‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്ക്കൊപ്പം ഒരു യാത്ര:
അധ്യായം എട്ട്.
▮
1998 ഫെബ്രുവരി 3, ചൊവ്വ.
ഇന്ന് ഞങ്ങൾ കാർബി ആങ് ലോങ്ങിലെത്തി. കാസിരംഗ നാഷണൽ പാർക്കിനോട് ചേർന്നുകിടക്കുന്ന പർവത മേഖലയാണിത്. വെള്ളപ്പൊക്കസമയത്ത് മൃഗങ്ങൾ ഇവിടേക്കാണ് രക്ഷതേടിയെത്താറ്. ക്രിസ്തുമതത്തിന് ഏറെ വേരോട്ടമുള്ള പ്രദേശം. വഴിയരികിൽ ഒട്ടേറെ പള്ളികൾ കാണാം. പാരമ്പര്യവേഷത്തിൽ ഗിറ്റാറും തൂക്കി നടന്നുപോകുന്ന പെൺകുട്ടികൾ. ഇംഗ്ലീഷ് പുസ്തകങ്ങളുമായി സ്കൂളിൽ പോകുന്ന കൊച്ചു കുട്ടികൾ.
കാർബിയെ ഒരു പ്രത്യേക സംസ്ഥാനമായി മാറ്റാനുള്ള ആവശ്യം വളരെ ശക്തമാണ്.
▮
സംസ്ഥാന പദവിക്കായുള്ള കാർബി ജനതയുടെ ആവശ്യം, ഇന്ത്യയിലെ ഉപദേശീയ (sub-national) രാഷ്ട്രീയത്തിന്റെ ശ്രദ്ധേയ ഉദാഹരണമാണ്. ഇത് ഒരു വേർതിരിവ് പ്രസ്ഥാനം മാത്രമല്ല; മറിച്ച് ഐഡന്റിറ്റി, ഭൂമിയുടെ ഉടമസ്ഥാവകാശം, പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം, രാഷ്ട്രീയ സ്വയംഭരണം എന്നിവയെ മുൻനിർത്തിയുള്ള ഒരു ദീർഘകാല രാഷ്ട്രീയ പ്രക്രിയ കൂടിയാണ്.
ബ്രിട്ടീഷ് ഭരണകാലത്ത്, 1935-ലെ Government of India Act പ്രകാരം മികിർ മലനിരകൾ (ഇന്നത്തെ കാർബി ആംഗ്ലോങ്) ‘Partially Excluded Areas’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ പ്രദേശങ്ങൾ അന്നത്തെ പ്രവിശ്യാ സർക്കാരിന്റെ ഭരണനിയന്ത്രണത്തിന് പുറത്തായിരുന്നു. ഭരണപരമായ ഉത്തരവാദിത്വം മന്ത്രിസഭയ്ക്കുണ്ടായിരുന്നെങ്കിലും, ഗവർണർക്ക് പ്രത്യേക വിവേചനാധികാരവും അനുവദിച്ചിരുന്നു.
തീരെ സംഗീതമില്ലാത്ത സ്വരത്തിൽ ഞാൻ ‘കുറത്തി’ യുടെ ഏതാനും വരികൾ ഭൂപെൻ ദായെ ചൊല്ലിക്കേൾപ്പിച്ചു. എന്നിട്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു; ഇതിലെ സംഗീതമില്ലായ്മക്കുകാരണം ഞാനാണു കേട്ടോ.
1940-ൽ ചില രാഷ്ട്രീയ നേതാക്കൾ ആസ്സാം ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ മികിർ ജനതയ്ക്കായി പ്രത്യേക മല ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം മുന്നോട്ടുകൊണ്ടുപോകാനായി 1946-ൽ ‘Karbi-A-Dorbar’ എന്ന സാമൂഹ്യ-രാഷ്ട്രീയ സംഘടന രൂപീകരിക്കപ്പെട്ടു.
1960-ൽ ആസ്സാം സർക്കാർ ആസ്സമീസ് ഭാഷയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതും, 1972-ൽ ഗുവാഹട്ടി സർവകലാശാല അനുബന്ധ കോളേജുകളിലെ പഠന-പരീക്ഷാ മാധ്യമം ഇംഗ്ലീഷിൽനിന്ന് ആസ്സമീസിലേക്ക് മാറ്റാൻ തീരുമാനിച്ചതും കാർബി മേഖലയിലെ പ്രതിഷേധങ്ങൾക്ക് കാരണമായി.
1973 മേയ് 31-ന് ചേർന്ന യോഗത്തിൽ കാർബി ഭാഷയ്ക്കായി റോമൻ ലിപി സ്വീകരിക്കാനും Script Implementation Committee രൂപീകരിക്കാനും തീരുമാനിച്ചു. അതേവർഷം ഡിസംബർ 19-ന് കമ്മിറ്റി സംഘടിപ്പിച്ച റാലിക്കിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു, നേതാക്കളെ അറസ്റ്റ് ചെയ്തു.
ഈ സംഭവങ്ങൾ കാർബി മേഖലയ്ക്ക് ആസ്സാമിനകത്ത് കൂടുതൽ സ്വയംഭരണമോ പ്രത്യേക സംസ്ഥാന പദവിയോ വേണമെന്ന ആവശ്യം ശക്തമാക്കി. അന്നത്തെ മുഖ്യമന്ത്രി പ്രഫുല്ല മഹന്തയും ആഭ്യന്തരമന്ത്രി ഭൃഗു ഭൂകാനും ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ല. ഇത് സംസ്ഥാനത്തെ കൂടുതൽ വിഭജിക്കുമെന്ന് അവർ ഭയപ്പെട്ടു.

ഭരണഘടനയിലെ ആറാം ഷെഡ്യൂൾ (Articles 244(2), 275(1)) ആസ്സാം, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലെ ഗോത്രപ്രദേശങ്ങൾക്ക് പ്രത്യേക ഭരണസംവിധാനം നൽകുന്നു. ഭരണഘടനയ്ക്കുള്ളിലെ ഒരു "മിനി ഭരണഘടന" എന്ന നിലയിലാണ് ഈ വ്യവസ്ഥകളെ പല ഭരണഘടനാവിദഗ്ധരും വിശേഷിപ്പിക്കുന്നത്.
ആറാം ഷെഡ്യൂൾ പ്രകാരം രൂപീകരിക്കപ്പെട്ട ജില്ലാ കൗൺസിലുകൾക്ക് ഭൂമി, വനവിഭവങ്ങൾ, പ്രാദേശിക ഭരണകൂടം, ആചാരനിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള ഭരണപരമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭയോ പാർലമെന്റോ പാസാക്കുന്ന നിയമങ്ങൾ, ബന്ധപ്പെട്ട സ്വയംഭരണ കൗൺസിലിന്റെ അംഗീകാരമില്ലാതെ നടപ്പാക്കാൻ കഴിയില്ല. ഗവർണർക്ക് ബന്ധപ്പെട്ട ഗോത്രപ്രതിനിധികളുമായി ആലോചിച്ച് ജില്ലാ, പ്രാദേശിക കൗൺസിലുകളുടെ ഘടന നിശ്ചയിക്കാനുള്ള അധികാരവുമുണ്ട്.
ഈ ഭരണഘടനാപരമായ സംരക്ഷണം കാർബി മേഖലയ്ക്ക് പരിമിതമായ സ്വയംഭരണം നൽകിയെങ്കിലും, പൂർണ സംസ്ഥാന പദവിക്കായുള്ള ആവശ്യം അവസാനിപ്പിക്കാൻ അതുകൊണ്ടായില്ല.
ആസ്സാമിലുടനീളം, ബോഡോ സമാധാന കരാർ, കാർബി സമാധാന കരാർ, ULFA യുമായുള്ള സംവാദം തുടങ്ങിയവ മൂലം ആഭ്യന്തര കലാപത്തെ വോട്ടർ ബേസ് ആക്കി മാറ്റാൻ ബി.ജെ.പിക്കു സാധിച്ചു.
കാർബി ആംഗ്ലോങ് ഓട്ടോണമസ് കൗൺസിൽ (KAAC) പ്രാദേശിക ഭരണത്തിന്റെ കേന്ദ്രസ്ഥാപനമാണ്. അതേസമയം, സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ മത്സരവേദിയായും ഇത് മാറിയിട്ടുണ്ട്. കോൺഗ്രസും ബി.ജെ.പിയുമാണ് ഇവിടെ പ്രധാന രാഷ്ട്രീയ ശക്തികൾ.
2021-ലെ Karbi Peace Accord മുഖേന കേന്ദ്ര സർക്കാർ മുൻ സായുധ സംഘടനകളുമായി ധാരണയിലെത്തി. കരാറിന്റെ ഭാഗമായി വികസന ഫണ്ടുകളും ഭരണപരമായ അധികാരങ്ങളും വർധിപ്പിച്ചു. പൂർണ സംസ്ഥാന പദവി അനുവദിക്കാതെ തന്നെ വിവിധ ഗ്രൂപ്പുകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഉൾപ്പെടുത്തുക എന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
കരാറിനെ മുൻ സായുധ സംഘടനകൾ ഔദ്യോഗികമായി പിന്തുണച്ചെങ്കിലും, സംസ്ഥാന പദവിക്കായുള്ള ആവശ്യം ചില രാഷ്ട്രീയ- സാമൂഹിക വിഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു. ഒരു വിഭാഗം വികസനത്തിനും ഭരണപരിഷ്കാരങ്ങൾക്കും മുൻഗണന നൽകുമ്പോൾ, മറ്റൊരു വിഭാഗം ഐഡന്റിറ്റി രാഷ്ട്രീയവും സംസ്ഥാന പദവിയും ഇപ്പോഴും പ്രധാന ആവശ്യമായി ഉയർത്തിക്കാട്ടുന്നു. അതുകൊണ്ട് സംസ്ഥാനാവകാശ ആവശ്യം പൂർണമായും ഇല്ലാതായിട്ടില്ലെങ്കിലും, നിലവിലെ രാഷ്ട്രീയത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് "കൂടുതൽ സ്വയംഭരണം" എന്ന പ്രായോഗിക ആവശ്യത്തിനാണ്.
2012 വരെ കോൺഗ്രസിനായിരുന്നു KAAC-യിലും ആറാം ഷെഡ്യൂൾ സ്ഥാപനങ്ങളിലുമുള്ള മേൽക്കൈ. പ്രാദേശിക നേതാക്കളുമായുള്ള ബന്ധവും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുമായുള്ള ഏകോപനവും അതിന് പിന്തുണയായി.
എന്നാൽ 2016-ൽ ആസ്സാമിൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. വിവിധ പ്രാദേശിക നേതാക്കളുടെ പാർട്ടിമാറ്റവും മുൻ സായുധ സംഘടനകളിലെ അംഗങ്ങളുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും ബി.ജെ.പിയുടെ സ്വാധീനം വർധിപ്പിച്ചു.

2022-ലെ KAAC തെരഞ്ഞെടുപ്പിൽ ബി.ജെ.പി 26 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം നേടി. കോൺഗ്രസ് അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങി. ഇതോടെ കൗൺസിലിന്റെ നിയന്ത്രണം ബി.ജെ.പി യുടെ കൈകളിലെത്തി.
ആസ്സാം സർക്കാരും കേന്ദ്ര സർക്കാരും കഴിഞ്ഞ ഒരു ദശാബ്ദമായി കാർബി മേഖലയിലെ സായുധ പ്രസ്ഥാനങ്ങളെ നേരിടുന്നത് സൈനിക നടപടികളെ മാത്രം ആശ്രയിച്ചല്ല. സമാധാന ചർച്ചകൾ, വെടിനിർത്തൽ കരാറുകൾ, പുനരധിവാസ പദ്ധതികൾ എന്നിവയിലൂടെ നിരവധി സംഘടനകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. റോഡുകൾ, ഫണ്ടുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്ന വികസന ഫോർമുല ബി.ജെ.പിയെ ശക്തിപ്പടുത്തി. വിഘടനവാദികളെ പരാജയപ്പെടുത്തുകയല്ല, ഉൾക്കൊള്ളുകയാണ് ബി.ജെ.പി ചെയ്തത്. സമാധാന ചർച്ചകൾ, വെടിനിർത്തൽ കരാറുകൾ, പുനരധിവാസ പാക്കേജുകൾ എന്നിവ വഴി അവർ അത് സാധിച്ചെടുത്തു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യാതെ അതിനെ മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കുക എന്ന Tactical brilliance ആണ് അവർ ചെയ്തത്.
മുൻകാലത്ത് വേർതിരിഞ്ഞ് നിന്നിരുന്നതും സംസ്ഥാനാവകാശം ഉന്നയിച്ചിരുന്നതുമായ ചില പ്രസ്ഥാനങ്ങൾ ഇന്ന് ഭരണഘടനയ്ക്കുള്ളിൽ കൂടുതൽ സ്വയംഭരണവും അധികാരവികേന്ദ്രീകരണവും ആവശ്യപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് മാറിയിട്ടുണ്ട്.
‘കാർബി സ്ട്രാറ്റജി’ ഒറ്റപ്പെട്ടതല്ല. ആസ്സാമിലുടനീളം, ബോഡോ സമാധാന കരാർ, കാർബി സമാധാന കരാർ, ULFA യുമായുള്ള സംവാദം തുടങ്ങിയവ മൂലം ആഭ്യന്തര കലാപത്തെ വോട്ടർ ബേസ് ആക്കി മാറ്റാൻ അവർക്കു സാധിച്ചു. കാർബി-ആസ്സാം മേഖലയിലേത് ഒരു സ്വാഭാവിക രാഷ്ട്രീയ പരിണാമമല്ല. അത് ബി.ജെ.പി അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത, ദീർഘകാല തന്ത്രമാണ്. അവർ പ്രശ്നത്തെ ഇല്ലാതാക്കിയില്ല. അത് redefine ചെയ്യുകയായിരുന്നു.
ഇതിന്റെ ഫലമായി മുൻകാലത്ത് വേർതിരിഞ്ഞ് നിന്നിരുന്നതും സംസ്ഥാനാവകാശം ഉന്നയിച്ചിരുന്നതുമായ ചില പ്രസ്ഥാനങ്ങൾ ഇന്ന് ഭരണഘടനയ്ക്കുള്ളിൽ കൂടുതൽ സ്വയംഭരണവും അധികാരവികേന്ദ്രീകരണവും ആവശ്യപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ കാർബി ആംഗ്ലോങിലെ രാഷ്ട്രീയപ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ട വിഷയമെന്നതിനേക്കാൾ, ഭരണഘടനാപരമായ സ്വയംഭരണം, പ്രാദേശിക അധികാരം, രാഷ്ട്രീയ പ്രതിനിധാനം എന്നിവയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്.
ഇതേ സ്ട്രാറ്റജിയാണ് ബി.ജെ.പി ഇന്ത്യയിലുടനീളം പ്രയോഗിക്കുന്നത്. എതിർപക്ഷത്തുള്ള അഴിമതിക്കാരേയും ഒറ്റപ്പെട്ടവരേയും പിണങ്ങി നിൽക്കുന്നവരേയുമൊക്കെ, ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമൊക്കെ അവർ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നു. ഇതുവഴി പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും സ്വന്തം വോട്ടർ ബേസ് വലുതാക്കാനും അവർക്ക് സാധിക്കുന്നു. ഇതിനു വേണ്ടി സർക്കാർ സംവിധാനങ്ങളേയും സ്ഥാപനങ്ങളേയും മടിയില്ലാതെ അവർ ഉപയോഗിക്കുന്നു. രാഷ്ട്രീയ മര്യാദയോ ത്വാത്വിക മൂല്യ ബോധമോ ജനാധിപത്യ തത്വങ്ങളോ ഇതിനൊരു തടസ്സമാകുന്നില്ല.

▮
ഉച്ച സമയം ഒന്നരയായി.
ഒരു കാർബി കല്യാണവും പഞ്ചായത്ത് മീറ്റിംഗും ഷൂട്ട് ചെയ്തു. ഉച്ചഭക്ഷണം ഒരു കാർബി വീട്ടിൽ. അവരുടെ എല്ലാ സമാഗമങ്ങളും തുടങ്ങുന്നതും തീരുന്നതും ചോറിൽ നിന്നുണ്ടാക്കുന്ന ഒരു മദ്യത്തോടെയാണ്. ഒരു ഗ്ലാസ്സ് മദ്യം എനിക്ക് നീട്ടിക്കൊണ്ട് ദാദാ ചോദിച്ചു,
“ഇത് കുടിച്ചാൽ നിനക്ക് ഫോക്കസ് പോകുമോ?”
“ഫോക്കസൊന്നും പോകില്ല. എനിക്കൊന്ന് ടേസ്റ്റ് ചെയ്താൽ മതി.”
ഗ്ലാസ്സ് വാങ്ങി രുചിച്ചു. മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമങ്ങളിൽ കിട്ടുന്ന മൗവ്വയുടെ രുചി. കാർബികളുടെ സ്വാഭാവികരീതിയിൽ പലരും ഉച്ചമയക്കത്തിലേക്ക് നീങ്ങിയിരിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കിലും അവർ സന്തോഷത്തിലാണ്.
ഇന്ന് 1998 ഫെബ്രുവരി മൂന്ന്. വരാനിരിക്കുന്ന നാളെകൾ എന്താണാവോ ഇവർക്കുവേണ്ടി കരുതി വച്ചിരിക്കുന്നത്?
ഉച്ചക്കുശേഷം ജൂം കൃഷി ഷൂട്ട് ചെയ്തു. ഒരു തരം മാറ്റകൃഷിയാണിത്. ഒരു മലഞ്ചെരിവ് വെട്ടി നികത്തി അവിടെ കൃഷി ചെയ്യുന്നു. രണ്ടോ മൂന്നോ വിളവെടുപ്പിനുശേഷം ഈ സ്ഥലം ഉപേക്ഷിച്ച് പുതിയ സ്ഥലത്തേക്ക് അവർക്ക് മാറേണ്ടിവരുന്നു.
മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടൽ, മണ്ണൊലിപ്പ്, വനനശീകരണം, വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ നാശം, നദികളിലെയും തടാകങ്ങളിലെയും വെള്ളപ്പൊക്കം എന്നിവ ജും കൃഷിയുടെ ദോഷകരമായ ഫലങ്ങളിൽ ഉൾപ്പെടുന്നു. സർക്കാരും മറ്റു സംഘടനകളും ഈ കൃഷിരീതിയെ പ്രോൽസാഹിപ്പിക്കുന്നില്ല.
ദാദാ, ചെറുപ്പത്തിൽ കാർബി മലനിരകളിൽ വന്ന് നടത്തിയ ഗാനപരിപാടികളെപ്പറ്റി ഓർമ്മിച്ചു. ഞാൻ അദ്ദേഹത്തോട് കടമ്മനിട്ടയെക്കുറിച്ച് പറഞ്ഞു. അദ്ദേഹം പറഞ്ഞു, ഞാൻ കേട്ടിട്ടുണ്ട്. നിനക്കോർമയുണ്ടെങ്കിൽ ഒരു കവിത ചൊല്ലൂ.
തീരെ സംഗീതമില്ലാത്ത സ്വരത്തിൽ ഞാൻ ‘കുറത്തി’ യുടെ ഏതാനും വരികൾ ചൊല്ലിക്കേൾപ്പിച്ചു. എന്നിട്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു; ഇതിലെ സംഗീതമില്ലായ്മക്കുകാരണം ഞാനാണു കേട്ടോ. ഞാൻ പാടുമ്പോൾ മീന പറയാറുണ്ട്, മുരളി പാടേണ്ട, വരികൾ പറഞ്ഞാൽ മതി, പാടിയാൽ പാട്ടേതാണെന്ന് എനിക്കു മനസ്സിലാവില്ല എന്ന്. അവൾ നന്നായി പാടും.
ദാദാ ഉറക്കെ ചിരിച്ചു.
സന്ധ്യയ്ക്കായിരുന്നു മടക്കയാത്ര.
ചക്രവാളം വരെ നീളുന്ന തേയിലത്തോട്ടത്തിനപ്പുറം നിറങ്ങൾ വാരിയെറിഞ്ഞ ആകാശം.
ഒരു പട്ടാള വാഹനവ്യൂഹം ഞങ്ങളുടെ വാഹനത്തെ കടന്നുപോകുന്നു. പതിനഞ്ചോളം ട്രക്കുകൾ. അടുത്തുവരുന്ന തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ. ഉച്ചയിലെ മദ്യപാനത്തിനുശേഷം മനസ്സ് നിറയെ സന്തോഷവുമായി മയങ്ങുന്ന ഒരു ജനതയുടെ ഭാവിയിലേക്ക് പായുന്ന അധികാര വണ്ടികൾ.
(യാത്ര അവസാനിക്കുന്നില്ല).

