കൗണസ് ക്യാമ്പസ് സ്ട്രീറ്റ്

നിലനിൽപിന്റെ സോവിയറ്റ് കൊളോണിയൽ തിയറി

റഷ്യയോട് ആഴത്തിൽ അലിഞ്ഞു ചേർന്ന വെറുപ്പ് ലിത്വാനിയൻ ഔദ്യോഗിക ദേശീയതയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരിക്കുന്നു

മൂന്ന്‌

വെൽക്കം വീക്ക് കഴിഞ്ഞ് കൗണസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ പുതിയ സെമസ്റ്റർ ആരംഭിച്ചു. പിഎച്ച്.ഡി വിദ്യാർത്ഥി എന്ന നിലയിൽ ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എങ്കിലും കുറച്ച് ക്ലാസുകൾ കയറി കേൾക്കാൻ തന്നെ തീരുമാനിച്ചു. അത് പുതിയ ഒരു സംഘം സുഹൃത്തുക്കളെയാണ് സമ്മാനിച്ചത്. അക്കൂട്ടത്തിൽ ഒരാളായിരുന്നു ലിത്വാനിയൻ ലാംഗ്വേജ് ക്ലാസിലെത്തിയ എഞ്ചിനിയറിംഗ് ഗവേഷണ വിദ്യാർത്ഥിയായ പാക്കിസ്ഥാനിൽ നിന്നുള്ള ഉസ്മാൻ. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഉസ്മാൻ മാസ്റ്റേഴ്‌സ് ബിരുദം നേടിയത്. തുടർന്ന് പി.എച്ച്.ഡിക്ക് കെ.ടി.യു വിലേക്ക് വരികയായിരുന്നു.

താൻ ഇന്ത്യയിലെ ഐ.ഐ.ടി കളുടെ ഒരു ഫാൻ ആണെന്നും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ശത്രുതകളെല്ലാം അവസാനിച്ച് സൗഹൃദത്തോടെ മുന്നോട്ടുപോകണമെന്നുമെല്ലാം ഉസ്മാൻ വാചാലനായി. പുൽവാമാ ഭീകരാക്രമണവും ഇന്ത്യാ- പാക്കിസ്ഥാൻ സംഘർഷാവസ്ഥയും നിലനിൽക്കുന്ന സമയമായിരുന്നു അത്. എങ്കിലും ഉസ്മാൻ അത്തരം വിഷയങ്ങളൊന്നും സംസാരിക്കാൻ നിൽക്കാതെ ഓരോ തവണ കാണുമ്പോഴും അടുത്തേക്കുവന്ന് നിറഞ്ഞ സൗഹൃദത്തോടെ വിശേഷങ്ങൾ പങ്കിട്ടു.

സ്റ്റുദന്റ് ഗാത്ത് (സ്റ്റുഡന്റ്‌സ് സ്ട്രീറ്റ്)

അതേ ക്ലാസിൽ നിന്നുതന്നെയാണ് ജർമനിയിൽ നിന്നുള്ള വിദ്യാർത്ഥിനികളായ ഹന്നയേയും ജൂലിയയേയും സുഹൃത്തുക്കളായി ലഭിച്ചത്. ഈ സൗഹൃദങ്ങളുടെ ഏറ്റവും വലിയ മനോഹാരിത ഇവരേവരുമായി അതതുനാടുകളിലെ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു എന്നതായിരുന്നു.

പുതിയ ദോമിലേക്ക്

ഒരാഴ്ചക്കുള്ളിൽ ഇറാസ്മസ് സ്റ്റുഡന്റ്‌സിനുള്ള പുതിയ ദോമിലേക്ക് താമസം മാറി. ഫ്രാൻസിൽ നിന്നുള്ള വാലന്റൈൻ ആണ് പുതിയ സഹമുറിയൻ ചങ്ങാതി. ഇരുപത്തിനാലുകാരനായ എഞ്ചിനിയറിംഗ് ബാച്ചിലേഴ്‌സ് വിദ്യാർത്ഥി. സഹൃദയൻ. ദോമുകൾക്ക് മെസ് ഇല്ല. ഓരോ ഫ്‌ളോറിലും രണ്ട് അടുക്കളകൾ വീതമുണ്ട്. പാചകം ചെയ്യാനാവശ്യമായ ഭക്ഷണസാധനങ്ങളും പാത്രങ്ങളും വാങ്ങണം.

ഭക്ഷണക്കാര്യത്തിൽ വെജിറ്റേറിയനാണെങ്കിൽ കഷ്ടപ്പെടേണ്ടിവരും. ഓപ്ഷനുകൾ തീരെക്കുറവ്. ആപ്പിളാണ് ഏറ്റവും വിലകുറഞ്ഞ് കിട്ടുന്ന പഴം. ഏറ്റവും വിലക്കൂടുതൽ മാങ്ങക്കും.

നാട്ടിൽ നിന്ന് കൊണ്ടുവന്ന കേരള മസാലകളുപയോഗിച്ച് ബീഫ് കറിയും ചോറും വച്ച് ഐശ്വര്യമായി തുടങ്ങി. സാധനങ്ങൾ വാങ്ങാൻ പറ്റിയ ചെറിയ കടകൾ വിരളമാണ്. ഉള്ളവയിലാകട്ടെ പാവപ്പെട്ട കടക്കാർക്ക് വില കുറച്ച് നൽകാൻ കഴിയാത്തതിന്റേയും മാതൃഭാഷയൊഴികെ മറ്റൊരു ഭാഷയും അറിയാത്തതിന്റേയും പ്രശ്‌നങ്ങളും. സൂപ്പർ മാർക്കറ്റുകളെയാണ് ഇന്ന് അവിടെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത്. മാക്‌സിമ, പ്രോമോ തുടങ്ങിയ ബാൾട്ടിക് മൾട്ടിനാഷണലുകളും ഇക്കി, ലിഡിൽ തുടങ്ങിയ ജർമൻ മൾട്ടിനാഷണലുകളുമാണ് പ്രധാനപ്പെട്ടവ.

കെ.ടി.യു ദോമിന് (വലിയ കെട്ടിടം) അടുത്തുള്ള വീടുകൾ

ഇവയിൽ കൂടുതൽ പേരും ആശ്രയിക്കുന്നത് മാക്‌സിമയെ ആണെന്ന് പറയാം. പലവ്യഞ്ജനങ്ങൾ തുടങ്ങി പോർക്ക്, ബീഫ്, ചിക്കൻ, താറാവ് മുതൽ ജീവനുള്ള മീനുകൾ വരെയുള്ളവ അവിടെ ലഭ്യമാണ്. മീനുകളിൽ ഏറ്റവും ഡിമാന്റ് മുറിച്ചാൽ നല്ല ഓറഞ്ച് കളറിൽ ഇരിക്കുന്ന സാൽമൺ മത്സ്യത്തിനാണ്. മട്ടൺ വേണമെങ്കിൽ അതിനായുള്ള പ്രത്യേക മാർക്കറ്റിൻ പോകണം. ഏറ്റവും പ്രധാന ഇറച്ചി വിഭവം പോർക്കാണ്. അതിന്റെ കയറ്റുമതിയുമുണ്ട്.

ഭക്ഷണക്കാര്യത്തിൽ വെജിറ്റേറിയനാണെങ്കിൽ കഷ്ടപ്പെടേണ്ടിവരും. ഓപ്ഷനുകൾ തീരെക്കുറവ്. ആപ്പിളാണ് ഏറ്റവും വിലകുറഞ്ഞ് കിട്ടുന്ന പഴം. ഏറ്റവും വിലക്കൂടുതൽ മാങ്ങക്കും. സെമസ്റ്റർ അവസാനം ചില യാത്രകൾ പ്ലാനിലുണ്ടായിരുന്നതിനാൽ പണം അധികം ചെലവാക്കാതെ പാചകം തകൃതിയായി നടന്നു. ഒരുപക്ഷേ ഞങ്ങളുടെ എട്ടാം നമ്പർ ദോമിൽ തന്നെ അടുക്കള ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ഈയുള്ളവനാകാം. ദോമിനടുത്തുള്ള ഒരു വലിയ ഇക്കി സൂപ്പർ മാർക്കറ്റിനു മുമ്പിൽ ചെറിയ മാടക്കട ശ്രദ്ധയിൽപ്പെട്ടു.

കൗണസിന്റെ നഗരവഴികൾ

വിലയൽപ്പം കൂടിയാലും ഇടക്ക് അവിടെ നിന്ന് സാധനങ്ങൾ വാങ്ങണമെന്നുതന്നെ കരുതി. ഒരു അമ്മൂമ്മയാണ് കടയുടെ ഉടമസ്ഥ. സംഭാഷണത്തിന് അൽപ്പം ബുദ്ധിമുട്ടി. അമ്മൂമ്മ വില എഴുതി വച്ചിരിക്കുന്ന ബോർഡുകൾ കാണിച്ചു. തക്കാളിയും ആപ്പിളും വാങ്ങി യൂറോ നൽകി. ചിരിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ച് അമ്മൂമ്മ യാത്രയാക്കി.

വംശശുദ്ധിയും ഇരവാദവും

ആഴ്ചയിൽ ഒരു തവണ റിസർച്ച് സൂപ്പർവൈസറുമായി മീറ്റിംഗുണ്ട്. കൗണസ് സ്വദേശിയും മീഡിയ ആന്റ് ഡിജിറ്റൽ കൾച്ചർ സെന്റർ ഫാക്കൽറ്റിയുമായ സരുണാസാണ് ഗൈഡായി അനുവദിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ വിഷയം ഫിലോസഫി ആണെങ്കിലും മാർക്കറ്റ് അനുസരിച്ച് തരംതിരിച്ചിരിക്കുന്ന റിസർച്ച് ഫാക്കൽറ്റികളിൽ ഇങ്ങനെയൊരു ഇടമാണ് ലഭിച്ചിരിക്കുന്നത്. ഡിസിപ്ലിനുകളും ഗവേഷണ വിഷയങ്ങളുമെല്ലാം മാർക്കറ്റ് വാല്യൂ അനുസരിച്ച് നിശ്ചയിക്കുന്നു.

കെ.ടി.യു ദോം നമ്പർ എട്ട്

കെ.ടി.യുവിൽ അഡ്മിഷനെടുത്ത് പഠിക്കുവാൻ താൽപര്യമുള്ളവർക്കായി നടത്തിയ ഇന്ററാക്റ്റീവ് പ്രോഗ്രാമിൽ പങ്കെടുത്തു. ഗവേഷണ വിഷയങ്ങളെക്കുറിച്ച് ഞാൻ ചോദിച്ച ചോദ്യത്തിന് പ്രോഗ്രാം കോർഡിനേറ്ററും യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥയുമായ റേധ മറുപടി പറഞ്ഞു. യൂണിവേഴ്‌സിറ്റി പ്രവേശന വിളംബരസമയത്ത് പറഞ്ഞിരിക്കുന്ന വിഷയങ്ങൾ മാത്രം നിങ്ങൾക്ക് ഗവേഷണത്തിനായി സ്വീകരിക്കാം. ചുരുക്കത്തിൽ നമ്മൾ ആഗ്രഹിക്കുന്ന വിഷയത്തിലുള്ള റിസർച്ചിന് അനുമതി കിട്ടില്ല. വിഷ്ണുവിന്റെ ബാച്ചിലെല്ലാം ഗവേഷണ വിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്കുണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ കൂടുതൽ മാറ്റങ്ങൾ പുതിയ നിയോലിബറൽ കാലത്തിന് അനുസൃതമായി അവതരിപ്പിക്കപ്പെടുന്നു.

ഒരേസമയം ഞങ്ങൾ വംശശുദ്ധിയുള്ള യൂറോപ്യൻമാർ എന്ന നിലപാടും കോളനിവൽക്കരണത്തിന്റെ ഇരവാദവും പരസ്പരം ചേർന്നുപോകുന്നതല്ല.

എന്റെ റിസർച്ച് ഗൈഡ് സരുണാസിന് താൽപര്യമുള്ള ഗവേഷണ മേഖലയാണ് ഇന്ത്യ. ആഴ്ചയിലൊരിക്കൽ നടക്കുന്ന ഞങ്ങളുടെ ചർച്ചയിൽ ഒരു തവണ സോവിയറ്റ് കോളനികളായിരുന്നു ബാൾട്ടിക്കുകൾ എന്ന വാദം ഉയർന്നുവന്നു. ഇരുനൂറ് വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിയായ ഇന്ത്യയുടെ ചരിത്രവും കോളനിവൽക്കരണമെന്ന് ഉന്നയിക്കപ്പെടുന്ന സോവിയറ്റ് കാലവും തമ്മിൽ എന്ത് താദാത്മ്യമാണ് കാണാൻ കഴിയുന്നത് എന്ന എന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല.

മഞ്ഞിൽ പുതഞ്ഞ കാമ്പസ്‌ കാലം

എന്നാൽ റഷ്യയോട് ആഴത്തിൽ അലിഞ്ഞു ചേർന്ന വെറുപ്പ് ലിത്വാനിയൻ ഔദ്യോഗിക ദേശീയതയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരിക്കുന്നു. ഇവിടെ ഒരേസമയം ഞങ്ങൾ വംശശുദ്ധിയുള്ള യൂറോപ്യൻമാർ എന്ന നിലപാടും കോളനിവൽക്കരണത്തിന്റെ ഇരവാദവും പരസ്പരം ചേർന്നുപോകുന്നതല്ല. ഞങ്ങളുടെ രാജ്യത്തെ സമ്പത്തെല്ലാം സോവിയറ്റ് യൂണിയൻ ദരിദ്രനാടുകളായ സെൻട്രൽ ഏഷ്യയിലേക്കെത്തിച്ചുകൊടുത്തു എന്ന വാദം ഉന്നയിക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ കൊള്ളയടിച്ച സമ്പത്തിന്റെ ഒരംശമെങ്കിലും ഇവിടെ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിനും ഉചിതമായ മറുപടിയില്ല. ഇന്ത്യയുമായി ഒരു താരതമ്യത്തിനുപോലും സാധ്യതയില്ലെന്ന് സരുണാസ് സമ്മതിച്ചു. എങ്കിലും ഔദ്യോഗിക ദേശീയ കാഴ്ചപ്പാടിന് സോവിയറ്റ് കൊളോണിയൽ തിയറി നിലനിൽപ്പിന്റെ അവിഭാജ്യഘടകമായി തുടർന്നു.

നിരവധി തർക്കങ്ങളാലും സംവാദങ്ങളാലും മുഖരിതമായ ഞങ്ങളുടെ ഓരോ ചർച്ചയും ഒടുവിൽ സൗഹൃദപരമായ ചിരികളിലും ലിത്വാനിയൻ കടും കാപ്പിയുടെ സിപ്പിലുമാണ് അവസാനിച്ചത്. അക്കാദമിക്‌സിലും ചർച്ചകളിലും ജനാധിപത്യവും സഹിഷ്ണുതയും അദ്ദേഹം പുലർത്തിപ്പോന്നു. തന്റെ ഗവേഷണ ഏരിയകളിൽ തികഞ്ഞ പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇതിനിടയിൽ വിഷ്ണു പരിചയപ്പെടുത്തിയ കൗണസിലെ നാട്ടുകാരായിരുന്നു ക്രിസ്റ്റീനയും കുടുംബവും. കോളേജ് അധ്യാപികയായ ക്രിസ്റ്റീനയുടെ കുടുംബമായിരുന്നു വിഷ്ണുവിന്റെ വാടകവീടിന്റെ ഉടമകൾ. അവർക്കൊപ്പം അവരുടെ നാട്ടിലേക്ക് ആനയിക്കപ്പെട്ടതും, തദ്ദേശീയ ജനതയുടെ ജീവിത സാഹചര്യങ്ങളിലേക്കും, ആഘോഷങ്ങളിലേക്കും, ഫാമിലി ഫങ്ങ്ഷനുകളിലേക്കുമെല്ലാം, ക്ഷണിക്കപ്പെട്ടതും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുകയും ഏറെ പുതിയ അറിവുകൾക്ക് വഴിതെളിക്കുകയുമായിരുന്നു.▮

(തുടരും)

Comments