ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു,
ഈ ദേശം…

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം 12.

▮

  • 1998 ആഗസ്റ്റ് 13, വ്യാഴം.

ആ ചിത്രത്തിൽ നിന്ന് കണ്ണെടുക്കാനാവാതെ ഞങ്ങളിരുന്നു. ഭീമാകാരന്മാരായ പെട്രോൾ സ്റ്റോറേജ് ടാങ്കുകൾ നിന്നു കത്തുന്ന കാഴ്ചയായിരുന്നു അത്. ആകാശത്തിലേക്കുയരുന്ന അഗ്നിജ്വാലകളുടെ കയ്യിൽ പെടാതെ രക്ഷപ്പെടുന്ന കറുത്ത പുകയുടെ മേഘപടലങ്ങൾ. റാഹ എന്ന ഗ്രാമത്തിനടുത്തായിരുന്നു ഈ സ്ഫോടനം. ആ വഴിയിലൂടെ മുൻപ് സഞ്ചരിച്ചിട്ടുള്ള ഞങ്ങൾക്ക് ആ ഭീമൻ ടാങ്കുകൾ പരിചിതമായിരുന്നു. മുൻപത്തെ യാത്രയിൽ ആ ടാങ്കുകളുടെ സമീപത്തെ കരിക്ക് കച്ചവടക്കാരിൽനിന്ന് കരിക്ക് വാങ്ങി കുടിക്കുന്നത് എനിക്കോർമ്മയുണ്ട്.

ഇന്നലെ വെളുപ്പിന് ULFA- യുടെ ബോംബാക്രമണത്തിലാണ് ടാങ്കുകൾക്ക് തീ പിടിച്ചതെന്ന് പറയപ്പെടുന്നു. ഞങ്ങൾ താമസിച്ചിരുന്ന മുറിയിൽ ടി.വി ഇല്ലാതിരുന്നതിനാൽ ഈ വിവരങ്ങളൊന്നും അറിഞ്ഞില്ല. 15,000 കിലോ ലിറ്റർ പെട്രോളും അനുബന്ധ ഉല്പന്നങ്ങളും ശേഖരിച്ചിരുന്ന ഏഴു ടാങ്കുകളിൽ ആറെണ്ണത്തിന് തീ പിടിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്കും ബാരാക് വാലിയിലേക്കും പെട്രോൾ പോകുന്നത് ഇവിടെനിന്നാണ്. സ്വാതന്ത്ര്യദിനത്തിനു മുൻപായി ULFA ഇത്തരം സ്ഥലങ്ങളെ ആക്രമിച്ചേക്കാമെന്ന് സൂചനയുണ്ടായിരുന്നു എന്ന് വാർത്ത.

ദൂരെ ആകാശത്ത് പുകയുടെ മേഘപടലങ്ങൾ. അടുത്ത് ചെല്ലുംതോറും ആകാശത്തേക്ക് ഭ്രാന്തമായി ഉയരുന്ന തീഗോളങ്ങളും ശക്തമായ ചൂടിൽ വിജ്രംഭിച്ചു നിൽക്കുന്ന ടാങ്കുകളും…

രണ്ട് റൗണ്ട് ചായക്കും ഒരു മണിക്കൂറിനും ശേഷം ഞങ്ങൾ മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ചിന്നം പിന്നം പെയ്യുന്ന മഴക്കിടയിലൂടെ, ഒരു മണിക്കൂറോളം ഓടിക്കഴിഞ്ഞപ്പോൾ റോഡരികിൽ ട്രക്കുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒന്നും രണ്ടുമല്ല, നൂറു കണക്കിനു ട്രക്കുകൾ. സമീപപ്രദേശത്തൊന്നും ആരേയും കണാനില്ല. ഒരു വളവ് തിരിഞ്ഞപ്പോൾ ദൂരെയായി ആകാശത്ത് പുകയുടെ മേഘപടലങ്ങൾ കണ്ടു തുടങ്ങി. അടുത്ത് ചെല്ലുംതോറും ആകാശത്തേക്ക് ഭ്രാന്തമായി ഉയരുന്ന തീഗോളങ്ങളും ശക്തമായ ചൂടിൽ വിജ്രംഭിച്ചു നിൽക്കുന്ന ടാങ്കുകളും കണ്ടുതുടങ്ങി. ഇടത് വശത്തായി ട്രക്കുകളുടെ നിര അവസാനിച്ചിരുന്നു. എപ്പോൾ വേണമെങ്കിലും പൊട്ടാറായി നിൽക്കുന്ന ടാങ്കുകളുടെ സമീപത്തേക്ക് അതിൽ കൂടുതൽ അടുക്കാൻ ആരും ധൈര്യപ്പെട്ടില്ല. ആയിരക്കണക്കിനു ലിറ്റർ പെട്രോൾ കത്താൻ തുടങ്ങിയിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു.

ആ ദൂരത്തിൽ വണ്ടി നിർത്തി നിറഞ്ഞ ഭയത്തോടെ ആ ദൃശ്യം വീക്ഷിച്ച് കുറേ സമയം ഞങ്ങളിരുന്നു. മുന്നോട്ടുള്ള പാത ടാങ്കുകളുടെ അടുത്തുകൂടിയാണ്. പോകുന്നത്. റോഡിൽ കുറച്ചു ദൂരെയായി, ഒരു മുള കുറുകെ വച്ച് മുന്നോട്ടുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെയിരുന്നാൽ പറ്റില്ലല്ലോ. മുൻപിലെ മുള എടുത്തുമാറ്റി ഞങ്ങൾ വാഹനങ്ങൾ മുൻപോട്ടെടുത്തു. വാഹനത്തിന്റെ സൈഡിലെ ചില്ലുകൾ അടച്ചിരുന്നു. പോകുംതോറും വാഹനത്തിൽ ചൂട് കൂടിത്തുടങ്ങി. സ്റ്റിൽ ക്യാമറയിൽ ഞാൻ ചിത്രങ്ങളെടുത്തു തുടങ്ങിയിരുന്നു. അടുത്തെത്തിയപ്പോൾ കുറച്ചുകൂടി വ്യക്തമായ ചിത്രത്തിനുവേണ്ടി ഞാൻ സൈഡിലെ ചില്ല് താഴ്ത്താനൊരുങ്ങി. തുറന്ന ചില്ലിലെ ചെറിയ വിടവിലൂടെ അകത്തേക്ക് പ്രവഹിച്ച അഗ്നിസ്പർശം എന്റെ കൈകളേയും മുഖത്തേയും പൊള്ളിച്ചതായി തോന്നി. കൈയിൽ നിന്ന് ക്യാമറ വഴുതിവീണു. വെപ്രാളത്തിൽ ചില്ലടച്ച് ഞാൻ നിലവിളിച്ചു; “Go… Faaaast…”

സ്ഫോടനത്തിൽ കത്തുന്ന ടാങ്കർ.
സ്ഫോടനത്തിൽ കത്തുന്ന ടാങ്കർ.

ഞങ്ങൾ കടന്നുപോകും മുൻപേ ആ ടാങ്കുകൾ പൊട്ടിത്തെറിക്കുമെന്നോ അല്ലെങ്കിൽ ആ ചൂടിൽ വാഹനങ്ങളും ഞങ്ങളും ഉരുകിപ്പോകുമെന്നോ ശരിക്കും പേടിച്ചു. രണ്ടോ മൂന്നോ കിലോമീറ്ററുകൾ കഴിഞ്ഞാണ് വണ്ടി നിർത്തിയത്. പിന്നിൽ ദൂരത്തായി വിജനമായ പാതയോരത്ത്, തീയും പുകയും വമിപ്പിച്ച് ആ ഭസ്മാസുരൻ നിൽക്കുന്നത് കാണാമായിരുന്നു. മുഖത്തും കൈകളിലും വെള്ളമൊഴിച്ച് തണുപ്പിക്കാൻ ശ്രമിച്ച്, ‘എന്ത് വിഡ്ഢിത്തമാണ് ഞങ്ങൾ കാണിച്ചത്’ എന്ന തിരിച്ചറിവിൽ, സൂര്യനില്ലാത്ത ആകാശത്തെ പുകമേഘങ്ങളെ നോക്കി, മഴനൂലുകൾക്കിടയിൽ, ആ റോഡരുകിൽ ഞാൻ കുത്തിയിരുന്നു.

▮

1998 മുതൽ 2003 വരെയുള്ള അഞ്ച് വർഷത്തിനിടെ അസമിൽ ഏകദേശം 34 ബോംബ് സ്ഫോടനങ്ങൾ നടന്നതായി വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. ഇവയിൽ 14 സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ULFA ഏറ്റെടുത്തിരുന്നു. ഈ 14 സ്ഫോടനങ്ങളിലായി ഏകദേശം 35 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1998 മുതൽ 2003 വരെയുള്ള അഞ്ച് വർഷത്തിനിടെ അസമിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, പതിറ്റാണ്ടുകളായി ഇന്ത്യയുടെ സുരക്ഷാ- രഹസ്യാന്വേഷണ ഏജൻസികൾ ഉയർത്തിക്കാട്ടുന്ന ഒരു പ്രധാന ആരോപണം, ULFA-യുടെ സൈനിക വിഭാഗത്തിന്റെ മുഖ്യ നേതാവായ പൊരേഷ് ബറുവയ്ക്ക് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ISI- യുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ്. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമായി ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു:

1990-കളിലും 2000-കളുടെ തുടക്കത്തിലും, ULFA ബംഗ്ലാദേശിൽ, പ്രത്യേകിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും, ശക്തമായ താവളങ്ങൾ സ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ഈ കാലയളവിൽ വടക്കു- കിഴക്കൻ ഇന്ത്യയിലെ സായുധ വിമതസംഘങ്ങളെ പിന്തുണയ്ക്കുന്നതിനായി ISI, ബംഗ്ലാദേശ് ഭൂപ്രദേശം ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്നു.

ULFA പ്രവർത്തകർക്ക് പരിശീലനം, ആയുധങ്ങൾ, വ്യാജ പാസ്‌പോർട്ടുകൾ, സുരക്ഷിത താവളങ്ങൾ എന്നിവ ISI-യുമായി ബന്ധമുള്ള ശൃംഖലകളിലൂടെ ലഭിച്ചിരുന്നുവെന്ന ആരോപണവുമുണ്ട്. പൊരേഷ് ബറുവയ്ക്ക് വ്യാജ തിരിച്ചറിയൽ രേഖകളും യാത്രാസൗകര്യങ്ങളും ഒരുക്കിയതായും പറയപ്പെടുന്നു.

ULFA കമാൻഡർ ഇൻ ചീഫ് പൊരേഷ് ബറുവ.
ULFA കമാൻഡർ ഇൻ ചീഫ് പൊരേഷ് ബറുവ.

സമാധാന ചർച്ചകളിൽ പങ്കുചേർന്ന ചില മുൻ ULFA നേതാക്കൾ, പിന്നീട്, ISI-യുമായുള്ള ബന്ധങ്ങളെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ചില മുൻ ULFA കമാൻഡർമാർ നൽകിയ മൊഴികളിൽ, സംഘടനയിലെ ചില പ്രവർത്തകർക്ക് പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ പരിശീലനം ലഭിച്ചിരുന്നതായി പരാമർശമുണ്ട്.

ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം 2004-ലെ ചിറ്റഗോംഗ് ആയുധക്കേസാണ്. പത്ത് ട്രക്കുകളിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന വൻ ആയുധശേഖരം പിടിച്ചെടുത്ത ഈ കേസിൽ, ആയുധങ്ങൾ ULFA-യ്ക്കായിരുന്നുവെന്നും അതിൽ ISI-യ്ക്ക് പങ്കുണ്ടെന്നുമാണ് ബംഗ്ലാദേശ് അന്വേഷണ ഏജൻസികൾ ആരോപിച്ചത്. ഈ ശൃംഖലയിലെ പ്രധാന വ്യക്തികളിൽ ഒരാളായി പൊരേഷ് ബറുവയെയും അന്വേഷണത്തിൽ ചൂണ്ടിക്കാട്ടി.

2009-നുശേഷം, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വടക്കു- കിഴക്കൻ ഇന്ത്യൻ വിമതസംഘങ്ങൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതോടെ, പൊരേഷ് ബറുവ ആദ്യം മ്യാൻമർ അതിർത്തി പ്രദേശങ്ങളിലേക്കും, പിന്നീട് ചൈനയിലെ യുന്നാൻ മേഖലയിലേക്കും മാറിയതായി ഇന്ത്യൻ റിപ്പോർട്ടുകൾ പറയുന്നു.

സായുദ്ധ കലാപക്കാരുടെ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ മറന്നുപോകുന്ന ഒരു കാര്യം, കലാപങ്ങൾ എന്തു കൊണ്ടുണ്ടാകുന്നു എന്നതാണ്.

എന്നാൽ, ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:

ഈ ആരോപണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ, ചോദ്യം ചെയ്യലുകളിൽ ലഭിച്ച വിവരങ്ങൾ, കോടതിരേഖകൾ, മുൻ ULFA നേതാക്കളുടെ മൊഴികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയാണ്. പാകിസ്താൻ സർക്കാർ ഇത്തരം ആരോപണങ്ങൾ സ്ഥിരമായി നിഷേധിച്ചുവരുന്നു.

പിന്നീട് ULFA രണ്ടായി വിഭജിക്കപ്പെട്ടു. അരബിന്ദ രാജ്ഖോവ നയിച്ച വിഭാഗം സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ, പൊരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ULFA (Independent), സായുധസമരം തുടരുകയായിരുന്നു.

സായുദ്ധ കലാപക്കാരുടെ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ നാം മറന്നുപോകുന്ന ഒരു കാര്യം, ഈ കലാപങ്ങൾ എന്തു കൊണ്ടുണ്ടാകുന്നു എന്നതാണ്. അതിനുള്ള പരിഹാരങ്ങളെക്കുറിച്ച് നാം അന്വേഷിക്കുന്നതേയില്ല.

ഇന്ത്യൻ പ്രശ്നങ്ങളെ, പാക്കിസ്ഥാൻ ബന്ധങ്ങളുടെ മറവിൽ നിർത്തി രക്ഷപ്പെടുന്നത് എല്ലാ സർക്കാരുകളും അവലംബിച്ച ഒരു രീതിയാണ്. അതിനുള്ള കടലാസുതെളിവുകൾ അവർ നിരത്തുകയും ചെയ്യും. പക്ഷേ പ്രശ്നങ്ങൾ അതേ പടി അവശേഷിക്കുന്നു. പതിറ്റാണ്ടുകളായിട്ടും ഉത്തര പൂർവ ദേശത്തെ വംശീയ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്താൻ ഭരണവർഗ്ഗങ്ങൾക്ക് കഴിയുന്നില്ല.

അസമിലെ തദ്ദേശീയ ഗോത്രവിഭാഗങ്ങളിലൊന്നായ കാർബി വിഭാഗത്തിലെപെട്ട ഒരാൾ.
അസമിലെ തദ്ദേശീയ ഗോത്രവിഭാഗങ്ങളിലൊന്നായ കാർബി വിഭാഗത്തിലെപെട്ട ഒരാൾ.

ഉദാഹരണത്തിന്, കാർബി സമൂഹത്തിലെ അനേകം ആനിമിസ്റ്റ് വിശ്വാസികൾ (പ്രകൃതിയെയും ആത്മാക്കളെയും ആരാധിക്കുന്നവർ) ചരിത്രപരമായി ഔദ്യോഗിക കണക്കുകളിൽ ഹിന്ദുക്കളായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവരുടെ വിശ്വാസത്തെ പ്രത്യേക മതമായി ജനസംഖ്യാ സെൻസസിൽ പ്രത്യേകം ഉൾപ്പെടുത്തിയിരുന്നില്ല. ഇതുമൂലം യാഥാർത്ഥ്യം പ്രതിഫലിപ്പിക്കാത്ത സ്ഥിതിവിവരക്കണക്കാണ് രൂപപ്പെട്ടത്. കാർബികളുടെ പരമ്പരാഗത വിശ്വാസം ഇതിന്റെ ഫലമായി നിയമപരമായും സാംസ്കാരികമായും അപകടാവസ്ഥയിലായി.

ഇങ്ങനെയുള്ള തെറ്റുകൾ മുതലെടുക്കാനാണ് പിന്നീടുവന്ന രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. വംശീയ പ്രശ്നങ്ങൾ അതേപടി തുടർന്നു. രാഷ്ട്രീയ മുതലെടുപ്പു മാത്രം ബാക്കിയായി. ഉത്തര പൂർവ പ്രദേശങ്ങളീലെ വനവിഭവങ്ങളുടെ ചൂഷണത്തിനു കോർപറേറ്റുകൾക്ക് അത് സഹയകമായി. ഭരണ വർഗ്ഗത്തിനോടുള്ള ഈ എതിർപ്പ് ആസ്സാമിൽ ഇന്ന് വളരെ പ്രകടമാണ്. മണിപ്പുർ രണ്ടു വർഷമായി കത്തിക്കൊണ്ടേയിരിക്കുന്നു. ഇതു നമ്മുടെ പ്രശ്നമല്ല എന്ന മട്ടിൽ ദില്ലി ഭരണകൂടം മുഖം തിരിച്ചിരിക്കുന്നു.

1998- ൽ റോഡരുകിൽ കത്തിക്കൊണ്ടിരുന്ന ആ പെട്രോൾ ടാങ്കുകൾ ഇപ്പോഴും പുക വമിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് കണ്ടില്ലെന്ന് നടിക്കുന്ന ഒരു സമൂഹം അതിനുചുറ്റും വളർന്നു വന്നിരിക്കുന്നു.

(യാത്ര അവസാനിക്കുന്നില്ല).


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India Part 12


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments