ചിംഗൻ; ദുർഘട ഗിരിശൃംഗത്തിന്റെ പ്രലോഭനങ്ങൾ

ഒരു സംഘം സ്ത്രീകൾ ഞങ്ങൾക്കരികിലേക്ക് വന്നു ഹിന്ദുസ്ഥാനി, ഇന്ത്യ എന്നു ചോദിച്ചുറപ്പുവരുത്തി പിന്നെ ഒരു സെൽഫിയെടുത്തോട്ടെയെന്ന് ചോദിച്ചു. സൗഹൃദം പങ്കുവെച്ചു. ഷാറൂഖ് ഖാനെയും സൽമാൻഖാനെയും ഒക്കെപറ്റി എന്തൊക്കയോ പറഞ്ഞു.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം രണ്ട്

സ്‌ബെക്കിൽ ഇത് ചൂടുകാലത്തിന്റെ തുടക്കമാണ്. ചിംഗൻ പർവ്വതശിഖരങ്ങൾ അപ്പോഴും മഞ്ഞിന്റെ കനത്ത ആവരണത്താൽ മൂടപ്പെട്ടുകിടന്നു. മലഞ്ചെരുവുകളിലെ പുൽവളർച്ചയിൽ രൂപപ്പെട്ട പച്ചനിറവും ശിലാപ്രകൃതിയും മണ്ണും ചേർന്ന് സൃഷ്ടിക്കുന്ന കറുപ്പും ചാരവും തവിട്ടും നിറഞ്ഞ ഭാഗങ്ങളും മലമടക്കുകളിൽ പലയിടത്തായി അപ്പോഴും ശേഷിക്കുന്ന ഹിമശേഖരങ്ങളുടെ ശ്വേത വർണവും എല്ലാം ചേർന്ന് ഒരു ജലച്ഛായാചിത്രം പോലെ തോന്നും, ചിംഗന്റെ ചില കോണുകളുടെ ദൂരക്കാഴ്ച്ചകൾ. മഞ്ഞുരുകി രൂപം കൊള്ളുന്ന തെളിഞ്ഞ നീർച്ചാലുകൾ പലയിടത്തും താഴ് വാരം ലക്ഷ്യമാക്കി ഒഴുകുന്നുണ്ട്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ഉസ്‌ബെക്കിൽ വേനൽക്കാലം. സെപ്തംബർ മുതൽ നവംബർ വരെ ശരത്കാലമാണ്. ശീതകാലം ഡിസംബർ മുതൽ ഫെബ്രുവരി വരെ. മാർച്ച് എപ്രിൽ മെയ് മാസങ്ങളിലാണ് വസന്തകാലം. ജൂൺ അവസാനമാകുന്നതോടെ ചൂട് പാരമ്യത്തിലെത്തും.

താഷ്‌കെന്റിലെ രണ്ടാംദിവസം നഗരമധ്യത്തിലെ ഉസ്‌ബെക്ക് ഹോട്ടലിനുമുൻപിൽ വെച്ച് പരിചയപ്പെട്ട ടാക്‌സിക്കാരനൊപ്പം ചിംഗനിലെത്തിയതായിരുന്നു ഞങ്ങൾ. ഹസ്സൻ എന്നായിരുന്നു ആ ടാക്‌സിക്കാരന്റെ പേര്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകൾ ഷീല താഷ്‌കെന്റ് സന്ദർശിച്ചപ്പോൾ താനാണ് അവരെ എല്ലാം കൊണ്ടുനടന്ന് കാണിച്ചതെന്ന് അയാൾ പറഞ്ഞിരുന്നു. ഷീലയെ അറിയില്ലേ എന്നയാൾ ചോദിച്ചു. ശാസ്ത്രിക്ക് അങ്ങനെയൊരു മകളുള്ളതായി ഞങ്ങൾക്കറിവുണ്ടായിരുന്നില്ല. ഒരു പക്ഷെ കൊച്ചുമകളായിരിക്കും, അല്ലെങ്കിൽ ബന്ധുക്കളിലാരെങ്കിലും.

ഉസ്ബെക്കിസ്ഥാൻ ഹോട്ടൽ

തന്റെ കിയ കാർണിവലുമായി നല്ലൊരു ടൂർ സംഘത്തെയും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു ഹസ്സൻ. ഏഴു പേർക്കിരിക്കാവുന്ന തന്റെ കാറിലേക്ക് പറ്റിയ സംഘത്തെ കണ്ടെത്താൻ കഴിയാത്തതിനാലാകണം വലുതല്ലാത്ത ഒരു നിരക്കിൽ ഞങ്ങൾക്കൊപ്പം വരാൻ അയാൾ സന്നദ്ധനായത്. ഹോട്ടൽ ഉസ്‌ബെക്കിസ്ഥാനുമുൻവശം വിനോദസഞ്ചാരികളെ കാത്തുകിടക്കുന്ന കുറച്ചേറെ വാഹനങ്ങളുണ്ട്. അവർ ഞങ്ങൾക്കുചുറ്റും കൂടി കാഴ്ച്ചകളിലേക്ക് ക്ഷണിക്കുകയായിരുന്നു. അവരെ വിട്ട് നഗരക്കാഴ്ച്ചകളിലേക്ക് കാൽനടയായി നീങ്ങിത്തുടങ്ങിയ ഞങ്ങളെ സൗഹൃദഭാവത്തോടെ സമീപിച്ചു അയാൾ. വളരെ പെട്ടെന്നു തന്നെ ഞങ്ങളയാളുമായി ഒരു ധാരണയിലെത്തുകയും അങ്ങനെ ചിംഗൻ മലനിരകളും ചാർവാക് തടാകവും ചില വഴിയോരക്കാഴ്ച്ചകളും ലക്ഷ്യമാക്കിയുള്ള യാത്രക്ക് തുടക്കമാകുകയും ചെയ്തു. താഷ്‌കെന്റിൽ നിന്ന് 90 കിലോമീറ്ററോളം ദൂരമുണ്ട് ചിംഗാനിലേക്ക്. 2 മണിക്കൂറോളം വരും യാത്രാസമയം.

യഥാർത്ഥത്തിൽ ഒരു ടാക്‌സി ഡ്രൈവർ മാത്രമല്ല ഹസ്സൻ. തുർക്കിയിൽ നിന്നും റഷ്യയിൽ നിന്നും ചില മധ്യേഷ്യൻ ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമൊക്കെയുള്ള വിനോദസഞ്ചാര സ്ഥാപനങ്ങളുമായി അയാൾക്ക് ബന്ധമുണ്ട് അവരുടെ സംഘങ്ങൾക്കുവേണ്ടി പല സൗകര്യങ്ങളും ഉസ്‌ബെക്കിൽ ഒരുക്കുന്നത് താനാണെന്നയാൾ പറഞ്ഞു. മുഖച്ഛായകൊണ്ടില്ലെങ്കിലും 80-കളുടെ അവസാനത്തിലെ ക്ലിന്റ് ഈസ്റ്റ് വുഡിനെ പ്രകൃതി കൊണ്ടും ചേഷ്ടകൾ കൊണ്ടും എവിടെയൊക്കയോ ഓർമ്മിപ്പിക്കുന്നുണ്ട് ഹസ്സൻ.

ടാക്സിക്കാരൻ ഹസ്സൻ

ഇബ്രുവിന്റെ പദ്ധതി പ്രകാരം ഞങ്ങൾ ഹോട്ടലിലെ പ്രാതൽ രാവിലെ 8ന് തന്നെ കഴിച്ച് നഗരത്തിലേക്കിറങ്ങിയിരുന്നു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തലേന്ന് ഹോട്ടലിലെ ചെറുപ്പക്കാരൻ പറഞ്ഞുതന്ന ഒരു കാർറെന്റൽ ഏജൻസിക്ക് മുൻപിലെത്തി. സമയം 9 ആകുന്നതേയുള്ളൂ. കടകളെല്ലാം അപ്പോഴും അടഞ്ഞുതന്നെ കിടന്നു. സ്ഥാപനത്തിന്റെ ഗ്ലാസ് ഡോറിൽ പതിച്ച ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പത്തുമിനിറ്റിനകം ഓഫീസ് തുറക്കുമെന്ന മറുപടി കിട്ടി. പറഞ്ഞസമയത്തിനുള്ളിൽ തന്നെ ഒരു കുഞ്ഞൻ കാറിൽ സുന്ദരിയായ പെൺകുട്ടി അവിടെയെത്തി ഓഫീസ് തുറന്ന് ഞങ്ങളെ ഉളളിലേക്ക് ക്ഷണിച്ചു. അവർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സമയമെടുത്ത് ആലോചിച്ച് ലളിതമായ കുറിയ വാക്കുകളിലായിരുന്നു മറുപടികൾ. കമീല എന്നായിരുന്നു അവളുടെ പേര്. ഹൃദ്യമായ പുഞ്ചിരികൊണ്ട് ആശയവിനിമയത്തിലെ വിടവുകൾ അവൾ പരിഹരിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്ക് ഏറ്റവും ചെറിയ കാർ മതി. പക്ഷെ ചെറിയ കാറുകളൊക്കെ വാടകക്ക് കൊടുത്തുകഴിഞ്ഞിരിക്കുന്നു. സമീപത്തുതന്നെ കുറച്ച് കാർ റെന്റൽ ഏജൻസികൾ കൂടിയുണ്ടെന്ന് പറഞ്ഞ അവൾ അവയുടെ പേരും അങ്ങോട്ടുള്ള വഴിയും പറഞ്ഞു തന്നു.

അങ്ങനെ മറ്റൊരു ഏജൻസിയിൽ ഞങ്ങളെത്തി. അവിടെ പക്ഷെ ഇംഗ്ലീഷ് സംസാരിക്കുന്ന സ്റ്റാഫെത്തിയിട്ടില്ല. ഗൗരവപ്രകൃതിയുള്ള കൗണ്ടറിലെ സ്ത്രീയുമായി ആശയവിനിമയം നടത്തി. നിരക്കുകൾ എല്ലായിടത്തും ഒരുപോലെതന്നെയാണ്. പക്ഷെ ഉസ്‌ബെക്ക് ഇൻഷൂറൻസ് വ്യവസ്ഥകൾ സങ്കീർണമാണ്. കാറിന് എന്തെങ്കിലും തട്ടലോ മുട്ടലോ സംഭവിച്ചാൽ അത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണെങ്കിൽ നാം തന്നെ പിഴയൊടുക്കേണ്ടിവരും. അങ്ങനെയല്ലെങ്കിൽ അത് സ്ഥാപിക്കേണ്ടതായും വരും. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ ഗൂഗിൾ ട്രാൻസലേറ്ററിന്റെ സഹായത്തോടെ കഠിനമായ പരിശ്രമം തന്നെ വേണ്ടി വന്നു. വിനോദസഞ്ചാരികളായി ഇവിടെയെത്തി നിയമത്തിന്റെ സങ്കീർണ്ണതകളിൽ കുടുങ്ങാനോ വലിയൊരു തുക കെട്ടിവെച്ച് മടങ്ങാനോ താൽപര്യമില്ലാത്തതുകൊണ്ട് കാർ റെന്റിനെടുക്കുക എന്ന പരിപാടി ഞങ്ങളുപേക്ഷിച്ചു. പഴയ സ്ഥാപനത്തിൽ പോയി അവിടെ ഇൻഷൂറൻസ് വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് അന്വേഷിക്കാമെന്നായി ഇബ്രാഹിം. അവിടെ എത്തിയ ഞങ്ങളോട് ഉസ്‌ബെക്ക് ഇൻഷൂറൻസ് വ്യവസ്ഥകൾ അങ്ങിനെയാണെന്ന് വിശദീകരിച്ചു തന്നു കമീല.

കമീല

ചിരിച്ചുകൊണ്ട് കനത്ത നിരക്ക് ഈടാക്കുന്നവരാണത്രെ ഉസ്‌ബെക്ക് നഗരത്തിലെ ടാക്‌സിക്കാർ. അതു കൊണ്ടുതന്നെ ടാക്‌സി ബുക്കിംഗ് ആപ്പുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. yantex ആണ് ഉസ്‌ബെക്കിലെ പ്രധാന ബുക്കിംഗ് ആപ്പ്. റെന്റൽ കാർ പരിശ്രമങ്ങൾക്കുവേണ്ടി ഏറെ സമയം ചിലവഴിച്ചതിനാൽ തന്നെ എത്രയും പെട്ടെന്ന് നഗരക്കാഴ്ച്ചകളിലേക്കിറങ്ങാനായി നഗരമധ്യത്തിലേക്ക് yantex വഴി ട്രിപ്പ് ബുക്ക് ചെയ്തു. മിനിറ്റുകൾക്കകം കാറെത്തി. അങ്ങനെയാണ് ഞങ്ങൾ നഗരമധ്യത്തിലെത്തിയതും പിന്നീട് ഹസ്സനെ കണ്ടുമുട്ടിയതും.

അവിഭക്ത സോവിയറ്റ് കാലഘട്ടത്തിൽ യു.എസ്.എസ്.ആർ പർവ്വതാരോഹകർ തുടക്കത്തിൽ പരിശീലനത്തിനായി തിരഞ്ഞെടുത്തിരുന്നത് ഈ ശൈലമായിരുന്നത്രെ.

വേനലിലെ ഉസ്‌ബെക്ക് പകലുകൾക്ക് ദൈർഘ്യം ഏറെയാണ്. പുലർച്ചെ 4.45 നായിരുന്നു അന്നത്തെ സൂര്യോദയം, അസ്തമയം വൈകീട്ട് 7.55 ന്. 15 മണിക്കൂറിൽപരം നീണ്ടുനിൽക്കുന്ന പകലിന്റെ ആനൂകൂല്യം പരമാവധി പ്രയോജനപ്പെടുത്തി ഉസ്‌ബെക്ക് കാഴ്ചകളിലേക്കിറങ്ങുക എന്ന ഞങ്ങളുടെ പദ്ധതി പക്ഷെ വൈകിപ്പിച്ചത് റെന്റ് എ കാർ അന്വേഷണങ്ങളാണ്. സത്യത്തിൽ തലേന്ന് വളരെക്കുറച്ചേ ഉറങ്ങാനായുള്ളൂ. രാത്രി ഏറെ വൈകിയാണ് മുറിയിലെത്തി ഉറങ്ങാൻ കിടന്നത്. രാവിലെ 5 മണിയായതോടെ തന്നെ വലിയ ചില്ലുജാലകങ്ങളിലൂടെ കടന്നു വന്ന തെളിഞ്ഞ സൂര്യപ്രകാശം മുറിയാകെ വ്യാപിച്ചു. ഉറങ്ങാൻ കിടക്കുമ്പോൾ ജനൽമറകളിട്ടിരുന്നില്ല,

ഹസ്സന്റെ നന്നായി പരിപാലിക്കപ്പെടുന്ന വലിയ കാറിന്റെ രണ്ടാം നിര സീറ്റിൽ വഴിയോരക്കാഴ്ച്ചകൾ കണ്ടിരിക്കേ എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി. ഇബ്രു ഹസ്സനൊപ്പം മുൻസീറ്റിലിരുന്ന് ഗോപ്രോയിലും ക്യാമറിയിലും മാറിമാറി ചിത്രങ്ങളും വീഡിയോകളും എടുക്കുകയാണ്. വഴിയരികിലെ ഒരു മാർക്കറ്റിൽ ഹസ്സൻ വണ്ടി നിറുത്തി. വിനോദസഞ്ചാരികളെയും വഴിയാത്രക്കാരെയും ലക്ഷ്യമിട്ട് കച്ചവടം ചെയ്യുന്ന കുറച്ച് തെരുവുകച്ചവടക്കാരാണ്. വഴിയരികിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക കൂടാരങ്ങളിലാണ് കച്ചവടം. ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങൾ, കരകൗശലവസ്തുക്കൾ, ശീതളപാനിയങ്ങൾ, പ്രദേശികമായ പലഹാരങ്ങൾ, അങ്ങിനെ. മലകയറി വളഞ്ഞു പുളഞ്ഞു പോകുന്ന വഴി ചിലയിടത്ത് വനപ്രകൃതിയാണെങ്കിൽ മറ്റു ചിലയിടത്തെത്തുമ്പോൾ മംഗോളിയയെ ഓർമ്മിപ്പിക്കുന്ന പുൽപ്പരപ്പുകളാണ്. അതിനിടയിൽ നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളുമൊക്കെയുണ്ട്. വയലുകളിൽ പണികൾ നടക്കുന്നുണ്ട് പുൽ പരപ്പുകളിൽ വലിയ ആട്ടിൻപറ്റങ്ങൾ മേയുന്നു.

താഷ്‌കെന്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഉഗം- ചത്കൽ ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ ചിംഗൻ മലനിരകൾ. പച്ച പുല്ല്, പച്ച താഴ് വര എന്നൊക്കെയാണ് ചിംഗൻ എന്ന വാക്കിന്റെ അർത്ഥം. 3,309 മീറ്റർ ഉയരമുള്ള ഗ്രേറ്റർ ചിംഗൻ ആണ് ഈ മലനിരകളിലെ ഏറ്റവും വലിയ കൊടുമുടി. ഉസ്‌ബെക്ക് സ്വിറ്റ്‌സർലൻഡായാണ് ചിംഗൻ അറിയപ്പെടുന്നത്. ഇവിടത്തെ ശുദ്ധവായുവിൽ പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും ഗുണങ്ങളടങ്ങിയിട്ടുണ്ടെന്നും അതൊടൊപ്പം ലഭ്യമാകുന്ന തെളിഞ്ഞ സൂര്യപ്രകാശവും കൂടിയാകുമ്പോൾ ഈ പ്രദേശത്തെ താമസം രോഗശമനത്തിന് ഏറെ സഹായകരമാണ് എന്നൊരു വിശ്വാസമുണ്ട്. ചൈനയിലും പാക്കിസ്ഥാനിലും ഇന്ത്യയിലും മദ്ധ്യേഷ്യയിലുമൊക്കെയായി വ്യാപിച്ചുകിടക്കുന്ന ടിയാൻഷാൻ പർവ്വതനിരകളുടെ ഭാഗമായ ചത്കാൽ നിരകളിൽ പെട്ടതാണ് ചിംഗൻ മലകൾ. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റഷ്യൻ ഡോക്ടർമാർ ഒരു ആതുരാലയം സ്ഥാപിക്കുന്നതോടെയാണ് ഇവിടം അറിയപ്പെട്ടുതുടങ്ങുന്നത്. പിന്നീട് തുർക്കിസ്ഥാൻ ഗവർണർ ജനറലിന്റെ വേനൽക്കാല വസതി സ്ഥാപിക്കപ്പെട്ടതോടെ ചിംഗൻ പ്രസിദ്ധമായി. ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒട്ടേറെ റിസോട്ടുകളും സാനിറ്റോറിയങ്ങളും ഇവിടെയുണ്ട്.

ശീതകാലത്താണ് ചിംഗൻ മലനിരകൾ സജീവമാകുക. സ്‌കീയിംഗ്, ഐസ് സ്‌കേറ്റിംഗ്, സ്ലെഡ്ഡിംഗ് സ്‌നോബോർഡിംഗ് തുടങ്ങി നിരവധി ശൈത്യകാല വിനോദങ്ങൾക്ക് പേരുകേട്ടതാണ് ഈ മലനിരകൾ. റോക്ക് ക്ലൈംബിംഗ്, ഹൈക്കിംഗ്, മൗന്റ്റിനിറിങ് തുടങ്ങിയവക്കായി 3309 മീറ്റർ ഉയരമുള്ള ഈ മലനിരകളിലെത്തുന്ന സാഹസിക പ്രിയരായ യാത്രികരും ധാരാളമുണ്ട്. അവിഭക്ത സോവിയറ്റ് കാലഘട്ടത്തിൽ യു.എസ്.എസ്.ആർ പർവ്വതാരോഹകർ തുടക്കത്തിൽ പരിശീലനത്തിനായി തിരഞ്ഞെടുത്തിരുന്നത് ഈ ശൈലമായിരുന്നത്രെ. ലളിതവും അതീവദുർഘടവുമായ നിരവധി വഴികൾ ഇതിന്റെ അഗ്രഭാഗത്തേക്കുണ്ട്. തുടക്കക്കാർക്കും പരിചയസമ്പന്നർക്കുമൊക്കെ അവരുടെ കഴിവിനും പരിചയത്തിനും അനുയോജ്യമായ വഴികൾ തിരഞ്ഞെടുക്കാം.

കരകൗശലകച്ചവടക്കാരും കുതിരക്കാരും ക്വാഡ് ബൈക്കുകൾ വാടകക്ക് കൊടുക്കുന്നവരും ചെറിയ ഭോജനശാലകളും ആഹാരപദാർത്ഥങ്ങൾ നടന്നു വിൽക്കുന്നവരും ഫോട്ടോഗ്രാഫർമാരും ടൂറിസ്റ്റ് ഗൈഡുകളും ടാക്‌സി ഡ്രൈവർമാരും ഒക്കെ ചേർന്ന് ഏറെ ശബ്ദായമാനമാണ് താഴ് വര. അവരിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി ഞങ്ങൾ മുകളിലേക്ക് നടന്നു. കുറച്ച് ചെന്നതോടെ കേബിൾ കാർ സ്റ്റേഷനിലെത്തി. ടിക്കറ്റെടുക്കുന്നിടത്ത് നല്ല തിരക്കുണ്ട്.

ഉസ്‌ബെക്കിലെ ഏതോ ഗ്രാമപ്രദേശത്തു നിന്നു വന്ന വലിയൊരു സംഘം അവിടെ ടിക്കറ്റെടുക്കാനായി തിരക്കുകൂട്ടുന്നുണ്ട്. ഞങ്ങളെ കണ്ടതോടെ കൗതുകത്തോടെയും ഗ്രാമീണമായ നിഷ്‌കളങ്കതയോടെയും പ്രകടമായ സൗഹൃദഭാവത്തോടെയും അവർ ഞങ്ങളോടെന്തൊക്കയോ ചോദിച്ചു ഒടുവിൽ ഇന്ത്യ, ഹിന്ദുസ്ഥാനി എന്ന് ചോദിച്ച് തങ്ങളുടെ അനുമാനം ബലപ്പെടുത്തി. സ്വർണ്ണപല്ലുള്ള മധ്യവയസ്സ് പിന്നിട്ട ചില അമ്മമാർ ഞങ്ങളെക്കുറിച്ച് പരസ്പരമെന്തോ പറഞ്ഞുചിരിച്ചു. കേബിൾ കാറിന്റെ അവസ്ഥ ആശങ്കപ്പെടുത്തുന്നതായിരുന്നെങ്കിലും ചിംഗൻ മലകളിലെ കാഴ്ച്ചകളുടെയും അവിടെ നിന്നുള്ള ദൂരക്കാഴ്ച്ചകളുടെയും പ്രലോഭനങ്ങള മറികടക്കാൻ ഞങ്ങൾക്കായില്ല. ക്യുവിൽ വിശ്വസിക്കാത്ത ഉസ്‌ബെക്കുകാരുകളുടെ ഇടയിലൂടെ നുണ്ട് കടന്ന് ഞങ്ങളും ടിക്കറ്റ് കരസ്ഥമാക്കി.

മുകളിലേക്ക് ഉയരുന്നു നിൽക്കുന്ന ഗിരിശൃംഗത്തിന്റെ പശ്ചാത്തലത്തിൽ നിങ്ങൾക്കൊക്കൊരു തിമൂറായോ അല്ലെങ്കിൽ സാക്ഷാൽ ചെങ്കിസ്ഖാനായൊ തന്നെ സ്വയം സങ്കൽപ്പിക്കാം. തൽക്ഷണം ഫോട്ടോകളെടുത്ത് പ്രിന്റെടുത്ത് തരാനായി നിരവധി ഛായാഗ്രാഹകർ അവിടെയൊക്കെ കാത്തുകെട്ടി നിൽക്കുന്നുണ്ട്.

താഴെനിന്ന് കേബിൾ കാറിൽ മലയുടെ മധ്യഭാഗം വരെ കയറാം. ഒട്ടും സുരക്ഷിതമല്ല ചിംഗൻ മലനിരകളിലേക്കുള്ള കേബിൾ ചെയർ യാത്ര. കമ്പികളിൽ തൂങ്ങികിടക്കുന്ന പഴക്കം ചെന്ന ഇരട്ടകസേരകൾ. അതിൽ നമ്മളിരുന്ന് ഒരു കമ്പിക്കൊളുത്തിട്ട് ലോക്ക് ചെയ്യും. പിന്നെ എഴുനേൽക്കാനാകില്ല. ചിലയിടത്തെത്തുമ്പോൾ നമ്മളിരിക്കുന്ന ഈ മരകസേരകൾ കാറ്റിൽ ഇളകിയാടും മുകളിലെ റോപ്പിൽ നിന്ന് വിട്ട് മാറി താഴേക്ക് പതിക്കുമോ എന്ന് തോന്നിപ്പോകും ചില നേരത്തെ കുലുക്കം കാണുമ്പോൾ. എന്നാൽ യാതൊരു ഭയാശങ്കകളുമില്ലാതെയാണ് ഉസ്‌ബെക്ക് അമ്മൂമമാരും കുട്ടികളുമൊക്കെ ഇതിൽ കയറി മലമുകളിലെത്തുന്നത്. പെട്ടല്ലോ പ്രമോദേ എന്ന് ഇബ്രു പറഞ്ഞു. അക്ഷരാർത്ഥത്തിൽ തൂങ്ങിയാടുന്ന ആ മരകസേരകളിൽ പെട്ടുപോയിരിക്കുകയാരിരുന്നു ഞങ്ങൾ.

വർഷങ്ങൾക്കുമുൻപ് അർമേനിയയിൽ വെച്ച് ഇത്തരമൊരു സോവിയറ്റ് നിർമ്മിത കേബിൾ കാറിൽ ഞാനും മജീദ് പെരുമ്പിലാവും ഒരു മലമുകളിലേക്ക് കയറിയിട്ടുണ്ട്. അന്നത്തെ കേബിൾ കാറിന് പക്ഷെ ഇത്രമാത്രം കുലുക്കമുണ്ടായിരുന്നില്ല എന്നു മാത്രം. ഒരു സംഘം സ്ത്രീകൾ ഞങ്ങൾക്കരികിലേക്ക് വന്നു ഹിന്ദുസ്ഥാനി, ഇന്ത്യ എന്നു ചോദിച്ചുറപ്പുവരുത്തി പിന്നെ ഒരു സെൽഫിയെടുത്തോട്ടെയെന്ന് ചോദിച്ചു. അതുകണ്ട് സങ്കോചം മാറിയ പലരും സെൽഫിയെടുക്കാനായി ഞങ്ങൾക്കരികിലെത്തി. സൗഹൃദം പങ്കുവെച്ചു. ഷാറൂഖ് ഖാനെയും സൽമാൻഖാനെയും ഒക്കെപറ്റി എന്തൊക്കയോ പറഞ്ഞു. ഞങ്ങൾ താഴെ കേബിൾ ചെയറിൽ വരുമ്പോൾ കുറച്ചു ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അതിന്റെ പ്രിന്റുമായി ഒരാൾ ഞങ്ങൾക്കരികിലേക്കെത്തി. അങ്ങിനെ കേബിൾ ചെയർ യാത്ര നടത്തുന്ന ഓരോരുത്തരുടെയും ഫോട്ടോ അവരെടുക്കും അതിൽ ചിലർക്ക് മുകളിലും ആളുകളുണ്ട് അവർ മുകളിൽ സെറ്റ് ചെയ്ത കളർ പ്രിന്ററിൽ പ്രിന്റെടുത്ത് ഓരോ സഞ്ചാരിയേയും കണ്ടെത്തി വിൽപ്പനക്കെത്തും.

മുകളിലേക്ക് കയറുംതോറും ഏറെ ഹൃദ്യമാകും കാഴ്ച്ചകൾ. എതിരെ മലയിറങ്ങി വരുന്ന കേബിൽ ചെയറുകളിലിരിക്കുന്ന പലരും സൗഹൃദഭാവത്തിൽ കൈകൾ വീശുന്നുണ്ട്. കാറ്റിൽ ഒരു പെൺകുട്ടിയുടെ തലയിലെ തൊപ്പി പറന്നുപോയി. മഞ്ഞ നിറത്തിലുള്ള ആ വലിയ തൊപ്പി കറങ്ങി തിരിഞ്ഞ് താഴെയുള്ള കുറ്റികാട്ടിലൊരിടത്ത് പതിച്ചു. അങ്ങിനെ വീണുപോയ തൊപ്പികളും ഷാളുകളുമൊക്കെ കിടക്കുന്നുണ്ട്, ആ കേബിൾ കാർ ലൈനിനു താഴെ. മഞ്ഞുകാലത്ത് ഇവിടെയെല്ലാം തൂവെളള നിറത്തിൽ മഞ്ഞിൽ കുളിച്ചുകിടക്കും. കനത്ത ഉഷ്ണവസ്ത്രങ്ങൾ ധരിച്ചാകും അപ്പോൾ ഈ മലകയറ്റം. ശൈത്യകാല വിനോദങ്ങളിൽ ഏർപ്പെടുന്നവരുടെ തിരക്കാകും അപ്പോൾ താഴെ. ഈ പർവ്വത പ്രാന്തങ്ങളിൽ പലയിടത്തായി വിനോദസഞ്ചാരികൾക്കുള്ള വിശ്രമഗേഹങ്ങളുണ്ട്. താഷ്‌കെന്റിൽനിന്നും ചാർവാകിലേക്കുള്ള പാതയോരത്തും വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള അനവധി സുഖസ്ഥലികളിലേക്കുള്ള ദിശാഫലകങ്ങൾ കണ്ടിരുന്നു ഞങ്ങൾ.

സസ്യനിബിഡമായ വനസ്ഥലികളും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും വളഞ്ഞു പുളഞ്ഞുപോകുന്ന മലമ്പാതകളും ജലാശയങ്ങളും കാണാം ഈ മലമുകളിൽ നിന്ന് നോക്കുമ്പോൾ. ഒരു അരികിലായി ഒരു പടക്കുതിര പ്രതിമ അതിന്റെ യഥാതഥമായ അളവുകളോടെ ഒരുക്കി നിറുത്തിയിട്ടുണ്ട് പടച്ചട്ടയും കിരീടവും ധരിച്ച് ആയുധധാരിയായി നിങ്ങൾക്ക് ആ കുതിരപ്പുറത്തിരുന്ന് ചിത്രങ്ങളെടുക്കാം. ഇനിയും മുകളിലേക്ക് ഉയരുന്നു നിൽക്കുന്ന ഗിരിശൃംഗത്തിന്റെ പശ്ചാത്തലത്തിൽ നിങ്ങൾക്കൊക്കൊരു തിമൂറായോ അല്ലെങ്കിൽ സാക്ഷാൽ ചെങ്കിസ്ഖാനായൊ തന്നെ സ്വയം സങ്കൽപ്പിക്കാം. തൽക്ഷണം ഫോട്ടോകളെടുത്ത് പ്രിന്റെടുത്ത് തരാനായി നിരവധി ഛായാഗ്രാഹകർ അവിടെയൊക്കെ കാത്തുകെട്ടി നിൽക്കുന്നുണ്ട്. കേബിൾ കാറിൽ മുകളിൽ വന്നിറങ്ങിയാൽ പിന്നെ മടക്കയാത്ര നിങ്ങളുടെ സൗകര്യം പോലെ മതി. ഇനിയുമിനിയും മുകളിലേക്ക് പടർന്നു കിടക്കുന്ന മലയുടെ മലയുടെ മുകൾഭാഗം ഞങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. മുകളിലേക്ക് കുറച്ച് ദൂരം നടന്നുകയറാൻ തന്നെ തീരുമാനിച്ചു ഞങ്ങൾ എന്നാൽ ഏറെ കഴിയും മുൻപ് കൊട്ടിയടച്ച വഴിയും മുകളിലേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ടുള്ള ബോർഡും ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു.

അൽപനേരം കൂടി മുകളിൽ ചെലവഴിച്ചശേഷം ഞങ്ങൾ താഴേക്കിറങ്ങി. മുകളിലേക്കുള്ള യാത്രയിൽ നമുക്കഭിമുഖമായി മലയായിരുന്നെങ്കിൽ തിരിച്ചിറങ്ങുമ്പോൾ അതി വിശാലമായൊരു താഴ് വാരമാണ് നമുക്ക് മുന്നിൽ കാണാനാകുക. അതിമനോഹരമാണ് തെളിഞ്ഞ വെയിലിൽ കാണാനാകുന്ന ആ വലിയൊരു ഭൂഭാഗത്തിന്റെ ആകാശക്കാഴ്ച. താഴെയെത്തിയ ഞങ്ങൾ ആ മലയുടെ മറ്റൊരു ഭാഗത്തേക്ക് അൽപ്പദൂരം നടന്നുകയറി. അവിടെയുള്ള ഒരൊറ്റ മരത്തണലിലെ പുൽപരപ്പിൽ ഞാൻ അൽപ്പനേരം കിടന്നു. ഇബ്രാഹിം തന്റെ ക്യമാറയുമായി ചിത്ര വേട്ടയിലാണ്. വിട്ടുപോകാൻ തോന്നുന്നില്ല ആ മലഞ്ചെരുവിൽ നിന്ന്. പക്ഷെ ഇനി വൈകാതെ മടങ്ങിയേ തീരൂ. താഴെയെത്തി ഹസ്സനെ കണ്ടുപിടിക്കണം. ചാർവാക് തടാകവും വഴിയിലെ ചെറിയൊരു ജലപാതവും കണ്ട് താഷ്‌കെന്റിലെത്തണം പിന്നെ ചരിത്രമുറങ്ങുന്ന ആ മഹാനഗരത്തിന്റെ കാഴ്ച്ചകളിലേക്കിറങ്ങണം. ഞങ്ങൾ മലയിറങ്ങിത്തുടങ്ങി.

(തുടരും)

Comments