തനൂറ സ്വേത മേനോൻ ലാവോസിൽ

കുഞ്ഞുസന്തോഷങ്ങൾ,
​കുഞ്ഞുലാവോസ്

ഒരു സന്ധ്യക്കാണ്​, അന്നുവരെ കേട്ടിട്ടില്ലാത്ത ലാവോസ് എന്ന ചെറുരാജ്യം വിസയില്ലാതെ ചെന്നെത്താവുന്ന രാജ്യങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ പെട്ടത്. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് വായിച്ചതോടെ, കൂടുതലൊന്നും ചിന്തിച്ചില്ല, ടിക്കറ്റെടുത്തു.

ത്രയും കാലം ചെയ്തിരുന്ന ഏക ജോലിയും പഠിച്ചതും വസ്ത്രാലങ്കാരമായതുകൊണ്ട് ചെയ്യുന്ന ബിസിനസിനെ പറ്റി തുടക്കം മുതൽ നല്ല ധാരണയുണ്ടായിരുന്നു. സ്വന്തമായി ഒരു ബ്രാൻഡ് വിജയിപ്പിച്ചെടുക്കുന്നതിനും അത് എല്ലാവരും തിരിച്ചറിയുന്ന നിലയിൽ എത്തിക്കുന്നതിനുമായിരുന്നു ഇത്രയും കാലത്തെ പരിശ്രമങ്ങളെല്ലാം. ലക്ഷ്യത്തിലെത്താൻ ഇനിയും കുറെ ദൂരം കൂടി പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒരു ദിവസം എത്ര മണിക്കൂർ ജോലി ചെയ്തു എന്ന് നോക്കാറില്ല - തീരുന്നതുവരെയും ജോലി ചെയ്യുക എന്നതാണ് ശീലം. വിവാഹബന്ധം വേർപെടുത്തിയശേഷം മൂന്നു കുട്ടികളുമായി ആരംഭിച്ച ജീവിതത്തിൽ എല്ലാത്തരം വെല്ലുവിളികളേയും നേരിടേണ്ടിവന്നു. ബിസിനസ് ചെയ്യുന്നതിനുള്ള എല്ലാ റിസോഴ്‌സുകളും തനിയെ സംഘടിപ്പിക്കേണ്ടിയിരുന്നു. ജോലി നടക്കുന്ന യൂണിറ്റുകൾ തമിഴ്‌നാട്ടിലെ മൂന്നു പട്ടണങ്ങളിലായിരുന്നു. പൂർത്തീകരിച്ച ഉൽപന്നങ്ങൾ ഇന്ത്യയിലെ പല പട്ടണങ്ങളിലും ഇന്ത്യക്ക് വെളിയിലും കൃത്യസമയത്ത് എത്തിക്കണം. ഇതിനിടയിൽ പലപ്പോഴും വേണ്ടവിധം വിശ്രമിക്കാൻ സമയം കിട്ടാറില്ല.

വലിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ വേണമെന്നോ, ചരിത്രസംഭവങ്ങൾ അരങ്ങേറിയ രാജ്യം ആകണമെന്നോ ഇല്ല. അവിടെയും ഒരു കൂട്ടം മനുഷ്യർ ജീവിക്കുന്നുണ്ടാകുമല്ലോ, അവരുടെ ഇടയിൽ ഒരാഴ്ച ആരുമറിയാതെ കഴിഞ്ഞുകൂടണം. തിരികെ വന്ന് ഒരു മാസം ജോലിചെയ്യുന്നതിനുള്ള ഊർജ്ജം കിട്ടണം.

വളർന്നുവരുന്ന ഒരു സംരംഭത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഒരാൾ തന്നെ ചുമലിലേറ്റുന്നതിന്റെ ആയാസത്തിനുള്ള ഒളിച്ചോട്ടങ്ങളായിരുന്നു എന്റെ ആദ്യകാല എകാന്ത യാത്രകൾ. അത്തരം യാത്രകൾ ആരംഭിക്കുന്നത് ഒരേ രീതിയിലായിരുന്നു. ജോലിയിലുള്ള മടുപ്പ് മൂർദ്ധന്യത്തിലെത്തുമ്പോൾ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് തിരയും. അതിൽ നിന്ന് ഇതിനുമുൻപ് യാത്ര ചെയ്തിട്ടില്ലാത്ത രാജ്യങ്ങളുടെ ചുരുക്കപ്പട്ടികയുണ്ടാക്കും, കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് ചെന്നെത്താവുന്ന ഒരു രാജ്യം തിരഞ്ഞെടുക്കും. അവിടുത്തെ ഭാഷയോ, നാണയമോ, ആചാരങ്ങളോ, ഒന്നും നോക്കാറില്ല- സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റക്ക് യാത്രചെയ്യാൻ സുരക്ഷിതമാണോ എന്നുമാത്രം അന്വേഷിക്കും. വലിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ വേണമെന്നോ, ചരിത്രസംഭവങ്ങൾ അരങ്ങേറിയ രാജ്യം ആകണമെന്നോ ഇല്ല. അവിടെയും ഒരു കൂട്ടം മനുഷ്യർ ജീവിക്കുന്നുണ്ടാകുമല്ലോ, അവരുടെ ഇടയിൽ ഒരാഴ്ച ആരുമറിയാതെ കഴിഞ്ഞുകൂടണം. പുതിയ കാഴ്ചകളും മനസുനിറയെ പുതിയ വർണങ്ങളുമായി തിരികെ വന്ന് ഒരു മാസം ജോലിചെയ്യുന്നതിനുള്ള ഊർജ്ജം കിട്ടണം.
അദ്യകാല സോളോ ട്രിപ്പുകളെല്ലാം മറ്റു മനുഷ്യരെയും അവരുടെ ആഹാര രീതികളും വസ്ത്രങ്ങളും നിറങ്ങളും ആഘോഷവും കാണുന്നതിനായിരുന്നു. പിന്നീടെപ്പോഴോ, എന്നെത്തന്നെ കണ്ടത്തലായിരുന്നു തനിയെയുള്ള യാത്രകൾ എന്നുതോന്നിയിട്ടുണ്ട്.

തനൂറ സ്വേത മേനോൻ ലാവോസിൽ ആതിഥേയർ​ക്കൊപ്പം

എത് നാട്ടുകാരുടെ ഇടയിലും യാത്ര ചെയ്യുന്നതിന് ഇപ്പോൾ അനിഷ്ടം തോന്നാറില്ല, എതുതരം ഭക്ഷണം പരീക്ഷിക്കുന്നതിനും മടുപ്പില്ല- ഭാഷ ഒരിക്കലും പ്രശ്‌നമായി മാറിയിട്ടില്ല. അങ്ങനെയാണ് ഒരു സന്ധ്യക്ക് അന്നുവരെ കേട്ടിട്ടില്ലാത്ത ലാവോസ് എന്ന ചെറുരാജ്യം വിസയില്ലാതെ ചെന്നെത്താവുന്ന രാജ്യങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ പെട്ടത്. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് വായിച്ചതോടെ, കൂടുതലൊന്നും ചിന്തിച്ചില്ല, ടിക്കറ്റെടുത്തു. ബാങ്കോക്ക് വഴി ട്രാൻസിറ്റ് ആണെന്ന് കണ്ടപ്പോഴാണ് അത് ഒരു എഷ്യൻ രാജ്യമാണെന്നുപോലും ശ്രദ്ധിച്ചത്.
പക്ഷേ, ചെന്നിറങ്ങിയ ദിവസത്തെ ആദ്യത്തെ അൽഭുതം- അവിടുത്തെ കറൻസി ആയിരുന്നു. എയർപോർട്ടിൽ നിന്ന് ഹോട്ടൽ വരെ എത്തുന്നതിന് 75,000 കിപ് (ലാവോസ് നാണയം) വേണമെന്ന് ടാക്‌സിക്കാരൻ പറഞ്ഞപ്പോൾ ഞെട്ടാതിരുന്നില്ല. ഒരിക്കൽ കൂടി എ.ടി.എമ്മിനടുത്തുചെന്ന് പരിശോധിച്ചു, ഭയപ്പെടാനില്ല- ഇന്ത്യൻ രൂപ 500നടുത്തുമാത്രമേ വരൂ എന്നുറപ്പാക്കി.
ഇപ്പോൾ എന്റെ ഇന്ത്യൻ ബാങ്കിലുള്ള പണം ലാവോസ് കിപ്പിൽ നോക്കിയാൽ ഞാനൊരു ബില്യണർ ആണെന്ന രസകരമായ കാര്യം കൂടി മനസിലാക്കി.
എവിടെ യാത്ര ചെയ്താലും ആദ്യ ദിവസം സുരക്ഷിതമായ താമസസൗകര്യം ക്രമീകരിക്കുകയാണ് പതിവ്.

ലാവോസിലെ ഒരു ഭക്ഷണശാലയിൽ

ഒരു ദിവസത്തിനുള്ളിൽ ആരെയെങ്കിലും പരിചയപ്പെടാനാകും എന്നതാണ് ഇതുവരെയുള്ള അനുഭവം. അതൊരുപക്ഷേ, ഒരു ടാക്‌സി ഡ്രൈവർ ആകാം, ഹോട്ടൽ ജീവനക്കാരനോ, ആഹാരം വിളമ്പന്നുവരോ വഴിയോര കച്ചവടക്കാരനോ ആകാം. പിന്നീടുള്ള യാത്രകൾക്ക് അവരിൽ നിന്നുകിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഒരു മുൻനിശ്ചയവുമില്ലാതെ പദ്ധതിയുണ്ടാക്കും. എങ്കിലും കൃത്യമായ ഒരു പദ്ധതിയുമുണ്ടാക്കാറില്ല- യാത്ര രസകരമായാൽ എത്ര ദിവസം വേണമെങ്കിലും ഒരിടത്തുതന്നെ തുടരും. ഇല്ലെങ്കിൽ പിറ്റേന്ന് തിരിച്ചു പോന്നു എന്നും വരാം- അനിശ്ചിതത്വങ്ങളാണ് യാത്രയിലെ കൗതുകം. കണ്ടുതീർക്കാൻ പ്രത്യേക കാഴ്ചകളോ പൂർത്തീകരിക്കാൻ പ്രത്യേക ലക്ഷ്യങ്ങളൊ ഇല്ലാത്തതിനാൽ ഒരു യാത്രയും നിരാശയുണ്ടാക്കാറില്ല.

പതിവുപോലെ ടാക്‌സി ഡ്രൈവറുമായി ചങ്ങാത്തം കൂടാൻ ശ്രമിച്ചു, ലാവോസിലെ കാലാവസ്ഥയെപ്പറ്റി, ലാവോസ് കിപ്പും ഇന്ത്യൻ രൂപയുമായുള്ള മൂല്യവ്യത്യാസത്തെപ്പറ്റിയൊക്കെ സംസാരിക്കാൻ ശ്രമിച്ചു - താമസിയാതെ ഒരു കാര്യം മനസിലായി- യാത്രികരുമായി സംസാരിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ല.

ഒരു രാജ്യത്ത് എത്തിയാൽ ആദ്യം വിവരങ്ങൾ ശേഖരിക്കുന്നത് ഇവരിൽ നിന്നാണ്, മിക്കവരും അമിത സംസാരത്തിൽ മടുപ്പിക്കും, ചുരുക്കം ചിലർ ഇനിയുള്ള ദിവസത്തിലെ വരുമാനം തരപ്പെടാത്താൻ കഴിയുമോ എന്നുനോക്കും. പക്ഷേ, ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിൽ മറുപടി പറഞ്ഞ് ഇദ്ദേഹം എന്നെ നിരാശനാക്കി. ഒരു സൗഹൃദഭാവവുമില്ലാത്ത ഡ്രൈവറോട് ചെറിയ അനിഷ്ടവും തോന്നാതിരുന്നില്ല.

ഹോട്ടലിന്റെ അവസ്ഥ അതിലും പരിതാപകരമായിരുന്നു, പെട്ടികൾ എടുത്തുവയ്ക്കുന്നതിന് ജോലിക്കാരില്ല, മൂന്നു നില നടന്നു കയറണം, ബെഡ് റൂമിന് കൃത്യമായ ലോക്ക് പോലുമില്ല. ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ കണ്ട ചിത്രങ്ങളുമായി ഹോട്ടലിനു കാര്യമായി ബന്ധമില്ല.
വളരെ നിരാശ തോന്നി. തിരികെ ടാക്‌സിയിലെത്തുമ്പോൾ ഡ്രൈവർ തനിയെ പെട്ടികൾ എടുത്തുവച്ചശേഷം, അവരുടെ ഭാഷയിൽ ഹോട്ടൽ ജീവനക്കാരുമായി വഴക്കിടുന്നു.

ലാവോസിലെ ഒരു പഴയ കൊട്ടാരം

തനിയെ യാത്ര ചെയ്യുന്ന ഒരു സ്ത്രീക്കുവേണ്ട സൗകര്യം മാന്യമായി ഒരുക്കാത്തതിൽ അദ്ദേഹം കയർത്തു സംസാരിക്കുകയാണ്. അത്രയും നേരം എന്നോട് ഒരു സൗഹൃദഭാവവും കാണിക്കാത്ത ആ മനുഷ്യന്റെ സമയോചിത ഇടപെടലിൽ അൽഭുതം തോന്നി. അദ്ദേഹം അന്നു രാത്രി തിരക്കലാണെന്നും പകരം എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ വാഹനവുമായി എതുസമയവും എത്താൻ മറ്റൊരു ബന്ധുവിനെ എർപ്പാടാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടാണ് പരുക്കനെന്ന് തോന്നിപ്പിച്ച ആ മനുഷ്യൻ പിരിഞ്ഞത്. ബന്ധുവിന്റെ ഫോൺ നമ്പറും തന്ന് കൈവീശി കടന്നുപോയ അദ്ദേഹത്തെ അൽഭുതത്തോടേ നോക്കി നിന്നു - മുൻവിധികൾക്ക് അതീതനാണ് മനുഷ്യർ.

ധാരാളം ബുദ്ധവിഹാരങ്ങളും പഴയ കൊട്ടാരങ്ങളും മ്യൂസിയങ്ങളുമുള്ള പട്ടണമാണ് ലാവോസിന്റെ തലസ്ഥാന നഗരമായ വിയന്റിൻ. മാത്രമല്ല പ്രധാന വരുമാന മാർഗവും ഇവയൊക്കെ തന്നെ. മിക്ക ബുദ്ധവിഹാരങ്ങളിലും മ്യൂസിങ്ങളിലും ഫോട്ടോ എടുക്കുന്നതിന് അനുവാദമില്ല. രാജകൊട്ടാരങ്ങളിലെ വലിയ സമ്പത്ത് അതേപടി സൂക്ഷിച്ചുവച്ചിരിക്കുന്നുവത്രെ. ലാവോസിന്റെ തലസ്ഥാനമായ വിയന്റിയനീലെ രണ്ടു ദിവസത്തെ താമസം രസകരമായിരുന്നില്ല എന്നുപറയാം.

കുവാങ്ങ്‌സി വെള്ളച്ചാട്ടം

ചെറുബാലന്മാർ കുങ്കുമ വസ്ത്രവും ധരിച്ച് തല മുണ്ഡനം ചെയ്ത് നിരനിരയായി നടക്കുന്ന പ്രഭാതക്കാഴ്ച അൽപവും രസമുളവാക്കിയില്ല. കളിയും ചിരിയും കുസൃതിയുമായി നടക്കേണ്ട പ്രായമാണെന്ന് അവരുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ തോന്നി. ജീവിതത്തിലെ ഉത്സവകാലം സത്യാന്വേഷണത്തിനായി മാറ്റി വയ്ക്കുന്നതിൽ എന്തോ അപാകതയുണ്ട്. അവരുടെ മുഖത്തെ നിസ്സംഗതയും നിരാശയും എന്നെയും ബാധിച്ച് എന്നുതോന്നി. അതുകൊണ്ടുതന്നെ രണ്ടുദിവസത്തിൽ കൂടുതൽ വിയന്റിൽ നിൽക്കാൻ തോന്നിയില്ല. അവരെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വണ്ടികളിൽ നിന്ന് പുറത്തേക്കു നീളുന്ന ദൈന്യതയുള്ള നോട്ടം വിനോദയാത്രയുടെ എല്ലാ നിറവും കെടുത്തി.
രണ്ടാം ദിവസം ലുവാങ് പ്രാഭാങ്ങിലേക് തിരിച്ചു. ഏതാണ്ട് 40 മിനിറ്റ് വരുന്ന യാത്ര ചെറു വിമാനത്തിലായിരുന്നു. ലാവോസിലെ പ്രധാന ആകർഷണകേന്ദ്രമാണ് ലുവാങ് പ്രാഭാങ്. ലുവാങ്ങിലെ ഫൗസി ഹിൽസിൽനിന്ന് നാലുവശത്തേക്ക് കാണുന്ന മനോഹര ദൃശ്യങ്ങളാണ് അവിടുത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന്. ലാവോസിലെ ബുദ്ധവിഹാരങ്ങളിൽ ഏറ്റവും വിശുദ്ധമായി കരുതുന്ന ദാറ്റ് ചോംസി ഫൈസി മലനിരകളുടെ നിറുകയിലാണ്. പല രൂപത്തിലും വലിപ്പത്തിലുമുള്ള സ്വർണ ബുദ്ധ വിഗ്രഹങ്ങളും, പല തലകളുള്ള സർപ്പങ്ങളുടെ രൂപങ്ങളും കണ്ട് എതാണ്ട് മുന്നൂറിൽ പരം നടകൾ കയറിയാൽ മുകളിലെത്താം. സ്വർണ നിറത്തിലുള്ള ഏഴ് പഗോഡകൾ മലമുകളിൽ സ്ഥാപിച്ചിരിക്കുന്നു. ഒരു വശത്ത് മേഘോങ് നദി, അതിന്റെ കരയിൽ മരങ്ങൾ നിറഞ്ഞ ചെറുപർവതങ്ങൾ, മറുവശത്ത് ലുവാങ് പ്രഭാങ് പട്ടണത്തിന്റെ പൂർണമായ ദൃശ്യം - ദാറ്റ് ചോംസിയിൽ നിന്നുള്ള കാഴ്ച ആരും മറക്കില്ല.

എനിക്ക് കൂടുതൽ ആകർഷണീയമായി തോന്നിയത് അവിടുത്തെ വൈകുന്നേര ചന്തയാണ്. എതാണ്ട് അഞ്ചു മണി മുതൽ രാത്രി പത്തു മണിവരെ സ്വദേശീയരും വിദേശികളും തിങ്ങിനിറഞ്ഞ തെരുവുകൾ. കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കാനും വാങ്ങാനും വരുന്നവർ ഒരു വശത്ത്. ആഹാരം കഴിക്കാനും വിശേഷങ്ങൾ പങ്കിടാനും മറ്റൊരു കൂട്ടർ. കളികളും ചിരിയുമായി കുട്ടികൾ- വൈകുന്നേരമായാൽ വലിയ ഉത്സവലഹരിയിലാണ് ലുവാങ് പ്രാഭാങ് നിവാസികൾ. എല്ലായിടത്തും ചിരിയും കളിയും ബഹളങ്ങളും മാത്രം. വിയന്റിൻ പോലെയല്ല ലുവാങ് പ്രാഭാങ്. അവിടെ ജീവിതം കുറച്ചുകൂടി ഉത്സവസമാനമാണെന്നുപറയാം. എങ്ങും ചിരിക്കുന്ന മുഖങ്ങൾ, നിറയെ അലങ്കാര വിളക്കുകൾ, കുട്ടികളുടെ ശബ്ദങ്ങൾ, വ്യാപാരികളുടെ വിളികൾ. മറ്റേതോ ലോകത്ത് എത്തിയതു പോലെ തോന്നും.

ഇത്തരം വലിയ ജനക്കൂട്ടത്തിനുള്ളിൽ തനിച്ചാണെങ്കിലും ഒരിക്കലും ഞാൻ ഒറ്റക്കാണെന്ന് തോന്നാറില്ല. സന്തോഷിക്കുന്ന മനുഷ്യർ എതുഭാഷയിലായാലും ഞാനും അവരിൽ ഒരാളാണ്. എനിക്ക് എല്ലാ ഉത്സവങ്ങളും ആൾക്കൂട്ടവും ഇഷ്ടമാണ്. സന്തോഷിക്കുന്ന മനുഷ്യരെ കാണുന്നതാണ് എറ്റവും കൗതുകകരം. ഒരു മാസത്തെ മുഴുവൻ ജോലിഭാരവും മറന്ന് അവരിലൊരാളായി ആ തിരക്കിൽ ഒഴുകിനടന്നു. പ്രത്യേകിച്ച് ഒന്നും വാങ്ങാനുണ്ടായിരുന്നില്ല, എങ്കിലും മിക്ക കടകളിലും കയറി, കടക്കാരോട് കുശലം പറഞ്ഞ് ചന്ത പിരിയുന്നതുവരെ ആ ബഹളത്തിലും ഒഴുക്കിലും പെട്ട് നടന്നു. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളോട് മറ്റു രാജ്യക്കാർ പൊതുവേ ബഹുമാനം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്.
ലോവോസ് സന്ദർശനത്തിലെ എറ്റവും രസകരമായ അനുഭവം ഇത്തരം വൈകുന്നേര ചന്തകളായിരുന്നു.

ലാവോസ് യാത്രയിലെ മറ്റൊരു മനോഹര കാഴ്ചയായ കുവാങ്ങ്‌സി വെള്ളച്ചാട്ടത്തിലേക്കായിരുന്നു അടുത്ത യാത്ര. ലുവാങ് പ്രാഭാങ്ങിൽ നിന്ന് എതാണ്ട് 30 കിലോമീറ്റർ യാത്ര ചെയ്താൽ അതിമനോഹരമായ കുവാങ്ങ്‌സി വെള്ളച്ചാട്ടത്തിലെത്താം. പല തട്ടുകളിലായി താഴേക്കുപതിയ്ക്കുന്ന നീലനിറത്തിലെ വെള്ളച്ചാട്ടത്തിന്റെ കരയിൽ ധാരാളം ചെറിയ കുടിലുകൾ പണിതിരിക്കുന്നു. വളരെ ചെലവു കുറഞ്ഞ ഇത്തരം കുടിലുകൾ വിനോദ സഞ്ചാരികൾക്കു വേണ്ടിയുള്ളതാണ്.

എന്റെ റൂമിനോടുചേർന്ന് 60 വയസിനുമേൽ വരുന്ന ഒരു ഒരു ആസ്‌ത്രേലിയൻ കുടുംബമായി താമസിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ യാത്രയും ഭക്ഷണവും ഞങ്ങൾ ഒരുമിച്ചായിരുന്നു. ആസ്‌ത്രേലിയയിലായിരുക്കുമ്പോൾ അദ്ദേഹം ദിവസവും 50 ഡോളർ യാത്രക്ക് നീക്കിവയ്ക്കുമത്രേ. അത് ഒരു യാത്രക്ക് തികയുമ്പോൾ ചെലവു കുറഞ്ഞ ഒരു രാജ്യത്തേക്ക് യാത്ര ചെയ്യും. ഈ ശീലം കുറെ വർഷങ്ങളായി തുടരുന്നു. വർഷത്തിൽ എതാണ്ട് ആറു മാസം യാത്ര ചെയ്യും. 60ാമത്തെ വയസ്സിൽ ജീവിതം ആരംഭിച്ചിട്ടേയുള്ളൂ എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ സംസാരം.

32ാമത്തെ വയസ്സിൽ ഞാൻ മൂന്നു കുട്ടികളുടെ അമ്മയായി എന്നുകേട്ട് അദ്ദേഹം അൽഭുതപ്പെട്ടു പോയി. അയാളുടെ മകൾക്ക് 40 വയസായിപോലും. ഒരു കൂട്ടുകാരനുമുണ്ട്. പക്ഷേ, ഒരു കൂരക്കുകീഴിൽ ഒരുമിച്ച് താമസം തുടങ്ങണമോ എന്ന് ഇതുവരെ അവർ ഉറപ്പിച്ചിട്ടില്ലത്രെ. വിവാഹം നിയമപരമാക്കണമോ എന്നതൊക്കെ അവർ തന്നെ പിന്നീട് തീരുമാനിക്കും എന്ന് അഭിമാനത്തോടേ അദ്ദേഹം പറഞ്ഞു.

വിവാഹം കുടുംബങ്ങൾ തമ്മിലല്ല, രണ്ടു വ്യക്തികൾ തമ്മിലാണ് നടക്കേണ്ടത്, എല്ലാ രീതിയിലും ഒരുമിച്ചു പോകാം എന്നുറപ്പുണ്ടാകുമ്പോൾ മാത്രം രണ്ടു വ്യക്തികൾ ചിന്തിച്ചു തുടങ്ങേണ്ട കാര്യമാണ് വിവാഹം എന്നെല്ലാം അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം പറഞ്ഞ എല്ലാറ്റിനോടും യോജിപ്പുതന്നെ. എങ്കിലും കഴിഞ്ഞതിനേക്കുറിച്ച് ചിന്തിക്കുന്നതിനുള്ള സമയം എനിക്കില്ലാത്തതുകൊണ്ട് ആസ്‌ത്രേലിയക്കാരൻ പറഞ്ഞതും കേട്ടിരുന്നു.

ഇപ്പോൾ ചെയ്തുതീർക്കുന്നതിനുള്ള ഉത്തരവാദിത്വങ്ങളാണ് എന്റെ മുന്നിൽ. അതിനിടയിൽ എന്റെ കുഞ്ഞു സന്തോഷങ്ങൾ കണ്ടെത്തണം. മറ്റു തത്വശാസ്ത്രങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല. ജീവിതം എന്നോട് അത്രയ്‌ക്കൊന്നും കരുണ കാട്ടിയില്ല. പക്ഷേ, അതൊന്നും പരാതിപ്പെടാൻ ഒരിടവും എനിക്കില്ലായിരുന്നു, ഇപ്പോൾ അതിന്റെ ആവശ്യവുമില്ല.
മറ്റൊരു രസകരമായ കുടുംബത്തെയും കണ്ടുമുട്ടി. അവർ വർഷങ്ങളായി പഴങ്ങൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്നു. അതും താഴെ വീഴുന്ന പഴങ്ങൾ മാത്രമേ കഴിക്കൂ, പഴം പറിച്ചെടുത്താൽ ചെടിയ്ക്ക് വേദനിക്കുമത്രേ.

ആസ്‌ത്രേലിയക്കാരന്റെ കഥകളിലെ സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരായിരുന്നു. പക്ഷേ, ലാവോസിലെ സ്ത്രീകൾ കൊച്ചു കുട്ടികളുമായി വൈകുന്നേര ചന്തകളിൽ ചെറിയ അടുക്കള സാമഗ്രികൾ വിറ്റ് ജീവിക്കാൻ പാടുപെടുന്നവരായിരുന്നു.

എത്രയോ തരം മനുഷ്യർ, എത്രയോ തരം ജീവിതങ്ങൾ- അവർക്കെല്ലാം എത്രയോ തരം കാഴ്ചപ്പാടുകൾ. വൈവിധ്യമാണ് ലോകത്തിന്റെ സൗന്ദര്യം എന്ന് തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ് യാത്രകൾ കൊണ്ട് കിട്ടിയ ഗുണം.
കുവാങ്ങ്‌സി വെള്ളച്ചാട്ടത്തിന്റെ കരയിൽ ഞങ്ങൾ താമസിക്കുന്ന തടി കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകൾക്കപ്പുറം റിസർവ് വനങ്ങളാണ്. അതിനുള്ളിൽ എല്ലാത്തരം കാട്ടുമൃഗങ്ങളുമുണ്ട്. രാത്രി കരടിയുടെ മുരൾച്ച കേൾക്കാം. എതെങ്കിലും വന്യജീവി ആ ചെറുവെള്ളച്ചാട്ടം കടന്നുവന്നാൽ ജീവൻ അപകടത്തിലാകും, അത്ര സുരക്ഷിതത്വമുള്ള കുടിലുകളല്ല. അതുകൊണ്ടുതന്നെ രാത്രി കുടിലുകളിൽ വെളിച്ചമുണ്ടാകാറില്ല. പ്രകാശം കാട്ടുമൃഗങ്ങളെ ആകർഷിക്കുമത്രെ.

ഇത്തരം കുടിലുകളിലെ ആഹാരമാണ് രസകരം. ആഹാരത്തിനുള്ള പണം വാടകയ്‌ക്കൊപ്പം ഈടാക്കുന്നില്ല എന്ന് ആദ്യ ദിവസം കഴിഞ്ഞപ്പോഴാണ് അറിയുന്നത്. അന്നാട്ടിൽ കിട്ടുന്ന പച്ചക്കറികൾ, ഭക്ഷ്യയോഗ്യമായ പ്രകൃതി വിഭവങ്ങൾ ഇവയൊക്കെ ഉപയോഗിച്ച് നമുക്കുതന്നെ ആഹാരം പാകം ചെയ്യാം. പാകം ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും വീടുകളിലുണ്ട്. അതിന് ചെറിയ ഒരു തുക നൽകിയാൽ മതി. മിക്കതും ഔഷധഗുണമുള്ള ചെടികളാണത്രെ. ചന്തയിൽ ആഹാരം പാകം ചെയ്യുന്നതിനുള്ളതെല്ലാം ലഭിക്കും.
കച്ചവടക്കാർ മിക്കവരും സ്ത്രീകളാണ്. മിക്കവരുടെയും കൂടെ ചെറിയ കുട്ടികളുമുണ്ട്, ചില കുട്ടികൾ ഓടിക്കളിക്കുന്നു, ചിലർ തൊട്ടിലിലുറങ്ങുന്നു. ആസ്‌ത്രേലിയക്കാരന്റെ കഥകളിലെ സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരായിരുന്നു. പക്ഷേ, ലാവോസിലെ സ്ത്രീകൾ കൊച്ചു കുട്ടികളുമായി വൈകുന്നേര ചന്തകളിൽ ചെറിയ അടുക്കള സാമഗ്രികൾ വിറ്റ് ജീവിക്കാൻ പാടുപെടുന്നവരായിരുന്നു.
തുടർന്നുള്ള രണ്ടു ദിവസങ്ങൾ രാത്രി കാട്ടുമൃഗങ്ങളുടെ മുരൾച്ചയും കേട്ട്, സ്വന്തമാക്കി ഉണ്ടാക്കിയ ലാവോസ് പച്ചക്കറി ഭക്ഷണവും കഴിച്ച് കുവാങ്ങ്‌സി വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കുളിർമയും ആസ്വദിച്ച് കഴിഞ്ഞുകൂടി. മനോഹരമായ നീന്തൽക്കുളങ്ങളും, പരമ്പരാഗത രീതിയിൽ കൈവരികൾ പിടിപ്പിച്ച നടപ്പാതകളും ചെറുപാലങ്ങളുമുള്ള മനോഹര കാഴ്ചയാണ് കുവാങ്ങ്‌സി ഫാൾസ്.
ഒറ്റയ്ക്കുള്ള യാത്രകളിലെ എറ്റവും ധന്യമായ ദിവസങ്ങൾ, ഇന്നും ഓർത്തിരിക്കുന്നത് കുവാങ്ങ്‌സി ഫാൾസിലെ ആ ദിനങ്ങൾ തന്നെ.

മേഘോങ് നദിക്കരയിലെ ഫ്രഞ്ച് ഹോം സ്റ്റേകളും റെസ്റ്റാറന്റുകളും ഒരു പാശ്ചാത്യ നഗരത്തിന്റെ സന്ധ്യകൾക്ക് സമാനമായവാണ്. ദീർഘകാലം ഫ്രഞ്ച് കോളനി ആയിരുന്നതിനാൽ ധാരാളം ഫ്രഞ്ച് പൗരന്മാർ ലാവോസിൽ ജീവിച്ച് അവിടെ തന്നെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. അവരുടെ ബന്ധുക്കളിൽ പലരും കുടുംബവേരുകൾ തിരഞ്ഞ് ലാവോസിലെത്തുകയും, പിന്നീട് പൂർവികർ നിത്യവിശ്രമം കൊള്ളുന്ന നാട്ടിൽതന്നെ ജീവിക്കുകയും ചെയ്യുന്നു. അവർക്ക് സ്വന്തമായി സ്ഥലങ്ങൾ വാങ്ങുന്നതിനും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതിനും ലാവോസിൽ അനുമതിയുണ്ട്. അങ്ങനെ എത്തിയ ചില കുടുംബങ്ങൾ മേഘോങ് നദിക്കരയിൽ ഒരുക്കിയിരിക്കുന്ന ഹോം സ്റ്റേകൾ അത്യാകർഷങ്ങളായ പ്രത്യേകതയുള്ളതാണ്. ലാവോസിലേയും ഫ്രാൻസിലേയും ഗൃഹനിർമാണ മാതൃകകൾ ഒത്തുചേർന്ന ചെറിയ ചെറിയ ഹോം സ്റ്റേകൾ. എല്ലായിടത്തും സൗജന്യ ഇന്റർനെറ്റുണ്ട്. അതിഥികൾക്കും കുടുംബക്കാർക്കുമിടയിൽ മുറികൾക്ക് വാതിലുകളില്ല. പുഴയുടെ കരയിൽ നിരനിരയായി ഇരിപ്പിടങ്ങൾ, ശാന്തസ്വരത്തിൽ സംസാരിക്കുന്ന മനുഷ്യർ, ചെറിയ ശബ്ദത്തിൽ പശ്ചാത്തല സംഗീതം.
സ്വർണ നിറമുള്ള വെയിൽ പുഴയിൽ തട്ടി പ്രതിഫലിക്കുന്ന വൈകുന്നേരങ്ങൾ. ഒരു കൂറ്റൻ സിനിമാ തീയേറ്ററിലെ വലിയ സ്‌ക്രീനിൽ നടക്കുന്ന ചലച്ചിത്രം പോലെ പ്രകൃതി. ലോകത്തിന്റെ മറ്റേതോ കോണിലാണ് എന്നുതോന്നിപ്പോകുന്ന മനോഹര ദൃശ്യവും അനുഭവവും.

മേഘോങ് നദിക്കരയിലെ ഫ്രഞ്ച് ഹോം സ്റ്റേയിൽ ഒരു ദിവസമെങ്കിലും താമസിച്ചു മടങ്ങിപ്പോരുന്നത് ഒരു പുതിയ ഉണർവ്വോടെ ആയിരിക്കും. ആദ്യ ദിവസങ്ങളിൽ അൽപം നിരാശ തോന്നിയെങ്കിലും നിറഞ്ഞ മനസ്സോടെ, ഇനി ഒരിക്കൽ കൂടി മടങ്ങിവരണം എന്ന ആഗ്രഹത്തോടെ, ലാവോസിൽ നിന്ന് തിരികെ പോന്നു. കഴിയുമെങ്കിൽ ഫ്രഞ്ചു ഹോം സ്റ്റേയിൽ ഒരു ദിവസം കൂടി കഴിയണം. ▮

Comments