ആസ്സാം- അരുണാചൽ അതിർത്തിയിലെ ബന്ദർദേവ ചെക്ക്പോസ്റ്റ്

നിൽക്കൂ,
മുന്നോട്ടുപോകരുത്…

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം 13.

▮

  • 1998, ഓഗസ്റ്റ് 13, വ്യാഴം.

ആസ്സാം- അരുണാചൽ ബോർഡറിലെ ബന്ദർദേവ ചെക്ക്പോസ്റ്റിലെത്തിയപ്പോൾ രാത്രി ഏഴര. ഇന്നർലൈൻ പെർമിറ്റ് പരിശോധിക്കുമ്പോൾ ഉദ്യോഗസ്ഥൻ പറഞ്ഞു, ഇത്താനഗറിലേക്കുള്ള വഴി ബ്ലോക്കാണ്.

ഒരു മണിക്കൂർ യാത്രയിൽ ഹോട്ടൽ പോയിട്ട് ഒരു ചായക്കട പോലും കണ്ടില്ല. രാത്രി വൈകിയതിനാലും മറ്റു മാർഗങ്ങളില്ലാത്തതിനാലും യാത്ര തുടരാൻ തീരുമാനിച്ചു.

ഏതാണ്ട് പത്ത് കിലോമീറ്റർ പോയിക്കാണും. അപ്രോച്ച് റോഡില്ലാത്ത, പണി തീരാത്ത ഒരു പാലത്തിന്റെ തുടക്കത്തിൽ റോഡ് നിന്നു. അവിടെ വാഹനങ്ങൾ നിർത്തി ഞങ്ങൾ പകച്ചുനിന്നു. എങ്ങനെ മുന്നോട്ട് പോകും?

റോഡരികിലൂടെ നദിയിലേക്കിറങ്ങുന്ന ഒരു വഴി കാണാം. സൂക്ഷിച്ചുനോക്കിയപ്പോൾ ആ വഴിയിൽ ടയറിന്റെ അടയാളങ്ങൾ കണ്ടു. വാഹനങ്ങളുമായി ആ വഴിയിലൂടെ ഇറങ്ങി. ഇരുട്ടിൽ കൃത്യമായി ഒന്നും കാണാൻ പറ്റുന്നില്ല. നദിയിലിറങ്ങിയാലേ വാഹനങ്ങൾക്ക് അക്കരെ പറ്റാനാവൂ. ഇരുട്ടിൽ നദിയുടെ ആഴത്തെക്കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല. കൂട്ടത്തിൽ നീന്തലറിയാവുന്നത് എനിക്കുമാത്രം. നദിയിലിറങ്ങി ആഴം പരിശോധിക്കാനുള്ള നറുക്ക് വീണതും എനിക്ക്. ട്രൗസർ ഊരി വണ്ടിയിൽവച്ച് ഞാൻ നദിയിലേക്കിറങ്ങി. മുട്ടിനു മുകളിൽ കൂടുതൽ ആഴമുണ്ടായിരുന്നില്ല.

പെട്ടെന്ന് എന്റെ മനസ്സിൽ ഒരു സംശയം. ആഗസ്റ്റ് 15 ന് രണ്ടു ദിവസമേ ഉള്ളൂ. ഇത്താനഗറിലേക്ക് ഈ ഒരു വഴി മാത്രമാണുള്ളത്. ഈ ദിവസങ്ങളിൽ ഈ വഴിയിലൂടെ വി.ഐ.പി യാത്രകൾ ഉണ്ടാകാൻ സാദ്ധ്യത വളരെ കൂടുതലാണ്. ആ വെളുത്ത വാനിൽ സ്ഫോടകവസ്തുക്കളാണെങ്കിലോ?

രണ്ടു വണ്ടികളും നദി കടത്തി യാത്ര തുടർന്നു. വീണ്ടും പത്ത് കിലോമീറ്റർ കൂടി പോയിക്കാണും. റോഡരികിൽ ട്രക്കുകളുടെ നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ കാഴ്ച ഞങ്ങളെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു. അവസാനത്തെ ട്രക്കിന് കുറച്ചു മുൻപിലായി ഞങ്ങൾ വാഹനങ്ങൾ നിർത്തി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുൻപിൽ പ്രത്യേകിച്ചൊന്നും കാണാനുണ്ടായിരുന്നില്ല. കുറെ അകലെ ഒരു വെളുത്ത മാരുതി വാൻ റോഡിനു നടുവിൽ നിർത്തിയിട്ടിട്ടുണ്ട്. അതിൽ ആരുമുള്ളതായി തോന്നുന്നില്ല. സമീപത്തെങ്ങും ആരേയും കാണാനില്ല. റോഡിൽ വാനിനു സമീപം അവിടവിടെയായി കല്ലും മണ്ണും ചിതറിക്കിടപ്പുണ്ട്. ആ വാൻ സൈഡിലേക്ക് തള്ളിമാറ്റിയാൽ ഞങ്ങൾക്ക് കടന്നുപോകാം.

“ഞാൻ പോയി നോക്കാം’’, മൊഹിന്ദർ ടോർച്ചെടുത്ത് വാനിനടുത്തേക്ക് നടന്നു.

എന്തുകൊണ്ട് ട്രക്കുകാർ ആരും മാരുതി വാൻ തള്ളിമാറ്റി മുന്നോട്ട് പോകുന്ന കാര്യം ആലോചിച്ചില്ല എന്ന സംശയം മനസ്സിൽ കിടന്ന് കറങ്ങി. മൊഹിന്ദർ വാനിലേക്കുള്ള പകുതി ദൂരം കടന്നുകഴിഞ്ഞു. പെട്ടെന്ന് എന്റെ മനസ്സിൽ ഒരു സംശയം. ആഗസ്റ്റ് 15 ന് രണ്ടു ദിവസമേ ഉള്ളൂ. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇത്താനഗറിലേക്ക് ഈ ഒരു വഴി മാത്രമാണുള്ളത്. ഈ ദിവസങ്ങളിൽ ഈ വഴിയിലൂടെ വി.ഐ.പി യാത്രകൾ ഉണ്ടാകാൻ സാദ്ധ്യത വളരെ കൂടുതലാണ്. ആ വെളുത്ത വാനിൽ സ്ഫോടകവസ്തുക്കളാണെങ്കിലോ?

ഞെട്ടലോടെ ഞാൻ ഉച്ചത്തിൽ മൊഹിന്ദറെ വിളിച്ചു; “രുകോ... ആഗേ മത് ജാനാ’’
(നിൽക്കൂ, മുന്നോട്ടുപോകരുത്).

അവൻ നടത്തം നിർത്തി എന്നെ തിരിഞ്ഞുനോക്കി.

പെട്ടെന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദവും അതോടൊപ്പം എന്തൊക്കെയോ തകർന്നുവീഴുന്ന ശബ്ദവും കേട്ടു. ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്ന മൊഹിന്ദറിന്റെ കാലുകൾക്കിടയിലൂടെ ചെറുതും വലുതുമായ പാറക്കല്ലുകൾ ഉരുണ്ട് പോകുന്നുണ്ടായിരുന്നു. കല്ലുകളിൽ തട്ടി വീഴാതെ ഒരു വിധത്തിൽ അവൻ ഞങ്ങളുടെ അടുത്തെത്തി.

ആസ്സാം- അരുണാചൽ അതിർത്തിയിലെ ബന്ദർദേവ.
ആസ്സാം- അരുണാചൽ അതിർത്തിയിലെ ബന്ദർദേവ.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. ഇരുട്ടിൽ കൂടുതലൊന്നും കാണാനാവുമായിരുന്നില്ല. മലഞ്ചെരിവിലൂടെ വെട്ടിയ ആ പാതയുടെ ഇടതുഭാഗത്ത് ഉയർന്നുനിൽക്കുന്ന വനപ്രദേശവും വലതുഭാഗത്ത് കിഴുക്കാംതൂക്കായ ഇറക്കത്തിനവസാനം ആർത്തലച്ചൊഴുകുന്ന നദിയുമായിരുന്നു.

ഞങ്ങളപ്പോൾ കണ്ടത് മലയിടിച്ചിലിന്റെ അവസാനത്തെ എപ്പിസോഡായിരുന്നു. വെളുത്ത വാനിൽ വന്നവർ ഈ മലയിടിച്ചിലിൽ പെടുകയും, വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയും ചെയ്തിരിക്കാം. വൈകുന്നേരം എപ്പോഴോ നടന്നതായിരിക്കാം ഈ സംഭവം. പിന്നാലെ വന്ന ട്രക്കുകൾ സേഫ് ആയ ദൂരത്ത് നിർത്തി. മുൻപോട്ട് പോകുന്നത് അപകടകരമാണെന്ന് അവിടുത്തെ ഭൂപ്രകൃതി പരിചയമുള്ളവർക്കറിയാം.

ഞങ്ങൾ വീണ്ടും നദി മുറിച്ചുകടന്ന് തിരികെ ബോർഡർ ചെക്ക്പോസ്റ്റിലെത്തി. എതിരെവന്ന പട്ടാള വാഹനത്തിലെ ഓഫീസറുമായി സംസാരിച്ചു. മലയിടിച്ചിൽ നിന്നാൽ നാളെ ഉച്ചയോടെ പാത ഗതാഗതയോഗ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതാണ്ട് മുപ്പത് കിലോമീറ്റർ അകലെ നോർത്ത് ലഖിംപൂരിൽ താമസിക്കാനുള്ള സൗകര്യം കിട്ടിയേക്കാം എന്ന് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അങ്ങോട്ട് തിരിച്ചു. 11 മണിയോടെ ഒരു ലോഡ്ജിലെത്തി. കുറെ നിർബ്ബന്ധിച്ചപ്പോൾ, ചോറും പരിപ്പു കറിയും ഉണ്ടാക്കി തരാമെന്ന് ഉറക്കച്ചടവോടെ എണീറ്റുവന്ന പയ്യൻ സമ്മതിച്ചു.

സംഭവബഹുലമായ ഒരു ദിവസത്തെക്കുറിച്ചുള്ള സ്മരണകളിൽ ഉറക്കം വരാതെ കമ്പിളിക്കുള്ളിൽ ചുരുണ്ടുകൂടി.

  • 1998 ഓഗസ്റ്റ് 14, തിങ്കൾ.

ഉച്ചക്ക് മുമ്പ് ഞങ്ങൾ മലയിടിച്ചിലിന്റെ ഭാഗത്തെത്തി. ഒരു ആർമി വാഹനവും വഴി നന്നാക്കാനായി ഒരു ജെ.സി.ബിയും സ്ഥലത്തുണ്ടായിരുന്നു. ട്രക്കുകളുടെ നീണ്ട നിര അപ്രത്യക്ഷമായിരുന്നെങ്കിലും ഒരു പത്ത് വാഹനങ്ങൾ ക്യൂവിലുണ്ടായിരുന്നു. ചെറിയ തോതിൽ മലയിടിച്ചിലുമുണ്ട്. കഷ്ടിച്ച് ഒരു വാഹനത്തിനു പോകാനുള്ള വഴിയേ ബാക്കിയുള്ളു.

ഇടക്കിടെ വഴി വൃത്തിയാക്കി ഒരോ സൈഡിൽ നിന്നുമുള്ള വാഹനങ്ങൾ പോകാൻ പട്ടാളം സഹായിക്കുന്നു. അപകടമേഖല കടന്ന് ഞങ്ങൾ വാഹനം നിർത്തി. പാതയുടെ ഒരു വശത്ത് കിഴുക്കാംതൂക്കായ ചരിവിന്റെ താഴെ, കലങ്ങി മറിഞ്ഞ്, കുത്തിയൊലിച്ചൊഴുകുന്ന നദി. നദിയിലേക്കടർന്നുവീണ മൺകൂനയുടെ ഇടയിലൂടെ നാലു ചക്രങ്ങൾ പൊന്തിനിൽക്കുന്നു. അടുത്തുനിന്ന പട്ടാളക്കാരനോട് അതെന്താണെന്നു ചോദിച്ചു. ഇന്നലെ ഉച്ചക്ക് മണ്ണിടിച്ചിലിൽ പെട്ടുപോയ ട്രക്കിന്റെ ചക്രങ്ങളാണ്.
ആർക്കെങ്കിലും അപകടം?, അറിയില്ല.

  • 1998 ഓഗസ്റ്റ് 19, ബുധൻ.

രാവിലത്തെ പത്രത്തിൽ, കൈലാസ മാനസസരോവർ യാത്രക്കിടെ അപ്രത്യക്ഷയായ പ്രശസ്ത നർത്തകി പ്രൊതിമ ബേദിയെക്കുറിച്ചുള്ള വാർത്തയുണ്ടായിരുന്നു. ഹിമാലയത്തിലെ പിത്തോറ ഗർത്തിനടുത്തുണ്ടായ മലയിടിച്ചിലിൽ അവരെ കാണാതായി, ഒപ്പം ഒട്ടേറെ സഹയാത്രികരും.

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ഇത്താനഗർ ഫോർട്ടും മഹായാന ബുദ്ധിസ്റ്റ് മൊണാസ്ട്രിയും ഒക്കെയായി കഴിഞ്ഞു. ഒരു ദിവസം മുഴുവൻ തേസ്പൂരിലേക്കുള്ള യാത്രയായിരുന്നു. അന്നു രാത്രി അവിടെ തങ്ങി പിറ്റേന്ന് ദീമാപുരിലെത്തി. നാഗലാൻഡിലെ ആദ്യ ദിവസം.

 1998 ഓഗസ്റ്റ് 19, ബുധൻ. രാവിലത്തെ പത്രത്തിലാണ് കൈലാസ മാനസസരോവർ യാത്രക്കിടെ അപ്രത്യക്ഷയായ പ്രശസ്ത നർത്തകി പ്രൊതിമ ബേദിയെക്കുറിച്ചുള്ള വാർത്ത വായിച്ചത്.
1998 ഓഗസ്റ്റ് 19, ബുധൻ. രാവിലത്തെ പത്രത്തിലാണ് കൈലാസ മാനസസരോവർ യാത്രക്കിടെ അപ്രത്യക്ഷയായ പ്രശസ്ത നർത്തകി പ്രൊതിമ ബേദിയെക്കുറിച്ചുള്ള വാർത്ത വായിച്ചത്.

മണിക്കൂറുകളോളം താസിക്കാൻ പറ്റിയ ഒരു ഹോട്ടൽ തേടി അലഞ്ഞു. 3 സ്റ്റാർ എന്നവകാശപ്പെടുന്നവ പോലും കീറി തൂങ്ങിയ കർട്ടനുകളും പൊളിഞ്ഞ ഫർണിച്ചറും പൊടിപിടിച്ച റിസപ്ഷനും കൊണ്ട് അലങ്കരിക്കപ്പെട്ടവയാണ്. അവസാനം ഹോട്ടൽ സെന്റ എന്ന ഒരിടത്തെത്തി. ബെഡ്ഡിലെ ഷീറ്റുകൾ മാറിയിട്ട് ഒരഴ്ചയായെന്ന് തോന്നുന്നു. പാതി തുറന്ന വാതിലുകൾക്കിടയിലൂടെ, അടുത്ത മുറികളിലെ ഡ്രഗ്സിന്റേയും മദ്യത്തിന്റേയും മാറിമാറിവരുന്ന നിറങ്ങൾ കാണാം.

നാഗാലാൻഡിൽ വെടിനിർത്തലാണ്. മുൻപിലെ നിരത്തിലൂടെ ഫ്ലാഗ് മാർച്ച് നടത്തുന്ന പട്ടാളം. നിരത്തിലെങ്ങും മറ്റാരുമില്ല. നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റിന്റെ (NSCN) മുഇവ (Muivah) വിഭാഗം വെടിനിർത്തൽ അംഗീകരിക്കുമ്പോൾ ഖപ്ലാംഗ് വിഭാഗം (Khaplang) അതിനെ അംഗീകരിക്കുന്നില്ല.

ഹോട്ടലിൽ ആഹാരമൊന്നുമില്ല. സന്ധ്യ മയങ്ങിയപ്പോൾ ആഹാരം തപ്പിയിറങ്ങി. കുറച്ച് നടന്നപ്പോൾ ഒരു സർദാർജിയുടെ ചായക്കട. ചായയല്ല, പറാഠയും പരിപ്പുകറിയും. സ്വാദിഷ്ഠം. തിരികെ ഹോട്ടലിലെത്തിയപ്പോൾ റിസപ്ഷനിലിരുന്ന ആൾ കർശനസ്വരത്തിൽ പറഞ്ഞു; “മേലിൽ സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ പാടില്ല. ഒന്നുകിൽ പട്ടാളം, അല്ലെങ്കിൽ ടെററിസ്റ്റുകൾ, പിന്നെ നിങ്ങൾ പുറം ലോകം കാണില്ല’’.

നാഗാലാൻഡിൽ വെടിനിർത്തലാണ്. മുൻപിലെ നിരത്തിലൂടെ ഫ്ലാഗ് മാർച്ച് നടത്തുന്ന പട്ടാളം. നിരത്തിലെങ്ങും മറ്റാരുമില്ല.

▮

‘നാഗ’ എന്ന പദം ഇന്ത്യയുടെ വടക്കുകിഴക്കൻ ഹിമാലയൻ മേഖലയിലെ ഗോത്രവർഗങ്ങളെ കൂട്ടായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയുടെ നിയന്ത്രണത്തിലായ ഈ പ്രദേശങ്ങളിലെ ചില നാഗ നേതാക്കൾ, ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, ഇന്ത്യയിൽനിന്ന് വേർപിരിയാൻ ശ്രമിച്ചു.

1975-ൽ വിഘടനവാദ സംഘടനയായ നാഗ നാഷണൽ കൗൺസിൽ (NNC) അക്രമമുപേക്ഷിച്ച് ഇന്ത്യ സർക്കാരുമായി ഷില്ലോങ് കരാറിൽ ഒപ്പുവച്ചു. എന്നാൽ ചില നേതാക്കൾ കരാറിനെ എതിർത്തു. സുമി (സെമ) ഗോത്രത്തിൽപ്പെട്ട ഐസക് ചിഷി സ്വൂ, താങ്ഖുൽ ഗോത്രത്തിൽപ്പെട്ട തുവിംഗലെങ് മുയിവ, എസ്. എസ്. ഖാപ്ലാങ് എന്നിവരായിരുന്നു പ്രധാന എതിർപ്പുകാർ. ഇവർ NNC-യിൽ നിന്ന് പിരിഞ്ഞ് NSCN എന്ന പുതിയ വിഘടനവാദ സംഘടന രൂപീകരിച്ചു.

NSCN, സിവിൽ-സൈനിക വിഭാഗങ്ങളുള്ള ഭൂഗർഭ നാഗ ഫെഡറൽ സർക്കാർ രൂപീകരിച്ചു. ഇതിന് “ഗവൺമെന്റ് ഓഫ് ദ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നാഗാലിം” (GPRN) എന്നും സായുധ വിഭാഗത്തിന് “നാഗ ആർമി” എന്നും പേരിട്ടു.

പിന്നീട് ഇന്ത്യ സർക്കാരുമായി ചർച്ചകൾ ആരംഭിക്കണമോ എന്ന വിഷയത്തിൽ നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. 1988 ഏപ്രിൽ 30-ന് NSCN രണ്ട് വിഭാഗങ്ങളായി പിളർന്നു: ഖാപ്ലാങിന്റെ നേതൃത്വത്തിലുള്ള NSCN-K, ഐസക് സ്വൂ- മുയിവ കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ NSCN-IM. ഈ വിഭജനത്തെ തുടർന്ന് ഇരുവിഭാഗങ്ങളും രൂക്ഷമായ സംഘർഷങ്ങളും അക്രമങ്ങളും നടന്നു.

1997-ൽ ഇന്ത്യയും NSCN വിഭാഗങ്ങളും തമ്മിൽ വെടിനിർത്തൽ കരാറുണ്ടായി. പിന്നീട് NSCN-K ആ കരാറിൽനിന്ന് പിന്മാറി.

1975-ൽ വിഘടനവാദ സംഘടനയായ നാഗ നാഷണൽ കൗൺസിൽ (NNC) അക്രമമുപേക്ഷിച്ച് ഇന്ത്യ സർക്കാരുമായി ഷില്ലോങ് കരാറിൽ ഒപ്പുവച്ചു. എന്നാൽ ചില നേതാക്കൾ കരാറിനെ എതിർത്തു. സുമി (സെമ) ഗോത്രത്തിൽപ്പെട്ട ഐസക് ചിഷി സ്വൂ, താങ്ഖുൽ ഗോത്രത്തിൽപ്പെട്ട തുവിംഗലെങ് മുയിവ, എസ്. എസ്. ഖാപ്ലാങ് എന്നിവരായിരുന്നു പ്രധാന എതിർപ്പുകാർ.
1975-ൽ വിഘടനവാദ സംഘടനയായ നാഗ നാഷണൽ കൗൺസിൽ (NNC) അക്രമമുപേക്ഷിച്ച് ഇന്ത്യ സർക്കാരുമായി ഷില്ലോങ് കരാറിൽ ഒപ്പുവച്ചു. എന്നാൽ ചില നേതാക്കൾ കരാറിനെ എതിർത്തു. സുമി (സെമ) ഗോത്രത്തിൽപ്പെട്ട ഐസക് ചിഷി സ്വൂ, താങ്ഖുൽ ഗോത്രത്തിൽപ്പെട്ട തുവിംഗലെങ് മുയിവ, എസ്. എസ്. ഖാപ്ലാങ് എന്നിവരായിരുന്നു പ്രധാന എതിർപ്പുകാർ.

2015 ഓഗസ്റ്റ് മൂന്നിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുടെ സാന്നിധ്യത്തിൽ NSCN-IM നേതാക്കളായ ഐസക് സ്വൂവും തുവിംഗലെങ് മുയിവയും ഇന്ത്യാ സർക്കാരുമായി സമാധാനകരാറിൽ ഒപ്പുവച്ചു.

അതേ വർഷം NSCN-K, വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ സായുധസംഘടനകളുടെ കൂട്ടായ്മയായ UNLFW (United Liberation Front of Western South East Asia) എന്ന സംഘടനയുമായി ബന്ധപ്പെട്ടു. തുടർന്ന് ഇന്ത്യാ സർക്കാരുമായുള്ള സമാധാനചർച്ചകളിൽ നിന്ന് പിന്മാറി. 2015-ലെ മണിപ്പുർ പതിയാക്രമണം (Manipur Ambush) UNLFW ആണ് നടത്തിയതെന്ന് പറയപ്പെടുന്നു. ആ ആക്രമണത്തിൽ 18 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നാഗ ജനത വിവിധ ഗോത്രവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവർ സംസാരിക്കുന്ന ഭാഷ പലപ്പോഴും പരസ്പരം മനസ്സിലാക്കാൻ കഴിയാത്തത്ര വ്യത്യസ്തമാണ്.

എല്ലാ നാഗ ഗോത്രങ്ങളെയും ഒരൊറ്റ ഭരണസംവിധാനത്തിനുകീഴിൽ കൊണ്ടുവരികയും നാഗ ജനവാസപ്രദേശങ്ങളെ ഇന്ത്യയിൽനിന്ന് വേർതിരിക്കുകയും ചെയ്യുക എന്നത് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സംഘടനയുടെ പ്രഖ്യാപന പത്രത്തിൽ അവർ “സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുന്നു” എന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് അവർ “നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിലൂടെ ജനങ്ങളുടെ ഏകാധിപത്യം” എന്ന ആശയത്തിലും സംഘടനയ്ക്കുള്ളിലെ ജനാധിപത്യ പ്രവർത്തനങ്ങളിലും വിശ്വസിക്കുന്നതായി പറയുന്നു.

നാഗ ജനത വിവിധ ഗോത്രവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവർ സംസാരിക്കുന്ന ഭാഷ പലപ്പോഴും പരസ്പരം മനസ്സിലാക്കാൻ കഴിയാത്തത്ര വ്യത്യസ്തമാണ്.

മയക്കുമരുന്ന് കടത്തലും പണപ്പിരിവുമാണ് (extortion) NSCN-ന്റെ പ്രധാന വരുമാന സ്രോതസെന്ന് ഇന്ത്യൻ പട്ടാളം പറയുന്നു. സമാഹരിക്കുന്ന തുകയുടെ 70% സംഘടന കൈവശം വയ്ക്കുകയും 30% സ്വാധീന മേഖലയിലെ ചെറിയ വിമതസംഘടനകൾക്ക് നൽകുകയും ചെയ്യുന്നു.

ബന്ദർദേവയ്ക്ക് സമീപമുള്ള ദിക്രോങ് നദി.
ബന്ദർദേവയ്ക്ക് സമീപമുള്ള ദിക്രോങ് നദി.

NSCN നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സർക്കാർ ജീവനക്കാരിൽനിന്ന് അവരുടെ ശമ്പളത്തിന്റെ 12% നികുതിയായി ഈടാക്കുന്നതായും പ്രാദേശിക ജനങ്ങളിൽ നിന്ന് നിശ്ചിത ഭവനനികുതി ഈടാക്കുന്നതായും പറയപ്പെടുന്നു. കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കുറഞ്ഞത് 5% മുതൽ നികുതി ഈടാക്കുന്നു. അധികാരികൾ ഇതിനെ ‘പണം തട്ടിപ്പറിക്കലാ’യി വിശേഷിപ്പിക്കുന്നു.

NSCN-ന് ചൈനയും പാകിസ്ഥാനും സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്നുവെന്ന് ഇന്ത്യ ആരോപിക്കുന്നു.

2015-ൽ ബ്രിട്ടീഷ് പത്രമായ The Economist പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മറ്റ് നാഗ വിഘടനവാദ സംഘടനകളെ വിഭജിക്കാനും നാഗ കലാപത്തെ ദുർബലപ്പെടുത്താനുമായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ മുമ്പ് NSCN-K-യ്ക്ക് പിന്തുണ നൽകിയിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.

മലമ്പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ പോലെ കൂടെക്കൂടെയുണ്ടാവുന്ന കലാപങ്ങൾ, പട്ടാളത്തിന്റേയും വികസനപദ്ധതികളുടെയും സഹായത്തോടെ താൽക്കാലികമായി പരിഹരിക്കപ്പെടുന്നു. സ്വാതന്ത്ര്യം കിട്ടി 79 വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരേയും ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാനായിട്ടില്ല. അന്യോന്യം പഴി പറഞ്ഞ്, സ്വാർഥതാല്പര്യങ്ങൾക്കായി പണി ചെയ്യുന്ന വിഭാഗമായി നമ്മുടെ ഭരണവർഗ്ഗം മാറിയിരിക്കുന്നു.

(യാത്ര അവസാനിക്കുന്നില്ല).

നാഗാലാൻഡിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ദിമാപുരിലെ തിരക്കേറിയ ഒരു തെരുവ്.
നാഗാലാൻഡിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ദിമാപുരിലെ തിരക്കേറിയ ഒരു തെരുവ്.
ഇറ്റാനഗറിലെ പുരാതനഇറ്റ കോട്ട.
ഇറ്റാനഗറിലെ പുരാതനഇറ്റ കോട്ട.

Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India Part 13.


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments