ആറുമാസമായി മഹാവിജനതയുടെ തിമിർപ്പിലാണ്​ ഹിമാലയം

ദൂരത്ത് ഇന്ത്യൻ അതിർത്തിയിലെ പട്ടാള ബാരക്കുകളിൽ ആയുധമേന്തിയ പട്ടാളക്കാർ. ഏതാനും ദൂരെ മാറി ചൈനീസ് പട്ടാള ക്യാമ്പുകൾ. ചൈനീസ് പാതക്കുകീഴെ ഏതാനും പട്ടാളക്കാർ റോഡിന് കുറുകെ ഇട്ട ബാരിക്കേഡുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ആറുമാസമായി ഇങ്ങോട്ട് സഞ്ചാരികളായി ആരും എത്താറില്ല- ലോക്ക്​ഡൗൺ കാലത്തെ ഒരു ഹിമാലയ യാത്രയാണിത്​

കൊൽക്കത്തയിൽനിന്ന് 40 മിനിട്ട് യാത്ര ചെയ്ത് ഇൻഡിഗോ വിമാനം നോർത്ത് സിക്കിമിലെ പക്വോംഗ് വിമാനത്താവളത്തിൽ ടേബിൾടോപ്പ് ലാന്റിംഗ് നടത്തുമ്പോൾ ചുറ്റുമുള്ള ഹിമാലയൻ കാഴ്ചകൾക്ക് വ്യക്തതയുണ്ടായിരുന്നില്ല. മേഘാവൃതമായ അന്തരീക്ഷം ഉയരത്തിൽനിന്നുള്ള ഹിമാലയൻ കാഴ്ചകളെ നിഷ്പ്രഭമാക്കി.

രാജ്യത്ത് അഞ്ച് ഉയരം കൂടിയ വിമാനത്താവളങ്ങളിലൊന്നാണ് രണ്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത സിക്കിമിലെ പാക്വോംഗ്. കുന്നിൻചരുവിലെ റൺവേയിലിറങ്ങി കോവിഡ് (റാപിഡ്) ടെസ്റ്റും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നാട്ടുകാരല്ലാത്തവർ വിരളം.

സുഹൃത്തുക്കൾക്കൊപ്പം ഗാംഗ്‌ടോക്ക് ലക്ഷ്യമാക്കി വാഹനം കയറ്റിറക്കങ്ങളിലൂടെ മുന്നോട്ട്​. കിഴക്കൻ ഹിമാലയത്തിലെ പ്രധാന കേന്ദ്രമായ ഗാംഗ്‌ടോക്ക് കൊടുവളവുകൾകൊണ്ട് സമ്പന്നമായി തണുത്ത് പച്ചയണിഞ്ഞ് നിൽക്കുന്നു. കുത്തനെ റോഡുകൾ, അവക്കിരുവശത്തും ഭംഗിയുള്ള നടപ്പാതകൾ, റോഡുകൾക്ക് മുകളിലൂടെ കരകളെ ബന്ധിപ്പിക്കുന്ന ചെറിയ പാലങ്ങൾ, കയറ്റങ്ങൾക്കിടയിൽ കെട്ടിടങ്ങൾക്കിടയിലൂടെ നീളം കൂടിയ ചവിട്ടുപടികൾ. ഇന്ത്യയിലെ മറ്റൊരു പട്ടണത്തിനും അവകാശപ്പെടാനില്ലാത്ത വെടിപ്പും വൃത്തിയുമുള്ള പട്ടണക്കാഴ്ച്ച.

കുന്നിൻപുറത്തെ നിർമിതിക്ക് പേരുകേട്ട സ്ഥലമാണ് ഗാംഗ്‌ടോക്ക്. ഇന്ത്യയിൽ ഇതുപോലെ മറ്റൊന്നുള്ളത് മിസോറാം തലസ്ഥാന നഗരമായ ഐസ്വാളിലാണ്. എങ്കിലും ഗാംഗ്‌ടോക്ക് പോലെ പുരാതന ചരിത്രത്തിന്റെ ഓർമകൾ പറയാൻ ഐസ്വാളിന് ഏറെ കഥകളില്ല. പതിനാറാം നൂറ്റാണ്ട് മുതൽതന്നെ ഈ പ്രദേശത്ത് കുന്നിൻപുറത്തെ നിർമിതികൾ ആരംഭിച്ചതായി രേഖകൾ പറയുന്നു.

ശിവാലിക് രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ തകൃതിയാണിവിടെ. കുന്നുകളുടെ നൈസർഗികത ചോരാതെ, ശാസ്ത്രീയമായ വാസ്തുവിദ്യകളുടെ വഴക്കങ്ങൾ തനിമയാർന്ന് ആവാസകേന്ദ്രങ്ങളായി പരിണമിച്ചിരിക്കുന്ന കാഴ്ചയാണ് ഗാംഗ്‌ടോക്കും സിക്കിമിലെ മറ്റു പട്ടണങ്ങളും നൽകുന്നത്. അഞ്ച് മുതൽ പത്ത് നിലകൾ വരെയുള്ള നൂറ് കണക്കിന് കെട്ടിടങ്ങളാണ് ഒരു കുന്നുപോലും ഇടിച്ചുനിരത്താതെ ഇവിടങ്ങളിൽ നിർമിച്ചിരിക്കുന്നത്.

ഗാംഗ്ടോക്ക് പട്ടണം

മുമ്പ് ഗാംഗ്‌ടോക്ക്​ യാത്രകൾ ആരംഭിച്ചിരുന്നത് ന്യൂ ജൽപായ്ഗുരിയിൽ നിന്നായിരുന്നു. ഇവിടെനിന്ന് ചുരം കയറി നാലുമണിക്കൂർ യാത്രയുണ്ട് ഗാംഗ്‌ടോക്കിലേക്ക്. ദുരെനിന്ന്​ ഹിമാലയ കാഴ്ചകൾ കണ്ട് ടീസ്റ്റ നദിയുടെ ഓരം ചേർന്നുള്ള യാത്ര വ്യത്യസ്ത അനുഭവമാണ് നൽകുക. എന്നാൽ വിമാനയാത്ര നൽകുന്ന സമയലാഭം സിക്കിമിലെ മറ്റു കാഴ്ചകൾക്കായി മാറ്റിവച്ചാൽ അത് മറ്റൊരനുഭവം നൽകും.

വിമാനത്താവളത്തിൽനിന്ന് ഒരു മണിക്കൂർ യാത്രയുണ്ട് ഗാംഗ്‌ടോക്ക് പട്ടണത്തിലേക്ക്. ഈ നഗരത്തെ രണ്ടായി മുറിച്ച് ഉയരങ്ങളിൽ നിന്നൊഴുകിവരുന്ന റാണിഷൂൽ നദിയും കടന്ന് നഗരകേന്ദ്രത്തിലെത്തുമ്പോൾ സൂര്യൻ ചായാൻ തുടങ്ങിയിരുന്നു. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന ഇവിടുത്തെ കാഴ്ചകൾ കാണാൻ ഈ കോവിഡ് കാലത്ത് സഞ്ചാരികൾ ഇല്ലാത്തതിനാൽ ഗാംഗ്‌ടോക്ക് പട്ടണം തികച്ചും വിജനമായി കണ്ടു. ഗാംഗ്‌ടോക്കിലെ തിരക്കേറിയ എം.ജി.റോഡ് സഞ്ചാരികളില്ലാതെ ശൂന്യമായി കണ്ടപ്പോൾ അത്ഭുതം തോന്നി.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർ കൂടിച്ചേരുന്ന സ്ഥലമാണ് സിക്കിമിന്റെ ഭരണസിരാകേന്ദ്രം കൂടിയായ എം.ജി.റോഡ്. മനോഹരമായി ഡിസൈൻ ചെയ്ത് വൃത്തിയായി സംരക്ഷിച്ചുപോരുന്ന ഈ പ്രദേശം ചില യൂറോപ്യൻ രാജ്യങ്ങളിലെ പാതയോരങ്ങളെ ഓർമപ്പെടുത്തും. റോഡിനിരുവശത്തും സഞ്ചാരികളെ ആകർഷിക്കുന്ന വാസ്തുശിൽപങ്ങളും, ചെറുതും വലുതുമായ നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളും, നല്ല ഇരിപ്പിടങ്ങളും ഒക്കെയുള്ള പ്രദേശം തികച്ചും വിജനമായിരുന്നു. സഞ്ചാരികളില്ലാതെ ഈ പട്ടണം കോവിഡ് ‘ബാധിച്ച്’ നിശ്ചലമായിക്കിടക്കുന്ന കാഴ്ച, മഹാമാരി വിനോദസഞ്ചാര മേഖലയെ എങ്ങനെ ബാധിച്ചു എന്നതിന്റെ തെളിവായിരുന്നു. ആ​ളൊഴിഞ്ഞ എം.ജി. റോഡിലൂടെ നടന്നു നീങ്ങുമ്പോൾ രാത്രിയിലെ തണുപ്പ് ശരീരത്തെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.

ഗാംഗ്‌ടോക്കിലെ എം.ജി റോഡ്‌

ടിബറ്റൻ ബുദ്ധിസത്തിന്റെ പ്രശസ്ത കേന്ദ്രമായി സിക്കിം ഭൂപ്രദേശം പരിണമിച്ചതിന്റെ അടയാളങ്ങൾ ഏറ്റവും കൂടുതൽ കാണാനാവുക ഗാംഗ്‌ടോക്കിലാണ്. ടിബറ്റോളജി പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ മുതൽ അനേകം ബുദ്ധ സന്യാസിമഠങ്ങൾ ഇവിടെയുണ്ട്. സിക്കിമിലെ 194 ചെറുതും വലുതുമായ മൊണാസ്റ്ററികളിൽ ഭൂരിഭാഗവും ഗാംഗ്‌ടോക്കിലാണ്​.

1894ലാണ് തൂത്തോബം നംഗ്വാൽ രാജാവ് തുംപോങ്ങിൽ നിന്ന് സിക്കിമിന്റെ തലസ്ഥാനം ഗാംഗ്‌ടോക്കിലേക്ക് മാറ്റിയത്. 1975 വരെ സിക്കിമിൽ രാജഭരണമായിരുന്നു. രാജഭരണം അവസാനിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇന്നും അതിന്റെ മനോഭാവങ്ങളിൽ മാറ്റം വന്നിട്ടില്ല. ടിബറ്റിൽ നിന്നും നേപ്പാളിൽ നിന്നുമായി ഒട്ടേറെ കുടിയേറ്റക്കാർ ഇവിടെ ഉണ്ടെങ്കിലും, ഈ നാട്ടുകാരായ ലെപ്ച്ച, ഭൂട്ടിയ വിഭാഗക്കാർ തന്നെയാണ് ഭൂരിപക്ഷവും. കരകൗശലവസ്തുക്കളുടെ നിർമ്മാണം, കൃഷി, ടൂറിസം എന്നിവ തന്നെയാണ് പ്രധാന വരുമാനമാർഗ്ഗങ്ങൾ. സർക്കാർ വർഷങ്ങളായി ടൂറിസത്തിന് വൻ പ്രാധാന്യമാണ് നൽകിവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന വരുമാനവും ടൂറിസം തന്നെയാണ്.

ചെറുതും വലുതുമായ നൂറുകണക്കിന് ഹോട്ടലുകളാണ് ഗാംഗ്‌ടോക്ക്, നാംചി, പിലിംഗ്, ചാങ്കു എന്നിവിടങ്ങളിൽ സഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്. നാടൻ, വിദേശമദ്യങ്ങളും വൈവിധ്യമേറിയ ഇറച്ചി വിഭവങ്ങളും ഇവിടുത്തെ പ്രത്യേകതയായിരുന്നു. ഇപ്പോൾ ഈ ഹോട്ടലുകൾ എല്ലാ അടഞ്ഞുകിടക്കുകയാണ്. സുഹൃത്തുക്കളുടെ വീടുകളിൽ വിരുന്നുകാരൻ ആയതോടെ വ്യത്യസ്ത രുചികളുള്ള ഭക്ഷണങ്ങൾ എനിക്ക് കഴിക്കാനായി. തിബറ്റൻ അഭയാർത്ഥികളുടെ സിക്കിമിലെ ഏറ്റവും വലിയ കേന്ദ്രത്തിലേക്ക് ഗാംഗ്‌ടോക്കിൽ നിന്ന് ഒരു മണിക്കൂർ യാത്രയുണ്ട്.

കർമാപലാമ അനേകം വർഷങ്ങൾ ഒളിവിൽ താമസിച്ച റൂംടെക് മൊണാസ്ട്രി അതുകൊണ്ടുതന്നെ വളരെ പ്രശസ്തമാണ്. പതിനേഴാം കർമാപലാമ ടിബറ്റിന്റെ തലസ്ഥാനമായിരുന്ന ലാസയിൽ നിന്ന് പാലായനം ചെയ്ത് ഹിമാലയ താഴ്‌വരയായ സിക്കിമിൽ അഭയം തേടി എത്തിയതോടെയാണ് റൂംടെക് മൊണാസ്ട്രി പ്രശസ്തമായത്.

ലാസയിലെ ബുദ്ധാശ്രമം പോലെയാണ് ഇവിടെയും മൊണാസ്ട്രി നിർമിച്ചിരിക്കുന്നത്. ടിബറ്റൻ വാസ്തുവിദ്യകൊണ്ട് നിർമ്മിതമായ ഈ മൊണാസ്ട്രിയിൽ ടിബറ്റൻ പ്രമാണങ്ങളുടെ അപൂർവ ശേഖരം തന്നെയുണ്ട്. മുമ്പ് ഇവിടെ എത്തിയപ്പോൾ സഞ്ചാരികളുടെ തിരക്കുമൂലം മെറ്റൽ ഡിറ്റക്റ്ററിലൂടെയുള്ള പരിശോധനയും കഴിഞ്ഞേ ഇതിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സദാസമയവും പട്ടാളക്കാരുടെ നിരീക്ഷണം ഉണ്ടായിരുന്ന പ്രശസ്തമായ ഈ മൊണാസ്ട്രി തികച്ചും വിജനമായിരുന്നു. കോവിഡ് മൂലം അടച്ചിട്ട ഈ കേന്ദ്രം സന്ദർശിക്കാൻ അപൂർവമായി മാത്രമെ ഇപ്പോൾ ആരെങ്കിലും എത്താറുള്ളൂ.

മൊണാസ്ട്രിക്കകത്ത് കയറിയപ്പോൾ ഏതാനും യുവാക്കൾ ടിബറ്റൻ മതപഠനത്തിൽ വ്യാപൃതമായിരിക്കുന്നു. തികഞ്ഞ ഏകാന്തതയിൽ ഇവരുടെ മന്ത്രോച്ഛാരണങ്ങൾ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഒമ്പതാം കർമാപലാമ വാങ്ചുക് ദോർജെയാൽ നിർമിച്ചതാണ് ഈ ബൃഹദ്മന്ദിരം. വർഷങ്ങൾ കഴിഞ്ഞ് പതിനാറാം കർമാപാലാമയായ ശ്യാൽസങ് ടിബറ്റിൽ നിന്ന്​ സിക്കിമിൽ എത്തുമ്പോൾ റൂംടെക് നാശത്തിന്റെ വക്കിലായിരുന്നു. അരുവികളാലും മലനിരകളാലും ചുറ്റപ്പെട്ട റൂംടെകിന്റെ മനോഹാരിതയും പാവനത്വവും വീണ്ടെടുക്കേണ്ടത് തന്റെ ധാർമിക ദൗത്യമാണെന്ന് കരുതിയ അദ്ദേഹം അന്നത്തെ സിക്കിം രാജകുടുംബത്തിന്റെ സഹായത്തോടെ നാലുവർഷമെടുത്ത് ഈ ആശ്രമം പുതുക്കിപ്പണിതു.

ടിബറ്റിലെ തന്റെ താവളമായിരുന്ന തസുർപ്പു മൊണാസ്ട്രിയിൽ നിന്ന് കൊണ്ടുവന്ന പ്രമാണങ്ങളും വസ്തുക്കളും ഇന്നും ഇവിടെ സുരക്ഷിതമാണ്. 1966ലെ ടിബറ്റൻ പുതുവത്സരത്തിലാണ് ഇദ്ദേഹം അതിനെ ‘ധർമചക്ര സെന്റർ' ആയി പ്രഖ്യാപിച്ചത്. ഇവിടെ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന സ്വർണസ്തൂപവും ടിബറ്റൻ തങ്കചിത്രങ്ങളും വിശാലമായ ധ്യാനശാലകളുമൊക്കെയായി റൂംടെക് മൊണാസ്ട്രി ഈ കോവിഡ് കാലത്തും സമ്പന്നമാണ്.

ആൾത്തിരക്കില്ലാത്ത ഇവിടെ മണിക്കൂറുകളാണ് ചിലവിട്ടത്. ടിബറ്റോളജി പഠിക്കുന്നവരുമായി നടത്തിയ നീണ്ട സംസാരത്തിൽ ഈ കൊച്ചുലാമമാർ പുലർത്തുന്ന ആത്മനിയന്ത്രണങ്ങളും അവരുടെ വിശ്വാസും ബുദ്ധികൂർമ്മതയുമൊക്കെ ശരിക്കും അത്ഭുതപ്പെടുത്തി.

നഗരബഹളങ്ങളില്ലാത്ത കോവിഡ് കാലം ഗാംഗ്‌ടോക്കിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടുണ്ട്. ഹോട്ടലുകൾ ഇനിയും തുറന്നിട്ടില്ല. ആയിരക്കണക്കിന് ടാക്‌സികൾ റോഡിന് ഇരുവശങ്ങളിലും നിർത്തിയിട്ടിരിക്കുന്നു. എവിടെയും തികഞ്ഞ ശാന്തത. രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന്​ വ്യത്യസ്തമാണ് ഹിമാലയകേന്ദ്രങ്ങളിൽ നിന്നുള്ള കാഴ്ചകൾ.

ഇവിടേക്ക് ഇപ്പോൾ സഞ്ചാരികൾ ആരും വരുന്നില്ല. അത് സാമ്പത്തികമായ ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കോവിഡ് എന്ന ശാനത്തെ പിടിച്ചുകെട്ടാൻ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് ഗാംഗ്‌ടോക്കിലെ മാധ്യമ പ്രവർത്തകനായ വിഷ്ണു പറയുന്നു.

ഗാംഗ്‌ടോക്കിലെ എം.ജി റോഡ്‌ രാത്രിക്കാഴ്ച

രണ്ട് ദിവസത്തെ ഗാംഗ്‌ടോക്കിലെ വിശ്രമത്തിനുശേഷം സർക്കാരിന്റെയും, പട്ടാളത്തിന്റെയും പ്രത്യേക അനുമതി ലഭിച്ചതിനുശേഷമാണ് ഹിമാലയൻ യാത്രക്ക് പുറപ്പെട്ടത്. ഗാംഗ്‌ടോക്കിൽ സാമാന്യം തണുപ്പുണ്ടായിരുന്ന തികച്ചും പ്രസന്നമായ ഒരു പകലിന്റെ തുടക്കത്തിൽ സിക്കിമിലെ മാധ്യമപ്രവർത്തകർക്കൊപ്പമാണ് യാത്ര ആരംഭിച്ചത്.

ആളൊഴിഞ്ഞ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ചെങ്കുത്തായ മലനിരകൾക്കിടയിലൂടെയുള്ള യാത്രയിൽ പട്ടാള വണ്ടികളും, ചില ചരക്ക് വാഹനങ്ങളും ഞങ്ങളെ പലതവണ കടന്നുപോയി. ഇന്ത്യ-ചൈന അതിർത്തിയായ നാഥുലയാണ് ലക്ഷ്യസ്ഥാനം. മുമ്പും ഈ വഴിയിലൂടെ പലതവണ യാത്ര നടത്തിയിട്ടുണ്ടെങ്കിലും തികച്ചും ഒറ്റപ്പെട്ട യാത്രാനുഭവം ആദ്യത്തേതും ഭയപ്പെടുത്തുന്നതുമായിരുന്നു. നാഥുല എന്നാൽ ചൂളം വിളിക്കുന്ന പാത എന്നാണ് അർത്ഥം. ഉയരം തേടിയുള്ള നാഥുല യാത്രക്കിടയിൽ ഒരു വശത്ത് ചിതറിക്കിടക്കുന്ന നേപ്പാളികളുടെയും ഭൂട്ടാനികളുടെയും, പട്ടാള ബാരക്കുകളുടെയും കാഴ്ച, മറുവശത്ത് അങ്ങ് ദൂരത്തായി ഹിമാലയം അതിന്റെ പ്രതാപം വിളിച്ചറിയിച്ചുകൊണ്ട് വെട്ടിത്തിളങ്ങാൻ തുടങ്ങിയിരിക്കുന്നു.

ഹിമാലയം ഒരുപാട് ഓർമകളുടെ മഹാപ്രസ്ഥാനമാണ്. ദിക്കിൽ നിന്ന് ദിക്കിലേക്കുള്ള ശാങ്കര സഞ്ചാരങ്ങൾ, കാളിദാസകാവ്യസൗഗന്ധികങ്ങൾ, സ്വാമിതപോവനം, പീറ്റർ മാത്തിസനും, ജോർജ്ജ് ഷാലറും, പ്രബോധ്കുമാർ സന്യാലും, പോൾ ബ്രണ്ടനും, പൊറ്റെക്കാട്ടും പിന്നെ ടെൻസിംഗ് നോർഗയും, എഡ്മണ്ട് ഹിലാരിയും, റെയ്‌നോൾഡ് മെസ്‌നറും മുതൽ പുതിയ കാലത്തെ നിരവധി യൂട്യൂബർമാർവരെ നിണ്ടുനിൽക്കുന്നവരുടെ അന്വേഷണ ശ്രേണി.

ഇന്നും തുടരുന്ന ഇത്തരം ഹിമഗൂഢമായ അന്വേഷണ ശ്രേണിയിലേക്ക് വീണ്ടും ഒരാൾ. ആയിരക്കണക്കിന് അടി ഉയരത്തിലേക്കുള്ള യാത്രയിൽ വാഹനം 90 ഡിഗ്രിയിൽ മഞ്ഞുമലകളെ ലക്ഷ്യവെച്ച് വളവുകൾ തിരിയുമ്പോൾ താഴെ പേടിപ്പെടുത്തുന്ന കാഴ്ചകൾ. താഴെ ദൂരെ തികച്ചും വിജനമായ നാടപോലെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡുകൾ, ഭയപ്പെടുത്തുന്ന അഗാധ ഗർത്തങ്ങൾ. മുൻ യാത്രകളിലൊക്കെതന്നെ ഈ റോഡുകൾ വാഹനങ്ങൾക്കൊണ്ട് സമ്പന്നമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നാഥുലയിലേക്ക് പ്രത്യേക അനുമതി വാങ്ങി നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.

മഞ്ഞുകമ്പളം വിരിച്ച ഹിമവാന്റെ മാറിലൂടെ മൂന്ന് മണിക്കൂർ നീണ്ട യാത്ര ചെന്നെത്തിയത് ചാങ്കു തടാകക്കരയിലാണ്. മഞ്ഞുരുകി രൂപപ്പെട്ട ചാങ്കു തടാകക്കരയിൽ ഇപ്പോൾ ആരുമില്ല. അനേകം ചെറിയ ചായക്കടകളും ഹോട്ടലുകളും, തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ വിൽപ്പന നടത്തിയിരുന്ന കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. തികച്ചും വിജനമാണ് ചാങ്കു തടാകത്തിന്റെ കരകൾ. ഈ തടാകക്കരയിൽ ‘യാക്' എന്ന മലമ്പശുവിന്റെ പുറത്തുകയറി യാത്ര ചെയ്യുന്ന സഞ്ചാരികളെ കാണാമായിരുന്നു.

നൂറുകണക്കിന് നേപ്പാളികളും, ഭൂട്ടിയകളുമാണ് ഇവിടെ ഇതുമായി ബന്ധപ്പെട്ട തൊഴിലുകളിൽ വ്യാപൃതരായിരുന്നത്. തണുപ്പകറ്റാൻ ചൂടുചായയും, നാടൻ, വിദേശമദ്യവും വിറ്റിരുന്ന ഭൂട്ടിയ വിഭാഗക്കാരായ പെൺകുട്ടികൾ, തണുപ്പകറ്റാൻ വസ്ത്രങ്ങൾ മാറ്റി നൽകുന്ന നേപ്പാളി പെൺകുട്ടികൾ, ചൂടുള്ള ഭക്ഷണം വിളമ്പി നൽകുന്ന സ്ത്രീകളുടെയൊന്നും കാഴ്ച ഇപ്പോഴില്ല. എല്ലാം ഒഴിഞ്ഞ് തികച്ചും ശാന്തമായി തണുത്തുറഞ്ഞ് കിടക്കുന്ന ചാങ്കുവിലെ പകലുകൾ കോവിഡ് കാലത്തെ ശരിക്കും അടയാളപ്പെടുത്തുന്നതു തന്നെയാണ്.

വിജനമായ ‘ചാങ്കു' തടാകക്കരിയിൽ നിർത്തിയിട്ടിരിക്കുന്ന ചരക്കുവാഹനങ്ങളിൽ ചിലത് സിക്കിമിലേക്കും, മറ്റു ചില ട്രക്കുകൾ കൊൽക്കത്തയിലേക്കുമുള്ളവയാണ്. ചില വാഹനങ്ങൾ ഇന്ത്യൻ അതിർത്തികടന്ന് ചൈനയുടെ തിബറ്റൻ തലസ്ഥാനമായ ലാസവരെ പോകുന്നവയാണ്. കോവിഡ് കാലത്തും അതിർത്തിയിലൂടെയുള്ള ചരക്കുനീക്കത്തിന് കാര്യമായ ഭംഗം സംഭവിച്ചിട്ടില്ലെന്ന് വാഹനത്തിലെ ഡ്രൈവർമാർ പറയുന്നു.

ചാങ്കുവിലെ നേപ്പാളി സ്ത്രീയുടെ കടയിൽ നിന്ന് വാങ്ങിയ തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ മാറ്റി നാഥുലപാസിലേക്ക് പുറപ്പെട്ടപ്പോൾ തണുത്ത കാറ്റ് മഞ്ഞുമലകളിൽ തട്ടി വസ്ത്രങ്ങളെ തഴുകിപോയതറിഞ്ഞു. ‘ചാങ്കു'വിൽ നിന്ന് ഏതാനും മണിക്കൂർ മാത്രമെ നാഥുല പാസിലേക്കുള്ളൂ. യാത്രയിൽ ഇടക്ക് ഹർവീന്ദർ സാബ് ക്ഷേത്ര ദർശനവുമുണ്ട്. സഞ്ചാരികൾ കുറവായതിനാൽ ഇവിടെയും ഒഴിഞ്ഞുകിടക്കുകയാണ്. വാഹനത്തിൽനിന്ന് പുറത്തിറങ്ങാതെ പുരാതനമായ ഈ പട്ടുപാതയിലൂടെ (Silk Route) നാഥുല ലക്ഷ്യമാക്കി റോഡിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന ഐസ് കട്ടകളെ വകഞ്ഞുമാറ്റി വാഹനം വീണ്ടും ഉയരങ്ങൾ കീഴടക്കി മുന്നോട്ടുനീങ്ങി.

1642-ൽ ടിബറ്റൻ കിരീടാവകാശിയായിരുന്ന ഫുങ്‌സോങ് നംഗ്വാൽ രാജാവായിരിക്കുമ്പോഴാണ് ഈ പാതക്ക് (Silk Route) തുടക്കമിട്ടത്. പിന്നീട് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1994-ൽ വീണ്ടും ഈ പാത തുറന്നെങ്കിലും ഇന്ത്യ-ചൈന യുദ്ധത്തെ തുടർന്ന് അടച്ചു. ചൈനയിൽ നിന്ന് മദ്ധ്യേഷ്യ വഴി ചരക്കുഗതാഗതത്തിനായി നിർമിച്ച പാത 2006 ജൂലൈ 6നാണ് വീണ്ടും തുറന്നത്.

മണ്ണിടിച്ചിലും, മഞ്ഞുവീഴ്ച്ചയും കൊണ്ട് ഇടക്കിടെ ഗതാഗതം തടസ്സപ്പെടാറുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും, തിരിച്ചും ധാരാളം ചരക്കുവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇന്ത്യൻ പട്ടാളത്തിന്റെയും, ചൈനീസ് ഭടൻമാരുടെയും ജാഗരൂകമായ കണ്ണുകൾ ഇവിടെ സദാ ജാഗ്രതയിലാണ്. സമുദ്ര നിരപ്പിൽ നിന്ന് 14500 അടി ഉയരത്തിലുള്ള ഈ പാതപോലെ മറ്റൊന്ന് എവിടെയുമില്ല.

സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോക്കിൽ നിന്ന് ആരംഭിക്കുന്ന ഈ പട്ടുപാത ചൈനയിലെ തിബറ്റൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ലാസയിലാണ് അവസാനിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് 545 കി.മീറ്ററും ലാസയിൽ നിന്ന് 460 കി.മീറ്റർ ദൂരവും താണ്ടിയാൽ ഇന്ത്യാ-ചൈന അതിർത്തി പ്രദേശമായ നാഥുലയിൽ എത്താം. കോവിഡിന് മുമ്പുള്ള കാലങ്ങളിൽ യഥേഷ്ടം ചരക്കുവാഹനങ്ങളാണ് ഈ വഴി കടന്നുപോയിരുന്നത്. വർഷത്തിൽ 100 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കിടിയിലും ഈ വഴിയിലൂടെ മാത്രം നടക്കുന്നത്.

ചാങ്കുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ യാത്ര ചെയ്ത് നാഥുലയിൽ എത്തുമ്പോൾ ചുറ്റുപാടും മഹാവിജനതയാണ്. തികഞ്ഞ ഏകാന്തത. നട്ടുച്ചയിലെ സൂര്യന്റെ ചൂടില്ലാത്ത രശ്മികൾ മഞ്ഞുമലയിൽ തട്ടി ഉരുകിയൊലിച്ച് ജലമായി പിന്നീട് ആതൊരു അരുവിയായി ഒഴുകിയിറങ്ങുന്ന കാഴ്ച രസാവഹമാണ്. പകലിൽ ഏതാനും മണിക്കൂറുകളിൽ മാത്രം കാണുന്ന ഈ പ്രതിഭാസം ഹിമാലയകാഴ്ചകളെ ധന്യമാക്കും. രാജ്യാതിർത്തിക്ക് ഏതാനും മീറ്റർ മാറി വാഹനം നിർത്തി കാഴ്ചകൾ കാണാൻ പുറത്തിറങ്ങുമ്പോൾ എങ്ങും മഹാവിജനത. നാലുഭാഗത്തും ആകാശം മുട്ടിനിൽക്കുന്ന പർവതങ്ങൾ.

നോക്കിയാൽ കാണുന്ന ദൂരത്ത് ഇന്ത്യൻ അതിർത്തിയിലെ പട്ടാള ബാരക്കുകളിൽ ആയുധമേന്തിയ പട്ടാളക്കാർ നിലയുറപ്പിച്ചിരിക്കുന്നു. ഏതാനും ദൂരെ മാറി ചൈനീസ് പട്ടാള ക്യാമ്പുകൾ. ചൈനീസ് പാതക്കുകീഴെ ഏതാനും പട്ടാളക്കാർ റോഡിന് കുറുകെ ഇട്ട ബാരിക്കേഡുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുമാസക്കാലമായി ഇങ്ങോട്ട് സഞ്ചാരികളായി ആരും എത്താറില്ല. പട്ടാളക്കാരുടെ സംഭാഷണങ്ങളും, ചൈനീസ് പട്ടാളക്കാരുടെ നോട്ടവുമൊക്കെയായി ഒരു മണിക്കൂർ മാത്രമേ നാഥുലയിൽ ചെലവിട്ടുള്ളൂവെങ്കിലും ഇവിടുത്തെ തികഞ്ഞ ഏകാന്തതയും തണുപ്പിന്റെ ഹിമാലയൻ അനുഭവങ്ങളും മുൻ യാത്രയേക്കാൾ അനുഭവവേദ്യമായി.

ഹിമാലയത്തിലെ ഉയരംകൂടിയ അതിർത്തി പ്രദേശമായ നാഥുലപാസിൽ ഇരു രാജ്യങ്ങളും നിരവധി പട്ടാളക്കാരെയാണ് അതിർത്തി സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ചരിത്രത്തിൽ ഒരുപാടുപേർ കടന്നുപോയ വഴിയിലൂടെ ഇപ്പോൾ ഇരു രാജ്യങ്ങളുടെയും ചരക്ക് വാഹനങ്ങൾ കനത്ത പരിശോധനയ്ക്ക് ശേഷം കടന്നുപോകുന്നു. ഇവിടെയെത്തുന്ന ഒരോ സഞ്ചാരിയെയും അടിമുടി വീക്ഷിക്കുന്ന പട്ടാളക്കാരന്റെ ജോലി അവർ ജാഗ്രതയോടെ നിർവ്വഹിക്കുന്നു. നാഥുലയിലെ പകലുകൾ അസ്തമിക്കാൻ തുടങ്ങുന്നതിന് മുമ്പുതന്നെ അവിടെനിന്ന് തിരിച്ചുപോകണമെന്ന പട്ടാളക്കാരുടെ സൗഹൃദ അറിയിപ്പിന് കാരണമായി അവർ പറഞ്ഞത്, വൈകിയാൽ ഏതുസമയവും മഞ്ഞ് പാളികൾ ഇളകിവന്ന് ഗതാഗതം തടസ്സപ്പെടാമെന്നാണ്.

കനത്ത മഞ്ഞും, ഇടയ്ക്ക് പെയ്തുപോയിരുന്ന മഴയുടെ നനവും പർവ്വതശിഖരങ്ങളിൽ നിന്ന് ഏത് സമയത്തും മണ്ണിടിഞ്ഞ് വരാനുള്ള സാധ്യതയെയും സൂചിപ്പിച്ചു. സൂര്യൻ പർവശിഖരങ്ങൾക്കിടയിലൂടെ ചാഞ്ഞ് ഹിമവാന്റെ വെട്ടിത്തിളങ്ങുന്ന കാഴ്ച നൽകുന്നതിനിടെ തിരിച്ചുള്ള യാത്ര തുടങ്ങി. ചരിത്രത്തിൽ നിരവധി പേരാണ് ഞാനിപ്പോൾ നിൽക്കുന്ന പട്ടുപാത യിലൂടെ കടന്നുപോയിട്ടുള്ളത്. മദ്ധ്യേഷ്യയിൽ നിന്ന് തത്വചിന്തകന്മാരും സഞ്ചാരികളും പണ്ഡിതന്മാരും ഇതുവഴി കടന്നുപോയി. ഇവിടെ നിന്ന് അകിലും, ആനക്കൊമ്പും, അങ്കവസ്ത്രങ്ങളും, ശംഖും, സുഗന്ധ ദ്രവ്യങ്ങളും കടന്നുപോയി. ഫാഹിയാനും, അൽബിറൂണിയും, ഹുയാൻസാങ്ങും വന്നു.

ആയിരക്കണക്കിനാളുകൾ ഇവിടുത്തെ കഠിനമായ തണുപ്പിനോട് മല്ലടിച്ച് മരിച്ചുവീണു. അങ്ങനെ നാഥുല ചരിത്രത്തിലെ ഹിമശിഖരമായി മാറുകയായിരുന്നു. ഇന്നിപ്പോൾ ഇരുരാജ്യങ്ങളും കരാറനുസരിച്ച് 30 ഇനങ്ങളിൽ പരസ്പര വ്യാപാരം നടത്തുന്നുണ്ട്. 2006-ൽ ഈ പാത വീണ്ടും തുടങ്ങിയതോടെയാണ് സിക്കിമിന്റെ വികസന, ടൂറിസം സാധ്യതകൾക്ക് വേഗം വർദ്ധിച്ചത്. നാഥുലയിൽ നിന്ന് വളരെ വേഗത്തിലാണ് ചാങ്കു തടാകക്കരയിൽ തിരിച്ചെത്തിയത്. തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ നേപ്പാളി സ്ത്രീയുടെ കടയിൽ തിരിച്ച് നൽകി, ഒരിക്കൽകൂടി തിരക്കില്ലാത്ത, ഐസ് പോലെയായി കിടക്കുന്ന ചാങ്കു തടാകത്തിലെ ജലകാഴ്ചകൾ കണ്ട് ഉയരങ്ങളിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ സന്ധ്യയുടെ ഇളംവെട്ടം തണുപ്പിന്റെ നിഗൂഢതകൾക്കൊപ്പം ശരീരത്തെ ആവാഹിച്ചുതുടങ്ങിയിരുന്നു.

ദൂരെ മനോഹരമായ കാഴ്ചയൊരുക്കി നാട പോലെ കിടക്കുന്ന വളഞ്ഞും പുളഞ്ഞും കിടക്കുന്ന വഴികൾ, വിദൂരത്തായി ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനോട് ചേർന്നുള്ള കാഞ്ചൻജംഗ പർവ്വത ദൃശ്യങ്ങൾ മനസ്സിലും, ശരീരത്തിലും അനുഭൂതി നിറച്ചു. നാഥുല മുതൽ ചാങ്കു, എവറസ്റ്റ് ഹിമാലയൻ കാഴ്ചകൾക്ക് ശേഷം ഗാംഗ്‌ടോക്കിലെത്തിയപ്പോൾ വിജനമായ പട്ടണം ഉറക്കത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു.

Comments