അധ്യായം ഒന്ന്:
ചുവന്ന മണ്ണിന്റെ കവാടം
ബസ്തറിനെ കുറിച്ച് വായിച്ചപ്പോഴൊക്കെ എന്നെങ്കിലും ഈ നാട് സന്ദർശിക്കണം എന്നാഗ്രഹിച്ചിരുന്നു. പ്രസിദ്ധമായ ബസ്തർ ദസറ ഒക്ടോബറിൽ നടക്കുന്നുണ്ടെന്നും ഇപ്പോൾ പോകാൻ പറ്റിയ സമയമാണെന്നും നിർദേശിച്ചത് 'ആംചെ ബസ്തർ’ എന്ന മനോഹര കൃതിയിലൂടെ ബസ്തറിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ, നന്ദിനി മേനോൻ ആയിരുന്നു.
പതിവുപോലെ കൂടെ യാത്ര ചെയ്യാറുള്ള സുഹൃത്തും അധ്യാപകനുമായ നാസർ കെ. സിയോട് ബസ്തറിലേക്ക് പോയാലോ എന്നാലോചിച്ചപ്പോൾ പുള്ളി ഡബിൾ ഓകെ. അങ്ങനെയാണ് ഛത്തീസ്ഗഢ് യാത്ര സംഭവിച്ചത്. പിന്നീട് മനസ്സിൽ മുഴുവൻ തെളിഞ്ഞുനിന്നത് ഉയരമുള്ള സാൽമരങ്ങളുടെ തലപ്പുകളും ചുവന്ന മൺപാതകളുമായിരുന്നു. ദിവസങ്ങൾ നീണ്ട യാത്രകൾക്കൊടുവിൽ, ആന്ധ്രയിലെ വിശാഖപട്ടണവും അറക്കുവും കറങ്ങിത്തിരിഞ്ഞ് ഒഡീഷ അതിർത്തി കടന്ന് ഛത്തീസ്ഗഢിന്റെ തെക്കൻ ഹൃദയമായ ജഗദൽപൂരിലേക്ക് ബസ്സിറങ്ങുമ്പോൾ, പുലർകാലത്തെ മൂടൽമഞ്ഞിനിടയിലൂടെ ഒരു പുതിയ ലോകം കൺമുന്നിൽ തുറക്കുകയായിരുന്നു.

പതിറ്റാണ്ടുകളായി ഈ വനമേഖലയുടെ ഭരണ സാംസ്കാരിക തലസ്ഥാനമായി നിലകൊള്ളുന്ന പഴയ നാട്ടുരാജ്യത്തിന്റെ ശേഷിപ്പുകൾ പേറുന്ന നഗരമാണ് ജഗദൽപൂർ. ഒരുകാലത്ത് വിസ്തൃതിയിൽ കേരളത്തേക്കാൾ വലുതായിരുന്നു അവിഭക്ത ബസ്തറിന്റെ ഹൃദയഭൂമി. എന്നാൽ നഗരത്തിലെ ആദ്യ കാഴ്ചകളിൽ എവിടെയും വാർത്തകൾ സൃഷ്ടിച്ച നക്സൽ ഭീതിയുടെ നിഴലുകളുണ്ടായിരുന്നില്ല; മറിച്ച്, വല്ലാത്തൊരു ശാന്തതയായിരുന്നു. റോഡരികിലെ സാൽമരങ്ങളുടെ ഇലകളിൽ രാത്രി പെയ്ത മഞ്ഞിന്റെ തണുപ്പ് പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.
മുൻകൂട്ടി ബന്ധപ്പെട്ടിരുന്നതുകൊണ്ടുതന്നെ ഞങ്ങൾ നേരെ ചെന്നത് ഷക്കീൽ രിസ്വിയുടെ ‘ബസ്തർ ട്രൈബൽ ഹോംസ്റ്റേ’യിലേക്കാണ്. ജഗദൽപൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അല്പം മാറി, നാട്ടിൻപുറത്തിന്റെ ശ്വാസം തൊട്ടറിയാവുന്ന ഒരു പച്ചത്തുരുത്ത്.
അത്യന്തം ശാന്തവും നിഷ്കളങ്കവുമായ ഒരു ചിരിയോടെ ഷക്കീൽജി ഞങ്ങളെ വരവേറ്റു. നന്ദിനി മേനോന്റെ പുസ്തകത്തിൽ പരാമർശിക്കപ്പെട്ട ആ മനുഷ്യനെ നേരിൽ കണ്ടപ്പോൾ, ലാളിത്യത്തിന്റെ ആൾരൂപമായി തോന്നി. വിദേശ സർവ്വകലാശാലകളിലെ പഠനവും ലോകോത്തര നഗരങ്ങളിലെ ഡിസൈനർ ജീവിതവും നൽകിയ ആഡംബരങ്ങളെല്ലാം ഒരുനാൾ ഉപേക്ഷിച്ച്, ഈ കാടിന്റെ ഏകാന്തതയിലേക്ക് സ്വയം പറിച്ചുനട്ട ഒരാളാണ് മുന്നിൽ നിൽക്കുന്നത്.

"യാത്ര ക്ഷീണിപ്പിച്ചോ? കാപ്പി കുടിക്കാം, വരൂ...", ഷക്കീൽജി അകത്തേക്ക് ക്ഷണിച്ചു.
ചുവരുകളിൽ വെള്ളച്ചായം കൊണ്ട് വരച്ച അതിമനോഹരമായ ആദിവാസി ചിഹ്നങ്ങളും ചിത്രപ്പണികളും (ഭിത്തിചിത്രങ്ങൾ) നിറഞ്ഞ മൺവീടായിരുന്നു അത്. വരാന്തയിൽ മൺകലങ്ങളും പരമ്പരാഗത തടി ഉപകരണങ്ങളും അടുക്കിവെച്ചിരിക്കുന്നു. മുറ്റത്തെ തണൽമരങ്ങൾക്ക് താഴെ, കൈകൊണ്ട് വരച്ച ഡിസൈനുകളുള്ള നീല തടിമേശയ്ക്കു ചുറ്റും ഞങ്ങൾ ഇരുന്നു. അപ്പോഴേക്കും അവിടേക്ക് ഊർജ്ജസ്വലയായ മറ്റൊരു സാന്നിധ്യം കൂടിയെത്തി; ദീപ്തി ഓഗ്ര.
ട്രൈബൽ കലകൾ, പെർഫോമിംഗ് ആർട്ട്, ഭിത്തിചിത്രങ്ങൾ, ഗോത്രഭാഷകളിലെ ചിഹ്നപഠനം എന്നിവയിൽ അഗാധമായ ഗവേഷണം നടത്തുന്ന ദീപ്തി, 'സുരൂജ് ട്രസ്റ്റ്' എന്ന എൻ.ജി.ഒയിലൂടെ ആദിവാസി പൈതൃകത്തെ അടുത്തറിഞ്ഞ് രേഖപ്പെടുത്തുന്ന ഗവേഷകയാണ്. ദീപ്തിയുടെ സരസമായ സംസാരവും സൗഹൃദഭാവവും ഞങ്ങളുടെ യാത്രയുടെ ആലസ്യത്തെ ഞൊടിയിടയിൽ ഇല്ലാതാക്കി.
നാസിർ മാഷ് ഒരു കാപ്പി കൈയിലെടുത്ത് ചുറ്റും നോക്കി ചോദിച്ചു: "ഷക്കീൽജി, പുറംലോകം മുഴുവൻ ബസ്തറിനെ കാണുന്നത് നക്സലിസത്തിന്റെയും അശാന്തിയുടെയും ഒരു നിഴൽപ്രദേശമായിട്ടാണ്. എങ്ങനെയാണ് ഇത്രയും ഉൾഗ്രാമത്തിൽ താങ്കൾക്ക് ഇത്രമേൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത്?"

ഷക്കീൽജി തന്റെ കട്ടിഫ്രെയിം കണ്ണട ശരിയാക്കിവെച്ച് പതിഞ്ഞ സ്വരത്തിൽ ചിരിച്ചു.
"പുറംലോകത്തിന്റെ കണ്ണുകൾ കാണാൻ ആഗ്രഹിക്കുന്നത് മാത്രമാണ് വാർത്തകളിലൂടെ വരുന്നത്. ബസ്തർ സംഘർഷഭരിതമാണ്, ഇല്ലെന്ന് ഞാൻ പറയില്ല. സർക്കാർ ഇവിടെയെപ്പോഴും സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. കാടിന്റെ ഓരോ മുക്കിലും സുരക്ഷാസേനയുടെ ക്യാമ്പുകളുണ്ട്. മറുവശത്ത് വികസനത്തിന്റെ യാതൊരു അടയാളങ്ങളും എത്താത്ത പ്രാക്തനമായ ജീവിതം. നല്ലൊരു മഴ പെയ്താൽ ഇവിടെ ആഴ്ചകളോളം വൈദ്യുതി ഉണ്ടാകില്ല. ആശുപത്രിയോ വിദ്യാലയങ്ങളോ ഇന്നും ഈ മനുഷ്യർക്ക് അന്യമാണ്. പക്ഷേ, ഈ അസൗകര്യങ്ങൾക്കപ്പുറം ഇവിടെയുള്ള ഗോത്രമനുഷ്യർ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഒരു താളമുണ്ട്. ആ താളത്തെ തിരിച്ചറിഞ്ഞാൽ, ഈ ശാന്തതയെ സ്നേഹിക്കാതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല."
ദീപ്തി ആ സംഭാഷണത്തിൽ ഇടപെട്ടു:
"സത്യത്തിൽ ബസ്തർ വിഭവങ്ങളാൽ അതിസമ്പന്നമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഇരുമ്പയിര് നിക്ഷേപമുള്ള ബൈലദില ഖനികൾ ഇവിടെയാണ്. നഗർനാറിൽ വലിയ ഉരുക്കുനിർമ്മാണശാലകൾ ഉയരുന്നു. പക്ഷേ, ആ വികസനമൊന്നും ഇവിടുത്തെ ആദിവാസികൾക്കുള്ളതല്ല. അവരെ സംബന്ധിച്ച് ഈ കാടും മലകളും വിൽക്കാനുള്ള ചരക്കല്ല, അവരുടെ ജീവനാണ്. അതുകൊണ്ടുതന്നെ വികസനത്തിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങൾ വലിയ സാമൂഹിക അസ്വസ്ഥതകളാണ് ഈ മണ്ണിലുണ്ടാക്കുന്നത്."
ഒരു ഡിസൈനർ എന്ന നിലയിൽ ആദിവാസി ജനതയുടെ കലകളെയും ജീവിതത്തെയും നിലനിർത്താൻ ഷക്കീൽജി നടത്തുന്ന ഇടപെടലുകളെക്കുറിച്ചും, ദീപ്തിയുടെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. ബസ്തറിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്ന യാത്രികർക്കായി അവർ ഒരുക്കിയ ഈ ചെറിയ ഹോംസ്റ്റേ ഒരു ബിസിനസ്സ് സംരംഭമല്ല, മറിച്ച് പുറംലോകത്തിന് മുന്നിൽ ഗോത്രജീവിതത്തിന്റെ യഥാർത്ഥ അന്തസ്സ് തുറന്നുവെക്കാനുള്ള ഒരു കേന്ദ്രമാണ്.

അന്ന് ഉച്ചയ്ക്കുശേഷം ഞങ്ങൾ ജഗദൽപൂർ നഗരത്തിലൂടെ നടന്നു. കാകതീയ രാജവംശത്തിന്റെ പഴയ കൊട്ടാരവും, ദന്തേശ്വരി മാതാവിന്റെ അമ്പലവും, ചരിത്രത്തിന്റെ ഏടുകൾ പേറുന്ന ചത്വരങ്ങളും കടന്നുപോയി. ജഗദൽപൂർ എന്നത് ഒരേസമയം നൂറ്റാണ്ടുകൾ പിന്നിലേക്കും അസ്വസ്ഥമായ വർത്തമാനത്തിലേക്കും തുറന്നുവെച്ച ഒരു വിചിത്രമായ ഇടനാഴിയാണെന്ന് ദൽപത് സാഗർ തടാകക്കരയിൽ ഇരിക്കുമ്പോൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
ചുവന്ന മണ്ണിന്റെ തണുപ്പിലേക്ക് രാത്രി പടർന്നുകയറുമ്പോൾ, അകലെ കാട്ടിൽ നിന്നെങ്ങോ നേർത്തൊരു മാന്ദർ കൊട്ടിന്റെ ശബ്ദം കാറ്റിൽ ഒഴുകിയെത്തുന്നുണ്ടായിരുന്നു.
▮
അധ്യായം 2:
സാൽമരത്തണലുകളിലെ
ജീവിതങ്ങൾ
പുലർകാലത്തെ തണുത്ത കാറ്റ് ജനൽപ്പാളികളിലൂടെ വീശിയടിച്ചപ്പോൾത്തന്നെ സവിശേഷമായ ഒരുണർവ്വ് ശരീരത്തിലേക്ക് ഇരച്ചു കയറി. തലേദിവസം ഷക്കീൽജിയും ദീപ്തിയും പറഞ്ഞുതന്ന വാക്കുകൾ മനസ്സിൽ മായാതെ കിടക്കുന്നുണ്ടായിരുന്നു. ബസ്തറിനെ അറിയണമെങ്കിൽ നഗരത്തിന്റെ അതിരുകൾ വിട്ട്, ചുവന്ന പൊടിപറക്കുന്ന കാട്ടുപാതകളിലൂടെ ഗ്രാമാന്തരങ്ങളിലേക്ക് ഇറങ്ങണം.
"ഇന്ന് നമ്മൾ പോകുന്നത് ബാഹ്യലോകത്തിന്റെ കപടതകൾ തീണ്ടാത്ത മനുഷ്യരുടെ അടുത്തേക്കാണ്," തയാറായി കാത്തുനിന്ന ഞങ്ങളോട് ഷക്കീൽജി പറഞ്ഞു. കൂടെ ദീപ്തിയുമുണ്ടായിരുന്നു. ബസ്തറിന്റെ ഗോത്രജീവിതത്തെയും അവരുടെ കലകളെയും അടുത്തറിയാനുള്ള ഞങ്ങളുടെ ആവേശത്തിന് വഴിതുറന്നത് ആ സാന്നിധ്യങ്ങളാണ്.

ജഗദൽപൂർ വിട്ട് ഞങ്ങളുടെ ഓട്ടോ തെക്കോട്ട് നീങ്ങി. ഇരുവശത്തും ആകാശത്തേക്ക് കൈനീട്ടി നിൽക്കുന്ന കൂറ്റൻ സാൽമരങ്ങളുടെ നിബിഡവനങ്ങളാണ്. ഇടയ്ക്ക് റോഡിലേക്ക് പാറിവീഴുന്ന ഉണങ്ങിയ ഇലകൾ ചതഞ്ഞരയുന്ന ശബ്ദം. വെയിൽ കനത്തുതുടങ്ങിയപ്പോൾ റോഡിലെ ചുവന്ന മണ്ണിൽ നിന്നും നേർത്തൊരു ചൂട് പടർന്നുയർന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ ടാറിട്ട പാതകൾ അവസാനിക്കുകയും, ഉരുളൻകല്ലുകളും ചുവന്ന മണ്ണും നിറഞ്ഞ പരുക്കൻ കാട്ടുപാതകളിലേക്ക് ഞങ്ങളുടെ യാത്ര വഴിമാറുകയും ചെയ്തു.
"ഇവിടെയുള്ള പ്രധാന ജനവിഭാഗങ്ങൾ മാരിയ, മുരിയ, ധുർവ, ഭത്ര എന്നിവരാണ്," വഴിയിലെ കാഴ്ചകളിലേക്ക് വിരൽചൂണ്ടി ദീപ്തി വിശദീകരിക്കാൻ തുടങ്ങി. "ഓരോ ഗോത്രത്തിനും തങ്ങളുടേതായ സവിശേഷ ഭാഷയും ജീവിതരീതികളുമുണ്ട്. കുന്നിൻമുകളിലെ അബൂജ്മാരിയകൾ ഇപ്പോഴും കാട്ടുവിഭവങ്ങൾ ശേഖരിച്ചും പ്രാക്തന രീതിയിലുള്ള കാർഷികവൃത്തി ചെയ്തും പുറംലോകവുമായി കാര്യമായ സമ്പർക്കമില്ലാതെ ജീവിക്കുന്നു. എന്നാൽ സമതലങ്ങളിൽ ജീവിക്കുന്ന മുരിയകളും ഭത്രകളും കൃഷിയിലേക്കും കരകൗശല നിർമ്മാണത്തിലേക്കും മാറിയിട്ടുണ്ട്."
വഴിയരികിൽ കാണുന്ന വീടുകൾ വിസ്മയകരമായിരുന്നു. മുളയും തടിയും കൊണ്ട് ചട്ടക്കൂടുണ്ടാക്കി, ചുവന്ന കളിമണ്ണും ചാണകവും ചേർത്തു മെഴുകിയ ഭിത്തികൾ. ഓരോ വീടിന്റെയും ചുമരുകളിൽ വെളുത്ത ചായം കൊണ്ട് അതിമനോഹരമായ ജ്യാമിതീയ രൂപങ്ങളും, മൃഗങ്ങളും, കാർഷികോത്സവങ്ങളുടെ ദൃശ്യങ്ങളും വരച്ചുചേർത്തിരിക്കുന്നു.

"ഇതിനെ കേവലമൊരു അലങ്കാരമായി കാണരുത്," ദീപ്തി ഒരു വീടിന്റെ ചുമരിലേക്ക് നോക്കി പറഞ്ഞു; "ഇത് അവരുടെ 'ഭിത്തിചിത്ര'ങ്ങളാണ്. ഇതൊരു ലിഖിത ഭാഷയാണ്. തങ്ങളുടെ കുലചിഹ്നങ്ങൾ, പൂർവികരുടെ ഓർമ്മകൾ, പ്രകൃതിയോടുള്ള ആദരവ് എന്നിവയെല്ലാം ഈ വരകളിലൂടെ അവർ അടുത്ത തലമുറയ്ക്ക് കൈമാറുന്നു. ഓരോ ഗോത്രവിഭാഗത്തിനും ഓരോ കുലചിഹ്നങ്ങളുണ്ട്. പാമ്പ്, ആമ, കടുവ, ആട്, ചില പ്രത്യേക മീനുകൾ... സ്വന്തം കുലചിഹ്നമായ ജീവിയെ ഇവർ ഒരിക്കലും ഉപദ്രവിക്കുകയോ ഭക്ഷണമാക്കുകയോ ഇല്ല. അവരത് തങ്ങളുടെ കുടുംബാംഗത്തെപ്പോലെ സംരക്ഷിക്കുന്നു."
ഒരു വളവ് തിരിഞ്ഞപ്പോൾ മരക്കൂട്ടങ്ങൾക്ക് നടുവിൽ ചുവന്ന കൊടികളും കളിമൺ പ്രതിമകളും വെച്ച ഒരു തുറസ്സായ സ്ഥലം ഞങ്ങൾ കണ്ടു. വണ്ടി നിർത്തി ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു.
"ഇതാണ് 'ദേവ്ഗുഡി' അഥവാ പുണ്യവനം’’, ഷക്കീൽജി സ്വരം താഴ്ത്തി പറഞ്ഞു.
"ഗ്രാമദേവതകൾ കുടികൊള്ളുന്ന ഇടം. ആദിവാസികൾക്ക് പ്രകൃതി എന്നത് ഉപഭോഗവസ്തുവല്ല; അതൊരു ജീവസ്സുറ്റ അസ്തിത്വമാണ്. ഭൂമിയെ അവർ 'മാതി ദേവ്' ആയി പൂജിക്കുന്നു. മഴയ്ക്കായി 'ഭീമുൽ' ദേവനോട് പ്രാർത്ഥിക്കുന്നു. ഈ ദേവ്ഗുഡികളിൽ വന്ന് തൊഴുത് അനുവാദം വാങ്ങാതെ ഒരു ഗോത്രമനുഷ്യനും നിലമുഴുതു വിത്തുവിതയ്ക്കില്ല; കാട്ടിൽനിന്ന് മരങ്ങളോ ഔഷധങ്ങളോ പറിക്കില്ല. പ്രകൃതിയോടുള്ള ഈ ഭയഭക്തിയാണ് ബസ്തറിന്റെ വനങ്ങളെ ഇത്രയും കാലം കാത്തുസൂക്ഷിച്ചത്."

അവിടെനിന്ന് ഞങ്ങൾ ചെന്നെത്തിയത് ധോക്രാ ശില്പികൾ താമസിക്കുന്ന ഒരു ചെറിയ ഗ്രാമത്തിലേക്കാണ്. വീടുകളുടെ മുറ്റത്ത് പുകച്ചുരുളുകൾ ഉയരുന്നുണ്ടായിരുന്നു. നിലത്തിരുന്ന് കളിമണ്ണിൽ അതിസൂക്ഷ്മമായ മെഴുകുനൂലുകൾ ചുറ്റുന്ന ഒരു വൃദ്ധ കലാകാരന്റെ അരികിലേക്ക് ഞങ്ങൾ നടന്നുചെന്നു.
നാലായിരത്തിലധികം വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തിന്റെ തുടർച്ചയായി കണക്കാക്കപ്പെടുന്ന 'ലോസ്റ്റ്- വാക്സ് കാസ്റ്റിംഗ്' രീതിയിലൂടെയാണ് ഇവർ ലോകപ്രസിദ്ധമായ ധോക്രാ ശില്പങ്ങൾ നിർമ്മിക്കുന്നത്. ആദ്യം കളിമണ്ണിൽ ഒരു മാതൃകയുണ്ടാക്കുന്നു. അതിനുമീതെ തേനീച്ചമെഴുകും മരക്കറയും ചേർത്തുണ്ടാക്കിയ നേർത്ത നൂലുകൾ കൊണ്ട് വിസ്മയകരമായ കൊത്തുപണികൾ മെനഞ്ഞെടുക്കുന്നു. വീണ്ടും അതിനുമീതെ കളിമണ്ണ് പൂശി ഉണക്കി, ചൂളയിലെ കനലിൽ വെച്ച് ചൂടാക്കുമ്പോൾ മെഴുക് ഉരുകി പുറത്തുപോവുകയും ഉള്ളിൽ ഒരു ശൂന്യത രൂപപ്പെടുകയും ചെയ്യുന്നു. ആ വിടവിലേക്ക് പിച്ചളയും വെങ്കലവും ഉരുക്കിയൊഴിച്ചാണ് തലമുറകൾ കൈമാറിയ ഈ അദ്ഭുതം അവർ പൂർത്തിയാക്കുന്നത്.
"നോക്കൂ…," കനലിൽ തിളങ്ങുന്ന ആ ശില്പങ്ങളിലേക്ക് വിരൽചൂണ്ടി ഷക്കീൽജി പറഞ്ഞു. "ഇതൊരു യന്ത്രവൽക്കൃത ലോകത്തിന് ഒരിക്കലും അനുകരിക്കാൻ കഴിയാത്ത കൈവേലയാണ്. ഇതിലെ ഓരോ ശില്പവും ഒരു ആദിവാസി മനസ്സിന്റെ ധ്യാനമാണ്. കാട്ടിലെ പക്ഷികളും, മാൻകൂട്ടങ്ങളും, ആചാരനൃത്തങ്ങളും, ദേവതകളും മാത്രമാണ് ഇവരുടെ ഭാവനയിൽ വിരിയുന്നത്."

പഴയ ഇരുമ്പുകഷണങ്ങൾ തീച്ചൂളയിലിട്ടു തല്ലിപ്പഴുപ്പിച്ച് വന്യമൃഗങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും രൂപങ്ങൾ തീർക്കുന്ന പരമ്പരാഗത ഇരുമ്പു ശില്പകലയും ഈ ഗ്രാമങ്ങളിൽ തഴച്ചുവളരുന്നുണ്ട്. ഉപജീവനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമ്പോഴും, തങ്ങളുടെ കലയുടെ അന്തസ്സ് പണത്തിന് മുന്നിൽ അടിയറവ് വെക്കാൻ ഇവിടുത്തെ മനുഷ്യർ തയ്യാറല്ലെന്നത് വിസ്മയത്തോടെ മാത്രമേ കാണാൻ കഴിയൂ.
ഉച്ചവെയിൽ മരത്തലപ്പുകളെ കടന്ന് താഴേക്ക് വീഴുമ്പോൾ, ആ ഗ്രാമത്തിലെ ഒരു മൺതിണ്ണയിലിരുന്ന് ഞങ്ങൾ കൊണ്ടുവന്ന വെള്ളം കുടിച്ചു. ചുറ്റും നിഷ്കളങ്കമായ കണ്ണുകളോടെ കുട്ടികൾ ഓടിനടക്കുന്നു. അവരുടെ ചുണ്ടുകളിൽ മനോഹരമായ ചിരിയുണ്ട്. തലമുറകളായി കാടിന്റെ സംരക്ഷണത്തിൽ, ബാഹ്യലോകത്തിന്റെ അത്യാഗ്രഹങ്ങളില്ലാതെ, തങ്ങൾക്കുള്ളതിൽ പൂർണ്ണ തൃപ്തരായി കഴിയുന്ന ഒരു ജനത.
ഗ്രാമങ്ങളിലൂടെ, സഞ്ചരിച്ച് തിരിച്ച് ജഗദൽപൂർ ടൗണിലെത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
(യാത്ര തുടരും).










