ഡൈൻട്രീ മഴക്കാടുകളുടെയും Djabugay ഗോത്രവംശജരുടെയും കെയ്ൻസ്, ഒരു സുന്ദരസുരഭില യാത്ര

കേരളത്തോളം വരില്ലെങ്കിലും തേങ്ങ, മാങ്ങ, ചക്കകൾ ധാരാളമുള്ള ഒരു ദേശമാണ് ഓസ്ട്രേലിയയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള കെയ്ൻസ്. ആ സുന്ദര സുരഭില യാത്രയുടെ അനുഭവമാണ് ഈ ആഴ്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 32

കേരളത്തോളം വരില്ലെങ്കിലും തേങ്ങ, മാങ്ങ, ചക്കകൾ ധാരാളമുള്ള ഒരു ദേശമാണ് ഓസ്ട്രേലിയയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള കെയ്ൻസ്. കേരളം ഭൂമദ്ധ്യരേഖയുടെ വടക്കും, കെയ്ൻസ് തെക്കുമാണെങ്കിലും അക്ഷാംശ-രേഖാംശ കണക്കുകളിൽ ലേശം വ്യത്യാസമേയുള്ളൂ. എന്നാൽ താപനിലയിൽ കാര്യമായ വ്യത്യാസമേയില്ല. അന്തരീക്ഷത്തിലാണെങ്കിൽ അവിടത്തെ പോലെ ഇവിടെയും നീരാവി (Humidity) നിറയുന്നു. എന്നാൽ മരങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തിൽ ഈ സാമ്യമില്ല.

കേരളമരങ്ങൾ തേക്ക്, ഈട്ടി, മഹാഗണി, അരയാൽ... ലൈനിൽ പോകുമ്പോൾ യൂക്കാലിപ്റ്റസ്, സെഡാർ, പന, പേപ്പർ ബാർക്കൊക്കെയാണ് കെയ്ൻസിൽ വളരുന്നത്. ആനയും, പുലിയും, കടുവയും, മലയണ്ണാനും, കുരങ്ങനും വാഴുന്ന വനങ്ങളാണ് കേരളത്തിന്റേത്. ഓസ്ട്രേലിയയുടേത് മാത്രമായ കങ്കരു, വലബീസ്, പ്ലാറ്റിപ്പസ്, ഒപ്പ്സം, സാൾട്ട് വാട്ടർ മുതലകൾ തുടങ്ങിയവയാണ് കെയിൻസിലുമുള്ളത്.

ആ കെയിൻസിലേക്കാണ് മെൽബണിൽ നിന്നുള്ള മൂന്നരമണിക്കൂർ വ്യോമദൂരം കടന്ന് ഞങ്ങൾ എട്ടുപേർ ഒരു ദിവസം രാവിലെ പത്ത് മണിക്ക് എത്തുന്നത്. ശരത്കാലത്ത് നിന്ന് ശൈത്യത്തിലേക്കുള്ള 'ഋതുഭേദകല്പന'കളിൽ  മയങ്ങിയ മെൽബൺ ഊഷ്മാവ് ഞങ്ങൾ പുറപ്പെടുമ്പോൾ പത്ത് ഡിഗ്രി. 'വരൂ ദാ ഇരുപത്തിയൊന്ന് ഡിഗ്രി' എന്ന് പറഞ്ഞാണ് ഞങ്ങളെ കെയിൻസ് സ്വീകരിച്ചത്.

നാല് ദിവസത്തെ Itinerary തയാറാക്കി ഞങ്ങൾ ആദ്യം പോയത് 2100 മുതലകളുള്ള ക്രോകോഡയൽ അഡ്വഞ്ചർ പാർക്കിലേക്കായിരുന്നു. 100,000 മുതലകളുള്ള ചൈനയിലെ Guangzhou പാർക്കിനെ താരതമ്യം ചെയുമ്പോൾ ഇതൊരു കുഞ്ഞൻ സ്ഥലം ആണ്. ഭീമൻ മുതലകളെ 'കൈയെത്തും' ദൂരത്ത് കാണുന്നതെന്തായാലും രസകരം തന്നെ. ഏതാണ്ട് അഞ്ചര മീറ്റർ നീളവും, ഒന്നര ടൺ ഭാരവുമുള്ള Cassius എന്ന ലോകത്തിലെ ഏറ്റവും വലിയ മുതലയുണ്ടായിരുന്നത് കെയിൻസിലെ മറ്റൊരു പാർക്കിലാണ്. 2024-ലാണ് മൂപ്പര് ദിവംഗതനായത്. ഓസ്ട്രേലിയയിൽ Mackay-യിലുള്ള ഗലോപിൻ ആണ് ഇപ്പോൾ മനുഷ്യന്റെ കൈവശമുള്ള മുതലകളിൽ ഏറ്റവും വലുത്.

നാല് ദിവസത്തെ Itinerary തയാറാക്കി ഞങ്ങൾ ആദ്യം പോയത് 2100 മുതലകളുള്ള ക്രോകോഡയൽ അഡ്വഞ്ചർ പാർക്കിലേക്കായിരുന്നു
നാല് ദിവസത്തെ Itinerary തയാറാക്കി ഞങ്ങൾ ആദ്യം പോയത് 2100 മുതലകളുള്ള ക്രോകോഡയൽ അഡ്വഞ്ചർ പാർക്കിലേക്കായിരുന്നു

മുതല കാഴ്ചകൾ കഴിഞ്ഞ് കെയിൻസ് തുറമുഖ പരിസരത്ത് കൂടെ അസ്തമിക്കാൻ തീരെ താല്പര്യമില്ലാതെ നിൽക്കുന്ന സൂര്യനൊപ്പം ഞങ്ങൾ നടന്നു. ക്രൂയിസ് കപ്പലുകളുടെ പ്രിയപ്പെട്ട നങ്കൂര സ്ഥാനമാണ് കെയിൻസ് പോർട്ട്. വൃത്തിയും വെടിപ്പുമുള്ള കടൽത്തീരനടപ്പാത നീണ്ട് ഇരുപുറം നിന്ന് മേൽക്കൂര കെട്ടുന്ന ടൗൺ മദ്ധ്യത്തിലുള്ള മരങ്ങൾക്കൊപ്പമെത്തുന്നു. രണ്ടാം ദിവസം കണ്ടത് പരിസ്ഥിതിപ്രധാനമായ കാഴ്ചകളായിരുന്നു. ആമസോൺ വനങ്ങളേക്കാൾ പ്രായമുള്ള Daintree Rainforest പരിസരത്തേക്കാണ് ഞങ്ങൾ പോയത്.

ആ പോക്കിൽ ചരിത്രം ഞങ്ങൾക്കൊപ്പം കൂടി. 550 മില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട സൂപ്പർ വൻകരയായിരുന്നല്ലോ Gondwana. ഇന്ത്യ, മഡഗാസ്കർ, അന്റാർട്ടിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ കരകൾക്കൊപ്പം ഓസ്ട്രേലിയയും കൂടെ ചേർന്നതായിരുന്നു ഗോണ്ട്വാന. 370 മില്യൺ വർഷങ്ങൾ ആ ആറ് കരകൾ ഒന്നായി നിന്നു. അപ്പോഴേക്കും ഭൂവൽക്ക ഫലകങ്ങളുടെ (Tectonic Plates) ചലനങ്ങളും, അഗ്നിശൈലപ്രവർത്തനങ്ങളും (Volcanic Activity കലശലായി. ഫലകങ്ങൾ മാറിയ ഇടത്തേക്ക് മാഗ്മ ഒഴുകി നല്ല ഘനവും ആഴവുമുള്ള ഉപരിതലമുണ്ടായി. അവിടെ മെല്ലെ മെല്ലെ വെള്ളം കയറാൻ തുടങ്ങിയപ്പോൾ സൗത്ത് അമേരിക്കയും ആഫ്രിക്കയും വേർപിരിഞ്ഞു. ഇടയിൽ നിറഞ്ഞുകവിഞ്ഞ വെള്ളം അറ്റ്ലാന്റിക് സമുദ്രമായി. ഇന്ത്യ വടക്കോട്ട് നീങ്ങി ഏഷ്യ വൻകരയിൽ ഇടിച്ചു, ഉപോല്പന്നമായി ഹിമാലയമുണ്ടായി.

കുറച്ച് മില്യൺ വർഷങ്ങൾ കഴിഞ്ഞപ്പോൾ മെഡഗാസ്കർ വിട്ടുപോയി. ഓസ്ട്രേലിയയും അന്റാർട്ടിക്കയും പിന്നെയും കുറേക്കാലം ഒന്നായി നിന്നു. ഭൂപാളികൾ വീണ്ടും വിഘടിച്ചു. തെക്കൻ സമുദ്രം (Southern Ocean) ഉയരാൻ തുടങ്ങിയപ്പോൾ ഓസ്ട്രേലിയ അന്റാർട്ടിക്കയോട് വിട പറഞ്ഞ് വടക്കോട്ട് തന്നെ നീങ്ങി. ഈ സംഭവപരമ്പരകളുടെ തെളിവുകൾ ആദ്യം കണ്ടെത്തിയത് ഇന്ത്യയിലെ മദ്ധ്യപ്രദേശത്തിനും പരിസരത്തുമായി കിടക്കുന്ന ഗോണ്ട്വാന ദേശത്ത് നിന്നായിരുന്നു. അങ്ങനെയാണ് ഈ പേര് വന്നത്. നോർത്ത് ആഫ്രിക്കയിലെ Berbers (Amazigh), ചൈനയിലെ Zhuang ഗോത്രങ്ങൾ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗോണ്ട് ആദിവാസി സമൂഹം ജീവിച്ചത് ഈ പ്രദേശത്താണ്.

ഗോണ്ട്വാന ബ്രെക്ക് അപ്പ് ആകാൻ തുടങ്ങുന്നതിന്, അതായത് 180 മില്യൺ വർഷങ്ങൾക്ക്, മുമ്പേ ഉള്ളതാണ് ഡൈൻട്രീ മഴക്കാടുകൾ
ഗോണ്ട്വാന ബ്രെക്ക് അപ്പ് ആകാൻ തുടങ്ങുന്നതിന്, അതായത് 180 മില്യൺ വർഷങ്ങൾക്ക്, മുമ്പേ ഉള്ളതാണ് ഡൈൻട്രീ മഴക്കാടുകൾ

ഗോണ്ട്വാന ബ്രെക്ക് അപ്പ് ആകാൻ തുടങ്ങുന്നതിന്, അതായത് 180 മില്യൺ വർഷങ്ങൾക്ക്, മുമ്പേ ഉള്ളതാണ് ഡൈൻട്രീ മഴക്കാടുകൾ. എന്ന് വെച്ചാൽ ദിനോസറുകളുടെ നല്ല കാലവും പതനവും കണ്ടിട്ടുണ്ട് ഡൈൻട്രീ മഴക്കാടുകൾ. 1,100 വർഷം വരെ പ്രായമുള്ള മരങ്ങൾ ഇവിടെയുണ്ട്. ആമസോൺ കാടുകൾ ഉണ്ടായിട്ട് 55 മില്യൺ വർഷങ്ങൾ ആകുന്നതേയുള്ളൂ. ‘The oldest surviving tropical rainforest on Earth' എന്ന ടൈറ്റിൽ ഉള്ള ഡൈൻട്രീ കാടുകളുടെ മാസ്മരികസൗന്ദര്യം തുടങ്ങുന്നത് തെക്കേയറ്റത്തുള്ള മോസ്സ്മാൻ ഗോർഗിലാണ് (Mossman Gorge). കസോവറി (cassowary) എന്ന പക്ഷിയെ കാണാനാണ് ഞങ്ങൾ മൊസ്സ്മാനിലേക്ക് പോയത്. അവസാനം അവിടെയുള്ള ഒരു ചിത്രം മാത്രമേ കാണാൻ സാധിച്ചുള്ളൂ. മഴക്കാടുകളുടെ ഉദ്യാനപാലകർ (Rainforest Gardeners) ആണ് രണ്ട് മീറ്റർ വരെ ഉയരമുള്ള കസോവറിപക്ഷികൾ. ഇവരുടെ അന്നപഥത്തിലൂടെ കടന്നുപോയാൽ മാത്രം മുളക്കുന്ന വിത്തുകളുണ്ട് ചില 'മഴവനമാമര'ങ്ങൾക്ക്.

കെയിൻസിലോട്ട് മടങ്ങുമ്പോൾ 'വിശക്കുന്നു' എന്ന കാര്യത്തിൽ എട്ടുപേർക്കും അഭിപ്രായവ്യതാസമില്ലായിരുന്നു. വണ്ടി പോർട്ട് ഡഗ്ലസിൽ നിന്നു. തായ് രീതിയിലായിരുന്നു ഡിന്നർ. വിശപ്പ് മാറിയപ്പോഴാണ് ടൂറിസ്റ്റ് ഗൈഡ് പറഞ്ഞ കാര്യമോർത്തത്. ഹോളിവുഡ് സെലിബ്രിറ്റുകളുടെ ഓസ്ട്രേലിയൻ ഡെസ്റ്റിനേഷൻ ആണ് കടൽത്തീരനഗരമായ Port Douglas. എന്നാൽ, രണ്ട് യുനെസ്കോ ഹെറിറ്റേജ് സൈറ്റുകളുടെ സംഗമസ്ഥാനമായതാണ് പോർട്ട് ഡഗ്ലസിന്റെ യഥാർത്ഥ ഗ്ലാമർ. ഒന്ന് ഡൈൻട്രീ കാടുകൾ. രണ്ടാമത്തെ സൈറ്റിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത ദിവസത്തെ യാത്ര. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് സങ്കേതം, Great Barrier Reef. അതുക്കും മേലെ പറഞ്ഞാൽ, ബഹിരാകാശത്ത് (space) നിന്ന് ദൃശ്യമാകുന്ന ജീവൻ ഉള്ളവയിൽ ഏറ്റവും വലുത്, അതാണ് ഗ്രേറ്റ് ബാരിയർ റീഫ്. കോറൽ പോളിപ്പ് (coral polyps) കൾ സൂക്ഷ്മ ജീവികളാണ്. അവയുടെ ഉള്ളിൽ നിന്ന് വരുന്ന കെമിക്കൽസ് അടിഞ്ഞ് ചുണ്ണാമ്പ്കല്ലുകൾ (limestone) ഉണ്ടാകുന്നു. ആൽഗകളും കടൽജീവികളും ചേർന്ന് അതിന് വിവിധ വർണ്ണങ്ങളും, സൗന്ദര്യവും നൽകുന്നു. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് സമുദ്രത്തിനകത്തെ കാല്പനികനഗരങ്ങളായി അവ പരിണമിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് സങ്കേതം, Great Barrier Reef.
ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് സങ്കേതം, Great Barrier Reef.

ഏതാണ്ട് 3000 ശിലാഘടനയിലുള്ള പുറ്റുകളും (Reefs), ആയിരത്തോളം ദ്വീപുകളുമായി, 2300 കിലോമീറ്റർ ദൂരത്തിൽ 344,400 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നടമാടുന്ന ആ ജൈവവൈവിദ്ധ്യത്തിന്റെ ഒരു നാനോഭാഗം വിസ്തരിച്ച് കാണിച്ചു തരാനായി രണ്ട് സ്റ്റൈലിഷ് ലേഡി മറൈൻ ബയോളജിസ്റ്റുകൾ ഞങ്ങളോടൊപ്പം ബോട്ടിൽ വന്നിരുന്നു. എയർ റിങ്ങിൽ പിടിച്ച്, സ്വിമ്മിങ് സ്യൂട്ടും, ഫിലിപ്പേഴ്സും, സ്നോർക്കലും ധരിച്ച് കടൽ വെള്ളത്തിൽ  കമിഴ്ന്ന് കിടന്നാൽ കാണുന്നത് മറ്റൊരു യൂണിവേഴ്സ് ആണ്. “The most magical place on Earth” എന്നാണ് ഡേവിഡ് ആറ്റൻബറോ എഴുതിയത്.

"ഭംഗി മാത്രം ആസ്വദിച്ചാൽ പോര, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻ്റെ അളവ് ക്രമീകരിക്കുന്ന, തീരങ്ങളെ കടലിന്റെയും, കാറ്റിന്റെയും പരാക്രമങ്ങളിൽ നിന്ന് രക്ഷിക്കുന്ന, അളവറ്റ ജീവജാലങ്ങൾ പ്രജനനത്തിനും, ഭക്ഷണത്തിനുമായി ആശ്രയിക്കുന്ന പ്രതിഭാസമാണീ GBR എന്നുമറിയണം"

ഗേൾസ് റീഫോപീഡിയ ഉപസംഹരിച്ചത് അങ്ങനെയായിരുന്നു. കൊല്ലം തോറും ഒരു മില്യൺ ആളുകൾ കാണാൻ വരുന്നത് കൊണ്ട് ഓസ്ട്രേലിയൻ ജി.ഡി.പി യിലേക്ക് ചേരുന്നത് ആറ് ബില്യൺ ഡോളറാണെന്ന് പുറപ്പെടുമ്പോൾ അവർ തന്ന വിവരണങ്ങളിൽ ഉണ്ടായിരുന്നു, ഞാൻ വിട്ടുപോയതാണ്. തീരത്ത് മടങ്ങിയെത്തിയപ്പോൾ അയർലണ്ടിൽ നിന്ന് വന്ന തമാശക്കാരൻ മാത്യു ചിരിക്കുന്നു, "കടൽ പശുവിനെ (Sea cow) കണ്ടോ?"

ഇന്ത്യൻ ലുക്ക് ഉള്ളതുകൊണ്ടുള്ള ഐറിഷ് കളിയാക്കൽ പദ്ധതിയാണെന്നാണ് ആദ്യം കരുതിയത്. ചോദ്യം ഞങ്ങൾ വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ മാത്യു വേഗം ടോൺ മാറ്റി, "Dugong dugon എന്ന ജൈവനാമമുള്ള സസ്തനിയാണ് സുഹൃത്തുക്കളെ ഈ കടൽപ്പശു. ഗ്രാസ്സ് ധാരാളമുള്ളത് കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ dung അല്ല Dugong ഉള്ളത് ഇവിടെയാണ് മൈ ഡിയർ ഫ്രണ്ട്‌സ്. ഡോണ്ട് മിസ്അണ്ടർ സ്റ്റാൻഡ് മി"

Dugong dugon എന്ന ജൈവനാമമുള്ള സസ്തനിയാണ് സുഹൃത്തുക്കളെ ഈ കടൽപ്പശു
Dugong dugon എന്ന ജൈവനാമമുള്ള സസ്തനിയാണ് സുഹൃത്തുക്കളെ ഈ കടൽപ്പശു

മാത്യുവിന്റെ ജോക്ക് തീർന്നതും ഞങ്ങൾക്ക് കെയിൻസിലോട്ട് മടങ്ങാനുള്ള ബോട്ട് വന്നതും ഒരുമിച്ചായിരുന്നു. നാലാം ദിവസം ഞങ്ങൾ നടത്തിയത് 545 മീറ്റർ ഉയരത്തിൽ ആകാശത്ത് കൂടെയുള്ള ഒരു യാത്രയായിരുന്നു. 1995-ൽ പണി കഴിഞ്ഞ സമയത്ത് ലോകത്തെ ഏറ്റവും നീളം കൂടിയ കേബിൾ വഴിയുള്ള ക്യാബിൻ യാത്രയായിരുന്നു Skyrail Rainforest Cableway. ഏഴര കിലോമീറ്റർ ആണ് യാത്രയുടെ ദൂരം. അടുത്ത കാലത്ത് സെർബിയയിലെ കേബിൾവേ ഒന്നാംസ്ഥാനം കൊണ്ട് പോയി. 47 ക്യാബിനിലായി 300 പേരാണ് പൊയ്ക്കൊണ്ടിരുന്നത്. ഇടതൂർന്ന് നിൽക്കുന്ന മഴക്കാടുകളുടെയും, അവക്കിടയിലൂടെ ഒഴുകുന്ന ബാരോൺ നദിയുടെയും മേലെകൂടെയുള്ള ഒന്നര മണിക്കൂർ, പ്രകൃതിരമണീയമായ ഒരു അനുഭൂതിയാണ്. യാത്ര അവസാനിക്കുന്നത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പൂമ്പാറ്റ ഉദ്യാനവുമായി (Butterfly garden) നിൽക്കുന്ന Kuranda ദേശത്താണ്.

Kuranda-യിൽ നിന്നുള്ള ഞങ്ങളുടെ മടക്കയാത്ര Kuranda Scenic Railway-യിലൂടെയായിരുന്നു. കടുത്ത പാറകളിൽ യന്ത്രസഹായമില്ലാതെ കൊത്തിയുണ്ടാക്കിയ (Hand-dug) 15 ടണലുകളും, 37 ബ്രിഡ്ജുകളും കടന്ന്, സൂചിവീഴാൻ ഇടമില്ലാത്ത കടും പച്ച കാടുകൾക്കും, ശബ്ദസാന്ദ്രമായ വെള്ളച്ചാട്ടങ്ങൾക്കും, നിശബ്ദമായ താഴ്‌വാരങ്ങൾക്കും, മേഘങ്ങൾ തൊട്ട് തലോടുന്ന പർവ്വതശിഖരങ്ങൾക്കും ഇടയിലൂടെ വളഞ്ഞുതിരിഞ്ഞു പോകുന്ന 40 കിലോമീറ്റർ; അതൊരു സുന്ദര-സുരഭിലമായ യാത്ര തന്നെയായിരുന്നു. ഓസ്ട്രേലിയൻ മഴക്കാടുകളുടെ ചരിത്രവും, 1800-കളിലെ എഞ്ചിനീയറിംഗ് വിദ്യകളുടെ രഹസ്യവും പറഞ്ഞു തരേണ്ടതിനാൽ തീരെ പതുക്കെയാണ് ട്രെയിൻ പൊയ്ക്കൊണ്ടിരുന്നത്.

ഉഷ്ണമേഖലാ സൗന്ദര്യത്തിന്റെ നാല് ദിവസങ്ങൾ അങ്ങനെ കടന്നുപോയി. മെൽബൺ ഫ്ലൈറ്റിനു വേണ്ടി എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ സൊറ പറയാൻ വന്ന ഇന്തോനേഷ്യക്കാരൻ ഉന്തുങ് എന്നോട് പറഞ്ഞു,

"കണ്ട കാഴ്ചകൾ എഴുതുമ്പോൾ, Djabugay ഗോത്രത്തിൽ പെട്ട ഓസ്ട്രേലിയൻ ആദിമനിവാസികളുടെ ഇടമായിരുന്നു കെയിൻസ്. ഇംഗ്ലീഷ്കാർ അവിടത്തേക്ക് അതിക്രമിച്ച് കടന്ന് കയറിപ്പോൾ സ്വാഭാവികമായും അവിടെയുള്ളവർ എതിർത്തു. John Atherton എന്ന ഇംഗ്ലീഷ്കാരനായിരുന്നു നേതാവ്. അയാളുടെ സംഘം നടത്തിയ വംശഹത്യയാണ് ചരിത്രത്തിൽ വളരെ കുറച്ചുമാത്രം പറഞ്ഞിട്ടുള്ള Speewah massacre. എത്ര അബൊറിജിനൽസ് കൊല്ലപ്പെട്ടു എന്നത് രേഖപ്പെടുത്തിയിട്ടില്ല. കാടും, മേടും, നദിയും, അഴിമുഖങ്ങളും മനോഹരമാണ്. കാണണം. ഒപ്പം ഒരു ജനത അനുഭവിച്ച വേദനയും, യാതനയും, അറിയണം. എന്നാലേ കാഴ്ചകൾ പൂർണ്ണമാകൂ, എന്നും കൂടെ ചില വരികളിൽ ചേർക്കണം,"

Cheers!


Summary: Dr Prasannan PA writes his travel experience at Australian city Cairns. He writes about Great Barrier Reef, Daintree National Park and other attractions.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments