ഷില്ലോങിലെ ഒരു കട

ബന്ദിനു തലേന്ന്
മുറിയിൽ ഒരു സ്‌ഫോടനം

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം 10.

▮

  • 1998 ഫെബ്രുവരി 12, വ്യാഴം.

ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് ഇന്നലെയായിരുന്നു എന്റെ പിറന്നാൾ. ഒരു മിഷിങ് ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. ഉച്ചക്ക് നിലത്ത് വിരിച്ചിട്ട വൃത്താകൃതിയിലുള്ള ഇലകളിൽ വിളമ്പിയ ചോറും പരിപ്പുകറിയും. സ്നേഹപൂർവം അതിലുള്ള ഒരു മീൻ തല കൂടി അയാൾ എനിക്കു വിളമ്പി. മൽസ്യമില്ലാത്ത ഒരു കറിയും ഇവർക്കില്ല. അതുകൊണ്ട് പരിപ്പു കറിയിലും മീനുണ്ടാവും. ആഹാരത്തോടൊപ്പം മിഷിങ്ങിന്റെ സ്വന്തമായ ‘അപ്പോങ്’ എന്ന മദ്യവും വിളമ്പിയിരുന്നു. ചോറും കുറെയേറെ ഔഷധ സസ്യങ്ങളും ചേർത്ത് ദിവസങ്ങൾ കൊണ്ട് ഫെർമെന്റ് ചെയ്ത് തയ്യാറാക്കുന്നതാണ് അപ്പോങ്. ഒരു ഗ്ലാസ്സ് അപ്പോങ് കയ്യിലുയർത്തി എനിക്കുവേണ്ടി Happy Birthday പാടി, ഭുപേൻ ദാ. യൂണിറ്റിലെ അംഗങ്ങളും ഏതാനും നാട്ടുകാരും ദാദായോടൊപ്പം കൂടി. എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ‘പുറന്നാൾ’. യാത്ര പറഞ്ഞിറങ്ങുമ്പോൾ കോർക്കിട്ടടച്ച ഒരു ചില്ലു കുപ്പി നിറയെ അപ്പോങ്ങും അവർ എനിക്കു നൽകി.

മേഘാലയയുടെ ഒരറ്റത്തായി ഒരു വലിയ കരിങ്കൽ പാറ. അതിനു മുകളിൽ നിന്നാൽ താഴെയായി ബംഗളാദേശ് കാണാം. മുൻപ് ഇവിടെ ഒരു റോപ്പ് വേ ഉണ്ടായിരുന്നു. ബംഗളാദേശിലേക്ക് ചുണ്ണാമ്പ് കല്ലുകൾ കൊണ്ടുപോയിരുന്ന മാർഗ്ഗം.

അത്താഴം ബിരേൻ ഭട്ടാചാര്യയുടെ വീട്ടിൽ. ഹോട്ടെലിൽ എത്തുമ്പോൾ വളരെ വൈകിയിരുന്നു. പെട്ടെന്ന് ഉറക്കം പിടിച്ചു. വെളുപ്പിന് മൂന്നു മണിയായിട്ടുണ്ടാവും. ഒരു സ്ഫോടനശബ്ദത്തോടെ ഞാൻ ഞെട്ടിയുണർന്നു. ഇരുട്ടിൽ ഒന്നും കാണാൻ പറ്റുന്നില്ല. ജനാലയിലൂടെ വരുന്ന അരണ്ട വെളിച്ചത്തിൽ സ്വിച്ച് തപ്പിപ്പിടിച്ച് ഓൺ ചെയ്തു. മുറിയിൽ ഒന്നും സംഭവിച്ചതായി കാണുന്നില്ല. സ്ഫോടനം നടന്നത് പുറത്തായിരിക്കുമോ?

ആരോ ശക്തിയായി കതകിൽ മുട്ടുന്നു. വാതിൽ തുറന്നപ്പോൾ എന്റെ അസിസ്റ്റന്റ് മൊഹിന്ദർ.
‘എന്തു പറ്റി?’
‘അറിയില്ല. എന്തോ ഒരു സ്ഫോടനശബ്ദം കേട്ടു’.
‘അതേ. ഈ മുറിയിൽ നിനാണു കേട്ടത്’, അടുത്ത മുറിയിൽ നിന്നിറങ്ങിവന്ന അശ്വിനും അത് ശരിവച്ചു.

മുറിയിൽ മദ്യത്തിന്റെ ഗന്ധം ശക്തമായി പടരുന്നുണ്ട്. മുറിയിൽ പരതി നടന്ന മൊഹിന്ദർ ‘ബോംബി’ന്റെ ഉറവിടം കണ്ടെത്തി. തലേന്ന് മിഷിങ് ഗ്രാമത്തിൽ നിന്ന് കൊണ്ടുവന്ന അപ്പോങ് കുപ്പി. മദ്യം  അതിലിരുന്ന് ഫെർമെന്റ് ചെയ്ത് അടപ്പ് തെറിച്ച ശബ്ദമാണു കേട്ടത്. എപ്പോഴും സ്ഫോടനം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾക്ക് അത് ഒരു ബോംബ് സ്ഫോടനമായി തോന്നിയെന്നേയുള്ളൂ.

  • ഫെബ്രുവരി 13 വെള്ളി.

ഇന്ന് ബന്ദാണ്. AASU ആഹ്വാനം ചെയ്തത്. ഹോട്ടെലിൽ തന്നെ കുത്തിയിരുന്നു.

ആസ്സാമിലെ അവസ്ഥ മോശമായിക്കൊണ്ടേയിരിക്കുന്നു. ഒരു മന്ത്രിക്കു നേരേ കൊലപാതകശ്രമം. പരിക്കുകളോടെ രക്ഷപ്പെട്ടു. ഉത്തര ആസ്സാമിൽ ഒരു CPI (ML) സ്ഥാനാർഥി കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 19 പേർ ത്രിപുരയിൽ മാത്രം കൊല്ലപ്പെട്ടുവെന്ന് ടി.വി വാർത്ത. ഉത്തര പൂർവ സംസ്ഥാനങ്ങളെല്ലാം ദൽഹിയിൽനിന്ന് കൂടുതൽ സൈന്യത്തെ ആവശ്യപ്പെടുന്നു.

അപോങ് എന്ന മദ്യം ഉണ്ടാക്കുന്ന രീതി. ചോറും കുറെയേറെ ഔഷധസസ്യങ്ങളും ചേർത്ത് ദിവസങ്ങൾ കൊണ്ട് ഫെർമെന്റ് ചെയ്ത് തയ്യാറാക്കുന്നതാണ് അപ്പോങ്.
അപോങ് എന്ന മദ്യം ഉണ്ടാക്കുന്ന രീതി. ചോറും കുറെയേറെ ഔഷധസസ്യങ്ങളും ചേർത്ത് ദിവസങ്ങൾ കൊണ്ട് ഫെർമെന്റ് ചെയ്ത് തയ്യാറാക്കുന്നതാണ് അപ്പോങ്.
  • ഫെബ്രുവരി 16 തിങ്കൾ.

ഇന്ന് തിരഞ്ഞെടുപ്പ്. ഹോട്ടെലിൽ ഇരുന്നാൽ മതി, പുറത്തിറങ്ങേണ്ട എന്ന് എല്ലാവരും ഉപദേശിച്ചു. ഇരുന്നു മടുത്ത്, വൈകുന്നേരമായപ്പോൾ, സ്റ്റിൽ ക്യാമെറയുമെടുത്ത് ഞാൻ പുറത്തിറങ്ങി. വിജനമായ തെരുവുകളുടെ കുറെ ചിത്രങ്ങൾ. പ്രധാന കവലകൾ നിറയെ പട്ടാളം.

വൈകുന്നേരം ഹോട്ടെലിൽ ദൂരദർശൻ വാർത്ത. ആസ്സാമിലും മണിപ്പുരിലും കൂടുതൽ കൊലപാതകങ്ങൾ. അതോടൊപ്പം കോയമ്പത്തൂരിൽ ഒരു ബോംബ് സ്ഫോടനത്തിന്റെ വാർത്തയും.

17,18,19 ദിവസങ്ങളെപ്പറ്റി ഡയറിയിൽ കുറിപ്പുകളൊന്നുമില്ല. എഴുതാൻ മറന്നിട്ടോ അതോ പ്രതേകമായി ഒന്നും സംഭവിക്കാഞ്ഞിട്ടോ? ഓർമ്മയില്ല.

  • ഫെബ്രുവരി 20 വെള്ളി.
    ഷില്ലോങ്, മേഘാലയ.

തേസ്പുരിൽനിന്ന് ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് ഇന്നലെ രാത്രി ഇവിടെയെത്തി. ജോറബാട്ടിൽ ആസ്സാം ബോർഡർ കടന്നാൽ പിന്നെ പട്ടാളമില്ല, ചെക്ക്പോസ്റ്റില്ല, ടെൻഷനില്ല. സുന്ദരമായ ഭൂപ്രദേശം. ഒരു വലിയ ഊട്ടി പോലെ. നിറയെ പൈൻ മരങ്ങൾ. വഴിയോരത്തെ വലിയ പരസ്യപ്പലകകളിൽ എയ്ഡ്സിനെതിരെയും വിദ്യാഭ്യാസത്തിനുവേണ്ടിയുമുള്ള പ്രചാരണങ്ങൾ. ഒരു തുറന്ന സമൂഹത്തിന്റെ ലക്ഷണങ്ങൾ.

ഞങ്ങൾ ഒരു മാർക്കെറ്റിൽ ഷൂട്ട് ചെയ്തു. സ്ത്രീകളെക്കൊണ്ട് നിറഞ്ഞ സ്ഥലം. മുറുക്കാൻ കട മുതൽ ഇറച്ചിക്കട വരെ നടത്തുന്നത് സ്ത്രീകൾ. ഇത് ഒരു മാട്രിലീനിയൽ സമൂഹമാണ്. സ്ത്രീകൾക്ക് വളരെ പ്രാധാന്യമുള്ള സ്ഥലം. ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിയുടെ സർനെയിം അമ്മയുടെ ഗോത്രത്തിൽ നിന്നാണു വരുന്നത്. സ്വത്ത് സ്ത്രീകളുടെ പേരിലാണ് പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്നത്.

ഷൂട്ടിങ് തുടരുന്നു. ഫോക്കസ് ഇല്ലാതെ, ഘടനയോ ഐഡിയയോ ഇല്ലാതെ, ഒരു ടൂറിസം പ്രൊമോ പോലെ. താമസിക്കാൻ തരക്കേടില്ലാത്ത ഒരു ഹോട്ടെൽ. നാട്ടിലേക്കും വീട്ടിലേക്കും വിളിക്കാൻ കുറേ ദിവസം കൂടി ഒരു STD ബൂത്ത് തരമായി കിട്ടി.

  • ഫെബ്രുവരി 25 ബുധൻ

മേഘാലയയുടെ ഒരറ്റത്തായി ഒരു വലിയ കരിങ്കൽ പാറ. അതിനു മുകളിൽ നിന്നാൽ താഴെയായി ബംഗളാദേശ് കാണാം. മുൻപ് ഇവിടെ ഒരു റോപ്പ് വേ ഉണ്ടായിരുന്നു. ബംഗളാദേശിലേക്ക് ചുണ്ണാമ്പ് കല്ലുകൾ കൊണ്ടുപോയിരുന്ന മാർഗ്ഗം. അന്ന് ഇന്ത്യയും ബംഗളാദേശും ഒന്നായിരുന്നു.

ഇരുട്ടിൽ വെള്ളിയും സ്വർണവും തിളങ്ങുന്ന ചുണ്ണാമ്പുഘനികൾ.

  • ഫെബ്രുവരി 26 വ്യാഴം.

ചിറാപുഞ്ചിയിലെത്തി. നല്ല തണുപ്പ്. ചെറിയ ക്ലാസ്സുകളിൽ മറക്കാതെ പഠിച്ച സ്ഥലപ്പേരുകളിൽ ഒന്ന്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം. ദിവസം മുഴുവൻ നഗ്നനേത്രങ്ങൾക്ക് കാണാൻ വയ്യാത്ത രീതിയിൽ നനുത്ത മഴ പെയ്തിറങ്ങുന്ന സ്ഥലം. കാറിന്റെ ചില്ലുകളിലൂടെ വെള്ളം കിനിഞ്ഞിറങ്ങുമ്പോഴാണ് പുറത്ത് മഴ പെയ്യുന്നുണ്ടെന്ന് നമുക്ക് മനസ്സിലാകുന്നത്.

ഗുവാഹതിയിലെ ഒരു ബന്ദു ദിനം.
ഗുവാഹതിയിലെ ഒരു ബന്ദു ദിനം.

280 വർഷം പഴക്കമുള്ള ഒരു വീട്. അതിനു മുൻപിൽ ഏതാണ്ട് എൺപത് വയസ്സ് പ്രായം വരുന്ന ഒരു മുത്തശ്ശി. വീടിനുൾവശം കാണാനുള്ള എല്ലാ അപേക്ഷയും അവർ ഒരു പുഞ്ചിരിയോടെ നിരാകരിച്ചു.

തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇന്ത്യാ റ്റുഡേയുടെ അവിരുക് സെന്നും ഫോട്ടോഗ്രാഫർ ആഷിഷും കുറെ ദൂരം ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്നുണ്ടായിരുന്നു. കോൺഗ്രസ്, ഭരണം നിലനിർത്താനാണ് കൂടുതൽ സാധ്യത എന്നാണ് അവരുടെ അഭിപ്രായം.

അതികഠിനമായ തണുപ്പ്. പലപ്പോഴും നാലു ഡിഗ്രിയിൽ താഴെ. 

▮

ഡയറിയിലെ കുറിപ്പുകൾ ഇവിടെ അവസാനിക്കുന്നു. ഇതിനുശേഷം ഒന്നും എഴുതാഞ്ഞതെന്തെന്ന് എനിക്കോർമ്മയില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ഷെഡ്യൂൾ അവസാനിച്ചിരുന്നു.

തിരിച്ചുപോരുന്നതിനു രണ്ടുദിവസം മുൻപ്, കൽപനയുടെ പ്രൊഡക്ഷൻ മാനേജർ മുന്ന എന്റെ മുറിയിലെത്തി. പ്രോജെക്റ്റ്, ഭുപേൻ ദായുടെ പേരിലാണെങ്കിലും പ്രൊഡക്ഷന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് കല്പനയാണ്. ഒരു പുതിയ കോൺട്രാക്റ്റ് രേഖയുമായാണ് അയാൾ വന്നത്. അതുവരെ ഈ പ്രോജെക്റ്റിനു വേണ്ടി ഞാനുമായി കരാറുകളൊന്നും എഴുതപ്പെട്ടിരുന്നില്ല. മൊത്തം 13 എപിസോഡുകൾക്കാണ് ദൂരദർശനുമായി അവർക്ക് കരാറുണ്ടായിരുന്നത്. അതിനാൽ മൂന്ന് ഷെഡ്യൂളുകളിൽ, ഏഴു സംസ്ഥാനങ്ങളിലായി, ഈ 13 എപിസോഡുകൾ ഷൂട്ട് ചെയ്യാമെന്നും, എനിക്ക് എപിസോഡ് അടിസ്ഥാനത്തിൽ പ്രതിഫലം തരാമെന്നായിരുന്നു വാക്കാലുള്ള കരാർ.

ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടുനിന്ന യാത്ര. അതുവരെ പരിചയപ്പെട്ടിട്ടുള്ളതിൽനിന്ന് വളരെ വ്യത്യസ്തമായ കുറെ ഭൂപ്രദേശങ്ങളേയും മനുഷ്യരേയും സംസ്കാരത്തേയും പരിചയപ്പെടാൻ കിട്ടിയ ഒരവസരം.

മുന്ന കൊണ്ടുവന്ന പുതിയ കരാറിൽ അത് ദിവസപ്രകാരമായി മാറ്റിയിരുന്നു. ഇതു എന്നെ തെല്ലൊന്നമ്പരപ്പെടുത്തി. അടുത്ത രണ്ട് ഷെഡ്യൂളുകൾ കൂടി കഴിയുമ്പോൾ ഈ കരാർ പ്രകാരം അവർ എനിക്കു കൂടുതൽ തുക തരേണ്ടി വരും. സാധാരണ പ്രൊഡക്ഷനുകൾ കഴിവതും കുറച്ചു തുക തരാനാണ് ശ്രമിക്കാറ്. ഇവരെന്താണിങ്ങനെ?. എന്റെ ഈ ചോദ്യത്തിനു മുന്നക്ക് മറുപടി ഒന്നുമുണ്ടായിരുന്നില്ല. ഒരു ചെറിയ ചിരിയോടെ അയാൾ പടിയിറങ്ങി​പ്പോയി.

അശ്വിനും ഇതേ കരാറിൽ ഒപ്പിട്ടിരുന്നു.
ഞാൻ അശ്വിനോടു പറഞ്ഞു, ‘അടുത്ത ഷെഡ്യൂൾ ഉണ്ടെന്ന് തോന്നുന്നില്ല’.

അവനു വിശ്വാസമായില്ല: ‘ഹേയ്. അത് ഞാൻ ചോദിച്ചിരുന്നു. അടുത്ത മാസം അവസാനത്തോടെ ഉണ്ടെന്നാണ് മുന്ന പറഞ്ഞത്. നമ്മൾ രണ്ട് സംസ്ഥാനങ്ങളല്ലേ ചെയ്തുള്ളൂ. ബാക്കി അഞ്ചു സംസ്ഥാനങ്ങൾ കൂടിയുണ്ടല്ലോ. അതു മാത്രമല്ല, നമ്മളെ മുഴുവൻ പ്രോജെക്റ്റിനു വേണ്ടിയല്ലേ ബ്ലോക്ക് ചെയ്തിരിക്കുന്നത്?’

എനിക്ക് മറുപടിയുണ്ടായിരുന്നില്ല. ഫിലിം പ്രൊഡക്ഷനുകളുടെ ബാലപാഠങ്ങൾ ഞാൻ പഠിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളു.

ഇന്ത്യ അതിർത്തിയിൽ.
ഇന്ത്യ അതിർത്തിയിൽ.

ഞങ്ങൾ ഗോഹട്ടിയിലേക്കും അവിടെ നിന്ന് ബോംബെയിലേക്കും തിരിച്ചുപോന്നു. ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടുനിന്ന യാത്ര. അതുവരെ പരിചയപ്പെട്ടിട്ടുള്ളതിൽനിന്ന് വളരെ വ്യത്യസ്തമായ കുറെ ഭൂപ്രദേശങ്ങളേയും മനുഷ്യരേയും സംസ്കാരത്തേയും പരിചയപ്പെടാൻ കിട്ടിയ ഒരവസരം. ഒപ്പം, ഭീതിയും അനിശ്ചിതാവസ്ഥയും നിറഞ്ഞുനിന്ന കുറേ ദിവസങ്ങൾ. ഈ സമ്മിശ്ര വികാരങ്ങൾക്കെല്ലാം ഉപരിയായിനിന്നത് വീട്ടിലെത്തി മീനയെയും മോളെയും കാണാമല്ലോയെന്ന സന്തോഷമായിരുന്നു.

പ്രതീക്ഷിച്ചപോലെ മൂന്നാഴ്ച കഴിഞ്ഞപ്പോൾ മുന്നയുടെ ഫോണെത്തി: ഷൂട്ടിങ്ങ് മാറ്റി വച്ചിരിക്കുന്നു. പുതിയ ഡേറ്റ് പിന്നാലെ അറിയിക്കാം.

‘കൂടുതൽ താമസിക്കരുത്, ഉടനെയില്ലെങ്കിൽ എനിക്ക് വേറെ ജോലി അന്വേഷിക്കേണ്ടതാണ്’ എന്നു ഞാൻ പറഞ്ഞങ്കിലും അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

എന്റെ മനസ്സിലെ സംശയം കൂടുതൽ കനപ്പെട്ടു. മറ്റൊരു വർക്ക് അന്വേഷിക്കണമോ വേണ്ടയോ എന്ന സന്ദേഹത്തിൽ ഓരോ ദിവസവും പുലർന്നു. എന്റെ ഈ സംശയങ്ങൾക്കെല്ലാം അറുതിവരുത്തിക്കൊണ്ട് രണ്ടാഴ്ചക്കുശേഷം മുന്നയുടെ അടുത്ത ഫോണെത്തി. ഷൂട്ടിങ്ങ് ക്യാൻസെൽ ചെയ്തിരിക്കുന്നു. ഇനി ഷൂട്ടിങ്ങില്ല. അവർ ബ്ലോക്ക് ചെയ്തിരുന്ന എന്റെ ഡേറ്റുകൾ റിലീസ് ചെയ്തിരിക്കുന്നു. ബാക്കി തരാനുണ്ടായിരുന്ന തുക ഞാൻ ഓഫീസിലെത്തി വാങ്ങി.

പിന്നീട് ഞാനറിഞ്ഞു, ഞങ്ങൾ രണ്ടുമാസം കൊണ്ട് ഷൂട്ട് ചെയ്ത ഫുട്ടേജ് ഉപയോഗിച്ച് അവർ 13 എപിസോഡുകൾ ഉണ്ടാക്കാൻ പോകുന്നു. എപിസോഡ് അനുസരിച്ച് എനിക്ക് പ്രതിഫലം തന്നിരുന്നുവെങ്കിൽ അത് ഇപ്പോൾ തരുന്നതിൽ കൂടുതലാകുമായിരുന്നു. കരാർവ്യവസ്ഥകൾ മാറ്റിയതിനെക്കുറിച്ച് എന്റെ അഭ്യൂഹം ശരിയായിരുന്നു.

ഉത്തര പൂർവ പ്രദേശങ്ങളിലെ ഏഴ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര എന്ന സ്വപ്നം സഫലമായില്ലെങ്കിലും രണ്ട് സംസ്ഥാനങ്ങളെങ്കിലും കാണാൻ പറ്റിയല്ലോ എന്നാശ്വസിച്ചു. ഞാൻ പുതിയ വർക്കുകൾ അന്വേഷിച്ചുതുടങ്ങി.

പക്ഷേ കഥ ഇവിടെ അവസാനിക്കുന്നില്ല. ഏതാനും മാസങ്ങൾക്കുശേഷം ഞാൻ  തിരിച്ച് ഗുവഹട്ടിയിലെത്തി, തീരെ അപ്രതീക്ഷിതമായി.

(യാത്ര അവസാനിക്കുന്നില്ല). 


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India - Part 10


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments