ഡിഗ്ബോയ്;
രാഷ്ട്രീയം ഒഴുകുന്ന
എണ്ണപൈപ്പുകൾ

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം ഒമ്പത്.

▮

1998 ഫെബ്രുവരി 5, വ്യാഴം.

ഇന്ന് മുഴുവൻ യാത്രയായിരുന്നു. കാസിരംഗയിൽ നിന്ന് ധൂലിയാജാനിലേക്ക്. ഇടക്ക് ഒരു മിഷിങ് ഗ്രാമത്തിൽ നിർത്തി, ഒരു നൃത്തം ഷൂട്ട് ചെയ്യാൻ. പക്ഷേ ആ നൃത്തം സുഖമായില്ല. നർത്തകികളിൽ മിക്കവരും വളരെ മോഡേൺ ആയി തോന്നി. ഷേപ് ചെയ്ത പുരികങ്ങളും ഷാമ്പൂ ചെയ്ത മുടിയും ഒന്നും അവർ ചെയ്ത നൃത്തവുമായി ചേർന്നു പോയില്ല. പലർക്കും നൃത്തച്ചുവടുകളും നിശ്ചയമില്ലായിരുന്നു.

▮

ആസ്സാമിലെ ഒരു ഓയിൽ നഗരമാണ് ധൂലിയജാൻ. ഇതിനോടടുത്തു കിടക്കുന്ന ഡിഗ്ബോയ് ആണ് ഏറ്റവും കൂടുതൽ എണ്ണ കിണറുകളുള്ള സ്ഥലം. ഇത് തിൻസുഖിയ ജില്ലയിലാണ്. ഇവിടെയാണ് 1866- ൽ ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ കുഴിക്കുന്നത്. 1901-ൽ ഇന്ത്യയിലെ ആദ്യ ഓയിൽ റിഫൈനറിയും ഇവിടെ സ്ഥാപിക്കപ്പെട്ടു.

അധികാരത്തിന്റെ പൈപ്പ്‌ലൈൻ: ഇത് ഒരു നേരായ “പൈപ്പ്‌ലൈൻ” കഥയല്ല. മറിച്ച്, ആസ്സാമിലെ എണ്ണ കണ്ടെത്തലിൽനിന്ന് ഇന്ത്യയുടെ ആധുനിക Energy Grid വരെ നീളുന്ന ഒരു ഇൻഫ്രാസ്ട്രക്ചർ ഇവലൂ​ഷന്റെ കഥയാണ്.

ആസ്സാമിലെ എണ്ണക്കഥയിൽ പൈപ്പ്‌ലൈൻ വെറും ക്രൂഡ് ഓയിൽ മാത്രം കൊണ്ടുപോയില്ല. അവ കൊണ്ടുപോയത് അധികാരവും, മുൻഗണനകളും, രാഷ്ട്രീയവുമാണ് ആണ്; ആദ്യം സാമ്രാജ്യത്വത്തിന്റെ, പിന്നീട് ദേശീയതയുടെ, ഇപ്പോൾ തന്ത്രപ്രധാനമായ നിയന്ത്രണത്തിന്റെ.

ആദ്യകാല ലോജിക്ക് വളരെ വ്യക്തമായിരുന്നു. ദൂരെയുള്ള ഒരു പ്രദേശത്ത് എണ്ണ കണ്ടെത്തി. അത് അധികാരം കേന്ദ്രീകൃതമായിരുന്ന സ്ഥലത്തേക്ക് കൊണ്ടുപോകണം. കൊളോണിയൽ ഇന്ത്യയിൽ അതിനർത്ഥം തുറമുഖ നഗരം എന്നാണ്.

1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയായിരുന്നു. ഏറ്റവും വലിയ തുറമുഖ നഗരം കൂടിയായിരുന്നു കൽക്കട്ട. അതിനാൽ, രൂപപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും- പൈപ്പ്‌ലൈൻ, റെയിൽ, കയറ്റുമതി മാർഗങ്ങൾ തുടങ്ങിയവ- ആസ്സാമിനെ വികസിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. അവിടെനിന്ന് വിഭവങ്ങൾ പുറത്തെടുക്കാൻ വേണ്ടിയായിരുന്നു. ആസ്സാം, ഇന്ത്യയുടെ മറ്റെല്ലാ പ്രദേശങ്ങളും പോലെ, ഒരു സപ്ലയർ ആയി മാറി. മൂല്യവും തീരുമാനാധികാരവും മറ്റെവിടെയോ നിലനിന്നു. ഈ ‘മാതൃക’ സാമ്രാജ്യത്വം അവസാനിച്ചിട്ടും തുടർന്നു.

സ്വാതന്ത്ര്യാനന്തരകാലത്ത് ഭാഷ മാറിയെങ്കിലും, ലോജിക്ക് പൂർണ്ണമായി മാറിയില്ല. പുതിയ ഇന്ത്യൻ രാഷ്ട്രത്തിന് ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു - ‘നവരാഷ്ട്ര നിർമ്മാണം’. രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലേക്കും ഊർജം വിതരണം ചെയ്യേണ്ടതുണ്ടായിരുന്നു. പൈപ്പ്‌ലൈനുകൾ അകത്തോട്ടേക്ക് നീട്ടി, റിഫൈനറികൾ ഉപഭോഗ കേന്ദ്രങ്ങൾക്ക് സമീപം സ്ഥാപിച്ചു, പൊതുമേഖലാ സ്ഥാപനങ്ങൾ ഉത്പാദനവും വിതരണവും കൈകാര്യം ചെയ്തു. സാമ്പത്തികമായി ഇത് യുക്തിസഹമായ തീരുമാനമായിരുന്നു. എന്നാൽ അത് ഒരു രാഷ്ട്രീയ തീരുമാനവും കൂടിയായിരുന്നു.

ആസാമിൽ ഒരു നൃത്തത്തിന്റെ ഷൂട്ട്.
ആസാമിൽ ഒരു നൃത്തത്തിന്റെ ഷൂട്ട്.

ആസ്സാമിൽനിന്ന് കൊൽക്കത്തയിലേക്കുള്ള പൈപ്പ്‌ലൈൻ, എണ്ണ മാത്രമായി കൊണ്ടുപോയില്ല. അത് അധികാരവും അസമത്വവും പിന്നെ ‘Integration’ എന്ന രാഷ്ട്രീയ വാഗ്ദാനവും കൊണ്ടുപോയി.

ഇവിടെയാണ് വിരോധാഭാസം. ആസ്സാമിൽ എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നു, എന്നാൽ സംസ്കരണം, വിതരണശൃംഖല, അനുബന്ധ വ്യവസായങ്ങൾ എന്നിവയുടെ വലിയൊരു പങ്ക് സംസ്ഥാനത്തിന് പുറത്താണ് വികസിച്ചത്. “വിഭവവും ലാഭവും തമ്മിലുള്ള വ്യത്യാസം” ഒരു രാഷ്ട്രീയപ്രശ്നമായി മാറി. വിഭവം ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്തിനും, അതിൽനിന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിനുമിടയിൽ വിടവുണ്ടെന്ന ധാരണ ശക്തമായി. പിന്നീട് അതിൽ ഐഡന്റിറ്റി രാഷ്ട്രീയം, കുടിയേറ്റ ഭയം, ഇൻസർജൻസി എന്നിവയും ചേർന്നു. അത് സാമ്പത്തിക അവഗണനയുടെ ബോധം സൃഷ്ടിച്ചു. ഇതിലൂടെ വ്യക്തമാകുന്നത്, ഇൻഫ്രാസ്ട്രക്ചർ ഒരിക്കലും നിഷ്പക്ഷമല്ല, അത് രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തുന്നു എന്നാണ്.

ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് കാലഘട്ടത്തെ കാണണം. അവരുടെ സമീപനം കേന്ദ്രീകൃതവും വികസനകേന്ദ്രിതവുമായിരുന്നു, പക്ഷേ എല്ലായ്പ്പോഴും പ്രാദേശിക സങ്കേതങ്ങളെ പരിഗണിച്ചില്ല. ഇന്ത്യയുടെ ഊർജവ്യവസ്ഥയുടെ അടിത്തറ അവർ പണിതു. എന്നാൽ അതിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിൽ കുറവുണ്ടായിരുന്നു. ഫലം: ശക്തമായ ദേശീയ ഏകീകരണം, എന്നാൽ കൂടെ വളർന്ന പ്രാദേശിക അസന്തുഷ്ടി.

ആസ്സാമിൽ വീണ്ടും ചോദ്യമുയർന്നു: “ഞങ്ങളുടെ വിഭവങ്ങൾ പുറത്തേക്ക് പോകുന്നു, പക്ഷേ ലാഭം എവിടെ?”
ഇത് അസമീസ് സബ്- നാഷണലിസത്തിന് ഇന്ധനം നൽകി. “Outsider vs Insider” തർക്കം ശക്തമാക്കി. 1979- ലെ ആസ്സാം പ്രക്ഷോഭത്തിന്റെ ഒരു കാരണം ഇതാണ്. പൈപ്പ് ലൈൻസ്, എണ്ണ, തേയില- എല്ലാം ചേർന്ന് ഒരു വലിയ സാമൂഹ്യബോധമുണ്ടാക്കി:  “Delhi takes, Northeast gives”.  ഇത് സായുധ കലാപ രാഷ്ട്രീയത്തെയും  സ്വയംഭരണാവശ്യങ്ങളെയും ശക്തമാക്കി.

കോൺഗ്രസ് അടിസ്ഥാന ഇൻഫ്രാസ്ട്രക്ചർ പണിതു.
BJP അതിനെ രാഷ്ട്രീയമായി ഉപയോഗിച്ച് പുനർരൂപപ്പെടുത്തി. അതായത്, ഒരേ പൈപ്പ്‌ലൈൻ, പക്ഷേ വ്യത്യസ്ത രാഷ്ട്രീയം. കോൺഗ്രസ് ആസ്സാമിലെ എണ്ണയെ ഇന്ത്യയുടെ സാമ്പത്തിക ഘടനയിൽ ഉൾപ്പെടുത്തി. ബി.ജെ.പി, അതേ ഘടനയെ രാഷ്ട്രീയമായി സ്ഥിരപ്പെടുത്താനും നിയന്ത്രിക്കാനും ഉപയോഗിച്ചു.

ഇന്നത്തെ സമീപനം വടക്കുകിഴക്കിനെ ഒരു ദൂര പ്രദേശമായി കാണുന്നില്ല, മറിച്ച്, തന്ത്രപ്രധാന കൊറിഡോറായി കാണുന്നു. പൈപ്പ്‌ലൈനുകൾ ഇപ്പോൾ ഒരു വലിയ ചട്ടക്കൂടിന്റെ ഭാഗമാണ്.

മുൻ സായുധഗ്രൂപ്പുകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക, പ്രാദേശിക സ്ഥാപനങ്ങളെ കയ്യടക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, വികസനത്തെ സ്ഥിരതയുടെ കഥയായി അവതരിപ്പിക്കുക എന്നിവയാണ് ബി.ജെ.പിയുടെ പ്രധാന തന്ത്രങ്ങൾ. റോഡുകൾ, നിക്ഷേപം, റിഫൈനറി, വികസനം എന്നിവ സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമല്ല, അവ രാഷ്ട്രീയ ഉപകരണങ്ങൾ കൂടിയാണ്.

എന്നാൽ അടിസ്ഥാന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു: യഥാർത്ഥ അസമത്വം മാറിയോ, അതോ അതിനെ പുതിയ ഭാഷയിൽ മറച്ചുവച്ചതോ? “വിഭവപ്രദേശം” എന്ന നിലയും “തീരുമാനകേന്ദ്രം” എന്ന നിലയും തമ്മിലുള്ള സംഘർഷം പൂർണ്ണമായി ഇല്ലാതായിട്ടില്ല. അത് ഇപ്പോൾ ‘Integration’ എന്ന വാക്കിനുള്ളിൽ മറഞ്ഞിരിക്കുകയാണ്.

അതുകൊണ്ട് ആസ്സാമിന്റെ എണ്ണയുടെ കഥ സാമ്പത്തികതയിലേക്ക് മാത്രം ചുരുക്കാനാവില്ല. അത്, ആരാണ് തീരുമാനിക്കുന്നത്, ആരാണ് ലാഭം നേടുന്നത്, ആർക്കുവേണ്ടിയാണ് ഒരു പ്രദേശത്തിന്റെ രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തുന്നത് എന്നതിന്റെ കഥയാണ്.

പൈപ്പ്‌ലൈൻ ഭൂമിശാസ്ത്രം മാത്രമല്ല വരയ്ക്കുന്നത്. അവ അധികാരത്തിന്റെ മാപ്പാണ് വരയ്ക്കുന്നത്. ആസ്സാമിൽ, ആ മാപ്പ് ഇപ്പോഴും പുനർരചനയിലാണ്.

▮

1998 ഫെബ്രുവരി 9, തിങ്കൾ;
ഡിഗ്ബോയ്

എണ്ണക്കിണറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ഭൂപ്രദേശം. എവിടെ നോക്കിയാലും എണ്ണക്കിണറുകൾ മാത്രം. ചെറുതും വലുതുമായി ആകാശത്തിലേക്ക് കൂർത്തുനിൽക്കുന്ന ഇരുമ്പ് ചട്ടക്കൂടുകൾ. പലതും എണ്ണ ഉല്പാദനം വറ്റിയവയാണ്. ആദ്യത്തെ കിണറിന്റെ പേർ ‘ഡിസ്കവറി’ എന്നായിരുന്നു. 1889 മുതൽ 1927 വരെആ കിണർ എണ്ണ ഉല്പാദിപ്പിച്ചിരുന്നു. 202 മീറ്ററായിരുന്നു ആഴം. പക്ഷേ ഇന്ന് 3.5 കിലോമീറ്ററുകളോളം ആഴത്തിലാണ് കിണറുകൾ കുഴിക്കപ്പെടുന്നത്. ഭൂമിക്കുള്ളിലെ മർദ്ദം എണ്ണയേയും പ്രകൃതിവാതകത്തേയും കിണറുകളിലെ പൈപ്പുകളിലൂടെ പുറത്തേക്ക് തള്ളുന്നു.

ഒരു ഫുട്ബോളിൽ തുളകൾ ഇടുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഭൂമി മുഴുവൻ ഇങ്ങനെ തുളകളിട്ടാൽ ഭൂമിക്കുള്ളിൽ എന്താവും സംഭവിക്കുക? വാട്ടർ ടേബിളിനേയും ഭൂമിയുടെ ആന്തരികഘടനയേയും ഇതു ബാധിക്കില്ലേ?

സീനിയർ മാനേജർ ബോറ എന്നോട് പറഞ്ഞു; വിദേശത്തൊക്കെ പരിസ്ഥിതിക്ക് യോജിച്ച എക്സ്പ്ലോസീവ്സ് ആണ് ഉപയോഗിക്കുന്നത്. ഇവിടെ ഇപ്പോഴും അതെത്തിയിട്ടില്ല. അമേരിക്കൻ സൈന്യത്തിൽനിന്ന് വാങ്ങിയ GPS ആണ് നാം ഉപയോഗിക്കുന്നത്. 10mm കൃത്യതയാണ് അത് അവകാശപ്പെടുന്നത്. ഭൂമിയുടെ ഓരോ ഇഞ്ചും അമേരിക്കക്കറിയാം.

രാത്രി എട്ടു മണി.

ബോറയോടൊപ്പം സെലോണി ക്ലബ്ബിൽ അത്താഴം. രണ്ട് വിസ്കി കഴിഞ്ഞപ്പോൾ സംസാരം പതുക്കെ രാഷ്ടീയത്തിലേക്ക് തിരിഞ്ഞു. അദ്ദേഹം ദിബ്രുഗറുകാരനാണ്.

തുടക്കത്തിൽ AASU, ULFA എന്നിവയൊക്കെ നാടിന്റെ ആവശ്യമായിരുന്നു.
ദാദായും അത് ശരിവെച്ചു.

പക്ഷേ, ക്രമേണ അതിൽ ഒട്ടേറെ ഗ്രൂപ്പുകളുണ്ടാവുകയും ധനസമ്പാദനത്തിലേക്ക് ശ്രദ്ധ മാറിപ്പോവുകയും ചെയ്തു. ഇന്ന് പൊരേഷ് ബറുവ 700 കോടിയുമായി വിദേശത്തിരിക്കുന്നു.

ഈ തിയറികൾ എത്രമാത്രം ശരിയാണെന്ന് ആർക്കുമറിയില്ല. പക്ഷേ ആസ്സാമിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാകേയും പ്രശ്നങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു.

കൽപന, സദായെക്കുറിച്ച് പറഞ്ഞു:
അയാൾക്ക് എല്ലാ ഗവണ്മെന്റുകളിലും നല്ല പിടിയാണ്. അതോടൊപ്പം ULFA- യിലും. ഇപ്പോൾ അയാൾ അമേരിക്കക്കുവേണ്ടി എന്തോ പ്രോജെക്റ്റ് ചെയ്യുന്നു. ഇതുവരേയും അയാളെ ആരും തട്ടിക്കളയാത്തത് അതിശയമാണ്.

വർത്തകൾ ഇതൊക്കെയാണ്.

ULFA, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് സഹകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് യോഗങ്ങൾ സംഘടിപ്പിക്കുന്ന AGP പ്രവർത്തകരെ അവർ തട്ടിക്കൊണ്ടുപോകുന്നു. ULFA കോൺഗ്രസിനോടൊപ്പമാണെന്നാണ് ഒരു സംസാരം. തേയിലത്തോട്ടങ്ങൾ പൊതുവെയും കോൺഗ്രസിനൊപ്പമാണ്. നഗരങ്ങളിൽ തെരഞ്ഞടുപ്പ് തടസ്സപ്പെട്ടാൽ കോൺഗ്രസിന്റെ വിജയം എളുപ്പമാകും.

ഡിഗ്ബോയിൽ  എണ്ണ ടാങ്കുകൾ കത്തുന്നു
ഡിഗ്ബോയിൽ എണ്ണ ടാങ്കുകൾ കത്തുന്നു

വടക്ക് കിഴക്കിന്റെ, അഴിക്കുംതോറും മുറുകുന്ന രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് പറഞ്ഞ് ആ രാത്രി കഴിഞ്ഞു.

രണ്ട് ദിവസം മുൻപ് എന്റെയും മോളുടേയും പിറന്നാളായിരുന്നു. മലയാളം കലണ്ടർ അനുസരിച്ച് ഞങ്ങളുടെ രണ്ടുപേരുടേയും പിറന്നാൾ ഒരേ ദിവസമാണ്.
മോളുടെ ഒന്നാം പിറന്നാൾ, അന്ന് അവളൊടൊപ്പം ഉണ്ടാവണമെന്നാഗ്രഹിച്ചിരുന്നു. പക്ഷേ ആയിരക്കണക്കിനു കിലോമീറ്ററുകൾക്കപ്പുറം ഒരു വിജനവീഥിയിൽ, ഒരു ഫോൺ കണ്ടെത്തുക എന്ന പോംവഴിയേ ഉണ്ടായിരുന്നുള്ളൂ. പ്രവാസികളുടെ ജീവിതത്തിൽ ഇതൊന്നും പുതിയ കഥയല്ല.

പകൽ മുഴുവൻ തിരക്കായിരുന്നു. സന്ധ്യക്ക് ജോർഹാട്ടിലെക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതൽ ഒരു STD ബൂത്ത് തപ്പുന്നതാണ്. റോഡരികിലെ കടകളിലൊക്കെയും നിർത്തി. പലയിടത്തും STD ഇല്ല. ഉള്ളിടത്ത് അത് കണക്റ്റ് ചെയ്യുന്നില്ല. പതുക്കെപ്പതുക്കെ റോഡരികിൽ കടകളില്ലാതായി. ഇരുട്ടിൽ മൂടിക്കിടക്കുന്ന ഗ്രാമങ്ങളും വനപാതകളും.

അവസാനം രാത്രി ഒമ്പതു മണിയോടെ ഒരു ഒറ്റപ്പെട്ട കടയിൽ STD ഫോൺ കിട്ടി. മീനയും മോളുമായി സംസാരിച്ചു. മോൾ ഇടക്കൊന്നും മിണ്ടുന്നില്ല. ഫോണിലൂടെ സംസാരിക്കുന്നതിന്റെ അസ്വാഭാവികതയോ?
അതോ, അഛന്റെ സ്വരം അവൾ മറന്നു തുടങ്ങിയോ?

(യാത്ര അവസാനിക്കുന്നില്ല). 


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India - Part 7


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments