ഭൂപെൻ ഹസാരിക

സമാധാനം വരട്ടെ,
വിപ്ലവത്തിലൂടെ…

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം അഞ്ച്

▮

1998 ജനുവരി 20, ചൊവ്വ.

വിരസമായ ഷൂട്ടിംഗായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി. സ്റ്റേഡിയം, മ്യൂസിയം എന്നിവ. കുറച്ച് രസമുണ്ടായിരുന്നത് ബോഡോസിന്റെയും മറ്റും ചില നൃത്തപരിപാടികളായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തുവരുന്നു. നാളെ പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും പ്രചരണത്തിനെത്തുന്നു. ഇന്നു രാവിലെ നഗാവിനടുത്തുള്ള ജജോരി എന്ന സ്ഥലത്തേക്ക് പോയി. ഇവിടുത്തെ പ്രധാന വ്യവസായം മോഘാ സിൽക് നിർമ്മാണമാണ്. തൊഴിലാളികളിൽ ഭൂരിഭാഗവും അതിർത്തി കടന്നുവന്ന മുസ്ലിംകളാണ്. ഒരു സ്ത്രീതൊഴിലാളിക്ക് കിട്ടുന്ന ദിവസവേതനം 20 രൂപ. ദിവസം ശരാശരി 100 ഗ്രാം സിൽക്ക് അവരുണ്ടാക്കും. 100 ഗ്രാം സിൽക്കിന് വിപണിയിൽ 400 രൂപ കിട്ടും.

നൈഗാവിലേക്കുള്ള യാത്രയിൽ ഭുപേൻ ദായുടെ കഥ.

“ഇന്നാളൊരിക്കൽ കുറച്ചു സുഹൃത്തുക്കളുടെ ഇടയിൽ വച്ച് ഞാൻ ബപ്പി ലാഹിരിയെക്കുറിച്ച് ഒരു പാട്ടുണ്ടാക്കിയിരുന്നു.”

“അമി ബപ്പി ലാഹിരി.
അമി ബപ്പി ലാഹിരി.
ഒപരേഷ് പുത്തർ ബപ്പി ലാഹിരി.
നഹി നർ നഹി നാരി ബപ്പി ലാഹിരി
അമി ബപ്പി ലാഹിരി’’.

“അടുത്തയിടെ ഒരു ‘സ രി ഗ മ’ പ്രോഗ്രാമിന്റെ ഷൂട്ടിങിന് ബപ്പി സ്റ്റേജിൽ പാടുമ്പോൾ ഞാനും ലതാ മങ്കേഷ്കറും സ്റ്റേജിനു പിന്നിൽ നിൽപ്പുണ്ടായിരുന്നു. ലത പതുക്കെ ഈ പാട്ടു പാടി. എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല, ലതയ്ക്കും. ചുറ്റും നിന്നവരൊക്കെ ‘ഇവർക്കിതെന്തു പറ്റി’ എന്ന കൗതുകത്തോടെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു’’.

ലഞ്ചിനുവേണ്ടി ഒരു ധാബയിൽ നിറുത്തി. സമയം മൂന്നു മണി.
ഭക്ഷണം പറാഠയും അച്ചാറും.
ഒരു ബസ് നിറയെ എത്തിയ ആൾക്കാർ ദാദായെ പൊതിഞ്ഞു.
“ദാദാ ഇവിടെ എന്തു ചെയ്യുന്നു?”
ക്ഷമയോടെ അദ്ദേഹം ഡോക്യുമെന്ററിയെപ്പറ്റി വിവരിച്ചു.
തിരികെ വണ്ടിയിൽ കയറുമ്പോൾ ദാദാ പറഞ്ഞു;
“അവരുടെ വിചാരം ഞാൻ അവരുടെ പ്രോപ്പർട്ടിയാണെന്നാണ്’’.

 ലതാ മങ്കേഷ്കർ, ഭൂപെൻ ഹസാരിക.
ലതാ മങ്കേഷ്കർ, ഭൂപെൻ ഹസാരിക.

മടക്കയാത്ര.
ഏറ്റവും മുൻപിൽ സഞ്ചരിച്ചിരുന്നത് ആ പ്രദേശങ്ങളൊക്കെ പരിചയമുള്ള ഒരു തദ്ദേശവാസിയായിരുന്നു. അദ്ദേഹം വണ്ടി നിർത്തി ഞങ്ങളുടെ അടുത്തുവന്നു. കുറച്ചു മുൻപിലായി വയലിൽ ഒരു കാളയോട്ടമൽസരം നടക്കുന്നുണ്ട്. ഷൂട്ട് ചെയ്യാൻ താല്പര്യമുണ്ടോ?

