ബസ്തർ ദസറ. ഫോട്ടോകൾ: അൻസാർ നബി, ശുഭം സാവു

രാജാവിന്റെ
രഥം തട്ടിയെടുത്ത
ഗോത്രമനുഷ്യർ,
അവരുടെ ഉത്സവം

ബസ്തർ ദസറ: മുജീബ് റഹ്മാൻ കിനാലൂരിന്റെ ബസ്തർ യാത്ര തുടരുന്നു.

ബസ്തർ ദസറ
അധ്യായം അഞ്ച്

▮

ദന്തേവാഡയിൽനിന്ന് ജഗദൽപുരിലേക്കുള്ള മടക്കയാത്രയിൽ ഇരുട്ട് വനപാതകളെ പൂർണ്ണമായും വിഴുങ്ങിയിരുന്നു. പക്ഷേ, നഗരത്തിലേക്ക് അടുക്കുന്തോറും ആകാശത്ത് പ്രകാശം വിരിയുന്നതുപോലെ. തലേന്നു കണ്ട ശാന്തമായ നഗരമായിരുന്നില്ല അത്. ഒരു മഹാസമുദ്രം ഇരമ്പിയാർക്കുന്നതുപോലെ മനുഷ്യരും വാദ്യമേളങ്ങളും ദീപാലങ്കാരങ്ങളും നഗരത്തെ കീഴടക്കിയിരിക്കുന്നു.

ബസ്തർ ദസറയുടെ ഏറ്റവും നിർണ്ണായകമായ രഥയാത്ര തുടങ്ങുന്നതിന്റെ തലേന്ന് വൈകുന്നേരമാണ് അവിടെയെത്തിയത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ കണ്ടുവരുന്ന രാവണദഹനത്തിന്റെ ആരവങ്ങളോ, രാമലീലയുടെ നാടകീയതയോ ഇവിടെയില്ല. 75 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഈ ഉത്സവത്തിനുപിന്നിൽ പ്രകൃതിയും മനുഷ്യനും രാജഭരണവും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ ചരിത്രമുണ്ട്.

നൂറ്റാണ്ടുകളായി ഒരേ കുടുംബങ്ങളാണ് രഥം നിർമ്മിക്കുന്നത്. ബേഡാ ഉമർഗാവ്, ഝാർ ഉമർഗാവ് എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള സൗര ഗോത്രക്കാരാണ് രഥനിർമ്മാണത്തിന്റെ അവകാശികൾ.

15-ാം നൂറ്റാണ്ടിൽ ബസ്തറിലെ നാലാമത്തെ കാകതീയ രാജാവായിരുന്ന പുരുഷോത്തം ദേവൻ പുരി ജഗന്നാഥക്ഷേത്രത്തിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തിയതിൽ നിന്നാണ് ഈ രഥോത്സവത്തിന്റെ തുടക്കം. രാജാവിന്റെ ഭക്തിയിൽ സംപ്രീതനായ പുരിയിലെ ഗജപതി രാജാവ് അദ്ദേഹത്തിന് 'രഥപതി' എന്ന പദവിയും 16 ചക്രങ്ങളുള്ള കൂറ്റൻ രഥവും സമ്മാനമായി നൽകി. മടങ്ങിയെത്തിയ പുരുഷോത്തം ദേവൻ, തന്റെ കുലദേവതയായ ദന്തേശ്വരി മാതാവിന്റെ പേരിൽ ഈ രഥോത്സവം ബസ്തറിലെ ഗോത്രജനതയ്ക്ക് സമർപ്പിച്ചു. പിൽക്കാലത്ത് രഥത്തിന്റെ ഭാരം കാരണം അത് വലിക്കാൻ പ്രയാസമായപ്പോൾ, 16 ചക്രങ്ങളുള്ള രഥം രണ്ടായി വിഭജിച്ചു. എട്ട് ചക്രങ്ങളുള്ള വലിയ രഥം (വിജയ് രഥം) ദസറയുടെ അവസാന ദിവസങ്ങളിലും, നാല് ചക്രങ്ങളുള്ള ചെറിയ രഥം (ഫൂൽ രഥം) നവരാത്രിയുടെ ആദ്യ ദിനങ്ങളിലും ഉപയോഗിക്കാൻ തുടങ്ങി.

ബസ്തർ രാജകൊട്ടാരം
ബസ്തർ രാജകൊട്ടാരം

ജഗദൽപുർ കൊട്ടാരത്തിനുമുന്നിലുള്ള വിശാലമായ മൈതാനത്തേക്കാണ് ഞങ്ങൾ ആദ്യം നടന്നത്. ചരിത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ബസ്തർ രാജകൊട്ടാരം വൈദ്യുതദീപങ്ങളുടെ പ്രഭയിൽ സ്വർണ്ണനിറത്തിൽ കുളിച്ചുനിൽക്കുന്നു. കൊട്ടാരത്തിന്റെ കവാടത്തിനുമുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി.

കൊട്ടാരവളപ്പിൽ ബസ്തറിലെ ഇപ്പോഴത്തെ രാജാവായ കമൽചന്ദ് ഭഞ്ജദേവ്.
കൊട്ടാരവളപ്പിൽ ബസ്തറിലെ ഇപ്പോഴത്തെ രാജാവായ കമൽചന്ദ് ഭഞ്ജദേവ്.

അവിടെയാണ് ബസ്തർ ദസറയിലെ ഏറ്റവും നിഗൂഢവും വിസ്മയകരവുമായ 'ജോഗി ബിഠായി' എന്ന ചടങ്ങ്. നവരാത്രിയുടെ ഒൻപത് ദിവസവും ഒരാൾ ഭൂമിക്കടിയിൽ കുഴിച്ച ചെറിയൊരു കുഴിയിൽ അനങ്ങാതെയിരുന്ന് വ്രതമനുഷ്ഠിക്കുന്ന അപൂർവ്വ ആചാരമാണിത്. ഹൽബ ഗോത്രത്തിൽപ്പെട്ട യുവാവാണ് പരമ്പരാഗതമായി ഈ കഠിനവ്രതം അനുഷ്ഠിക്കുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ, അരയാൾ പൊക്കമുള്ള കുഴിയിൽ വെള്ളവസ്ത്രം ധരിച്ച്, കണ്ണുകളടച്ച് ധ്യാനനിമഗ്നനായി ഇരിക്കുന്ന ജോഗിയെ കാണാമായിരുന്നു. പ്രായം മുപ്പതിനോടടുത്ത്. ഒൻപത് ദിവസത്തേക്ക് അയാൾ കുഴിയിൽനിന്ന് പുറത്തിറങ്ങില്ല. പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാതെ, പഴങ്ങളും പാലും മാത്രം കഴിച്ചാണ് തപസ്സ്.

ബസ്തർ ദസറയിലെ ഏറ്റവും നിഗൂഢവും വിസ്മയകരവുമായ 'ജോഗി ബിഠായി' എന്ന ചടങ്ങ്. നവരാത്രിയുടെ ഒൻപത് ദിവസവും ഒരാൾ ഭൂമിക്കടിയിൽ കുഴിച്ച ചെറിയൊരു കുഴിയിൽ അനങ്ങാതെയിരുന്ന് വ്രതമനുഷ്ഠിക്കുന്ന അപൂർവ്വ ആചാരമാണിത്.
ബസ്തർ ദസറയിലെ ഏറ്റവും നിഗൂഢവും വിസ്മയകരവുമായ 'ജോഗി ബിഠായി' എന്ന ചടങ്ങ്. നവരാത്രിയുടെ ഒൻപത് ദിവസവും ഒരാൾ ഭൂമിക്കടിയിൽ കുഴിച്ച ചെറിയൊരു കുഴിയിൽ അനങ്ങാതെയിരുന്ന് വ്രതമനുഷ്ഠിക്കുന്ന അപൂർവ്വ ആചാരമാണിത്.

കൊട്ടാരവളപ്പിൽ വെച്ച് ബസ്തറിലെ ഇപ്പോഴത്തെ രാജാവായ കമൽചന്ദ് ഭഞ്ജദേവിനെയും കണ്ടു. രാജഭരണം അവസാനിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും, ബസ്തറിലെ ആദിവാസി സമൂഹത്തിന് ഇന്നും അദ്ദേഹം ദന്തേശ്വരി മാതാവിന്റെ മുഖ്യ പൂജാരിയും തങ്ങളുടെ സംരക്ഷകനുമാണ്. പരമ്പരാഗത രാജകീയ വേഷവിധാനങ്ങളോടെ, തലപ്പാവണിഞ്ഞ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന രാജാവിനെ കാണാൻ ഉൾവനങ്ങളിൽ നിന്നെത്തിയ ഗോത്രവർഗ്ഗക്കാർ തിരക്കുകൂട്ടുന്നുണ്ടായിരുന്നു.

നവരാത്രിയുടെ ഭാഗമായുള്ള 'ജോഗി ബിഠായി' എന്ന ചടങ്ങ്. അരയാൾ പൊക്കമുള്ള കുഴിയിൽ വെള്ളവസ്ത്രം ധരിച്ച്, കണ്ണുകളടച്ച് ധ്യാനനിമഗ്നനായി ഇരിക്കുന്ന ഹൽബ ഗോത്രത്തിൽപ്പെട്ട യുവാവ് ജോഗി.
നവരാത്രിയുടെ ഭാഗമായുള്ള 'ജോഗി ബിഠായി' എന്ന ചടങ്ങ്. അരയാൾ പൊക്കമുള്ള കുഴിയിൽ വെള്ളവസ്ത്രം ധരിച്ച്, കണ്ണുകളടച്ച് ധ്യാനനിമഗ്നനായി ഇരിക്കുന്ന ഹൽബ ഗോത്രത്തിൽപ്പെട്ട യുവാവ് ജോഗി.

കൊട്ടാരത്തിനടുത്തുള്ള വീഥിയിലാണ് നാളെ പ്രയാണം തുടങ്ങാനുള്ള കൂറ്റൻ രഥം ഒരുങ്ങുന്നത്. ഞങ്ങൾ അങ്ങോട്ട് നടന്നു. മരത്തടികൾ കൊണ്ട് നിർമ്മിച്ച ഭീമാകാരമായ രഥത്തിനുമുകളിൽ കയറി നിന്ന് അവസാനവട്ട മിനുക്കുപണികൾ നടത്തുന്ന ആശാരിമാരെയും കലാകാരരെയും കാണാമായിരുന്നു.

പരമ്പരാഗത ഉളിയും കൊട്ടുവടിയും മാത്രം ഉപയോഗിച്ച്, കാട്ടിലെ സാൽമരത്തടികൾ ചെത്തിയൊരുക്കിയുണ്ടാക്കുന്ന രഥം.
പരമ്പരാഗത ഉളിയും കൊട്ടുവടിയും മാത്രം ഉപയോഗിച്ച്, കാട്ടിലെ സാൽമരത്തടികൾ ചെത്തിയൊരുക്കിയുണ്ടാക്കുന്ന രഥം.

നൂറ്റാണ്ടുകളായി ഒരേ കുടുംബങ്ങളാണ് രഥം നിർമ്മിക്കുന്നത്. ബേഡാ ഉമർഗാവ്, ഝാർ ഉമർഗാവ് എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള സൗര ഗോത്രക്കാരാണ് രഥനിർമ്മാണത്തിന്റെ അവകാശികൾ. പരമ്പരാഗത ഉളിയും കൊട്ടുവടിയും മാത്രം ഉപയോഗിച്ച്, കാട്ടിലെ സാൽമരത്തടികൾ ചെത്തിയൊരുക്കിയാണ് ഇവർ കൂറ്റൻ ചക്രങ്ങളും രഥവും നിർമ്മിക്കുന്നത്. വീഥികളിൽ ചക്രം നിർമ്മിക്കുന്ന പണിക്കാരുപേക്ഷിച്ച മരക്കഷ്ണങ്ങളും ചീളുകളും നിറയെ കാണാം.

രഥചക്രത്തിന്റെ നിർമാണത്തിനുശേഷം പണിക്കാരുപേക്ഷിച്ച മരക്കഷ്ണങ്ങൾ.
രഥചക്രത്തിന്റെ നിർമാണത്തിനുശേഷം പണിക്കാരുപേക്ഷിച്ച മരക്കഷ്ണങ്ങൾ.

രഥത്തിനുചുറ്റും ചുവപ്പും മഞ്ഞയും നീലയും കലർന്ന തിളങ്ങുന്ന തുണികൾ കൊണ്ട് അലങ്കരിക്കുന്ന തിരക്കിലായിരുന്നു ഒരു കൂട്ടം ആളുകൾ. രഥത്തിന്റെ മുകൾത്തട്ടിൽ പിങ്ക് നിറത്തിലുള്ള മേലാപ്പ് കെട്ടിയിരിക്കുന്നു. താഴെ, രഥം വലിക്കാൻ കാട്ടുനാരുകൾ കൊണ്ട് പിരിച്ചെടുത്ത ഭീമാകാരമായ കയറുകൾ ചുരുട്ടിവെച്ചിരിക്കുന്നു. ആ കയറുകളിൽ തൊട്ടുനോക്കിയപ്പോൾ കാടിന്റെ പരുക്കൻ കരുത്ത് കൈകളിലേക്ക് പകരുന്നതുപോലെ തോന്നി. 

രഥത്തിനുചുറ്റും ചുവപ്പും മഞ്ഞയും നീലയും കലർന്ന തിളങ്ങുന്ന തുണികൾ കൊണ്ട് അലങ്കരിക്കുന്നു.
രഥത്തിനുചുറ്റും ചുവപ്പും മഞ്ഞയും നീലയും കലർന്ന തിളങ്ങുന്ന തുണികൾ കൊണ്ട് അലങ്കരിക്കുന്നു.

"ഇത് വെറുമൊരു മരക്കൂട്ടമല്ല’’, രഥത്തിന് മുകളിലേക്ക് നോക്കി, ആ ജോലിയിലേർപ്പെട്ട ഒരു യുവാവ്‌ ഞങ്ങളോട്‌ പറഞ്ഞു:
"ബസ്തറിലെ ഓരോ ഗോത്രത്തിന്റെയും വിയർപ്പും വിശ്വാസവും ഇതിലുണ്ട്. മരം വെട്ടാൻ അനുമതി ചോദിക്കുന്ന 'പട് ജാത്ര' മുതൽ, രഥത്തിന്റെ തൂണുകൾ നാട്ടുന്ന 'ഡേരി ഗഡായി' വരെയുള്ള ചടങ്ങുകൾ മാസങ്ങൾക്കുമുൻപേ തുടങ്ങിയതാണ്. ഓരോ ഗ്രാമത്തിനും ഓരോ ചുമതലകളുണ്ട്. ചിലർ മരം കൊണ്ടുവരുന്നു, ചിലർ കയർ പിരിക്കുന്നു, മറ്റു ചിലർ രഥം വലിക്കുന്നു’’.

ഓരോ ഗ്രാമത്തിനും ഓരോ ചുമതലകളുണ്ട്. ചിലർ മരം കൊണ്ടുവരുന്നു, ചിലർ കയർ പിരിക്കുന്നു, മറ്റു ചിലർ രഥം വലിക്കുന്നു.
ഓരോ ഗ്രാമത്തിനും ഓരോ ചുമതലകളുണ്ട്. ചിലർ മരം കൊണ്ടുവരുന്നു, ചിലർ കയർ പിരിക്കുന്നു, മറ്റു ചിലർ രഥം വലിക്കുന്നു.

രാത്രി വൈകിയും രഥത്തിനുചുറ്റും ജനത്തിരക്കായിരുന്നു. കാക്കി വേഷമിട്ട പോലീസുകാരും പരമ്പരാഗത വേഷമണിഞ്ഞ ഗോത്രവർഗ്ഗക്കാരും ഉത്സവക്കമ്മിറ്റി അംഗങ്ങളും എല്ലാം ചേർന്ന് അവിടെയൊരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ചിലർ രഥത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നു, മറ്റു ചിലർ രഥചക്രങ്ങളിൽ തൊട്ട് പ്രാർത്ഥിക്കുന്നു. 

മരം വെട്ടാൻ അനുമതി ചോദിക്കുന്ന 'പട് ജാത്ര' മുതൽ, രഥത്തിന്റെ തൂണുകൾ നാട്ടുന്ന 'ഡേരി ഗഡായി' വരെയുള്ള ചടങ്ങുകൾ ഉത്സവത്തിന് മാസങ്ങൾക്കുമുൻപേ തുടങ്ങും.
മരം വെട്ടാൻ അനുമതി ചോദിക്കുന്ന 'പട് ജാത്ര' മുതൽ, രഥത്തിന്റെ തൂണുകൾ നാട്ടുന്ന 'ഡേരി ഗഡായി' വരെയുള്ള ചടങ്ങുകൾ ഉത്സവത്തിന് മാസങ്ങൾക്കുമുൻപേ തുടങ്ങും.

അവിടെനിന്ന് ഞങ്ങൾ നടന്നത് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള 'ബസ്തർ ദസറ എക്സ്പോ'യിലേക്കാണ്. ജഗദൽപൂരിന്റെ രാത്രികൾക്ക് ഉത്സവലഹരി പകരുന്ന ഇടം. ബസ്തറിന്റെ തനത് കരകൗശല വസ്തുക്കളുടെയും ഗോത്രസംസ്കാരത്തിന്റെയും നേർക്കാഴ്ച. മറ്റേത്‌ ഉൽസവങ്ങളിലുമുള്ള പതിവ്‌ ചേരുവകളായ ഊഞ്ഞാലും കുട്ടികളുടെ പാർക്കും ഭക്ഷണ ശാലകളും വാണിഭക്കാരുടെ ആരവങ്ങളും ജനത്തിരക്കും അവിടെയുമുണ്ട്‌.

രഥനിർമാണത്തിനുള്ള കാട്ടിലെ സാൽമരത്തടികൾ ചെത്തിയൊരുക്കി കൊണ്ടുവരുന്നു.
രഥനിർമാണത്തിനുള്ള കാട്ടിലെ സാൽമരത്തടികൾ ചെത്തിയൊരുക്കി കൊണ്ടുവരുന്നു.

പിറ്റേന്ന് പുലർച്ചെ മുതൽ ജഗദൽപുർ നഗരം മറ്റൊരു ഭാവത്തിലേക്ക് മാറുകയായിരുന്നു. രഥയാത്രയുടെ ദിവസമാണിന്ന്. അതിരാവിലെ ഞങ്ങൾ ദന്തേശ്വരി ക്ഷേത്രത്തിന് മുന്നിലെത്തി. ക്ഷേത്രവും പരിസരവും പുഷ്പങ്ങളാലും വൈദ്യുതദീപങ്ങളാലും അലങ്കരിച്ചിരിക്കുന്നു.  ഉച്ചയ്ക്കുശേഷം 'നിശാ ജാത്ര' യുടെയും രഥപ്രയാണത്തിന്റെയും ഒരുക്കം തുടങ്ങി. ബസ്തറിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ദേവീദേവന്മാരുടെ 'അംഗാ ദേവ'കളെയും 'ഛത്ര' (കുടകൾ) കളെയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ നഗരത്തിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. മയിൽപ്പീലി കൊണ്ട് അലങ്കരിച്ച കുടകളും, വെള്ളിയിലും പിച്ചളയിലും തീർത്ത ദേവതാരൂപങ്ങളും തോളിലേറ്റി നൃത്തം വെച്ചുകൊണ്ടാണ് ഓരോ ഗ്രാമീണസംഘവും എത്തുന്നത്.

ജനസാഗരമായി മാറിയ ജഗദൽപുരിലെ രാജവീഥികൾ.
ജനസാഗരമായി മാറിയ ജഗദൽപുരിലെ രാജവീഥികൾ.

വൈകുന്നേരമായപ്പോഴേക്കും ജഗദൽപുരിലെ രാജവീഥികൾ ജനസാഗരമായി മാറി. കെട്ടിടങ്ങളുടെ മുകളിലും മരക്കൊമ്പുകളിലും കടത്തിണ്ണകളിലുമെല്ലാം ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു. അന്തരീക്ഷത്തിൽ ചെണ്ടകളുടെയും, 'മൊഹരി' എന്ന കുഴൽവാദ്യത്തിന്റെയും, കൊമ്പുകളുടെയും കാതടപ്പിക്കുന്ന ശബ്ദം. പെട്ടെന്ന് ജനക്കൂട്ടത്തിനിടയിൽനിന്ന് വലിയ ആർപ്പുവിളി ഉയർന്നു. ക്ഷേത്രത്തിൽനിന്ന് ദന്തേശ്വരി മാതാവിന്റെ 'ഛത്രം' (രാജകീയ കുട) പുറത്തേക്ക് എഴുന്നള്ളിക്കുകയാണ്. രഥത്തിനുമുകളിലേക്ക് പൂക്കളുടെ പെരുമഴ തന്നെയായിരുന്നു പിന്നീട്. ജമന്തിപ്പൂക്കളും റോസാപ്പൂക്കളും അന്തരീക്ഷത്തിൽ വർണ്ണവിസ്മയം തീർത്തു.

മരിയ, മുരിയ ഗോത്രങ്ങളിലെ നൂറുകണക്കിന് യുവാക്കൾ ആ ഭീമാകാരമായ വടങ്ങളിൽ പിടിമുറുക്കി. ആദ്യത്തെ വലിയിൽ തന്നെ ആ കൂറ്റൻ മരച്ചക്രങ്ങൾ ഭൂമിയെ ഞെരിച്ച് മുന്നോട്ട് ഉരുണ്ടുതുടങ്ങി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആ ചക്രങ്ങളുടെ ഇരമ്പം ഞങ്ങളുടെ ഹൃദയമിടിപ്പിനോട് ചേർന്നുനിന്നു.

കെട്ടിടങ്ങളുടെ മുകളിലും മരക്കൊമ്പുകളിലും കടത്തിണ്ണകളിലുമെല്ലാം ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.
കെട്ടിടങ്ങളുടെ മുകളിലും മരക്കൊമ്പുകളിലും കടത്തിണ്ണകളിലുമെല്ലാം ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.

രഥത്തിന് മുന്നിലായി പരമ്പരാഗത വേഷമണിഞ്ഞ ഗോത്രനർത്തകർ ചുവടുവെച്ചു. തലയിൽ കാട്ടുപോത്തിന്റെ കൊമ്പുകൾ വെച്ചുകെട്ടിയ ബൈസൺ ഹോൺ മരിയ നർത്തകർ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് അതീവ മനോഹരമായ കാഴ്ചയാണ്. സ്ത്രീകൾ പല നിറങ്ങളുള്ള സാരികൾ ധരിച്ച്‌ തലയിൽ പൂക്കൾ ചൂടി കൈകോർത്തുപിടിച്ച് പാട്ടുപാടി നീങ്ങുന്നു.

രഥത്തോടൊപ്പം നടക്കുന്നതിനിടയിലാണ്, ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്ന, നരച്ച താടിയും തലയിൽ പരമ്പരാഗത തലപ്പാവുമണിഞ്ഞ ഒരു വയോധികനെ പരിചയപ്പെട്ടത്‌. 'മാഞ്ചി' (ഗോത്രത്തലവൻ) പദവിയിലുള്ള സുഖ്ദേവ് കശ്യപ് എന്ന ആ വയോധികന്റെ കണ്ണുകളിൽ ബസ്തറിന്റെ നൂറ്റാണ്ടുകളുടെ ഓർമ്മകൾ തിളങ്ങുന്നുണ്ടായിരുന്നു. രഥം അല്പനേരം വിശ്രമിച്ചപ്പോൾ, അടുത്തുള്ള ഒരു തണൽമരച്ചുവട്ടിലിരുന്ന് അദ്ദേഹം ദസറയുടെ വരാനിരിക്കുന്ന നിർണ്ണായക ചടങ്ങുകളുടെ പൊരുൾ ഞങ്ങൾക്ക് വിവരിച്ചുതന്നു.

ജഗദൽപൂരിന്റെ രാത്രികൾക്ക് ഉത്സവലഹരി പകരുന്ന ഇടമാണ്  'ബസ്തർ ദസറ എക്സ്പോ'.
ജഗദൽപൂരിന്റെ രാത്രികൾക്ക് ഉത്സവലഹരി പകരുന്ന ഇടമാണ് 'ബസ്തർ ദസറ എക്സ്പോ'.

"നിങ്ങൾ ഇപ്പോൾ കാണുന്നത് ആരംഭം മാത്രമാണ്," സുഖ്ദേവ് മാഞ്ചി തന്റെ പരുക്കൻ ശബ്ദത്തിൽ പറഞ്ഞുതുടങ്ങി:

"ദസറയുടെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങൾ ഇനിയാണ് വരാനിരിക്കുന്നത്. അതിലൊന്നാണ് 'മാവോലി പർഘാവ്'. ദന്തേവാഡയിൽ നിന്ന് കാൽനടയായി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന മാവോലി ദേവിയുടെ (ദന്തേശ്വരിയുടെ സഹോദരി) ഛത്രത്തെ ജഗദൽപൂരിലേക്ക് സ്വീകരിക്കുന്ന മനോഹരമായ ചടങ്ങാണിത്. അന്ന് രാത്രി ജഗദൽപൂരിലെ ജിയ ബാബ ക്ഷേത്രത്തിന് മുന്നിൽ വെച്ച്, രാജാവ് തന്റെ എല്ലാ രാജകീയ പ്രൗഢികളും മാറ്റിവെച്ച്, നഗ്നപാദനായി നടന്നുചെന്ന് ദേവിയെ സ്വീകരിക്കുന്നു. രാജാവ് സ്വയം ദേവിയുടെ പല്ലക്ക് തോളിലേറ്റും. ഒരു ഭരണാധികാരി തന്റെ ജനതയുടെ വിശ്വാസത്തിന് മുന്നിൽ എത്രത്തോളം വിനയാന്വിതനാകുന്നു എന്നതിന്റെ പ്രതീകമാണത്’’.

രഥയാത്രയിൽനിന്ന്.
രഥയാത്രയിൽനിന്ന്.

അദ്ദേഹം ഒന്ന് നിർത്തി, രഥത്തിന് ചുറ്റും ആർത്തുല്ലസിക്കുന്ന ഗോത്രയുവാക്കളിലേക്ക് നോക്കി പുഞ്ചിരിച്ചു. എന്നിട്ട് തുടർന്നു:

"ബസ്തറിലെ ഗോത്രജനതയുടെ ആത്മാഭിമാനവും അധികാരവും വിളിച്ചോതുന്ന രണ്ട് ചടങ്ങുകളാണ് 'ഭീതർ റൈനി'യും 'ബാഹർ റൈനി'യും. വിജയദശമിയുടെ പിറ്റേന്ന് രാത്രിയാണ് ഭീതർ റൈനി. അന്ന് എട്ട് ചക്രങ്ങളുള്ള കൂറ്റൻ വിജയ് രഥം നഗരപ്രദക്ഷിണം നടത്തുമ്പോൾ, ഇരുട്ടിന്റെ മറവിൽ കിലോമീറ്ററുകൾ അകലെയുള്ള കുമുദകോട്ട ഗ്രാമത്തിൽ നിന്നുള്ള മാഡിയ ഗോത്രക്കാർ സംഘടിതമായി വന്ന് ആ രഥം തട്ടിയെടുക്കുന്നു! രാജാവിന്റെ കാവൽക്കാരെ വെട്ടിച്ച് അവർ രഥം വലിച്ചുകൊണ്ട് കാടിനോട് ചേർന്നുള്ള കുമുദകോട്ടയിലേക്ക് കൊണ്ടുപോകും’’.

ദസറയുടെ ഭാഗമായ 'മാവോലി പർഘാവ്'. ദന്തേവാഡയിൽ നിന്ന് കാൽനടയായി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന മാവോലി ദേവിയുടെ ഛത്രത്തെ ജഗദൽപൂരിലേക്ക് സ്വീകരിക്കുന്ന ചടങ്ങാണിത്.
ദസറയുടെ ഭാഗമായ 'മാവോലി പർഘാവ്'. ദന്തേവാഡയിൽ നിന്ന് കാൽനടയായി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന മാവോലി ദേവിയുടെ ഛത്രത്തെ ജഗദൽപൂരിലേക്ക് സ്വീകരിക്കുന്ന ചടങ്ങാണിത്.

"അതൊരു കലാപത്തിന്റെ പ്രതീകമല്ലേ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

"അതേ, അതൊരു ഓർമ്മപ്പെടുത്തലാണ്," മാഞ്ചി തലയാട്ടി:
"പണ്ടു കാലത്ത് രാജഭരണത്തിൽ പ്രജകൾക്ക് എന്തെങ്കിലും അതൃപ്തിയുണ്ടായാൽ, അവർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത് ഇങ്ങനെയാണ്. രഥം നഷ്ടപ്പെട്ട രാജാവ് നിസ്സഹായനാകുന്നു. പിറ്റേന്ന്, അതായത് 'ബാഹർ റൈനി' ദിവസം, രാജാവ് പരിവാരങ്ങളില്ലാതെ സാധാരണക്കാരനെപ്പോലെ കുമുദകോട്ടയിലെ കാട്ടിലേക്ക് നടന്നുചെല്ലുന്നു. അവിടെ മാഡിയ ഗോത്രക്കാർക്കൊപ്പം നിലത്തിരുന്ന്, അവർ കാട്ടിൽ നിന്ന് ശേഖരിച്ച വിഭവങ്ങൾ കൊണ്ട് തയ്യാറാക്കിയ ഭക്ഷണം (നവാഖാനി - പുതിയ വിളവെടുപ്പിന്റെ ഭക്ഷണം) രാജാവ് പങ്കിട്ടു കഴിക്കുന്നു. അവരുടെ പരാതികൾ കേൾക്കുകയും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വാക്കുകൊടുക്കുകയും ചെയ്ത ശേഷം മാത്രമേ ഗോത്രക്കാർ രഥം വിട്ടുനൽകുകയുള്ളൂ. പിന്നീട് എല്ലാവരും ചേർന്ന് ആഘോഷപൂർവ്വം രഥം കൊട്ടാരത്തിലേക്ക് തിരികെ കൊണ്ടുവരുന്നു’’.

ദീപാലങ്കാരങ്ങളുടെ പ്രഭയിൽ കുളിച്ചുനിൽക്കുന്ന രഥവും, അതിന് ചുറ്റും നൃത്തം വെക്കുന്ന മനുഷ്യരും.
ദീപാലങ്കാരങ്ങളുടെ പ്രഭയിൽ കുളിച്ചുനിൽക്കുന്ന രഥവും, അതിന് ചുറ്റും നൃത്തം വെക്കുന്ന മനുഷ്യരും.

സുഖ്ദേവ് മാഞ്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഞങ്ങൾ സ്തബ്ധരായി നിന്നുപോയി. നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ഗോത്രവർഗ്ഗക്കാർ തങ്ങളുടെ ജനാധിപത്യ അവകാശങ്ങളും, ഭരണാധികാരിയെ തിരുത്താനുള്ള അധികാരവും എത്ര മനോഹരമായാണ് ആചാരങ്ങളിലൂടെ നിലനിർത്തിപ്പോന്നത്. ഗോത്രജനതയുടെ സമ്മതമില്ലാതെ ഒരു രാജാവിനും ഇവിടെ ഭരിക്കാനാവില്ലെന്ന ശക്തമായ പ്രഖ്യാപനമാണ് ബസ്തർ ദസറയിലെ ഓരോ ചടങ്ങും.

"അവസാനം 'മുരിയ ദർബാർ' നടക്കും," യാത്രപറയുന്നതിന് മുൻപ് മാഞ്ചി കൂട്ടിച്ചേർത്തു. "എല്ലാ ഗ്രാമങ്ങളിലെയും മാഞ്ചിമാരും, ചാലികിമാരും, പൂജാരിമാരും രാജാവും ഭരണകൂട പ്രതിനിധികളും ഒന്നിച്ചിരുന്ന് നാടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന തുറന്ന സഭയാണത്. ദേവതകൾക്ക് യാത്രയയപ്പ് നൽകുന്ന 'കുടുംബ ജാത്ര'യോടെയും, ദന്തേശ്വരി മാതാവിന്റെ ഛത്രം തിരികെ ദന്തേവാഡയിലേക്ക് മടങ്ങുന്ന 'ഗംഗാമുണ്ട ജാത്ര'യോടെയും എഴുപത്തഞ്ച് ദിവസത്തെ ഈ മഹായജ്ഞത്തിന് തിരശ്ശീല വീഴും’’.

രാത്രി ഏറെ വൈകിയും രഥയാത്രയുടെ ആരവങ്ങൾ അടങ്ങിയിരുന്നില്ല. വിയർപ്പിന്റെയും, ചന്ദനത്തിരികളുടെയും, വാടിയ പൂക്കളുടെയും, മണ്ണിന്റെയും ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിന്നു. ദീപാലങ്കാരങ്ങളുടെ പ്രഭയിൽ കുളിച്ചുനിൽക്കുന്ന രഥവും, അതിന് ചുറ്റും നൃത്തം വെക്കുന്ന മനുഷ്യരും ഒരു സ്വപ്നദൃശ്യം പോലെ മനസ്സിൽ തെളിമയോടെ നിൽക്കുന്നു.

▮

ബസ്തർ ദസറയുടെ
രഥയാത്രാ ദൃശ്യങ്ങളിൽ നിന്ന്:

ഫോട്ടോകൾ:
അൻസാർ നബി, ശുഭം സാവു

Enter caption
Enter caption

(യാത്ര തുടരും).


Summary: Mujeeb Rahman Kinalur's travel experiences from Chhattisgarh's Bastar. Travel series part 5 published in Truecopy Webzine packet 310.


മുജീബ് റഹ്​മാൻ കിനാലൂർ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഇസ് ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം, പൗരോഹിത്യം വേണ്ട; വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവ പ്രധാന കൃതികൾ

Comments