കർണാടകയിലെ ബസവ കല്ല്യാണയിലെ ബസവ പ്രതിമ. / Photo: Wikimedia Commons

ബസവണ്ണയുടെ യാത്രകളും കല്യാണയിലെ വിപ്ലവവും

ബസവണ്ണയുടെ ചോദ്യങ്ങളും ​പോയിൻറ്​ ബ്ലാങ്കിലേക്കുള്ള വെടിയുണ്ടകളും- 2

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വചനങ്ങൾ കണ്ടെടുത്തുവെങ്കിലും പഠനങ്ങളും അപഗ്രഥനങ്ങളും നടന്നത് ഈയടുത്തകാലത്തു മാത്രമാണ്. ഹിന്ദുമതവും ലിംഗായതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സഹായിച്ചുവെന്നതാണ് ആ കണ്ടെത്തലുകളെയും അന്വേഷണങ്ങളേയും പ്രസക്തമാക്കുന്നത്. അതിന് കൽബുർഗിയ്ക്കും ഗൗരിയ്ക്കും നൽകേണ്ടിവന്നത് സ്വന്തം ജീവൻ തന്നെയാണ്.

പുരാവൃത്തവും ചരിത്രവും നാടോടിക്കഥകളും ഇഴചേർന്നു കിടക്കുന്ന ബസവണ്ണയുടെ ജീവിതത്തിൽ നിന്ന് ചരിത്രം വേർതിരിച്ചെടുക്കുക ഏറെ ശ്രമകരമാണ്. ബസവണ്ണയുടെ കാലവും ജീവിതവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണങ്ങളിലേക്ക് നയിക്കുന്നത് അക്കാലത്തെ ഏതാനും ശിലാശാസനങ്ങളും, സമകാലികരായ എഴുത്തുകാരുടെ ജീവചരിത്രകൃതികളും, വചനകൃതികളുമാണ്. ശിലാശാസനങ്ങളിൽ പ്രധാനം ബീജാപ്പൂരിലെ ബാഗേവാഡി (ഇപ്പോൾ ബസവന ബാഗേവാഡി) അഗ്രഹാരത്തെയും അവിടുത്തെ ജനജീവിതത്തെയും പറ്റി പരാമർശിക്കുന്ന സി.ഇ. 1041-ലെ ഹൊന്നവാഡിയ ശാസനവും സി.ഇ. 1260-ലെ അർജുനവാഡ ശാസനവുമാണ്.

വീരശൈവ സാഹിത്യകൃതികളിൽ ഹരിഹരന്റെ ‘ബസവരാജദേവര റഹലേ' എന്ന കൃതിയും തെലുഗു കവി സോമനാഥയുടെ ‘ബസവപുരാണം', ഭീമകവിയുടെ കന്നഡ ഭാഷയിലുള്ള ‘ബസവപുരാണം', ലക്കണ്ണ ദണ്ഡേശന്റെ ‘ശിവതത്ത്വചിന്താമണി', ശിംഗി രാജന്റെ ‘അമലബസവചരിത്രം' തുടങ്ങിയവയും ബസവണ്ണയുടെ കാലത്തെയും ജീവിതഘട്ടങ്ങളെയും സംബന്ധിച്ച് തെളിച്ചങ്ങൾ നൽകുന്നവയാണ്. ബസവണ്ണയുടെ സമകാലികരും വചന കവികളുമായ അല്ലമ പ്രഭു, അക്കമഹാദേവി, ചെന്ന ബസവണ്ണ, സിദ്ധരാമ എന്നിവരുടെ വചനങ്ങളും സ്‌തോത്ര കവിതകളുമാണ് ബസവണ്ണയിലേക്കെത്താനുള്ള മറ്റൊരു കൈവഴി.

തെലുഗു കവി സോമനാഥയുടെ ‘ബസവപുരാണത്തിൻറെ ഇംഗ്ലീഷ് വിവർത്തനം

ബസവന ബാഗേവാഡി എന്ന് ഇപ്പോൾ അറിയപ്പെടുന്ന ബീജാപ്പൂരിലെ ബാഗേവാഡിയിൽ 1131-32 കാലഘട്ടത്തിലാണ് ഗ്രാമാധിപനായ മദരസയുടെയും മദലാംബയുടെയും മകനായി ബസവണ്ണയുടെ ജനനമെന്ന് ജീവചരിത്രകാർ ചൂണ്ടിക്കാട്ടുന്നു. ബാഗേവാഡി ഒരു ശൈവ ബ്രാഹ്മണ കേന്ദ്രമായിരുന്നു. ബസവണ്ണയുടെ കുട്ടിക്കാലം ശൈവാനുഷ്ഠാനങ്ങളും ആരാധനകളും നിറഞ്ഞതായിരുന്നു. എന്നാൽ ജാതീയ വേർതിരിവുകളും സാമൂഹ്യാസമത്വങ്ങളും സമൂഹത്തിൽ ശക്തമായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിലും മനുഷ്യസമത്വത്തിലും വിശ്വസിച്ചിരുന്ന ബസവണ്ണയെ ഇതെല്ലാം അസ്വസ്ഥനാക്കി. ഉപനയനവുമായും പൂണൂൽ ധാരണവുമായി ബന്ധപ്പെട്ട് ബസവണ്ണയും അച്ഛനും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ബസവണ്ണ വീടുപേക്ഷിച്ച് കൂടലസംഗമത്തിലേക്കു പോയെന്നും വചനങ്ങൾ സൂചിപ്പിക്കുന്നു. കൂടലസംഗമത്തിലേക്കുള്ള യാത്രയെക്കുറിച്ച് ബസവണ്ണയുടെ വചനം പറയുന്നു.

എന്നും കേൾപ്പിക്കരുതെയെന്നെ ‘ആരുടെയാരുടെയാരുടെയാളിവൻ?' പകരം കേൾക്കെട്ടെ ഞാനെന്നും ‘എന്നുടെയെന്നുടെയെന്നുടെയാളിവൻ' വീട്ടിലൊരാളായ്, മകനായ്, എന്നെ ക്കൂട്ടുക, കൂടലസംഗമേദേവാ!(വചനം 62 - വിവർത്തനം - സച്ചിദാനന്ദൻ)

ബസവണ്ണ -മൂന്നു ഘട്ടങ്ങൾ
കൂടലസംഗമം

ബസവണ്ണയുടെ ജീവിതത്തിലെ മൂന്നു പ്രധാന ഘട്ടങ്ങൾ അദ്ദേഹത്തിന്റെ ചിന്താപദ്ധതികളെയും നിലപാടുകളെയും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതിലൊന്ന് ബാഗേവാഡി അഗ്രഹാരത്തിൽ നിന്ന് ശൈവവിശ്വാസ ധാരകളിൽ പ്രധാനപ്പെട്ട പാശുപത - കാലമുഖ വിഭാഗങ്ങളുടെ കേന്ദ്രമായിരുന്ന കൂടലസംഗമത്തിലേക്കുള്ള മാറ്റമാണ്. മധ്യകാല കർണാടകയിലെ വിജ്ഞാന കേന്ദ്രങ്ങളിലൊന്നായിരുന്നു കൃഷ്ണ - മലപ്രഭ നദികൾ സംഗമിക്കുന്ന കൂടലസംഗമം. പാശുപതരുടെ സംഗമേശ്വര ക്ഷേത്രം അവിടെയായിരുന്നു. വിഭിന്ന ശൈവ വിശ്വാസധാരകളിലേക്കും വിശ്വാസപരമായ നവീകരണങ്ങളിലേക്കും ബസവണ്ണയെ നയിച്ചത് കൂടലസംഗമമാണ്. ബസവ വചനങ്ങളിലെല്ലാം കൂടലസംഗമ ദേവന്റെ അടയാളമുദ്രകൾ കാണാം. വചനങ്ങളിലൊന്നിൽ പറയുന്നു.

ഉള്ളവർ ശിവാലയം പണിയുന്നു ഞാൻ എന്തു പണിയാൻ? ഞാൻ ദരിദ്രൻ അയ്യാ എന്റെ കാലുകൾ തൂണുകൾ ദേഹം ദേവാലയം ശിരസ്സു പൊന്നിൻ കലശമയ്യാ കൂടലസംഗമ ദേവാ കേൾക്കയ്യാ സ്ഥാവരത്തിനു നാശമുണ്ട് ജംഗമത്തിനു നാശമില്ല.(വിവർത്തനം - ഡോ: കെ. അയ്യപ്പപ്പണിക്കർ )

പിൽക്കാലത്ത് ലിംഗായത്തുകളും അവരുടെ വചനസാഹിത്യവും ഭരണാധികാരികളാൽ വേട്ടയാടപ്പെട്ടു. ബസവണ്ണയ്ക്കുശേഷം ലിംഗായതത്തെ ഹിന്ദുമതത്തിന്റെ കുടക്കീഴിലാക്കി ആഗിരണം ചെയ്യാൻ പലവിധ ശ്രമങ്ങളുണ്ടായി

ചലിക്കുന്ന, സഞ്ചരിക്കുന്ന ദൈവമെന്ന കാഴ്ചപ്പാടിലേക്കുള്ള ബസവണ്ണയുടെ യാത്രയുടെ ഒന്നാംഘട്ടമാണിത്. കൂടലസംഗമത്തിലെ, ക്ഷേത്രകേന്ദ്രീകൃത പാരമ്പര്യ വിശ്വാസത്തിന്റെ നിശ്ചലതയിൽനിന്ന് ചലനാത്മകതയിലേക്കുള്ള മാറ്റമായിരുന്നു അത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയിൽ ഉയർന്നുവന്ന ശൈവവിശ്വാസധാരകളെയാകെ പുതുക്കിപ്പണിയുകയും അടിത്തട്ടിലെ മനുഷ്യരുടെ വിശ്വാസവിമോചന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുകയുമായിരുന്നു ബസവണ്ണയുടെ കൂടലസംഗമകാലം.

സി.ഇ. 500 മുതൽ തുടങ്ങുന്ന അഞ്ചു നൂറ്റാണ്ടുകൾ ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് പ്രാചീന തമിഴകപ്രദേശങ്ങളിൽ ശൈവഭക്തിയുടെ സന്ദേശങ്ങൾ കത്തിപ്പടർന്ന കാലമാണ്. തിരുമൂലരുടെ ‘തിരുമന്തിരം', ശെക്കിഴാരുടെ ‘പെരിയപുരാണം', അപ്പർ, സുന്ദരർ, സംബന്ധർ എന്നീ ശൈവ സന്യാസിമാരുടെ സമാഹൃതകൃതിയായ ‘തേവാരം' എന്നിവയ്‌ക്കൊപ്പം ഭക്തിയെ ആഘോഷവും, അന്വേഷണവുമാക്കിയ നായനാർമാരുടെ പതികങ്ങളെന്ന ശൈവസ്‌തോത്ര കൃതികളുമെല്ലാം ഭക്തിയെ ജനകീയപ്രസ്ഥാനമാക്കി മാറ്റുകയുണ്ടായി. ഭക്തിപ്രസ്ഥാന നായകരിൽ സവർണരും അവർണരും സ്ത്രീകളും അയിത്തജാതിക്കാരുമുണ്ടായിരുന്നു. ഇത് ശൈവ - വൈഷ്ണവ ഭക്തിപ്രസ്ഥാനത്തെ ജാതി - മത വേർതിരിവുകൾക്കതീതമായ കൂട്ടായ്മയാക്കി മാറ്റുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ പാരസ്പര്യത്തിന്റെ പാലങ്ങൾ പണിയുകയും ചെയ്തു. പിൽക്കാലത്ത് ശൈവഭക്തി മതത്തിൽ നിന്ന് പാശുപതർ, കാലമുഖർ, കാപാലികർ, ശൈവസിദ്ധാന്തികൾ, വീരശൈവർ എന്നിങ്ങനെ ഭിന്ന ശൈവാരാധനാ രീതികളും കൈവഴികളുമുണ്ടായി. ഇവർ വ്യത്യസ്ത ധാരകളെന്നതിലുപരി വ്യത്യസ്ത മതവിഭാഗങ്ങളെന്ന പോലെയാണ് പ്രവർത്തിച്ചിരുന്നത്. ചാതുർവർണ്യത്തെ പിന്തുണയ്ക്കുകയും, ബ്രാഹ്മണിക്കലായ ബിംബങ്ങളെ പിൻപറ്റുകയും, ജാതി - ലിംഗ വിവേചനങ്ങൾ പിന്തുടരുകയും വൈദികാനുഷ്ഠാനങ്ങളിൽ മുഴുകു കയും,ചിലപ്പോൾ താന്ത്രികാരാധനയുടെ ജുഗുപ്‌സവും വൈചിത്ര്യം നിറഞ്ഞതുമായ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തു അവരിൽ ചിലർ.

കൂടലസംഗമ ക്ഷേത്രം Photo : Wikimedia Commons

മധ്യകാല കന്നഡയിലെ ഒട്ടൊക്കെ പുരോഗമനമെന്നു പറയാവുന്ന വീരശൈവ ചിന്താപദ്ധതികളും ആശയങ്ങളുമാണ് ബസവണ്ണയെ ആകർഷിച്ചത്.
ശൈവഭക്തിധാരയായ വീരശൈവ പ്രസ്ഥാനം
ബസവണ്ണയ്ക്കുമുമ്പും കർണ്ണാടകയിൽ സജീവമായിരുന്നു. സിദ്ധാന്തശിഖാമണിയെന്ന കൃതി ഉദാഹരണമാണ്. വേദങ്ങളെയോ, ആഗമങ്ങളെയോ, ഉപനിഷത്തുകളെയോ, ബ്രാഹ്മണങ്ങളെയോ, ആരണ്യകങ്ങളെയോ വീരശൈവർ നിരാകരിക്കുന്നില്ല. അവരിൽ ജാതി- മത - ലിംഗ - പ്രാദേശിക വിവേചനങ്ങളും വേർതിരികളും നിലനിൽക്കുന്നുണ്ട്. കൂടലസംഗമ കാലത്തെ വിശ്വാസത്തെയും ഭക്തിയെയും കുറിക്കുന്ന വേറിട്ട ചിന്തകളും , അന്വേഷണങ്ങളും, അനുഭവങ്ങളുമാണ് വീരശൈവാശയങ്ങളെ പുതുക്കിയും നവീകരിച്ചും വികസിപ്പിച്ചും ലിംഗായതമെന്നോ, ബസവമതമെന്നോ വിളിക്കാവുന്ന, മറ്റ് ശൈവമത സിദ്ധാന്തങ്ങളിൽ നിന്ന് വിശ്വാസപരമായും, പ്രായോഗികമായും വഴിമാറി നടന്ന പ്രവർത്തനപദ്ധതിക്ക് ബസവണ്ണ തുടക്കം കുറിക്കുന്നത്.

മംഗൾവാഡയിലേക്ക്

കൂടലസംഗമത്തിൽ നിന്ന് മംഗൽവാഡയിലേക്കുള്ള മാറ്റമാണ് ബസവണ്ണയുടെ ജീവിതത്തിലെ രണ്ടാംഘട്ടം. കൂടലസംഗമം നൽകിയ തിരിച്ചറിവുകൾ വിശ്വാസത്തെ വിമർശനാത്മകമായി വിലയിരുത്താൻ ബസവണ്ണയെ പ്രേരിപ്പിച്ചു. ശിവപ്രതീകത്തെ മതപരവും സാമൂഹികവുമായ സമത്വവും നീതിയും സാധ്യമാക്കാനുള്ള ഉപാധിയാക്കാമെന്ന ബോധ്യവും കൂടലസംഗമത്തിന്റേതാണ്. പടിഞാറൻ ചാലൂക്യകേന്ദ്രമായ കല്യാണയിലെ കലച്ചൂരി രാജാവായ ബിജ്ജലന്റെ നിർദേശാനുസരണമായിരുന്നു മംഗൽവാഡയിലേക്കുള്ള യാത്ര. ആത്മീയത ഭൗതികജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ലെന്നും, ഗൃഹസ്ഥനായിരിക്കെത്തന്നെ വ്യക്തിജീവിതത്തിലെ നൻമകളിലൂടെ, പ്രവൃത്തിയിലൂടെ വിശ്വാസം സ്ഥാപിക്കാമെന്നും സ്വന്തം ജീവിതം ഉദാഹരിച്ച് ബസവണ്ണ സ്ഥാപിക്കുന്നത് മംഗൽവാഡയിൽ വെച്ചാണ്. ബിജ്ജല രാജാവിന്റെ ഭണ്ഡാരി എന്ന നിലയിൽ ബസവണ്ണ പ്രശസ്തനാവുന്നതും ജനകീയപ്രശ്‌നങ്ങളിൽ ഇടപെടുന്നതുമെല്ലാം മംഗൽവാഡയിലെ കാലത്താണ്.

ഒരു ബ്രാഹ്മണ യുവതിയും ദളിത് യുവാവും തമ്മിലുള്ള വിവാഹം ബസവണ്ണയുടെ നേതൃത്വത്തിൽ നടത്തിയെന്നും ഇതിൽ യഥാസ്ഥിതികരും ഒപ്പം ബിജ്ജലനും പ്രകോപിതരായെന്നും വചനങ്ങൾ പറയുന്നു

കല്യാണക്രാന്തി

ബസവകല്യാണയെന്ന് ഇപ്പോൾ അറിയപ്പെടുന്ന ചാലൂക്യ തലസ്ഥാനമായ കല്യാണയിലെ മതനവീകരണ പ്രവർത്തനങ്ങളും അതുണ്ടാക്കിയ സാമൂഹിക പ്രതികരണങ്ങളുമാണ് ബസവണ്ണയുടെ ജീവിതത്തിന്റെ മൂന്നാംഘട്ടം. കല്യാണയെക്കുറിച്ചു പറയുമ്പോൾ ചാലൂക്യൻമാരെക്കുറിച്ചു സൂചിപ്പിക്കേണ്ടതുണ്ട്. ഡക്കാണിന്റെ പല ഭാഗങളിലായി മൂന്നു വ്യത്യസ്ത ചാലൂക്യ ഭരണകൂടങ്ങൾ നിലനിന്നിരുന്നു. ആറാം നൂറ്റാണ്ടുമുതൽ ബാദാമി കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നവർ ബാദാമി ചാലൂക്യൻമാരും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭരണം നടത്തിയിരുന്നവർ കല്യാണയിലെ ചാലൂക്യൻമാരും കിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്നവർ വെംഗിയിലെ ചാലൂക്യൻമാരുമായിരുന്നു. വംശപരമായ ഐക്യം പുലർത്തിയിരുന്നുവെങ്കിലും ഇവരുടെ ഭരണകൂട സ്വഭാവങ്ങൾ വ്യത്യസ്തമായിരുന്നു.

പടിഞ്ഞാറൻ ചാലൂക്യകേന്ദ്രം ബീഡാറിലെ കല്യാണയായിരുന്നു. ആദ്യകാല ചാലൂക്യ ഭരണാധികാരികൾ ശക്തരായിരുന്നെങ്കിലും തൈലൻ മൂന്നാമന്റെ കാലത്ത് ചാലൂക്യസാമ്രാജ്യം ദുർബലമായി. സാമന്ത രാജാക്കൻമാർ ചാലൂക്യരെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായ ഇടങ്ങൾ സ്ഥാപിച്ചു. സാമന്തരിൽ ശക്തനായിരുന്ന കലച്ചൂരി രാജവംശത്തിലെ ബിജ്ജലൻ സി.ഇ. 1157-ൽ ചാലൂക്യരെ പരാജയപ്പെടുത്തി കല്യാണയിൽ ആധിപത്യമുറപ്പിച്ചു. കുറച്ചുകാലം മാത്രമാണ് അധികാരത്തിലുണ്ടായിരുന്നതെങ്കിലും സംഭവബഹുലമായിരുന്നു കലച്ചൂരികളുടെ കാലം.

ഗുരു ബസപ്പ ഹല കാട്ടി / Photo : Baswaraj Bhunna,Twitter ​

ബിജ്ജലന്റെ മന്ത്രിയെന്ന നിലയിലാണ് ബസവണ്ണ കല്യാണയിലെത്തുന്നത്. ബസവണ്ണയുടെ മതപരവും സാമൂഹികവുമായ വിപ്ലവം പ്രായോഗികമാക്കപ്പെടുന്നത് കല്യാണയിലാണ്. അവിടെ അദ്ദേഹം ശിവശരണരുടെ സഹായത്തോടെ അനുഭവമണ്ഡപം എന്ന സാമൂഹിക- മത കേന്ദ്രം സ്ഥാപിച്ചു. ജാതി - മത - വർഗ- സ്ത്രീ - പുരുഷ ഭേദങ്ങളില്ലാത്ത ചർച്ചകളുടെയും സംവാദങ്ങളുടെയും ഇടമായിരുന്നു അനുഭവമണ്ഡപം. വചനങ്ങൾ ക്രോഡീകരിക്കപ്പെടുന്നത് അനുഭവമണ്ഡപ ചർച്ചകളിലൂടെയാണ്. കർണാടകയുടെ വിവിധയിടങ്ങളിൽ നിന്ന് ശിവശരണർ (ലിംഗായത്തുകൾ) കല്യാണയിലേക്കുവന്നു. വ്യത്യസ്ത ജാതികളിൽ നിന്നു വന്നവർ ശരണദീക്ഷ സ്വീകരിച്ച്, ഇഷ്ടലിംഗാധരണം നടത്തി ലിംഗായത്തുകളായി. കായക - ഭാസോഹത്തിനും ലിംഗായത ദർശന രൂപീകരണത്തിനും കല്യാണ വേദിയായി. ഒരു ബ്രാഹ്മണ യുവതിയും ദളിത് യുവാവും തമ്മിലുള്ള വിവാഹം ബസവണ്ണയുടെ നേതൃത്വത്തിൽ നടത്തിയെന്നും ഇതിൽ യഥാസ്ഥിതികരും ഒപ്പം ബിജ്ജലനും പ്രകോപിതരായെന്നും വചനങ്ങൾ പറയുന്നു. ലിംഗായത്തായി കഴിഞ്ഞാൽ പിന്നെ ദളിതനും ബ്രാഹ്മണനും തമ്മിൽ ഭേദമില്ലെന്ന ബസവണ്ണയുടെ മറുപടി ബ്രാഹ്മണ്യത്തെ രോഷാകുലരാക്കി. ശിവശരണരും മറ്റുള്ളവരും തമ്മിൽ നിരന്തര സംഘർഷങ്ങളുണ്ടായി. ഒപ്പം ബസവണ്ണയും ബിജലനും തമ്മിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ സംഭവമാണ് കല്യാണക്രാന്തി (കല്യാണയിലെ വിപ്ലവം) കലാപങ്ങളിൽ ബിജ്ജലൻ കൊല്ലപ്പെട്ടുവെന്നും അസ്വസ്ഥനായ ബസവണ്ണ കൂടലസംഗമത്തിലേക്കു പോയെന്നും ലിംഗായത്തുകൾ വിശ്വസിക്കുന്നു. ശിവശരണർ കല്യാണയിൽ നിന്ന് കർണാടകയിലെ മറ്റിടങ്ങളിലേക്കു നീങ്ങുകയും ശക്തമായ ജാതിരഹിത - സാമൂഹികമുന്നേറ്റമായി കന്നഡമാകെ വ്യാപിക്കുകയും ചെയ്തു. കേവലം മുപ്പത്തിയാറു വയസ്സു വരെ മാത്രമാണ് ജീവിച്ചതെങ്കിലും ബസവണ്ണ ഭക്തിപ്രസ്ഥാന കാലഘട്ടത്തിലെ ഉജ്വലനായ ആത്മീയാന്വേഷകനും നവോത്ഥാന നായകനുമായി മാറി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വചനങ്ങൾ കണ്ടെടുത്തുവെങ്കിലും പഠനങ്ങളും അപഗ്രഥനങ്ങളും നടന്നത് ഈയടുത്തകാലത്താണ്. ഹിന്ദുമതവും ലിംഗായതവും തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാൻ സാധാരണ ജനങ്ങളെ സഹായിച്ചുവെന്നതാണ് ആ കണ്ടെത്തലുകളുടെ പ്രസക്തി

പിൽക്കാലത്ത് ലിംഗായത്തുകളും അവരുടെ വചനസാഹിത്യവും ഭരണാധികാരികളാൽ വേട്ടയാടപ്പെട്ടു. ബസവണ്ണയ്ക്കുശേഷം ലിംഗായതത്തെ ഹിന്ദുമതത്തിന്റെ കുടക്കീഴിലാക്കി ആഗിരണം ചെയ്യാൻ പലവിധ ശ്രമങ്ങളുണ്ടായി. പക്ഷെ, ഗുരു ബസപ്പ ഹല കാട്ടി എന്ന ലിംഗായത് പണ്ഡിതൻ ഗ്രാമങ്ങളിലും, വീടുകളിലും മഠങ്ങളിലും നടത്തിയ അന്വേഷണങ്ങളിലൂടെ, പനയോലയിൽ എഴുതിയ ഇരുപത്തിരണ്ടായിരത്തോളം വചനങ്ങൾ കണ്ടെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വചനങ്ങൾ കണ്ടെടുത്തുവെങ്കിലും പഠനങ്ങളും അപഗ്രഥനങ്ങളും നടന്നത് ഈയടുത്തകാലത്തു മാത്രമാണ്. വീരശൈവരും ലിംഗായത്തുകളും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, ഹിന്ദുമതവും ലിംഗായതവും തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാൻ സാധാരണ ജനങ്ങളെ സഹായിച്ചുവെന്നതാണ് ആ കണ്ടെത്തലുകളെയും അന്വേഷണങ്ങളെയും പ്രസക്തമാക്കുന്നത്. അതിന് കൽബുർഗിയ്ക്കും ഗൗരിയ്ക്കും നൽകേണ്ടിവന്നത് സ്വന്തം ജീവൻ തന്നെയാണ്. അവർ ചോദിക്കുന്നുണ്ടാവും , ബസവണ്ണയെപ്പോലെ

ആന അങ്കുശത്തെ പേടിക്കുന്നോ അയ്യാ സിംഹനഖമാണെന്നല്ലാതെ ഞാനീ ബിജ്ജലനെ പേടിക്കുമോ അയ്യാ കൂടലസംഗമദേവാ സർവജീവദയാപരനായ നിന്നെ ഭയക്കുന്നതല്ലാതെ ? (വിവർത്തനം - ഡി.വിനയചന്ദ്രൻ , ഡോ: എം.രാമ ) ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments