ബസ്തറിൽ നിന്നൊരു കാഴ്ച; ഫോട്ടോകൾ: ഷകീൽ രിസ്‍വി.

രണ്ട് തോക്കുകൾക്കിടയിൽ
ഞെരിഞ്ഞമർന്ന ഗ്രാമങ്ങൾ

‘‘വർഷങ്ങളായി സുരക്ഷാ സേനകൾ ഉൾവനങ്ങളിൽ വലിയ രീതിയിൽ ക്യാമ്പുകൾ സ്ഥാപിച്ച് മുന്നേറുന്നുണ്ട്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടു. എന്നാൽ ഭയം പൂർണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ല’’- മുജീബ് റഹ്മാൻ കിനാലൂരിന്റെ ബസ്തർ യാത്ര തുടരുന്നു.

ബസ്തർ ദസറ
അധ്യായം മൂന്ന്

▮

വനഗ്രാമങ്ങളുടെ വന്യമായ പച്ചപ്പിലൂടെ സാൽമരങ്ങളുടെ ഇടനാഴികൾ പിന്നിട്ട് ഞങ്ങൾ സഞ്ചരിച്ചത് പൊടിപടലങ്ങൾക്കിടയിൽ, മനുഷ്യരുടെ ആരവങ്ങളാൽ മുഖരിതമായ ഒരു ആഴ്ചച്ചന്തയിലേക്കായിരുന്നു. ബസ്തറിലെ ‘ഹാട്ട്’ ചരക്കുകൾ വിറ്റഴിക്കുന്ന വെറുമൊരു ചന്തയല്ലെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ആന്ധ്രയിലെ അരക്കു താഴ്‌വരയിലും ഛത്തീസ്ഗഡിന്റെ തെക്കൻ അതിർത്തിഗ്രാമങ്ങളിലും സമാനമായ വനവിപണികൾ ഞങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, മധ്യേന്ത്യൻ ചരിത്രത്തിന്റെയും ദ്രാവിഡ ഗോത്രപാരമ്പര്യത്തിന്റെയും ഹൃദയഭൂമിയായ ബസ്തറിലെ ചന്തകൾക്ക് വേറിട്ട സവിശേഷതകളുണ്ട്‌.

നഗരങ്ങളിലെ കച്ചവടകേന്ദ്രങ്ങളിൽ കാണുന്ന വിലപേശലുകളോ വ്യഗ്രതയോ ഇവിടെയെങ്ങുമില്ല. കാടുകളുടെ ഉള്ളറകളിൽനിന്ന് കാതങ്ങൾ കാൽനടയായി താണ്ടി, തലയിൽ കുട്ടകളും ഭാണ്ഡങ്ങളുമേന്തി എത്തുന്ന മനുഷ്യർ ഇവിടെ ഒത്തുചേരുന്നത് വാങ്ങാനും വിൽക്കാനും മാത്രമല്ല; പരസ്പരം കാണാനും ആലിംഗനം ചെയ്യാനും വർത്തമാനം പങ്കുവെക്കാനുമാണ്.

"നോക്കൂ സർ... ഇതാണ് ബസ്തറിന്റെ സാമ്പത്തിക, സാമൂഹിക ശ്വാസകോശം," ആഴ്ചച്ചന്തയുടെ കവാടത്തിൽ നിന്നുകൊണ്ട് ദീപ്തി പറഞ്ഞു. ദീപ്തിയുടെ കണ്ണുകളിൽ ഒരു ഗവേഷകയുടെ കൗതുകത്തേക്കാൾ, ആ മനുഷ്യരോടുള്ള അടങ്ങാത്ത ആത്മബന്ധത്തിന്റെ തിളക്കമുണ്ടായിരുന്നു.

ഞങ്ങൾ ഹാട്ടിന്റെ ഉള്ളിലേക്ക് നടന്നു. വരിവരിയായി തറയിൽ ചാക്കുകൾ വിരിച്ച് ചന്തയിലിരിക്കുന്ന മനുഷ്യർ. വനത്തിൽനിന്ന് ശേഖരിച്ച നെല്ലിക്ക, തെണ്ടു ഇലകൾ, സാൽ വിത്തുകൾ, കാട്ടുതേൻ, കാട്ടുകിഴങ്ങുകൾ, വലിപ്പമേറിയ നാടൻ പച്ചക്കറികൾ എന്നിവ നിരത്തിവെച്ചിരിക്കുന്നു.

‘ചാപഡ’; ഭൗമസൂചികാപദവി ലഭിച്ച ബസ്തറിലെ ചുവന്ന ഉറുമ്പ് ചമ്മന്തി.
‘ചാപഡ’; ഭൗമസൂചികാപദവി ലഭിച്ച ബസ്തറിലെ ചുവന്ന ഉറുമ്പ് ചമ്മന്തി.

ഒരരികിൽ ബസ്തറിലെ പരമ്പരാഗത ഇരുമ്പ് ശില്പകലയായ 'ലോഹശിൽപ്' വിരുതിൽ തീർത്ത കത്തികളും കാർഷികോപകരണങ്ങളും മൺപാത്രങ്ങളും. പണമിടപാടുകളേക്കാൾ ചിലയിടങ്ങളിൽ ഇപ്പോഴും 'ബാർട്ടർ' രീതിയിലുള്ള വിനിമയങ്ങൾ നിശ്ശബ്ദമായി നടക്കുന്നുണ്ടായിരുന്നു. കാട്ടുവിഭവങ്ങൾ കൊടുത്തു പകരം ഉപ്പും ഉണക്കമീനും വസ്ത്രങ്ങളും വാങ്ങുന്ന കാഴ്ച പുരാതനമായ ഏതോ മനുഷ്യകാലത്തിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയി.

പെട്ടെന്നാണ് ഒരുകൂട്ടം ആളുകൾ കൂടിനിൽക്കുന്ന ഒരു കോണിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. വലിയ ഇലക്കുമ്പിളുകളിൽ ചുവന്ന നിറത്തിലുള്ള എന്തോ ഒന്ന് നിറച്ചുവെച്ചിരിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് ആ കാഴ്ച വ്യക്തമായത്; ജീവനുള്ളതും ഉണങ്ങിയതുമായ വലിയ ചുവന്ന ഉറുമ്പുകളും അവയുടെ വെളുത്ത മുട്ടകളും.

"ഇതാണ് പ്രശസ്തമായ ചാപഡ," ഷക്കീൽജി ചിരിച്ചുകൊണ്ട് പറഞ്ഞു. "ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന, ഭൗമസൂചികാപദവി (GI Tag) ലഭിച്ച ബസ്തറിലെ ചുവന്ന ഉറുമ്പ് ചമ്മന്തി."

ബസ്തറിലെ ആഴ്ചച്ചന്തയിൽ പ്രകൃതിദത്ത പാനീയങ്ങൾ വിൽക്കുന്നവർ.
ബസ്തറിലെ ആഴ്ചച്ചന്തയിൽ പ്രകൃതിദത്ത പാനീയങ്ങൾ വിൽക്കുന്നവർ.

സാൽ മരങ്ങളിലും മാവുകളിലും കൂട്ടമായി കൂടുവെക്കുന്ന 'വീവർ ആന്റുകൾ' അഥവാ ചുവന്ന ഉറുമ്പുകളെയും അവയുടെ ലാർവകളെയും മരച്ചില്ലകളിൽ നിന്ന് അതീവ വൈദഗ്ധ്യത്തോടെയാണ് ഇവർ ശേഖരിക്കുന്നത്. ആദിവാസി സ്ത്രീകൾ അമ്മിക്കല്ലിൽ വെളുത്തുള്ളിയും ഇഞ്ചിയും കാന്താരിമുളകും ഉപ്പും ചേർത്ത് ഉറുമ്പുകളെ ചതച്ചരച്ചെടുക്കുകയാണ്. എരിവും പുളിയും കലർന്ന, മൂക്കിലേക്ക് അടിച്ചുകയറുന്ന ചൂരുള്ള ഗന്ധം.

"ഒന്ന് രുചിച്ചു നോക്കുന്നോ?" ഒരു ചെറിയ ഇലക്കീറിൽ അല്പം ചമ്മന്തിയെടുത്ത് ദീപ്തി ഞങ്ങൾക്ക് നേരെ നീട്ടി.

കൃഷിയിടങ്ങളിലെ കൊടുംചൂടിൽ പണിയെടുക്കുന്നവർക്ക് കോദോയും കുട്കിയും പോലുള്ള ചെറുധാന്യങ്ങൾ വേവിച്ചുണ്ടാക്കിയ 'പേജ്' എന്ന കഞ്ഞി ഇലക്കുമ്പിളുകളിൽ പകർന്നുനൽകുന്നു.
കൃഷിയിടങ്ങളിലെ കൊടുംചൂടിൽ പണിയെടുക്കുന്നവർക്ക് കോദോയും കുട്കിയും പോലുള്ള ചെറുധാന്യങ്ങൾ വേവിച്ചുണ്ടാക്കിയ 'പേജ്' എന്ന കഞ്ഞി ഇലക്കുമ്പിളുകളിൽ പകർന്നുനൽകുന്നു.

ഒരു നിമിഷം ശങ്കിച്ചുനിന്നെങ്കിലും, രുചിയറിയാൻ ഒരൽപ്പം നാവിൽ തൊട്ടുനോക്കി. ആദ്യ നിമിഷത്തിൽ നേരിയൊരു പകപ്പാണ് തോന്നിയത്. പക്ഷേ, തൊട്ടടുത്ത മാത്രയിൽ നാവിൻതുമ്പിൽ ഒരു നുനുനുനുപ്പും തരിപ്പും. ഉറുമ്പുകളിലെ ഫോർമിക് ആസിഡ് നൽകുന്ന സ്വാഭാവികമായ തീവ്രപുളിയും, കാന്താരിമുളകിന്റെ രൂക്ഷമായ എരിവും കൂടിച്ചേർന്ന അത്യപൂർവ്വമായ നാടൻ രുചി.

"പ്രോട്ടീനും സിങ്കും കാൽസ്യവും വിറ്റാമിൻ ബി-12- ഉം നിറഞ്ഞ അത്ഭുതകരമായ ഒരു ഔഷധക്കൂട്ടാണിത്. കാട്ടിലെ പ്രതികൂല കാലാവസ്ഥകളോടും പനികളോടും പോരാടാൻ നൂറ്റാണ്ടുകളായി ഇവിടുത്തെ ആദിവാസികൾ ഉപയോഗിക്കുന്ന പരമ്പരാഗത പ്രതിരോധ ഔഷധം," ദീപ്തി ഉറുമ്പുചമ്മന്തിയുടെ ആരോഗ്യ രഹസ്യം വിശദീകരിച്ചു.

ചന്തയുടെ മറ്റൊരു വശത്ത്, മൺകലങ്ങൾക്കുചുറ്റും ചിരിയും ഉച്ചത്തിലുള്ള സംസാരവുമായി മനുഷ്യർ കൂടിയിരിപ്പുണ്ടായിരുന്നു. അവിടെ വിളമ്പുന്നത് ബസ്തറിലെ പ്രകൃതിദത്ത പാനീയങ്ങളാണ്. മഹുവാ പൂക്കൾ വാറ്റിയെടുത്ത തീക്ഷ്ണമായ നാടൻ മദ്യവും കാട്ടിലെ ഈന്തപ്പന വിഭാഗത്തിൽപ്പെട്ട സൾഫി മരത്തിന്റെ തണ്ടിൽ നിന്ന് പുലർച്ചെ നേരിട്ട് ചെത്തിയെടുക്കുന്ന 'സൾഫി' അഥവാ ബസ്തർ ബിയറും.

ബസ്തറിലെ ‘ഹാട്ട്’ എന്ന ആഴ്ചച്ചന്തയിലെ ഒരു കാഴ്ച.
ബസ്തറിലെ ‘ഹാട്ട്’ എന്ന ആഴ്ചച്ചന്തയിലെ ഒരു കാഴ്ച.

മഹുവാ പൂക്കളുടെ മത്തുപിടിപ്പിക്കുന്ന മണം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. സൾഫി മരത്തിൽ കെട്ടിവെച്ച ചെറിയ മൺകലങ്ങളിൽ നിന്ന് ഇറ്റുവീഴുന്ന ആ പാനീയത്തിന് ഇളംമധുരവും നേരിയൊരു പുളിപ്പുമാണത്രെ. ഓരോ കുടുംബത്തിനും സ്വന്തമായി ഒന്നോ രണ്ടോ സൾഫി മരങ്ങളുണ്ടാകും. മകൾ വിവാഹം കഴിഞ്ഞ് പോകുമ്പോൾ സൾഫി മരം സ്ത്രീധനമായി നൽകുന്ന അപൂർവ്വമായൊരു സമ്പ്രദായം പോലും ഇവരുടെയിടയിലുണ്ടെന്ന് ഷക്കീൽജി പറഞ്ഞുതന്നു. കൃഷിയിടങ്ങളിലെ കൊടുംചൂടിൽ പണിയെടുക്കുന്നവർക്ക് ഊർജ്ജം പകരാൻ കോദോയും കുട്കിയും പോലുള്ള ചെറുധാന്യങ്ങൾ വേവിച്ചുണ്ടാക്കിയ 'പേജ്' എന്ന കഞ്ഞിയും അവർ ഇലക്കുമ്പിളുകളിൽ പകർന്നു നൽകുന്നുണ്ട്. പ്രകൃതിയിൽ നിന്ന് എന്ത് കഴിക്കണം, കാലാവസ്ഥയ്ക്കനുസരിച്ച് എങ്ങനെ ശരീരം കാത്തുസൂക്ഷിക്കണം എന്നതിന് കാടിന്റെ മക്കൾ കണ്ടെത്തിയ സ്വാഭാവിക സമവാക്യങ്ങളാണിവയെല്ലാം.

ബസ്തറിലെ ആഴ്ചച്ചന്തയിൽ മൺകലങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു.
ബസ്തറിലെ ആഴ്ചച്ചന്തയിൽ മൺകലങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു.

'ഉർസ്കൽ':
കല്ലിൽ കൊത്തിയ
ജീവരേഖകൾ

ഉച്ചയോടടുത്ത് ചന്തയിലെ ബഹളങ്ങൾ വിട്ട് ഒരു ഉൾനാടൻ മുരിയ ഗ്രാമത്തിലേക്ക് നീങ്ങി. ഗ്രാമാതിർത്തിയിലെ തണൽമരങ്ങൾക്ക് കീഴെ, നിരനിരയായി നാട്ടിവെച്ച വലിയ കൽപ്പാളികളും കൽത്തൂണുകളും തലയുയർത്തി നിൽക്കുന്നത് കണ്ട് ഞാൻ വണ്ടി നിർത്താനാവശ്യപ്പെട്ടു. പുരാതനമായ മഹാശിലായുഗ സംസ്കാരത്തെ ഓർമ്മിപ്പിക്കുന്ന ആ കാഴ്ച അത്യധികം ഗംഭീരമായിരുന്നു.

"ഇവയെ ശവകുടീരങ്ങളല്ല, മുരിയകളുടെ ചരിത്രരേഖകളാണ്; ഇവയെ 'ഉർസ്കൽ' അല്ലെങ്കിൽ 'കൽ-ഗഥ' എന്ന് വിളിക്കുന്നു," ഷക്കീൽജി ആ കല്ലുകൾക്കുമുന്നിൽ നിന്നുകൊണ്ട് വിശദീകരിച്ചു.

അടുത്ത് ചെന്നുനോക്കിയപ്പോഴാണ് ആ കല്ലുകളിലെ അത്ഭുതം മനസ്സിലായത്. കല്ലുകളിൽ വിവിധ രൂപങ്ങൾ വളരെ സൂക്ഷ്മമായി കൊത്തിവെച്ചിരിക്കുന്നു. മൺമറഞ്ഞുപോയ ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ ചിത്രങ്ങളിലൂടെ കൊത്തിവെച്ചിരിക്കുന്ന ഒരു ദൃശ്യ ജീവചരിത്രം.

മധ്യേന്ത്യൻ ചരിത്രത്തിന്റെയും ദ്രാവിഡ ഗോത്രപാരമ്പര്യത്തിന്റെയും ഹൃദയഭൂമിയായ ബസ്തറിലെ ചന്തകൾക്ക് വേറിട്ട സവിശേഷതകളുണ്ട്‌.
മധ്യേന്ത്യൻ ചരിത്രത്തിന്റെയും ദ്രാവിഡ ഗോത്രപാരമ്പര്യത്തിന്റെയും ഹൃദയഭൂമിയായ ബസ്തറിലെ ചന്തകൾക്ക് വേറിട്ട സവിശേഷതകളുണ്ട്‌.

"മരിച്ചുപോയ വ്യക്തി ജീവിച്ചിരുന്നപ്പോൾ ആരായിരുന്നു, എന്തായിരുന്നു അയാളുടെ പ്രവൃത്തികൾ എന്ന് ഈ ശിലകൾ വിളിച്ചുപറയും," ദീപ്തി പറഞ്ഞു. "നോക്കൂ, ഈ കല്ലിൽ ഒരു വേട്ടക്കാരന്റെ ചിത്രമുണ്ട്. വില്ലും അമ്പുമേന്തി ഒരു കാട്ടുപന്നിയെ വേട്ടയാടുന്ന രംഗം, അയാളുടെ പ്രിയപ്പെട്ട നായാട്ടുനായ, അരികിലായി അയാൾ പതിവായി കുടിച്ചിരുന്ന സൾഫിയുടെ കലം. ആ വ്യക്തി വനവിഭവങ്ങൾ ശേഖരിക്കുന്നതിലും വേട്ടയിലും അഗ്രഗണ്യനായിരുന്നുവെന്ന് ഈ കല്ല് രേഖപ്പെടുത്തുന്നു. തൊട്ടടുത്ത ശിലയിൽ കാളപൂട്ടുന്ന കർഷകന്റെ ചിത്രവും, തലയിൽ ധാന്യക്കുട്ടകളേന്തിയ സ്ത്രീരൂപങ്ങളുമുണ്ട്."

മുരിയകളുടെ വിശ്വാസമനുസരിച്ച് മനുഷ്യൻ മരിക്കുമ്പോൾ പൂർണ്ണമായി ഇല്ലാതാകുന്നില്ല. അവരുടെ ആത്മാവ് (ജീവ്) ഗ്രാമത്തിന്റെ പരിസരത്ത് തന്നെയുണ്ടാകും. മരിച്ച വ്യക്തിക്ക് ഗ്രാമാതിർത്തിയിൽ സ്വന്തമായി ഒരു ഇടം നൽകി, ആത്മാവിന് ശാന്തി നൽകുന്ന ചടങ്ങാണ് 'ഹന്തൽ പുന'. വലിയ കൽത്തൂണുകൾ ചുമന്നുകൊണ്ടുവരാൻ ഗ്രാമം മുഴുവൻ ഒന്നിച്ചിറങ്ങുന്നു. ആ കല്ലുകളിൽ പൂർവ്വികരുടെ സാന്നിധ്യം കുടിയിരിക്കുന്നുവെന്നും, വന്യമൃഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും തങ്ങളുടെ അതിർത്തികളെ കാത്തുരക്ഷിക്കുന്നത് ഈ പൂർവ്വികരാണെന്നും അവർ അടിയുറച്ച് വിശ്വസിക്കുന്നു.

ആഴ്ചച്ചന്തയിൽ വരിവരിയായി തറയിൽ ചാക്കുകൾ വിരിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നവർ.
ആഴ്ചച്ചന്തയിൽ വരിവരിയായി തറയിൽ ചാക്കുകൾ വിരിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നവർ.

ചില കല്ലുകളിൽ തടിയിലോ ഇരുമ്പിലോ തീർത്ത ചെറിയ രൂപങ്ങളും പതിപ്പിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്റെ അടയാളങ്ങളും അപൂർവ്വമായി ഇത്തരം പുതിയ കല്ലുകളിൽ കാണാം; സൈക്കിൾ ചവിട്ടുന്ന മനുഷ്യനും, തോക്കേന്തിയ രൂപങ്ങളും വരെ സമീപകാലത്തെ കല്ലുകളിൽ കൊത്തിവെക്കപ്പെട്ടിരിക്കുന്നു. വാക്കുകളോ ലിപികളോ ഇല്ലാതെ, ചിത്രങ്ങളിലൂടെ മാത്രം തലമുറകൾ കൈമാറുന്ന ഈ ജീവചരിത്ര രേഖകൾ ഒരു ജനത തങ്ങളുടെ പൂർവ്വികരോട് കാട്ടുന്ന അളവറ്റ സ്നേഹത്തിന്റെയും ആദരവിന്റെയും സ്മാരകങ്ങളാണ്.

'ഘോതുൽ':
ജനാധിപത്യത്തിന്റെ
ആദിമ പാഠശാല

ഉർസ്കലുകൾ പിന്നിട്ട് ഞങ്ങൾ ഗ്രാമത്തിലേക്ക് കടന്നു. മൺചുവരുകളിൽ അരിമാവുകൊണ്ടും പ്രകൃതിദത്ത ചായങ്ങൾകൊണ്ടും മനോഹരമായ ചിത്രപ്പണികൾ ചെയ്ത വീടുകൾ. ഗ്രാമത്തിന് നടുവിൽ, തടിയും മുളയും കൊണ്ട് നിർമ്മിച്ച് പുല്ലുമേഞ്ഞ, അതിവിശാലമായൊരു തിണ്ണയും മുറ്റവുമുള്ള കെട്ടിടം ഞങ്ങൾ കണ്ടു. അതായിരുന്നു അവരുടെ പവിത്രമായ ‘ഘോതുൽ’.

ആദിമജനതയിൽ, ലോകത്ത് എവിടെയും ഒരുപാട് സമാനതകൾ കാണാം. അവരുടെ ആലേഖന സമ്പ്രദായങ്ങളിലും നൃത്തച്ചുവടുകളിലും ജീവിത രീതികളിലുമെല്ലാം അന്യാദൃശമായ സാദൃശ്യം അനുഭവപ്പെടും.

ദീപ്തി ഘോതുലിന്റെ പടവുകളിലേക്ക് നടന്നു. "മുരിയ ഗോത്രജീവിതത്തെ അടുത്തറിയണമെങ്കിൽ ഘോതുലിനെ അതിന്റെ ആത്മാവിൽ മനസ്സിലാക്കണം. പ്രശസ്ത നരവംശശാസ്ത്രജ്ഞനായ വെരിയർ എൽവിൻ (Verrier Elwin) 'ദ മുരിയ ആൻഡ് ദെയർ ഘോതുൽ' എന്ന തന്റെ വിഖ്യാത പുസ്തകത്തിൽ ഘോതുലിനെ കുറച്ച് ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്‌. ലിംഗോ പെൻ എന്ന ഗോത്രദേവനാണ് ആദ്യത്തെ ഘോതുൽ സ്ഥാപിച്ചതെന്നാണ് വിശ്വാസം. കൗമാരമെത്തുന്ന ആൺകുട്ടികളും പെൺകുട്ടികളും സന്ധ്യ മയങ്ങുമ്പോൾ ഒത്തുചേരുന്ന ഒരു യുവജന കേന്ദ്രമാണിത്."

ഘോതുലിന്റെ ഘടനയും പ്രവർത്തനരീതിയും കണിശമായ അച്ചടക്കമുള്ള ഒരു സ്വയംഭരണ റിപ്പബ്ലിക് പോലെയാണ്.

വനത്തിൽനിന്ന് ശേഖരിച്ച നെല്ലിക്ക, തെണ്ടു ഇലകൾ, സാൽ വിത്തുകൾ, കാട്ടുതേൻ, കാട്ടുകിഴങ്ങുകൾ, വലിപ്പമേറിയ നാടൻ പച്ചക്കറികൾ എന്നിവ ചന്തയിൽ വിൽക്കാൻ വെച്ചിരിക്കുന്നു.
വനത്തിൽനിന്ന് ശേഖരിച്ച നെല്ലിക്ക, തെണ്ടു ഇലകൾ, സാൽ വിത്തുകൾ, കാട്ടുതേൻ, കാട്ടുകിഴങ്ങുകൾ, വലിപ്പമേറിയ നാടൻ പച്ചക്കറികൾ എന്നിവ ചന്തയിൽ വിൽക്കാൻ വെച്ചിരിക്കുന്നു.

"ഇവിടെ ആൺകുട്ടികളെ 'ചെലിക്' എന്നും പെൺകുട്ടികളെ 'മോട്ടിയാരി' എന്നും വിളിക്കുന്നു," ഷക്കീൽജി തുടർന്നു:
"ഘോതുലിന് സ്വന്തമായി ഒരു ഭരണസാരഥ്യമുണ്ട്. ആൺകുട്ടികളുടെ തലവനെ 'സർദാർ' എന്നും പെൺകുട്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന നായികയെ 'ബെലോസ' എന്നും വിളിക്കുന്നു. ഇവിടെ മുതിർന്നവരുടെയോ രക്ഷിതാക്കളുടെയോ ഇടപെടലുകളില്ല. ഗ്രാമത്തിലെ പൂജാരിയായ 'പെർമ'യും തലവനായ 'മാഞ്ചി'യും സമൂഹത്തിൽ കാത്തുസൂക്ഷിക്കുന്ന പവിത്രത തന്നെയാണ് ഘോതുലിലും നിലനിൽക്കുന്നത്."

ആധുനിക ലോകം ഇന്ന് ചർച്ച ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും നൂറ്റാണ്ടുകളായി ഇവർ ഇവിടെ പ്രാവർത്തികമാക്കുന്നുണ്ടെന്ന് ദീപ്തി വ്യക്തമാക്കി:

"ഗ്രാമത്തിലെ ശുചീകരണം, കല്യാണങ്ങൾക്കും ഉത്സവങ്ങൾക്കുമുള്ള പന്തലൊരുക്കൽ, കാർഷിക ജോലികൾ എന്നിവയിലെല്ലാം ഘോതുലിലെ യുവത ഒരുമിച്ചാണ് നേതൃത്വം നൽകുന്നത്. മുതിർന്നവരിൽ നിന്ന് കാടിന്റെ നിയമങ്ങളും നാടോടിക്കഥകളും ഔഷധക്കൂട്ടുകളും ആചാരങ്ങളും അവർ ഹൃദിസ്ഥമാക്കുന്നത് ഇവിടെവെച്ചാണ്. ലൈംഗികതയെ പാപമായോ സദാചാര വിരുദ്ധമായോ കാണാതെ, മനുഷ്യശരീരത്തിന്റെ സ്വാഭാവികമായ വളർച്ചയായി കണ്ട് അതിനെ ആരോഗ്യകരമായി മനസ്സിലാക്കാനും, സ്വന്തം ഇഷ്ടപ്രകാരം പരസ്പര പൊരുത്തത്തോടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഘോതുൽ നൽകുന്നു. ഒരേ പങ്കാളിയോട് മാത്രം കൂറുപുലർത്തുന്ന ഘോതുലുകളും, വ്യത്യസ്ത സൗഹൃദങ്ങൾ പങ്കിട്ട് അവസാനം ഇണയെ കണ്ടെത്തുന്ന ഘോതുലുകളും ഇവരുടെ പാരമ്പര്യത്തിലുണ്ടായിരുന്നു. വിവാഹത്തിലേക്ക് കടക്കുമ്പോൾ പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ട പക്വതയും ധാരണയുമാണ് ഇവിടെ വളർത്തിയെടുക്കുന്നത്."

കാടുകളുടെ ഉള്ളറകളിൽനിന്ന് കാതങ്ങൾ കാൽനടയായി താണ്ടി, തലയിൽ കുട്ടകളും ഭാണ്ഡങ്ങളുമേന്തി എത്തുന്ന മനുഷ്യർ ചന്തയിൽ ഒത്തുചേരുന്നത് വാങ്ങാനും വിൽക്കാനും മാത്രമല്ല; പരസ്പരം കാണാനും ആലിംഗനം ചെയ്യാനും വർത്തമാനം പങ്കുവെക്കാനുമാണ്.
കാടുകളുടെ ഉള്ളറകളിൽനിന്ന് കാതങ്ങൾ കാൽനടയായി താണ്ടി, തലയിൽ കുട്ടകളും ഭാണ്ഡങ്ങളുമേന്തി എത്തുന്ന മനുഷ്യർ ചന്തയിൽ ഒത്തുചേരുന്നത് വാങ്ങാനും വിൽക്കാനും മാത്രമല്ല; പരസ്പരം കാണാനും ആലിംഗനം ചെയ്യാനും വർത്തമാനം പങ്കുവെക്കാനുമാണ്.

ഘോതുലിന്റെ കഥ കേട്ടപ്പോൾ എനിക്ക് മറയൂരിലെ ആദിവാസി കുടികൾ പ്രത്യേകിച്ച് മുതുവാൻ സമുദായത്തിന്റെ കുടികൾ ഓർമ്മ വന്നു. ആ കുടികൾ സന്ദർശിച്ചപ്പോൾ ഘോതുലിനോട് സാമ്യമുള്ള ‘ചാവടി’കൾ ഞാൻ കണ്ടിരുന്നു. ഇളന്താരി മഠം/ കുടുമ മഠം എന്നൊക്കെ അതിന് പേരുണ്ട്‌. ആദിവാസി കുടികളിലെ പ്രായപൂർത്തിയായതും എന്നാൽ വിവാഹിതരാകാത്തതുമായ യുവാക്കൾക്കും യുവതികൾക്കുമായുള്ള മഠങ്ങളാണിത്‌. ആൺകുട്ടികൾ ഒരുമിച്ച് താമസിക്കുന്ന പൊതുസ്ഥലത്തെ 'ചാവടി' എന്നും, പെൺകുട്ടികൾക്കായി ഒരു മുതിർന്ന സ്ത്രീയുടെ മേൽനോട്ടത്തിൽ ഒരുക്കുന്ന താമസസ്ഥലത്തെ 'സാറ്റ്' അല്ലെങ്കിൽ 'പെൺമഠം' എന്നുമാണ് വിളിക്കാറുള്ളത്. ചില ഗോത്രങ്ങളിൽ ഇത് 'ഇളന്താരി മഠം' എന്നും അറിയപ്പെടുന്നു. ഇവിടെ യുവാക്കൾ രാത്രികാലങ്ങളിൽ ഒന്നിച്ച് താമസിക്കുകയും ഗോത്രാചാരങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ, പാട്ടുകൾ, നായാട്ട്, കൃഷിരീതികൾ എന്നിവ മുതിർന്നവരിൽ നിന്നും പഠിക്കുകയും ചെയ്യുന്നു.

ഘോതുലിന്റെ ഘടനയും പ്രവർത്തനരീതിയും കണിശമായ അച്ചടക്കമുള്ള ഒരു സ്വയംഭരണ റിപ്പബ്ലിക് പോലെയാണ്. ആധുനിക ലോകം ഇന്ന് ചർച്ച ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും നൂറ്റാണ്ടുകളായി ഇവർ ഇവിടെ പ്രാവർത്തികമാക്കുന്നുണ്ട്.

മാതാപിതാക്കളുടെ ആശ്രയത്വത്തിൽ നിന്നും മാറി സ്വയംപര്യാപ്തത നേടാനും ഗോത്രത്തിന്റെ കാവലാളായി മാറാനും ഈ സമ്പ്രദായം വഴി യുവാക്കളെ പ്രാപ്തരാക്കുന്നു. ഇപ്പോൾ ഈ സമ്പ്രദായത്തിന്ന് വലിയ മാറ്റം വന്നിട്ടുണ്ട്‌. ഈ ഓർമ ഞാൻ പങ്കുവെച്ചപ്പോൾ ദീപ്തിക്ക് അതിശയമായി. ആദിമജനതയിൽ, ലോകത്ത് എവിടെയും ഇത്തരം ഒരുപാട് സമാനതകൾ കാണാം. അവരുടെ ആലേഖന സമ്പ്രദായങ്ങളിലും നൃത്തച്ചുവടുകളിലും ജീവിത രീതികളിലുമെല്ലാം അന്യാദൃശമായ സാദൃശ്യം അനുഭവപ്പെടും.

ഘോതുലിന്റെ കഥ കേട്ടപ്പോൾ എനിക്ക് മറയൂരിലെ ആദിവാസി കുടികൾ പ്രത്യേകിച്ച് മുതുവാൻ സമുദായത്തിന്റെ കുടികൾ ഓർമ്മ വന്നു.
ഘോതുലിന്റെ കഥ കേട്ടപ്പോൾ എനിക്ക് മറയൂരിലെ ആദിവാസി കുടികൾ പ്രത്യേകിച്ച് മുതുവാൻ സമുദായത്തിന്റെ കുടികൾ ഓർമ്മ വന്നു.

സന്ധ്യ ഇരുളിലേക്ക് വഴിമാറിയതോടെ മുരിയ യുവാക്കൾ മാന്ദറിന്റെ (മുരശ്) താളത്തിനൊത്ത് നൃത്തച്ചുവടുകൾ വെക്കാൻ തുടങ്ങി. കഴുത്തിൽ മുത്തുമാലകളും തലയിൽ മയിൽപ്പീലിയും കാട്ടുപൂക്കളും ചൂടിയ മോട്ടിയാരികളും, അരയിൽ ചിലങ്കകളും തോളിൽ വാദ്യങ്ങളുമേന്തിയ ചെലിക്കുകളും കൈകൾ പരസ്പരം കോർത്തുപിടിച്ച് വട്ടത്തിൽ ചുവടുവെച്ചു.

2005-ൽ ഭരണകൂട പിന്തുണയോടെ 'സൽവാ ജുഡും' (സമാധാന വേട്ട) എന്ന പേരിൽ മാവോയിസ്റ്റ് വിരുദ്ധ സായുധ ജനകീയ മുന്നേറ്റം ഉയർന്നുവന്നതോടെയാണ് മുരിയ ജനതയുടെ ജീവിതം നരകതുല്യമായത്.

കാടിന്റെ വന്യതാളവും അവരുടെ പാദചലനങ്ങളും ഒന്നുചേരുമ്പോൾ ചുറ്റിലും ഒരു മാന്ത്രികത പടർന്നു. പുസ് കോലാങ് നൃത്തത്തിലെ ദ്രുതതാളവും, ഉയരമുള്ള മുളങ്കാലുകളിൽ ഏന്തിനിന്നുകൊണ്ടുള്ള 'ഗെഡി' നൃത്തത്തിലെ ബാലൻസിങ്ങും ശ്വാസമടക്കിപ്പിടിച്ചേ കണ്ടിരിക്കാനാകൂ. ചിട്ടയോടും താളത്തോടുമുള്ള ആ ചുവടുകൾക്കിടയിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അദൃശ്യമായ ആത്മബന്ധം നമുക്ക് തൊട്ടറിയാം.

ഗ്രാമത്തിന് നടുവിൽ, തടിയും മുളയും കൊണ്ട് നിർമ്മിച്ച് പുല്ലുമേഞ്ഞ, അതിവിശാലമായൊരു തിണ്ണയും മുറ്റവുമുള്ള കെട്ടിടം. അതായിരുന്നു അവരുടെ പവിത്രമായ ‘ഘോതുൽ’.
ഗ്രാമത്തിന് നടുവിൽ, തടിയും മുളയും കൊണ്ട് നിർമ്മിച്ച് പുല്ലുമേഞ്ഞ, അതിവിശാലമായൊരു തിണ്ണയും മുറ്റവുമുള്ള കെട്ടിടം. അതായിരുന്നു അവരുടെ പവിത്രമായ ‘ഘോതുൽ’.

ചോരപ്പാടുകളും
കുടിയിറക്കവും

ബസ്തറിന്റെ മാന്ത്രികസൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ ആ ജനത അനുഭവിച്ചുതീർത്ത കണ്ണീരിന്റെയും ചോരയുടെയും കറുത്ത ചരിത്രം കാണാതെ പോകരുത്‌. ബസ്തറിലെ ഇടതൂർന്ന കാടുകൾ കഴിഞ്ഞ നാല് പതിറ്റാണ്ടായി രാജ്യത്തെ ഏറ്റവും തീവ്രമായ ആഭ്യന്തര സംഘർഷത്തിന്റെ യുദ്ധക്കളമായിരുന്നു.

കഴുത്തിൽ മുത്തുമാലകളും തലയിൽ മയിൽപ്പീലിയും കാട്ടുപൂക്കളും ചൂടിയ മോട്ടിയാരികളും, അരയിൽ ചിലങ്കകളും തോളിൽ വാദ്യങ്ങളുമേന്തിയ ചെലിക്കുകളും കൈകൾ പരസ്പരം കോർത്തുപിടിച്ച് വട്ടത്തിൽ ചുവടുവെച്ചു.
കഴുത്തിൽ മുത്തുമാലകളും തലയിൽ മയിൽപ്പീലിയും കാട്ടുപൂക്കളും ചൂടിയ മോട്ടിയാരികളും, അരയിൽ ചിലങ്കകളും തോളിൽ വാദ്യങ്ങളുമേന്തിയ ചെലിക്കുകളും കൈകൾ പരസ്പരം കോർത്തുപിടിച്ച് വട്ടത്തിൽ ചുവടുവെച്ചു.

