ സമീപനമാണോ ജനങ്ങൾ സ്വീകരിക്കുന്നത്? ഞാൻ യുർഗിതയോട് ചോദിച്ചു. അങ്ങനെയൊന്നുമില്ലെന്നും സാധാരണ സംഭവിക്കാറുള്ളതുപോലെ തന്നെ കുടിയേറ്റക്കാരെ സംശയത്തോടെ വീക്ഷിക്കുകയും അത്തരം ആളുകൾ അയൽക്കാരായി വരേണ്ടെന്നും മറ്റും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് പൊതുവിലുള്ളതെന്ന് അവർ മറുപടി നൽകി. എനിക്ക് വ്യക്തിപരമായി രണ്ട് തവണയാണ് ചെറിയ തരത്തിലുള്ള മോശം പെരുമാറ്റം ലിത്വാനിയക്കാരിൽ നിന്ന് നേരിടേണ്ടിവന്നത്. ഒരിക്കൽ ദോമിൽ നിന്ന് പുറത്തേക്കിറങ്ങി നടക്കുന്ന വഴിക്ക് കാർപാർക്കിങ് ഏരിയയിൽ നിറുത്തിയിരിട്ടിരുന്ന കാറിൽ നിന്ന് ഏതാനും ചെറുപ്പക്കാർ ലിത്വാനിയനിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. വാക്കുകളുടെ ശൈലിയിൽ നിന്ന് അവർ അല്പം പരുഷമായി എന്തോ പറയുകയാണെന്ന് വ്യക്തമായി. എനിക്ക് ലിത്വാനിയൻ അറിയില്ല എന്ന് ഇംഗ്ലീഷിൽ മറുപടി പറഞ്ഞിട്ട് ഞാൻ നടന്നകന്നു. മറ്റൊരു നാൾ വിഷ്ണുവുമായി കൗണസ് നഗരത്തിലൂടെ നടന്നുപോകുമ്പോൾ കാറിൽ ഞങ്ങളെ കടന്നുപോയ ഏതാനും ചില തദ്ദേശീയർ എന്തൊക്കെയോ ആക്രോശിച്ചിട്ടുപോയി. ഈ രണ്ട് അനുഭവങ്ങളൊഴികെ മറ്റൊന്നും വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടില്ല.
ഞങ്ങളുടെ പ്രസന്റേഷനുകൾ ക്യബാർത്തായി, യുർബാർക്കാസ്, ടോറേഗ്, പഗേഗി, മരിയാംപോളി, സഖായി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു. ഇതിൽ മരിയാംപോളിയിലുളളത് ബാച്ചിലേഴ്സ് വിദ്യാർത്ഥിനികൾ പഠിക്കുന്ന ഒരു വനിതാ കോളേജും സഖായി ഒരു വയോജന വിദ്യാഭ്യാസ കേന്ദ്രവും ബാക്കിയുള്ളവ ഹൈസ്‌കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുമായിരുന്നു.
![അമൽ സഖായിലെ ക്ലാസിൽ പങ്കെടുത്തവർക്കൊപ്പം](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/sakha-ebd8.jpg)
ഇന്ത്യയുടെ ഭാഷകളും, സംസ്‌ക്കാരങ്ങളും, വസ്ത്രങ്ങളും, ഭക്ഷണങ്ങളും, കലാരൂപങ്ങളും, കായിക സംസ്ക്കാരവുമെല്ലാം പരിചയപ്പെടുത്തുന്ന പ്രസന്റേഷനുകളായിരുന്നു ഞാൻ നടത്തിയത്. കേട്ടിരുന്നവരിൽ പലരും ആകാംഷാപൂർവ്വം ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചർച്ചയിലേർപ്പെടുകയും ചെയ്തു. അതിൽ ഏറ്റവുമധികം വന്ന ചോദ്യങ്ങൾ ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചും, സ്ത്രീ ജീവിതത്തെക്കുറിച്ചും, വിവാഹ സമ്പ്രദായത്തെക്കുറിച്ചും, എന്തുകൊണ്ടാണ് ഇന്ത്യയിൽ ബീഫ് കഴിക്കുന്നവർ കൊല്ലപ്പെടുന്നതെന്നും എന്തിനാണ് ബീഫ് നിയമം മൂലം നിരോധിച്ചിരിക്കുന്നതെന്നുമൊക്കെയായിരുന്നു. കൂടാതെ ഇന്ത്യയുടെ ജനസംഖ്യയെക്കുറിച്ചും റോഡുകളിലെ തിരക്കിനെക്കുറിച്ചും ട്രെയ്നുകളുടെ അവസ്ഥയെക്കുറിച്ചുമെല്ലാം അവർ ചോദിച്ചു. ചരിത്രപരമായ സാമൂഹിക വിഷയങ്ങളിലൂന്നി നിന്നുകൊണ്ട് നിന്നുകൊണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകി. കൊളോണിയൽ കാലം മുതൽ വർത്തമാനകാലം വരെയുള്ള ചില കാര്യങ്ങൾ വിശദീകരിച്ചു. ബീഫ് എല്ലായിടത്തും നിരോധിക്കപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ബീഫ് കഴിക്കുന്ന സംസ്ഥാനത്തിൽ നിന്നുമാണ് ഞാൻ വരുന്നതെന്നും അവരോട് വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാൻ ഇഷ്ടമാണെന്നു പറഞ്ഞവരും ഇന്ത്യൻ വസ്ത്രങ്ങളെ ഇഷ്ടപ്പെട്ടവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ ഏറെ ചിന്തിപ്പിച്ച മറ്റൊരു കാര്യമായി അനുഭവപ്പെട്ടത് ഇന്ത്യയിലെ വിവാഹങ്ങളാണ്.
അറേഞ്ച്ഡ് മാരീജ് എന്നത് അവരെ സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടിലെ സമ്പ്രദായമായിരുന്നു. ഇപ്പോൾ അപൂർവമായാണത്രേ അവിടെ അത്തരം വിവാഹങ്ങൾ നടക്കുക. ബാക്കി വിവാഹങ്ങളെല്ലാം തന്നെ പ്രണയ വിവാഹങ്ങളാണത്രേ.
കൈകാര്യം ചെയ്ത ക്ലാസുകളിൽ ഏറെ ഹൃദ്യമായി അനുഭവപ്പെട്ടത് സഖായിയിലുള്ള വയോധികരുടെ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തിയ അവതരണമായിരുന്നു. കേട്ടിരുന്നവരെല്ലാം അറുപതിലേറെ പ്രായം ചെന്നവർ. മിക്കവർക്കും ഇംഗ്ലീഷ് അറിയാൻ കഴിയാത്തതിനാൽ ഞാൻ പറയുന്ന വാചകങ്ങളോരോന്നും അവരുടെ ടീച്ചർ ലിത്വാനിയയിലേക്ക് തർജ്ജമ ചെയ്തുകൊണ്ടിരുന്നു. സുസ്മേരവദനരായി ശ്രദ്ധിച്ച് ക്ലാസ് കേട്ടുകൊണ്ടിരുന്ന ആ വയോധികരോട് ഒടുവിൽ യുർഗിത ചോദിച്ചു; നിങ്ങളിൽ ഇതുവരെ ഇന്ത്യക്കാരെ കാണാത്തവരായി ആരെങ്കിലുമുണ്ടോ? അത്ഭുതമെന്ന് പറയട്ടെ പോളണ്ടിനോട് അതിർത്തി പങ്കിടുന്ന ആ ലിത്വാനിയൻ ഗ്രാമത്തിൽ അധിവസിക്കുന്ന മൂന്ന് വയോധികർ കൈകളുയർത്തി എന്നെ നോക്കി ചിരിച്ചു. അങ്ങനെ അവർ ജീവിതത്തിലാദ്യമായി കാണുന്ന ഇന്ത്യക്കാരൻ ഞാനായി മാറി. അക്കൂട്ടത്തിൽ സ്റ്റാലിന്റെ കാലത്ത് സൈബീരിയൻ ലേബർ ക്യാമ്പിലേക്ക് നാടുകടത്തപ്പെട്ട ഒരാളെ പരിചയപ്പെട്ടു. ഞങ്ങളുടെ യാത്രകളിൽ ലിത്വാനിയക്കാർ എണ്ണക്കായി നട്ടുവളർത്തുന്ന മനോഹരമായ മഞ്ഞപ്പൂക്കൽ നിറഞ്ഞ ചെടികളുടെ പാടങ്ങളും പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ മനോഹരമായി നിർമിക്കപ്പെട്ട സമ്മർ ഹൗസുകളുമെല്ലാം കണ്ടു. എന്നാൽ സമ്മർ സീസൺ ഇനിയും ആയിട്ടില്ലാത്തതിനാൽ അവിടെ വിജനമായി കിടന്നിരുന്നു.
![ഒരു സമ്മർ ഹൗസ് റസ്റ്റോറന്റിൽ നിന്നുള്ള കാഴ്ച](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/restaurant_0-3f1a.jpg)
യാത്രകൾക്കിടയിൽ ഞാൻ എലേനയോട് യുക്രയ്നിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ചോദിച്ചു. റഷ്യയെ ശത്രുപക്ഷത്തുനിറുത്തി യൂറോപ്യൻ യൂണിയനിൽ ചേക്കേറുന്നതാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ആരാഞ്ഞു. അതിന് അവൾ ഇങ്ങനെ മറുപടി പറഞ്ഞു: "നോക്കൂ, ഞങ്ങൾ ഇത്തരം മുഖ്യധാരാ മാധ്യമചർച്ചകളിൽ അവതരിപ്പിക്കപ്പെടുന്നതുപോലുള്ള ആളുകളല്ല. യുക്രെയിനിയൻ ജനതക്ക് ആദ്യം വേണ്ടത് മനസമാധാനത്തോടെ ജീവിക്കുവാനുള്ള അവകാശമാണ്. ഞങ്ങളെ സംബന്ധിച്ച് തലസ്ഥാനമായ കീവിൽ നിന്ന് ഭരണാനുകൂലികളുടേയും പ്രതിപക്ഷക്കാരുടേയുമെല്ലാം സമരങ്ങളുടെ വാർത്തകൾ വരുന്നുണ്ട്. റഷ്യൻ അതിർത്തികളിൽ നിന്ന് വെടിശബ്ദങ്ങളുയരുകയും യുദ്ധത്തിന്റെ വാർത്തകൾ വരികയും ക്രിമിയ റഷ്യ പിടിച്ചടക്കിയ കഥയുമെല്ലാം ഞങ്ങൾ കേൾക്കുന്നുണ്ട്. എന്നാൽ എന്റെ സ്വദേശമായ സെൻട്രൽ യുക്രയ്നിയൻ നഗരമായ ദനിപ്രോയിലും മറ്റും ഇതുമായി ബന്ധപ്പെട്ട് യാതൊരു സംഭവവികാസങ്ങളും നടക്കുന്നില്ല. രാജ്യത്തിന്റെ ചിലയിടങ്ങളിൽ മൊത്തം കോലാഹലങ്ങൾ നടക്കുമ്പോൾ മറ്റ് ഭൂരിപക്ഷം പ്രദേശങ്ങളിലും അങ്ങനെയൊന്നുമില്ല.'
![മഞ്ഞുനീങ്ങി പൂർവ്വസ്ഥിതിയിൽ ഒഴുകി തുടങ്ങിയ തടാകങ്ങൾ](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/lake_0-547e.jpg)
പടിഞ്ഞാറൻ മുതലാളിത്ത രാജ്യങ്ങൾക്കൊപ്പം പോയി യൂറോപ്യൻ യൂണിയന്റെ ഭാഗമായി മാറാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെയൊരു ആഗ്രഹമേയില്ലെന്നും പല സമരങ്ങളും രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ നിർമിക്കപ്പെടുകയാണെന്നും തങ്ങൾക്ക് മനസമാധാനത്തോടെ യുക്രെയിൻകാരായി ജീവിച്ചാൽ മതിയെന്നും അവൾ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ നടന്ന സംഭവവികാസങ്ങളെതുടർന്ന്, റഷ്യയിൽ താമസമാക്കിയ തന്റെ അടുത്ത ബന്ധുക്കളുമായി അവൾക്ക് നേരാംവണ്ണം സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഒന്നായിക്കിടന്നിരുന്ന ഒരു റിപ്പബ്ലിക് ഛിന്നഭിന്നമായതോടെ ജനങ്ങളുടെ ജീവിതമാണ് ചിതറിയത്, വേണ്ടപ്പെട്ടവർ ഇനിയൊരിക്കലും കണ്ടുമുട്ടാത്തവിധത്തിൽ അകന്നുപോവുകയും ചെയ്തു. ഭരണഘടനാപരമായി രണ്ടാം ഭാഷയായിരുന്ന റഷ്യൻ, പടിഞ്ഞാറൻ താൽപര്യക്കാരായ ഭരണകൂടത്തിന്റെ ഇഷ്ടപ്രകാരം എടുത്തുകളയുകയും റഷ്യൻ ന്യൂനപക്ഷങ്ങളോട് വിവേചനപരമായ സമീപനം സ്വീകരിക്കുകയും അപരവൽക്കരിക്കുകയും ചെയ്തത് ആ സമൂഹത്തെ ഏറെ പ്രതിരോധത്തിലാക്കുകയും സമരങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തു. ഇത്തരം ജനജീവിതങ്ങളുടെ തകർച്ചയിലാണ് ക്രിമിയൻ പ്രശ്നമടക്കമുള്ള വർത്തമാലകാല യുക്രെയിനിയൻ പ്രതിസന്ധികളെ കാണേണ്ടതെന്ന് കൗണസിലെ വീറ്റോറ്റസ് മാഗ്‌നസ് യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് മാസ്റ്റേഴ്സ് വിദ്യാർഥിനി കൂടിയായ എലേന സൂചിപ്പിച്ചു.
സോവിയറ്റ് യൂണിയന്റെ പതനം ജനജീവിതത്തെ എത്ര സങ്കീർണമായി ബാധിച്ചു എന്നത് ഇത്തരം സുഹൃത്തുക്കളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചപ്പോഴാണ് മനസിലാക്കാൻ കഴിഞ്ഞത്. അന്തർദേശീയ രാഷ്ട്രീയത്തിൽ പൊതുവേ മുഖ്യമായി ചർച്ച ചെയ്യപ്പെടുന്ന പവർ ബ്ലോക്കുകളുടെ മാറ്റങ്ങൾക്കപ്പുറത്തേക്ക് ഈ സംഭവവികാസങ്ങൾ ജനജീവിതത്തിൽ എത്രയോ സങ്കീർണമായ പ്രത്യാഘാതങ്ങളും ദുരന്തങ്ങളും നിർമ്മിച്ചു എന്നത് ഏറെ പ്രസക്തമായ വിഷയമാണ്.
![മരിയാംപോളി കോളേജിലെ പ്രസന്റേഷനുശേഷം വിദ്യാർത്ഥികൾക്കൊപ്പം അമൽ](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/mariya-7dfe.jpg)
എന്നാൽ യുർഗിതക്ക് ലിത്വാനിയയിലെ രാഷ്ട്രീയ വികാസങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ കാര്യങ്ങളായിരുന്നു പറയാനുണ്ടായിരുന്നത്. അവർ സ്വന്തം എൻ.ജി.ഒ പ്രവർത്തനങ്ങളെപ്പോലെ തന്നെ സ്വകാര്യവൽക്കരണത്തിന്റേയും കമ്പോളവൽക്കരണത്തിന്റേയും ചുവടുപിടിച്ചാണ് സംസാരിച്ചത്. ബാൾട്ടിക് രാജ്യങ്ങളിൽ ഉയർന്നുവരുന്ന സോവിയറ്റ് നൊസ്റ്റാൾജിയയും യൂറോപ്യൻ യൂണിയന്റെ നയങ്ങളോടുള്ള ജനങ്ങളുടെ നിഷേധങ്ങളുമെല്ലാം അവർക്ക് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ലാത്ത കാര്യങ്ങളായിരുന്നു. എന്നാൽ അത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യുന്നതിൽ നിന്ന് അവർ മിതത്വം പാലിച്ചു.
നീണ്ട യാത്രകളെലല്ലാം കഴിഞ്ഞുവന്നതിനുശേഷം കെ.ടി.യു ദോമിലെ സുഹൃത്തുക്കളുമായി അൽപസമയം ചെലവഴിക്കാൻ തീരുമാനിച്ചു.
![ലിത്വാനിയൻ കൃഷിപ്പാടങ്ങൾ](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/lithwaniaa-82dc.jpg)
തിങ്കൾ മുതൽ വ്യാഴം വരെ പഠനങ്ങളും അക്കാദമിക് ചുമതലകളുമായി മുന്നോട്ടു നീങ്ങുന്ന ദോമിലെ വലിയ ശതമാനം വരുന്ന ബാച്ചിലേഴ്സ് കോഴ്സിലെ സുഹൃത്തുക്കൾക്കും വ്യാഴം വൈകുന്നേരം മുതൽ ശനി രാത്രി വരെ ആഘോഷങ്ങളാണ്. ഞായർ പൂർണവിശ്രമവും. അതാണ് അവരുടെ ഷെഡ്യൂൾ. ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നും ഉള്ളവരാണ് വലിയ സംഘങ്ങളായി ഉണ്ടായിരുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നെല്ലാം അത്രയും ആളുകൾ ഉണ്ടായിരുന്നില്ല.
ഞാൻ കൂടുതൽ സംസാരിച്ചത് തുർക്കിയിൽ നിന്നുള്ള കൂട്ടുകാരോടും ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, മെക്സിക്കോ, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ളവരോടുമാണ്. തുർക്കിയിലെ എർദ്വാൻ ഭരണകൂടത്തിന്റെ വിശേഷങ്ങൾ ഞങ്ങളുടെ ചർച്ചകളിൽ വന്നപ്പോൾ തൊട്ടടുത്ത റൂമിലെ സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്: "ഞാൻ മതവിശ്വാസിയാണ്. എന്നാൽ മതസ്ഥാപനങ്ങളെ മാത്രം കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു രാഷ്ട്രീയത്തിനോട് എനിക്ക് യോജിപ്പില്ല. ജനങ്ങൾക്ക് ജീവിക്കാൻ വകയുണ്ടാക്കുന്നതിനു പകരം മുക്കിലും മൂലയിലും ആരാധനാലയങ്ങൾ പണിതുവയ്ക്കുന്നതിൽ ഞാൻ ഒരു അർത്ഥവും കാണുന്നില്ല.' അടുക്കളയിലെ പാചകം ചെയ്യലിനിടയിൽ ഇത്രയും പറഞ്ഞശേഷം ചുറ്റിലും നോക്കി അവൻ പറഞ്ഞു- ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് നീ ഇവിടെ ആരോടും പറയരുത് കെട്ടോ, അങ്ങനെ സംഭവിച്ചാൽ തിരിച്ചു ചെല്ലുമ്പോഴേക്കും ഞാൻ അറസ്റ്റിലാകും.
![ലിത്വാനിയൻ സമ്മർഹൗസുകൾ](https://cdn.truecopymagazine.in/image-cdn/width=1024/img/2021-03/house-35ad.jpg)
ടർക്കിഷ് സുഹൃത്തായ മറ്റൊരു പെൺകുട്ടി ഒരിക്കൽ പറഞ്ഞു; "തയ്യിബ് എർദ്വാൻ എന്ന ഭരണാധികാരിയെ ഞാൻ വെറുക്കുന്നു. എന്നെപ്പോലൊരു പെൺകുട്ടിക്ക് ജനാധിപത്യപരമായ വ്യക്തിസ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുവാനാണ് ആഗ്രഹം. അതിന് അനുവദിക്കാത്ത വ്യവസ്ഥിതി നിർമിക്കുന്നവരെ സ്വാഭാവികമായും ഞാൻ എതിർത്തല്ലേ പറ്റൂ.'
എർദ്വാന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോട് പൂർണമായി വിയോജിക്കുന്നവരാണ് അവിടെയുള്ള ഭൂരിഭാഗം ടർക്കിഷ് വിദ്യാർഥികളുമെന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ എനിക്ക് മനസിലായി. അവിടെ നിന്ന് വന്ന വിദ്യാർഥികൾ ഊഷ്മളമായ സൗഹൃദം പങ്കുവച്ചവരും ലിബറൽ ജീവിത സങ്കൽപ്പങ്ങളോടെ തങ്ങളുടെ ദിവസങ്ങൾ ആഘോഷിച്ച് മുന്നോട്ടുപോയവരുമായിരുന്നു. എന്നാൽ, യാത്രകളും പഠനങ്ങളുമായി മുന്നോട്ടുപോയ എനിക്ക് ഏറെ സമയം ദോമിലെ സുഹൃത്തുക്കളുമായും അവരുടെ ആഘോഷങ്ങളുമായും സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഓരോ തവണ വരുമ്പോഴും അവർക്കിടയിൽ എനിക്ക് ഇടമുണ്ടായിരുന്നു.
അങ്ങനെ മുന്നോട്ടുപോയ ദിവസങ്ങളിലാണ് ലിത്വാനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വാർത്ത എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം കാണാൻ ചുറ്റിലും ശ്രദ്ധിച്ച എനിക്ക് നമ്മുടെ നാട്ടിൽ നിന്ന് ഏറെ വ്യത്യസ്തമായതും അത്ഭുതം തോന്നുന്നതുമായ അനുഭവങ്ങളാണുണ്ടായത്.▮
(തുടരും)