യൂറോപ്പിന്റെ യുഗസന്ധികളിലെ നിർണായക മുന്നേറ്റങ്ങൾ കടന്നുപോയ നഗരമാണ് ലിത്വാനിയയുടെ തലസ്ഥാനമായ വിൽനസ്. ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട കടന്നുകയറ്റം വിൽനസിലേക്ക് നടത്തിയത് ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയനാണ്. റഷ്യ പിടിച്ചെടുക്കാൻ ശ്രമിച്ച് പരാജയപ്പെടുത്തുന്നതിനു മുമ്പായി നെപ്പോളിയൻ വിൽനസിലുണ്ടായിരുന്നു. നഗരത്തിന്റെ മനോഹാരിത ഏറെ ആസ്വദിച്ചു നെപ്പോളിയൻ അവിടുത്തെ മനോഹരമായ ശിൽപചാതുര്യമുള്ള വിൽനസ് കത്തീഡ്രൽ കണ്ടപ്പോൾ ഈ മനോഹരമായ പള്ളി എനിക്ക് ഉള്ളം കയ്യിലെടുത്ത് പാരീസിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞെങ്കിൽ എന്ന് പറഞ്ഞിരുന്നത്രേ. ഇതിനുശേഷം റഷ്യയിലെ സാറിസ്റ്റ് രാജാക്കന്മാരുടേയും പോളിഷ് രാജാക്കന്മാരുടേയുമെല്ലാം കടന്നുകയറ്റങ്ങൾ വിൽനസ് നിസ്സഹായതയോടെ ഏറ്റുവാങ്ങി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം റഷ്യൻ ആർമിയെ സോവിയറ്റ് ഗവൺമെന്റ് പിൻവലിച്ചപ്പോൾ പോളിഷ് ആർമി കടന്നുകയറുകയും വിൽനസ് പിടിച്ചെടുക്കുകയുമെല്ലാം ചെയ്തിരുന്നു.
തുടർന്ന് ഒരു വർഷത്തിലേറെ വിൽനസ് നഗരം പോളണ്ട് കയ്യിൽവെച്ചു. അക്കാലത്ത് ലിത്വാനിയയുടെ തലസ്ഥാനം രണ്ടാം നഗരമായ കൗണസായി മാറി. തുടർന്ന് നടന്ന റഷ്യൻ പോളിഷ് യുദ്ധത്തിനുശേഷം പോളണ്ട് പിൻവാങ്ങാൻ നിർബന്ധിതരായി. ഇതെല്ലാം തന്നെ നൂറ്റാണ്ടുകളായുള്ള ജനതയുടെ കുടിയേറ്റങ്ങൾക്ക് വഴിവെച്ചിരുന്നു. യൂറോപ്യൻ ചരിത്രത്തിലെ നിർണ്ണായകമായ ഈ അന്തർദേശീയ ഇടപെടലുകളുടെ ഫലമായി വിൽനസ് നഗരത്തിൽ അധിവസിക്കുന്ന നിരവധിയായ റഷ്യൻ, പോളിഷ് ജനവിഭാഗങ്ങളെ കാണാം. അവർക്ക് അവരുടേതായ പള്ളികളും സെമിത്തേരികളും സ്‌കൂളുകളും മറ്റ് വേണ്ടപ്പെട്ട സ്ഥാപനങ്ങളുമെല്ലാമുണ്ട്.
വിൽനസ് യൂണിവേഴ്സിറ്റി കവാടത്തിൽ തന്നെ ഏഷ്യൻ ആന്റ് ട്രാൻസ് കൾച്ചറൽ സ്റ്റഡീസിന്റെ ഡയറക്ടറായ ക്രിസ്റ്റീന കാത്തുനിന്നിരുന്നു. ജെ.എൻ.യുവിന്റെ സ്ഥിരം അതിഥികളിൽ ഒരാളായതുകൊണ്ട് നേരത്തെ മുതലേ ക്രിസ്റ്റീനയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ഇന്ത്യയിലെ ദളിത് വിദ്യാർഥി മുന്നേറ്റങ്ങളെക്കുറിച്ചുള്ളതായിരുന്നു അവരുടെ പി.എച്ച്.ഡി. ക്രിസ്റ്റീന വിസ്മയകരമായ അവരുടെ പഴയ ക്യാമ്പസ് ബിൽഡിങ്ങുകൾക്കിടയിലേക്ക് നയിച്ചു. വിൽനസിലെ ഒരു പ്രധാന ടൂറിസ്റ്റ് സന്ദർശനകേന്ദ്രം കൂടിയാണ് വിൽനസ് സർവകലാശാല എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതിന്റെ പ്രൗഢി അവിടെ കാണാനുമുണ്ടായിരുന്നു. ഒരു ഹാരിപ്പോട്ടർ സിനിമയെ അനുസ്മരിപ്പിക്കുന്ന റീഡിങ്ങ് ഹാളുകളും ഗംഭീരൻ വാസ്തുവിദ്യകൾ നിറഞ്ഞ പഴയ ലൈബ്രറിയും വിവിധ ഡിപ്പാർട്ടുമെന്റുകളുമെല്ലാം പിന്നിട്ട് ഞങ്ങൾ ക്രിസ്റ്റീനയുടെ ലക്ചർ ഹാളിലേക്കെത്തി. അവിടെ കുട്ടികളുമായും അധ്യാപകരുമായും നല്ല രീതിയിലുള്ള ചർച്ചകൾ പുരോഗമിച്ചു. വിദ്യാർഥികളുടെ കൂട്ടത്തിലുണ്ടായിരുന്ന മെലിഞ്ഞ് നല്ല പൊക്കമുള്ളൊരു പെൺകുട്ടി അൽപ്പം വ്യത്യസ്തമായി കുറച്ച് സങ്കോചത്തോടെ ഇടപഴകുന്നത് ശ്രദ്ധയിൽപ്പെട്ടു. ചെറുതായെങ്കിലും ഒപ്പമുള്ളവരുടെ കൂട്ടത്തിൽപ്പെടാതെയുള്ള മാറിനിൽക്കൽ. എന്നാൽ കമന്റൊന്നും പറഞ്ഞില്ലെങ്കിൽ പോലും എന്റെ പ്രസന്റേഷൻ വളരെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് അവളൊരു റഷ്യൻ പെൺകുട്ടിയാണ് എന്ന കാര്യം മനസിലായി. പരിപാടികളിലെല്ലാം വളരെ ഊർജസ്വലയായി പങ്കെടുക്കുന്നുണ്ടെങ്കിലും ചെറിയൊരു ഉൾവലിവ് ശ്രദ്ധേയമായിരുന്നു.
രണ്ടാം തവണ ഞാൻ വിൽനസിലേക്ക് ക്ഷണിക്കപ്പെട്ടത് എന്റെ പി.എച്ച്.ഡി വിഷയത്തിൽ മേലുളള ഒരു പ്രബന്ധം അവതരിപ്പിക്കുവാൻ വേണ്ടിയായിരുന്നു. അന്ന് അവിടെ സംഘടിപ്പിക്കപ്പെട്ട സൗത്ത് ഏഷ്യാ റിസർച്ച് സെമിനാറിൽ ജർമ്മനിയിലെ ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും യു.കെയിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും പാരീസിലെ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ നിന്നുമെല്ലാമുള്ള പ്രതിനിധികളുണ്ടായിരുന്നു. വിൽനസ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ ആന്റ് ട്രാൻസ് കൾച്ചറൽ സ്റ്റഡീസിലെ ഹിന്ദി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പ്രസന്റേഷനുകൾ. അവിടെ സോവിയറ്റ് ഭാവനകളെ മുൻനിർത്തിയുള്ള കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തത്തെക്കുറിച്ചുള്ള എന്റെ പ്രബന്ധം അവതരിപ്പിക്കപ്പെട്ടു. കേട്ടിരുന്നവർ ഇന്ത്യയെക്കുറിച്ച് പഠിക്കുന്ന വിദ്യാർഥികളും അധ്യാപകരുമൊക്കെ ആയിരുന്നതിനാൽ കേരളത്തെക്കുറിച്ച് ചെറിയ ധാരണകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും എന്റെ അവതരണം കുറച്ചൊരു അത്ഭുതത്തോടെ അവർ കേട്ടിരുന്നു.
ശേഷം ഇന്ത്യയിലേയും കേരളത്തിലേയുമെല്ലാം ഇടതുപക്ഷ മുന്നേറ്റങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ അവർ ചർച്ചകളിൽ ഉന്നയിച്ചു. പ്രധാനമായും വികസനത്തെ സംബന്ധിച്ചവയായിരുന്നു ചോദ്യങ്ങൾ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളും കേരളത്തിന്റെ പരിപ്രേഷ്യത്തിൽ, ഇന്ത്യൻ സാഹചര്യത്തിൽ അവർ മുന്നോട്ടുവെയ്ക്കുന്ന വികസന മാതൃകകളുമെല്ലാം തെല്ലൊരു അത്ഭുതത്തോടെ ഏവരും ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.
വിൽനസ് ദിനങ്ങളിൽ ഒരുദിവസം ലിത്വാനിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മ്യൂസിയം കാണാൻ പോയിരുന്നു. സോവിയറ്റ് ലിത്വാനിയയിൽ ചെമ്പട നടത്തിയ ക്രൂരതകളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു മ്യൂസിയം രൂപകൽപ്പന ചെയ്തിരുന്നത്. ആ പഴയ കെട്ടിടം സോവിയറ്റ് കാലത്തെ ഒരു ജയിലായിരുന്നത്രേ. ലിത്വാനിയൻ സമരക്കാരെ ചെമ്പട എങ്ങനെ അടിച്ചമർത്തി എന്ന് വിശദീകരിക്കുന്നതായിരുന്നു മ്യൂസിയം. ഫോറസ്റ്റ് ബ്രദേഴ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും സൈബീരിയൻ ലേബർ ക്യാമ്പുകളെപ്പറ്റിയും സോവിയറ്റ് ആർമിയുടെ പീഡനമുറകളെപ്പറ്റിയുമെല്ലാം മ്യൂസിയം വിശദീകരിക്കുന്നു. എന്നാൽ ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഈ മ്യൂസിയത്തിന് 2011വരെ വംശഹത്യയുടെ മ്യൂസിയം (Museum of Genocide Victims) എന്നായിരുന്നു പേര്. സോവിയറ്റ് യൂണിയൻ ലിത്വാനിയൻ ജനതയെ വംശഹത്യ ചെയ്തെന്നായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാൽ ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. കാരണം ബാർട്ടിക് നാടുകളിലെ സോവിയറ്റ് ഇടപെടൽ വംശഹത്യയായിരുന്നു എന്ന് വലിയ ശതമാനം ചരിത്രകാരന്മാരും അംഗീകരിക്കുന്നില്ല. മാത്രമല്ല വംശഹത്യയുടെ മ്യൂസിയം എന്ന് പേരിട്ടിരിക്കുന്ന നാഷണൽ മ്യൂസിയത്തിൽ യഥാർത്ഥ വംശഹത്യയായ നാസികളുടെ ജൂതക്കൊലകളെക്കുറിച്ച് ഒരു വിവരണങ്ങളും ചേർത്തിരുന്നുമില്ല. നിശിതമായ ഈ വിമർശനങ്ങൾക്കൊടുവിൽ 2011ൽ മ്യൂസിയത്തിന്റെ പേര് കടന്നുകയറ്റത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും മ്യൂസിയം (Museum of Occupation and Freedom Fights) എന്നാക്കി മാറ്റി. ശേഷം ചെറിയൊരു മൂലയിൽ നാസി പടയോട്ടക്കാലത്ത് കൊലചെയ്യപ്പെട്ട ജൂതരുടേയും റോമാ വംശജരുടേയും ചെറിയ തോതിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തി.
മേൽപറഞ്ഞതുപോലുള്ള നയങ്ങൾ മനപൂർവ്വമുള്ള ഹോളോകാസ്റ്റ് നിരാകരണത്തിന്റെയും ന്യായീകരണത്തിന്റെയും ഭാഗമായി വിലയിരുത്തപ്പെടുന്നു. മ്യൂസിയത്തിൽ കാണിച്ചിരുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം 50 വർഷത്തിനിടയിലെ 1941-1991) സോവിയറ്റ് ഇടപെടലിൽ 74000 ലിത്വാനിയക്കാർ കൊല്ലപ്പെട്ടതായി പറയുന്നു. എന്നാൽ കേവലം ആദ്യ ആറുമാസത്തെ ഹോളോകാസ്റ്റ് കാലയളവിൽ (1941 ജൂൺ- ഡിസംബർ) മാത്രം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത് രണ്ടുലക്ഷം ജൂതമതസ്ഥരാണ് എന്നത് വിട്ടുമാറാത്ത നടുക്കം ഉളവാക്കുന്നതാണ്. അക്കാലത്ത് ഇന്നാട്ടിലെ തദ്ദേശീയരായ 95 ശതമാനത്തോളം വരുന്ന ജൂതരും കൊലപാതകങ്ങൾക്കും പലായനങ്ങൾക്കും വിധേയരായി നാടുവിട്ടു. അന്ന് വിൽനസ് നഗരത്തിലെ 45 ശതമാനം ജനങ്ങൾ ജൂതമതസ്തരായിരുന്നു. വിൽനസിൽ അവർക്ക് 100 സിനഗോഗുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ലിത്വാനിയയിൽ ആകെ 2000 ജൂതമതസ്തരും വിൽനസിൽ ഒരേയൊരു സിനഗോഗും അവശേഷിക്കുന്നു. ആ ഒരു ചെറിയ സിനഗോഗുതന്നെ ഹിറ്റ്ലറുടെ നാസിപ്പട്ടാളത്തിന്റെ മെഡിക്കൽ ക്യാമ്പാക്കിമാറ്റിയിരുന്നതിനാലാണ് തകർക്കപ്പെടാതെ പോയത്. അന്ന് ജർമനിയിൽ നിന്ന് നാസിപ്പട ബാൾട്ടിക് രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പായി തന്നെ തദ്ദേശീയ നാസികൾ ജൂതക്കൊലകൾ ആരംഭിച്ചിരുന്നു. അന്ന് ബാൾട്ടിക് ഔദ്യോഗിക ദേശീയത ജൂതമതസ്തരെ വംശീയ വിദ്വേഷത്തോടെ കാണുന്നതിനൊപ്പം തന്നെ അവരെ റഷ്യൻ പക്ഷക്കാരും കമ്മ്യൂണിസ്റ്റ് അനുഭാവികളുമായി വ്യാഖ്യാനിച്ചു.
ഇത്തരമൊരു വിദ്വേഷ ചിന്താധാര നാസിപ്പടയുടെ ലിത്വാനിയൻ പ്രവേശനത്തെ പുഷ്പ്പങ്ങളെറിഞ്ഞ് സ്വീകരിച്ചു. ഇന്ന് വിൽനസ് പട്ടണത്തിന്റെ തെരുവീഥികളിലൂടെ നടന്നുപോകുമ്പോൾ ജൂതക്കുടുമ്പങ്ങൾ പിഞ്ചുകുഞ്ഞുങ്ങളും വയോധികരുമടക്കം കൂട്ടക്കൊല ചെയ്യപ്പെട്ട വീടുകളും തകർന്നടിഞ്ഞുപോയ സിനഗോഗുകളുടെ ഇടങ്ങളുമെല്ലാം കാണാം. കൂട്ടക്കൊലകൾ നടന്ന വീടുകളുടെ മുമ്പിൽ ആ കുടുംബത്തിന്റെ വലിയ ഫാമിലി ഫോട്ടോകൾ പതിച്ചിട്ടുണ്ട്. ഇനി ഒരു ഹോളോകോസ്റ്റ് ആവർത്തിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഇത്തരം സ്മാരകങ്ങൾ ഔദ്യോഗിക ദേശീയതയ്ക്ക് സ്വന്തം നാടിനെ ചീത്തയാക്കി കാണിക്കുന്ന തരത്തിലുള്ളതാണ്.
വിൽനസ് ലിത്വാനിയയുടെ തലസ്ഥാനം എന്ന് പറയുമ്പോഴും ജനസംഖ്യ കുറവായതിനാൽ തിരക്കും വളരെക്കുറവാണ്. നടന്നുപോകുന്ന വഴികളിൽ തെരുവ് കച്ചവടക്കാർ ഉള്ളയിടത്ത് റഷ്യൻ ഡോളുകളായ മാട്രിയോഷ്‌ക്കയും മറ്റ് കരകൗശലവസ്തുക്കളുമെല്ലാം വിൽക്കാനിരിക്കുന്ന റഷ്യൻ തെരുവ് കച്ചവടക്കാരെ കാണാം. ബസ്സുകളിൽ കയറുമ്പോൾ ഡ്രൈവറായും മറ്റും ജോലി ചെയ്യുന്ന തദ്ദേശീയരായ റഷ്യൻ വംശജരെക്കാണാം. കെടിയുവിലെ ഓഫീസ് സ്റ്റാഫായ ലിത്വാനിയൻ പെൺകുട്ടി പറഞ്ഞ ഒരു അനുഭവം ഓർക്കുന്നു. അവർ ഒരിക്കൽ വിൽനസിൽ വന്ന് ബസ്സ് കയറിയപ്പോൾ ബസ് ഡ്രൈവർ റഷ്യക്കാരനാണ്.
ഇറങ്ങേണ്ട സ്ഥലത്തെക്കുറിച്ച് പറഞ്ഞ വിശദീകരണങ്ങൾ ഒന്നും തന്നെ ഡ്രൈവർക്ക് മനസിലായില്ല. കാരണം അയാൾക്ക് ലിത്വാനിയൻ ഭാഷ അറിയില്ലായിരുന്നു. അവർ അന്ന് ഏറെ വിഷമിച്ചെന്ന് പറഞ്ഞു. ഭാഷാ സാംസ്‌ക്കാരിക നിയമങ്ങൾ പഴയ ചരിത്രത്തിലെ ഓർമകളുമായി ചേർന്ന് ഉടലെടുക്കുന്ന പരസ്പര തിരസ്‌കരണമാണ് ഇതിന് കാരണമായി വരുന്നത്. നിരവധിയായ റഷ്യൻ, പോളിഷ് ജനത അധിവസിക്കുന്ന ലിത്വാനിയൻ തലസ്ഥാനത്ത് അവർ പരസ്പരം സംസാരിക്കുവാനുള്ള ഭാഷ പഠിക്കുന്നില്ല എന്ന വിവരം ഞെട്ടലുളവാക്കുന്നതാണ്.
പിന്നീട് ഒരു ദിവസം ഞങ്ങൾ ലിത്വാനിയയിലെ പഴയതും വലിയതുമായ റാസോസ് സെമിത്തേരി സന്ദർശിക്കുകയുണ്ടായി. നൂറ്റാണ്ടുകളുടെ പഴക്കമുളള പഴയ രീതിയിലുള്ള നിരവധി കല്ലറകൾ അവിടെക്കാണാം. കൂടുതലും കണ്ടത് പോളിഷ് എഴുത്തുകളുള്ള കല്ലറകളാണ്. റഷ്യൻ എഴുത്തുകളുള്ളവയും ലിത്വാനിയൻ എഴുത്തുകളുളളവയുമെല്ലാം ഉണ്ടായിരുന്നു. ഭാഷാസാംസ്‌ക്കാരിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തവണ്ണം സങ്കീർണ്ണമായ ജീവിതം അവിടെയും തുടരുന്നു.
പിന്നീട് ചെന്നെത്തിയ സ്ഥലമായിരുന്നു ഉഷുപ്പീസ്. അത് ആർട്ടിസാൻ കമ്മ്യൂണിറ്റി അധിവസിക്കുന്ന പഴമയുടെ ഒരു ദ്വീപായിരുന്നു. ആ സ്ഥലം ഒരു പ്രത്യേക റിപ്പബ്ലിക് ആണ് എന്നൊരു തമാശ പറയാറുണ്ട്. ഉഷുപ്പീസ് (Uzupis) എന്ന വാക്കിന്റെ അർത്ഥം നദിക്ക് അക്കരെ എന്നാണ്. പേരുപോലെ തന്നെ പട്ടണത്തിലൂടെ ഒഴുകുന്ന വിൽനേ നദിക്കപ്പുറമാണ് സ്ഥലം. തദ്ദേശീയരായവർ വലിയ തമാശയോടെയാണ് ഉഷുപ്പീസിന്റെ കഥ പറയാറുള്ളത്. അത് ലോകത്തെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണെന്നുള്ള ബോർഡുകളും ഉഷുപ്പീസിന് സ്വന്തമായുള്ള രസികൻ ഭരണഘടനയുമെല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് ആണത്രേ സ്വാതന്ത്ര്യദിനം. അന്ന് സന്ദർശിക്കുന്നവർക്ക് അവിടുത്തെ പാസ്പോർട്ടും കിട്ടുമത്രേ.
ഉഷുപ്പീസിലേക്ക് കടക്കാനായി വിൽനേ നദിക്ക് കുറുകേ കെട്ടിയിരിക്കുന്ന പാലത്തിൽ നിരവധി താഴുകൾ പൂട്ടിയിട്ടിരിക്കുന്നത് കാണാം. തങ്ങളുടെ ബന്ധം മുറിഞ്ഞുപോകാതിരിക്കാനായി പ്രണയികൾ പാലത്തിന്റെ കൈവരികളിൽ പൂട്ടിട്ട് താക്കോൽ നദിയിലേക്ക് എറിഞ്ഞു കളയുകയാണത്രേ. പിന്നീടുള്ള യാത്രകളിൽ സമാനമായൊന്ന് പാരീസിലും കണ്ടു. എന്തായാലും ബന്ധങ്ങൾ മുറിഞ്ഞുപോയോ ഇല്ലയോ എന്നൊക്കെ അത് പൂട്ടിയിട്ടവർക്കും വേണ്ടപ്പെട്ടവർക്കും മാത്രം അറിയാം. പക്ഷേ താഴുകൾ വെയിലും മഴയുംകൊണ്ട് ഓർമ്മകളെ പൂട്ടിയിട്ട് തുരുമ്പുപിടിച്ച് പാലത്തിന്റെ കൈവരികളിൽ നിരനിരയായി കെട്ടുപിണഞ്ഞ് കിടക്കുന്നു.
അടുത്തയാത്ര തീരുമാനിച്ചത് ലാത്വിയയിലേക്കും എസ്റ്റോണിയയിലേക്കുമായിരുന്നു. ഇറാസ്മസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി അക്കാദമിക് വിസിറ്റിന് വന്ന ജെ.എൻ.യുവിലെ എന്റെ അധ്യാപകർ കൂടി ഈ യാത്രയിൽ പങ്കുചേർന്നു. ഓർമകളുടെ അനർഘനിമിഷങ്ങൾ സമ്മാനിച്ച ദിനങ്ങളായിരുന്നു അത്.▮