അതിർത്തിയിൽ രാജ്യമന്വേഷിച്ചോടിയ മലയാളി

ചൈനയുടെയും ഹോങ്കോങ്ങിൻറെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറിൽ യാത്രരേഖകളില്ലാത്തതിന്റെ പേരിൽ പെട്ട് പോയതിനെ കുറിച്ച്. നോ മാൻ ലാന്റ് എന്നാൽ മനുഷ്യനില്ലാത്ത ഇടമെന്നല്ല മനുഷ്യത്വമില്ലാത്ത ഇടമെന്നാണ് അർഥം. ലോകസഞ്ചാരി സജി മാർക്കോസിന്റെ സഞ്ചാര അനുഭവം.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ലാന്റ് ബോർഡർ ചൈനയുടേയും ഹോങ്കോങ്ങിന്റെയും ഇടയിലുള്ള ലാൻഡ് ബോർഡറാണ്. തൊട്ടടുത്ത് വരുന്നത് മെക്‌സിക്കോയും യു.എസും തമ്മിലുള്ളതാണ്. രണ്ട് റെയിൽവേ സ്‌റ്റേഷനുകളാണ് ഹോങ്കോങ് ചൈന ബോർഡറിന്റെ അപ്പുറത്തും ഇപ്പുറത്തും ഉള്ളത്. ലോഹുവെന്നും ഹോങ്കോങ്ങിന്റെ സൈഡിൽ ലോവുവെന്നും പറയുന്ന രണ്ട് റെയിൽവേ സ്റ്റേഷൻ. ഈ രണ്ട് റെയിൽവേ സ്റ്റേഷന്റെയും നടുക്ക് ഒരു കോറിഡോറാണ്. കവേർഡായ ഈ കോറിഡോറിന്റെ ഒരറ്റത്ത് ഒരു രാജ്യവും മറ്റേ അറ്റത്ത് മറ്റൊരു രാജ്യവും.

ഞാൻ ഹോങ്കോങ്ങിൽ ആദ്യം സന്ദർശിക്കുന്ന സമയത്ത് ചൈനയിൽ പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിസ എടുത്തിട്ടില്ല. ഇന്ത്യക്കാർക്ക് നേരത്തെ വിസ എടുത്തിട്ട് വേണം ചൈനയിൽ പോകാൻ. ഓൺ എറൈവൽ വിസ കിട്ടുന്ന സംവിധാനം ഇപ്പോഴുമില്ല. ഹോങ്കോങ്ങിൽ ഓൺ എറൈവൽ വിസ കിട്ടി. അവിടെ രണ്ടുദിവസം താമസിച്ചു. അവിടെയുള്ള സ്വദേശികളുമായി സംസാരിച്ചപ്പോഴാണ് അവര് പറഞ്ഞത്, ഇവിടെ നിന്ന് ലാന്റ് ബോർഡർ വഴി ചൈനയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് വിസയുടെ ആവശ്യമില്ലയെന്ന്. വന്നസ്ഥിതിയ്ക്ക് ചൈനയിലും കൂടി പോകാമെന്ന് കരുതി ഞങ്ങൾ ലോഹു റെയിൽവേ സ്‌റ്റേഷനിൽ ചെന്നു. അവിടുന്ന് ഞങ്ങൾ എക്‌സിറ്റ് വിസ അടിച്ചു. പിന്നെ ഞങ്ങൾ ചൈനയിലേക്ക് നടന്നു. ഏതാണ്ട് ഒന്നര കിലോമീറ്റർ വരുന്ന ഒരു കോറിഡോറാണത്.

ചൈനയിൽ നിന്ന് ജോലി ചെയ്യാൻ ഹോങ്കോങ്ങിലേക്ക് വരുന്നവർ, തിരിച്ച് ചൈനയിലേക്ക് പോകുന്നവർ അങ്ങനെ ആ കോറിഡോറിൽ വലിയ തിരക്കാണ്. ഒരു മനുഷ്യനും തമ്മിൽ തമ്മിൽ നോക്കുന്നില്ല. വളരെ വേഗതയിൽ എല്ലാവരും നടന്നുപോകുന്നു. ഞങ്ങളും ആ ഒഴുക്കിൽ അങ്ങേയറ്റത്ത് ചൈന ബോർഡറിൽ എത്തി. ഞങ്ങളുടെ പാസ്‌പോർട്ട് കൊടുത്തു. നിരനിരയായി എമിഗ്രേഷൻ ഓഫീസർമാർ ഇരിക്കുകയാണ്. ചൈനയെ സംബന്ധിച്ച് ഒരുകാര്യം വളരെ രസകരമായി തോന്നിയത്, അവിടെയുള്ള സർക്കാർ ജോലിക്കാരിൽ പകുതിയിൽ അധികവും സ്ത്രീകളാണ് എന്നുള്ളതാണ്. നമ്മുടെ എമിഗ്രേഷൻ ഓഫീസിൽ വന്നാൽ, അവിടെ ഇരിക്കുന്നവരിൽ സ്ത്രീകൾ ഉണ്ടാവാറില്ല.

ഞങ്ങൾ അവരുടെ അടുത്ത് പാസ്‌പോർട്ട് കൊടുത്തു. ഇവരാരും തന്നെ ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. കൈകൊണ്ട് ആംഗ്യം കാണിച്ച്, മാറി നിൽക്കാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞ് അവർ അകത്തേക്ക് പോയി, അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സ്ത്രീയുമായി വന്നു. അവർ പറഞ്ഞു, ചൈനയിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസവേണം. അതുകൊണ്ട് തിരിച്ചുപോകണമെന്ന്. മറ്റു പോംവഴികളൊന്നുമില്ല, ഞങ്ങൾ ഒന്നര കിലോമീറ്റർ നടന്നു. ഹോങ്കോങ്ങിലെത്തി, പാസ്‌പോർട്ട് കൊടുത്തു. അവര് നോക്കിയപ്പോൾ, ഹോങ്കോങ്ങിൽ നിന്നാണ് എക്‌സിറ്റ് വിസ അടിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്ത് എൻട്രി വിസ അടിച്ചിട്ടുമില്ല. അപ്പോൾ അവർ പറഞ്ഞു, നിങ്ങൾക്ക് ഹോങ്കോങ്ങിൽ നിന്നും പുറത്തേക്കിറങ്ങിയിട്ട് തിരിച്ച് ഹോങ്കോങ്ങിലേക്ക് കയറാൻ പറ്റില്ല. നിങ്ങൾ എവിടെയെങ്കിലും എൻട്രി ചെയ്യണം. നിങ്ങൾ ഒരു എന്റർ വിസ അടിച്ചിട്ടു തിരിച്ചുവരൂവെന്ന് പറഞ്ഞു.

ഞങ്ങൾ വീണ്ടും ചൈന ബോർഡറിൽ ചെന്നു. ഒന്നര കിലോമീറ്റർ നടന്ന് അവിടെ ചെന്ന് പാസ്‌പോർട്ട് കൊടുത്തപ്പോൾ അവർ പറഞ്ഞു, നിങ്ങൾക്ക് ഇവിടെ അകത്തു കയറണമെങ്കിൽ വിസവേണം. എൻട്രി വിസ സ്റ്റാമ്പടിച്ച് കിട്ടിയാലേ നിങ്ങൾക്ക് എക്‌സിറ്റ് തരാൻ പറ്റുകയുള്ളൂ. ചൈനയിൽ പ്രവേശിക്കാതെ ചൈനയിൽ നിന്ന് പുറത്തിറങ്ങിയെന്നു പറഞ്ഞ് എക്‌സിറ്റ് തരാൻ പറ്റില്ലല്ലോ. അതോടെ ഞങ്ങൾ തിരിച്ച് ഹോങ്കോങ് ബോർഡറിലേക്ക് വന്ന് എമിഗ്രേഷൻ ഓഫീസറോട് പറഞ്ഞു, ചൈനയിൽ പ്രവേശിക്കാതെ ചൈനയിൽ നിന്ന് എക്‌സിറ്റ് കിട്ടില്ല, അതുകൊണ്ട് നിങ്ങൾ സഹായിക്കണമെന്ന് . അപ്പോൾ എമിഗ്രേഷൻ ഓഫീസർ പറഞ്ഞു, അത് ഞങ്ങളുടെ പ്രശ്‌നമല്ല. നിങ്ങൾ ഏതെങ്കിലുമൊരു രാജ്യത്ത് പ്രവേശിക്കാതെ തിരിച്ച് ഹോങ്കോങ്ങിലേക്ക് എൻട്രി വിസ തരാൻ പറ്റില്ല.

വീണ്ടും ഞങ്ങൾ നടന്നും ഓടിയും ഒന്നരകിലോമീറ്റർ താണ്ടി ചൈന ബോർഡറിലേക്ക് പോയി. അവരോട് കാര്യം പറഞ്ഞു, അവര് ഞങ്ങളെ മാറ്റിനിർത്തി. ചൈനയിലേക്ക് വിസ നിങ്ങൾക്ക് കിട്ടില്ല, എൻട്രിയില്ലാതെ എക്‌സിറ്റ് തരാൻ പറ്റില്ലയെന്ന് പറഞ്ഞു.

നോമാൻ ലാന്റ് എന്നു പറഞ്ഞാൽ മനുഷ്യനില്ലാത്ത സ്ഥലം എന്നല്ല, മനുഷ്യത്വമില്ലാത്ത സ്ഥലമെന്നാണ് അതിന്റെ അർത്ഥമെന്ന് വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

മൂന്നുനാലു പ്രാവശ്യം അങ്ങോട്ട് ഇങ്ങോട്ടും നടന്നപ്പോഴേക്കും ഞങ്ങൾക്കൊരു കാര്യം മനസിലായി. ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന സ്ഥലമാണ് നോമാൻ ലാന്റ്. നോമാൻ ലാന്റ് എന്നു പറഞ്ഞാൽ മനുഷ്യനില്ലാത്ത സ്ഥലം എന്നല്ല, മനുഷ്യത്വമില്ലാത്ത സ്ഥലമെന്നാണ് അതിന്റെ അർത്ഥമെന്ന് വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അവിടെ ആരെയെങ്കിലുമൊന്ന് ഫോൺ വിളിക്കണമെന്ന് വിചാരിച്ചാൽ മൊബൈലിന് നെറ്റുവർക്ക് കവറേജ് ഇല്ല. കാരണം ഇതൊരു രാജ്യത്തിലും ഉൾപ്പെടുന്ന സ്ഥലമല്ലാത്തതുകൊണ്ട് ഒരു മൊബൈൽ ഓപ്പറേറ്റർമാരും അവിടെ വർക്കു ചെയ്യുന്നില്ല. എന്തെങ്കിലും കഴിക്കാമെന്നു വിചാരിച്ചാൽ അവിടെ റസ്റ്റോറന്റുമില്ല. പണമെടുക്കണമെന്ന് വിചാരിച്ചാൽ എ.ടി.എം മെഷീനുമില്ല. അതേസമയം ആയിരക്കണക്കിന് മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

വൈകുന്നേരമായപ്പോഴേക്കും ഒരുകാര്യം മനസിലായി, നമ്മുടെ പ്രശ്‌നം കേൾക്കാൻ ആർക്കും താൽപര്യമില്ല, നമുക്ക് ആരോടും സംസാരിക്കാനാവില്ല, നമ്മുടെ പ്രശ്‌നം പരിഹരിക്കാൻ ഔദ്യോഗികമായ ഒരു സംവിധാനവുമില്ല. ഇത് എത്രകാലം ഇങ്ങനെ നിൽക്കുമെന്ന് അറിയില്ല.

ആ സമയത്താണ്, മഹ്‌റാൻ കരീമിയെന്ന ഇറാൻ കാരന്റെ കാര്യം ഞാനവിടെ നിന്നും ഓർക്കുന്നത്. മഹറാൻ കരീമിയെ ആ പേരുവെച്ച് അറിയില്ലെങ്കിലും, സ്പിൽബർഗിന്റെ "ദ ടെർമിനൽ' എന്ന സിനിമ കണ്ടവർക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഓർമ്മവരും. ആ സിനിമ അൽപം ഭാവുകത്വത്തോടെ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണെങ്കിലും അതിന് ആധാരമായ കഥാപാത്രം മഹ്‌റാൻ കരീമിയാണ്.

മഹ്‌റാൻ കരീമി ജനിച്ചത് ഇറാനിലാണ്. ഇറാനിൽ ഭരണകൂടത്തിനെതിരെ സംസാരിച്ചതിന് അദ്ദേഹത്തെ ഇറാൻ ഭരണകൂടം പുറത്താക്കി. വീട്ടിൽ നിന്നും പുറത്താക്കി. അദ്ദേഹത്തിന് ബെൽജിയം അഭയാർത്ഥിയായി പാസ്‌പോർട്ട് കൊടുക്കാമെന്നു പറഞ്ഞു. പാസ്‌പോർട്ട് കൊടുക്കുകയും ചെയ്തു. ബെൽജിയത്തിലേക്ക് പോകുന്നതിനു മുമ്പ് അദ്ദേഹത്തിന് യു.കെയൊന്ന് സന്ദർശിച്ചിട്ട് പോകണം. ബെൽജിയത്തിന്റെ പാസ്‌പോർട്ടും കയ്യിലുണ്ടല്ലോ. പാരീസിൽ നിന്നും എമിഗ്രേഷൻ കഴിഞ്ഞ് യു.കെയിലേക്ക് പോകുന്നതിനിടയിൽ അദ്ദേഹത്തിന്റെ പാസ്‌പോർട്ടും ബാഗും നഷ്ടപ്പെട്ടുപോയി. അദ്ദേഹം ഇതറിയുന്നില്ല. യു.കെയിൽ അദ്ദേഹം ചെന്നിറങ്ങിക്കഴിഞ്ഞപ്പോൾ പാസ്‌പോർട്ട് ഇല്ലാത്തതുകൊണ്ട് യു.കെ എൻട്രി കൊടുത്തില്ല. അതേ എയർപോർട്ടിൽ നിന്നും മറ്റൊരു ഫ്‌ളൈറ്റിൽ കയറ്റി പാരീസിലോട്ട് വിട്ടു. പാരീസിലേക്ക് വന്നപ്പോൾ അവിടുത്തെ എമിഗ്രേഷനിൽ നിന്നും ഇദ്ദേഹത്തെ പുറത്തിറക്കിയില്ല. കാരണം ഇദ്ദേഹത്തിന്റെ പക്കൽ പാസ്‌പോർട്ടില്ല. അപ്പോൾ അദ്ദേഹം ബെൽജിയം കോൺസുലേറ്റുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ കയ്യിൽ അഭയാർത്ഥിയായി ചെല്ലാനുള്ള രേഖകളും ചില പേപ്പറുകളുമുണ്ടായിരുന്നു. അതുകൊടുത്തപ്പോൾ അവർ പറഞ്ഞു, നിങ്ങൾക്ക് പാസ്‌പോർട്ട് കിട്ടണമെങ്കിൽ നിങ്ങൾ നേരിട്ട് കോൺസുലേറ്റിൽ വരണമെന്ന്. കോൺസുലേറ്റ് എയർപോർട്ടിന് പുറത്താണ്. പുറത്തിറങ്ങണമെങ്കിൽ പാസ്‌പോർട്ട് വേണം. അദ്ദേഹം ഒരു പാസ്‌പോർട്ടിനുവേണ്ടി ഒന്നും രണ്ടും വർഷമല്ല, പതിനാറ് വർഷം ഈ എയർപോർട്ടിൽ താമസിച്ചു. യാത്രകാർക്കുവേണ്ടിയുള്ള വിമാനത്തിന്റെ ഓരോ അറിയിപ്പുകളും കേട്ടുകൊണ്ട് അദ്ദേഹം പാരീസ് എയർപോർട്ടിൽ കഴിഞ്ഞു. ആ സമയത്ത് പാരീസിൽ അദ്ദേഹത്തിന്റെ കേസ് നടക്കുന്നുണ്ട്. ആ വലിയ തടിച്ച നിയമപുസ്തകങ്ങൾക്കു പിന്നിലിരിക്കുന്ന ന്യായാധിപന്മാർക്ക് സത്യമറിയാം. അദ്ദേഹത്തിന് പൗരത്വമുണ്ടെന്നും മറ്റൊരു രാജ്യം പൗരത്വം കൊടുത്തുവെന്നും ആ എയർപോർട്ടിന് പുറത്തിറങ്ങി കോൺസുലേറ്റ് വരെ പോയാൽ അദ്ദേഹത്തിന് പാസ്‌പോർട്ട് കിട്ടുമെന്നും ന്യായാധിപന്മാർക്ക് അറിയാമെങ്കിലും നീതി അതിന് അനുവദിക്കുന്നില്ലായിരുന്നു.

ഒരു ട്രോളിയും ചെറിയൊരു കസേരയ്ക്കുമിടയിൽ, യാത്രക്കാർ സൗജന്യമായി കൊടുക്കുന്ന ഭക്ഷണവും കഴിച്ച് അദ്ദേഹം പതിനാറ് കൊല്ലം എയർപോർട്ടിൽ താമസിച്ചു.

പുറത്തിറങ്ങാൻ കഴിയാതെ പതിനാറ് വർഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് മാനസിക രോഗമായി. ആ സമയത്താണ് സ്പിൽബർഗ് ഈ കഥ കേൾക്കുന്നത്. ഒരു ട്രോളിയും ചെറിയൊരു കസേരയ്ക്കുമിടയിൽ, യാത്രക്കാർ സൗജന്യമായി കൊടുക്കുന്ന ഭക്ഷണവും കഴിച്ച് അദ്ദേഹം പതിനാറ് കൊല്ലം എയർപോർട്ടിൽ താമസിച്ചു. സ്പിൽബർഗ് ഈ കഥയെ ആധാരമാക്കി സിനിമയെടുത്തു. സാമ്പത്തികമായി വളരെ വിജയമുള്ള സിനിമയായിരുന്നു. അതിന്റെ ഒരു നിശ്ചിത ശതമാനം സ്പിൽബർഗ് മെഹ്‌റാൻ കരീബിയ്ക്കു കൊടുത്തു. പക്ഷേ ഈ പണം കിട്ടിയിട്ട് ഇദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. ഈ പണം ചിലവഴിക്കാനും ഒരു നിർവാഹകവുമില്ല. ഇദ്ദേഹത്തിന്റെ ജീവിതം പഴയപടി തന്നെ തുടർന്നു. ഇദ്ദേഹത്തിന് കോടതി പിന്നീട് പുറത്തുകടക്കാനുള്ള അനുമതി മാത്രം കൊടുത്തു. അദ്ദേഹം ഇപ്പോൾ പാരീസിലെ ഒരു മാനസിക രോഗ ആശുപത്രിയിൽ കഴിയുകയാണ്.

മനുഷ്യനുണ്ടാക്കിയ അതിരുകൾക്കുള്ളിൽ മനുഷ്യർ പെട്ടുപോകുന്നു. നമ്മളുണ്ടാക്കിയ നിയമങ്ങൾക്കുള്ളിൽ നമ്മൾ തന്നെ പെട്ടുപോകുന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് കരീബി. ഞാനും ഇതേ അവസ്ഥയിലായിരുന്നു അന്ന്. രണ്ടു രാജ്യത്തും ഉള്ളവരിൽ വളരെ പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനമുള്ള എമിഗ്രേഷൻ ഓഫീസർമാർ. ഒരു ഇരുമ്പിന്റെ കോറിഡോർ. അതിനപ്പുറത്ത് രണ്ട് റെയിൽവേ സ്റ്റേഷൻ. അത് രണ്ട് രാജ്യങ്ങളുടേത്. അതിന്റെ നടുക്ക് പെട്ടുപോകുന്ന മനുഷ്യർ. അവിടെ ധാരാളം മനുഷ്യരുണ്ട്. ഏകാന്തതയെന്നു പറയുന്നത് മനുഷ്യരില്ലാത്ത ഇടമെന്ന തരത്തിലല്ല. നൂറു കണക്കിന് മനുഷ്യരുടെ ഇടയിൽ നിൽക്കുമ്പോഴും തനിച്ചായിപ്പോകുകയാണ്. രാജ്യങ്ങളുടെ ഇടയിൽ വീണുപോകുന്ന മനുഷ്യരുടെ കഥയാണ്.

വൈകുന്നേരമായപ്പോഴേക്കും ശരിക്കും പറഞ്ഞാൽ കരയുകയെന്നതല്ലാതെ ഒരു വഴിയുമില്ലാത്ത അവസ്ഥയിലായി. ചൈന ബോർഡറിൽ വീണ്ടും ചെന്നു. അപ്പോഴേക്കും ഭാഷയുടെ കാര്യത്തിൽ ഞങ്ങളെ സഹായിച്ച ആ സ്ത്രീയുടെ ഡ്യൂട്ടി തീരാറായിരുന്നു. ആ സമയത്ത് ബാഗുമായി നിൽക്കുന്ന ഞങ്ങളെ കണ്ടപ്പോൾ അവർക്കെന്തോ ഒരു മനസലിവു തോന്നിയിട്ട് അവർ
വിളിച്ച് ഓഫീസിൽ കൊണ്ടുപോയിട്ട് പറഞ്ഞു, ഞങ്ങൾ ഒരു പേപ്പറിൽ നിങ്ങൾക്ക് സൈൻ ചെയ്തു തന്നുവിടാം. മുപ്പത് മിനിറ്റു സമയമേ ഈ പേപ്പറിനു വാലിഡിറ്റിയുള്ളൂ. ഈ പേപ്പറുമായി നിങ്ങൾ ഹോങ്കോങ്ങിൽ ചെന്നാൽ ഒരുപക്ഷേ അവർ നിങ്ങൾക്ക് എൻട്രി തന്നേക്കാം.

ഈ രേഖകളെല്ലാം, ഭൂമിക്ക് മേൽ മനുഷ്യൻ വരച്ച രേഖകളെല്ലാം മാറ്റിവരക്കപ്പെടും. ഈ അതിർത്തികളെല്ലാം പുനർനിർണയിക്കപ്പെടും. ഇന്നു പറയുന്ന ദേശങ്ങളും രാജ്യങ്ങളുമെല്ലാം ഇല്ലാതായി തീരുന്ന ഒരു കാലം വരും.

അവർ അവരുടെ ലെറ്റർപാഡിൽ ചൈനീസ് ഭാഷയിൽ എന്തൊക്കെയോ എഴുതി. സ്റ്റാമ്പ് ചെയ്ത് പേപ്പർ ഞങ്ങളുടെ കയ്യിൽ തന്നു. ബാഗും വലിച്ചുകൊണ്ട് ഓടിയതാണോ നടന്നതാണോയെന്നറിയില്ല, ഒന്നര കിലോമീറ്റർ നിമിഷങ്ങൾകൊണ്ട് ഞങ്ങൾ താണ്ടി. കാരണം അരമണിക്കൂറേ ഈ പേപ്പറിനു വാലിഡിറ്റിയുള്ളൂ. ഇവർ പോയിക്കഴിഞ്ഞാൽ രാവിലെ മുതൽ ഞങ്ങൾ അനുഭവിച്ച പ്രയാസം ഇനി വരുന്നവർ അറിയണമെന്നില്ല. ഞങ്ങൾ ഹോങ്കോങ് ബോർഡറിൽ എത്തിക്കഴിഞ്ഞപ്പോൾ ഇവർ ഈ പേപ്പർ സ്വീകരിച്ചു. ഞങ്ങൾക്ക് വീണ്ടും അകത്തു പ്രവേശിക്കാനുള്ള എൻട്രി വിസ തന്നു. ഞങ്ങൾ ഹോങ്കോങ്ങിൽ പ്രവേശിച്ചു.

രാജ്യങ്ങളെ സംബന്ധിച്ച് ഇന്നു നിലനിൽക്കുന്ന അതിർത്തികൾ അഞ്ഞൂറ് കൊല്ലം മുമ്പുള്ളതല്ല. ഇന്നുള്ള രാജ്യങ്ങൾ അഞ്ഞൂറ് കൊല്ലം കഴിഞ്ഞ് ഈ ഭൂമിയിൽ കാണുകയുമില്ല. നമ്മൾ പൗരത്വത്തെ സംബന്ധിച്ചും ദേശീയതയെ സംബന്ധിച്ചും വളരെ വികാരം കൊള്ളുന്ന സമയത്ത്, ഇങ്ങനെയൊരു രാജ്യം കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ കാണുകയില്ല. നമ്മൾ കുറച്ചു പിന്നോട്ട് ചിന്തിച്ചാൽ, നാട്ടുരാജ്യങ്ങളായിരുന്ന സമയത്ത്, രണ്ട് നാട്ടുരാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ നടക്കുമ്പോൾ അന്ന് മരിച്ചുവീണവർ ഇന്ന് നാട്ടുരാജ്യങ്ങളില്ലാതായപ്പോൾ അവരുടെ ജീവിതം എന്തായിത്തീർന്നു! ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും രണ്ട് രാജ്യങ്ങളാണെന്ന് നമ്മൾ പറയുന്നു. ഈ രേഖകളെല്ലാം, ഭൂമിക്ക് മേൽ മനുഷ്യൻ വരച്ച രേഖകളെല്ലാം മാറ്റിവരക്കപ്പെടും. ഈ അതിർത്തികളെല്ലാം പുനർനിർണയിക്കപ്പെടും. ഇന്നു പറയുന്ന ദേശങ്ങളും രാജ്യങ്ങളുമെല്ലാം ഇല്ലാതായി തീരുന്ന ഒരു കാലം വരും. അപ്പോൾ ഈ ദേശങ്ങൾക്കിടയിൽപ്പെട്ടുപോകുന്ന മനുഷ്യരുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ.

Comments