‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം ആറ്.
▮
1988 ജനുവരി 22, വ്യാഴം.
രണ്ട് ദിവസങ്ങളായി സെറി കൾചറും ടീ ഓക്ഷ്നും ഒക്കെയായിരുന്നു ഷൂട്ടിങ്ങ്. ഒരു ദിവസം മുഴുവൻ ടീ ഓക്ഷൻ സെന്ററിലായിരുന്നു. അടുത്ത കാലം വരെ ഓക്ഷൻ നടന്നിരുന്നത് കൽക്കട്ടയിലായിരുന്നു. തേയില ഉല്പാദനം ആസ്സാമിലാണെങ്കിലും തേയിലയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കപ്പെട്ടിരുന്നത് കൽക്കട്ടയിലായിരുന്നു. AASU- വിന്റെ പ്രക്ഷോഭങ്ങൾ തുടങ്ങിയതിനു ശേഷമാണ് ഗുവഹത്തിയിലേക്ക് മാറ്റിയത്.
ഇന്നലെ വൈകീട്ട് ഇന്ദിര പി. പി. ബോറയും അവരുടെ മകൾ മേനകയും കൂടിയുള്ള നൃത്തമായിരുന്നു. ഇന്ദിര പി. പി. ബോറ ബഹുമുഖ നർത്തകിയാണ്. ഭരതനാട്യം, കുച്ചുപ്പുടി, സത്രിയ എന്നീ നൃത്തരൂപങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അവരുടെ നൃത്തയാത്ര ആസാമിലെ സോനാരിയിലെ ചായത്തോട്ടങ്ങളിൽ നിന്നാണ് ആരംഭിച്ചത്. ചെറുപ്പത്തിലെ തന്നെ റോഷേശ്വർ സൈകിയ ബർബയാന്റെ കീഴിൽ വൈഷ്ണവ കലാരൂപമായ സത്രിയ നൃത്തം അഭ്യസിച്ചു. തുടർന്ന് 15 വർഷത്തോളം അവർ ചെന്നൈയിൽ രുക്മിണീദേവി അരുണ്ഡേലിനു കീഴിൽ ഭരതനാട്യവും ശേഷം വെമ്പട്ടി ചിന്നസത്യത്തിന്റെ കുച്ചുപ്പുടിയും പഠിച്ചു.
ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര മറ്റ് അധ്യായങ്ങൾ വായിക്കാം, കേൾക്കാം
നൃത്തത്തിനും സംസ്കാരത്തിനുമായി വടക്കുകിഴക്കൻ മേഖലയിൽ “കലാഭൂമി” എന്ന കേന്ദ്രം അവർ സ്ഥാപിച്ചു. ഇത് സത്രിയ നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേദിയൊരുക്കി. സത്രിയയോടുള്ള അവരുടെ സ്നേഹം രാജ്യാതിർത്തികൾക്കപ്പുറം വ്യാപിച്ചു. 1985-ൽ ലണ്ടനിലെ BBC ടെലിവിഷനിൽ സത്രിയയും ദേവദാസി നൃത്തവും അവതരിപ്പിച്ച ആദ്യ വ്യക്തിയായി അവർ. സത്രിയ നൃത്തത്തിന്റെ പുനരുജ്ജീവനത്തിനായുള്ള സംഭാവനകൾക്ക് 1996-ൽ സംഗീത നാടക അക്കാദമി പുരസ്കാരവും 2020-ൽ പദ്മശ്രീയും അവർക്കു ലഭിച്ചു.

▮
രാത്രി പതിനൊന്ന് മണിയോടെ തേസ്പൂരിൽ എത്തി. ബോഡോസിന് വളരെ പ്രസക്തിയുള്ള ഒരു ടൗൺ. മഞ്ഞു പുതച്ചുറങ്ങിക്കിടക്കുന്ന ആ ചെറിയ പട്ടണത്തിലെ കന്യാപൂർ എന്ന ഹോട്ടലിലെത്തി.
▮
1988 ജനുവരി 24, ശനി.
ഇന്നലെ മുഴുവൻ ചിത്രലേഖ ഉദ്യാനം എന്നറിയപ്പെടുന്ന കോൾ പാർക്കിലായിരുന്നു. 1906- ൽ പണി കഴിപ്പിച്ച ഈ ഉദ്യാനത്തിൽ നിറയെ നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ ശിൽപ്പങ്ങളും മറ്റുമാണ്.
ഇന്ന് രാവിലെ ഭലുക്പോങിലെത്തി. ഈ ചെറിയ പട്ടണം അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലാണ്. അതിമനോഹരമായ പർവത നിരകളുടേയും അതിനിടയിലൂടെ ഒഴുകുന്ന കാമെങ് നദിയുടേയും ദൃശ്യഭംഗി. ഓർക്കിഡുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ടിപ്പി ഓർക്കിഡേറിയവും ഇവിടെത്തന്നെയാണ്.
അപ്രതീക്ഷിതമായി വഴിയോരത്ത് ഒരു മലയാളി റെസ്റ്റോറന്റ്. കുറേ ദിവസങ്ങൾ കൂടി ദോശയും തേങ്ങാ ചമ്മന്തിയും. രാത്രി മീനയെ വിളിക്കുമ്പോൾ പറയണം, ഒരു മലയാളി വിജയനാണ് അതിന്റെ ഉടമസ്ഥൻ. വർക്കലയിൽനിന്ന് ആർമി ജീവനക്കാരനായി ഇവിടെയെത്തി റിട്ടയർമെന്റിനു ശേഷം ഇവിടെത്തന്നെ കൂടിയ ആൾ.
വഴിയിലൂടെ നടക്കുമ്പോൾ പോലീസിന്റെയും പട്ടാളത്തിന്റെയും കണ്ണുകൾ നമ്മളെ പിന്തുടരുന്നത് അറിയാമായിരുന്നു. പുറത്തു നിന്നെത്തിയ ആൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.
വിജയൻ പറയുന്നു:
‘‘ബോഡോകൾ എനിക്കൊരു പ്രശ്നമേയല്ല. വല്ലപ്പോഴുമൊക്കെ അവരുടെ ആവശ്യങ്ങൾക്കു വേണ്ടി കുറച്ച് അരിയോ പൈസയോ ഒക്കെ ഞാൻ കൊടുക്കും. എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവരും സഹായിക്കും. ഒരു മ്യൂച്വൽ അണ്ടർസ്റ്റാന്റിങ്ങ്. No problems’’.
രാഷ്ട്രീയ സമസ്യകൾ വിജയനെ കുഴപ്പിക്കുന്നില്ല. നിലനിൽപ്പാണ് ആദ്യത്തെ പ്രശ്നം. എല്ലാ കുടിയേറ്റക്കാരുടേയും ആദ്യ പ്രശ്നം നിലനിൽപ്പാണ്. പതുക്കെപ്പതുക്കെ കുടിയേറ്റക്കാർ സ്ഥിരവാസികളായി തുടങ്ങുമ്പോൾ രാഷ്ട്രീയ സമസ്യകൾ അവരുടെ മുൻപിൽ ചോദ്യചിഹ്നങ്ങളായെത്തുന്നു. ബോഡോകൾക്ക് വളരെ സ്വാധീനമുള്ള സ്ഥലമാണ് തേസ്പൂർ.
വലിയൊരു പോലീസ് സന്നാഹം തന്നെ ദാദായ്ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ വാഹന വ്യൂഹത്തിനു മുൻപിലും പിന്നിലുമായി അവർ ജീപ്പുകളിൽ സഞ്ചരിച്ചു. ജനുവരി 26- ന് മുന്നോടിയായി ULFA- യും ബോഡോസും സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. അത് നഗരത്തിലെ സെക്യൂരിറ്റി കരുതലിനെ ഇരട്ടിപ്പിച്ചു. ഞാൻ ഇതെഴുതാൻ തുടങ്ങിക്കഴിഞ്ഞുതന്നെ രണ്ട് പ്രാവശ്യം വൈദ്യുതി നിലച്ചിരുന്നു. പുറത്തെ ന്നിരത്തിൽ ഒരാളെപ്പോലും കാണാനില്ല. വല്ലപ്പോഴും പാഞ്ഞുപോകുന്ന പട്ടാളവാഹനങ്ങളുടെ ഇരമ്പം മാത്രം. ഏഴിനുശേഷം ഹോട്ടലിന് പുറത്തിറങ്ങരുതെന്ന് ഞങ്ങൾക്ക് കർശന നിർദ്ദേശമുണ്ടായിരുന്നു.

ഹോട്ടലിലെ മുറികളിൽ മിക്കവയും ഒഴിഞ്ഞു കിടക്കുന്നു. താഴെ ലോബിയോടുചേർന്ന് ബിയർ ബാറുണ്ട്. പക്ഷെ ഇതുവരെയും ആരും അവിടെയിരുന്ന് മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നാം ആവശ്യപ്പെടുന്നതനുസരിച്ച് ഭക്ഷണമുണ്ടാക്കി തരും. സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു അടുക്കള തന്നെയുണ്ടെന്ന് തോന്നുന്നില്ല. ആ ഹോട്ടലിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് നാളുകളായി എന്ന് കണ്ടാലറിയാം.
ഇന്നലെ വൈകീട്ട് നഗരവീഥിയിൽ കുറേ ആൾക്കാരുണ്ടായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ പോലീസിന്റെയും പട്ടാളത്തിന്റെയും കണ്ണുകൾ നമ്മളെ പിന്തുടരുന്നത് അറിയാമായിരുന്നു. പുറത്തു നിന്നെത്തിയ ആൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.
വഴിയിലെ കടയിൽനിന്ന് നോർത്ത് ഈസ്റ്റിന്റെ ഒരു മാപ്പ് വാങ്ങി, 12 രൂപ.
ടി.വിയിൽ ‘ചൗധവി കാ ചാന്ദ്’, 1960- ൽ ഗുരു ദത്ത് സംവിധാനം ചെയ്ത ഹിന്ദി ചിത്രം. ഞങ്ങളോടൊപ്പമുള്ള, കൽപനയുടെ അസിസ്റ്റന്റ് ഗോവിന്ദ്ജി ഈ ചിത്രത്തിൽ ജോലി ചെയ്തിട്ടുണ്ട്. പഴയകാല സിനിമാജീവിതത്തെക്കുറിച്ചുള്ള സ്മരണകളിൽ, ഉറക്കത്തിലേക്ക്.
ULFA- യും ബോഡോസും എല്ലാ സർക്കാർ പരിപാടികളും നിരോധിച്ചിരിക്കുന്നു. സർക്കാരിന്റെ റിപ്പബ്ലിക്ദിന പരിപാടികളുടെ പ്രക്ഷേപണം പോലും ലോക്കൽ കേബിൾ ടി.വി വേണ്ടെന്നുവച്ചിരിക്കുന്നു.
1998 ജനുവരി 26, തിങ്കൾ.
ഇന്നലെ മഹാഭൈരവ് ക്ഷേത്രത്തിലായിരുന്നു. ബാണാസുരനാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് സങ്കൽപം. ശൈവാരാധനയിലെ പ്രധാന ഉൽസവമായ ശിവരാത്രി ഇവിടെ വലിയ തോതിൽ ആഘോഷിക്കപ്പെടുന്നു. രസകരമായ കാര്യം, ഇവിടുത്തെ പ്രസാദം ഭാംഗ് (കഞ്ചാവ്) ചേർത്ത ലഡ്ഡു ആണെന്നതാണ്. പ്രതിഷ്ഠയായ ശിവലിംഗം ദിനംപ്രതി വളരുന്നുവെന്നാണ് വിശ്വാസം; വിശ്വാസം, അതല്ലേ എല്ലാം…
ഇന്ന് ബന്ദ്.
ഹോട്ടലിന്റെ പ്രധാന വാതിൽ മുതൽ പുറത്ത് കടകമ്പോളങ്ങൾ വരെ എല്ലാം അടഞ്ഞുകിടക്കുന്നു. ഞാൻ ദിവസം മുഴുവൻ കിടന്നുറങ്ങി. കുറേ ദിവസത്തെ ക്ഷീണം തീർക്കാൻ കിട്ടിയ അവസരം. പട്ടാള ഫ്ലാഗ് മാർച്ചിലെ ഡസൻ കണക്കിനു ബൂട്സുകളുടെ ശബ്ദം ഇടയ്ക്കിടെ ഉണർത്തിയെന്ന് മാത്രം.
ULFA- യും ബോഡോസും എല്ലാ സർക്കാർ പരിപാടികളും നിരോധിച്ചിരിക്കുന്നു. സർക്കാരിന്റെ റിപ്പബ്ലിക്ദിന പരിപാടികളുടെ പ്രക്ഷേപണം പോലും ലോക്കൽ കേബിൾ ടി.വി വേണ്ടെന്നുവച്ചിരിക്കുന്നു.

മുൻപൊരിക്കൽ ഞാൻ ആസാമിൽ വന്നപ്പോൾ പരിചയപ്പെട്ടിരുന്ന ചന്ദ്രപ്രകാശ് ഒരു സുഹൃത്തിനോടൊപ്പം കാണാനെത്തി. അദ്ദേഹത്തിന് തേസ്പൂരിൽ ഹിന്ദി നാടകങ്ങൾ ചെയ്യുന്ന ഒരു സംഘമുണ്ട്. ആസ്സാമിൽ ഒരു ഹിന്ദി നാടകശാല നടത്തുന്നതിലെ പ്രയാസങ്ങൾ പറഞ്ഞ് കുറേ നേരമിരുന്നു. വരുന്ന വഴിയിൽ പട്ടാളമല്ലാതെ മറ്റൊന്നും കാണ്മാനില്ലായിരുന്നു എന്നും പറഞ്ഞു.
നാളെ രാവിലെ നഗോങ്ങിലേക്ക് പുറപ്പെടണം. പുറത്ത് ഒരു പട്ടാളവണ്ടിയുടെ ഇരമ്പം അകന്ന് പോകുന്നു.
1998 ജനുവരി 28, ബുധൻ.
നഗോങ്.
ഗുവാഹത്തിയിൽനിന്ന് ഏതാണ്ട് 125 കിലോമീറ്റ്ർ ദൂരെ കൊലോങ് നദിയോട് ചേർന്നുകിടക്കുന്ന ഒരു ചെറിയ പട്ടണം. ആത്മീയാചര്യനായ ശങ്കർദേവ് ജനിച്ചത് ഇവിടെയാണ്.
ശ്രീമന്ത ശങ്കർദേവ (1449–1568) 15–16 നൂറ്റാണ്ടുകളിലെ ഒരു ആസാമീസ് ബഹുമുഖ പ്രതിഭയായിരുന്നു. സന്യാസിയും പണ്ഡിതനും കവിയും നാടകകൃത്തും നർത്തകനും അഭിനേതാവും സംഗീതജ്ഞനും കലാകാരനും സാമൂഹ്യ- മത പരിഷ്കർത്താവുമായിരുന്ന അദ്ദേഹം, ആസാമിലെ ഭക്തിപ്രസ്ഥാനത്തിന്റെ സാംസ്കാരികവും മതപരവുമായ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്.

അദ്ദേഹം ആരംഭിച്ച ഭഗവതധിഷ്ഠിത മതപ്രസ്ഥാനമാണ് ഏകശരണ ധർമ്മം (Neo-Vaishnavite movement). അദ്ദേഹത്തിന്റെ അനുയായികളുടെ കൂട്ടായ്മ പിന്നീട് “സത്ര”കളായി വികസിച്ചു, ഇന്നും ആസാമിലും വടക്കൻ ബംഗാളിലും പ്രധാന സാമൂഹ്യ- മത സ്ഥാപനങ്ങളായി തുടരുന്നു.
ശങ്കർദേവ് തന്റെ മതത്തിലേക്കുള്ള പ്രവേശനത്തിനായി “ശരണ” എന്ന ദീക്ഷാ സംവിധാനം ആരംഭിച്ചു. ആ കാലത്ത് നിലനിന്നിരുന്ന ജാതിവിവേചനത്തിനെതിരെ പോരാടിയ അദ്ദേഹം, മുസ്ലിംകളടക്കം എല്ലാ ജാതി-മതക്കാരെയും ഈ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചു. ദീക്ഷയ്ക്കുശേഷം, അനുയായികൾ ഒരേയൊരു ദൈവമായ ശ്രീകൃഷ്ണനെ ആരാധിച്ച്, എല്ലാ വേദാചാരങ്ങളും ഉപേക്ഷിച്ച്, ഭക്തിയോടെ ജീവിക്കണമെന്ന് ഏകശരണ ധർമ്മം ഉപദേശിക്കുന്നു.
ആസാമിലുടനീളം കാണുന്ന ‘നാംഘറു’കൾ ഇതിന്റെ തുടർച്ചയാണ്. മംഗോളിയൻ- ചൈനീസ് പ്രേരണകൾ ഇവിടുത്തെ ചുവരുകളിലെ കൊത്തുപണികളിൽ കാണാം. 500 വർഷങ്ങൾക്കുശേഷവും ആസാം ജനത ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ തുടരുകയും നാംഘറുകളിൽ പോയി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഓരോ ഗ്രാമത്തിലും നിങ്ങൾക്ക് ഒട്ടേറെ നാംഘറുകൾ കണ്ടെത്താനാവും. ഇവിടെയൊന്നും വിഗ്രഹാരാധനയില്ല, സന്ന്യാസിമാരില്ല. പ്രാർത്ഥന മാത്രം.

ദാദാ പറയുന്നു: ശങ്കർദേവിന്റെ ആശയങ്ങൾ ഗാന്ധിജിയെ വളരെ സ്വാധീനിച്ചിരുന്നു. 1921-ലെ ആദ്യ സന്ദർശനത്തിൽ അദ്ദേഹം അസമിലെ നെയ്ത്തുകാരെയും ഖാദിപ്രസ്ഥാനത്തെയും പ്രശംസിക്കുകയും പിന്നീട് Young India-യിൽ ആസാമിനെക്കുറിച്ച് എഴുതുകയും ചെയ്തു. 1934-ലെ സന്ദർശനത്തിൽ അദ്ദേഹം ആസ്സാമിലെ നാംഘറുകൾ സന്ദർശിക്കുകയും അസ്പൃശ്യതക്കെതിരായ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ചില നാംഘറുകൾ ദലിതർക്കായി തുറന്നുകൊടുക്കുന്നതിന് അദ്ദേഹത്തിന്റെ സന്ദർശനം പ്രചോദനമായതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
വിശ്വാസത്തിന്റെ വിവിധ രീതികൾ കാലങ്ങളായി നാം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഇന്നുവരെ ധൈര്യപ്പെട്ടിട്ടില്ലെന്നുമാത്രം.
നാളെ കാസിരംഗയിലേക്ക്, ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലത്തേക്ക്.
(യാത്ര അവസാനിക്കുന്നില്ല…)