ദാദാ ഒരു നിമിഷം ആലോചിച്ചു.
വലിയ ആൾക്കൂട്ടമുണ്ടാവും, ഉണ്ട്.
ഒഴിവാക്കുന്നതാവും ബുദ്ധി. അല്ലെങ്കിൽ തിരിച്ചുചെല്ലാൻ വളരെ താമസിക്കും.

ഞാൻ ഇടക്കു കയറി പറഞ്ഞു; പക്ഷേ ഇങ്ങനൊന്നു ഷൂട്ട് ചെയ്യാൻ ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ?

‘‘അത് ശരിയാണ്. ഇതെപ്പോഴും നടക്കുന്നതല്ല. ഒരു കാര്യം ചെയ്യ്. മുരളി പോയി ഷൂട്ട് ചെയ്ത് വന്നോളൂ. ഞാൻ ഇവിടെ വണ്ടിയിൽ ഇരുന്നോളാം. ഞാൻ ഇവിടുള്ള കാര്യം ആരോടും പറയണ്ട’’.

ഞാനും ടീം അംഗങ്ങളും ക്യാമറയുമൊക്കെ എടുത്ത് ഉടനെ വയലിലേക്ക് പുറപ്പെട്ടു. അവിടുത്തെ കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. വയലിന്റെ ചുറ്റും ആയിരക്കണക്കിനാളുകൾ നിൽക്കുന്നു. കൂടുതലും മുസ്ലീംകൾ. നടുക്കായി മിടുക്കന്മാരായ കുറെ കാളക്കൂറ്റന്മാരും. ഒരു സൈഡിൽ താൽക്കലിക സ്റ്റേജ് കെട്ടിയിട്ടുണ്ട്. ഒരാൾ മൈക്കിനു പിന്നിൽ നിന്ന് ആൾക്കാർക്കും കാളകൾക്കും പ്രോൽസാഹനം കൊടുക്കുന്നുണ്ട്. ഞാൻ സ്റ്റേജിനോട് ചേർന്ന് ക്യാമറ സെറ്റ് ചെയ്ത് ഷൂട്ടിങ് തുടങ്ങി.

കുറച്ചു സമയം കഴിഞ്ഞു.

വയലിന്റെ ഇടതുഭാഗത്ത് ഒരു ആരവം കേട്ടു തുടങ്ങി. വയലിൽ നിന്നിരുന്ന പലരും ആ ഭാഗത്തേക്ക് ഓടുന്നതുകാണാം. ആരവവും ആൾക്കൂട്ടത്തിന്റെ ഓട്ടവും എന്നെ ഭയപ്പെടുത്തി. ആസ്സാമിലെ ഇന്നത്തെ സാഹചര്യത്തിൽ എന്തും സംഭവിക്കാം. അടുത്തുകിടന്ന ഒരു കസേരയുടെ മുകളിൽ കയറി അവിടെ എന്താണു നടക്കുന്നതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമമായി. ദൂരെനിന്ന് ഒരാൾക്കൂട്ടം ഒരു കാർ തള്ളിക്കൊണ്ട് വയലിലേക്ക് വരുന്നു. പതുക്കെപ്പതുക്കെ ഞാൻ തിരിച്ചറിഞ്ഞു, അത് ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ ആയിരുന്നു. അതിന്റെ പിൻസീറ്റിൽ നിറഞ്ഞ ചിരിയോടെ ഭുപേൻ ദായും, ‘പെട്ടു പോയി’ എന്ന മുഖഭാവത്തോടെ കൽപനയും ഉണ്ടായിരുന്നു.

വഴിയിൽവച്ച് ആരോ ദാദായെ തിരിച്ചറിഞ്ഞു. നിവൃത്തിയില്ലാതെ അദ്ദേഹത്തിന് മൽസരസ്ഥലത്തെത്തി ആൾക്കാരെ അഭിസംബോധന ചെയ്യേണ്ടിവന്നു. കൂടിക്കൂടിവന്ന ജനക്കൂട്ടം അദ്ദേഹത്തെ വാഹനത്തോടെ വേദിയിലെത്തിച്ചു. വയലിലുണ്ടായിരുന്ന ജനം മുഴുവൻ കാളകളെ ഉപേക്ഷിച്ച് സ്റ്റേജിനു ചുറ്റും കൂടി.

അദ്ദേഹം ആസ്സമീസ് ഭാഷയിൽ പ്രസംഗിച്ചു തുടങ്ങി. ഞാൻ ക്യാമെറ കയ്യിലെടുത്ത്, ഒരു കാൽ കസേരയിലും ഒരു കാൽ സ്റ്റേജിന്റെ വക്കിലെ ഒരു മുളയിലും ചവിട്ടി അതു ഷൂട്ട് ചെയ്യാൻ തുടങ്ങി. അതിനിടെ ജനത്തിനിടയിൽ നിന്ന് ആരോ അദ്ദേഹത്തോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലുമെടുക്കാതെ അദ്ദേഹം പാടി തുടങ്ങി.

ബിസ്തീർണ പരറെ
അസംഖ്യ ജനറെ
ഹാഹാകാർ ശുനിയോ
നിശ്ശബ്ദേ നിരവേ
ബുഢാ ലൂയിത് തുമി
ബുഢാ ലൂയിത് ബോവാ കിയോ?

ഇത്രയും പാടി അദ്ദേഹം ഒന്നു നിർത്തി.
ഒരു നിമിഷത്തെ നിശ്ശബ്ദത.
പതുക്കെ, ശേഷം ഭാഗം ജനക്കൂട്ടം പാടിത്തുടങ്ങി.

നൈതികതാർ സ്കലൻ ദേഖിയോ
മാനവതാർ പതൻ ദേഖിയോ
നിർലജ്ജ ഒലസഭാവേ ബോവാ കിയോ?

എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ ഗാനത്തിന്റെ അടുത്ത വരികൾ ആ ജനക്കൂട്ടം പൂരിപ്പിച്ചു. അവിടെനിന്ന ആയിരങ്ങൾക്ക് ആ പാട്ട് ഹൃദിസ്ഥമായിരുന്നു. എനിക്കുചുറ്റും അതിലെ വരികൾ പ്രകമ്പനം കൊണ്ടു. ആയിരങ്ങളുടെ സ്വരത്തിൽ ഒരേ ഗാനം. ദാദായുടെ ഘനഗംഭീരശബ്ദം ആ ആൾക്കൂട്ടത്തിനു താളം നൽകി. ആ തിരമാലയിൽ പെട്ട്, ഒരു കസേരക്കൈയിലും മുളങ്കാലിലും ചവിട്ടിനിന്ന്, ഒരു ലോ, വൈഡ് ആങ്ഗിൾ ലെൻസിലൂടെ, ആകാശത്തോളം വളർന്നു നിൽക്കുന്ന ഭുപേൻ ദായെ ഞാൻ തൊട്ടറിഞ്ഞു. ദാദാ മുൻപ് പറഞ്ഞ കഥകളുടെയെല്ലാം സത്യം ഞാനറിഞ്ഞു.

സംഗീതജ്ഞൻ സൂര്യ ഗോസ്വാമി ഭൂപൻ ഹസാരികയ്ക്കൊപ്പം.
സംഗീതജ്ഞൻ സൂര്യ ഗോസ്വാമി ഭൂപൻ ഹസാരികയ്ക്കൊപ്പം.

‘‘ബിസ്തീർണ പരറെ
അസംഖ്യ ജനറെ
ഹാഹാകാർ ശുനിയോ
നിശ്ശബ്ദേ നിരവേ
ബുഢാ ലൂയിത് തുമി
ബുഢാ ലൂയിത് ബോവാ കിയോ?’’

‘‘വിശാലമായ തീരങ്ങളിൽ,
അസംഖ്യം മനുഷ്യരുടെ
ഹാഹാകാരം കേട്ടിട്ടും
നിശ്ശബ്ദമായി, നിർവികാരമായി
ഓ, മഹാനദിയായ ലൂയിത്തേ,
നീ എന്തിന് ഒഴുകുന്നു?’’

‘‘നൈതികതാർ സ്കലൻ ദേഖിയോ
മാനവതാർ പതൻ ദേഖിയോ
നിർലജ്ജ ഒലസഭാവേ ബോവാ കിയോ’’

‘‘നൈതികതയുടെ ഇടിവ് കണ്ടിട്ടും,
മാനവതയുടെ തകർച്ച കണ്ടിട്ടും,
നിർലജ്ജമായ അലസതയോടെ
നീ എന്തിന് ഒഴുകുന്നു?’’

‘‘ജ്ഞാനബിഹീൻ നിരക്ഷറർ
ഖാദ്യബിഹീൻ നാഗരികർ
നേതൃബിഹീനതാത് നിമാത് കിയോ?’’

‘‘ജ്ഞാനമില്ലാത്ത, നിരക്ഷരരായ
ഭക്ഷണമില്ലാത്ത പൗരന്മാരുടെ
നേതൃത്വമില്ലായ്മയിൽ
നീ എന്തിന് മിണ്ടാതിരിക്കുന്നു?’’

‘‘സഹസ്ര ബാരിഷാർ
ഉന്മാദനാർ
അഭിജ്ഞതാരെ
പംഗു മാനവക്
സബൽ സംഘംറാമി,
ആരു അഗ്രഗാമി
കരി നൊതോലാ കിയോ?’’

‘‘ആയിരക്കണക്കിന് വർഷങ്ങളുടെ
ഉന്മാദത്തിന്റെയും അനുഭവത്തിന്റെയും ബലത്തിൽ,
ഈ ബലഹീന മനുഷ്യനെ
ശക്തനും പോരാളിയും
മുന്നേറുന്നവനുമായി
മാറ്റാതെ നീ എന്തിന്?’’

‘‘വ്യക്തി ജദി വ്യക്തികേന്ദ്രിക്
സമഷ്ടി ജദി വ്യക്തിത്വരഹിത
തേനേ ശിഥിൽ സമൂഹക് നാഭാങാ കിയോ?’’

‘‘വ്യക്തി സ്വാർത്ഥകേന്ദ്രിതനാകുമ്പോൾ,
സമൂഹം വ്യക്തിത്വരഹിതമാകുമ്പോൾ,
അത്തരമൊരു ശിഥില സമൂഹത്തെ
നീ എന്തിന് തകർക്കുന്നില്ല?’’

‘‘തുമിയെ ജദി ബ്രഹ്മാരെ പുത്ര
സെയ് പിതൃത്വ തേനെ നാം മാത്ര
നഹോലെ പ്രേരണ നിദിയാ കിയോ?’’

‘‘നീ തന്നെ ബ്രഹ്മാവിന്റെ പുത്രനാണെങ്കിൽ,
അത് പേരിൽ മാത്രം ആണോ?
അല്ലെങ്കിൽ പ്രചോദനം നൽകാതെ
നീ എന്തിന് നിൽക്കുന്നു?’’

‘‘ഉന്മത്ത ധരാരെ
കുരുക്ഷേത്രരെ
ശരശയ്യാതെ
ആലിംഗന കരാ
ഭീഷ്മരൂപി
അജസ്ര വീരക്
ജഗായി നൊതോലാ കിയോ?’’

‘‘ഉന്മത്തമായ ഭൂമിയിൽ,
കുരുക്ഷേത്രത്തിന്റെ
ശരശയ്യയിൽ കിടക്കുന്ന
ഭീഷ്മരെപ്പോലുള്ള
അസംഖ്യം വീരന്മാരെ
നീ എന്തിന് ഉണർത്തുന്നില്ല?’’

‘‘ബിസ്തീർണ പരറെ
അസംഖ്യ ജനറെ
ഹാഹാകാർ ശുനിയോ
നിശ്ശബ്ദേ നിരവേ
ബുഢാ ലൂയിത് തുമി
ബുഢാ ലൂയിത് ബോവാ കിയോ?...

(https://www.youtube.com/watch?v=0LXdS5cRbt0)

ആ ജനക്കൂട്ടത്തെ വിട്ടുപോരാൻ മണിക്കൂറുകളെടുത്തു. ധാരാളം പേർ മെയിൻ റോഡ് വരെ ഞങ്ങളെ അനുഗമിച്ചു. സൈക്കിളുകളിലും വാഹനത്തോടൊപ്പം ഓടിയും കുറേപ്പേർ അതിനുശേഷവും.

കുറേ മിനിട്ടുകളിലെ നിശ്ശബ്ദതക്കുശേഷം ഭുപേൻ ദാ പറഞ്ഞു;
“ഒരു സ്കൂൾ നോട്ട് ബുക്കുമായി ഒരു കുട്ടി എന്റെ അടുക്കൽ വന്നിരുന്നു, എന്റെ കാൽ തൊട്ടിട്ട് അവൻ ആ ബുക്ക് എനിക്കുതന്നു, ഓട്ടോഗ്രാഫിനുവേണ്ടി. അവൻ സ്കൂളിൽ പോകുന്ന, മിടുക്കനായ ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ചോദിച്ചു, ഇതിൽ ഞാൻ എന്തെഴുതണം?”

അവൻ ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ടു പറഞ്ഞു;
“സമാധാനം വരട്ടെ... വിപ്ലവത്തിലൂടെ’’.

അന്തി മയങ്ങിയിരിക്കുന്നു.
ചുവന്നുതുടുത്ത മാനത്തിനു കീഴെ, മുളങ്കാടുകൾക്കുനടുവിലെ ഇരുട്ടിലൂടെ ഞങ്ങളുടെ പ്രയാണം. ഇനി മണിക്കൂറുകളെടുക്കും ഗുവാഹട്ടിയിലെത്താൻ.

(യാത്ര അവസാനിക്കുന്നില്ല…)


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India - Part 5


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments