ശ്രീലങ്കൻ യാത്ര തുടരുന്നു:
ധ്യാനബുദ്ധനല്ല, ശ്രീലങ്കയിലെ
രാഷ്ട്രീയ ബുദ്ധൻ

ആഗ്രഹ നിരാസത്തിൻ്റെയും അഹിംസാത്മക ജീവിതപദ്ധതിയുടേയും സഹിഷ്ണുതയുടേയും പര്യായമായിരുന്ന ബുദ്ധമതം, ആയുധങ്ങളേന്തി വംശീയ ഭാഷാന്യൂനപക്ഷങ്ങളെ കശാപ്പു ചെയ്ത ഇടമായി ശ്രീലങ്ക മാറിയതെങ്ങനെയാണ്? കെ.വി. മനോജിന്റെ ശ്രീലങ്കൻ യാത്ര തുടരുന്നു.

ഭാഗം മൂന്ന്

ശ്രീലങ്കയിലേക്കുള്ള യാത്രയിൽ, നിങ്ങളൊരു അലസയാത്രികനായാലും, ചരിത്രാന്വേഷിയായാലും, വിശ്വാസിയായാലും കണ്ടിരിക്കേണ്ട ഇടമാണ് അനുരാധപുരയും കാൻഡിയുയെന്ന്' ഒരു സുഹൃത്ത് പറയുകയുണ്ടായി. ശ്രീലങ്കയുടെ ഏതാണ്ട് മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന അനുരാധപുര, പൊളന്നരുവ, സിഗിരിയ, ധാംബുള്ള, കാൻഡി മേഖലകൾ ആ രാജ്യത്തിൻ്റെ പൗരാണിക ചരിത്രത്തിൻ്റെ കേന്ദ്രങ്ങളാണ്. ഒപ്പം രാഷ്ട്രീയാധികാരത്തിൻ്റെയും.

കൊളംബോയിൽ നിന്നും ജാഫ്നയിൽ നിന്നും ഇവിടങ്ങളിലേക്ക് ബസുകളും ട്രെയിനുകളുമുണ്ട്. ജാഫ്നയിൽ നിന്ന് കൊളംബോയിലേക്കുള്ള ബസിൽ അനുരാധപുരയിലിറങ്ങി. ഹോസ്റ്റലിൽ ബുക്കിംഗ് കോം ഉപയോഗിച്ച് റൂം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ബാക്ക് പാക്കേഴ്സിന്, ശ്രീലങ്കയിലെവിടെയും അഞ്ചോ, ആറോ ഡോളറിന് എ.സി ഡോർമിറ്ററി ലഭിക്കും. നാലും ആറും എട്ടും പേർക്കുള്ളത്. കൊളംബോ, കാൻഡി, നുവാര എലിയ, എല്ല പോലുള്ള പ്രദേശങ്ങളിൽ കുറച്ചു കൂടുതലാവും. വ്യത്യസ്ത രാജ്യങ്ങളിൽപ്പെട്ട യാത്രികരുമായി ഇടപഴകാനിഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ ഹോസ്റ്റൽ നല്ലൊരു സാധ്യതയാണ്.

ശ്രീലങ്കയിലേക്കുള്ള യാത്രയിൽ, നിങ്ങളൊരു അലസയാത്രികനായാലും, ചരിത്രാന്വേഷിയായാലും, വിശ്വാസിയായാലും കണ്ടിരിക്കേണ്ട ഇടമാണ് അനുരാധപുരയും കാൻഡിയും
ശ്രീലങ്കയിലേക്കുള്ള യാത്രയിൽ, നിങ്ങളൊരു അലസയാത്രികനായാലും, ചരിത്രാന്വേഷിയായാലും, വിശ്വാസിയായാലും കണ്ടിരിക്കേണ്ട ഇടമാണ് അനുരാധപുരയും കാൻഡിയും

അനുരാധപുരയിലെത്തുമ്പോൾ നരേന്ദ്ര മോദി രണ്ടു ദിവസം മുമ്പു വന്നു പോയതിൻ്റെ ഒരുക്കങ്ങളുടെയും, അലങ്കാരങ്ങളുടേയും ശേഷിപ്പുകൾ കാണുന്നുണ്ട്.

മഹാവംശം എന്ന ഇതിഹാസം

മുഴങ്ങുന്ന പെരുമ്പറയുടെ അകമ്പടിയോടെ, രാജാവായ ദത്തഗാമനി വിളംബരം ചെയ്തു: ‘മറ്റാരുമല്ല, ഞാൻ തന്നെ എളാറനെ വധിക്കും'.

സ്വയം ആയുധധാരിയായി, ആയുധങ്ങളണിഞ്ഞ്, കണ്ടുലൻ എന്ന ആനയുടെ പുറത്തിരുന്ന്, എളാറനെ പിന്തുടർന്ന അദ്ദേഹം അനുരാധപുരത്തിൻ്റെ തെക്കുഭാഗത്തുള്ള കവാടത്തിനടുത്തെത്തി. അവിടെ വെച്ച് അവർ യുദ്ധം തുടങ്ങി. എളാറൻ തൻ്റെ കുന്തമെടുത്ത് ഗാമനിക്കു നേരെ പ്രയോഗിച്ചു. എന്നാൽ ഒഴിഞ്ഞുമാറിയ ഗാമനി തൻ്റെ ആനയെക്കൊണ്ട് എളാറൻ്റെ ആനയെ കുത്തി മുറിവേൽപ്പിച്ചു. അതേ ക്ഷണത്തിൽ എതിരാളിക്കുനേരെ കുന്തമെറിയുകയും ചെയ്തു. എളാറൻ തൻ്റെ ആനയോടൊപ്പം നിലം പതിച്ചു. എളാറൻ വീണിടത്തു തന്നെ ചിതയൊരുക്കി. ആ മൃതശരീരങ്ങൾ ദഹിപ്പിച്ച ഗാമനി അവിടെ ഒരു സ്മാരകം പണിയുകയും ഒരു ആരാധനാ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

ബുദ്ധദർശനങ്ങൾ ഉൾക്കൊണ്ടിരുന്ന രാജാവിന് തൻ്റെ മഹത്തായ വിജയത്തിലും എതിരാളിയെ വകവരുത്തിയതിലും ആഹ്ലാദിക്കാനായില്ല. ആ യുദ്ധത്തിലൂടെ പൊലിഞ്ഞു പോയ പതിനായിരങ്ങളുടെ ജീവനെക്കുറിച്ചോർത്ത് അദ്ദേഹം ദുഃഖിതനായി.

അളവറ്റ ആർത്തിയുടേയും ദുരാഗ്രഹത്തിൻ്റെയും പൂർത്തീകരണത്തിനു വേണ്ടി കൊന്നൊടുക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരെക്കുറിച്ചോർക്കുകയാണെങ്കിൽ അതിൻ്റെ ഭീകരമായ അനന്തരഫലങ്ങളെ കുറിച്ചും സകലതിനും വാസ്തവത്തിൽ കാരണമാവുന്നത് ജീവൻ്റെ നശ്വര സ്വഭാവമാണെന്ന യാഥാർത്ഥ്യത്തെക്കുറിച്ചും ഓർക്കുകയാണെങ്കിൽ -അങ്ങനെ ചിന്തിക്കുന്ന ഒരാൾക്ക് ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാനും ആഹ്ലാദിക്കാനും കഴിയുന്നതെങ്ങനെ?
(‘ബുദ്ധനും ബുദ്ധൻ്റെ സുവിശേഷവും’, ആനന്ദകുമാരസ്വാമി)

ശ്രീലങ്കൻ ബുദ്ധിസത്തിൻ്റെ ഇതിഹാസകാവ്യമായ മഹാവംശത്തിൽ എളാറൻ എന്ന തമിഴ് രാജാവിനെ തോൽപ്പിച്ച ദത്തഗാമനിയെന്ന ഇതിഹാസ നായകൻ്റെ കഥയാണ് പറയുന്നത്. യുദ്ധത്തിനുശേഷം ദത്ത ഗാമനിയിലുണ്ടായ മാറ്റങ്ങൾ കലിംഗ യുദ്ധത്തിനുശേഷം അശോകനിലുണ്ടായ മാറ്റങ്ങൾക്ക് സമാനമാണ്. യുദ്ധങ്ങളുടേയും മനുഷ്യനാശത്തിൻ്റെയും നിരർത്ഥകതയെക്കുറിച്ചാണ് ദത്തഗാമനി ചിന്തിക്കുന്നത്. ഇതേ മഹാവംശത്തെ പിന്തടരുന്ന ശ്രീലങ്കയിലെ ബുദ്ധസന്യാസിമാരാണ്, ബുദ്ധസൂക്തങ്ങളെ മുൻനിർത്തി വംശീയഹത്യകളേയും യുദ്ധങ്ങളെയും ന്യായീകരിക്കുന്നത്.

ശ്രീലങ്കയിലെ ബുദ്ധമത ചരിത്രരേഖകളിൽ ഏറ്റവും പഴയത് നാലാം നൂറ്റാണ്ടിൽ ബുദ്ധമത സന്യാസിമാർ സമാഹരിച്ച ദീപവംശമാണ്. ദീപവംശത്തിനു ശേഷം മഹാവംശവും അതിന്റെ തുടർച്ചയായി, കുലവംശവും വരുന്നു. ഈ ക്രോണിക്കിളുകൾ ഒരുമിച്ച്, സിംഹള രാഷ്ട്രീയശക്തിയുടെയും ശ്രീലങ്കൻ ബുദ്ധമതത്തിന്റെയും സ്ഥാപനത്തിന്റെയും വളർച്ചയുടേയും കഥ പറയുന്നു. മഹാവംശത്തിൽ അവതരിപ്പിച്ചിരിക്കുന്ന ശ്രീലങ്കയിലെ കുടിയേറ്റത്തെക്കുറിച്ചുള്ള വിവരണത്തിൽ നിന്നു മനസ്സിലാവുന്നത്, ആദ്യകാല കുടിയേറ്റക്കാർ വടക്കേ ഇന്ത്യയിൽ നിന്നുള്ള ഇന്തോ- ആര്യൻ ജനതയായിരുന്നുവെന്നതാണ്.

മഹാവംശം പറയുന്നത്, അനുരാധപുര എന്ന പേരിന്റെ ഉത്ഭവം ദ്വീപിലെ ആദ്യത്തെ സിംഹള രാജാവായ വിജയൻ്റെ (ബി.സി 543–505) കൊട്ടാരത്തിലെ 'അനുരാധ' എന്ന മന്ത്രിയിൽ നിന്നാണെന്നാണ്. വിജയനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ അനുസരിച്ച്, അദ്ദേഹത്തിന്റെ മന്ത്രി 'അനുരാധ' സ്ഥാപിച്ച അധിവാസകേന്ദ്രമാണ് പിന്നീട് അനുരാധപുരമായി മാറിയത്. നൂറ്റാണ്ടുകളായി അനുരാധപുര ഥേരവാദ ബുദ്ധമതത്തിന്റെ കേന്ദ്രം കൂടിയായിരുന്നു. ബുദ്ധമത വിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതും പ്രാചീന ബുദ്ധമതത്തോട് ഏറ്റവും സാമ്യമുള്ളതുമായ വിശ്വാസപാരമ്പര്യമാണ് ഇന്ത്യയിൽ ഹീനയാന എന്നറിയപ്പെടുന്ന ഥേരവാദ ബുദ്ധിസം. തായ്ലാന്റ്, ശ്രീലങ്ക, കംബോഡിയ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ ഥേരവാദ വിഭാഗത്തിനാണ് പ്രാമുഖ്യം.

അനുരാധപുരയിൽ മഹാവിഹാരം, അഭയ വിഹാരം, തേജവനവിഹാരം എന്നിങ്ങനെ മൂന്നു വലിയ വിഹാരങ്ങളും ബുദ്ധഗയയിൽ നിന്ന് സംഘമിത്രയും കൂട്ടരും കൊണ്ടുവന്ന ബോധിവൃക്ഷത്തിൻ്റെ ശാഖയിൽ നിന്നുണ്ടായതെന്നു കരുതുന്ന ജയശ്രീ മഹാബോധി എന്നിവയുൾപ്പെടെ നിരവധി പുരാതന ബുദ്ധക്ഷേത്രങ്ങളും പൗരാണിക തലസ്ഥാനത്തിൻ്റെ വിപുലമായ അവശേഷിപ്പുകളും കാണാം.

വെക്കേഷൻ കാലമായതിനാലാവാം, രാവിലെ മുതൽ നല്ല തിരക്കാണ്. വെളുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ സ്ത്രീപുരുഷൻമാർ ആമ്പൽ പൂക്കളും താമരപ്പൂക്കളും സ്തൂപത്തിനു മുന്നിൽ സമർപ്പിച്ച് വലം വയ്ക്കുന്നു. ചിലർ നിലത്തിരുന്ന് ബുദ്ധകീർത്തനങ്ങൾ ചൊല്ലുന്നു.

ശ്രീലങ്ക ധ്യാനബുദ്ധൻമാരുടെ നാടാണ്. അനുരാധപുരയിലും, കാൻഡിയിലും, ധാംബുള്ളയിലും, കൊളംബോയിലുമെല്ലാം സൗമ്യ മൂർത്തിയായ ബുദ്ധൻ്റെ ഇരിക്കുന്നതും നിൽക്കുന്നതും കിടക്കുന്നതുമായ ഒരുപാടു വിഗ്രഹങ്ങൾ കാണാം. ബുദ്ധമതം ഇപ്പോഴും പ്രബലമായ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത വിശ്വാസികളും സഞ്ചാരികളും അവിടേയ്ക്കെല്ലാം വന്നെത്താറുമുണ്ട്. ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്ന തായ്‌ലൻഡ് സുഹൃത്ത് ചോദിച്ചത്, താങ്കൾ ബുദ്ധമത വിശ്വാസിയാണോ എന്നാണ്. വിശ്വാസിയല്ലെന്ന മറുപടി അയാൾക്കത്ര വിശ്വാസമായില്ലെന്നു തോന്നുന്നു. ബുദ്ധമതക്കാരനല്ലെങ്കിൽ പിന്നെ അനുരാധപുരയിലേക്കു വരേണ്ടതില്ലല്ലോ?

ബുദ്ധവിഗ്രഹങ്ങളുടെ കണ്ണുകളിലെ ശാന്തതയും, ആർദ്രതയും, നിർമ്മമതയും ശ്രീലങ്കയിലെ ബുദ്ധമതത്തിനുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടി അവരുടെ രക്തപങ്കിലമായ ഭൂതകാലത്തിലുണ്ട്.

അനുരാധപുരയിലെ വിഹാരം
അനുരാധപുരയിലെ വിഹാരം

ആഗ്രഹ നിരാസത്തിൻ്റെയും അഹിംസാത്മക ജീവിതപദ്ധതിയുടേയും സഹിഷ്ണുതയുടേയും പര്യായമായിരുന്ന ബുദ്ധമതം, ആയുധങ്ങളേന്തി വംശീയ ഭാഷാന്യൂനപക്ഷങ്ങളെ കശാപ്പുചെയ്ത ഇടമാണ് ശ്രീലങ്ക. വംശീയ സംഘർഷത്തിൻ്റെ കാലഘട്ടത്തിലും അതിനുശേഷവും ശ്രീലങ്കൻ സൈന്യത്തിനൊപ്പം നിന്നുകൊണ്ട് തമിഴരും ക്രിസ്ത്യാനികളും മുസ്ലിംങ്ങളുമുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ അവർ നടത്തിയ കൊലവിളികളും അതിക്രമങ്ങളും ശ്രീലങ്കയുടെ ചരിത്രത്തിൽ മുറിവായി കല്ലിച്ചു കിടക്കുന്നുണ്ട്.

എല്ലാ വംശീയ സംഘർഷങ്ങളിലും ഒരു ഭാഗത്ത് ശ്രീലങ്കൻ ബുദ്ധസന്യാസിമാരെക്കാണാം. ഒരു പീഢയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പാ ബുദ്ധനിൽ നിന്ന്, തമിഴ് വംശജർക്ക് രാഷ്ട്രീയ പരിഹാരമല്ല, സൈനിക പരിഹാരമാണ് വേണ്ടതെന്ന് ആയുധങ്ങളേന്തി ആക്രോശിച്ച വംശീയ ബുദ്ധനിലേയ്ക്കുള്ള പരിണാമം ബുദ്ധിസത്തിൻ്റെ മിലിറ്റൻസിയെയും വയലൻസിനേയും ഉദാഹരിക്കുന്നു. ഭൂരിപക്ഷമതം രാഷ്ട്രീയമായും രാഷ്ട്രമായും പരിണമിച്ചതിൻ്റെ ക്ലാസിക്കൽ ഉദാഹരണമാണ് ശ്രീലങ്ക. പൊളിറ്റിക്കൽ ഹിന്ദുത്വം പോലെ പൊളിറ്റിക്കൽ ബുദ്ധിസവും, അപരവിദ്വേഷത്തിൻ്റെയും ന്യൂനപക്ഷ വിരുദ്ധതയുടേയും പ്രത്യയശാസ്ത്ര പദ്ധതിയാണെന്ന് ദ്വീപു രാഷ്ട്രത്തിൻ്റെ ചരിത്രം വ്യക്തമാക്കുന്നു.

ബുദ്ധമതം ശ്രീലങ്കയിൽ

മൗര്യ ചക്രവർത്തിയായ അശോകന്റെ (ക്രി.മു. 273–232 ) ഭരണകാലത്ത് ഇന്ത്യയിൽ നിന്നയച്ച ഒരു ദൗത്യസംഘമാണ് ബുദ്ധമതം ആദ്യമായി ശ്രീലങ്കയിലേക്ക് കൊണ്ടുവന്നത്. ശ്രീലങ്കയിലേക്കുള്ള ദൗത്യസംഘത്തിന്റെ നേതാവായ മഹേന്ദ്രൻ (മഹീന്ദ) അശോകന്റെ മകനാണെന്നാണ് കരുതപ്പെടുന്നത്. മഹേന്ദ്രനും സഹപ്രവർത്തകരും അനുരാധപുരയിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള മിഹിന്തലെ കുന്നിലേക്ക് യാത്ര ചെയ്തു. അവിടെ അവർക്ക് സിംഹള രാജാവായ ദേവനമ്പി ടിസ്സയെ കാണാൻ അവസരം ലഭിച്ചു. അദ്ദേഹത്തോട് ബുദ്ധമതത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും രാജാവിനെ ബുദ്ധമതത്തിലേക്ക് കൊണ്ടുവരികയും ചെയ്തുവെന്നാണ് ബുദ്ധമത ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും മിഹിന്തലെ കുന്നുകൾ ബുദ്ധമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ്.

മഹേന്ദ്രൻ്റെ ഉപദേശത്തിൽ രാജാവും രാജകുടുംബാംഗങ്ങളും, നാട്ടുകാരും ബുദ്ധമതം സ്വീകരിക്കുകയും അനുരാധപുരയും സമീപപ്രദേശങ്ങളും ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്തു.

ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ഡി.എസ്. സേനാനായകെയുടെ യു എൻ പിയും ഇടതുപക്ഷ പാർട്ടികളിലെ അദ്ദേഹത്തിന്റെ എതിരാളികളും  ശ്രീലങ്കയെ ബഹുസ്വര, മതേതര രാഷ്ട്രമായാണ് രൂപീകരിക്കാനാഗ്രഹിച്ചത്.
ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ഡി.എസ്. സേനാനായകെയുടെ യു എൻ പിയും ഇടതുപക്ഷ പാർട്ടികളിലെ അദ്ദേഹത്തിന്റെ എതിരാളികളും ശ്രീലങ്കയെ ബഹുസ്വര, മതേതര രാഷ്ട്രമായാണ് രൂപീകരിക്കാനാഗ്രഹിച്ചത്.

മഹേന്ദ്രൻ തന്റെ സഹോദരി സംഘമിത്രയെ വിളിച്ചുവരുത്തി. ബുദ്ധൻ ബോധ് ഗയയിൽ ജ്ഞാനോദയം നേടിയ ബോധിവൃക്ഷത്തിന്റെ ഒരു ശാഖയുമായി അവർ അവിടെ എത്തി. ആ വൃക്ഷത്തൈ നഗരത്തിൽ ആചാരപരമായി നട്ടുപിടിപ്പിച്ചു. സംഘമിത്ര ഒരു സന്യാസിനി സമൂഹം സ്ഥാപിച്ചു, ജനകീയ ആരാധനയ്ക്കായി രാജാവ് ഏതാനും ആരാധനാലയങ്ങൾ നിർമ്മിച്ചു. അങ്ങനെ ഇവയും മറ്റ് സ്ഥാപനങ്ങളും വന്നതോടെ ബുദ്ധമതം ശ്രീലങ്കയിലെ പ്രബല മതമായി മാറി. പിന്നീടങ്ങോട്ട് ശ്രീലങ്കയുടെ സാമൂഹിക- സാംസ്കാരിക ജീവിതത്തിൽ ബുദ്ധമത സ്വാധീനം പ്രകടമായി

ശ്രീലങ്കയിലെ രാജാക്കന്മാരെല്ലാം ബുദ്ധമതം ആചരിക്കുന്നവരും ബുദ്ധമത സ്ഥാപനങ്ങളുടെ രക്ഷാധികാരികളുമായിരുന്നു. പുരോഹിതന്മാരുടെ പിന്തുണയും അനുഗ്രഹവും, സമാധാനപരവും തുടർച്ചയായതുമായ ഒരു ഭരണത്തിന് അത്യാവശ്യമാണെന്ന് കരുതപ്പെട്ടു. കൂടാതെ ബുദ്ധമത സമൂഹത്തിനുള്ളിലെ ഭിന്നതകളും, അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുന്നതിനും അവർ ഇടപെട്ടു. പ്രഭുക്കന്മാരുടേയും രാജാക്കൻമാരുടേയും പിന്തുണയിൽ ബുദ്ധമത സ്ഥാപനങ്ങൾ അഭിവൃദ്ധി പ്രാപിച്ചു. മനോഹരമായി കൊത്തിയെടുത്ത ശില്പങ്ങളാൽ അലംകൃതമായ നിരവധി ക്ഷേത്രങ്ങളും വിഹാരങ്ങളും നിർമ്മിക്കപ്പെട്ടു. പാലി, സിംഹള ഭാഷയുടേയും ബുദ്ധമത തത്ത്വചിന്തയുടേയും പഠനകേന്ദ്രങ്ങളായി ആശ്രമങ്ങൾ വളർന്നു.

കൊളോണിയലിസത്തിനു ശേഷം പോർട്ടുഗീസ്, ഡച്ച്, ഇംഗ്ലീഷ് ആധിപത്യ കാലത്ത് ബുദ്ധമതത്തിനും ആരാധനാലയങ്ങൾക്കും നേരെ പലവിധ എതിർനീക്കങ്ങളുണ്ടായെങ്കിലും, കൊളോണിയലിസത്തിനെതിരായ പ്രതിരോധം തീർക്കുന്നതിൽ ബുദ്ധമതസംഘങ്ങൾ വിജയിച്ചു.

1948-ൽ ശ്രീലങ്കയ്ക്ക് സ്വയംഭരണം ലഭിച്ചെങ്കിലും 1972 വരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഡൊമീനിയനായി തുടർന്നു. സമാധാനപരമായ അധികാര കൈമാറ്റത്തിലൂടെയും നിയമപരവും ഭരണഘടനാപരവുമായ മാർഗങ്ങളിലൂടെയും സ്വാതന്ത്ര്യം നേടുന്നതിൽ വിശ്വസിച്ചിരുന്ന ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ഡി.എസ്. സേനാനായകെയാണ് ബ്രിട്ടീഷുകാരുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത്. സേനാനായകെയുടെ യു എൻ പിയും ഇടതുപക്ഷ പാർട്ടികളിലെ അദ്ദേഹത്തിന്റെ എതിരാളികളും ശ്രീലങ്കയെ ബഹുസ്വര, മതേതര രാഷ്ട്രമായാണ് രൂപീകരിക്കാനാഗ്രഹിച്ചത്. ബുദ്ധമതത്തിന് ദേശീയ മതപദവി ലഭിക്കണമെന്നും സിംഹള ഏകദേശീയ ഭാഷയായിരിക്കണമെന്നും വിശ്വസിച്ചിരുന്ന ചില വംശീയ സിംഹള ബുദ്ധമത ദേശീയവാദികളെ ഇത് അകറ്റി. ശ്രീലങ്ക ബുദ്ധമതത്തിന്റെ പുണ്യഭൂമിയാണെന്നും സിംഹളർ ബുദ്ധമതത്തിന്റെ ശ്രേഷ്ഠ സംരക്ഷകരാണെന്നും ദ്വീപിലെ മറ്റെല്ലാ വിദേശികളും ദുഷിപ്പിക്കുന്നതും അപകടകരവുമായ സ്വാധീനമാണെന്നും ചിലർ വാദിച്ചു. പരമ്പരാഗത സിംഹള സംസ്കാരത്തിൽ നിന്ന് അകന്നുപോയവരായിട്ടാണ് ദേശീയവാദികൾ യു എൻ പി നേതൃത്വത്തെ കണ്ടത്. ഈ ബുദ്ധമത വംശീയ- ദേശീയവാദികൾ എസ്.ഡബ്ല്യു.ആർ.ഡി. ബന്ദാരനായകെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി (SLFP) യുടെ കീഴിൽ ഏകീകരിക്കപ്പെട്ടു.

ധാംബുള്ള ഗുഹാക്ഷേത്രങ്ങൾ
ധാംബുള്ള ഗുഹാക്ഷേത്രങ്ങൾ

ബുദ്ധമത ദേശീയവാദികളുടെ പിന്തുണയോടെ, അധികാരത്തിലെത്തിയ ശ്രീലങ്ക ഫ്രീഡം പാർട്ടി, സിംഹളയെ രാജ്യത്തിന്റെ ഏക ഔദ്യോഗിക ഭാഷയാക്കി. വിഭജനപരമായ സിംഹള മാത്രം നിയമം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ഇത് ശ്രീലങ്കൻ തമിഴരുകൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംശയാകുലരാക്കി. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി സിരിമാവോ ബന്ദരനായകെയുടെ കീഴിൽ, സർക്കാർ സഹായം ലഭിച്ച രാജ്യത്തെ മിക്ക സ്കൂളുകളും ഫ്രീഡം പാർട്ടി ദേശസാൽക്കരിച്ചു. കത്തോലിക്കാ സ്കൂളുകളെ പൂർണ്ണമായും സ്വകാര്യവൽക്കരിച്ചു. മിഷൻ സ്കൂളുകൾ നടത്തിയിരുന്ന കത്തോലിക്കാ ന്യൂനപക്ഷം ഇതിനെ എതിർത്തു. കത്തോലിക്കാ പുരോഹിതർ നടത്തിയിരുന്ന സ്കൂളുകളെ ബുദ്ധമത ദേശീയവാദികൾ കൊളോണിയലിസത്തിന്റെ അവശിഷ്ടമായാണ് കണക്കാക്കിയിരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ, തമിഴ് സംസാരിക്കുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും, മുസ്ലീംങ്ങളും സിംഹള - ബുദ്ധമത ഭൂരിപക്ഷത്തിന് ചരിത്രപരമായി ഭീഷണിയായി തോന്നിയിരുന്നു. ഇത്തരം ബുദ്ധസംഘങ്ങളുടെ പിന്തുണ യു എൻ പിക്കും ഫ്രീഡം പാർട്ടിക്കും ഒഴിച്ചുകൂടാനാവാത്തതായി മാറി. പൊതുചടങ്ങുകളിൽ ഇരു പാർട്ടികളും ബുദ്ധമത പ്രതീകാത്മകത സ്വീകരിക്കുകയും ബുദ്ധമത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അനുരാധപുര പോലുള്ള ബുദ്ധമതപുരാവസ്തു കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തെയും സർക്കാർ പ്രോത്സാഹിപ്പിച്ചു.

1972-ൽ, ബുദ്ധമത ദേശീയവാദികളുടെ പിന്തുണയോടെ ഒരു പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. അത് ഭരണകൂടത്തിന്റെ ദൃഷ്ടിയിൽ ബുദ്ധമതത്തിന് ‘മുൻനിര സ്ഥാനം’ നൽകി. 1972-ലെ ഭരണഘടനയും 1978-ൽ പുതുക്കിയതും ബുദ്ധമതത്തെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുകയെന്നത് ഭരണകൂടത്തിന്റെ കടമയാക്കി.

തമിഴർക്കെതിരായ വിവേചനങ്ങളും, അടിച്ചമർത്തൽ നയങ്ങളും വിഘടനവാദവികാരം വർദ്ധിപ്പിക്കുന്നതിനും തീവ്രവാദത്തിനും കാരണമായി. സിംഹള ഭൂരിപക്ഷം സ്വീകരിച്ച ഏകപക്ഷീയ നടപടികളാണ് തമിഴ് വിഘടനവാദസംഘടനകളുടെ രൂപീകരണത്തിൽ കലാശിച്ചത്. ഇത് പിന്നീട് അക്രമങ്ങളിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും രാജ്യത്തെ നയിച്ചു.

വംശീയ സംഘർഷകാലത്ത്, 1984- ൽ അനുരാധപുരയിലെ ശ്രീ മഹാബോധി, 1998- ൽ കാൻഡിയിലെ ബുദ്ധൻ്റെ പല്ലിന്റെ ക്ഷേത്രം തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾ ഉൾപ്പെടെ ബുദ്ധവിഹാരങ്ങളെയും സന്യാസിമാരെയും പുലികൾ ആക്രമിച്ചു. തമിഴ് മതസ്ഥലങ്ങളിലും ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങളിലും സമാനമായ ആക്രമണങ്ങൾ സിംഹള സൈന്യവും നടത്തി. വംശീയ സംഘർഷങ്ങൾ, വളരെ പെട്ടെന്ന് മതസംഘർഷങ്ങളായി മാറി.

അനുരാധപുരയിൽ നിന്ന് ധാംബുള്ളയ്ക്ക് അധിക ദൂരമില്ല. ശ്രീലങ്കയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ചെറിയ പട്ടണം ഗുഹാക്ഷേത്രങ്ങൾക്കു പ്രസിദ്ധമായ ബുദ്ധമത വിശ്വാസകേന്ദ്രമാണ്. ദക്ഷിണേന്ത്യയിൽ നിന്നെത്തിയ ആക്രമണകാരികളെ പേടിച്ച്, അനുരാധപുരയിലെ രാജാവ് ധാംബുള്ളയിലെ ഗുഹാക്ഷേത്രങ്ങളിൽ അഭയം തേടിയെന്നും കുറച്ചു വർഷങ്ങൾക്കു ശേഷം അധികാരം തിരിച്ചുപിടിച്ചതിൻ്റെ സന്തോഷസൂചകമായി ബുദ്ധക്ഷേത്രം നിർമിച്ചുവെന്നുമെല്ലാം കഥകൾ പ്രചരിക്കുന്നുണ്ട്. പാറക്കെട്ടുകളുടെ ചരിവിലൂടെ മുകളിലേക്ക്, ഏതാണ്ട് ഇരുന്നൂറടി കയറി വേണം ഗുഹാക്ഷേത്രങ്ങളിലെത്താൻ. BCE രണ്ടോ മൂന്നോ നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട എൺപതിലധികം ഗുഹകൾ പാറച്ചെരുവുകളിലുണ്ടെങ്കിലും അഞ്ചെണ്ണം മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്. അവയിൽ ബുദ്ധൻ്റെയും ബുദ്ധശിഷ്യൻമാരുടേയും കഥകളും ഉപദേശങ്ങളും ചുവർചിത്രങ്ങളായി വരച്ചിട്ടിരിക്കുന്നു. പിന്നെ പല വലിപ്പങ്ങളിലുള്ള നൂറുകണക്കിന് ബുദ്ധപ്രതിമകളും.
കൗതുകകരമായ കാര്യം ഇതിനിടയിൽ ചില ഹിന്ദു ദൈവങ്ങളും പ്രത്യക്ഷപ്പെടുന്നുവെന്നതാണ്. ഇന്ത്യയിൽ ബുദ്ധിസത്തെ ഹിന്ദുമതം ആഗിരണം ചെയ്യാൻ ശ്രമിക്കുമ്പോൾ, ശ്രീലങ്കയിൽ ഹിന്ദുദൈവങ്ങളെക്കൂടി ബുദ്ധമതം അവരുടേതാക്കി മാറ്റുന്നതാണ് കാണുന്നത്.

അനഗാരിക ധർമ്മപാലനും
ബുദ്ധമത ദേശീയതയും

കൊളംബോയിലൂടെയുള്ള യാത്രയ്ക്കിടയിലാണ് അനഗാരിക ധർമ്മപാല മാവത്ത ശ്രദ്ധയിൽപ്പെടുന്നത്. മാവത്തയെന്നാൽ റോഡ്. ശ്രീലങ്കയിൽ ബുദ്ധമത പുനരുജ്ജീവനം സാധ്യമാക്കിയ അനഗാരിക ധർമ്മപാലൻ്റെ പേരാണ് റോഡിനു നൽകിയിരിക്കുന്നത്. ശ്രീലങ്കയിലെ ബുദ്ധമത പ്രൊട്ടസ്റ്റന്റ് നവീകരണത്തിൻ്റെ പിതാവായി അറിയപ്പെടുന്ന ധർമ്മപാലന് സാമ്രാജ്യത്വ വിരുദ്ധവും ദേശീയവാദപരവുമായ അജണ്ട ഉണ്ടായിരുന്നു. അക്കാലത്ത് ശ്രീലങ്ക (അന്ന് സിലോൺ) ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ നേരിടുന്നതിനു പുറമേ, ധർമ്മപാലൻ ബുദ്ധമത വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിലും ശ്രീലങ്കയുടെ പൊതുമണ്ഡലത്തിൽ സിംഹള ഭാഷയും ബുദ്ധമതവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

തുടക്കത്തിൽ തിയോസഫിക്കൽ സൊസൈറ്റിയിലെ ഹെൻറി ഓൾക്കോട്ടിന്റെയും, മാഡം ബ്ലാവട്സ്ക്കിയുടേയും അനുയായിയായിരുന്നു അദ്ദേഹം. പിന്നീട് ലോകമെമ്പാടും സഞ്ചരിച്ച് ബുദ്ധമതം പ്രസംഗിക്കുകയും പുരോഹിതന്മാർ, തിയോസഫിസ്റ്റുകൾ, പണ്ഡിതന്മാർ, ഉന്നത രാഷ്ട്രീയക്കാർ എന്നിവരുമായി സഹവസിക്കുകയും ചെയ്തു. ശ്രീലങ്കയിലും പുറത്തും അദ്ദേഹം ബുദ്ധമതപ്രസംഗങ്ങൾ നടത്തുകയും നിരവധി ബുദ്ധമത സ്കൂളുകളും ആശുപത്രികളും സെമിനാരികളും സ്ഥാപിക്കുകയും സിംഹള ബൗദ്ധയ എന്ന പത്രം തുടങ്ങുകയും ചെയ്തു. ബുദ്ധമത അടയാളങ്ങളെ ഭരണകൂടവും സൈന്യവുമായി കൂട്ടിയിണക്കിയതും ധർമ്മപാലനാണ്.

 ശ്രീലങ്കയിലെ ബുദ്ധമത പ്രൊട്ടസ്റ്റന്റ് നവീകരണത്തിൻ്റെ പിതാവായി അറിയപ്പെടുന്ന ധർമ്മപാലന് സാമ്രാജ്യത്വ വിരുദ്ധവും ദേശീയവാദപരവുമായ  അജണ്ട ഉണ്ടായിരുന്നു.
ശ്രീലങ്കയിലെ ബുദ്ധമത പ്രൊട്ടസ്റ്റന്റ് നവീകരണത്തിൻ്റെ പിതാവായി അറിയപ്പെടുന്ന ധർമ്മപാലന് സാമ്രാജ്യത്വ വിരുദ്ധവും ദേശീയവാദപരവുമായ അജണ്ട ഉണ്ടായിരുന്നു.

ഇന്ത്യ സന്ദർശിച്ച ശേഷം, 1891-ൽ അദ്ദേഹം പാൻ- ബുദ്ധിസ്റ്റ് മഹാബോധി സൊസൈറ്റി സ്ഥാപിച്ചു. ലക്ഷ്യം ഇന്ത്യയിൽ ബുദ്ധമതത്തെ പുനരുജ്ജീവിപ്പിക്കുക, ബോധ് ഗയ, സാരാനാഥ്, കുശിനാര എന്നിവിടങ്ങളിലെ പുരാതന ബുദ്ധക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു. ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരുടെ ഒരു സാർവത്രിക ശൃംഖല സ്ഥാപിക്കാനും ബുദ്ധമതലോകത്തെ ഒന്നിപ്പിക്കാനും സൊസൈറ്റി ശ്രമിച്ചു. 1893-ലെ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത ലോക മതപാർലമെന്റിൽ ധർമ്മപാലൻ ഥേരവാദ ബുദ്ധമതത്തെ പ്രതിനിധീകരിച്ചു. ബുദ്ധമതത്തെ സെമിറ്റിക് ഘടനയോടുത്തു നിൽക്കുന്ന സംഘടിത പ്രസ്ഥാനമാക്കി മാറ്റിയത് ധർമ്മപാലനും സംഘവുമാണ്. പിൽക്കാലത്ത് ചില ബുദ്ധമത സന്യാസിമാർ ധർമ്മപാലൻ്റെ വഴിയിലൂടെ ബുദ്ധമതത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചു.

ഇൻ ഡിഫൻസ് ഓഫ് ധർമ്മ: ജസ്റ്റ്- വാർ ഐഡിയോളജി ഇൻ ബുദ്ധിസ്റ്റ് ശ്രീലങ്ക (In Defense of Dharma: Just- War Ideology in Buddhist Sri Lanka) എന്ന പുസ്തകത്തിൽ മതപഠന പ്രൊഫസർ ടെസ്സ ജെ. ബർത്തലോമ്യൂസ്, മതം സൈനികവൽക്കരിക്കപ്പെട്ടതിൻ്റെ ചില ഉദാഹരണങ്ങൾ നൽകുന്നു. ഒന്ന് മാത്രം എടുത്താൽ, 1999-ൽ ഒരു ബുദ്ധ സന്യാസി രചിച്ചതായി പറയപ്പെടുന്ന ഒരു സിംഹള സൈനിക ഗാനത്തിൻ്റെ വരികൾ ഇങ്ങനെയാണ്:
മതത്തോടുള്ള സ്നേഹത്താൽ ബന്ധിക്കപ്പെട്ടവരും മാതൃഭൂമിയാൽ സംരക്ഷിക്കപ്പെട്ടവരുമായ ധീരരായ സൈനികരേ, നിങ്ങൾ, ആയുധങ്ങളേന്തി, കൈകോർത്ത് മുന്നോട്ടു പോകുക.

ബന്ദാരനായകെയുടെ കൊലപാതകം,
മറ്റൊരു റാസ്പുടിൻ

സിലോണിന്റെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന എസ്.ഡബ്ല്യു.ആർ.ഡി ബന്ദാരനായകെയുടെ കൊലപാതകി ഒരു ബുദ്ധഭിക്ഷുവായിരുന്ന താൽദുവെ സോമരാമ തേറോ ആയിരുന്നു യഥാർത്ഥത്തിൽ അയാൾ ഒരുപകരണമായിരുന്നു. മുഖ്യ ഗൂഢാലോചനക്കാരൻ മാപിതിഗമ ബുദ്ധ രക്തിത എന്ന ആശ്രമാധിപനായിരുന്നു.

1947 മുതൽ 1959 വരെ, ശ്രീലങ്കയിലെ പ്രമുഖ ബുദ്ധക്ഷേത്രങ്ങളിലൊന്നായ കെലാനിയ രാജ മഹാവിഹാരത്തിന്റെ മുഖ്യപുരോഹിതനായിരുന്നു അയാൾ. കൊളംബോയ്ക്കടുത്തുള്ള ഈ ബുദ്ധക്ഷേത്രം രാഷ്ട്രീയാധികാരത്തിൻ്റെ കേന്ദ്ര ബിന്ദുവായിരുന്നു. 1956- ലെ തെരഞ്ഞെടുപ്പിൽ ബന്ദാരനായകയെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിച്ച ബുദ്ധരക്തിത തന്നെ പിൽക്കാലത്ത് അയാളുടെ ശത്രുവായി മാറി. കൊളംബോയിലെ ചില മാഫിയ തലവൻമാരുടെ സഹായത്തോടെ ബന്ദാരനായകെയുടെ കൊലപാതകം ആസൂത്രണം ചെയ്തു. കൊലയാളിയായി സോമരാജ തേറോയെന്ന യുവഭിക്ഷുവിനെ കണ്ടെത്തുകയും ആയുധം നൽകുകയും ചെയ്തു. ബന്ദാരനായകെയുടെ കൊലപാതകത്തിൽ തന്റെ ദേഷ്യവും ദുഃഖവും റേഡിയോ സിലോണിൽ ആദ്യമായി പ്രകടിപ്പിച്ചത് മാപിതിഗമ ബുദ്ധരക്തിതയായിരുന്നു എന്നതാണ് ഇതിലെ ഐറണി.

സിലോണിന്റെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന എസ്.ഡബ്ല്യു.ആർ.ഡി ബന്ദാരനായകെയുടെ കൊലപാതകി ഒരു ബുദ്ധഭിക്ഷുവായിരുന്ന താൽദുവെ സോമരാമ തേറോ ആയിരുന്നു
സിലോണിന്റെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന എസ്.ഡബ്ല്യു.ആർ.ഡി ബന്ദാരനായകെയുടെ കൊലപാതകി ഒരു ബുദ്ധഭിക്ഷുവായിരുന്ന താൽദുവെ സോമരാമ തേറോ ആയിരുന്നു

തമിഴർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ അക്രമാസക്തമായ നയങ്ങൾ നടപ്പിലാക്കുന്നതിലെ പരാജയമാണ് ബന്ദാരനായകെയുടെ വധത്തിനു പിന്നിലെ കാരണമെന്ന് ബുദ്ധരക്തിത പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അയാളുടെ ലൈംഗിക താല്പര്യങ്ങൾക്കും സ്വകാര്യ, സാമ്പത്തിക താല്പര്യങ്ങൾക്കൊപ്പം ബന്ദാരനായകെ കൂട്ടുനിൽക്കാത്തതായിരുന്നു. സോമരാമയെ വധശിക്ഷയ്ക്കു വിധേയനാക്കി. മുഖ്യഗൂഡാലോചകനായ ബുദ്ധരക്തിതയെ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും പിന്നീടത് ജീവപര്യന്തമാക്കി കുറച്ചു. ലോകത്തെ ഏറ്റവും ലളിതവും അനാസക്തവും അക്രമരഹിതവുമെന്ന് കരുതപ്പെടുന്ന ബുദ്ധമതത്തിൻ്റെ മറയിൽ ബുദ്ധരക്തിത നയിച്ച ജീവിതം ആർത്തി പിടിച്ചതും വഴിവിട്ടതും അരാജകവുമായിരുന്നു. ശ്രീലങ്കൻ ബുദ്ധിസത്തിലെ റാസ്പുട്ടിനായിരുന്നു അയാൾ.

ടെമ്പിൾ ഓഫ് ടൂത്ത് റെലിക്

അനുരാധപുര പോലെ, ശ്രീലങ്കൻ ബുദ്ധാധികാരത്തിൻ്റെ മറ്റൊരു കേന്ദ്രമാണ് കാൻഡിയിലെ ടെമ്പിൾ ഓഫ് ടൂത്ത് റെലിക് എന്ന ശ്രീദളദ മാലിഗവ. ബുദ്ധൻ്റെ പല്ലിൻ്റെ ഭാഗം സംരക്ഷിക്കുന്നുവെന്ന് ബുദ്ധിസ്റ്റുകൾ വിശ്വസിക്കുന്ന ഇവിടം നിയന്ത്രിക്കുന്ന പുരോഹിതൻമാരുടെ പ്രീതിയും അനുഗ്രഹവും അധികാരത്തിലേക്കുള്ള യാത്രയിൽ പ്രധാനമാണ്. പണ്ട്, രാജാക്കൻമാരായിരുന്നു പുരോഹിതർക്കു മുന്നിൽ വളഞ്ഞു നിന്നിരുന്നതെങ്കിൽ ഇന്നത് രാഷ്ട്രീയക്കാരാവുന്നുവെന്നു മാത്രം. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതബയയുടേയും, മന്ത്രിസഭാംഗങ്ങളുടേയും സത്യപ്രതിജ്ഞ നടന്നത് ടെമ്പിൾ ഓഫ് ടൂത്ത് റെലികിനു മുന്നിലാണ്. കാൻഡിയിലെ കൊട്ടാരവും വിവിധ രാജ്യങ്ങളിലെ ബുദ്ധിസ്റ്റ് സംസ്കാരം വിശദമാക്കുന്ന ആകർഷകമായ മ്യൂസിയവും ഇവിടെയുണ്ട്. രാഷ്ട്രീയ കാരണങ്ങളാൽ സുരക്ഷാഭടൻമാരാൽ വലയം ചെയ്തിരിക്കുന്ന ദളദ മാലിഗവയെ 1989- ൽ ജനതാ വിമുക്തി പെരുമനയുടെ ഗറില്ലകളും 1998-ൽ തമിഴ് പുലികളും ആക്രമിച്ചു. ദളദമാലിഗവ സ്ഥിതി ചെയ്യുന്ന കാൻഡി ഇപ്പോൾ ബുദ്ധമത തീവ്രവാദത്തിൻ്റെ കേന്ദ്രമായി പതുക്കെ മാറുന്നുണ്ടെന്ന് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു

ബുദ്ധിസം,
ആഭ്യന്തരയുദ്ധത്തിനുശേഷം

‘‘ഈ രാജ്യത്ത് ഇപ്പോഴും ഒരു സിംഹള പോലീസുണ്ട്. ഒരു സിംഹള സൈന്യമുണ്ട്. ഇന്ന് മുതൽ ഒരു മരക്കലയ (അവഹേളനപരമായ മുസ്ലീം വിശേഷണം) അല്ലെങ്കിൽ മറ്റേതെങ്കിലും പറയ (അന്യൻ, മ്ലേച്ഛൻ എന്ന അർത്ഥത്തിൽ) ഒരു സിംഹളനെ സ്പർശിച്ചാൽ അവരുടെ അവസാനമായിരിക്കും’’- ഇത് ഒരു തീവ്രവാദി രാഷ്ട്രീയക്കാരൻ്റെ വാക്കുകളല്ല. ഗലഗോഡെ അത്ത ജ്ഞാനസാരയെന്ന ബുദ്ധസന്യാസിയുടെ വാക്കുകളാണ്. ശ്രീലങ്കയിലെ ആലുത്ഗാമയിൽ ജ്ഞാനസാര നടത്തിയ പ്രസംഗത്തെത്തുടർന്നാണ് 2014- ൽ അവിടെ കലാപമുണ്ടായത്. വൈറ്റ് വാൻ തട്ടിക്കൊണ്ടുപോയ ശ്രീലങ്കയിലെ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും കോളമിസ്റ്റുമായിരുന്ന പ്രഗീത് എക്നലി ഗോഡയുടെ ഭാര്യയെ അധിക്ഷേപിച്ച കേസിലും ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങളുടെ പേരിലും ജ്ഞാനസാര അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും പ്രസിഡൻ്റു തന്നെ പിന്നീട് മാപ്പ് നൽകി പുറത്തുവിടുകയുണ്ടായി. ഗോതബയ രജപക്സെ, നിയമ പരിഷ്ക്കാരത്തിനുള്ള പ്രസിഡൻ്റിൻ്റെ ടാസ്ക് ഫോഴ്സിൻ്റെ തലവനായി ഈ വിവാദ സന്യാസിയെ നിയമിക്കുകയും ചെയ്തു.

2009-ൽ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ, ശ്രീലങ്കയിലെ വംശീയ വിഭാഗങ്ങൾ സമാധാനത്തോടെ ഒന്നിച്ചു ജീവിക്കാൻ ഒരു വഴി കണ്ടെത്തുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ രാജ്യത്തെ ബുദ്ധ തീവ്രവാദികൾ വൈകാതെ തന്നെ മറ്റൊരു ലക്ഷ്യം കണ്ടെത്തി. അത് മുസ്ലീംങ്ങളായിരുന്നു.

സിഹാല ഉറുമയ എന്ന അതിതീവ്ര വലതുപക്ഷപാർട്ടി രൂപീകരിച്ച ബുദ്ധിസ്റ്റ് തീവ്രവാദ സംഘമാണ് ദേശീയ ഹെല ഉറുമയ. ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത്, സൈനിക ബലപ്രയോഗത്തിലൂടെ തമിഴ് ഈഴം വിമോചന പുലികളെ തുടച്ചുനീക്കണമെന്ന് അവർ വാദിച്ചു. ആ ‘സ്വപ്നം’ യാഥാർത്ഥ്യമാക്കുന്നതിൽ പാർട്ടി പ്രധാന പങ്ക് വഹിച്ചു. സിംഹളഭാഷാ മൗലികവാദം, ഫെഡറൽ വിരുദ്ധത, അതിതീവ്ര ദേശീയത, ന്യൂനപക്ഷ വിരുദ്ധത എന്നിവയെല്ലാം പിന്തുടരുന്ന സംഘമാണ് ജതിക ഹെല ഉറുമയ. 2014 ലെ തെരഞ്ഞെടുപ്പിൽ ജെ.എച്ച്.യുവിൻ്റെ ഒമ്പത് സന്യാസിമാരാണ് പാർലമെൻ്റഗംങ്ങളായി തെരത്തെടുക്കപ്പെട്ടത്.

ബോഡുബാല സേന, രാവണ ബലായ, സിഹല റാവയ എന്നിവയെല്ലാം ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് തീവ്രവാദ സംഘടനകളാണ്. നിലവിൽ ശ്രീലങ്കയിലെ ഏറ്റവും സജീവമായ ബുദ്ധമത തീവ്രവാദ സംഘടന ബോഡു ബാല സേന (ബുദ്ധമത ശക്തി സേന, അല്ലെങ്കിൽ ബിബിഎസ്) ജതിക ഹെല ഉറുമയയിൽ നിന്ന് വേർപെട്ടുണ്ടായതാണ്. 2012- ൽ ബുദ്ധമത- ദേശീയ പ്രത്യയശാസ്ത്രവും അജണ്ടയുമായി ബി ബി എസ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ബി ബി എസ് ബഹുസ്വരതയെയും ജനാധിപത്യ പ്രത്യയശാസ്ത്രങ്ങളെയും എതിർക്കുന്നു. കൂടാതെ ശ്രീലങ്കയ്ക്കുള്ളിൽ മറ്റ് മതങ്ങളുടെ വളർച്ചയ്ക്കെതിരായ നിലപാടുകൾ സ്വീകരിക്കാത്തതിന് തീവ്രവാദികളല്ലാത്ത ബുദ്ധ സന്യാസിമാരെ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു.

ധാംബുള്ള ഗുഹാക്ഷേത്രങ്ങൾ
ധാംബുള്ള ഗുഹാക്ഷേത്രങ്ങൾ

ബുദ്ധിസത്തിൻ്റെ
ഇസ്ലാമോഫോബിയ

ആഭ്യന്തര യുദ്ധത്തിൽ തമിഴർക്കെതിരെ ആയുധമേന്തിയ ശ്രീലങ്കൻ ബുദ്ധിസം ഇപ്പോൾ തിരിഞ്ഞിരിക്കുന്നത് ശ്രീലങ്കൻ മുസ്ലീങ്ങൾക്കു നേരെയാണ്. ഒമ്പത് ശതമാനം മാത്രമുള്ള മുസ്ലീം ന്യൂനപക്ഷത്തെ, സിംഹള ബുദ്ധമതരാഷ്ട്രത്തിനും സംസ്കാരത്തിനും ഭീഷണിയായി ചിത്രീകരിക്കുന്നു. മ്യാൻമറിലെ മുസ്ലിം വംശഹത്യയ്ക്കു നേതൃത്വം നൽകിയ അൾട്രാനാഷണലിസ്റ്റ് ബുദ്ധസന്യാസി അഷിൻ വിരാതുവിനേപ്പോലെ, ശ്രീലങ്കയിൽ ഗലഗോഡ അത്തെ ജ്ഞാനസാരയുടെ തീവ്രബുദ്ധിസ്റ്റ് പ്രഭാഷണങ്ങളും പ്രവൃത്തികളും സാധാരണ വിശ്വാസികളെപ്പോലും മുസ്ലീംങ്ങൾക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നു.

ഉയർന്ന ജനനനിരക്കിലൂടെ മുസ്ലീംങ്ങൾ രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യ വ്യവസായങ്ങളിൽ നിന്നുള്ള പണം ഉപയോഗിച്ച് അന്താരാഷ്ട്ര ഭീകരതയ്ക്ക് ധനസഹായം നൽകുന്നതായും ജ്ഞാനസാര ആരോപിച്ചു. ബുദ്ധമതത്തിനും മുസ്ലീംങ്ങൾക്കുമിടയിൽ സഹകരണത്തിനും സഹവർത്തിത്വത്തിനും ശ്രമിച്ച മിതവാദിയായ വിജിത തോറോയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയും ചെയ്തു. ഇത്തരം ബോധപൂർവ്വമായ ആരോപണങ്ങളും പ്രവർത്തനങ്ങളും മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

‘ബർമീസ് ബിൻ ലാദൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, റോഹിംഗ്യൻ മുസ്ലീംങ്ങളുടെ വംശീയ ഉൻമൂലനത്തിനും കൂട്ടപ്പലായനത്തിനും കാരണക്കാരനായ അഷിൻ വിരാതുവിനെ ശ്രീലങ്കയിലേക്കു കൊണ്ടുവന്ന് ആദരിക്കുകയും രണ്ടു രാജ്യങ്ങളിലേയും സന്യാസ സംഘങ്ങൾ തമ്മിൽ മുസ്ലീം ഭീകരതയ്ക്കെതിരെ സഹകരിക്കുന്നതിനുള്ള കരാറിൽ ഒപ്പിടുകയുംചെയ്തു.

2018 -ന്റെ തുടക്കത്തിൽ ശ്രീലങ്കയിലെ രണ്ട് വ്യത്യസ്ത പട്ടണങ്ങളായ കാൻഡിയിലും അമ്പാറയിലും ബുദ്ധതീവ്രവാദികളും മുസ്ലീങ്ങളും തമ്മിൽ പുതിയ ഏറ്റുമുട്ടലുകൾ ഉണ്ടായി. ദേശീയവാദ സിംഹള ബുദ്ധമത ഫേസ്ബുക്ക് ഗ്രൂപ്പുകൾ പ്രചരിപ്പിച്ച വിദ്വേഷം നിറഞ്ഞ പോസ്റ്റുകളാണ് ഈ കലാപങ്ങൾക്ക് കാരണമായത്. വ്യവസായ സ്ഥാപനങ്ങളും കെട്ടിടങ്ങളും നശിപ്പിക്കുന്നതിലേക്കും കൊലപാതകങ്ങളിലേക്കും ഇത് ചെന്നെത്തി.

ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തെ ന്യായീകരിക്കാൻ ബുദ്ധമത ഗ്രന്ഥങ്ങളെ ഉപയോഗിച്ച സന്യാസിമാർ നയിച്ച ചോര ചീന്തിയ നിരവധി അക്രമങ്ങളുടെ വ്യത്യസ്ത എപ്പിസോഡുകൾ വംശീയ സംഘർഷ കാലത്ത് ജനങ്ങൾ കണ്ടിട്ടുണ്ട്. ശ്രീലങ്കയിൽ ഉയർന്നുവരുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെല്ലാം പൊതുവായി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ അയൽരാജ്യമായ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്.

(തുടരും)


Summary: Buddhism known for tolerance and non violence changes violent and attacks ethnic and linguistic minorities in Sri Lanka. K.V. Manoj's Sri Lankan journey continues.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments