ഫിൻലാൻറിലെ പാർലമെൻറ്​ കെട്ടിടം‌

ഹെൽസിങ്കിയിൽ

കടൽക്കാറ്റേറ്റ് വിശ്രമിച്ചിരുന്നപ്പോൾ പെട്ടെന്നൊരു ചിന്ത- ഫിൻലാൻറിലേക്കൊന്ന് പോയിവന്നാലോ?

ഒമ്പത്

ക്കോലൈൻ ബസ് ടിക്കറ്റിന് അന്ന് 30 യൂറോയായി എന്നാണ് ഓർമ. പെട്ടെന്ന് ബുക്ക് ചെയ്തതിനാലാണത്രേ കൂടുതൽ പണം നൽകേണ്ടിവന്നത്. മുതലാളിത്ത പാതയിലേക്ക് ആവേശപൂർവ്വം എടുത്തുചാടിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിൽ ആവശ്യം കൂടുന്നതിനനുസരിച്ച് പണം കൂട്ടി വാങ്ങുക എന്ന ചന്തനയം പ്രകടമാണ്.

രാത്രിയായിരുന്നു ബസ്. നേരം വെളുക്കുമ്പോഴേക്കും ലാത്വിയയും പിന്നിട്ട് എസ്റ്റോണിയൻ തലസ്ഥാന നഗരമായ ടള്ളിനിലെത്താം. വിശാലമായ സീറ്റുകളുള്ള രണ്ടു നില ബസ്​. അതിൽ ടോയ്​ലെറ്റ്​ സൗകര്യം വരെ ഉണ്ട്. കണക്ടിങ് ബസായതുകൊണ്ട് ഒരു തവണ മാറിക്കയറേണ്ടിവന്നു. ഇത്രത്തോളം ആളുകളില്ലാത്ത ബസ് സ്റ്റേഷനുകളും മറ്റും കാണുന്നത് ആദ്യമായാണ്. ഒരുപാട് ആൾക്കൂട്ടത്തെ പൊതുഇടങ്ങളിൽ നിരന്തരം കണ്ടുശീലിച്ചവർക്കെല്ലാം ഇക്കാഴ്ചകൾ ഒരു അത്ഭുതമായിരിക്കും. ബസിലും നിരവധി ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നു.

ടള്ളിനിലെ പരമ്പരാഗത വേഷമണിഞ്ഞ കച്ചവടക്കാർ

പൊതുവിൽ സ്വച്ഛമായിരുന്നു യാത്ര. രാവിലെ കൃത്യസമയത്ത് ടള്ളിനിലെത്തി. നല്ല വൃത്തിയുള്ള ബസ് സ്റ്റേഷനും പരിസരവും. ലിത്വാനിയയേക്കാളും ലാത്വിയയെക്കാളും അൽപം കൂടി സാമ്പത്തിക ശേഷിയും പത്രാസുമുണ്ട് എസ്റ്റോണിയയ്ക്ക്. അത് ബസ് സ്റ്റേഷൻ മുതൽ എല്ലായിടത്തും പ്രകടമായിരുന്നു.

എസ്റ്റോണിയയുടെ സാമ്പത്തിക മെച്ചങ്ങൾക്ക് പ്രധാന കാരണമായി പറയുന്നത്, ഫിൻലാന്റും മറ്റ് സ്കാൻറിനേവിയൻ രാജ്യങ്ങളുമായുള്ള നിരന്തര ബന്ധങ്ങളും കച്ചവടങ്ങളുമാണ്. സ്‌കാൻറിനേവിയൻ പ്രൗഢിയും ജീവിതസാഹചര്യങ്ങളും നിറഞ്ഞ ഫിൻലാൻറ്​ നിരവധി കാര്യങ്ങളിൽ എസ്റ്റോണിയയുമായുള്ള ഇടപാടുകളും ബന്ധങ്ങളും നിലനിർത്തുന്നു. ശത്രുതയുണ്ടെങ്കിലും റഷ്യയുമായി മറ്റ് ബാൾട്ടിക് രാജ്യങ്ങളെ അപേക്ഷിച്ച് അവർ കൂടുതൽ വ്യാപാര ബന്ധങ്ങൾ നിലനിർത്തുന്നു. ഇന്ധന ആവശ്യങ്ങൾക്കും മറ്റും അയൽരാജ്യമായ റഷ്യയെ തന്നെയാണ് കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത്​. എസ്റ്റോണിയൻ തലസ്ഥാനമായ ടള്ളിനിൽ നിന്ന് കപ്പലിൽ രണ്ട് മണിക്കൂർ സഞ്ചരിച്ചാൽ മതി ഫിൻലാൻറ്​ തലസ്ഥാന നഗരിയായ ഹെൽസിങ്കിയിലെത്താൻ.

ടള്ളിനി​ലെ മിലിറ്ററി ബേസിൻറെ മതിലിലുള്ള, മുതലാളിത്തത്തിനെതിരെയുള്ള പ്രതിഷേധ എഴുത്തുകൾ.

പ്രഭാതകൃത്യങ്ങൾക്കെല്ലാം നല്ല വൃത്തിയുള്ള സൗകര്യങ്ങൾ ബസ് സ്റ്റേഷനിൽ തന്നെയുണ്ടായിരുന്നു. 50 സെൻറ്​ (ഒരു യൂറോയുടെ പകുതി) ഗേറ്റിൽ നിക്ഷേപിക്കുമ്പോൾ താനേ തുറക്കുന്ന കവാടം വഴി ടോയ്​ലെറ്റ്​ കോംപ്ലക്സിലേക്ക് പ്രവേശിക്കാം. ഫ്രഷ് അപ് ആയിക്കഴിഞ്ഞശേഷം നഗരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള ഞങ്ങളുടെ നടത്തം തുടങ്ങി. ബസ് സ്റ്റേഷനിലെ ചെറിയ സുന്ദരൻ ടീഷോപ്പിൽ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ആദ്യം കണ്ട പ്രധാനകാഴ്ച എസ്റ്റോണിയയുടെ ഒരു മിലിറ്ററി ബെയ്‌സാണ്. റഷ്യ ഭയം ജനിക്കുന്നൊരു ശത്രുവായി നിലനിൽക്കേണ്ടത് രണ്ട് നാടുകളിലേയും മുതലാളിത്ത കച്ചവട ശക്തികൾക്ക് അനിവാര്യതയായിരുന്നതിനാൽ നാറ്റോയുടെ വലിയ രീതിയിലുള്ള സഹായ സഹകരണങ്ങൾ ഇത്തരം പട്ടാളക്കോട്ടകൾക്കുണ്ട്. ചില വിരുതൻമാർ പട്ടാളക്കാരുടെ കണ്ണു വെട്ടിച്ച് മിലിറ്ററി ബേസിന്റെ മതിലിൽ "മുതലാളിത്തം ഫാസിസത്തെ പ്രസവിക്കുന്നു' എന്ന് എഴുതിയിട്ടിരിക്കുന്നു. ഇത്തരത്തിൽ ചിലയിടങ്ങളിൽ വ്യവസ്ഥിതിക്കുനേരെയുള്ള ശക്തമായ പ്രതിഷേധങ്ങൾ കാണാം. ഒരിടത്ത് "ഫക്ക് ദ സിസ്റ്റം' എന്നാണ് എഴുതിയിരിക്കുന്നത്.

ടള്ളിനിലെ മിലിറ്ററി ബേസിന്റെ മതിലിലുള്ള, മുതലാളിത്തത്തിനെതിരെയുള്ള പ്രതിഷേധ എഴുത്തുകൾ.

നടന്നെത്തിയത് ടള്ളിനിലെ പട്ടാള സെമിത്തേരിയിലേക്കായിരുന്നു. (Defence Force Cemetery). 1916ൽ ആരംഭിച്ച ഈ സെമിത്തേരിയിൽ ഒന്നാം ലോകമഹായുദ്ധം മുതലുള്ള പട്ടാളക്കാരുടെ ശവകുടീരങ്ങളുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട സോവിയറ്റ്, ജർമൻ പട്ടാളക്കാരുടെ മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിരിക്കുന്നു.

ടള്ളിനിലെ ഓർത്തഡോക്‌സ് പള്ളി‌

പട്ടാളക്കാരുടെ സെമിത്തേരിയിലേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം കാണുക, സോവിയറ്റ് സ്മരണകളുണർത്തുന്ന രണ്ട് മീറ്റർ നീളമുള്ള ബ്രോൺസ് സോൾജ്യറിന്റെ പ്രതിമയാണ്. പ്രതിമയുടെ പശ്ചാത്തലം കരിങ്കല്ലുകൊണ്ട് മതിൽ പോലെ തീർത്തിരിക്കുന്നു. സംഭവ ബഹുലമായ എസ്റ്റോണിയൻ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ് ഈ സോവിയറ്റ് പട്ടാളക്കാരന്റെ പ്രതിമ. 1947 സെപ്തംബറിലാണ് നാസികളുമായുള്ള യുദ്ധത്തിൽ ഇന്നാട്ടിൽ വച്ച് കൊല്ലപ്പെട്ട ചെമ്പടയാളികളുടെ സ്മരണക്ക് സോവിയറ്റ് ഭരണകൂടം ബ്രോൺസ് സോൾജ്യറിന്റെ പ്രതിമ നിർമിക്കുന്നത്.

ബ്രോൺസ് സോൾജ്യർ പ്രതിമ

രണ്ടാം ലോകമഹായുദ്ധത്തിലെ നാസികൾക്കെതിരായ സോവിയറ്റ് വിജയത്തിന്റേയും അതിനായി രക്തസാക്ഷികളായ പട്ടാളക്കാരുടെയും ചരിത്രം ഓർമപ്പെടുത്തുന്നതാണ് ഈ പ്രതിമ. ടള്ളിനിലെ വിമോചന പോരാളികളുടെ സ്മാരകം എന്നാണ് സോവിയറ്റ് ഭരണകൂടം ഈ പ്രതിമക്ക് പേര് നൽകിയത്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം എസ്റ്റോണിയൻ ഭരണകൂടം ഇതിന്റെ പേര് രണ്ടാംലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകം എന്നാക്കി.

അമൽ പുല്ലറക്കാട്ട്, ബ്രോൺസ് സോൾജ്യർ പ്രതിമയ്ക്കരികിൽ

വിമോചന പോരാളികളുടെ ചത്വരം എന്നറിയപ്പെട്ടിരുന്ന ടള്ളിനിൽ നഗരത്തിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ഒരു ചെറിയ ശവകുടീരത്തിലാണ് ചെമ്പടയാളികളുടെ ഏതാനും കല്ലറകളും ഈ പ്രതിമയും ആദ്യം ഉണ്ടായിരുന്നത്. 2007 ഓടെ എസ്റ്റോണിയൻ ഭരണകൂടം ഈ കല്ലറകളോടൊപ്പം ചെമ്പടയാളിയുടെ പ്രതിമയും പട്ടാളക്കാരുടെ സെമിത്തേരിയിലേക്ക് മാറ്റി. ഇവയെല്ലാം തന്നെ ഒഴിവാക്കാനായിരുന്നു എസ്റ്റോണിയൻ ഭരണകൂടം ആദ്യം തീരുമാനിച്ചത്.

സമരങ്ങൾക്കുശേഷം എസ്‌റ്റോണിയൻ ഭരണകൂടം നിർമിച്ച സോവിയറ്റ് സൈനികരുടെ പ്രതീകാത്മക കല്ലറകൾ

രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് വിജയത്തിന്റേതായ ഓർമകളൊന്നും നിലനിർത്താൻ പുതിയ ഭരണകൂടത്തിന് താൽപര്യമില്ലായിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രക്ഷോഭം, വിശേഷിച്ചും എസ്റ്റോണിയയിലെ റഷ്യൻ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുയർന്നുവന്നപ്പോൾ സ്മാരകം നിലനിർത്താൻ അവർ നിർബന്ധിതരായി. എല്ലാ പഴയ ചെമ്പടയാളികളുടെ മൃതദേഹങ്ങളും അവിടെ വീണ്ടും സംസ്‌കരിക്കാൻ എസ്റ്റോണിയൻ ഭരണകൂടം തയ്യാറായില്ല.

ടള്ളിനിലെ ബസ് സ്റ്റേഷൻ

എന്നാൽ അവരുടെ പേരുകൾ കൊത്തിയ കല്ലറകൾ നിർമിച്ച് ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും പുഷ്പങ്ങൾ സമർപ്പിക്കാനും ഓർമ നിലനിർത്താനുമായി അനുവദിച്ചുനൽകി. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾക്കെതിരായ പോരാട്ടത്തിൽ ജീവൻ നൽകിയ പട്ടാളക്കാരുടെ ബലികുടീരങ്ങളുമായി ബന്ധപ്പെട്ട് സ്വതന്ത്ര എസ്റ്റോണിയയിൽ നടന്ന വിഷയങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയൊരു തർക്കത്തിന് വഴിവെച്ചു. മാത്രമല്ല ഇത് എസ്റ്റോണിയയിൽ ദിവസങ്ങളോളം നീണ്ട കലാപങ്ങൾക്കുമിടയാക്കി.

എസ്റ്റോണിയയിലെ 26 ശതമാനത്തിലേറെ വരുന്ന റഷ്യൻ വംശജർ തങ്ങളുടെ മഹത്തായ ദേശീയ യുദ്ധത്തിന്റെ (Great Patriotic War) പ്രതീകമായി മാത്രമല്ല ഈ സോവിയറ്റ് പട്ടാളക്കാരന്റെ പ്രതിമയെ കാണുന്നത്. എസ്റ്റോണിയയിൽ ജനിച്ചുവളർന്ന് ജീവിക്കുന്ന അവരുടെ അവകാശങ്ങളും സ്വത്വവും അംഗീകരിക്കപ്പെടുന്നതിന്റെ പ്രതിനിധാനമാണ് ഈ റഷ്യൻ പട്ടാളക്കാരന്റെ പ്രതിമ.

ടള്ളിനിൽ കണ്ട പള്ളികളിലൊന്ന്‌

എന്നാൽ എസ്റ്റോണിയൻ ഔദ്യോഗിക ദേശീയത സോവിയറ്റ് കാലത്തെ പ്രതിമകളടക്കമുള്ള കലാനിർമിതികളെ കാണുന്നത് സോവിയറ്റ് കടന്നുകയറ്റത്തിന്റേയും അടിച്ചമർത്തലിന്റേയും അടയാളമായിട്ടാണ്. ഈ പ്രതിമ തകർക്കുവാൻ വലതുപക്ഷ ദേശീയവാദികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. 2007ൽ അത്തരമൊരു മുന്നേറ്റത്തിൽ കരിങ്കല്ലിന്റെ ഭിത്തി തകർക്കപ്പെട്ടു. എന്നാൽ രണ്ടാം ലോകമഹായുദ്ധ വിജയം ആഘോഷിച്ച്​ ഉടൻ റഷ്യൻ വംശജർ പ്രസ്തുത കരിങ്കൽ ഭിത്തികൾ വീണ്ടും പണിതുയർത്തി. അങ്ങനെ ഈ പ്രതിമ എസ്റ്റോണിയയിലെ സങ്കീർണമായ അന്തർസംഘർങ്ങളേയും ചരിത്രസംഭവങ്ങളേയും ഓർമപ്പെടുത്തി നിലനിൽക്കുന്നു.

ടള്ളിനിലെ നഗരക്കാഴ്ചകൾ

യൂറോപ്പിൽ ശവകുടീരങ്ങളും പള്ളികളും ഒരു പ്രധാന കാഴ്ച തന്നെയാണ് എന്നത് പിന്നീടുളള യാത്രകളിലും വ്യക്തമായി. പല യൂറോപ്യൻ പ്രദേശങ്ങളേയും പോലെ ടള്ളിനിലും നഗരത്തിലെ പ്രധാന കാഴ്ച പഴയ പള്ളികളാണ്. പല കാലഘട്ടങ്ങളിലൂടെ കടന്നുവരുന്ന തലമുറകളുടെ അധ്വാനത്തിന്റെ സമ്പത്ത് അവിടെ കുമിഞ്ഞുകൂടുന്നു. ഏറെ മനോഹരമായ ആ നഗരക്കാഴ്ചകൾ കണ്ട് ഞങ്ങൾ മുന്നോട്ടു നടന്നു. എസ്റ്റോണിയൻ സ്വാതന്ത്ര്യ സമരത്തിന്റെ ഇടമായ ഫ്രീഡം സ്‌ക്വയറിലെത്തി. അവിടെ ഭൂമിക്കടിയിൽ മധ്യകാല ചരിത്രത്തിലെ ടള്ളിൻ നഗരത്തിലേക്കുള്ള ഹർജു ഗേറ്റിന്റെ അവശിഷ്ടങ്ങൾ കണ്ടു.

ടള്ളിനിലെ ഫ്രീഡം സ്‌ക്വയർ

ഖനനത്തിലൂടെ കണ്ടെടുത്ത പതിനാലാം നൂറ്റാണ്ടിലെ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഏവർക്കും കാണാവുന്ന തരത്തിൽ ചില്ലിട്ട് വച്ചിരിക്കുന്നു. അവിടെവെച്ച് ഞങ്ങൾ ഒരു വാക്കിംഗ് ടൂർ സംഘത്തെ കണ്ടുമുട്ടി. സംഘത്തെ നയിക്കാൻ മുന്നോട്ടുവന്നത് കോളജിലും മറ്റും പഠിക്കുന്ന പെൺകുട്ടികളായിരുന്നു. യൂറോപ്യൻ നഗരങ്ങളിലെ ഒരു പ്രധാന സംഭവമാണ് വാക്കിംഗ് ടൂർ.

പതിനാലാം ഹർജു ഗേറ്റിന്റെ അവശിഷ്ടങ്ങൾ

മറ്റ് ദേശങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് നഗരത്തിന്റെ മുക്കും മൂലയും അവയുടെ ചരിത്രവും പരിചയപ്പെടുത്തിയുള്ള നടത്തമാണ് വാക്കിംങ് ടൂർ. താൽപര്യമുള്ള ആർക്കും ഈ സംഘത്തോടൊപ്പം ചേരാം. ഞങ്ങളുടെ സംഘത്തിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, റഷ്യ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള സഞ്ചാരികളുണ്ടായിരുന്നു. ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം നീളുന്ന ടൂറിന്റെ അവസാനം ഇഷ്ടമുള്ള ഒരു തുക നഗരം കാണിച്ചുതന്ന ടൂർ ഗൈഡിന് നൽകാം. ഒന്നും കൊടുത്തില്ലെങ്കിലും പരിഭവമില്ല എന്ന് പറയുന്നവരുമുണ്ട്.

ഫിന്നിഷ് പാർലമെന്റ്

ഊർജസ്വലയായൊരു എസ്റ്റോണിയൻ പെൺകുട്ടിയായിരുന്നു ഞങ്ങളെ നയിച്ചത്. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളും അവയുടെ ചരിത്രവും അവൾ വിശദീകരിച്ചു. ഇംഗ്ലണ്ടിൽ നിന്ന് വന്നവരോട് ബ്രക്​സിറ്റിനെക്കുറിച്ച് കളി പറയുകയും റഷ്യയിൽ നിന്നുള്ളവരോട് ഇവിടെ കാണുന്ന സോവിയറ്റ് വിമർശനങ്ങൾ വ്യക്തിപരമായി എടുക്കരുത് എന്നെല്ലാം അവൾ നിറഞ്ഞ ചിരിയോടെ അഭ്യർത്ഥിച്ചു.

അവരോട് യാത്രപറഞ്ഞ് ഞങ്ങൾ മുന്നോട്ടുപോയി. പിന്നെ കണ്ടുമുട്ടിയത് ഒരു റഷ്യൻ തെരുവുഗായകനെയാണ്. കാഴ്ചകൾ കണ്ട് നടക്കുന്നതിനിടെ ഒരു ഇടുങ്ങിയ തെരുവിലാണ് അയാളെ കണ്ടുമുട്ടിയത്. തണലിൽ വിശ്രമിച്ചിരുന്ന ഞങ്ങളെ കണ്ടപ്പോൾ സന്തോഷത്തോടെ എഴുന്നേറ്റ് അടുത്തുവന്ന് സ്വയം പരിചയപ്പെടുത്തി, പാട്ടുപാടി. അൽപം വിഷമിച്ചാണ് സംസാരിച്ചിരുന്നതെങ്കിലും അത്യാവശ്യം കാര്യങ്ങൾ പറയാൻ കഴിയുന്ന ഇംഗ്ലീഷ് അയാൾക്ക് വശമുണ്ടായിരുന്നു. പാട്ടിനുശേഷം അയാൾ സ്വന്തം ജീവിതം പറയാൻ തുടങ്ങി.

ഹെൽസിങ്കി കത്തീഡ്രൽ

റഷ്യൻ വംശജനായതിനാൽ അയാൾക്ക് ഔദ്യോഗിക പാസ്​പോർട്ടില്ല. പക്ഷേ എസ്റ്റോണിയയിൽ ജനിച്ചുവളർന്ന ആൾ എന്ന നിലക്ക് മറ്റെവിടേക്കും പോകാൻ താൽപര്യമില്ല. എന്താണെന്ന് പറഞ്ഞില്ലെങ്കിലും മുൻപ് അൽപസ്വൽപം അപകടം പിടിച്ച പണിയൊക്കെ ചെയ്തിരുന്നത്രേ. ഒരിക്കൽ എസ്റ്റോണിയൻ പൊലീസ് പിടികൂടി. പക്ഷേ, അവർ മാന്യമായി പെരുമാറി, നന്നായി ജീവിക്കണമെന്ന് ഉപദേശിച്ച് പറഞ്ഞുവിട്ടു. എന്നിട്ടയാൾ പറഞ്ഞു; റഷ്യൻ വംശത്തിൽ ജനിച്ചു എന്നല്ലാതെ ഞങ്ങളാരും റഷ്യക്കാരല്ല. എസ്റ്റോണിയയിൽ ജനിച്ച് ഇവിടെ ജീവിച്ച് ഇവിടെ മരിക്കാൻ ആഗ്രഹിക്കുന്നവരാണ്. റഷ്യയിൽ പോകണമെന്ന് തോന്നുന്നവർ അങ്ങോട്ട് പോകാൻ ശ്രമിക്കട്ടെ. പക്ഷേ ഞങ്ങളെപ്പോലുള്ളവർക്ക് അതല്ല വേണ്ടത്.

അൽപം നീണ്ട ആ സംസാരം കഴിഞ്ഞ് പ്രൊഫ. ഉഷ നൽകിയ രണ്ട് യൂറോ വാങ്ങി അയാൾ വിനയപൂർവ്വം ഞങ്ങളോട് ചിരിച്ചു. ഞങ്ങളുടെ യാത്ര തുടർന്നു.

ടള്ളിൻ ഓൾഡ് ടൗൺ

ടള്ളിന്റെ ഗംഭീരമായ ഓൾഡ് ടൗണിലൂടെ നടന്ന് ഞങ്ങൾ വിനോദസഞ്ചാരികൾക്കായി ആകർഷകമായ രീതിയിൽ പണിത ഒരു ചത്വരത്തിലെത്തി. അവിടെ നിരവധി റസ്റ്റോറന്റുകളുണ്ട്. യൂറോപ്യൻ പഴമയുടെ സൗന്ദര്യം ആസ്വദിച്ച് അവിടെ കുറച്ച് സമയം ചെലവഴിച്ചു. കടകളിൽ പലതും ഏറെ പഴയ എസ്റ്റോണിയൻ മാതൃകയിലുള്ളതായിരുന്നു. ശ്രദ്ധേയമായി അത് കൈകാര്യം ചെയ്തിരുന്ന സ്ത്രീകൾ അന്നാട്ടിലെ പഴയ സംസ്‌കാരികതയുടേതായ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഒരു പഴയ യൂറോപ്യൻ നോവൽ വായിക്കുന്നതുപോലൊരു നേർക്കാഴ്ച.

അക്കൂട്ടത്തിനിടയിൽ ഒരു ഇന്ത്യൻ റസ്റ്റോറൻറ്​ കണ്ടു. ഞങ്ങൾ വരുന്നതുകണ്ടപ്പോൾ അവിടെയുള്ളവർ സന്തോഷത്തോടെ പുറത്തേക്കുവന്ന് ക്ഷണിച്ചു. മഹാരാജാ എന്നുപേരായ ആ റസ്റ്റോറൻറ്​ നടത്തിയിരുന്നത് പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. ഇന്ത്യയിൽ നിന്ന് വന്ന് വീണ്ടും ഇന്ത്യൻ ഭക്ഷണം തന്നെ കഴിക്കുന്നതിൽ ഞങ്ങൾക്ക് ഒരു രസവും തോന്നിയില്ല.

ടള്ളിനിലെ ഇന്ത്യൻ റസ്റ്റോറന്റ്‌‌

എസ്റ്റോണിയയുടെ ചരിത്ര വഴികൾ ചുറ്റിക്കാണുന്നതിൽ വീണ്ടും ശ്രദ്ധകേന്ദ്രീകരിച്ചു. മൂന്ന് ബാൾട്ടിക് രാജ്യങ്ങളിൽവെച്ച് പല കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് എസ്റ്റോണിയ എന്ന് സൂചിപ്പിച്ചിരുന്നല്ലോ. വിശേഷിച്ചും ഐ.ടി മേഖലയിലും മറ്റും അവർ ലോകത്തിൽ തന്നെ മുൻപന്തിയിലുള്ളവരാണ്. സോവിയറ്റ് തകർച്ചക്കുശേഷം നടന്ന "ഷോക്ക് തെറാപ്പി റിഫോ'മിൽ ഭരണകൂടം സ്വകാര്യവൽക്കരണം ശക്തമായി അടിച്ചേൽപ്പിച്ചിരുന്നു. എന്നാൽ ലിത്വാനിയയിൽ നിന്നും ലാത്വിയയിൽ നിന്നും വ്യത്യസ്തമായി ഇവിടെ നാലിലൊന്ന് ജനവിഭാഗം ന്യൂനപക്ഷമായിരുന്നതിനാൽ പല അജണ്ടകളും നാഷണലിസ്റ്റ് സ്റ്റാമ്പോടെ ഏകപക്ഷീയമായി നടപ്പിൽ വരുത്താൻ ഭരണകൂടത്തിന് സാധിച്ചില്ല. മാത്രമല്ല, ഫിൻലാൻറിനും മറ്റ് സ്‌കാൻറിനേവിയൻ രാജ്യങ്ങൾക്കും സമാനമായി ജനങ്ങൾ വലിയ രീതിയിൽ മതത്തോട് ആഭിമുഖ്യമുള്ളവരായിരുന്നില്ല. മതവിശ്വാസങ്ങളിൽ നിന്ന് മാറിനിൽക്കുന്നവരും നിരവധിയായിരുന്നു. എന്നാൽ പോലും പൊതുവിൽ എല്ലാ നാട്ടിലുമുള്ളതുപോലെ ജനങ്ങളുടെ സമ്പത്തുപയോഗിച്ച് മതസ്ഥാപനങ്ങളും ആചാരസമൂഹങ്ങളും കെട്ടിപ്പടുക്കാൻ വ്യഗ്രതയുള്ള പശ്ചാത്തലത്തിൽ ഇവിടെ എങ്ങോട്ട് തിരിഞ്ഞാലും കൂറ്റൻ പള്ളികളും മറ്റും കാണാം.

ഹെൽസിങ്കിയിലെ ട്രാം

എന്നാൽ ശക്തമായ റഷ്യൻ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യത്താൽ ഓർത്തഡോക്സ് പള്ളികളുടെ എണ്ണം കൂടുതലായുണ്ടായിരുന്നു. താജ്മഹലിനെ അനുസ്മരിപ്പിക്കുംവിധമുള്ള ഗോപുരങ്ങളും താഴികക്കുടങ്ങളുമുള്ളതിനാൽ ഓർത്തഡോക്സ് പള്ളികൾ പെട്ടെന്ന് തിരിച്ചറിയാം. പലയിടങ്ങളിലും സോവിയറ്റ് പിൻവാങ്ങലിനുശേഷം ഓർത്തഡോക്സ്- കാത്തലിക് തർക്കം മുറുകുകയും കൂടുതൽ അധികാരം കൈയ്യാളുന്ന കാത്തലിക് മതനേതൃത്വം പല ഓർത്തഡോക്സ് ദേവാലയങ്ങളും കയ്യേറുകയും ചെയ്തു. ഇത്തരം തർക്കങ്ങളെല്ലാം അവസാനമില്ലാതെ മുന്നോട്ടുപോകുന്നു.

നടന്നുനടന്ന് ഞങ്ങൾ ടള്ളിനിലെ തുറമുഖത്തെത്തി. അവിടെ അൽപസമയം കടൽക്കാറ്റേറ്റ് വിശ്രമിച്ചിരുന്നപ്പോൾ പെട്ടെന്നൊരു ചിന്ത- ഫിൻലാൻറിലേക്കൊന്ന് പോയിവന്നാലോ? അവിടെ നിന്ന് കപ്പലിൽ രണ്ടു മണിക്കൂർ ദൂരമേയുള്ളൂ ഹെൽസിങ്കിക്ക്. ഷെങ്കൺ വിസയുള്ളതുകൊണ്ട് യൂറോപ്യൻ യൂണിയനിലെ ഷെങ്കൺ സോണിൽ വരുന്ന ഇരുപത്തെട്ടോളം രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിൽ പ്രതിബന്ധങ്ങളില്ല. ചെറിയൊരു ചർച്ചക്കുശേഷം എല്ലാവർക്കും സമ്മതമായി. ഉടൻ പോയി ഷിപ്പ് ഉണ്ടെന്ന് കൗണ്ടറിൽ അന്വേഷിച്ച് ഉറപ്പുവരുത്തി. പ്രൊഫ. രാമകൃഷ്ണൻ ബുക്കിങ് ഡോട്ട്കോം വഴി ചെറിയൊരു ഫ്ളാറ്റ് അവിടെ ബുക്ക് ചെയ്തു. ഒരാൾക്ക് പത്ത് യൂറോയായിരുന്നു ടിക്കറ്റ് ചാർജ്.

ഹെൽസിങ്കിയിലെ നഗരക്കാഴ്ചകൾ

കൗണ്ടറിലുള്ളവർ ഞങ്ങളുടെ ഞങ്ങളുടെ പാസ്​പോർട്ട്​ നോക്കി ഉറപ്പുവരുത്തി ടിക്കറ്റ് നൽകി. ഷിപ്പിൽ കയറിയപ്പോൾ അതിനകത്ത് ചെറിയൊരു ബാർ റസ്റ്റോറന്റും സംഗീത സദസുകളും കലാപരിപാടികളുമെല്ലാമുണ്ട്. രണ്ട് മണിക്കൂറുകൊണ്ട് ഹെൽസിങ്കിയിലെത്തി. അപ്പോഴേക്കും സന്ധ്യമയങ്ങി തുടങ്ങിയിരുന്നു. രാത്രി ഹെൽസിങ്കി ഏറെ മനോഹരിയായിരുന്നു. ഒരു ഇന്ത്യൻ റസ്റ്റോറൻറിൽ ചെന്ന് ഫ്ളാറ്റിന്റെ താക്കോൽ വാങ്ങി. നേപ്പാളിൽ നിന്നുള്ള പാചകക്കാരും ജോലിക്കാരുമായിരുന്നു അവിടെ. വിലവിവരപ്പട്ടിക വെറുതെ ഒന്നുനോക്കി. ഒരു ഇന്ത്യൻ ധാലിക്ക് (ഊണ് ) 31 യൂറോ. ഏകദേശം 2500 രൂപ. കണ്ണുതള്ളിപ്പോയി.

റിഗയിലെ സ്വാതന്ത്ര്യ സമര സ്മാരകങ്ങളിലൊന്ന്

ഫിൻലാൻറ്​ യൂറോപ്പിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായതിനാൽ തന്നെ അവിടുത്തെ ജീവിതച്ചെലവും വളരെ വലുതായിരുന്നു. ചെറിയ ടർക്കിഷ് റോളുകൾക്ക് വരെ പത്ത് യൂറോയായിരുന്നു വില. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഏറ്റവും പറ്റിയ ചെലവുകുറക്കൽ മാർഗം സൂപ്പർമാർക്കറ്റുകളിലേക്ക് പോകുകയെന്നതാണ്. അവിടെ നിന്ന് ബ്രഡും അത്യാവശ്യം സാധനങ്ങളും വാങ്ങി ഫ്ളാറ്റിലെത്തി. അവിടെ അടുക്കളയും കാപ്പി ഉണ്ടാക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ബ്രഡും സാലഡുകളും സ്​പ്രഡും ഓംലറ്റും കോഫിയും എല്ലാമായി ഡിന്നർ ഗംഭീരം. വിചാരിച്ചതിലും കുറഞ്ഞ ചെലവിൽ കാര്യം നടന്നു.

അടുത്തദിവസം രാവിലെ പുറത്തേക്കിറങ്ങി. റോഡിലൂടെ തന്നെ പാളങ്ങൾ നിർമിച്ച് ഓടുന്ന ചെറിയ ട്രെയിനുകളായ ട്രാമുകൾ ഉള്ളതുകൊണ്ട് യാത്ര എളുപ്പവും സുഖകരവുമായിരുന്നു. ഓരോ ട്രാം സ്റ്റോപ്പിലും ടിക്കറ്റ് എടുക്കാൻ മെഷീനുകളുണ്ട്. അതിനായി എ.ടി.എം കാർഡുകളുപയോഗിക്കാം. എന്നാൽ ബാൾട്ടിക് നാടുകളെ അപേക്ഷിച്ച് എന്തിനും ഇവിടെ ചെലവാക്കേണ്ട തുക വളരെ കൂടുതലാണ്. ഫിന്നിഷ് പാർലമെന്റ് മന്ദിരവും ഹെൽസിങ്കി കത്തീഡ്രലും മാർഷൽ ഓഫ് ഫിൻലാൻറ്​ സ്റ്റാച്യുവും നഗരത്തിന്റെ പ്രധാന ചില ചത്വരങ്ങളുമെല്ലാം കണ്ടു.

മാർഷൽ ഓഫ് ഫിൻലന്റ് സ്റ്റാച്യു

ഫിന്നിഷ് പാർലമെൻറ്​ മന്ദിരത്തിന് പ്രത്യക്ഷത്തിൽ സെക്യൂരിറ്റി പോയിട്ട് മതിൽ പോലും കണ്ടില്ല. അത്ഭുതം തന്നെ. നമ്മുടെ നാട്ടിലൊക്കെ ശക്തമായ സെക്യൂരിറ്റിക്കിടയിലൂടെ എത്രയോ അകലെ നിന്നാണ് പാർലമെൻറ്​ മന്ദിരമൊക്കെ കാണുവാൻ തന്നെ കഴിയുക. ഫിൻലാൻറിൽ വിശ്വാസികൾ വിരളമായതിനാൽ സന്ദർശിച്ച പള്ളികളിൽ ആളുകൾ നന്നേ കുറവായിരുന്നു. ഉള്ളവരിൽ അധികം ടൂറിസ്റ്റുകളും മറ്റ് നാട്ടുകാരും. എന്നാൽ അവിടെയും യാചകരെ കണ്ടു. മനസ്സില്ലാമനസ്സോടെ പെട്ടെന്ന് കാഴ്ചകൾ അവസാനിപ്പിച്ച് ഉച്ചയോടെ തിരിച്ച് കപ്പൽ കയറി, കൊച്ചു ഫിന്നിഷ് സന്ദർശത്തിന് തിരശ്ശീല വീണു. പെട്ടെന്നുണ്ടായ തോന്നലിന് എടുത്ത തീരുമാനമായിരുന്നെങ്കിലും യാത്ര ഗംഭീരമായി.

ഹെൽസിങ്കിയിലെ ട്രാം

തിരിച്ച് ടള്ളിനിലേക്ക് വന്ന് സന്ധ്യയോടെ ബസ് സ്റ്റേഷനിലെത്തി. തിരിച്ചുപോകുന്ന വഴിക്ക് ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ അൽപസമയം ഇടവേളയുണ്ടായിരുന്നു. ആ സമയം പ്രയോജനപ്പെടുത്തി ഞങ്ങൾ സ്ഥലങ്ങൾ കാണാനിറങ്ങി. അർധരാത്രി, എങ്കിലും നഗരം സജീവം. ടള്ളിനിലെയും റിഗയിലെയും ബസ് സ്റ്റേഷനുകൾ തമ്മിൽ ഒരു 20 വർഷത്തെ വ്യത്യാസമെങ്കിലും അനുഭവപ്പെടും. റിഗയുടെ ഓൾഡ് ടൗൺ ചെറുതായൊന്ന് ചുറ്റിക്കറങ്ങി.

റിഗയിലെ ഫ്രീഡം സ്‌ക്വയർ

ചെറിയൊരു ടീ ഷോപ്പിൽ നിന്ന് കോഫിയും ലഘുഭക്ഷണവും കഴിച്ചു. ലാത്വിയൻ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രങ്ങളായി മാറിയ ഫ്രീഡം സ്ക്വയറും സ്മാരകങ്ങളും സന്ദർശിച്ചു. നഗരം റസ്റ്റോറന്റുകളും ബാറുകളും പബുകളും ക്ലബുകളുമെല്ലാമായി ആ സമയത്തും ഉണർന്നിരിക്കുന്നു. ഇവിടെയും ഓൾഡ് ടൗൺ ഗംഭീരമാണെന്ന് പറയാതെ തരമില്ല. നഗരത്തിൽ കൂടുതൽ നേരം ചെലഴിക്കണമെന്നുണ്ടായിരുന്നെങ്കിലും വീണ്ടും സമയം അനുവദിച്ചില്ല. തിരികെ ബസിലേക്കെത്തി. യാത്ര തുടങ്ങിയ ബസിൽ സുഖമായി ചാരിയിരിക്കുമ്പോൾ തിരികെച്ചെന്നിട്ട് ലിത്വാനിയൻ ഉൾഗ്രാമങ്ങളിലേക്ക് പോയി വിദ്യാർത്ഥികൾക്ക് ഇന്ത്യയെക്കുറിച്ച് ക്ലാസെടുക്കാൻ ക്ഷണിച്ചുകൊണ്ട് ബുക്കിം പസിസ്ത്താമി എന്ന ഒരു എൻ.ജി.ഒ കാത്തിരിക്കുന്നത് ഓർത്തു.▮

Comments