കാസിരംഗയിലെ ഹോട്ടലിൽ ഭൂപെൻ ഹസാരിക.

കാസിരംഗയും
മനുഷ്യൻ മനുഷ്യനെ
കൊന്നതിന്റെ കണക്കും

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം ഏഴ്.

▮

കാസിരംഗ.
1998 ജനുവരി 29, വെള്ളി.
നഗോങ്ങിൽനിന്ന് കാസിരംഗയിലേക്കുള്ള യാത്ര.

വെളുപ്പിനെ പുറപ്പെട്ടു. ആദ്യത്തെ സ്റ്റോപ്പ് പ്രസിദ്ധ ഗായിക പർവീൺ സുൽത്താനായുടെ വീടായിരുന്നു. വാഹനം നിർത്തി വീട്ടിലേക്ക് കയറുമ്പോൾ ദാദാ മന്ദസ്വരത്തിൽ ‘കൗൻ ഗലി ഗയോ ശ്യാം’ എന്ന ‘പകീസാ’യിലെ സുപ്രസിദ്ധ ഗാനം മൂളുന്നുണ്ടായിരുന്നു. https://www.youtube.com/watch?v=4z8TyKSed1E

പക്കീസ, പർവാന, വിജേത തുടങ്ങി ഒട്ടേറെ സിനിമകൾക്കുവേണ്ടി അവർ പാട്ട് പാടിയിട്ടുണ്ട്. പദ്മശ്രീ അടക്കം ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട്. ഇന്ന് ഈദ് ആയതിനാൽ പായസം തന്നാണ് അവർ ഞങ്ങളെ യാത്രയാക്കിയത്.

1998 ജനുവരി 30, വെള്ളി.

ഉച്ചയോടെ കാസിരംഗയിലെത്തി.
ഭുപേന്ദായുടെ ഒരു പാട്ടിൽ കാസിരംഗയെ പരാമർശിക്കുന്നുണ്ട്.

▮

ആസ്സാമിലെ ഗോലഘട്ട്, നഗോവൻ ജില്ലകളിലായാണ് കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന റൈനോസൊറസ്- ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെയാണ്.

1905-ൽ റിസർവ് ഫോറസ്റ്റ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി. 471 ചതുരശ്ര കിലോമീറ്ററാണ് ഈ നിത്യഹരിതവനമേഖലയുടെ വിസ്തൃതി.

1980-കളിൽ തുടങ്ങി ULFA അംഗങ്ങൾ വന്യജീവികളെ സംരക്ഷിക്കുകയും ചില സംഭവങ്ങളിൽ വേട്ടക്കാരെ കൊന്നുതള്ളുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

2017-ൽ, കാസിരംഗ സംരക്ഷണം കടുത്ത വിമർശനങ്ങൾക്കിടയാക്കി. BBC News ഡോക്യുമെന്ററി, സംരക്ഷണനയങ്ങൾ അതിവാദപരമാണെന്ന് ആരോപിക്കുകയും, കാണ്ടാമൃഗ സംരക്ഷണത്തിന്റെ പേരിൽ വർഷംതോറും ഏകദേശം 20 പേർ കൊല്ലപ്പെടുന്നതായും റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളിൽ ചിത്രീകരണം നടത്തുന്നതിൽനിന്ന് ബി.ബി.സി ന്യൂസിനെ അഞ്ചു വർഷത്തേക്ക് വിലക്കുകയും ചെയ്തു. പിന്നീട് BBC ക്ഷമ ചോദിച്ചുവെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും BBC നേതൃത്വം, Tony Hall, ഈ റിപ്പോർട്ടുകളെ നിരാകരിക്കുകയും ഡോക്യുമെന്ററിക്ക് പിന്തുണ നൽകുകയും ചെയ്തു.

▮

വൈകുന്നേരത്തോടെ വനാതിർത്തിക്കുള്ളിലെ ഒരു ഹോട്ടെലിലെത്തി. നാളെ രാവിലെ വനത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു.

രാവിലെ ഫോറസ്റ്റ് റേഞ്ചർ ബോറ ഞങ്ങളെ ഗൈഡ് ചെയ്യാനെത്തി. രണ്ട് ഫോറസ്റ്റ് ജീപ്പുകളിലായി ഞങ്ങളുടെ സംഘം യാത്ര തുടങ്ങി. വളഞ്ഞുപുളഞ്ഞ ചെമ്മൺ പാത. ഏതാണ്ട് 15 മിനിട്ട് കഴിഞ്ഞു. മുൻപിലായി ഞാനും ബോറയും സഞ്ചരിച്ചിരുന്ന ജീപ്പ് പെട്ടെന്ന് നിന്നു. കുറച്ച് ദൂരേക്ക് ഡ്രൈവർ വിരൽചൂണ്ടി. ഒരു കാണ്ടാമൃഗം ഞങ്ങൾക്കുനേരെ നടന്നുവരുന്നു.

“ഷൂട്ട് ചെയ്യട്ടേ?”, ഉൽസാഹത്തോടെ ഞാൻ ബോറയോട് ചോദിച്ചു. മൃഗത്തെ സൂക്ഷിച്ച് നോക്കി അദ്ദേഹം കൈകൊണ്ട് ശരി എന്ന് ആംഗ്യം കാട്ടി.
ഞാൻ വാതിൽ തുറന്നുപിടിച്ച്, ക്യാമറ വാതിലിൽ വച്ച് ഷൂട്ടിങ് തുടങ്ങി.

കാണ്ടാമൃഗം ഞങ്ങളുടെ നേരേ തന്നെ നടക്കുകയാണ്. കുലുങ്ങിക്കുലുങ്ങിയുള്ള നടപ്പിന് അസാമാന്യ ഭംഗിയുണ്ടെങ്കിലും എനിക്ക് ചെറിയ പേടി തുടങ്ങി.
‘ഷൂട്ടിങ് നിർത്തണോ?” ക്യാമറയിൽ നിന്ന് കണ്ണെടുക്കാതെ, പിന്നിൽ നിൽക്കുന്ന ബോറയോട് ഞാൻ ചോദിച്ചു.
എന്റെ ചെവിക്കുപിറകിൽ മുഖമടുപ്പിച്ച് വളരെ പതിയെ അദ്ദേഹം പറഞ്ഞു: “വേണ്ട, തുടർന്നോളൂ, അതൊന്നും ചെയ്യില്ല’’.

കാസിരംഗയിൽ കാണ്ടാമൃഗവുമായി ഒരു ‘കൂടിക്കാഴ്ച’.
കാസിരംഗയിൽ കാണ്ടാമൃഗവുമായി ഒരു ‘കൂടിക്കാഴ്ച’.

കാണ്ടാമൃഗവും ഞാനും തമ്മിൽ ഇനി 20 അടി ദൂരമേയുള്ളൂ.
എന്റെ കയ്യും കാലും വിറച്ചുതുടങ്ങി. ‘ഇവിടെനിന്ന് നാമെങ്ങനെ രക്ഷപ്പെടും’ എന്ന രീതിയിൽ ഞാൻ എന്തൊ​ക്കെയോ ബോറയോട് ചോദിച്ചുകൊണ്ടിരുന്നു. അയാൾ എന്റെ തോളിൽ കൈ അമർത്തി, ‘പേടിക്കേണ്ട’ എന്ന് ചെവിയിൽ മന്ത്രിച്ചുകൊണ്ടിരുന്നു.

ഞാൻ ക്യാമറയിൽനിന്ന് കണ്ണടുത്തു. ലെൻസിലൂടെ കാണുന്നതിലും വലുതായി ആ വലിയ മൃഗം എന്റെ നേരേ നടന്നടുക്കുന്നു.
“ഇനി എന്തുചെയ്യും?” അവന്റെ മുഖത്തുനിന്ന് കണ്ണെടുക്കാൻ ധൈര്യപ്പെടാതെ ഞാൻ ചോദിച്ചു.
“ഒന്നും സംഭവിക്കില്ല. അവൻ പൊക്കോളും, പേടിക്കാതെ’’, ബോറ എനിക്കു ധൈര്യം പകരാനുള്ള ശ്രമത്തിലാണ്.

അയാൾ എന്റെ പുറകിലാണ് നിൽക്കുന്നത്. അയാൾക്ക് ഓടാനുള്ള സമയം കിട്ടും. സമയം കിട്ടിയാൽ തന്നെയും ഓടാനുള്ള ശക്തി എന്റെ കാലുകൾക്ക് നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ഇതിനിടെ ഞങ്ങളുടെ പുറകിൽ നിർത്തിയിരുന്ന രണ്ടാമത്തെ ജീപ്പ് പതുക്കെ പുറകോട്ട് എടുത്തിരുന്നു.

കാണ്ടാമൃഗം രണ്ടുമൂന്ന് ചുവടുകൾ കൂടി മുന്നോട്ടുവച്ച്, എട്ടടി ദൂരത്ത് നിന്നു. കുറച്ചുനേരം ഞങ്ങളെ നോക്കിനിന്നശേഷം, ഒരു വശത്ത്, ഒരാനപ്പൊക്കത്തിൽ വളർന്നുനിന്നിരുന്ന ആനപ്പുല്ലിലേക്കിറങ്ങി അപ്രത്യക്ഷനായി.

ഞാൻ വിയർപ്പിൽ കുളിച്ച്, ദീർഘശ്വാസമെടുത്ത്, ബോറയെ നോക്കി. അയാൾ വിടർന്ന ചിരിയുമായി പറഞ്ഞു; “പേടിച്ചു അല്ലേ? ഈ കാട്ടിലെ ഓരോ മൃഗത്തിനേയും എനിക്കറിയാം. ഇവൻ പാവമാണ്, ഒന്നും ചെയ്യില്ല. അല്ലെങ്കിൽ ഞാൻ ഈ റിസ്ക് എടുക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?”
അയാൾ പറഞ്ഞത് മുഴുവനൊന്നും ഞാൻ വിശ്വസിച്ചില്ല.
ഞങ്ങൾ യാത്ര തുടർന്നു.

വളഞ്ഞുപുളഞ്ഞ ആ ചെമ്മൺ പാതയിൽ ഒരു കയറ്റത്തിനു താഴെയായി അയാൾ വണ്ടി നിർത്തി.
“ക്യാമറയുമായി എന്റൊപ്പം വന്നോളൂ. നിങ്ങൾ മാത്രം മതി’’.
അയാൾക്കൊപ്പം ന്നടക്കുമ്പോൾ ഞാൻ ചോദിച്ചു, “എന്താ പ്ലാൻ?”
“ഈ കുന്നിനപ്പുറം ഒരു കുളമുണ്ട്. മിക്കവാറും അവിടെ ആനയുണ്ടാവും. നമുക്കു നോക്കാം’’.
“ഉപദ്രവിക്കുമോ? ക്യാമറയുമായി എനിക്ക് ഓടാൻ ബുദ്ധിമുട്ടാണ്. അതു കൊണ്ടാണ്...” ഞാൻ ന്യായം പറഞ്ഞു.
അയാൾ നടത്തത്തിന്റെ വേഗം കുറച്ചിട്ടു പറഞ്ഞു, “ഏയ്, ഇവറ്റകളൊക്കെ പാവങ്ങളല്ലേ. ഒന്നും ചെയ്യില്ല’’.

കയറ്റം പകുതി കയറി ഒന്നു നിന്നിട്ട് അയാൾ തുടർന്നു, “ഇനി നടന്നാൽ അവർക്ക് നമ്മെ കാണാനാവും. അതുകൊണ്ട് മുട്ടിലിഴയുന്നതാണ് നല്ലത്’’.

അയാൾ പെട്ടെന്ന് നാലു കാലിൽ മുന്നോട്ട് ഇഴഞ്ഞു തുടങ്ങി. ഞാൻ ഒന്നു പരുങ്ങിയശേഷം മുട്ടുകുത്തി. എനിക്ക് മൂന്ന് കാലേ ഉള്ളൂ. ഒരു കൈയിൽ ക്യാമറയാണ്. രണ്ട് കാൽ മുട്ടുകളിലും ഒരു കൈമുട്ടിലുമായി ആ ചരൽമണ്ണിൽ ഞാൻ ഇഴഞ്ഞുതുടങ്ങി.

മാനുകളെ കാണാൻ കാസിരംഗയിലൂടെ…
മാനുകളെ കാണാൻ കാസിരംഗയിലൂടെ…

വളരെ പതുക്കെ ഞങ്ങൾ മലയുടെ മുകളിലെത്തി. ഞാൻ അത്ഭുതപ്പെട്ടുപോയി. അയാൾ പറഞ്ഞതുപോലെ അധികം അകലെയല്ലാതെ, ആ മലയുടെ താഴ് വാരത്ത് ഒരു കുളമുണ്ടായിരുന്നു. അതിൽ നിറയെ ആനകളും. ഒരു കൊമ്പനും ഏഴ് പിടിയാനകളും ഒരു കുട്ടിയാനയും. എല്ലാവരും ആസ്വദിച്ച് നീരാടുന്നു. ആ ദൃശ്യം നോക്കി കണ്ണിമയ്ക്കാതെ ഞാൻ മണ്ണോട് ചേർന്നുകിടന്നു.

അയാൾ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു, “ഷൂട്ട് ചെയ്യണ്ടേ?”
അപ്പോഴാണ് അക്കാര്യം ഞാനോർത്തത്. പെട്ടെന്ന് കമിഴ്ന്നുകിടന്നു കൊണ്ടുതന്നെ വലത് കൈമുട്ട് മണ്ണിലൂന്നി, തോളിലും കയ്യിലുമായി ക്യാമറ വെച്ച് ഞാൻ ആ അപൂർവ ദൃശ്യം ചിത്രീകരിച്ച് തുടങ്ങി. അര മണിക്കൂറോളം അങ്ങനെ തന്നെ കിടന്നു. എണീറ്റ് നിൽക്കാനോ ഇരിക്കാനോ ബോറ അനുവദിച്ചില്ല. ശബ്ദമുണ്ടാക്കാനും അനങ്ങാനും പാടില്ല എന്ന് എന്റെ ചെവിയിൽ മന്ത്രിച്ചു.

ഞങ്ങൾക്ക് പോകേണ്ട മൺപാത ആ കുളത്തിനടുത്തുകൂടിയാണ് പോകുന്നത്. ആനകൾ കുളം വിടാതെ ഞങ്ങൾക്ക് മുന്നോട്ടുള്ള യാത്ര സാദ്ധ്യമായിരുന്നില്ല. ആദ്യം കുളത്തിൽ നിന്ന് പുറത്തിറങ്ങിയത് കൊമ്പനായിരുന്നു, അവൻ വഴിയുടെ നടുക്ക് നിലയുറപ്പിച്ചു. പതുക്കെ പതുക്കെ സമയമെടുത്ത് ഓരോ പിടിയാനയും കുളത്തിൽ നിന്നും പുറത്തിറങ്ങി പാത മുറിച്ചുകടന്ന് ആനപ്പുല്ലിനിടയിൽ മറഞ്ഞു. കൊമ്പൻ അനങ്ങാതെ അവിടെത്തന്നെ നിന്നു. അവസാനത്തെ പിടിയാന കുളത്തിൽ നിന്നിറങ്ങി കരയ്ക്കുതന്നെ നിന്നു. കുട്ടിയാന ഇപ്പോഴും വെള്ളത്തിൽ അടിച്ച് തിമർക്കുകയാണ്. പിടിയാന ക്ഷമയോടെ കാത്തുനിന്നു.

കൊമ്പനെ ചൂണ്ടി ബോറ എന്റെ ചെവിയിൽ മന്ത്രിച്ചു; “അവനറിയാം നമ്മളിവിടുണ്ടെന്ന്’’.
“എങ്ങനെ?”
“അവർക്ക് നല്ലവണ്ണം മണം പിടിക്കാനറിയാം’’.
“എന്നിട്ടെന്താ നമ്മളെ ഒന്നും ചെയ്യാത്തത്?”
“ഹെയ്... അതെന്തിനാ? നമ്മളവരെ ഉപദ്രവിക്കുന്നില്ലല്ലോ. ആ വഴിയുടെ നടുക്കുള്ള അവന്റെ നിൽപ്പ് അവന്റെ കരുതലാണ് കാണിക്കുന്നത്.”

പിടിയാന കുട്ടിയാനയെ കാത്തുനിന്ന് മടുത്ത് പതുക്കെ കുളത്തിലേക്കിറങ്ങി. അവനെ പുറകിൽനിന്ന് തള്ളി കരയ്ക്ക് കയറ്റി. രണ്ടുപേരും പാത മുറിച്ച് കടന്നു. ഒരു നിമിഷം നിന്നിട്ട് കൊമ്പൻ അവരോടൊപ്പം ആനപ്പുല്ലിൽ മറഞ്ഞു.

‘‘ഞാൻ ക്യാമറയിൽനിന്ന് കണ്ണടുത്തു. ലെൻസിലൂടെ കാണുന്നതിലും വലുതായി ആ വലിയ മൃഗം എന്റെ നേരേ നടന്നടുക്കുന്നു’’.
‘‘ഞാൻ ക്യാമറയിൽനിന്ന് കണ്ണടുത്തു. ലെൻസിലൂടെ കാണുന്നതിലും വലുതായി ആ വലിയ മൃഗം എന്റെ നേരേ നടന്നടുക്കുന്നു’’.

മൃഗങ്ങളുമായുള്ള മനുഷ്യന്റെ ബന്ധത്തിന്റെ ആഴം നാമറിയുനില്ല. അടുത്തയിടെ എന്നോട് ഒരു സുഹ്രുത്ത് പറഞ്ഞു, ‘നിങ്ങൾക്ക്, നിങ്ങൾ വളർത്തുന്ന പൂച്ചയുടെ യജമാനനാണ് നിങ്ങൾ. പക്ഷേ പൂച്ചക്ക് നിങ്ങൾ യജമാനനല്ല, കുടുംബമാണ്’.

ഏതാനും വർഷങ്ങൾക്കുമുൻപ് ഞാനും മീനയും കൂടി സുഹൃത്ത് ധരമിന്റെ വീട്ടിൽ പോയി. അവനൊരു പട്ടിയുണ്ട്, സ്സെൻ. എനിക്ക് പൊതുവെ നായ്ക്കളെ ഭയമാണ്. ഞാൻ ചെന്നിരുന്നയുടൻ സ്സെൻ എന്റെ കാലിനടുത്തുവന്ന് കിടന്നു. ഞാൻ സ്വല്പം അസ്വസഥതയിലാണ്. ധരം എന്നോട് ചോദിച്ചു, “അവൻ മുരളിയുടെ കാലിനോട് ചേർന്നു കിടക്കുന്നത് എന്തിനാണെന്നറിയാമോ?”
“ഇല്ല.”
“മുരളിക്ക് അവനെ പേടിയാണെന്ന് അവനറിയാം. അത് കാരണം അവനെ ഞാൻ അടുത്ത മുറിയിൽ പൂട്ടിയിടുമെന്നും അവനറിയാം. അതവനിഷ്ടമല്ല. ആ ഇരിപ്പിലൂടെ അവൻ എനോട് പറയുന്നത്, ഞാനും മുരളിയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല, എന്നെ പൂട്ടിയിടേണ്ട കാര്യമില്ല എന്നാണ്’’.
നാം അവരെ മനസ്സിലാക്കുന്നതിൽ കൂടുതൽ, അവർ നമ്മെ മനസ്സിലാക്കുന്നു.

അടുത്ത ദിവസങ്ങളിൽ കാട് മുഴുവൻ നടന്നു. കുറേ മൃഗങ്ങളെ കണ്ടു. രണ്ടു ദിവസം മുൻപ് പ്രസവിച്ച ഒരു ആനയും കുട്ടിയും, കാണ്ടാമൃഗങ്ങൾ, വിവിധ തരം പക്ഷികൾ, ഒരു നദിക്കര മുഴുവൻ നിറഞ്ഞുകവിഞ്ഞ് നിൽക്കുന്ന മാൻകൂട്ടം, കഴിഞ്ഞ ദേശാടനക്കാലത്ത് ഇവിടെയെത്തി, തിരിച്ച് പറക്കാനുള്ള ആരോഗ്യമില്ലെന്ന് തിരിച്ചറിഞ്ഞ്, മരണം പ്രതീക്ഷിച്ച് ഇവിടെക്കഴിയുന്ന ഒരു ദേശാടനക്കിളി. അങ്ങനെ എന്തെല്ലാം.

ഓരോന്നിനെക്കുറിച്ചും ബോറ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. അതിനെത്രയോ മുൻപ് എനിക്കു ബോറയെ വിശ്വാസമായി കഴിഞ്ഞിരുന്നു.

വൈകീട്ട്, ഫിഡൽ കാസ്ട്രോയെപ്പോലെ തോന്നിക്കുന്ന ഹോട്ടലുടമസ്ഥന്റെ ചായസൽക്കാരം. ദാദ രഹസ്യമായി എന്നോടു പറഞ്ഞു, ഇയാൾ ഇവിടുത്തെ ULFA- യുടെ ആളാണ്.

സംഭാഷണ മദ്ധ്യേ അദ്ദേഹം പറഞ്ഞു; “ദാദാ എനിക്കൊരു കൺഫെഷൻ നടത്താനുണ്ട്.”
‘അതെന്താ?’
“പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ കുറച്ച് സുഹൃത്തുക്കളോടൊപ്പം താങ്കളുടെ വീട്ടിൽ വന്നിരുന്നു. അന്ന് ഞാനൊരു മോഷണം നടത്തി. നിങ്ങളുടെ സിഗരറ്റ് പാക്കറ്റിൽ നിന്നും മൂന്ന് കാപ്സ്റ്റൻ സിഗരറ്റുകൾ...”
ദാദാ ഉറക്കെ ചിരിച്ചു; “ഞാൻ പുകവലി നിർത്തി. അല്ലെങ്കിൽ ഇപ്പോൾ പലിശസഹിതം മടക്കിവാങ്ങുമായിരുന്നു.”

ആഴ്ചകളോളം നീണ്ടുനിന്ന ഈ ഷെഡ്യൂളിലെ ഏറ്റവും സമാധാന പൂർണമായ ദിവസങ്ങൾ ഈ വനത്തിലായിരുന്നു. ഒരുപക്ഷേ ഇവിടെ മൃഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാവാം അതിനു കാരണം.

▮

ഏപ്രിൽ, 2026.

ഇന്നത്തെ പത്രങ്ങളിലെ വാർത്തകൾ:

മണിപ്പുരിൽ 12 പേർ കൊല്ലപ്പെട്ടു.
ഉക്രൈനിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 176 പേർ.
ഇറാനിലെ അമേരിക്കൻ ആക്രമണത്തിൽ നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടു.
പലസ്തീനിൽ ഇതുവരെ കൊല്ലപ്പെട്ടത് 75,000 പേർ.

ഇതൊന്നും പ്രകൃതിദുരന്തങ്ങളല്ല. ഓരോ രാജ്യവും അഭിമാനത്തോടെ പറയുന്ന, മനുഷ്യൻ മനുഷ്യനെ കൊന്നതിന്റെ കണക്കുകൾ.

(യാത്ര അവസാനിക്കുന്നില്ല).


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India - Part 7.


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments