ലോക്ടാക്ക് തടാകം.

സംഘർഷം നിറഞ്ഞ
ഒരു ചോദ്യം:
‘ആർ യു ഫ്രം ഇന്ത്യ?’

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം 14.

▮  

  • 1998 ആഗസ്റ്റ് 22, ശനിയാഴ്ച.

റോഡരികിൽ നിരത്തിവച്ചിരിക്കുന്ന ചാക്കുകൾക്കുള്ളിൽനിന്ന് എത്തിനോക്കുന്ന നായക്കുട്ടികൾ. ഇവരെല്ലാം എന്തിനാണ് ചാക്കിൽ കയറിയിരിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. പിന്നെയാണ് പിടികിട്ടിയത്. അവർ ചാക്കിൽ കയറിയതല്ല, കയറ്റിയതാണ്. തല മാത്രം പുറത്തു കാണത്തക്ക വിധം, ചാക്കിന്റെ വായ മുറുക്കെ കെട്ടി, വഴിയോരത്ത് വിൽക്കാൻ വച്ചിരിക്കുന്ന നായകളാണവ. സൈസനുസരിച്ച് 300 മുതൽ 500 രൂപ വരെ വില. നാഗാകളുടെ ഇഷ്ടമാംസമാണ് പട്ടിയിറച്ചി. റോഡരികിൽ അലഞ്ഞുനടക്കുന്ന പട്ടികളെ കാണാനേയില്ല.

ക്രിസ്റ്റ്യാനിറ്റിയെക്കുറിച്ചുള്ള ചുവരെഴുത്തുകളും ബോർഡുകളും എവിടേയും കാണാം. കൊഹിമയിലേക്കുള്ള യാത്രയിൽ റോഡരികിലെ ഒരു വലിയ ഹോർഡിംഗ്:
“നാഗാ മലനിരകൾ ക്രിസ്റ്റ്യാനിറ്റിയുടെ 125-ാം വർഷം ആഘോഷിക്കുന്നു’’.

കൊഹിമയിലെത്തി വൈകുന്നേരത്തെ ഫോൺ സംഭാഷണത്തിലറിഞ്ഞു, മോൾക്ക് വീണ്ടും പനി. എല്ലാംകൂടി മീന എങ്ങനെ നടത്തിക്കൊണ്ടു പോകുന്നു എന്നറിയില്ല. അവരോടൊപ്പമില്ലാത്തതിൽ വിഷമം തോന്നുന്നു.

ഉച്ചകഴിഞ്ഞ് ഒരു നൃത്തം ഷൂട്ട് ചെയ്യുമ്പോൾ, അവരിലൊരു പെൺകുട്ടി അടുത്തുവന്നു:

‘നിങ്ങൾ കേരളത്തിൽ നിന്നാണോ?’
‘അതെ. ഞാൻ മാത്രം’.
‘ഞാൻ കേരളത്തിലുണ്ടായിരുന്നു’.
‘എങ്ങനെ?’.
‘ഞാൻ ഹിസ്റ്ററിയിൽ PG ചെയ്തത് കോട്ടയത്ത് CMS കോളേജിൽ നിന്നാണ്’.
‘ഓ... ഞാനും കോട്ടയംകാരനാണ്’.

▮ 

  • 1998 ആഗസ്റ്റ് 26, ബുധൻ.

റോഡരികിൽ നിഗൂഢത നിഴലിക്കുന്ന ഇരുണ്ട ബാറുകൾ.

ജനാലകളിലെ പൊട്ടിയ ചില്ലുകൾക്കിടയിലൂടെ തെളിയുന്ന സ്ത്രീകളുടെ മുഖങ്ങൾ.

എങ്ങനെയെങ്കിലും ഈ നരകത്തിൽനിന്ന് രക്ഷപ്പെടണമെന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്ന, മലയാളിയായ സ്റ്റെനോ ബാബു.

അമേരിക്കയെക്കുറിച്ചുമാത്രം സംസാരിക്കുന്ന കോളേജ് പ്രിൻസിപ്പൽ.

പഴകിയ വാദ്യോപകരണങ്ങളും സൗണ്ട് സിസ്റ്റവുമുള്ള ഒരു പ്രാദേശിക റോക്ക് ബാൻഡ്...

▮

ഡയറിയിലെ കുറിപ്പുകൾ
ഇവിടെ അവസാനിക്കുന്നു,
പക്ഷേ യാത്ര അവസാനിക്കുന്നില്ല.
ഈ തീയതിക്കുശേഷവും ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ ആ യാത്ര അവസാനിപ്പിച്ച് തിരികെ പോരുന്നത്.

ഈ ഷെഡ്യൂൾ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ, ക്യാമറ അസിസ്റ്റന്റിനെ ഏൽപ്പിച്ച് ഇന്റർവ്യൂവും റിസർച്ചും ഞാൻ ഏറ്റെടുത്തിരുന്നു. കല്പന കൂടെവിട്ട അസിസ്റ്റന്റിന് ഇതിലൊന്നും തീരെ പരിചയമുണ്ടായിരുന്നില്ല. യാത്രയുടെ പ്ലാനിങ് സ്വയം ഏറ്റെടുത്ത് മറ്റുള്ള കാര്യങ്ങളൊക്കെ അദ്ദേഹം എന്നെ ഏൽപ്പിച്ചു.

യാത്രയിലുടനീളം ഞാൻ ആ സംസ്ഥാനങ്ങളെക്കുറിച്ച് പഠിച്ചുതുടങ്ങി.  സഞ്ജൊയ് ഹസാരികയുടെ ‘Strangers of the Mist’ എന്ന പുസ്തകവും പ്രാദേശിക പത്രങ്ങളുമായിരുന്നു എന്റെ പ്രധാന വായന. ഈ തിരക്കുകൾക്കിടയിൽ ഡയറിയെഴുത്ത് പാടേ നിന്നു പോയി.

നാഗാ കുന്നുകൾ.
നാഗാ കുന്നുകൾ.

പക്ഷേ യാത്രയുടെ ചില ഭാഗങ്ങളൊക്കെ നല്ല ഓർമ്മയുണ്ട്. അതിലൊന്ന് ഒരു ദിവസത്തെ ഒരു നീണ്ട യാത്രയായിരുന്നു. കൊഹിമയിൽ നിന്ന് പുറപ്പെട്ട് ഇംഫാലിലേക്കായിരുന്നു എന്നാണെന്റെ ഓർമ്മ. എന്റെ കയ്യിലുണ്ടായിരുന്ന TTK യുടെ മാപ്പിൽ 200-ൽ താഴെ കിലോമീറ്ററായിരുന്നു ദൂരം കാണിച്ചിരുന്നത്. 4-5 മണിക്കൂർ യാത്ര. എട്ടു മണിയോടെ ഞങ്ങൾ പുറപ്പെട്ടു. ധൃതി പിടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വഴിയിലൊക്കെ നിർത്തി ഷൂട്ട് ചെയ്താണ് യാത്ര തുടർന്നത്. കുറേ നേരം കടന്നുപോയിട്ടും വഴിയിൽ വണ്ടികളൊന്നും കാണാഞ്ഞത് ഞങ്ങളെ പരിഭ്രാന്തരാക്കിയുമില്ല.

ഉച്ചയായപ്പോൾ എതിരെവന്ന ഒരു പട്ടാള വാഹനത്തിനുവേണ്ടി ഞങ്ങൾ സൈഡ് ചേർത്തു നിർത്തി. അത് ഒരു വാഹനമായിരുന്നില്ല. ചെറുതും വലുതുമായ, സ്വകാര്യവും അല്ലാത്തതുമായ മുപ്പതോളം വാഹനങ്ങളുടെ കോൺവോയ്. പിന്നാലെ മൂന്ന് കവചിത വാഹനങ്ങൾ കൂടി കടന്നുപോയപ്പോൾ നിരത്ത് വീണ്ടും ശൂന്യമായി.

അപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായത്. രാവിലെ ഒരു കോൺവോയ് ഞങ്ങൾ പോകുന്ന ദിശയിലും പോയിട്ടുണ്ടാവണം. കോൺവോയിയിലല്ലാതെ ആ വഴി ഒരു വാഹനവും പോകാറില്ല. അത്രമാത്രം അപകടകരമാണ് ആ പാത. പിന്നീട് ഞങ്ങൾ ഷൂട്ട് ചെയ്യാൻ നിർത്തിയില്ല. തുടർച്ചയായി യാത്ര ചെയ്തു.

സന്ധ്യയായി. ഇടക്കൊന്നും ആൾക്കാരോ വാഹനമോ ആഹാരം കഴിക്കാൻ കടയോ കണ്ടില്ല. ഇരുട്ട് കട്ടിപിടിച്ചുകഴിഞ്ഞപ്പോൾ റോഡരികിൽ ഒരു ചെറിയ ചായക്കട കണ്ടു.

ഇംഫാലിലേക്ക് എത്ര ദൂരമുണ്ടെന്ന് അവിടെ ചോദിച്ചു.

“നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?”, മറുചോദ്യം.
“കൊഹിമയിൽ നിന്ന്”.
“നിങ്ങൾ യാത്ര ചെയ്ത അത്രയും ദൂരം ഇനിയുമുണ്ട്’’.
ചായ തൊണ്ടയിൽ കുടുങ്ങി ഞങ്ങൾ അന്യോന്യം നോക്കി.

തുടർന്നുള്ള യാത്ര കഴിഞ്ഞതിലും സാഹസമായിരുന്നു. മുറുകിയും അയഞ്ഞും പെയ്യുന്ന മഴക്കിടയിലൂടെ, മുട്ടൊപ്പം വരുന്ന ചെളിയിലൂടെ, ഇടതും വലതും തെന്നിമാറി ഞങ്ങളുടെ വാഹനങ്ങൾ സഞ്ചരിച്ചു. ജീപ്പുകളുടെ ഹെഡ്ലൈറ്റിൽ തെളിയുന്ന ചെളി നിറഞ്ഞ റോഡല്ലാതെ മറ്റൊന്നും കാണാനില്ല. മലഞ്ചെരിവിലൂടെ വെട്ടിയ ആ പാതയുടെ വലതു വശത്ത് കുത്തനെ ആകാശത്തേക്കുയരുന്ന മുളങ്കാടുകൾ. ഇടതുവശത്ത് താഴെ എവിടെയോ ആർത്തലച്ചൊഴുകുന്ന ഏതോ നദിയുടെ ശബ്ദം, മഴയേയും വാഹനങ്ങളുടെ ഇരമ്പവും കടന്ന് കേൾക്കാമായിരുന്നു.

‘‘ഇന്ത്യക്കെതിരായ വികാരം ഇതാദ്യമല്ല ഞാൻ കാണുന്നത്. ഉത്തര പൂർവ പ്രദേശങ്ങളിലേക്ക് കടക്കുമ്പോൾ ആദ്യം കേൾക്കുന്ന ചോദ്യം, ‘നിങ്ങൾ ഇന്ത്യയിൽ നിന്നാണോ’ എന്നതാണ്. സ്വയം ഇന്ത്യയുടെ ഭാഗമായി അവർ  ഒരിക്കലും കരുതിയിരുന്നില്ല’’.

തുടർച്ചയായി ഓടിച്ച് ഡ്രൈവർ മടുക്കുമ്പോൾ, വാഹനമോടിക്കാമെന്ന് ഞാൻ സന്നദ്ധത കാണിക്കാറുണ്ടെങ്കിലും, ഇപ്രാവശ്യം അങ്ങനൊരു ഓഫർ നൽകിയില്ല. മുൻപിലത്തെ സീറ്റിൽ മുറുകെ പിടിച്ച് ജീപ്പിന്റെ ഹെഡ്ലൈറ്റിൽ തെളിയുന്ന റോഡിലേക്ക് കണ്ണുനട്ട്, ആ രാത്രിയുടെ ശേഷിക്കുന്ന യാമങ്ങൾ കഴിച്ചുകൂട്ടി. പുലർച്ച ഏതോ സമയത്ത് ഇംഫാലിലെത്തി. ഒരു ഹോട്ടൽ തപ്പിയെടുത്ത് കയറിക്കൂടി.

മണിപ്പുർ, സ്ത്രീകൾക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനം. ‘ഇമ ഖൈതെൽ’ - അമ്മയുടെ മാർക്കറ്റ്- എന്നറിയപ്പെടുന്ന ചന്തയിൽ സ്ത്രീകളെ മാത്രമേ കാണാനുള്ളൂ. മുറുക്കാൻ മുതൽ മാംസം വരെ വിൽക്കുന്നത് സ്ത്രീകളാണ്. രാത്രി വൈകിയും കൂട്ടമായി തോളിൽ കൈയ്യിട്ട് നടക്കുന്ന പെൺകുട്ടികളെ നിരത്തുകളിൽ കാണാം. വഴിയോരത്തെ കടകളും മദ്യവില്പന പോലും നടത്തുന്നത് സ്ത്രീകളാണ്.

മണിപ്പുർ മാർക്കറ്റിലെ സ്ത്രീകൾ.
മണിപ്പുർ മാർക്കറ്റിലെ സ്ത്രീകൾ.

മുമ്പൊരിക്കൽ ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ ഷൂട്ടിങിന് അസിസ്റ്റന്റായി ഞാൻ ഇംഫാലിലെത്തിയിരുന്നു. അന്ന് സന്ദർശിച്ച പ്രസിദ്ധമായ ‘ലോക്ടാക്’ തടാകത്തിലേക്ക് രാവിലെ തന്നെ പുറപ്പെട്ടു. വഴിയരികിൽ ഒരു ദൃശ്യം എന്നെ പിടിച്ചുനിർത്തി. മുൻപ് വന്നപ്പോൾ താമസിച്ച മണിപ്പുർ ടൂറിസ്റ്റ് ബംഗ്ലാവായിരുന്നു അത്. അകത്തേക്കുള്ള ഗേറ്റിന്റെ ഒരു പാളി അടഞ്ഞു കിടക്കുന്നു. ആ പാളിയിൽ ‘ടൂറിസം’ എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. തുറന്നു കിടക്കുന്ന പാളിയിൽ എഴുതിയിരിക്കുന്നത് വായിക്കാൻ കഴിയില്ലെങ്കിലും ‘മണിപ്പുർ’ എന്നാണെന്ന് ഉറപ്പുണ്ട്. ഗേറ്റിനുള്ളിൽ കുറുകെ വലിച്ചുകെട്ടിയിരിക്കുന്ന അയക്കമ്പികളിൽ നിറയെ മിലിട്ടറി യൂണിഫോമുകൾ ഉണങ്ങാനിട്ടിരിക്കുന്നു. ഇടതു വശത്തായി ഒരു സംഘം പട്ടാളക്കാർ കാക്കി ഷോർട്സും ബനിയനുമിട്ട് വോളിബോൾ കളിക്കുന്നു.

സ്വയം സംസാരിക്കുന്ന ദൃശ്യമാണ് മനസ്സിലേക്ക് ഓടിയെത്തിയത്. ഗേറ്റിന്റെ ഇടതുവശത്തെ പാളി കൂടി അടച്ചാൽ ‘മണിപ്പുർ ടൂറിസം’ എന്നു വായിക്കാനാകും. ഗേറ്റിനു പിന്നിലായി നിറഞ്ഞു ന്നിൽക്കുന്ന പട്ടാള ചിഹ്നങ്ങൾ കൂടിയാകുമ്പോൾ മണിപ്പുരിന്റെ കഥ ഒറ്റ ദൃശ്യത്തിലൂടെ പ്രേക്ഷകർക്ക് മനസ്സിലാകും.

ഞാൻ കണ്ടിട്ടുള്ള കാഴ്ചകളിൽ ഏറ്റവും മനോഹരമായ ഒന്നാണ് ലോക്ടാക്ക് തടാകം. ജലനിരപ്പിൽ ഒഴുകിനടക്കുന്ന ഒട്ടേറെ ചെറിയ ദ്വീപുകളാണ് ഈ തടാകത്തിന്റെ പ്രത്യേകത. കൃഷിയും മനുഷ്യരും മറ്റു ജീവജാലങ്ങളും ചെറിയ കുടിലുകളും എല്ലാമുണ്ട് ഈ ദ്വീപുകളിൽ.

ഗേറ്റിനെതിരെ ക്യാമറ സെറ്റ് ചെയ്യുമ്പോൾ, കൂടെയുണ്ടായിരുന്ന അസിസ്റ്റന്റിനെ ഗേറ്റ് അടച്ചിടാൻ പറഞ്ഞുവിട്ടു. കൃത്യം ആ സമയത്താണ് പട്ടാള മേധാവിയും കുറച്ച് പട്ടാളക്കാരും കൂടി പുറത്തേക്കു വരുന്നത്. ഗേറ്റ് അടക്കാൻ ശ്രമിക്കുന്ന മൊഹിന്ദറെ മേധാവി ചോദ്യം ചെയ്തു തുടങ്ങി. ക്യാമറ കണ്ട് അദ്ദേഹം നേരെ എന്റെ അടുത്തേക്ക് വന്നു:
“ആരാണ് നിങ്ങൾ? എന്താണ് ചെയ്യുന്നത്?”

ഞാൻ കാര്യം വിശദീകരിച്ചു;
‘ഇന്ത്യ ഗവണ്മെന്റിനു വേണ്ടി ചെയ്യുന്ന ഡോക്യുമെന്ററിയാണ്’.
“പേപ്പേർസ് കാണിക്കൂ’.
അതിനിടയിൽ ഞാൻ അദ്ദേഹത്തിന്റെ നെഞ്ചിലെ നെയിംപ്ലേറ്റിലേക്ക് നോക്കി. ഒരു മലയാളി പേര്.
“സാർ മലയാളിയാണോ?’’, ഞാൻ പെട്ടെന്ന് ചോദിച്ചു.
ഓർക്കാപ്പുറത്ത് മലയാളം കേട്ട അതിശയത്തിൽ എന്നെ ഒന്ന് ഇരുത്തി നോക്കി പറഞ്ഞു,
“ഓ...നീ മലയാളിയാണല്ലേ, എവിടാണ് നാട്?”.

ഞാൻ എന്റെ ചരിത്രം ചുരുക്കിപ്പറഞ്ഞു. അവസാനം അദ്ദേഹം പറഞ്ഞു;
“ഒരു കാര്യം ചെയ്യ്, വൈകുന്നേരം അഞ്ചു മണിയാകുമ്പോൾ ഇതിലേ വാ. ചായയും പക്കോടയും ഒരുമിച്ചാകാം’’.

മണിപ്പുർ ടൂറിസത്തിന്റെ ദൃശ്യം പകർത്തി ഞങ്ങൾ ലോക്ടാക്കിലേക്ക് തിരിച്ചു. വീതി കുറഞ്ഞ ചെമ്മൺപാതയിലൂടെ അധികം ചെല്ലുന്നതിനു മുൻപായി എതിരെ ഒരു ബൈക്കിൽ വന്ന രണ്ടു പേർ ഞങ്ങളെ തടഞ്ഞു:
“ആർമി സ്ഥലത്തുണ്ടോ?”
“മനസ്സിലായില്ല’’- ഞങ്ങൾ പറഞ്ഞു.
“ആർമി ബംഗ്ലാവിലോ അതോ പുറത്തോ?”
“ഇപ്പോൾ പുറത്തേക്കിറങ്ങി’’.

അവർ പെട്ടെന്ന് ബൈക്ക് തിരിച്ച് വന്നവഴി തിരികെ പോയി. ഞങ്ങൾ യാത്ര തുടർന്നു. റോഡരികിലെ ചുവരുകളിലെല്ലാം ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ:

‘ഇന്ത്യയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക’.
‘Death to Indian Imperialism’.

കൊഹിമ നഗരത്തിന്റെ ഒരു ദൃശ്യം.
കൊഹിമ നഗരത്തിന്റെ ഒരു ദൃശ്യം.

ഇന്ത്യക്കെതിരായ വികാരം ഇതാദ്യമല്ല ഞാൻ കാണുന്നത്. ഉത്തര പൂർവ പ്രദേശങ്ങളിലേക്ക് കടക്കുമ്പോൾ ആദ്യം കേൾക്കുന്ന ചോദ്യം, ‘നിങ്ങൾ ഇന്ത്യയിൽ നിന്നാണോ’ എന്നതാണ്. സ്വയം ഇന്ത്യയുടെ ഭാഗമായി അവർ  ഒരിക്കലും കരുതിയിരുന്നില്ല.

ഇന്ന് ഈയൊരു തോന്നലിനെ സാമാന്യവൽക്കരിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല. അവരുടെ പ്രാദേശിക, ഗോത്ര, സാംസ്കാരിക വ്യക്തിത്വങ്ങൾ വളരെ ശക്തമായതിനാൽ ചിലർ ആദ്യം തങ്ങളെ നാഗ, മിസോ, ഖാസി, മെയ്തെയ്, ബോഡോ തുടങ്ങിയ സമൂഹങ്ങളിലെ അംഗങ്ങളായി കാണുകയും പിന്നീട് ഇന്ത്യൻ എന്ന തിരിച്ചറിയൽ സ്വീകരിക്കുകയും ചെയ്യുന്നതാവം.

ചില സമൂഹങ്ങളിൽ ഇന്ത്യയോടുള്ള അകൽച്ചയോ വേറിട്ട ദേശീയബോധമോ രൂപപ്പെടാൻ കാരണമായ ചില പ്രധാന ഘടകങ്ങളുണ്ട്.

  • വ്യത്യസ്തമായ
    വംശീയ-സാംസ്കാരിക പാരമ്പര്യം:

വടക്കു- കിഴക്കൻ ഇന്ത്യയിൽ നൂറുകണക്കിന് ഗോത്രവർഗങ്ങളും ഭാഷകളും സംസ്കാരങ്ങളുമുണ്ട്. ഇവയിൽ പലതും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ സംസ്കാരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അതിനാൽ ചില സമൂഹങ്ങൾ തങ്ങളുടെ ഗോത്രപരമായ വ്യക്തിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

  • ചരിത്ര പശ്ചാത്തലം:

ബ്രിട്ടീഷ് ഭരണകാലത്ത് ഈ മേഖലയിലെ പല പ്രദേശങ്ങളും പ്രത്യേക ഭരണക്രമങ്ങളിലൂടെയാണ് നിയന്ത്രിക്കപ്പെട്ടിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ചില സംഘടനകൾ കൂടുതൽ സ്വയംഭരണത്തിനോ സ്വാതന്ത്ര്യത്തിനോ വേണ്ടി പ്രക്ഷോഭങ്ങൾ നടത്തി.

  • കലാപങ്ങളും
    സായുധസംഘർഷങ്ങളും:

നാഗാലാൻഡ്, മണിപ്പുർ, ആസ്സാം, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിൽ വർഷങ്ങളോളം സായുധ കലാപങ്ങളും സൈനിക നടപടികളും നടന്നു. ഈ അനുഭവങ്ങൾ ചിലരിൽ ഇന്ത്യൻ സർക്കാരിനോടുള്ള അവിശ്വാസം വളർത്തി.

  • അവഗണിക്കപ്പെട്ടുവെന്ന
    തോന്നൽ:

അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ വികസനം, തൊഴിലവസരങ്ങൾ എന്നിവയിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങൾ പിന്നാക്കം നിൽക്കുന്നുവെന്ന ധാരണ ചിലർക്കുണ്ട്. ഇത് കേന്ദ്രസർക്കാരിനോടുള്ള അസംതൃപ്തിക്ക് കാരണമായി.

  • വിവേചനാനുഭവങ്ങൾ:

വടക്കു- കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഇന്ത്യയുടെ മറ്റു നഗരങ്ങളിൽ താമസിക്കുമ്പോൾ ചിലപ്പോൾ വംശീയ അധിക്ഷേപങ്ങളും "വിദേശികൾ" എന്ന രീതിയിലുള്ള സമീപനവും നേരിടുന്നുവെന്ന് പരാതിപ്പെടാറുണ്ട്. ഇത്തരം അനുഭവങ്ങൾ ചിലരിൽ അകൽച്ചയുടെ വികാരം സൃഷ്ടിക്കുന്നു.

ഈ കാരണങ്ങളാൽ വടക്കു കിഴക്കൻ ഭൂപ്രദേശങ്ങളിലെ ജനവിഭാഗത്തിൽ നല്ലൊരു ശതമാനം, തങ്ങൾ ഇന്ത്യക്കാരാണെന്ന് കരുതുന്നതേയില്ല.

▮

ഞാൻ കണ്ടിട്ടുള്ള കാഴ്ചകളിൽ ഏറ്റവും മനോഹരമായ ഒന്നാണ് ലോക്ടാക്ക് തടാകം. ജലനിരപ്പിൽ ഒഴുകിനടക്കുന്ന ഒട്ടേറെ ചെറിയ ദ്വീപുകളാണ് ഈ തടാകത്തിന്റെ പ്രത്യേകത. കൃഷിയും മനുഷ്യരും മറ്റു ജീവജാലങ്ങളും ചെറിയ കുടിലുകളും എല്ലാമുണ്ട് ഈ ദ്വീപുകളിൽ. നോക്കെത്താദൂരംവരെ വിവിധ ആകൃതികളിൽ ഇങ്ങനെയുള്ള ദ്വീപുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു, ആ തടാകം.

ആ മനോഹാരിതയിൽ ലയിച്ച് കുറേ നേരം ഞങ്ങൾ ആ കരയിലിരുന്നു. പിന്നെ പട്ടാള ക്യാമ്പിലെ ചായയിൽ പങ്കെടുക്കാമെന്ന് കരുതി അങ്ങോട്ട് തിരിച്ചു. ആ ചായസൽക്കാരം ഞങ്ങൾ ഇതുവരെ കടന്നുപോന്ന മനുഷ്യപ്രശ്നങ്ങളുടെ മറുപുറത്തേക്കാണ് കൊണ്ടുപോയത്.

(യാത്ര അവസാനിക്കുന്നില്ല).


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India Part 14.


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments