പതിനൊന്ന്
ഏപ്രിൽ അവസാനത്തോടടുത്തപ്പോഴേക്കും കാഠിന്യം കുറഞ്ഞ വെയിൽ കണ്ടുതുടങ്ങി. നമ്മൾ നാട്ടിൽ ഉപയോഗിക്കുന്ന എ.സിക്കുപകരം അവിടെ ഉപയോഗത്തിലുള്ള ഹീറ്റിംഗ് സംവിധാനങ്ങൾ ഓഫായി. പകൽ സമയങ്ങളിൽ വലിയ ഒറ്റ വിന്റോയുടേതായ ജനാലകൾ ദോമുകളിൽ തുറന്നുതുടങ്ങി. രാത്രികളിലെ സുഹൃത്തുക്കളുടെ ക്ലബുകളിലേക്കും പബുകളിലേക്കുമുള്ള യാത്രയിലടക്കം ജാക്കറ്റുകൾ ഒഴിവാക്കി സ്വറ്ററുകൾ മതി എന്ന അവസ്ഥയായി. പകൽ കാഴ്ച്ചകളിലെ തെരുവുകളിലും വഴികളിലും ജനസഞ്ചാരമേറി. വെയിൽകാലത്തെ നഗര പരിപാടികൾ കാണുവാനെത്തുന്ന സുന്ദര മിഥുനങ്ങൾ ഓൾഡ് ടൗണിന് മിഴിവേകി.
പലപ്പോഴും കൗണസ് ഓൾഡ് ടൗൺ സ്ട്രീറ്റിലുള്ള അമേരിക്കക്കാരൻ സുഹൃത്ത് മിച്ചലിന്റെ ഫ്‌ളാറ്റിൽ പോകുക പതിവായിരുന്നു. ഓൾഡ്ടൗണിന്റെ കരിങ്കൽ പാളികളാൽ നിർമ്മിതമായ റോഡും മനോഹരമായ തെരുവുവിളക്കുകളും ആളുകളുടെ സഞ്ചാരവുമെല്ലാം കണ്ടിരിക്കാൻ കഴിയുന്ന ജാലകങ്ങളും ബാൽക്കണിയുമുള്ള ഒരു കൊച്ചു സുന്ദരൻ ഫ്‌ളാറ്റായിരുന്നു അവന്റേത്. ഇത്തരത്തിലുള്ള പഴയ ബിൽഡിങ്ങുകളെല്ലാം അവയുടെ പുറമേ നിന്നുനോക്കിയാൽ പഴകി പൊടിപിടിച്ച് ശ്രദ്ധിക്കാതെ കിടക്കുകയാണെന്ന് തോന്നുമെങ്കിലും അകം ഏറെ പുതിയ ശൈലിയിലുള്ള ഫർണിച്ചറുകളും അലങ്കാരങ്ങളും കൊണ്ട് ഗംഭീരമായിരിക്കും. മിച്ചലിന്റെ ഫ്‌ളാറ്റും അത്തരത്തിലുള്ളതായിരുന്നു. ചൈനീസ് കുട്ടികളേയും മറ്റും ഓൺലൈനിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജോലിയുള്ളതിനാൽ അവൻ ദോമിൽ റൂമെടുത്തില്ല. പകരം അഞ്ഞൂറ്റമ്പതോളം യൂറോമുടക്കി മനോഹരമായ ഓൾഡ് ടൗൺ സ്ട്രീറ്റിൽ ഒരു ഫ്‌ളാറ്റ് വാടകക്കെടുത്തു. അമേരിക്കൻ ഇംഗ്ലീഷുകാരൻ എന്ന പ്രിവിലേജുള്ളതിനാൽ ഏത് നാട്ടിലേക്ക് പോകണമെങ്കിലും പെട്ടെന്ന് വിസയും കിട്ടും സുഖമായി ജീവിക്കുകയും ചെയ്യാം എന്ന് അവൻ തമാശയായി പറയാറുണ്ടായിരുന്നു. എന്നാൽ അനാർക്കിസത്തെ ഇഷ്ടപ്പെടുന്ന അവന് അത്തരം വംശീയമോ പ്രാദേശികമോ ആയ നാട്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
അവൻ ഒരിക്കൽ പറഞ്ഞു; അമേരിക്കയിൽ ഇങ്ങനെ ഓൺലൈൻ വഴി ലോകരാജ്യങ്ങളിൽ വിവിധ ഏജൻസികളുടെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിച്ച് ജീവിക്കുന്നവർ ഒരുപാടുണ്ട്. ചൈനയിലും വിയറ്റ്‌നാമിലും കൊറിയയിലുമെല്ലാം ഇങ്ങനെ ഒരുപാട് കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നുമുണ്ട്. എന്നാൽ വിശേഷിച്ചും ചൈനക്കാരിലും മറ്റും കണ്ടിട്ടുള്ള ഒരു പ്രത്യേകത അവർ വെളുത്ത ഇംഗ്ലീഷ് ടീച്ചർ തന്നെ വേണമെന്ന് ഡിമാന്റ് ചെയ്യുമത്രേ. നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന അമേരിക്കയിലെ കറുത്തവർഗക്കാരായ പൗരന്മാരുമുണ്ട്. എന്നാൽ വംശീയമേന്മ വെളുപ്പിന് കൂടുമ്പോൾ കറുത്തവർ ഉപജീവനമാർഗത്തിൽ നിന്നുപോലും ഒഴിവാക്കപ്പെടുന്നു. ഒരിക്കൽ അക്കാദമിക് വിസിറ്റിനായി കെ.ടി.യു വിൽ വന്ന യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്‌ളോറിഡയിലെ മിച്ചലിന്റേയും വിഷ്ണുവിന്റേയും പ്രൊഫസർ ഞങ്ങൾക്കൊപ്പം ചേർന്നു. ലിത്വാനിയക്കാരനായ അദ്ദേഹത്തിന്റെ കുടുംബം 1940 ൽ അമേരിക്കയിലേക്ക് കുടിയേറിയതാണ്. സോവിയറ്റ് യൂണിയൻ ലിത്വാനിയയിലേക്കെത്തുന്നതിന് തൊട്ടു മുമ്പായി രണ്ടാം ലോകമഹായുദ്ധത്തിന്റെ വിഹ്വല കാലത്തായിരുന്നു അവരുടെ കുടിയേറ്റം. സോവിയറ്റ് ലിത്വാനിയയിൽ നിന്നാണ് വന്നതെങ്കിൽ തങ്ങളുടെ കുടുംബത്തെ ഒരിക്കലും അമേരിക്ക സ്വീകരിക്കില്ലായിരുന്നു എന്നും അതിനുമുമ്പ് എത്തിപ്പെട്ടതിനാലാണ് യു.എസിൽ അധിവസിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
ഇലക്ഷന്റെ ആവേശമെല്ലാം പ്രതീക്ഷിച്ച് ചുറ്റിലും പ്രചാരണങ്ങളും മറ്റും തിരഞ്ഞ ഞാൻ ഏറെ നിരാശനായി. കാരണം അതുസംബന്ധിച്ച് തെരുവുകളിലും റോഡുകളിലുമൊന്നും യാതൊന്നും കാണുന്നുണ്ടായിരുന്നില്ല.
സോവിയറ്റ് കാലത്തും ശേഷവും അമേരിക്കയിലെ അദ്ദേഹത്തിന്റെ കുടുബത്തിൽ നിന്നാരും ലിത്വാനിയയിലേക്ക് വന്നില്ല. എന്നാൽ യു.എസിലെ ഫുൾ ബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി ഈയടുത്ത കാലത്തായി അദ്ദേഹം ലിത്വാനിയയിലെത്തി. തുടർന്ന് നടത്തിയ ശ്രമകരമായ അന്വേഷണത്തിലൂടെ തന്റെ കുടുബത്തിലെ പുതിയ തലമുറയെ കണ്ടെത്തുകയും അവരുമായി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ശേഷം ഏവരും ചേർന്നെടുത്ത ഫാമിലി ഫോട്ടോ ഞങ്ങളെ കാണിച്ചു. സമാനമായി കൽക്കത്തയിലെ തന്റെ കുടുംബ വേരുകളന്വേഷിച്ച് ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത കരീബിയൻ ദ്വീപായ സുരിനാം സ്വദേശിയെ ആംസ്റ്റർഡാമിൽ വച്ച് കണ്ട് സംസാരിച്ചത് ഏറെ കൗതുകമുണർത്തിയിരുന്നു. ഞങ്ങളുടെ കൂടിച്ചേരലുകളുടെ പ്രധാന ഇടമായിരുന്നു സഹൃദയനായ പ്രിയ കൂട്ടുകാരൻ മിച്ചലിന്റെ ഫ്‌ളാറ്റ്. മിച്ചലും കൂട്ടുകാരി കേറ്റും വിഷ്ണുവും പലപ്പോഴും മറ്റ് ചില ജർമൻ, ലിത്വാനിയൻ സുഹൃത്തുക്കളുമെല്ലാമായി ചിലവഴിച്ച ഒട്ടേറെ നല്ല ഓർമകൾ ആ കൊച്ചു ഫ്‌ളാറ്റിൽ തങ്ങി നിൽക്കുന്നു.
വെയിൽക്കാലം വന്നപ്പോഴാണ് പൊതുവേ നിശബ്ദത തളംകെട്ടിനിൽക്കുന്ന ലിത്വാനിയൻ വഴികൾ ഊർജസ്വലമായത്. കൗണസ് കാസിലിനു ശേഷം നഗരാതിർത്തി നിശ്ചയിക്കുന്നത് നെമുനാസ് നദിയാണ്. 947 കിലോമീറ്ററോളം വരുന്ന നെമുനാസ് നദി ബെലാറുസിലും ലിത്വാനിയയിലുമായാണ് ഒഴുകുന്നത്. നെമുനാസ് നദിക്കു കുറുകേയുള്ള പാലം കടന്ന് അപ്പുറം ചെന്നാൽ മിനോർ എന്ന പ്രദേശമായി. മിനോർ 1525 മുതൽ 1947 വരെ നിലനിന്നിരുന്ന പ്രഷ്യ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു. ജർമൻ ഭൂരിപക്ഷ രാജ്യമായ പ്രഷ്യ 1947ൽ പ്രാബല്യത്തിൽ വന്ന ഉടമ്പടിയോടെ ജർമ്മനിയിൽ ലയിച്ചപ്പോൾ ലിത്വാനിയൻ ഭാഷാ സാംസ്‌കാരിക പ്രദേശമായ മിനോർ ലിത്വാനിയയോട് കൂട്ടിച്ചേർക്കപ്പെട്ടു. ലിത്വാനിയൻ സാംസ്‌കാരിക ഭൂമികയാണെങ്കിൽക്കൂടി മിനോറിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിതശൈലി മുതൽ ഭൂപ്രകൃതിയും വാസ്തുവിദ്യയും വരെ സാധാരണ ലിത്വാനിയൻ രീതികളിൽ നിന്ന് വ്യത്യസ്തമാണ്. കാലം മുന്നോട്ട് ചെല്ലുന്തോറും രാജ്യങ്ങളുടെ രൂപവും ഭാവവും വരെ എത്ര പെട്ടെന്നാണ് മാറിമറിയുന്നത്. ഇവിടെ പഴയ പ്രഷ്യൻ സവിശേഷതകൾ ലിത്വാനിയൻ മുഖ്യധാരാ പ്രദേശങ്ങളിൽ നിന്നും അൽപം വിഭിന്നമായി മിനോറിനെ നിലനിർത്തുന്നു. കൗണസ് നഗരത്തോട് അനുബന്ധമായി നിലനിൽക്കുന്ന ഫാക്ടറികളിൽ നിന്നുള്ള രാസപദാർത്ഥങ്ങൾ എത്തിപ്പെടുന്നതിനാൽ കടുത്ത ശൈത്യത്തിലും നെമുനാസ് ഉറഞ്ഞു കണ്ടില്ല. താറാവുകളും മറ്റും ഒഴുകി നടക്കുന്ന സുന്ദരൻ കാഴ്ചകളും പ്രകൃതി രമണീയതയും അവിടെയുണ്ട്. ഇടക്കെത്തുന്ന പിരാന മത്സ്യങ്ങളുള്ളതിനാൽ സുഖമായി നദിയിലേക്കിറങ്ങാനുള്ള സാഹചര്യമില്ല. അവിടെ അങ്ങനെയാരും നദിയിലേക്കിറങ്ങുന്നത് കണ്ടതുമില്ല. ചൂണ്ടയിടുന്ന ചിലരെ കണ്ടു. നെമുനാസിന്റെ മനോഹരമായ തീരത്ത് വൈകുന്നേരങ്ങളിലും മറ്റും നിരവധി പേർ വന്നിരുന്ന് സൊറ പറയുന്നുണ്ടായിരുന്നു.
അങ്ങനെ ഈ വെയിൽകാലം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് 2019ലെ ലിത്വാനിയൻ പ്രസിഡൻഷ്യൽ ഇലക്ഷൻ വന്നുചേർന്നത്. ഇലക്ഷന്റെ ആവേശമെല്ലാം പ്രതീക്ഷിച്ച് ചുറ്റിലും പ്രചാരണങ്ങളും മറ്റും തിരഞ്ഞ ഞാൻ ഏറെ നിരാശനായി. കാരണം അതുസംബന്ധിച്ച് തെരുവുകളിലും റോഡുകളിലുമൊന്നും യാതൊന്നും കാണുന്നുണ്ടായിരുന്നില്ല. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും ചില ബസ്റ്റോപ്പുകളിലും മറ്റും വച്ചിരിക്കുന്ന ഇലക്ട്രോണിക് ബോർഡുകളിൽ മാത്രം സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ കണ്ടു. ഇലക്ഷൻ അവസാനഘട്ടത്തോട് അടുത്തപ്പോൾ നഗരകേന്ദ്രങ്ങളിൽ ചിലയിടത്തുമാത്രമായി വാൾ പോസ്റ്ററുകളും കണ്ടു. കൗണസ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റി ഓഡിറ്റോറിയത്തിൽ ക്യാന്റിഡേറ്റിനെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള അവരുടെ പ്രതിനിധികൾ പങ്കെടുത്തുകൊണ്ടുള്ള ഒരു മീറ്റിംഗ് നടന്നിരുന്നു. ചുറ്റിലും ഇലക്ഷന്റെ ആവേശമുണർത്തുന്ന യാതൊന്നും തന്നെ കാണാനില്ല.
ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ക്രിസ്റ്റീന ഒരിക്കൽ പറഞ്ഞു, എന്തു ചെയ്യാം ഇവിടെ പൊതുവേ ആളുകൾ ഇക്കാര്യത്തിലൊക്കെ ഒരു തണുപ്പൻ മട്ടാണ്. ഇലക്ഷൻ, സമരം തുടങ്ങിയ കാര്യങ്ങൾക്കൊന്നും ഇവിടെ വലിയ ആവേശമൊന്നുമില്ല. എങ്കിൽ നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് വന്ന് ഇതൊക്കെ ഒന്ന് കണ്ട് പഠിക്ക് എന്ന എന്റെ പ്രതികരണത്തിന് തീർച്ചയായും ഒരിക്കൽ നിങ്ങളുടെ നാട്ടിൽ ഞാൻ വരും എന്ന് അവർ ചിരിച്ചുകൊണ്ട് മറുപടി നൽകി. മെയ് 12ന് നടന്ന ആദ്യ റൗണ്ടിൽ വിജയിച്ച ഇൻഗ്രിതാ സിമനൈറ്റേ എന്ന വനിത സാമ്പത്തിക ശാസ്ത്രവിദഗ്ധയും ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയും ശേഷം ധനമന്ത്രിയുമായിരുന്നു.
ഉള്ളതിൽ കൊള്ളാവുന്ന സ്ഥാനാർത്ഥി എന്ന് പറഞ്ഞുകൊണ്ട് ഹോംലാൻറ് യൂണിയൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച ഈ സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് എന്റെ ലിത്വാനിയൻ സുഹൃത്തുക്കൾ ബഹുഭൂരിപക്ഷവും പിന്തുണച്ചത്. ഗിതനാസ് നവുസേദ എന്ന ഒരു ബാങ്കറായിരുന്നു അവരുടെ എതിർ സ്ഥാനാർത്ഥി. സ്വതന്ത്ര സ്ഥാനാർത്ഥിയായ അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പൊന്നും അവിടെ വിദ്യാർഥികളോ അധ്യാപകരോ പറഞ്ഞുകേട്ടില്ല. രണ്ടുപേരും വലതുപക്ഷ രാഷ്ട്രീയ ചിന്താധാരയെ പ്രതിനിധീകരിക്കുന്നവരായിരുന്നു. എന്നാൽ ഗിതനാസ് നവുസേദ എന്ന ബാങ്കർ ഒരുപടികൂടി കടന്ന മുതലാളിത്ത പ്രേമിയായിരുന്നു. ഇലക്ഷന്റെ മട്ടും മേളവും പ്രചാരണങ്ങളുമൊന്നും തീരെ അനുഭവപ്പെട്ടില്ലെങ്കിലും അക്കാദമിക് സമൂഹത്തിന്റെ പൊതു സ്വീകാര്യയായ സ്ഥാനാർത്ഥി ഇൻഗ്രിതാ സിമനൈറ്റേക്കു തന്നെയാണ് വിജയസാധ്യത എന്ന് പലരും അവകാശപ്പെട്ടു. എന്നാൽ മെയ് 26ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചത് ഗിതനാസ് നവുസേദ എന്ന ബാങ്കറാണ് എന്നത് അവരേവരേയും ഞെട്ടിച്ചു. ഈ സംഭവം പല സാമ്യതകൾകൊണ്ട് 2017ലെ ഹിലരി ക്ലിന്റൺ- ഡൊണാൾഡ് ട്രംപ് ഇലക്ഷനെ അനുസ്മരിപ്പിച്ചു. ലിബറലുകൾ നിരാശരായി. ഒടുവിൽ തീവ്രവലതുപക്ഷക്കാർ തെരഞ്ഞെടുക്കപ്പെട്ടില്ലല്ലോ എന്ന ദീർഘനിശ്വാസം മാത്രം ബാക്കിയായി. എന്നാൽ വെറും 49.44 ശതമാനം മാത്രമായിരുന്നു തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തപ്പെട്ട വോട്ട്.
ബാൾട്ടിക് നാട്ടിലെ അവസാനത്തെ കുറച്ചുദിവസങ്ങളിൽ ഷെങ്കൺവിസ പ്രയോജനപ്പെടുത്തി മറ്റു ചില യൂറോപ്യൻ നാടുകളിലേക്ക് യാത്ര പോകുവാൻ ഞാനും കൂട്ടുകാരി ശ്രീലക്ഷ്മിയും തയ്യാറെടുത്തിരുന്നു. അതുകൊണ്ട് ഈ ദിവസങ്ങളിൽ ലിത്വാനിയയിൽ നിന്നുള്ള മടക്കം അടുത്തു വരുന്നതിന്റെ വേർപാട് അനുഭവപ്പെട്ടുതുടങ്ങി. എങ്കിലും വെയിൽകാല ദിവസങ്ങളിലെ നല്ല സായാഹ്നങ്ങൾ നിരവധി ഒത്തുചേരലുകൾക്ക് വഴിവച്ചു. വിഷ്ണുവും അധ്യാപകരുമെല്ലാം ചേർന്ന് ഒരു ദിവസം ലിത്വാനിയയിലെ ഏറ്റവും വലിയ മൊണാസ്ട്രിയായ കൗണസിലെ പസെയിൽസിസ് മൊണാസ്ട്രിയും വിസിറ്റേഷൻ ചർച്ചും സന്ദർശിച്ചു. പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ആ കൂറ്റൻ പള്ളിയും പരിസരങ്ങളും ഏറെ മനോഹരമായൊരു യൂറോപ്യൻ പഴമയുടേതായിരുന്നു. മറ്റൊരു ദിവസം ഞങ്ങളൊരുമിച്ചുതന്നെ കൗണസിലെ റൗഡോണ്ട്വാരിയോ കാസിൽ സന്ദർശിച്ചു. ചെങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഗോത്തിക് വാസ്തു ശൈലിയിലെ ഒരു വലിയ പട്ടാള ടവറും അതിനോട് ചേർന്നുള്ള കോട്ടയുമായിരുന്നു അത്. പതിനാലാം നൂറ്റാണ്ടിലെ പേഗൻ കാലത്ത് നിർമ്മിച്ച ഈ കോട്ട പല കാലങ്ങളിൽ ആക്രമണങ്ങൾക്ക് വിധേയമാകുകയും പുതുക്കി പണിതുകൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്.
സാറിസ്റ്റ് രാജവംശത്തിന്റെ ആക്രമണത്തിലും രണ്ടാം ലോകമഹായുദ്ധത്തിലുമെല്ലാം ഈ കോട്ടക്ക് ആക്രമണമേറ്റു. ഒടുവിൽ ഇന്നു കാണുന്നതരത്തിൽ പഴയ ഗോത്തിക് ശൈലി നിലനിറുത്തിക്കൊണ്ടു തന്നെ ഗംഭീരമായി പുതുക്കി പണിതത് 1970 കളിൽ സോവിയറ്റ് ഭരണകാലത്താണ്. മറ്റൊരുനാൾ ലിത്വാനിയൻ തനത് വിഭവങ്ങളുടേയും സാധന സാമഗ്രികളുടേയും ഒരു വലിയ എക്‌സിബിഷനും വിൽപ്പനയും ദോമിൽ നിന്ന് കൂട്ടുകാരുമൊത്ത് പോയിക്കണ്ടു. ലിത്വാനിയൻ ട്രഡിഷണൽ സ്‌റ്റൈലിലുള്ള അച്ചാറുകൾ, ഉപ്പിലിട്ടവ, ബിയർ, കിച്ചൺ ഉപകരണങ്ങൾ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ അവിടെയുണ്ടായിരുന്നു. നെമുനാസിന്റെ തീരത്തുനടന്ന എക്‌സിബിഷനിലേക്ക് കടന്നുവന്ന ഞങ്ങളെ അവിടുത്തെ ആദ്യ സ്റ്റാളുകളിലൊന്നായ ബിയർ നിർമ്മിച്ചു വിൽക്കുന്നിടത്തെ കച്ചവടക്കാരൻ വിവിധതരം ലിത്വാനിയൻ ബിയറുകളും അതുണ്ടാക്കുന്ന വിധവും പറഞ്ഞ് പരിചയപ്പെടുത്തി. ഇത് തയ്യാറാക്കാൻ വേണ്ട മരത്തിന്റെ വലിയ വീപ്പകളും അവിടെ വച്ചിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ട്രഡീഷനൽ മദ്യം വോഡ്കയലല്ലെന്നും വോഡ്ക ഇവിടെ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി എത്തപ്പെട്ടതാണെന്നും പുതിയ തലമുറ വ്യത്യസ്തമായ ബിയറുകളും മറ്റും കുടിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഒരു ലിത്വാനിയൻ സുഹൃത്ത് പറഞ്ഞത് ഓർത്തു. റഷ്യയോട് ചേർത്ത് ബ്രാന്റ് ചെയ്യപ്പെടുന്ന വോഡ്ക പോലും തങ്ങളുടേതല്ല എന്ന് പറയുന്നത് ഒരു ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. എന്നാൽ മദ്യം എന്ന ഒന്ന് ഈ ദേശീയതകളേയും അതിജീവിച്ച് അവിടെ തുടരുന്നതായി തോന്നി. ലിത്വാനിയൻ/ റഷ്യൻ വോഡ്കകൾ നിറഞ്ഞ ഷെൽഫുകൾ അവിടുത്തെ സൂപ്പർ മാർക്കറ്റുകളുടെ വലിയഭാഗങ്ങളിലൊന്നായിരുന്നു. സോവിയറ്റ് പാരമ്പര്യമുള്ള പഴയ തലമുറ തങ്ങളുടെ മദ്യമായി ഇപ്പോഴും വോഡ്ക തന്നെയാണ് തിരഞ്ഞെടുക്കുക എന്ന് മറ്റൊരു സുഹൃത്ത് സൂചിപ്പിച്ചു.
എക്സിബിഷനിൽ വളരെ ഭംഗിയുള്ള ലിത്വാനിയൻ പിഞ്ഞാണങ്ങളും, കപ്പുകളും, ഗ്ലാസുകളും, ഉണക്കിയ വലിയ മൽസ്യങ്ങളുമെല്ലാമുണ്ടായിരുന്നു. ഉറഞ്ഞ് കട്ടപിടിച്ച രീതിയിലുള്ള കടുത്ത നിറത്തിലും ഇളം നിറത്തിലുമുള്ള ലിത്വാനിയൻ തേൻ മറ്റൊരു സവിശേഷതയായിരുന്നു. ഇത് അവർ നല്ല കട്ടിയുള്ള ഗോതമ്പ് ബ്രഡിനും മറ്റും ഒപ്പം ചേർത്ത് കഴിക്കുന്നതായിരുന്നു. ബ്രഡുകളുടെ ഒരു വലിയ ലോകം ബാൾട്ടിക് പ്രത്യകതയായിരുന്നു. പ്രധാനമായും ഒന്നോ രണ്ടോ തരം ബ്രഡുകൾ മാത്രം കണ്ടു ശീലിച്ച നമുക്ക് ഇതൊരു അത്ഭുതമാകാം. നല്ല കട്ടിയുള്ള കറുത്ത നിറത്തിലെ വീറ്റ് ബ്രഡ് മുതൽ നല്ല പഞ്ഞിപ്പുള്ള വൈറ്റ് ബ്രഡുകൾ തുടങ്ങി പലതരം ബ്രഡുകൾ ലഭ്യമായിരുന്നു. നമുക്ക് അരിയെന്ന കണക്കിൽ അവർ ബ്രഡുപയോഗിച്ചു. എന്നാൽ എന്റെ സഹമുറിയൻ ചങ്ങാതിയായ ഫ്രാൻസിൽ നിന്നുള്ള വാലന്റയ്ൻ ഒരിക്കൽ പറഞ്ഞു, ഫ്രാൻസിൽ ഞങ്ങൾക്ക് ഇവിടുത്തെക്കാൾ എത്രയോ നല്ല ബ്രഡുകളാണ് കമ്പോളത്തിൽ ലഭിക്കുന്നത്, അതിനാൽ ഇവിടുത്തെ ബ്രഡുകൾ കഴിക്കാൻ തീരെ താൽപര്യം തോന്നാറില്ല.
ഇന്ത്യൻ ബ്രഡുകളെക്കാൾ എത്രയോ നല്ലത് എന്ന നിലയിൽ സ്വാദോടെ ലിത്വാനിയൻ ബ്രഡ് കഴിച്ചു കൊണ്ടിരുന്ന എന്നെ അവന്റെ വാക്കുകൾ അത്ഭുതപ്പെടുത്തി. എന്നാൽ അവൻ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു എന്ന് യാത്രാകളുടെ ഭാഗമായി പാരീസിൽ ചെന്നപ്പോൾ മനസ്സിലായി. അവിടെ കഴിച്ച ബ്രഡുകളുടെ സ്വാദ് പൊതുവേ ബ്രഡ് ഐറ്റംസ് ഇഷ്ടപ്പെടുന്ന എനിക്ക് വിവരണാതീതമായിരുന്നു. ഇത്തരം ബ്രഡുകൾ രുചിക്കുന്നതോടെ നാട്ടിൽ ലഭിക്കുന്ന പായ്ക്കറ്റ് ബ്രഡുകളും ബണ്ണുകളുമെല്ലാം അരോചകമായി അനുഭവപ്പെടും.
ദോമിലുള്ളവരോടൊപ്പം കൂടുതലായി ദിവസങ്ങൾ ചെലവഴിച്ച അന്നാളുകളിൽ വൈകുന്നേരങ്ങിൽ നല്ല പാട്ടുകളും നൃത്തങ്ങളുമെല്ലാമുള്ള ലിത്വാനിയൻ ക്ലബുകൾ സന്ദർശിക്കാറുണ്ടായിരുന്നു. ഇറ്റലിയിലെ സാർദീനിയയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ ഇലാരിയ ആവേശത്തോടെ ഞങ്ങളുടെ ക്ലബ് യാത്രകൾക്ക് നേതൃത്വം നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ അവിടെ എൻട്രി ഫീസ് ഉണ്ടായിരുന്നില്ല. ഭക്ഷണവും, പാനീയങ്ങളും, മദ്യവുമൊക്കെ അവിടെ ലഭ്യമായിരുന്നു. എന്നാൽ എല്ലാത്തിനും നല്ല വില അനുഭവപ്പെട്ടതു കൊണ്ട് ഒന്നും വാങ്ങാൻ മുതിർന്നില്ല. യഥാർത്ഥത്തിൽ ഇത്തരം ക്ലബുകളുടെ പ്രധാനവരുമാനവും അതായിരുന്നു. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ നിയന്ത്രിക്കാനായി ഒത്ത തടിയൻമാരായ ബൗൺസർമാരും അവിടെയുണ്ട്. എന്നാൽ വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് അവിടെ അനുഭവപ്പെട്ടത്. സമ്മറിൽ തെരുവുകളും റോഡുകളുമെല്ലാം കലാപരിപാടികളാൽ മുഖരിതമായി. തെരുവുകളിൽ നൃത്തങ്ങളും സംഗീതസദസുകളും കലാകായിക മത്സരങ്ങളുമെല്ലാം അരങ്ങേറി. നിരവധിയായ കാഴ്ചക്കാർ പ്രത്യേകിച്ചും യുവതീയുവാക്കൾ അവിടങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു. വരുന്ന മിക്കവരുടേയും കൈകളിൽ തങ്ങളുടെ പെറ്റുകളായ വ്യത്യസ്ഥ തരത്തിലുള്ള നായ്ക്കളുമുണ്ടായിരുന്നു. ഭീമനും കുഞ്ഞനുമൊക്കെയായി ഭംഗിയുള്ള നായ്ക്കൾ ഏറെ വീടിനുപുറത്തേക്കിറങ്ങി. ആ ദിവസങ്ങൾ പലപ്പോഴും ദോമിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് വരുന്ന വഴിക്ക് കൗണസ് ചർച്ചിനു മുന്നിലെ കരിങ്കൽപാളികൾ പാകിയ വഴിയുടെ ഓരത്ത് മനോഹരമായി ഓടക്കുഴൽ വായിച്ചുകൊണ്ട് നിൽക്കുന്ന ഒരു ബാലികയെ കാണാറുണ്ടായിരുന്നു. അവളുടെ ചെറിയ പട്ടിക്കുട്ടിയും അടുത്തിരിക്കുന്നുണ്ടാകും. മുൻപിൽ വിരിച്ചിരിക്കുന്ന ഷീറ്റിലേക്ക് പോകുന്ന വഴിക്ക് ആളുകൾ നാണയങ്ങളെറിഞ്ഞു കൊടുക്കും. ഓടക്കുഴൽ വിളി നിറുത്താതെ തന്നെ അവരെ നോക്കി നന്ദിസൂചകമായി അവൾ തലയനക്കുകയും മിഴി ചിമ്മുകയും ചെയ്തു.
ഇറാസ്മസ് സെമസ്റ്റർ കഴിഞ്ഞ് ഒരോരുത്തരായി നാട്ടിലേക്ക് മടങ്ങുകയാണ്. അധ്യാപകരോടും പ്രിയ സുഹൃത്ത് ക്രിസ്റ്റീനയോടും കുടുംബത്തോടും, കൂട്ടുകാരായ വിഷ്ണു മിച്ചൽ, കേറ്റ്, ദോമിലെ കൂട്ടുകാർ വാലന്റയ്ൻ, പോൾ, മുറാദ്, എലനോറ, ദിയാന, ഡൊമിനിക്ക, മിഖായേല, ഇലാരിയ, സാറ, മിഗൂൽ, ഉമിത്ത്, മൈക്കൽ, സുലൈമാൻ, അലൈത്തിയ, മെർവി, പ്രുഡൻസിയോ, മരിയ, തമിഴ്നാട്ടുകാരായ മണിറാം, ക്രിസ്റ്റഫർ തുടങ്ങി നിരവധി പേരോട് യാത്രമംഗളങ്ങൾ ചൊല്ലി വിൽനസിലേക്ക് യാത്രയായി.
വിൽനസിൽ ചെല്ലുമ്പോൾ ലിത്വനിയയിൽ കിരീടാധാരണം നടത്തപ്പെട്ട ഒരേയൊരു രാജാവായ മിൻഡോഗസിന്റെ കിരീട ധാരണചടങ്ങ് നടന്ന ജൂൺ ആറിന്റെ ആചരണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. 1253 ജൂൺ ആറിനാണ് അദ്ദേഹത്തിന്റെ കിരീടാധാരണം നടന്നത്. ഈ ദിവസം ആചരിച്ചുകൊണ്ട് നാട്ടിലെങ്ങും ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. യഥാർത്ഥത്തിൽ ലിത്വാനിയൻ ഗ്രാന്റ് ഡ്യൂക്കായി രാജ്യം വലുതാക്കിയ വീറ്റോറ്റസിന് ഒരിക്കലും ലിത്വാനിയൻ രാജാവായി കിരീടാധാരണം നടത്തുവാൻ കഴിഞ്ഞിരുന്നില്ല. കുടുംബവഴക്കുകളും യുദ്ധങ്ങളും തർക്കങ്ങളും നിമിത്തം വൈകിയ വീറ്റോറ്റസിന്റെ കിരീടാധാരണം ഒടുവിൽ വലിയ ആഘോഷിമായി നിശ്ചയിച്ചപ്പോൾ അതിന് തൊട്ടുമുമ്പായി 1430ൽ അദ്ദേഹം മരണപ്പെടുകയായിരുന്നു. ലിത്വാനിയയിലെ മറ്റൊരു പ്രധാനപ്പെട്ട രാജാവായിരുന്നു 1275 മുതൽ 1341 വരെ ജീവിച്ച ഗഡിമിനാസ്. ഗഡിമിനാസിന്റെ പേരിൽ വിൽനസിലും കൗണസിലുമെല്ലാം സ്ട്രീറ്റുകളിലും മറ്റും ഉണ്ട്. എന്നാൽ മിൻഡോഗസൊഴികേ ഇവർക്കാർക്കും തന്നെ ഔദ്യോഗികമായി കിടീരധാരണം നടത്തുവാൻ കഴിഞ്ഞില്ല. നാട്ടിലെങ്ങും പതിമൂന്നാം നൂറ്റാണ്ടിലെ രാജാവിന്റെ കിരീടാധാരണത്തിന്റെ ആഘോഷം നടക്കുന്നു. ആവേശത്തോടെ അഘോഷത്തിൽ പങ്കുചേരാൻ തയ്യാറെടുക്കുന്ന വിൽനസിലെ സുഹൃത്ത് ക്രിസ്റ്റീനയോട് ചോദിച്ചു; ജനാധിപത്യം വന്ന് നാളുകൾ ഇത്രയായിട്ടും നമ്മുക്കെല്ലാം ഇപ്പോഴും പ്രിയപ്പെട്ടവർ ഫ്യൂഡൽ കാലത്തെ രാജാക്കന്മാരും അവരുടെ പത്രാസും വംശീയ മേൻമയും ഒക്കെത്തന്നെയാണല്ലേ? അവർ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എന്തായാലും ആഘോഷങ്ങൾ തകൃതിയായി നടക്കുകയും അതെല്ലാം മഹത്തായ ലിത്വാനിയൻ സ്വത്വത്തിന്റെ ഉദ്‌ഘോഷമായി കൊണ്ടാടപ്പെടുകയും ചെയ്തു. സോവിയറ്റ് കാലത്ത് ഇത്തരം ചക്രവർത്തിമാരെ ബഹുമാനിച്ചില്ല എന്ന രോഷവും നുരഞ്ഞുപൊന്തി. സോഷ്യലിസ്റ്റ് ചരിത്ര നിരാകരണത്തിന്റെ മുഖമുദ കൂടിയാകുന്നു ഈ ആഘോഷങ്ങൾ.
വിൽനസ് നഗരത്തിലെ വലിയ കെട്ടിടങ്ങളിൽ മനോഹരമായ പെയിന്റിങ്ങുകളുണ്ടായിരുന്നു. അത് അവിടുത്തെ സാംസ്‌കാരിക പ്രത്യേകതകളിലൊന്നായിരുന്നു. ക്രിസ്റ്റീനയുടെ വീട്ടിൽ അവരുടെ സുഹൃത്തുക്കളെയൊക്കെ വിളിച്ചുചേർത്ത് വിഷ്ണു ഉൾപ്പെടെ ഞങ്ങളെല്ലാവരും ചേർന്ന് ഒരു ഇന്ത്യൻ ഡിന്നർ തയ്യാറാക്കി. എരിവ് കുറച്ചുണ്ടാക്കുന്ന ഇന്ത്യൻ വിഭവങ്ങൾ അവർക്ക് വലിയ ഇഷ്ടമുള്ളതായിരുന്നു. ഇന്ത്യൻ മാങ്ങയുടെ സ്വാദിനെക്കുറിച്ചുള്ള വാഴ്ത്തുകളും അവർ പങ്കുവച്ചു. ഇന്ത്യ സന്ദർശിച്ച പലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ ചർച്ചയിൽ ഏറ്റവുമധികം ഉയർന്നുവന്നൊരുകാര്യം വരുംനാളുകളിൽ ബാൾട്ടിക് - ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരസ്പരമുള്ള അക്കാദമിക പഠനങ്ങളുടേയും യൂണിവേഴ്‌സിറ്റി തല ബന്ധങ്ങളുടേയും അനിവാര്യതയെക്കുറിച്ചുമാണ്. അത്തരം പരിശ്രമങ്ങൾ അവർ കൂടുതലായി നടത്തുമെന്നും പറയുകയുണ്ടായി. കൗണസ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ സയൻസസിന്റെ ഡീൻ എയ്‌നിസ് ലാസാസ് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുത്ത ലഞ്ചിലും പ്രസ്തുത വിഷയം ഉന്നയിച്ചിരുന്നു. ഇതിനായി ഏറ്റവുമധികം പരിശ്രമിക്കുന്ന രണ്ടു വ്യക്തികൾ പ്രിയപ്പെട്ട ഡോ. കെ ബി ഉഷയും ഡോ. സരുണാസ് പൗൻകിസ്‌നിസും ആണ്. ഞങ്ങളെല്ലാവരുമായി വിൽനസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സ്ഥാനപതിയായ രജീന്തർ ചൗധരിയെ പലതവണ പോയി കാണുകയും ഈ ആവശ്യങ്ങൾ അറിയിക്കുകയും ചെയ്തു. ഭാവിയിൽ കൂടുതൽ അക്കാദമിക് എക്‌സ്‌ചേഞ്ചുകൾ സംഘടിപ്പിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. വ്യക്തിപരമായി എനിക്ക് മാതൃകയായത് ബാൾട്ടിക്കിലെ യൂണിവേഴ്‌സിറ്റികളെ പരിചയപ്പെടുത്തി അവിടുത്തെ സ്‌കോളർഷിപ്പുകൾ അന്വേഷിച്ച് കണ്ടെത്തി അപേക്ഷിക്കണം എന്ന് ഓർമപ്പെടുത്തി എല്ലാ പ്രോത്സാഹനവും തന്ന ഡോ. കെ.ബി ഉഷയാണ്. പ്രിയങ്കരിയായ എന്റെ അധ്യാപികയുടെ പ്രോൽസാഹനം തന്നെയാണ് ഈ ബാൾട്ടിക് യാത്രയിൽ ഏറ്റവും നിർണായകവും പ്രിയപ്പെട്ടതും. സത്യത്തിൽ ഇന്ത്യയും ബാൾട്ടിക് രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ടീച്ചറുടെ സവിശേഷമായ പഠനങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ് എന്റെ ശ്രദ്ധ ഇന്നാടുകളിലേക്കെത്തിച്ചത്. അങ്ങനെ പൊതുവേ യൂറോപ്യൻ പഠനകേന്ദ്രങ്ങൾക്ക് വലിയ താൽപര്യമില്ലാതെ ഒഴിവാക്കി വിട്ടിരുന്ന ഇന്നാടുകൾ ഞങ്ങൾക്ക് പ്രിയപ്പെട്ട പ്രദേശങ്ങളായി മാറി.
വിൽനസിൽ നിന്ന് ഏവരോടും യാത്ര പറഞ്ഞ് ഇന്ത്യയിലേക്കുള്ള വിമാനത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസിൽ ഏറ്റവുമധികം ഉയർന്നുവന്ന കാര്യം ഭാവിയിൽ നമ്മുടേയും അവരുടേയും യൂണിവേഴ്‌സിറ്റികൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ സാധ്യമാകട്ടേയെന്നും ഇപ്പോഴുള്ളതിനേക്കാൾ നന്നായി വരുംതലമുറക്ക് അവിടെ പോയി പഠിക്കാനും അവർക്ക് ഇങ്ങോട്ട് വരാനും സാധിക്കട്ടെയെന്നുമാണ്. ▮
(അവസാനിച്ചു)