ആസ്സാം സ്റ്റുഡന്റ്സ് യൂണിയന്റെ പ്രകടനം.

‘അവരെ’
എങ്ങനെ
പുറത്താക്കും?

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം മൂന്ന്

ജനുവരി 12 തിങ്കൾ, 1998.

രാവിലത്തെ ഷൂട്ടിങ്ങ് മദനകാമരാജ ക്ഷേത്രത്തിൽ.
തകർന്നു കിടക്കുന്ന, ചുവർ നിറയെ രതിചിത്രങ്ങളുള്ള ഒരു ക്ഷേത്രം.

അതിനിടെ ഒരു
Breaking news:
തീവ്രവാദികൾ പൊലീസ് കമ്മീഷണറെ ആക്രമിച്ചു.
സായുധ പ്രതിഷേധത്തിന്റെ വാർത്തകളില്ലാതെ, ഒരു ദിവസം പോലും ഇവിടെ കടന്നുപോകുന്നില്ല.

ഭുപേൻ ദാ അഹൊം രാജവംശത്തെകുറിച്ചു പറഞ്ഞുതുടങ്ങി.

13-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ അറുനൂറോളം വർഷങ്ങൾ ആസ്സാം ഭരിച്ച രാജവംശമാണ് അഹോം. മ്യാന്മാറിൽ നിന്ന് പട്കായ് മലനിരകൾ കടന്നുവന്ന സുകാഫാ എന്ന മൊങ് മാവൊ രാജാവാണ് അഹൊം രാജവംശം സഥാപിക്കുന്നതു. തുടർച്ചയായ ബർമയുടെ അധിനിവേശങ്ങളെതുടർന്ന് 1826- ൽ ഈസ്റ്റിന്ത്യാ കമ്പനി ആസ്സാമിനെ അവരുടെ ഭരണത്തിൻ കീഴിലാക്കി.

സുകാഫാ വിദേശിയാണെന്നും, അദ്ദേഹത്തിന്റെ പ്രതിമകൾ എന്തിനു സ്ഥാപിക്കണം എന്നും മറ്റുമുള്ള ചർച്ചകളും കലാപങ്ങളും ഇന്നും കഴിഞ്ഞിട്ടില്ല.

അഹൊം രാജവംശം സ്ഥാപിച്ച സുകാഫാ രാജാവ്. സുകാഫാ വിദേശിയാണെന്നും, അദ്ദേഹത്തിന്റെ പ്രതിമകൾ എന്തിനു സ്ഥാപിക്കണം എന്നും മറ്റുമുള്ള ചർച്ചകളും കലാപങ്ങളും ഇന്നും അവസാനിച്ചിട്ടില്ല.
അഹൊം രാജവംശം സ്ഥാപിച്ച സുകാഫാ രാജാവ്. സുകാഫാ വിദേശിയാണെന്നും, അദ്ദേഹത്തിന്റെ പ്രതിമകൾ എന്തിനു സ്ഥാപിക്കണം എന്നും മറ്റുമുള്ള ചർച്ചകളും കലാപങ്ങളും ഇന്നും അവസാനിച്ചിട്ടില്ല.

ഒരു ലൊക്കേഷനിൽനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര.
ഒരു നാൽക്കവലയിൽ ഭുപേൻ ദായെ തിരിച്ചറിഞ്ഞ ജനം കാറിനു ചുറ്റും തടിച്ചു കൂടുന്നു;
“ഭുപേൻ ദാ, പ്ലീസ് സേവ് ആസ്സാം’’.
“ഞാൻ എന്തു ചെയ്യും? നിങ്ങളൊക്കെക്കൂടിയണ് ഈ അവസ്ഥ ഉണ്ടാക്കിയത്. പ്രതീക്ഷയുടെ ഒരു കിരണം പോലും എനിക്കു കണാനാവുന്നില്ല’’.

ഭുപേൻ ദാ തുടരുന്നു:
1979- ൽ ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥി, തെരഞ്ഞെടുപ്പു ഫലം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഒരു ഹർജി സമർപ്പിക്കുന്നു. വോട്ടർമാരിൽ പുറത്തുനിന്നുള്ള ബംഗ്ലാദേശികൾ ധാരാളമുണ്ടെന്നായിരുന്നു പരാതി. അതാണ് ‘ഓൾ ആസ്സാം സ്റ്റുഡന്റ്സ് യൂണിയൻ (AASU) തുടങ്ങിവെച്ച, ബംഗ്ലാദേശികൾ എന്ന മുസ്ലീകൾക്കെതിരായ സമരത്തിന്റെ തുടക്കം. അത് പിന്നീട് മറ്റു ചില സംഘടനകളുമായി ചേർന്ന് ‘ആസ്സാം ഗണ പരിഷദ്’ (AGP) ആയി. ആസ്സാം കരാർ വന്നശേഷം, 1985- ൽ നടന്ന തെരഞ്ഞെടുപ്പിൽ അവർ ആസ്സമിന്റെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഇന്നു നടക്കുന്നത് ഭരണത്തിന്റെ അനുവാദത്തോടെയുള്ള കലാപങ്ങളാണ്. ഇതിനു പിന്നിൽ ഒരു തത്വശാസ്ത്രമോ ശാസ്ത്രീയ ചിന്തകളോ ഉണ്ടെന്ന് തോന്നുന്നില്ല.

ആസ്സാം ഗണ പരിഷദ് തുടങ്ങുന്ന കാലത്ത് അരുൺ ഷൂരിയേയും ഭുപേൻ ദായെയും അവർ വിളിച്ചിരുന്നു. പക്ഷേ, ഭുപേൻ ദാ പോയില്ല.

90- കൾക്കു ശേഷം AGP, NDA- യുടെ ഭാഗമാണ്. ആസ്സാം രാഷ്ട്രീയത്തിലെ വിരോധാഭാസം ഇതാണ്: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടന്ന ഒരു പ്രക്ഷോഭത്തിൽ നിന്നാണ് പ്രാദേശിക പാർട്ടിയായ AGP രൂപം കൊണ്ടത്. ‘അനധികൃത കുടിയേറ്റക്കാരെ’ ആസ്സാമിൽനിന്ന് പുറത്താക്കുക എന്ന AGP യുടെ ആദിമ ലക്ഷ്യം BJP കൈയടക്കിയെന്ന് പറയാം. ഒരിക്കൽ ആസ്സാമിലെ ഏറ്റവും ശക്തമായ പാർട്ടിയായിരുന്ന AGP ഇപ്പോൾ ‘BJP- യുടെ അനുബന്ധം അല്ലെങ്കിൽ വാൽ മാത്രമായി’ ചുരുങ്ങിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ആസ്സാം ഗണ പരിഷദ് തുടങ്ങുന്ന കാലത്ത് അരുൺ ഷൂരിയേയും ഭുപേൻ ദായെയും അവർ വിളിച്ചിരുന്നു. പക്ഷേ, ഭുപേൻ ദാ പോയില്ല.

1985-ൽ 92 നിയമസഭാ സീറ്റും 1996-ൽ 59 സീറ്റും നേടിയ AGP യുടെ ശക്തി ചോർന്നു. 2021-ൽ ഒമ്പത് സീറ്റിലേക്ക് പാർട്ടി ചുരുങ്ങി. 2026- ലെ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ മാത്രമാണ് ജയിക്കാനായത്. BJP- യ്ക്ക് 82 സീറ്റും കോൺഗ്രസിന് 19 സീറ്റും ലഭിച്ചു. രാജ്യസഭയിലെ AGP- യുടെ ഏക എം.പി ബിരേന്ദ്ര പ്രസാദ് ബൈശ്യ പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തിരുന്നെങ്കിലും പിന്നീട് അതിന് അനുകൂലമായി വോട്ട് ചെയ്തു.

ആസ്സാം കരാർ നടപ്പാക്കുന്നതിലും, 1983-ലെ അനധികൃത കുടിയേറ്റ നിയമം (Illegal Migrants - Determination by Tribunals- Act, 1981, IMDT Act) റദ്ദാക്കുന്നതിലും പരാജയപ്പെട്ടതിനെ തുടർന്ന് AGP വിമർശനം നേരിട്ടു. ആസ്സാമിനായി പ്രത്യേകമായി ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്നതായിരുന്നു ഈ നിയമം. മറ്റു സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുണ്ടായിരുന്നത് 1946-ലെ ഫോറിനേഴ്സ് ആക്ട് ആണ്. ആ നിയമത്തിൽ, സംശയിക്കപ്പെടുന്നവരുടെ പൗരത്വം തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരുന്നു, എന്നാൽ IMDT നിയമത്തിൽ അത് സംസ്ഥാനത്തിനായിരുന്നു.

ഭൂപെൻ ഹസാരികയുടെ പഴയ ചിത്രം
ഭൂപെൻ ഹസാരികയുടെ പഴയ ചിത്രം

ആസ്സാമിലെ National Register of Citizens (NRC), ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരചരിത്രത്തിലെ ഏറ്റവും വലിയ പൗരത്വ പരിശോധനാ നടപടികളിലൊന്നാണ്. സംസ്ഥാനത്ത് നിയമപരമായി താമസിക്കുന്ന ഇന്ത്യൻ പൗരരെ തിരിച്ചറിയുകയും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രക്രിയയുടെ ലക്ഷ്യം. ആസ്സാമിലെ NRC- യുടെ വേരുകൾ 1979–1985 കാലഘട്ടത്തിലെ ആസ്സാം പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം, ബംഗ്ലാദേശിൽ നിന്ന് ആസ്സാമിലേക്ക് അനധികൃതമായി കുടിയേറിയവരെ കണ്ടെത്തുക, അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കുക, നിയമപ്രകാരം അവരെ രാജ്യത്തുനിന്ന് പുറത്താക്കുക എന്നിവയായിരുന്നു.

1985-ൽ കേന്ദ്രസർക്കാരും പ്രക്ഷോഭ നേതാക്കളും തമ്മിൽ ആസ്സാം കരാർ (Assam Accord) ഒപ്പുവെച്ചു. ഈ കരാർ പ്രകാരം, 1971 മാർച്ച് 24 അർധരാത്രി ആയിരുന്നു നിർണായക തീയതി (cut-off date). ഈ തീയതിക്കുശേഷം ആസ്സാമിലെത്തിയവരെ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാമെന്നായിരുന്നു വ്യവസ്ഥ. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ 2015-ൽ NRC പുതുക്കൽ ആരംഭിച്ചു. 2019 ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടിക ഇപ്രകാരമായിരുന്നു:

  • അപേക്ഷകർ: ഏകദേശം 3.30 കോടി.

  • ഉൾപ്പെട്ടവർ: 3,11,21,004.

  • ഒഴിവാക്കപ്പെട്ടവർ: 19,06,657.

എന്നാൽ, ഒഴിവാക്കപ്പെട്ട 19 ലക്ഷം പേർ വിദേശികളാണെന്ന് NRC പ്രഖ്യാപിച്ചില്ല. NRC- യിൽ നിന്ന് ഒഴിവാക്കപ്പെടുന്നതുമാത്രം ഒരാളെ വിദേശിയാക്കുന്നില്ല.

NRC പ്രകാരം വിദേശികളായി കണ്ടെത്തുന്നവരെ പാർപ്പിക്കാൻ ആസ്സാം സർക്കാർ പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ (Detention Centres) നിർമ്മിച്ചു. ഇപ്രകാരം നിർമ്മിക്കപ്പെട്ട ആസ്സാമിലെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രം മാട്ടിയ (ഗോൾപാറ ജില്ല) ആണ്. 2022- ൽ പൂർത്തിയായ ഈ കേന്ദ്രത്തിൽ ഏകദേശം 3,000 പേരെ താമസിപ്പിക്കാനാവും. ഇത്, ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ്.

ലിസ്റ്റിലുണ്ടായിരുന്ന 19 ലക്ഷത്തിൽ 12 ലക്ഷത്തോളം പേർ ഹിന്ദുക്കളാണ് എന്ന വാർത്ത പുറത്തുവന്നത്, NRC- ക്കുള്ള രാഷ്ടീയ പാർട്ടികളുടെ പിന്തുണയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ഏതാണ്ട് എല്ലാ പാർട്ടികളും NRC ക്ക് എതിരായി രംഗത്തെത്തി. പിന്നാലെ മനുഷ്യാവകാശ സംഘടനകൾ ചില ആശങ്കകൾ ഉയർത്തി.

  • നിരവധി പേർ പതിറ്റാണ്ടുകളായി ആസാമിൽ താമസിച്ചവരായിരുന്നു.

  • രേഖകളുടെ അഭാവത്താൽ, ചില ഇന്ത്യൻ പൗരരും വിദേശികളായി മുദ്ര കുത്തപ്പെട്ടു എന്ന ആരോപണമുണ്ടായി.

  • കുടുംബാംഗങ്ങൾ തമ്മിൽ വേർപിരിഞ്ഞ കേസുകളുണ്ടായി.

  • ബംഗ്ലാദേശ് എല്ലാ ആളുകളെയും സ്വന്തം പൗരരായി അംഗീകരിച്ചില്ലെങ്കിൽ നാടുകടത്തൽ പ്രായോഗികമാകില്ല. അതിനാൽ ചിലർ ദീർഘകാലം തടങ്കലിൽ തുടരേണ്ട സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നു.

അതേസമയം; രേഖകളുടെ അഭാവം, നടപടിക്രമങ്ങളിലെ സങ്കീർണത, മനുഷ്യാവകാശ പ്രശ്നങ്ങൾ, നാടുകടത്തലിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ കാരണം NRC- യും തടങ്കൽകേന്ദ്രങ്ങളും ഇന്നും ആസ്സാമിലെ ഏറ്റവും വിവാദപരമായ രാഷ്ട്രീയ- നിയമ വിഷയങ്ങളിലൊന്നായി തുടരുകയാണ്. നാളെ, ഈ തടങ്കൽ പാളയങ്ങളെല്ലാം നിറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് പല പാർട്ടികളും.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയവർ.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയവർ.

വൈകീട്ട് 4.15.
അന്നത്ത്രെ യാത്രക്കിടയിലെ ഒരു സംഭവം, ഒരു പട്ടാള ഭരണത്തിന്റെ തീവ്രത ഞങ്ങൾക്കു മനസ്സിലാക്കിത്തന്നു. ഭുപേൻ ദാ യുടെ കാർ ഒരു ചെക്പോസ്റ്റിൽ തടയുന്നു. തൂവാലയെടുക്കാൻ അദ്ദേഹം ട്രൗസറിന്റെ പോക്കറ്റിൽ കയ്യിടുന്നു. ഒരു പട്ടാളക്കാരൻ അദ്ദേഹത്തിന്റെ കൈ കടന്നു പിടിച്ച് ആക്രോശിച്ചു,
“I will break your neck if you put your hand into your pocket”. നഗരത്തിൽ റെഡ് അലർട്ടാണ്. ഷൂട്ട് അറ്റ് സൈറ്റ്.

ജനക്കൂട്ടത്തിനിടയിലൂടെ കാർ പതുക്കെ മുന്നോട്ടു നീങ്ങി. ഭുപേൻ ദാ പിന്നീടൊന്നും സംസാരിച്ചില്ല, വീടെത്തും വരെ.

13 ജനുവരി, 1998

ദിവസം മുഴുവൻ ഹിന്ദുസ്ഥാൻ പേപ്പർ കമ്പനിയിലായിരുന്നു. താങ്ങവുന്നതിലധികം മുള കയറ്റിയ ലോറികൾ വന്നുകൊണ്ടേയിരുന്നു. ആസ്സാമിൽ ഏറ്റവും കൂടുതൽ വളരുന്നത് മുളയാണെന്നു തോന്നുന്നു.

മറുകരയില്ലാത്ത വ്യസനത്തിന്റെ വേലിയേറ്റത്തിൽ ഭൂപേൻ ദാ കണ്ണടച്ചിരുന്നു. കാറിൽ ആരും ഒന്നും മിണ്ടിയില്ല. പതുക്കെ പതുക്കെ ഞങ്ങളെ ഇരുൾ വിഴുങ്ങി.

വൈകുന്നേരത്തോടെ ഷൂട്ടിങ് തീർത്ത് ഞങ്ങൾ തിരികെ പോകാനൊരുങ്ങി. ഞങ്ങളെ യാത്രയയക്കാൻ കമ്പനിയിലെ ജോലിക്കാരുടെ ഒരു സംഘം കാറിനു ചുറ്റും നിരന്നു. അവർക്കിടയിൽ നിന്ന് കറുത്തു മെലിഞ്ഞ ഒരു മനുഷ്യൻ മുന്നോട്ടു വന്ന് ഭുപേൻ ദായുടെ കൈകൾ രണ്ടും ചേർത്തുപിടിച്ചു:
“ദാദാ, നിങ്ങൾ പാട്ടുകളിൽ പാടിയതൊന്നുമല്ല ഇന്ന് നടക്കുന്നത്. ആസ്സാം നശിച്ചിരിക്കുന്നു. നിങ്ങൾക്കെന്തെങ്കിലും ചെയ്യാനാവുമോ?”
ആ വാചകം മുഴുമിക്കാൻ അയാൾക്കായില്ല. വിങ്ങിപ്പൊട്ടി കരയുകയായിരുന്നു അയാൾ. ഭുപേൻ ദാ അയാളെ ചേർത്തുപിടിച്ചു നിന്നു. വാഹനം നീങ്ങിതുടങ്ങിയപ്പോൾ ദാദാ ആരോടുമല്ലാതെ പറഞ്ഞു; “എനിക്കറിയാം, തീർച്ചയായും അയാൾ ഒരു മുസ്ലീം ആയിരിക്കും.”

മറുകരയില്ലാത്ത വ്യസനത്തിന്റെ വേലിയേറ്റത്തിൽ അദ്ദേഹം കണ്ണടച്ചിരുന്നു. കാറിൽ ആരും ഒന്നും മിണ്ടിയില്ല. പതുക്കെ പതുക്കെ ഞങ്ങളെ ഇരുൾ വിഴുങ്ങി.

വളഞ്ഞു തിരിഞ്ഞ വഴി. ബുള്ളറ്റുകൾ പോലെ ഇരുളിനെ കീറി മുറിക്കുന്ന കാറിന്റെ ഹെഡ് ലൈറ്റുകൾ. ആ വെളിച്ചത്തിൽ, മുന്നിൽ പോകുന്ന ജീപ്പിലെ സ്റ്റെൻ ഗൺ പിടിച്ച പട്ടാളക്കാർ ഇടയ്ക്കിടെ മിന്നി മറഞ്ഞുകൊണ്ടിരുന്നു.

മദനകാമരാജ ക്ഷേത്രം.
മദനകാമരാജ ക്ഷേത്രം.

രാത്രി 8.30.

നാളെ മാഘ ബിഹു.
രാത്രിയിലെ അത്താഴം ഭുപേൻ ദായുടെ വീട്ടിൽ.
ദാദായുടെ പ്രിയ കുശിനിക്കാർ പ്രഭാതും ഭാരതിയും പാചകം ചെയ്ത മട്ടൺ ബിരിയാണിയും പുലാവും. ആഘോഷത്തിന്റെ രാത്രി. നർമവും മദ്യവും കഥകളും. നാളെ അതിരാവിലെ പുറപ്പെടണം. ബിഹുവുമായി ബന്ധപ്പെട്ട് വയലുകളിൽ നടക്കുന്ന ആഘോഷങ്ങാൾ ചിത്രീകരിക്കാൻ. ഈ ബിഹുവിനെ അവർ ‘ചോരി കാ ബിഹു’ (‘കള്ള ബിഹു’) എന്നും വിളിക്കും. ഈ രാത്രി ആർക്കും എന്തു വേണമെങ്കിലും മോഷ്ടിക്കാം. അടുത്ത പുലരി കരുതിവച്ചിരുന്നത് ഞങ്ങൾ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല.

(തുടരും).


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India.


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments