ചൈന ആദ്യം വന്നു കാണേണ്ടത് കമ്യൂണിസ്റ്റ് അനുഭാവികളാകണമെന്ന് ഞാൻ കരുതുന്നു. ഒരു ആശയത്തിനുമേൽ ഇവർ ഇവിടെ തീർത്തിരിക്കുന്ന അതിഭീമമായ അടിസ്ഥാന സൗകര്യങ്ങളും ജനതയെ അനുദിനം സാംസ്‌കാരികമായി നവീകരിക്കുന്ന സാമൂഹ്യനിലയും എങ്ങനെയാണ് ഒരു കമ്യൂണിസ്റ്റ് രാജ്യം മുന്നോട്ടുകൊണ്ടു പോകുന്നത് എന്ന് കമ്യൂണിസ്റ്റുകാർ തന്നെ മനസിലാക്കേണ്ടതുണ്ട്.
ചൈനയുടെ വടക്കു പടിഞ്ഞാറാൻ പ്രവശ്യയായ നിങ്ഷിയയുടെ ക്യാപിറ്റലായ യിൻചുവാനിലാണ് ഞാൻ താമസിക്കുന്നത്. ഈയിടെ യിൻചുവാനിൽ നിന്ന് 2147 കിലോമീറ്റർ അകലെയുള്ള സൗത്ത് ചൈനയിലെ ഷെജിയാങ് പ്രവശ്യയിലെ യീവു ഫ്രീ ട്രേഡ് ഏരിയായിലേക്കുള്ള ട്രെയിൻ യാത്ര നൽകിയ അനുഭവങ്ങൾ അവിസ്മരണീയമായിരുന്നു.
ആരോ തമാശയായി പറഞ്ഞതുപോലെ, ചൈനക്കാർ എയർപോർട്ടിനെ റെയിൽവേ സ്റ്റേഷനായാണ് ഉപയോഗിക്കുന്നത് എന്നത് സത്യമാണെന്ന് തോന്നിപ്പോകും വിധമാണ് റെയിൽവേ സ്റ്റേഷന്റെ അവസ്ഥ. ചെക് ഇന്നും ക്ലിയറൻസും സെക്യൂരിറ്റി ചെക് അപ്പും കഴിഞ്ഞ് കയറിച്ചെല്ലുമ്പോൾ, ഓരോ ട്രെയിനും വേണ്ടിയുള്ള പ്രത്യേക വെയ്റ്റിങ് ലോഞ്ച്. മക്ഡോണൾഡ്സ്, കെ. എഫ്. സി അടക്കമുള്ള ഇന്റർനാഷണൽ ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകളും കാണാം. ലോഞ്ചിൽ കാത്തിരിക്കുന്നവർക്കു മുന്നിലെ വലിയ സ്‌ക്രീനിൽ ട്രെയിൻ സ്റ്റാറ്റസ് കൃത്യമായുണ്ട്- ട്രെയിൻ കൃത്യസമയത്ത് വരും.
പഴയ സോവിയറ്റ് കഥ പറയുന്ന ഏതോ സിനിമയിലേതുപോലെ, കടും പച്ച നിറത്തിൽ ഒരു ട്രെയിൻ വന്നു നിന്നു. പ്ലാറ്റ്ഫോമും ട്രെയിന്റെ തറയും തമ്മിൽ ഉയരവ്യത്യാസമില്ല, ട്രെയിൻ നിന്നാലുടൻ ഒരു ഇരുമ്പ് തകിട് പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിലേക്കിടും; അതുവഴി ആളുകൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്ക്, എളുപ്പം കയറാം. പെട്ടിയും വീൽചെയറുമൊക്കെ എളുപ്പം ഉള്ളിലേക്കും പുറത്തേക്കും നീക്കാം.
ഓരോ ബോഗിയുടെയും വാതിൽക്കൽ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടാവും. അധികാര ചിഹ്നങ്ങളുള്ള കറുത്ത പോലീസ് തൊപ്പിയും യൂണിഫോമും ഷെർലക്ക് ഹോംസിനെ അനുസ്മരിപ്പിക്കുന്ന നീളൻ ഗൗണും അണിഞ്ഞാണ് നിൽപ്പ്. ടിക്കറ്റും ഐ.ഡി കാർഡും പരിശോധിച്ച് അകത്തുകയറ്റുന്നത് അവരാണ്. പരിശോധന മാത്രമല്ല, യാത്രയിൽ അവരാണ് ഓരോ ബോഗിയിലെയും കാര്യം നോക്കുന്നത്. ബോഗിക്കകം അടിച്ചുവൃത്തിയാക്കുകയും തുടക്കുകയും ചെയ്യുന്നതുവരെ അവരുടെ പണിയാണ്.
സാദാ ട്രെയിനായതിനാൽ വലിയ പട്ടണങ്ങളിൽ പണിയെടുക്കുന്ന, ചൈനീസ് ന്യൂ ഇയർ ആഘോഷിക്കാൻ സ്വന്തം നാട്ടിലേക്ക് പോകുന്ന സാധാരണ മനുഷ്യരായിരുന്നു സഹയാത്രികർ. ഒരു ഫാക്ടറി തൊഴിലാളി, വീട്ടമ്മ, ടീച്ചർ, ഇലക്ട്രീഷ്യൻ തുടങ്ങിയവരാണ് എന്റെ ഒപ്പമിരിക്കുന്നവർ. തൊട്ടപ്പുറത്ത് നാലു പേരടങ്ങുന്ന ഒരു കുടുംബവും.
വിദേശികളെ അത്ര കണ്ടിട്ടില്ലാത്തവർ കൗതുകത്തോടെ നോക്കുന്നുണ്ട്. ചിലർ ഫോട്ടോ എടുക്കുന്നു, ചിലർ എന്തെക്കെയോ ചോദിക്കുന്നു. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ പലരും സൗഹാർദ്ദത്തോടെ ഇടപെടാൻ തുടങ്ങി. തൊട്ടപ്പുറത്തിരിക്കുന്ന ഫാമിലിയിലെ മുതിർന്ന സ്ത്രീ രണ്ട് പുഴുങ്ങിയ മുട്ട എനിക്കു നീട്ടി. വേണ്ടെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഒരെണ്ണം വാങ്ങി; എല്ലാവരും എന്നെത്തന്നെ നോക്കാൻ തുടങ്ങി. അവരിൽനിന്ന് മുട്ട വാങ്ങി കഴിച്ചതോടെ എല്ലാവരും കൂടുതൽ സൗഹൃദത്തോടെ പെരുമാറാൻ തുടങ്ങി.
ചൈനയിൽ തൊഴിലാളികൾ സമരം ചെയ്യുന്നുണ്ട്, സർക്കാർ അത് അംഗീകരിക്കുന്നുണ്ട്, സംവിധാനം മാറ്റുന്നുണ്ട്. ചൈന ലേബർ ബുള്ളറ്റിന്റെ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കഴിഞ്ഞവർഷം ആയിരക്കണക്കിന് തൊഴിലാളി സമരങ്ങൾ രാജ്യത്തെമ്പാടും നടന്നിട്ടുണ്ട്.
ആളുകൾ ഫ്രീയായി സംസാരിക്കാൻ തുടങ്ങിയതോടെ എനിക്കും കൗതുകമായി. തൊട്ടടുത്തിരുന്ന ഫാക്ടറി തൊഴിലാളിയാണ് ഏറ്റവുമധികം സംസാരിച്ചത്. ഭാഷ വലിയൊരു കീറാമുട്ടിയായെങ്കിലും ട്രാൻസ്‌ലേഷൻ ആപ്പ് പരമാവധി ഉപയോഗിച്ച് സംസാരിക്കാൻ സാധിച്ചു. 60 വയസ് തോന്നിക്കുന്ന അയാളുടെ കൈകൾ വല്ലാതെ പരുക്കനായിരുന്നു. അദ്ദേഹത്തിന് ഇന്ത്യൻ കറൻസിയും ചില്ലറ തുട്ടുകളും കാണണം. കയ്യിലുള്ളതെല്ലാം എടുത്തുകാണിച്ചു. കൈയിലെ നോട്ടുകൾ കാണാൻ ട്രെയിനിലെ മറ്റുള്ളവരും അടുത്തുകൂടി.
ചൈനയെപ്പറ്റിയും തൊഴിലാളി ജീവിതത്തെപ്പറ്റിയും സമരങ്ങളെപ്പറ്റിയുമൊക്കെ സംസാരിച്ചു. ‘സമരങ്ങളില്ലാത്ത ചൈന’ എന്ന സങ്കല്പിക ലോകമായിരുന്നു എന്റെ മനസ്സിൽ. എന്നാലത് ഈ മനുഷ്യർ തള്ളിക്കളഞ്ഞു. ഇവിടെ ആളുകൾ സമരം ചെയ്യുന്നുണ്ട്, സർക്കാർ അത് അംഗീകരിക്കുന്നുണ്ട്, സംവിധാനം മാറ്റുന്നുണ്ട്.
ചൈന ലേബർ ബുള്ളറ്റിന്റെ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കഴിഞ്ഞ വർഷം ആയിരക്കണക്കിന് തൊഴിലാളി സമരങ്ങൾ രാജ്യത്തെമ്പാടും നടന്നിട്ടുണ്ട്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടും, ശമ്പള കുടിശ്ശിക തീർക്കാനും മുതൽ മാനേജ്മെന്റ് നയങ്ങൾക്കെതിരെ വരെ സമരം നടന്നു. അവസാനമായി, കഴിഞ്ഞ നവംബറിൽ ജിങ്സു പ്രൊവിൻസിലെ യാങ്ഴോ ബേയി ഷൂ ഫാക്ടറിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ സംഘടിച്ച് സമരം നടത്തി. കമ്പനി പെട്ടെന്ന് പൂട്ടാൻ തീരുമാനിച്ചതുമൂലമുണ്ടായ തൊഴിൽ പ്രശ്നമായിരുന്നു കാരണം.
ചൈനയിൽ ലേബർ നിയമങ്ങൾ കർശനമായി പാലിക്കണം. മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള പ്രശ്നത്തിൽ ഉറപ്പായും കോടതി തൊഴിലാളിക്കൊപ്പമായിരിക്കും. എന്നാൽ നമ്മുടെ നാട്ടിലെ പോലെ തൊഴിൽ നിയമങ്ങൾ വേണ്ട രീതിയിൽ പാലിക്കാത്ത വിരുതന്മാർ ഇവിടെയുമുണ്ട്. അവിടെ സമരങ്ങൾ സാധാരണമാണ്. 2024 ജനുവരി മുതൽ ഇതുവരെ 124 തൊഴിലാളി സമരങ്ങൾ നടന്നു. സമരങ്ങളില്ലാത്ത, എല്ലായിടത്തും സർക്കാർ ഏകധിപത്യം മാത്രമുള്ള, പാശ്ചാത്യ വിവരണങ്ങളിൽ നാം കാണുന്ന ചൈന അല്ല, അനുഭവങ്ങളുടെ ചൈന.
മറ്റൊരു ഉദാഹരണം: ലോകത്തിലെ മറ്റു രാജ്യങ്ങൾ 2021 അവസാനത്തോടെ കോവിഡ് ലോക്ക് ഡൗൺ പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് കടന്നെങ്കിലും 2023 ജനുവരി വരെ ചൈനയിൽ നിയന്ത്രണങ്ങൾ കടുത്ത രീതിയിൽ തുടർന്നിരുന്നു. 2019 ഡിസംബറിലാണ് കോവിഡ് വൈറസ് ഔട്ട് ബ്രേക്കുണ്ടാവുന്നത്. അന്നുമുതൽ 2022 വരെ കടുത്ത നിയന്ത്രണത്തിൽ കിടന്ന ചൈനീസ് ജനത 2022 അവസാനത്തോടെ നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിക്കുവാൻ തുടങ്ങി. സർവകലാശാലാ വിദ്യാർത്ഥികളും യുവാക്കളും തുടങ്ങി സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവർ ആ പ്രതികരണത്തിന്റെ ഭാഗമായി. അവ പ്രക്ഷോഭത്തിന്റെയോ സമരത്തിന്റെയോ രൂപം പ്രാപിക്കുകയും ചെയ്തു. 2022 അവസാനം ആ ജനകീയ അസ്വസ്ഥതക്കുമുന്നിൽ സർക്കാറിന് നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടിവന്നു. ഇത്തരത്തിൽ, എനിക്ക് പരിചയമില്ലാതിരുന്ന പല കാര്യങ്ങളും ട്രെയിൻ യാത്രയിലെ സംസാരത്തിലൂടെ അറിയാനായി.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ലോകമെമ്പാടും വിറ്റഴിഞ്ഞ ക്രിസ്മസ് അനുബന്ധ വസ്തുക്കളുടെ 85 ശതമാനവും ചൈനയിൽ നിന്നാണ്, അതിൽ മഹാഭൂരിപക്ഷവും യിവൂയിൽ നിന്നാണ്.
എതിരെയുള്ള സീറ്റിലുണ്ടായിരുന്ന ടീച്ചർ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക കൂടിയാണ്. എന്റെ സർവകലാശാലയിലടക്കം ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്നയാൾ കമ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റികളുടെ ഭാഗമാണ്. പാർട്ടി സെക്രട്ടറിയാണ് സർവകലാശാലയിലെ ഏറ്റവും ഉയർന്ന പദവി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ തുടങ്ങി വിവിധ പദവികളിലിരിക്കുന്നവരാണ് യൂണിവേഴ്സിറ്റിയെ നയിക്കുന്നത്. എല്ലാവരും അവരുടെ മേഖലകളിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരാണ്. നിലവിലെ യൂണിവേഴ്സിറ്റി പ്രിൻസിപ്പലും കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയുമായ ജിയാങ് യിടെങ് ചൈനയിലെ ഏറ്റവും സീനിയർ മോസ്റ്റ് സയന്റിസ്റ്റാണ്. ഇരുപതിലധികം നാഷണൽ സയൻസ് പ്രൊജക്റ്റുകളുടെ തലവനാണ്. ഇരുന്നൂറിലധികം ഗവേഷണ ലേഖനങ്ങളുടെയും പതിനൊന്നോളം പുസ്തകങ്ങളുടെയും രചിയിതാവ് എന്ന നിലയിൽ വലിയ സംഭാവന നൽകിയ ആളാണ്. ഏഴു തവണ നാഷണൽ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രസ് അവാർഡ് നേടിയ സ്കോളറാണ്. ഇത്തരത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫൈലുള്ളവരാണ് യൂണിവേഴ്സിറ്റി പാർട്ടി കമ്മിറ്റിയുടെയും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെയും തലപ്പത്തുള്ളത്.
ഞാൻ ട്രെയിനിറങ്ങിയത് ഹാങ്ജോ എന്ന സ്ഥലത്തായിരുന്നു, അവിടെ നിന്ന് യിവൂ എന്ന സ്ഥലത്തേക്കാണ് പോകേണ്ടിയിരുന്നത്. അതിനായി ഹാങ്ജോയിൽ നിന്ന് ഹാങ്ജോ ഡോങ് എന്ന റെയിൽവേ സ്റ്റേഷനിലേക്ക് പോകണം. അവിടെ നിന്നാണ് യിവൂ സിറ്റിയിലേക്ക് ട്രെയിൻ. ഹാങ്ജോയിൽ നിന്ന് മെട്രോ ടിക്കറ്റെടുത്തു. മെട്രോ നമ്മുടെ മെട്രോക്ക് സമാനമാണ്, അതേ തിരക്കും സംവിധാനങ്ങളും. എന്നാൽ ഹാങ്ജോ ഡോങ്ൽ വന്നിറങ്ങിയപ്പോൾ അക്ഷരാർദ്ധത്തിൽ ഞെട്ടിപ്പോയി. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ രണ്ടിരട്ടി വലിപ്പമുള്ള റെയിൽവേ സ്റ്റേഷൻ.
ചൈനയുടെ ജി.ഡി.പിയുടെ 22% സംഭാവന ചെയ്യുന്നത് സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 45% വും സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളിലാണ്.
അവിടെ നിന്ന് ബുള്ളറ്റ് ട്രെയിൻ ബുക്ക് ചെയ്തിരുന്നു. നിന്നും ഇരുന്നും പോകാൻ സൗകര്യമുണ്ട്. ട്രയിന്റെ ഒത്ത നടുക്ക് ഒരു ചെറിയ കോഫി ക്യാബിൻ (നമ്മുടെ പാൻട്രി പോലെയല്ല). ഭീമൻ തൂണുകളിലൂടെയും തുരങ്കങ്ങൾ വഴിയുമാണ് യാത്ര. നീളൻ ഗ്ലാസ് ജനാലകൾ കാഴ്ചയെ എളുപ്പമാക്കുന്നുണ്ട്. അതീവ ഭംഗിയുള്ള ചൈന. റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് ന്യൂ ഇയറിനോടനുബന്ധിച്ച് 300 മില്യൻ പാസ്സഞ്ചർ ട്രിപ്പുകളാണ് കഴിഞ്ഞ 25 ദിവസത്തിനിടെ ചൈനീസ് റെയിൽവേയിലൂടെയുണ്ടായത്.
ഞാൻ ചെന്നിറങ്ങിയ യിവൂ, ചൈനയിലെ ഏറ്റവും വലിയ ഇന്റർനാഷണൽ മാർക്കറ്റുകളിലൊന്നാണ്. അതിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റ് എന്ന ഖ്യതിയും യിവൂ മാർക്കറ്റിന് സ്വന്തം. ഈസ്റ്റ് ചൈനയിലെ ഷെജിയാങ് പ്രവശ്യയിലാണ് യിവൂ സ്ഥിതി ചെയ്യുന്നത്.
ചൈനയിലെ ഏറ്റവും മികച്ച ഫ്രീ ട്രേഡ് ഏരിയകളിൽ ഒന്നാണ് യിവൂ ട്രേഡ് സിറ്റി. നിരവധി ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഇവിടെ ബിസിനസ് ചെയ്യുന്നുണ്ട്. കോട്ടയം ജില്ലക്കാരനായ ബിജോയ് ജോർജ് 20 വർഷമായി ചൈനയിൽ ബിസിനസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ പവർബോണ്ട് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി ചൈനയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് നിരവധി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. സമാനമായി മറ്റു ചില കമ്പനികളിൽ ജോലി ചെയ്യുന്നവരുമായി ആശയവിനിമയം നടത്തി. ഇത്തരത്തിൽ അനേകം കമ്പനികൾ ഈ ഫ്രീ ട്രെയ്ഡ് ഏരിയയിൽ ബിസിനസ് ചെയ്യുന്നുണ്ട്.
അവരിൽ പലരുമായി നടത്തിയ സംസാരത്തിൽനിന്ന് മനസ്സിലാകുന്നത്, ബിസിനസ് ചെയ്യാൻ എന്തുകൊണ്ടും അനുകൂലവും സുരക്ഷിതവുമായ സാഹചര്യമാണ് ചൈനയിലേത് എന്നാണ്. രാജ്യാന്തര വ്യവസായത്തിന് അനുകൂലമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകവഴി മികച്ച രീതിയിൽ ‘Made in China’ എന്ന ബ്രാൻഡ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുവാൻ ചൈനക്കായിട്ടുണ്ട്. ലോകത്തെ ഏതാണ്ട് എല്ലാ മനുഷ്യരും നിത്യേന ഉപയോഗിക്കുന്ന സാധനങ്ങളിൽ എന്തെങ്കിലും ഒന്ന് ചൈനയിൽ നിർമിച്ചതായിരിക്കും എന്നു പറയുന്നത് അതിശയോക്തിയല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ഈ ചൈനീസ് മോഡലിനെ വികസിപ്പിച്ചതും ലോകം മുഴുവൻ വ്യാപിപ്പിച്ചതും പ്രത്യേക സാമ്പത്തിക മേഖലകൾ സൃഷ്ടിച്ചുകൊണ്ടാണെന്നതാണ് കൗതുകകരം.
30 മില്യൺ ആളുകൾക്കാണ് ചൈനയിലെ പ്രത്യേക സാമ്പത്തിക മേഖല നേരിട്ട് ജോലി നൽകുന്നത്. ഈ വികസന മാതൃകയിൽ കേരളത്തിൽ പ്രത്യേക സാമ്പത്തിക മേഖലകൾ തുറക്കാനാകുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് എന്നാണ് മനസിലാക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രാചീനവും പരമ്പരാഗതവും അപരിഷകൃതവുമായിരുന്ന ഒരു കാർഷിക ജനതയെ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും ടെക്നോളജിക്കൽ ഹബ്ബും ലോകത്തിന്റെ ഫാക്ടറിയുമാക്കിയ വിപ്ലവകരമായ ആശയമാണ് സ്പെഷ്യൽ ഇക്കണോമിക്ക് സോണുകൾ (SEZ).
1978-ൽ അധികാരത്തിലെത്തിയ ഡെങ് സിയാവോ പിങ് വളരെ പ്രായോഗികവാദിയായ സോഷ്യലിസ്റ്റ് ആയിരുന്നു. തന്റെ ‘ഓപ്പൺ ഡോർ പോളിസി’ വഴി ചൈനയെ ലോകത്തിനു മുന്നിലേക്ക് അദ്ദേഹം തുറന്നിട്ടു. ഉൾപ്രദേശങ്ങളിൽ നിന്ന് കോസ്റ്റൽ മേഖലയിലേക്ക് നിക്ഷേപം വർധിപ്പിക്കുകയും കൂടുതൽ യാത്രാസംവിധാനങ്ങൾ സൃഷ്ടിക്കുകയും അത് കൂടുതൽ എളുപ്പമുള്ള രീതിയിൽ വ്യവസായത്തെ മാറ്റുകയും ചെയ്തു.
അങ്ങനെ ഷെൻസെനിൽ ആദ്യ സോൺ തുറന്നു, പിന്നാലെ മൂന്നെണ്ണം കൂടി. തൊണ്ണൂറുകളിൽ രണ്ടെണ്ണം കൂടി തുറന്നു. 2014 ആയപ്പോൾ ആറ് സ്പെഷ്യൽ ഇക്കണോമിക്ക് സോണും 14 ഓപ്പൺ കോസ്റ്റൽ സിറ്റികളും, നാല് പൈലറ്റ് ഫ്രീ ട്രേഡ് ഏരിയയും അഞ്ച് ഫിനാൻഷ്യൽ റീഫോംസ് സ്പെഷ്യൽ ഏരിയയും ഉൾപ്പടെ വലിയ വ്യവസായിക- ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക മേഖലകൾ നിർമിക്കാൻ ചൈനക്കായി.
2024- ലെത്തുമ്പോൾ പുതിയ മൂന്നു സ്പെഷ്യൽ ഇക്കണോമിക്ക് സോണുകൾ കൂടി യഥാർത്ഥ്യമാവുകയാണ്. (ഞാൻ വന്നിറങ്ങിയ ഷാങ്ഹായ് പുഡോങ് ഒരു സ്പെഷ്യൽ ഇക്കണോമിക്ക് സോൺ ആണ്).
ഇവയെ കൂടാതെ, 13 ബൗണ്ടഡ് ഏരിയകൾ, 114 ഹൈ ടെക് ഡെവലപ്മെന്റ് പാർക്കുകൾ, 164 കാർഷിക വികസന പാർക്കുകൾ, 85 ദേശീയ ഇക്കോ-ഇൻഡസ്ട്രിയൽ പാർക്കുകൾ, 55 നാഷണൽ ഇക്കോളജിക്കൽ സിവിലൈസേഷണൽ ഡെമോൺസ്‌ട്രേഷൻ ഏരിയകൾ, 283 നാഷണൽ മോഡേൺ അഗ്രിക്കൾചറൽ ഡെമോൺസ്‌ട്രേഷൻ ഏരിയകൾ തുടങ്ങിയവയും സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളുടെ ഭാഗമായുണ്ട്.
ചൈനയുടെ ജി.ഡി.പിയുടെ 22% സംഭാവന ചെയ്യുന്നത് സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (FDI) 45% വും സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളിലാണ്. ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ 60% വും സ്പെഷ്യൽ ഇക്കണോമിക്ക് സോണിൽ നിന്നാണ്. 30 മില്യൺ ആളുകൾക്കാണ് ഈ പ്രത്യേക സാമ്പത്തിക മേഖല നേരിട്ട് ജോലി നൽകുന്നത്. ഈ വികസന മാതൃകയിൽ കേരളത്തിൽ പ്രത്യേക സാമ്പത്തിക മേഖലകൾ തുറക്കാനാകുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് എന്നാണ് മനസിലാക്കുന്നത്.
ലോകത്തിന്റെ ഇതര ഭാഗത്തുനിന്നുള്ള കച്ചവടക്കാർ അവർക്കു വേണ്ടത് വാങ്ങാൻ ഓരോ ഷോപ്പും കയറിയിറങ്ങുന്നത് കൗതുകക്കാഴ്ചയാണ്. ദിനംപ്രതി 40,000 ഉപഭോക്താക്കളാണ് മാർക്കറ്റിലെത്തുന്നത്.
75,000-ഓളം ഔട്ട്‌ലെറ്റുകളുള്ള, 5.5 മില്യൻ ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഭീമൻ മാർക്കറ്റും അനുബന്ധ സ്ഥാപനങ്ങളും ട്രേഡിങ് സെന്ററുകളും ധനകാര്യ സ്ഥാപനങ്ങളും വെയർഹൗസുകളും വിവിധ ഓഫീസുകളുമൊക്കെയാണ് യിവൂ ട്രേഡിങ് സിറ്റിയിലുള്ളത്. അഞ്ചു നിലകളിൽ പരസ്പരം ബന്ധിക്കപ്പെട്ട വേൾസൈൽ മാർക്കറ്റ് തന്നെയാണ് മുഖ്യ ആകർഷണം. ഒറ്റ ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കണ്ടാൽ തീരാത്ത വലിപ്പമാണ് അതിനുള്ളത്. ലോകത്തിന്റെ ഇതര ഭാഗത്തുനിന്നുള്ള കച്ചവടക്കാർ അവർക്കു വേണ്ടത് വാങ്ങാൻ ഓരോ ഷോപ്പും കയറിയിറങ്ങുന്നത് കൗതുകക്കാഴ്ചയാണ്. ദിനംപ്രതി 40,000 ഉപഭോക്താക്കളാണ് മാർക്കറ്റിലെത്തുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ലോകമെമ്പാടും വിറ്റഴിഞ്ഞ ക്രിസ്മസ് അനുബന്ധ വസ്തുക്കളുടെ 85 ശതമാനവും ചൈനയിൽ നിന്നാണ്, അതിൽ മഹാഭൂരിപക്ഷവും യിവൂയിൽ നിന്നാണ്.
ചൈനീസ് ന്യൂ ഇയർ അവധിക്കുശേഷം ഫെബ്രുവരി 21-നാണ് മാർക്കറ്റ് വീണ്ടും തുറന്നത്. വലിയ ആഘോഷത്തോടെ ചൈനീസ് ട്രെഡീഷണൽ കലാരൂപങ്ങളും വാദ്യമേളങ്ങളും ചൈനീസ് സംസ്കാരത്തിന്റെ മുഖമുദ്രയായ ഡ്രാഗൺ ഡാൻസും ഒക്കെയുള്ള വലിയ പരിപാടിയായിരുന്നു നടന്നത്. മേഖലയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും മറ്റു പ്രാദേശിക ഭരണാധികാരികളും ചേർന്നാണ് മാർക്കറ്റ് ഓപ്പൺ ആക്കുന്ന പരിപാടിയുടെ ഔദ്യോഗിക തുടക്കം കുറിച്ചത്.
ലോകത്ത് ഉപയോഗിക്കപ്പെടുന്ന ഏതാണ്ട് എല്ലാ സാധനങ്ങളും ഇവിടത്തെ മാർക്കറ്റിൽ ലഭ്യമാണ്. മാർക്കറ്റിനു വെളിയിൽ ഇന്ത്യൻ റെസ്റ്റോറന്റുകളും ഹോട്ടലുകളുമുണ്ട്. കഴിഞ്ഞ പത്തുവർഷം കൊണ്ടാണ് യിവൂ ലോക വ്യാപാര വ്യവസായ ഭൂപാടത്തിൽ ഇടം പിടിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് രാജ്യത്തിൽ സ്വതന്ത്ര വ്യാപാരവും അന്താരാഷ്ട്ര മൂലധന നിക്ഷേപവും എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്നത് വളരെ കൗതുക പൂർവ്വം മാത്രമേ നോക്കിക്കാണാനാകൂ.
(റഫറൻസ്: SEZ- നെ സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്സ് വേൾഡ് ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ചുള്ളതാണ്).