1980-കളിൽ ആന്ധ്രാപ്രദേശിൽ നിന്ന് പീപ്പിൾസ് വാർ ഗ്രൂപ്പ് (PWG) നേതാക്കൾ കാട് വഴി ദണ്ഡകാരണ്യത്തിലേക്ക് പ്രവേശിച്ചതോടെയാണ് നക്സൽ പ്രസ്ഥാനം ബസ്തറിലെ മുരിയ ഗ്രാമങ്ങളിൽ വേരുറപ്പിക്കാൻ തുടങ്ങിയത്. വനവിഭവങ്ങൾ ചുളിവിലയ്ക്ക് ചൂഷണം ചെയ്തിരുന്ന ഇടനിലക്കാരെയും കരാറുകാരെയും വനപാലകരെയും തുരത്താൻ തുടക്കത്തിൽ നക്സലുകൾ ആദിവാസികൾക്ക് തുണയായി നിന്നു. തങ്ങളുടെ തെണ്ടു ഇലകൾക്ക് ന്യായമായ കൂലി ലഭിച്ചപ്പോൾ, ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം കിട്ടിയപ്പോൾ മുരിയകൾ അവരെ 'അണ്ണലു' (ജ്യേഷ്ഠന്മാർ) എന്ന് വിളിച്ചു. മുരിയ യുവാക്കൾ നക്സലുകളുടെ ജനമിലിഷ്യകളിലേക്കും ബാലസംഘങ്ങളിലേക്കും ആകർഷിക്കപ്പെട്ടു.

പുസ് കോലാങ് നൃത്തത്തിലെ ദ്രുതതാളവും, ഉയരമുള്ള മുളങ്കാലുകളിൽ ഏന്തിനിന്നുകൊണ്ടുള്ള 'ഗെഡി' നൃത്തത്തിലെ ബാലൻസിങ്ങും ശ്വാസമടക്കിപ്പിടിച്ചേ കണ്ടിരിക്കാനാകൂ.
പുസ് കോലാങ് നൃത്തത്തിലെ ദ്രുതതാളവും, ഉയരമുള്ള മുളങ്കാലുകളിൽ ഏന്തിനിന്നുകൊണ്ടുള്ള 'ഗെഡി' നൃത്തത്തിലെ ബാലൻസിങ്ങും ശ്വാസമടക്കിപ്പിടിച്ചേ കണ്ടിരിക്കാനാകൂ.

പക്ഷേ, കാലക്രമേണ ബസ്തർ യുദ്ധഭൂമിയായി മാറി. 2005-ൽ ഭരണകൂട പിന്തുണയോടെ 'സൽവാ ജുഡും' (സമാധാന വേട്ട) എന്ന പേരിൽ മാവോയിസ്റ്റ് വിരുദ്ധ സായുധ ജനകീയ മുന്നേറ്റം ഉയർന്നുവന്നതോടെയാണ് മുരിയ ജനതയുടെ ജീവിതം നരകതുല്യമായത്. സ്വന്തം സമുദായത്തിലെ തന്നെ ചെറുപ്പക്കാർ ഒരു വശത്ത് മാവോയിസ്റ്റുകളായും മറുവശത്ത് സൽവാ ജുഡും പോരാളികളായും തിരിഞ്ഞ് പരസ്പരം പോരടിച്ചു.

"ആ കാലത്തെക്കുറിച്ച് ആലോചിക്കാൻ പോലും ഇവിടുത്തുകാർക്ക് ഭയമാണ്," ഷക്കീൽജിയുടെ സ്വരത്തിൽ വിറയലുണ്ടായിരുന്നു: "പകൽ സുരക്ഷാ സേനയും സൽവാ ജുഡുമും വന്ന് വീടുകൾ അഗ്നിക്കിരയാക്കും, മാവോയിസ്റ്റ് ചാരന്മാരെന്ന് മുദ്രകുത്തി പുരുഷന്മാരെ പിടിച്ചുകൊണ്ടുപോകും. രാത്രി മാവോയിസ്റ്റുകൾ വന്ന് പോലീസിനെ സഹായിച്ചു എന്നാരോപിച്ച് ഗ്രാമീണരെ കങ്കാരു കോടതികളിൽ വിചാരണ ചെയ്ത് കൊന്നൊടുക്കും. രണ്ട് തോക്കുകൾക്കിടയിൽ ഞെരിഞ്ഞമർന്നത് പാവം മുരിയകളായിരുന്നു. നിരവധി ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെട്ടു."

മുരിയ ഗ്രാമങ്ങൾ ഇന്ന് വലിയ പരിവർത്തനത്തിന്റെ വക്കിലാണ്. 'വികസന’ത്തോടൊപ്പം കടന്നുവരുന്ന പുറംലോകത്തിന്റെ അധിനിവേശം ഇവരുടെ സംസ്കാരത്തെ വേരോടെ പിഴുതെറിയുകയാണെന്ന ആശങ്ക ശക്തമാണ്.
മുരിയ ഗ്രാമങ്ങൾ ഇന്ന് വലിയ പരിവർത്തനത്തിന്റെ വക്കിലാണ്. 'വികസന’ത്തോടൊപ്പം കടന്നുവരുന്ന പുറംലോകത്തിന്റെ അധിനിവേശം ഇവരുടെ സംസ്കാരത്തെ വേരോടെ പിഴുതെറിയുകയാണെന്ന ആശങ്ക ശക്തമാണ്.

സൽവാ ജുഡും ഭീകരതയുടെ ആ നാളുകളിൽ ജീവൻ രക്ഷിക്കാൻ ലക്ഷക്കണക്കിന് മുരിയകൾക്ക് സ്വന്തം മണ്ണുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. കാടുകൾ താണ്ടി ഗോദാവരി നദി നീന്തിക്കടന്ന് അവർ ആന്ധ്രാപ്രദേശിലെയും ഇന്നത്തെ തെലങ്കാനയിലെയും ഉൾവനങ്ങളിലേക്ക് പലായനം ചെയ്തു. സ്വന്തം രാജ്യത്തുതന്നെ 'ആഭ്യന്തര അഭയാർത്ഥികളാ’യി മാറിയ പതിനായിരക്കണക്കിന് മുരിയ കുടുംബങ്ങൾ ഇന്നും തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡെം, മുളുഗു ജില്ലകളിലും, ആന്ധ്രയിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുമായി തിരിച്ചറിയൽ രേഖകളോ ഭൂമിയോ ഇല്ലാതെ നരകിക്കുന്നു. അവിടെ അവർക്ക് പട്ടികവർഗ്ഗപദവിയില്ല; വനാവകാശനിയമത്തിന്റെ ആനുകൂല്യങ്ങളില്ല. വനഭൂമി കയ്യേറ്റക്കാരായി മുദ്രകുത്തി അവിടുത്തെ വനംവകുപ്പ് നിരന്തരം അവരുടെ കുടിലുകൾ പൊളിച്ചുനീക്കുന്നു.

"ഇപ്പോൾ ബസ്തറിലെ സ്ഥിതി എന്താണ്?" ഞാൻ ചോദിച്ചു.

"കഴിഞ്ഞ ഏതാനും വർഷങ്ങളായി സുരക്ഷാ സേനകൾ ഉൾവനങ്ങളിൽ വലിയ രീതിയിൽ ക്യാമ്പുകൾ സ്ഥാപിച്ച് മുന്നേറുന്നുണ്ട്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങൾ ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടു. എന്നാൽ ഭയം പൂർണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ല," ദീപ്തി പറഞ്ഞു.

നഗരങ്ങളിൽ നിന്നെത്തിയ വരേണ്യ സദാചാരബോധം ഘോതുലുകളെ ലൈംഗിക അരാജകത്വകേന്ദ്രമായി തെറ്റായി ചിത്രീകരിച്ചു. വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് അപകർഷതാബോധമുള്ളവരായി മാറുന്നു.

ഇന്നത്തെ മുരിയ ഗ്രാമങ്ങൾ ഒരു വലിയ പരിവർത്തനത്തിന്റെ വക്കിലാണ്. വനങ്ങളിലൂടെ പുതിയ ടാർ റോഡുകളും പാലങ്ങളും പണിതുയരുന്നു. മൊബൈൽ ടവറുകൾ വരുന്നു. റേഷൻ കടകളും സ്കൂളുകളും സജീവമാകാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ, ഈ 'വികസന’ത്തോടൊപ്പം കടന്നുവരുന്ന പുറംലോകത്തിന്റെ അധിനിവേശം ഇവരുടെ സംസ്കാരത്തെ വേരോടെ പിഴുതെറിയുകയാണെന്ന ആശങ്ക ശക്തമാണ്.

"ഏറ്റവും വലിയ ആഘാതം സംഭവിച്ചത് ഘോതുലുകൾക്കാണ്," ദീപ്തി വേദനയോടെ പറഞ്ഞു. "നഗരങ്ങളിൽ നിന്നെത്തിയ വരേണ്യ സദാചാരബോധം ഘോതുലുകളെ ലൈംഗിക അരാജകത്വകേന്ദ്രമായി തെറ്റായി ചിത്രീകരിച്ചു. വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് അപകർഷതാബോധമുള്ളവരായി മാറുന്നു. പോലീസും സുരക്ഷാസേനയും സംശയക്കണ്ണുകളോടെയാണ് ഘോതുലുകളെ വീക്ഷിച്ചത്; യുവാക്കൾ ഒത്തുചേരുന്ന ഇടങ്ങൾ മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഒരുകാലത്ത് എല്ലാ മുരിയ ഗ്രാമങ്ങളിലുമുണ്ടായിരുന്ന ഘോതുലുകൾ ഇന്ന് വളരെ ചുരുക്കം ഉൾഗ്രാമങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു."

ഘോതുലിന്റെ ഘടനയും പ്രവർത്തനരീതിയും കണിശമായ അച്ചടക്കമുള്ള സ്വയംഭരണ റിപ്പബ്ലിക് പോലെയാണ്.
ഘോതുലിന്റെ ഘടനയും പ്രവർത്തനരീതിയും കണിശമായ അച്ചടക്കമുള്ള സ്വയംഭരണ റിപ്പബ്ലിക് പോലെയാണ്.

കൂടാതെ, കാടുകളിലെ അപാരമായ ഇരുമ്പയിര് നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് എത്തുന്ന വൻകിട ഖനന പദ്ധതികളും ഈ ആദിമ ജനതയുടെ നിലനിൽപ്പിന് കനത്ത ഭീഷണിയാകുന്നുണ്ട്. പ്രകൃതിയെ ദൈവമായി കണ്ട് ആരാധിക്കുന്നവരുടെ വിശുദ്ധകുന്നുകൾ വ്യാവസായിക ലോബികൾക്കായി തുരന്നെടുക്കപ്പെടുമ്പോൾ, അവർക്ക് തങ്ങളുടെ ആവാസ വ്യവസ്ഥയാണ് നഷ്ടമാകുന്നത്‌.

സൂര്യൻ സാൽമരങ്ങളുടെ പടിഞ്ഞാറൻ അതിരുകളിലേക്ക് പൂർണ്ണമായും ചാഞ്ഞുപോയിരുന്നു. കാട്ടിലൂടെ തണുത്ത കാറ്റ് വീശിയടിച്ചു. മാന്ദറിന്റെ തുടിനാദം വനാന്തരങ്ങളിൽ നിന്ന് അലയടിക്കുന്നുണ്ടോ?.

ഘോതുലിൽ നിന്ന് ഉയർന്നുകേട്ട ആ പാട്ടിന്റെ വരികൾ കാറ്റിനൊപ്പം കാടുകളിലേക്ക് പടരുകയായിരുന്നു. നൂറ്റാണ്ടുകളുടെ വേദനകളെയും അധിനിവേശങ്ങളെയും അതിജീവിച്ച്, തങ്ങളുടെ മണ്ണിൽ ചുവടുറപ്പിച്ചു നിൽക്കാൻ കാടിന്റെ മക്കൾ നടത്തുന്ന നിശ്ശബ്ദമായ പോരാട്ടത്തിന്റെ ഈണമായിരുന്നു ആ തുടിപ്പുകൾക്ക്.

▮

ബസ്തറിലെ
വനഗ്രാമക്കാഴ്ചകൾ
ഫോട്ടോകൾ: ഷകീൽ രിസ്‍വി.

Enter caption
Enter caption

(യാത്ര തുടരും).


Summary: Mujeeb Rahman Kinalur's travel experiences from Chhattisgarh's Bastar. Travel series part 2 published in Truecopy Webzine packet 308.


മുജീബ് റഹ്​മാൻ കിനാലൂർ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഇസ് ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം, പൗരോഹിത്യം വേണ്ട; വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവ പ്രധാന കൃതികൾ

Comments