ഏഴ്
കൗണസിലും വിൽനസിലും മറ്റുമായി പ്രബന്ധാവതരണങ്ങളും യാത്രകളും പുതിയ സൗഹൃദങ്ങളുമായി ദിവസങ്ങൾ മുന്നോട്ടുപോകുന്നതിനിടയിലാണ് ജെ.എൻ.യുവിൽ നിന്നുള്ള പ്രിയങ്കരരായ അധ്യാപകർ ഇറാസ്മസ് അക്കാദമിക് വിസിറ്റിന്റെ ഭാഗമായി ലിത്വാനിയയിലെത്തുന്നത്. എന്റെ പി.എച്ച്.ഡി സൂപ്പർവൈസർ പ്രൊഫ. കെ.ബി. ഉഷ, പ്രൊഫ. എ.കെ. രാമകൃഷ്ണൻ, റഷ്യൻ ആന്റ് സെൻട്രൽ ഏഷ്യൻ സ്റ്റഡീസ് ചെയർപേഴ്‌സൻ പ്രൊഫ. ഫൂൽ ബദൻ എന്നിവരാണ് എത്തിയത്. വിൽനസ് സർവകലാശാല, വിറ്റോറ്റസ് മാഗ്നസ് യൂണിവേഴ്‌സിറ്റി (കൗണസ്), കൗണസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ അവരുടെ പ്രബന്ധാവതരണങ്ങൾക്കും വിദ്യാർഥികളുമായുള്ള ചർച്ചകൾക്കും ശേഷം ബാക്കി കുറച്ചു ദിവസങ്ങൾ ഞങ്ങൾ ചില ഗംഭീരൻ യാത്രകൾ പ്ലാൻ ചെയ്തു.
ആദ്യം ലിത്വാനിയയിലെ ചില പ്രദേശങ്ങളിലേക്ക് തന്നെയായിരുന്നു പോകാൻ തീരുമാനിച്ചത്. ലിത്വാനിയയുടെ തീരദേശ നഗരങ്ങളിലൊന്നായ ക്ലൈപേദയിലേക്കും റഷ്യയുമായി അതിർത്തി പങ്കിടുന്ന നിദയിലേക്കുമായിരുന്നു യാത്ര. ഈ യാത്രക്ക് ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്തുതരികയും കൂടെ കൊണ്ടുപോവുകയും ചെയ്ത പ്രിയപ്പെട്ട സുഹൃത്തായിരുന്നു കെ.ടി.യുവിലെ ഗസ്റ്റ് അധ്യാപികയായ മിൽഡ പൗളികൈത്തേ. പ്രൊഫ. ഉഷയുടെ അടുത്ത സുഹൃത്തായിരുന്നു അവർ. മിൽഡ ഡ്രൈവ് ചെയ്ത അവരുടെ കാറിലായിരുന്നു ഞങ്ങളുടെ ഈ യാത്ര മുഴുവൻ.
ക്ലൈപേദ ഒരു സുന്ദര നഗരമാണ്. എന്നാൽ ഞങ്ങൾ പോയ സമയം വിനോദസഞ്ചാരികളുടെ സീസണല്ലാത്തതിനാൽ നിരത്തുകളിൽ ഞങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കാണുന്നത് വിരളമായായിരുന്നു. ജനവാസം കുറവായ ഈ നഗരങ്ങളിലേക്ക് സമ്മറിലെ ടൂറിസ്റ്റ് സീസണിലാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
ഇത്തരം പ്രകൃതിരമണീയമായ പ്രദേശങ്ങളിൽ വേനൽക്കാലത്ത് നിരവധി വിനോദസഞ്ചാരികൾ എത്തുകയും അവർക്ക് താമസിക്കാൻ വിന്റർഹൗസുകൾ തയ്യാറാക്കപ്പെടുകയും ചെയ്യുന്നു. ധനികർക്ക് ഇത്തരം പ്രദേശങ്ങളിൽ സ്വന്തമായി വിന്റർ ഹൗസുകളുണ്ട്.
തീരദേശ നഗരത്തിന്റേയും ബാൾട്ടിക് സമുദ്രത്തിന്റേയുമെല്ലാം സൗന്ദര്യം നുകർന്ന് യാത്രതുടർന്ന ഞങ്ങൾ നിദ എന്ന അതിർത്തി പ്രദേശത്തേക്കാണ് പോയത്. അവിടെ ബോർഡർ ചെക്ക്പോസ്റ്റുകൾക്ക് കുറച്ചടുത്തുവരെ പോയി തിരിച്ചുവരാം. ലിത്വാനിയൻ ആർമിയുടെ ഒരു കേന്ദ്രം കൂടിയാണ് ആ സ്ഥലം. അങ്ങോട്ടുപോയി തിരികെവരുന്ന വഴിയിൽ ഞങ്ങൾ ഒരു പഴയ പള്ളിയുടെ സെമിത്തേരി സന്ദർശിച്ചു.
ഇന്ന് അതൊരു ശ്മശാനമായി ഉപയോഗിക്കുന്നില്ല. തുറസായൊരു പുൽത്തകിടിപോലെ ആ പ്രദേശം അങ്ങനെ നീണ്ടു പരന്നുകിടക്കുകയാണ്. എന്നാൽ അവിടെ കാണേണ്ട കാഴ്ച നൂറ്റാണ്ടുകൾക്കുമുമ്പ് പ്രസ്തുത പ്രദേശങ്ങളിൽ നിലനിന്നിരുന്ന പേഗൻ മതവിശ്വാസികളുടെ ശവകുടീരങ്ങളായിരുന്നു അതെല്ലാം എന്നതായിരുന്നു. കുരിശിനോട് സാദൃശ്യം തോന്നുന്ന പ്രത്യേകതരം ചിഹ്നങ്ങൾ കൊത്തിയ മരപ്പാളികൾ ഓരോ കല്ലറകളുടേയും ശിരോഭാഗത്തായി കുത്തിവെച്ചിരിക്കുന്നു.
നൂറ്റാണ്ടുകളുടെ മഞ്ഞും മഴയും വെയിലും അതിജീവിച്ച് എത്രയും ഈടുറ്റ ആ മരപ്പാളികൾ ചരിത്രത്തെ മറഞ്ഞുപോകാതെ സൂക്ഷിച്ച് അങ്ങനെ തലയുയർത്തി നിൽക്കുകയാണ്. ആ ശവകുടീരങ്ങൾക്ക് പതിനാലാം നൂറ്റാണ്ടിന്റെയോ അതിനു മുമ്പുള്ള കാലങ്ങളുടെയോ പഴക്കമുണ്ട്. യൂറോപ്പിൽ ഏറ്റവും അവസാനം ക്രിസ്തുമതം സ്വീകരിച്ച രാജ്യമാണ് ലിത്വാനിയ. 1387ലാണ് അവർ റോമൻ കത്തോലിക്കരായി മാമോദീസ മുങ്ങുന്നത്. അത് സംഭവിക്കുന്നത് പോളിഷ് ചക്രവർത്തിയും ലിത്വാനിയൻ ചക്രവർത്തിയുമായി ചേർന്ന് രാജവംശങ്ങൾ തമ്മിൽ നടന്ന വിവാഹവുമായി ബന്ധപ്പെട്ട് നിർമിക്കപ്പെട്ട ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്.
യൂറോപ്പിൽ നടന്ന ക്രിസ്ത്യൻ പരിവർത്തനങ്ങളിൽ ഏറ്റവും അവസാനമേ ഞങ്ങൾ കീഴടങ്ങിയുള്ളൂ എന്നത് ലിത്വാനിയക്കാർ സാധാരണയായി പറയാറുള്ള ഒരു വംശീയ മേന്മയുമാണ്. പടിഞ്ഞാറിന്റെ കത്തോലിക്ക മതമാണ് സ്വീകരിച്ചതെങ്കിലും കിഴക്കിന്റെ സ്ലാവിക്- ഓർത്തഡോക്‌സ് ആചാരങ്ങളുമായും ലിത്വാനിയക്കാരുടെ സാമ്പ്രദായിക രീതികൾ സാദൃശ്യം പുലർത്തുന്നു. 1387ലാണ് ലിത്വാനിയൻ രാജവംശമായ ഗ്രാന്റ് ഡച്ചിയുടെ നേതൃത്വത്തിൽ പേഗൻ ആരാധനാലയം പൊളിച്ച് തൽസ്ഥാനത്ത് വിൽനസ് കത്തീഡ്രൽ പണിതത്. ബാൾട്ടിക് രാജ്യങ്ങളിൽ ഏറ്റവും കത്തോലിക്കരുള്ളതും ലിത്വാനിയയിലാണ്- 93 ശതമാനത്തോളം. ലാത്വിയയിൽ ഇത് 77 ശതമാനവും എസ്റ്റോണിയയിൽ 51 ശതമാനവുമാണ്.
ഞങ്ങൾ കാറിൽ നിദയിലെ ഒരു കുന്നിന് സമീപം എത്തി. തുറസായ ആ പ്രദേശത്തിന്റെ അതിർത്തി ബാൾട്ടിക് സമുദ്രമാണ്. ആളുകൾക്ക് നടന്നുചെന്ന് സ്ഥലം കാണാനുള്ളതിന്റെ അതിർത്തി നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം പോകാൻ പാടില്ല.
ആ അതിർത്തി പ്രദേശത്തുനിന്ന് അകലേക്ക് നോക്കുമ്പോൾ ബാൾട്ടിക് സമുദ്രത്തിനപ്പുറം ദൂരെ റഷ്യൻ ദ്വീപായ കലിനിൻ ഗ്രാഡ് ഒരു പൊട്ടുപോലെ കാണാം. റഷ്യയുമായുള്ള ബാൾട്ടിക്കുകളുടെ ബന്ധം നിലവിൽ നല്ലതല്ലാത്തതിനാൽ ശക്തമായ പട്ടാള സംവിധാനങ്ങളും നിയമാവലികളുമെല്ലാം അവിടെ പാലിക്കപ്പെട്ടിരുന്നു. സ്ഥലങ്ങൾ സന്ദർശിക്കുന്ന വേളയിൽ നിരവധി കാര്യങ്ങൾ മിൽഡ ഞങ്ങളോട് വിശദീകരിച്ചു കൊണ്ടിരുന്നു.
റഷ്യയോട് വ്യക്തിപരമായി നിങ്ങൾക്കൊക്കെ വലിയ ദേഷ്യമാണോ എന്ന് മിൽഡയോട് ഞാൻ ചോദിച്ചു. അവർ പറഞ്ഞ മറുപടി, ഭരണകൂടങ്ങൾ തമ്മിലുള്ള ചേരിപ്പോരുകളുടെ ഭാഗമായി ജനങ്ങൾ മാറേണ്ടതില്ലെന്നും തനിക്ക് റഷ്യക്കാരായ നല്ല സുഹൃത്തുക്കളുണ്ടെന്നും അവരുമായൊക്കെ നല്ല ബന്ധം നിലനിറുത്തി പോരുന്നുണ്ടെന്നുമാണ്. ഒരിക്കൽ ബാൾട്ടിക്കുകളുടെ റഷ്യൻ വിരോധത്തെപ്പറ്റിയുള്ള സംസാരം ദോമിലെ സുഹൃത്തുക്കളുമായുള്ള ചർച്ചയിൽ ഉയർന്നുവന്നപ്പോൾ പഴയ സോവിയറ്റ് റിപബ്ലിക്കായ താജികിസ്ഥാനിൽ നിന്നുള്ള ഒരു സുഹൃത്ത് ഏറെ നിരാശയോടെ പ്രതികരിക്കുകയുണ്ടായി. ഇവർ ഇങ്ങനെ പരസ്പര വൈരികളാകുന്നത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. റഷ്യയേയും ബാൾട്ടിക് രാജ്യങ്ങളേയുമെല്ലാം വളരെ ഇഷ്ടപ്പെടുന്നവരും എല്ലാവരും തമ്മിൽ നല്ല സൗഹൃദത്തോടെ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ഞങ്ങൾ എന്ന് അവൻ സൂചിപ്പിച്ചു.
ബാൾട്ടിക് സ്‌പെഷ്യൽ അമ്പർ ആഭരണങ്ങൾ ഞങ്ങളോരോരുത്തരും വാങ്ങി. ചില അമ്പർ കല്ലുകൾക്കുള്ളിലായി തേൾ, ചിലന്തി, വണ്ടുകൾ തുടങ്ങിയ ജീവികളെ കാണാം. അമ്പർ രൂപപ്പെടുന്ന കാലത്തേ അതിന്റെ പശക്കുള്ളിൽ അകപ്പെട്ട് അവിടെ ഉറഞ്ഞുപോയ ജീവികളാണവ
ക്ലൈപേദയിലൂടെ പോകുന്ന വഴിക്ക് ഞങ്ങൾ അമ്പർ (Amber) രത്‌നക്കല്ലുകൾ കച്ചവടം ചെയ്യുന്നവരെ കണ്ടെത്തി. മഞ്ഞയുടേയും ചുവപ്പിന്റേയും നിറഭേദങ്ങളിലാണ് വളരെ ഭംഗിയുള്ള അമ്പർ കല്ലുകൾ കൂടുതലും കാണപ്പെടുന്നത്. മുൻ സൂചിപ്പിച്ച പല കാര്യങ്ങളേയും പോലെ തന്നെ ഇന്നാടിന്റെ തനതു സവിശേഷതയാണ് അമ്പർ ആഭരണക്കല്ലുകൾ. അത് ബാൾട്ടിക് കടലിന്റെ സമീപത്തുണ്ടാകുന്ന ഒരു വൃക്ഷത്തിൽ നിന്ന് അതിന്റെ ചറം ജലത്തിലേക്ക് പതിച്ച് നൂറ്റാണ്ടുകളോളം അവിടെ കിടന്ന് ഉറഞ്ഞ് ശിലാരൂപം കൊള്ളുന്നവയാണ്. അതായത് അവ ബാൾട്ടിക് സമുദ്രത്തിൽ നിന്ന് മാത്രം ലഭിക്കുന്ന കല്ലുകളാണ്. ബാൾട്ടിക് രാജ്യങ്ങളിലും റഷ്യൻ ദ്വീപായ കലിനിൻ ഗ്രാഡിലും പിന്നെ പോളണ്ടിലുമാണ് അമ്പർ കല്ലുകൾ ലഭിക്കുന്നത്. ചരിത്രാതീതകാലം മുതലേ അമ്പർ കല്ലുകളുടെ ഉപയോഗം കണ്ടെത്തിയിട്ടുണ്ടത്രേ. ലിത്വാനിയയിൽ അങ്ങനെ ശേഖരിച്ചുവച്ചിരിക്കുന്ന അമ്പറുകളുടെ മ്യൂസിയങ്ങൾ വരെയുണ്ട്.
അമ്പറുകൾ വിൽക്കുന്ന ആഭരണശാലകളും അവിടെ കാണാം. പിന്നീട് ഒരു അക്കാദമിക് കോൺഫറൻസിൽ പ്രബന്ധാവതരണത്തിനായി പോളണ്ടിലെ തുറമുഖ നഗരമായ ഗദൻസ്‌ക്കിൽ ചെന്നപ്പോൾ അവിടെ അമ്പറുകൾ വിൽക്കുന്ന മാർക്കറ്റുകൾ വരെ കണ്ടു. സാമാന്യം പണം നൽകണമെങ്കിലും ഒരുപാട് വിലപിടിപ്പുള്ള കല്ലുകളല്ല അമ്പർ. വെള്ളി കെട്ടിയ ചെറിയ അമ്പർ ആഭരണങ്ങൾ പത്ത് യൂറോ മുതൽ കണ്ടു. തെരുവുകച്ചവടക്കാരടക്കം അമ്പർ കൊണ്ട് നിർമിച്ച ആഭരണങ്ങളും കരകൗശല വസ്തുക്കളുമെല്ലാം വിൽക്കുന്നുണ്ട്. താങ്ങാൻ കഴിയുന്ന വിലയെന്ന് തോന്നിയ ഒരു സ്ഥലത്തുനിന്ന് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ബാൾട്ടിക് സ്‌പെഷ്യൽ അമ്പർ ആഭരണങ്ങൾ ഞങ്ങളോരോരുത്തരും വാങ്ങി. ചില അമ്പർ കല്ലുകൾക്കുള്ളിലായി തേൾ, ചിലന്തി, വണ്ടുകൾ തുടങ്ങിയ ജീവികളെ കാണാം. അമ്പർ രൂപപ്പെടുന്ന കാലത്തേ അതിന്റെ പശക്കുള്ളിൽ അകപ്പെട്ട് അവിടെ ഉറഞ്ഞുപോയ ജീവികളാണവ. അത്തരം ജീവികളുടെ ശരീര സാന്നിധ്യമുള്ള അമ്പറുകൾക്ക് വലിയ വില നൽകേണ്ടിവരും. ബാൾട്ടിക് കടലിൽ നിന്ന് കണ്ടെടുക്കുന്ന തനത് ആഭരണക്കല്ലുകളായതിനാൽ അമ്പർ ബാൾട്ടിക്കുകളുടെ ഒരു ട്രേഡ് മാർക്കായി നിലകൊള്ളുന്നു.
അവിടെ നിന്ന് ഞങ്ങൾ പോയത് ദുർമന്ത്രവാദികളുടെ കുന്ന് (Hill of Witches) എന്നറിയപ്പെടുന്ന പ്രദേശത്തേക്കാണ്. അത് ലിത്വാനിയൻ നാടോടിക്കഥകളുടെ സംസ്‌കാരത്തേയും പേഗൻ ആചാരങ്ങളേയുമെല്ലാം പ്രതിനിധീകരിക്കുന്ന ഒരിടമാണ്. ഇവിടം ലിത്വാനിയൻ നാടോടിക്കഥകളിലെ നല്ല രാക്ഷസിയായ നെരിങ്ക താമസിക്കുന്ന കുന്നായി അറിയപ്പെടുന്നു. നെരിങ്കയാണ് ഗ്രാമീണരെ എല്ലാ ക്ഷുദ്രശക്തികളിൽ നിന്നും രക്ഷിക്കുന്നവൾ. ജോദോക്രാന്റേ (Juodkrantė) എന്ന ഗ്രാമത്തിലുള്ള ദുർമന്ത്രവാദികളുടെ കുന്നിൽ ജോണിനെസ് അഥവാ സെന്റ് ജോണിന്റെ തിരുനാൾ എന്ന ആഘോഷപരിപാടികൾ വർഷം തോറും നടന്നിരുന്നു. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അത് അവസാനിച്ചതായാണ് അറിവ്. പേഗൻ സംസ്‌കാരത്തിന്റെ പതനത്തിനുശേഷമാണ് എല്ലാ ജൂൺ 24നും നടന്നിരുന്ന ഈ ഫെസ്റ്റിവെൽ ജോണിനെസ് ആയി മാറിയത്. കാട്ടുപ്രദേശം പോലെ കിടക്കുന്ന ഈ കുന്നിന്റെ ഏറ്റവും വലിയ പ്രത്യേകത, കരുത്തുറ്റ മരത്തടികളിൽ തീർത്ത ദുർമന്ത്രവാദികളുടെയും ഭൂതങ്ങളുടേയും ഡ്രാഗണിന്റേയുമെല്ലാം ശിൽപ്പങ്ങളാണ്.
1979 മുതലാണത്രേ അവ നിർമിച്ചു തുടങ്ങിയത്. ലിത്വാനിയയുടെ ഓരോ നാടോടിക്കഥകളേയും അനുസ്മരിപ്പിക്കുന്ന വിധം ഒറ്റനോട്ടത്തിൽ പേടിപ്പെടുത്തുന്ന ഭൂതഗണങ്ങളുടെ പ്രതിമകൾ കുന്നിൻ മുകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. കുട്ടികളുടെ അന്തർദേശീയ വർഷമായി പ്രഖ്യാപിക്കപ്പെട്ട 1979ൽ സോവിയറ്റ് ഗവൺമെന്റ് ഈ സ്ഥലം കുട്ടികൾക്കുവേണ്ടിയുള്ള കഥകളുടെ താഴ്വരയായി രൂപപ്പെടുത്താൻ തീരുമാനിച്ച് നിർമ്മിക്കാൻ തുടങ്ങിയതാണ് ഈ നാടോടിക്കഥകളിലെ കഥാപാത്രങ്ങളുടെ ശിൽപ്പങ്ങൾ. ആദ്യഘട്ടത്തിൽ 71 ശിൽപങ്ങൾ നിർമ്മിക്കുകയും തുടർന്ന് ഓരോ വർഷവും കൂടുതലായി പുതിയവ നിർമിക്കുകയും പഴയവ സംരക്ഷിക്കുകയും ചെയ്തുവന്നു.
ഇത്തരം സംഭവങ്ങൾ കേട്ടതിൽ നിന്ന് മനസിലാക്കുവാൻ കഴിയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള സോവിയറ്റ് യൂണിയന്റെ കടന്നുവരവിനുശേഷമാകാം മതപരമായ ആചാരങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കപ്പെടാതെ പോയത്. എന്നാൽ ലിത്വാനിയയുടെ സ്വതന്ത്ര്യ പ്രഖ്യാപനത്തിനുശേഷവും പേഗൻ ആചാരങ്ങളിൽ നിന്ന് ക്രിസ്ത്യൻ ആചാരമാക്കിമാറ്റപ്പെട്ട ഈ ആഘോഷം തുടർന്നിട്ടില്ല. എന്നിരുന്നാൽ തന്നെയും മനോഹര ശിൽപ്പങ്ങൾകൊണ്ട് ഓരോ ലിത്വാനിയൻ നാടോടിക്കഥകളെയും അനുസ്മരിപ്പിക്കുന്ന വിധം നിർമിച്ചിരിക്കുന്ന ദുർമന്ത്രവാദിനികളുടെ കുന്ന് ആകർഷകമായ ലിത്വാനിയൻ നേർചിത്രമായി നിലനിൽക്കുന്നു. കുന്നിലേക്കുള്ള പ്രവേശനം എല്ലാവർക്കും ഫ്രീ ആയിരുന്നു. സന്ധ്യമയങ്ങും വരെ അവിടെ ചെലവഴിച്ച് ദുർമന്ത്രവാദികളുടെ സാമീപ്യം ആസ്വദിച്ചശേഷമാണ് ഞങ്ങൾ മടങ്ങിയത്. മനോഹരമായ ആ യാത്രകൾക്ക് മിൽഡയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
തിരിച്ചെത്തിയശേഷം ഞങ്ങൾ ഒരിക്കൽക്കൂടി വിൽനസിലെത്തി. ചരിത്രം ജ്വലിച്ചു നിൽക്കുന്ന ആ നഗരത്തിലൂടെ എത്ര സഞ്ചരിച്ചാലും മതിവരില്ലായിരുന്നു. ആദ്യം പതിവുപോലെ തന്നെ ഞങ്ങൾ നഗരം ചുറ്റാനിറങ്ങി. മുമ്പ് പറഞ്ഞതുപോലെ തന്നെ ഓൾഡ് ടൗൺ ആയിരുന്നു ഏറ്റവും വലിയ ആകർഷണീയത. അന്ന് ഞങ്ങൾക്ക് കൂട്ടുവന്നത് പ്രൊഫ. സരുണാസും അദ്ദേഹത്തിന്റെ ഇന്ത്യക്കാരിയായ ഭാര്യ റൂണയുമായിരുന്നു. നഗരം ചുറ്റുന്നതിനിടയിൽ ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാൻ രാധാറാണി റസ്റ്റോറന്റിലാണ് പോയത്. അത് അവിടുത്തെ ഹിന്ദുമത പ്രചാരക സംഘമായ ഇസ്‌ക്കോൺ നടത്തുന്ന ഇന്ത്യൻ സ്റ്റൈൽ റസ്റ്റോറന്റായിരുന്നു. ലിത്വാനിയയിൽ പലയിടങ്ങളിലായും അവർക്ക് ഈ റസ്റ്റോറന്റുകളുണ്ട്.
ഇന്ത്യൻ ഭക്ഷണം എന്ന് പറയുമ്പോഴും ഒരു ഇന്തോ-യൂറോപ്യൻ മിക്‌സഡ് ഭക്ഷണമാണ് ലഭിക്കുക. തനതായ ഇന്ത്യൻ ഭക്ഷണം കഴിക്കണമെങ്കിൽ ഇന്ത്യൻ റസ്റ്റോറന്റുകൾ തിരഞ്ഞുപിടിച്ച് പോകേണ്ടിവരും. മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ കൗണസിൽ നടത്തുന്ന മസാല സിറ്റി എന്ന റസ്റ്റോറന്റ് അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്നാൽ അവിടെ നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള വിഭവങ്ങളായിരുന്നു കൂടുതലും. അധ്യാപകരുമൊത്തുള്ള ലിത്വാനിയൻ ദിനങ്ങളിൽ മസാല സിറ്റി ഞങ്ങൾക്ക് ആതിഥ്യമരുളാറുണ്ടായിരുന്നു. പഠനത്തിനിടയിലൂടെ ജീവിതച്ചെലവിന് ഇത്തരം സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാർഥികളുടെ പ്രയത്‌നം മഹനീയമാണ്. ഇന്ത്യൻ മസാലകൾ ലഭിക്കുന്ന ചില കടകളും അവിടെയുണ്ടായിരുന്നു. പക്ഷേ ഇന്ത്യയിൽ നിന്ന് കയറ്റി എത്തിക്കുന്നതിനാൽ അവയ്ക്കെല്ലാം വലിയ വിലയായിരുന്നു. എന്നാൽ യാത്രകൾക്കായി പണം കരുതിവയ്ക്കുക എന്ന ലക്ഷ്യത്തിൽ അത്യാവശ്യം മസാലകളൊക്കെ കൊണ്ടുവന്ന് സ്ഥിരം പാചകം ചെയ്ത് ഭക്ഷണം കഴിച്ചിരുന്നതിനാൽ എനിക്ക് ഹോട്ടലുകളെ അധികം ആശ്രയിക്കേണ്ടി വന്നിരുന്നില്ല. ഇന്ത്യൻ എന്ന പേരിൽ ലഭിച്ച ഭക്ഷണം കഴിച്ച് ഞങ്ങൾ രാധാറാണിയിൽ നിന്നിറങ്ങി. വിൽനസ് സർവകലാശാലയിലേക്ക് നടക്കുന്ന വഴിക്ക് കൊട്ടും ഭക്തിഗാനങ്ങളുമെല്ലാമായി വരുന്ന ചെറിയ സംഘം ഇസ്‌ക്കോൺ പ്രവർത്തകരെ കണ്ടു. വെള്ളക്കാരെങ്കിലും ഇന്ത്യൻ സന്യാസികളെന്ന് തോന്നുന്ന വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്. ഇന്ത്യൻ വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചിരുന്നതും. അവർ ഞങ്ങൾക്കരികിലേക്ക് വന്ന് ഞായറാഴ്ച അവരുടെ അമ്പലത്തിൽ നടക്കുന്ന പ്രാർത്ഥനകളിൽ പങ്കുചേരണമെന്ന് പറയുകയും കയ്യിലുണ്ടായിരുന്ന ഒരുതരം ലഡു ഭക്ഷിക്കാൻ തരികയും ചെയ്തു. ചെറിയ ആ കൂട്ടം നടന്നുനീങ്ങിയപ്പോൾ അതിനു പിറകിലുണ്ടായിരുന്ന ഒരു പ്രായം ചെന്നയാളും യുവതിയും ഞങ്ങളോട് സംസാരിക്കാൻ വന്നു. അവരുടെ മതാചാരങ്ങളുടേതായ ഒരു പുസ്തകം അഞ്ച് യൂറോക്ക് തരാമെന്ന് പറഞ്ഞു. ഞങ്ങൾ ഇന്ത്യയിൽ നിന്ന് വരുന്നവരാണെന്നും ഇതിന്റെ ആവശ്യമില്ലെന്നും മറുപടി പറഞ്ഞു. അപ്പോൾ അവർ ഇന്ത്യയെക്കുറിച്ചും ഹൈന്ദവ ആചാരരീതികളെക്കുറിച്ചുമെല്ലാം വാചാലരായി. അവരോട് ഞങ്ങൾ കേരളത്തിൽ നിന്നുള്ളവരാണെന്നും ബീഫ് കഴിക്കുന്ന ഹിന്ദുകുടുംബങ്ങളിൽ നിന്ന് വരുന്നവരാണെന്നും പറഞ്ഞു. അതുകേട്ട് അവർ വല്ലാതെ അമ്പരന്നു. ബീഫ് കഴിക്കുന്നവർ ഹിന്ദുക്കളല്ലെന്ന് അവർ പ്രഖ്യാപിച്ചു. അത് എന്ത് അടിസ്ഥാനത്തിലാണ് ഈ പറയുന്നതെന്ന് ഞങ്ങൾ അവരെ ചോദ്യം ചെയ്തു. ബംഗാളിലും മറ്റും ബ്രാഹ്മണർ പോലും മത്സ്യമാംസാദികൾ കഴിക്കുന്നവരാണെന്നും ഏകശിലാത്മകമായൊരു രൂപം ഹിന്ദുമതത്തിന് കൽപ്പിച്ചുകൊടുക്കാൻ നിങ്ങളെ ആരാണ് പഠിപ്പിച്ചതെന്നും ഞങ്ങൾ ചോദിച്ചു. അവർക്ക് കൃത്യമായ മറുപടി പറയാൻ സാധിച്ചില്ല. അങ്ങനെയുള്ളവരൊന്നും ഹിന്ദുക്കളല്ല എന്നുമാത്രം പറഞ്ഞു. കടുത്ത ശൈത്യത്തിൽ കിഴക്കൻ യൂറോപ്പിൽ ജീവിക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് മാംസാഹാരം കഴിക്കാതെ ജീവിക്കാൻ കഴിയുകയെന്ന് അവരോട് ചോദിച്ചു. അതിനാൽ ഇത്തരം ഒരു ആചാരവും പറഞ്ഞു ചെന്നാൽ ലിത്വാനിയയിൽ ആരാണ് നിങ്ങളെ സ്വീകരിക്കുകയെന്നും ചോദിച്ചു.
പിന്നീടുള്ള മറുപടികളിൽ ലേശം അസഹിഷ്ണുതയും തിരസ്‌കരണവും അവരുടെ മുഖത്തും വാക്കുകളിലും തെളിയാൻ തുടങ്ങി. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ ഇന്ത്യയിൽ വന്നിട്ടുള്ളയാളാണ് ഞാൻ എന്ന് പ്രായം ചെന്നയാൾ എന്നോട് പറഞ്ഞു. അതിൽ പ്രത്യേകിച്ച് വലിയ കാര്യമൊന്നുമില്ലെന്നും ഇന്ത്യയിൽ ജനിച്ചു വളർന്നു ജീവിക്കുന്നവരാണ് ഞങ്ങൾ എന്നും മറുപടി നൽകി. തുടർന്ന് ജാതി സമ്പ്രദായത്തെക്കുറിച്ചും അത് ഉൽപ്പാദിപ്പിക്കുന്ന ക്രൂരമായ തിരസ്‌കരണങ്ങളെക്കുറിച്ചും ഞങ്ങൾ അവരുടെ അഭിപ്രായം ചോദിച്ചു. അതിനൊന്നും വ്യക്തമായ ഒരു മറുപടിയും അവർക്ക് നൽകാനുണ്ടായിരുന്നില്ല. നിങ്ങളോട് ഞങ്ങൾക്ക് തർക്കിക്കാൻ വയ്യ എന്നും നിങ്ങൾ പറയുന്നതൊന്നും ശരിയല്ല എന്നും വിളിച്ചുപറഞ്ഞ് ആ സ്ത്രീയും പ്രായം ചെന്നയാളും അവരുടെ ഭക്തിഘോഷയാത്രയിലേക്ക് നടന്നുനീങ്ങി.
വിൽനസിലെ ജൂതർ താമസിച്ചിരുന്ന തെരുവിലൂടെ ഞങ്ങൾ ഒരിക്കൽ കൂടി നടന്നു. അവിടെയെത്തുമ്പോൾ ശ്മശാന മൂകമായൊരു നിശബ്ദത വേട്ടയാടുന്നതുപോലെ അനുഭവപ്പെട്ടു. നിരവധി ജൂതക്കൊലകൾ നടന്ന നയൻത്ത് ഫോർട്ട് എന്ന കൗണസിനടുത്തുള്ള സ്ഥലത്ത് പോയപ്പോൾ അവിടുത്തെ ഭീകരതകളും രക്തത്തിന്റെ മണവും മനസിലേക്കെത്തി ദിവസങ്ങളോളം ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും ഒടുവിൽ പള്ളിയിൽ നിന്ന് വികാരിയച്ചൻ വീട്ടിലെത്തി പ്രാർത്ഥിക്കുകയും വീട് വെഞ്ചരിക്കുകയും ചെയ്തു എന്നും കൗണസിലെ സുഹൃത്തായ ക്രിസ്റ്റീന പറഞ്ഞത് ഓർത്തു. ആ സ്ഥലം പിന്നിട്ട് കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോൾ ലിത്വാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് സോഷ്യൽ ഡെമോക്രാറ്റുകളായി മാറിയ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ഓഫീസ് കണ്ടു. അവിടെ നിന്ന് വിൽനസ് യൂണിവേഴ്‌സിറ്റിയിലെത്തിയശേഷം ഏഷ്യൻ ആന്റ് ട്രാൻസ് കൾച്ചറൽ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച 2019ലെ ഇന്ത്യൻ പാർലമെന്റ് ഇലക്ഷനെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചയിലേക്ക് ഞങ്ങൾ ക്ഷണിക്കപ്പെട്ടു.
പങ്കെടുത്ത പല രാഷ്ട്രീയ പണ്ഡിതർക്കും തങ്ങളുടെ കൃത്യമായ കാഴ്ചപ്പാട് വെളിപ്പെടുത്താൻ മടിയായിരുന്നു. എന്നാൽ പ്രസക്തമായ വിഷയങ്ങൾ അവർ ചർച്ച ചെയ്തു. അക്കൂട്ടത്തിൽ മധ്യവയസ്‌കനായ ഒരു പ്രൊഫസർ മാത്രം ഇന്ത്യയിലെ രാഷ്ട്രീയ-മത മുന്നേറ്റങ്ങളെക്കുറിച്ച് വാചാലനായി. മതം രാഷ്ട്രീയമായി മാറുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. അദ്ദേഹം ഇന്ത്യൻ മതസാംസ്‌കാരത്തെക്കുറിച്ച് എഴുതിയ പുസ്തകം ഞങ്ങൾക്ക് സമ്മാനിച്ചു. അതോടൊപ്പം സോഷ്യലിസത്തെ പൂർണമായി തള്ളിപ്പറയാനും മടിച്ചില്ല. സോഷ്യലിസം എന്നവാക്ക് നിരവധി ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ പേരിലും ഇന്ത്യൻ ഭരണഘടനയിലുമെല്ലാം ഉളള കാര്യവും ഇന്ത്യ ഒരു മതരാഷ്ട്രമല്ല എന്ന കാര്യവും താങ്കൾക്കറിയില്ലേ എന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അതിന് മറുപടിയായി അദ്ദേഹം സോവിയറ്റ് യൂണിയന്റെ പ്രശ്‌നങ്ങളെക്കുറിച്ചും മറ്റും ഞങ്ങളോട് വാചാലനായി. താങ്കളുടെ രാജ്യം അഭിമുഖീകരിച്ച പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പല കാര്യങ്ങളോടും ഞങ്ങൾ യോജിക്കുന്നുവെന്ന് മറുപടി പറഞ്ഞു, എന്നിട്ട് ഇത്രയും കൂട്ടിചേർത്തു: ഇന്ത്യയെ സംബന്ധിച്ച് സോവിയറ്റ് യൂണിയനെപ്പോലൊരു സുഹൃത്തും സഹായിയിയും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യലിസം എന്നത് സോവിയറ്റ് യൂണിയൻ പറഞ്ഞതുമാത്രമല്ല, മറ്റ് നാടുകൾക്ക് അവരുടേതായ സോഷ്യലിസ്റ്റ് മോഡലുകളുണ്ട്. തുടർന്ന് അദ്ദേഹം ജെ.എൻ.യുവിലും കേരളത്തിലും ബംഗാളിലുമെല്ലാം വന്നപ്പോൾ കണ്ട, തീരെ ഇഷ്ടപ്പെടാത്ത കാഴ്ചയായ ഇടതുപക്ഷ ആശയധാരയുടെ ചിത്രീകരണങ്ങളെക്കുറിച്ചും ജനങ്ങളുടെ റാലികളെക്കുറിച്ചുമെല്ലാം പറഞ്ഞു. അത്തരം ജനങ്ങളോട് കൂടുതൽ ഇടപഴകാനും അവരുടെ ചരിത്രത്തെക്കുറിച്ചും ജീവൽ പ്രശ്‌നങ്ങളെക്കുറിച്ചും മനസിലാക്കാനും മതം കൊണ്ടും ജാതി കൊണ്ടും എല്ലാം പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോയെന്നും ഞങ്ങൾ പ്രതികരിച്ചു. ഏറെ സംവാദാത്മകമായ ആ ചർച്ചക്കുശേഷം ലിത്വാനിയൻ കോഫിയും സ്നാക്സുകളും കഴിച്ച് പരസ്പരം അഭിവാദ്യം ചെയ്ത് സന്തോഷത്തോടെ തന്നെ ഏവരും പിരിഞ്ഞു.
ലാത്വിയയും എസ്റ്റോണിയയും വ്യത്യസ്ത രാജ്യങ്ങളാണെങ്കിലും വലിപ്പം കൊണ്ട് ചെറുതായതിനാൽ കേരളത്തിൽ നിന്ന് കർണാടകയിലേക്കോ തമിഴ്‌നാട്ടിലേക്കോ പോകുന്ന ദൂരം മാത്രമേ സഞ്ചരിക്കാനുണ്ടായിരുന്നുള്ളൂ
ജെ.എൻ.യുവിലെ അധ്യാപകരുടെ നാട്ടിലേക്കുള്ള മടക്കത്തിന് മുമ്പായിട്ടാണ് ഞങ്ങൾ ലാത്വിയയിലേക്കും എസ്റ്റോണിയയിലേക്കും യാത്ര ചെയ്തത്. ഇവയെല്ലാം വ്യത്യസ്ത രാജ്യങ്ങളാണെങ്കിൽ തന്നെയും വലിപ്പം കൊണ്ട് ചെറുതായതിനാൽ കേരളത്തിൽ നിന്ന് കർണാടകയിലേക്കോ തമിഴ്‌നാട്ടിലേക്കോ പോകുന്ന ദൂരം മാത്രമേ സഞ്ചരിക്കാനുണ്ടായിരുന്നുള്ളൂ. കൗണസിൽ നിന്ന് താരതമ്യേന കുറഞ്ഞ ചെലവിൽ ലഭ്യമായിരുന്ന എക്കോലൈൻ ബസുകൾ ബുക്ക് ചെയ്ത് ഞങ്ങൾ യാത്രക്ക് തയ്യാറെടുത്തു. ബുക്കിങ് ഡോട്ട്‌കോം വഴി റൂമുകളും സുഖമായി ബുക്ക് ചെയ്തിരുന്നു. ലിത്വാനിയയിൽ നിന്ന് ലാത്വിയ വഴി എസ്റ്റോണിയയിലേക്കെത്താൻ ഒറ്റ രാത്രിയേ ബസിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ. പുതിയ സംസ്‌കാരങ്ങളേയും രാഷ്ട്രീയത്തേയുമെല്ലാം പരിചയപ്പെട്ടുകൊണ്ടുള്ള ഒരു ഗംഭീരൻ യാത്ര തന്നെയായിരുന്നു അത്.▮
(തുടരും)