ദൂധ്പത്രി എന്ന പാൽ താഴ് വരയിൽ,
ഒരു കാശ്മീര സന്ധ്യയിൽ…

ചെമ്മരിയാട്ടിൻ കൂട്ടങ്ങളും കുതിരകളും മേയുന്ന വിശാലമായ പുൽമേടുകൾ, കുതിച്ചൊഴുകുന്ന പാൽപ്പത പോലത്തെ അരുവികൾ, വർഷത്തിൽ ആറു മാസവും മഞ്ഞു പുതച്ചുനിൽക്കുന്ന ദേവദാരു മരക്കാടുകൾ... കശ്മീരിലെ ദൂധ്പത്രിയിലേക്കുള്ള യാത്രയുടെ അനുഭവം.

ശ്രീനഗറിലെ മുനവ്വറാബാദിൽ നിന്ന് വാടകക്കെടുത്ത 'ഹിമാലയൻ' ബൈക്കിലാണ് ഞങ്ങൾ ദൂധ്പത്രിയിലേക്ക് പുറപ്പെട്ടത്. ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ശ്രീനഗർ നഗരത്തിലെ തിരക്കിലൂടെ ബുദ്ധിമുട്ടിയാണ് എയർപോർട്ട് റോഡിലേക്ക് കടന്നത്. കശ്മീരിലെ ബദ് ഗാം ജില്ലയിലാണ് ദൂധ്പത്രി. ശ്രീനഗറിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരം. എയർപോർട്ട്‌ റോഡിലൂടെ 15 കിലോമീറ്ററോളം പോയാൽ ബദ്ഗാം പട്ടണം. അവിടെ നിന്നാണ് ദൂധ്പത്രിയിലേക്ക് തിരിഞ്ഞുപോവുക.

സുന്ദരൻ നാട്ടിൻപുറങ്ങളിലൂടെയാണ് 'ഹിമാലയ' ന്റെ യാത്ര. വിളഞ്ഞു കിടക്കുന്ന നെൽവയലുകൾ. കായ്ച്ചു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന തെളിനീർ ചാലുകൾ. പല നിറത്തിലുള്ള ഇരുമ്പ്ഷീറ്റുകൊണ്ട് കുത്തനെയുള്ള മേൽക്കൂര തീർത്ത അത്യാവശ്യം വലിയ വീടുകൾ. പച്ചക്കറികളും ചോളവും ഒക്കെ വിളഞ്ഞു നിൽക്കുന്ന അടുക്കളത്തോട്ടങ്ങൾ.

ദൂധ്പത്രി
ദൂധ്പത്രി

ഇപ്പോൾ യാത്ര പർവതമുകളിലേക്കാണ്. പോകെപ്പോകെ വളവുകളും കയറ്റങ്ങളും കൂടിക്കൂടി വരുന്നു. വഴിക്കിരുവശവും പരിചയമില്ലാത്ത മരങ്ങൾ, പൂച്ചെടികൾ, കാട്ടുപഴങ്ങൾ, അറിയാത്ത ഗന്ധങ്ങൾ. ഇടക്കൊക്കെ ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും. വഴിനീളെയുള്ള ആപ്പിൾതോട്ടങ്ങഴിച്ചാൽ, ഇടുക്കിയിലെയോ വയനാട്ടിലെയോ ഒരു മലമ്പാതയിലൂടെയാണ് സഞ്ചാരം എന്നുതോന്നും.

ഒരു ചായ കുടിക്കാം, കുറച്ചു നാട്ടുകാരെ നേരിൽ കണ്ടു സംസാരിക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ ഒരു ചെറിയ അങ്ങാടിയിലെ ചായക്കടക്കുമുന്നിൽ വണ്ടി നിർത്തി. ചായക്കടയുടെ മുമ്പിലിട്ട ബഞ്ചിൽ കശ്മീരിന്റെ തനതുവേഷമായ ചിത്രപ്പണികളുള്ള അയഞ്ഞ കുർത്തയും സൽവാറും ധരിച്ച്, തട്ടം തലയിൽ ചുറ്റിക്കെട്ടി, ചായകുടിച്ചിരിക്കുന്ന രണ്ടു നാടൻ വൃദ്ധകൾ. ഒരു ഫോട്ടോ എടുക്കട്ടേ എന്നു ചോദിച്ചപ്പോൾ നിറചിരിയോടെ പോസ് ചെയ്തു. അപ്പോഴേക്കും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ച് കടക്കാരൻ വന്നു. പ്രത്യേകിച്ചൊരു ജോലിയൊന്നുമില്ലാതെ കറങ്ങി നടക്കുന്ന ഒരു നാട്ടിൻപുറത്തുകാരനും പിന്നെ അടുത്ത് കട നടത്തുന്ന ചെറുപ്പക്കാരനും ചായ കുടിക്കാനെത്തി. എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചു. എന്റെ ഒരുവിധം നല്ല ഹിന്ദിയും സഹയാത്രികന്റെ മുറിഹിന്ദിയും കൊണ്ട് കാശ്മീരി കലർന്ന ഉറുദുവിനോട് ഒരുവിധം പിടിച്ചുനിൽക്കാൻ പറ്റി. കോവിഡിനുശേഷം കശ്മീരിലേക്ക് നിറയെ ടൂറിസ്റ്റുകൾ വരുന്നുണ്ടെന്ന് അവർ പറഞ്ഞു. അതിൽ ഒരു നല്ല ഭാഗം ദൂധ്പത്രിയിലേക്കും. സഞ്ചാരികളുടെ വരവിൽ ഗ്രാമങ്ങൾക്ക് ഉണർവ് വന്നിട്ടുണ്ട്. ഞങ്ങൾക്കായി ഇഞ്ചി ചേർത്ത് കടുപ്പത്തിലുണ്ടാക്കിയ സ്‌പെഷൽ ചായയും കുടിച്ചു യാത്ര തുടർന്നു.

മുന്നോട്ടുപോകുമ്പോൾ Doodhpathri Development Authority എന്നൊരു ബോർഡ് കാണാം അവിടെ 20 രൂപ ടോൾ കൊടുക്കണം. ഇവിടന്നങ്ങോട്ടാണ് നമ്മുടെ destination -ദൂധ്പത്രി.

പണ്ട് ഷെയ്ക്ക് അൽ നൂറുദ്ദീൻ നൂറാനി എന്നൊരു ഒരു സൂഫിവര്യൻ ‘വുളു’ (നിസ്‌ക്കാരത്തിനു മുമ്പുള്ള ദേഹശുദ്ധി) എടുക്കാൻ വെള്ളം അന്വേഷിച്ച് ഈ പുൽമേട്ടിൽ തന്റെ ഊന്നുവടി കൊണ്ട് കുത്തിയപ്പോൾ പാൽ ഒഴുകിവന്നുവത്രെ. എന്നാൽ 'വുളു'വിന് പാൽ പറ്റില്ല, വെള്ളം തന്നെ വേണമല്ലോ എന്നാലോചിച്ചു നിൽക്കെ ആ പാലെല്ലാം വെള്ളമായി മാറി എന്നൊരു നാട്ടുമൊഴിയുണ്ട് ദൂധ്പത്രിയിൽ. എന്തായാലും ദൂധ്പത്രിയിലെ ചെറിയ നീരൊഴുക്കുകളിലും പുഴയിലും പതഞ്ഞൊഴുകുന്ന വെള്ളം ദൂരക്കാഴ്ചയിൽ പാൽ പോലെ തോന്നും.

ഹിമാലയത്തിലെ പീർ പഞ്ചാൽ മലനിരകൾക്കിടയിൽ 9000- ത്തോളം അടി ഉയരത്തിലാണ് ദൂധ്പത്രിയുടെ കിടപ്പ്. അലകൾ ഇളകുന്ന ഒരു പച്ചക്കടൽ പോലെ കയറ്റിറക്കങ്ങളിലൂടെ പരന്നുകിടക്കുന്ന പുൽ മൈതാനം. പർവ്വതമുകളിൽനിന്ന് വെള്ളിനൂലുകൾ പോലെ ഒഴുകിയിറങ്ങുന്ന ഹിമജലം നിറഞ്ഞ പാലരുവികൾ. വിശാലമായ മൈതാനങ്ങളിൽ പുല്ലു തിന്നും വെള്ളം കുടിച്ചും ചെമ്മരിയാടുകളും കുതിരകളും കോവർ കഴുതകളും. വഴിയരികിൽ ഗ്രാമീണർ നടത്തുന്ന ചെറിയ തട്ടുകടകൾ. അവിടെ ചോളമാവിന്റെ റൊട്ടിയും ചായയും സിഗരറ്റും വിൽക്കുന്നു. പച്ചപ്പിനവസാനം മലയുടെ അങ്ങേ അറ്റത്ത് ആകാശത്തേക്ക് കൈകൾ ഉയർത്തി ദേവദാരു മരങ്ങൾ. അതിനപ്പുറം നീലാകാശത്തിന് കീഴെ മലനിരകളുടെ അനന്തത.

വർഷത്തിൽ ആറു മാസവും മഞ്ഞിൽ പുതഞ്ഞു  കിടക്കുന്ന പുല്ലു നിറഞ്ഞ ഈ താഴ് വരയിൽ സ്ഥിരതാമസക്കാരില്ല. താഴെ പഹാഡി ഗ്രാമങ്ങളിൽ നിന്നും ഇടയന്മാർ  ആടുകളെയും എരുമകളെയും മേയ്ക്കുന്നതിനായി ഇവിടേക്ക് വരുന്നു
വർഷത്തിൽ ആറു മാസവും മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പുല്ലു നിറഞ്ഞ ഈ താഴ് വരയിൽ സ്ഥിരതാമസക്കാരില്ല. താഴെ പഹാഡി ഗ്രാമങ്ങളിൽ നിന്നും ഇടയന്മാർ ആടുകളെയും എരുമകളെയും മേയ്ക്കുന്നതിനായി ഇവിടേക്ക് വരുന്നു

വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെ മലനിരകൾക്കിടയിലൂടെ റോഡ് മുന്നോട്ട്. ഇടയ്ക്കിടെ യാത്രികരെയും പേറി കുടമണി കിലുക്കി നീങ്ങുന്ന കുതിരകളും കോവർ കഴുതകളും , അവരുടെ സേവകരും അകമ്പടിക്കാരും. മലമുകളിലേക്ക് യാത്രികരെയും കയറ്റി പോകുന്ന വലിയ പൊണ്ണൻ വീലുകളുള്ള ATV കൾ (All Terrain Vehicle).

വർഷത്തിൽ ആറു മാസവും മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന, പുല്ലു നിറഞ്ഞ ഈ താഴ് വരയിൽ സ്ഥിരതാമസക്കാരില്ല. താഴെ പഹാഡി ഗ്രാമങ്ങളിൽ നിന്ന് ഇടയന്മാർ ആടുകളെയും എരുമകളെയും മേക്കാൻ ഇവിടേക്ക് വരുന്നു, കൊല്ലത്തിൽ ആറു മാസം. മണ്ണും മരവും പുല്ലും കൊണ്ട് മേഞ്ഞുണ്ടാക്കിയ പരന്ന മേൽക്കൂരയുള്ള ഉയരം കുറഞ്ഞ കുടിലുകളിലാണ് അവരുടെ താമസം. താഴ് വരയാകെ മഞ്ഞുമൂടുമ്പോൾ തങ്ങളുടെ മൃഗങ്ങളുമായി അവർ മലയിറങ്ങുന്നു. ആറു മാസം ഹിമനിറത്തിലും അടുത്ത ആറു മാസം പൂക്കൾ തുന്നിയ പച്ചനിറത്തിലും ആകാശത്തിനുകീഴെ വിടർന്നു പരന്നങ്ങിനെ കിടക്കും, ദൂധ്പത്രിയിലെ പുൽമേടുകൾ.

പുൽപ്പരപ്പിലൂടെ ചെരിപ്പഴിച്ചുവച്ച് മൃദുലമായൊരു മെത്തയിലെന്നവണ്ണം നടക്കാം. കുഞ്ഞരുവികളിൽ കാൽ നനക്കാം. പുല്ലിൽ നീണ്ടു നിവർന്ന് ആകാശം നോക്കി കിടക്കാം. എന്നിട്ടും മതിയാവാത്തവർക്ക് താൽക്കാലിക ടെന്റ് കെട്ടി താമസിക്കാം.

മണ്ണും മരവും പുല്ലും കൊണ്ട് മേഞ്ഞുണ്ടാക്കിയ പരന്ന മേൽക്കൂരയുള്ള ഉയരം കുറഞ്ഞ  കുടിലുകളിലാണ് ആറുമാസം ആട്ടിയന്മാരുടെ താമസം.
മണ്ണും മരവും പുല്ലും കൊണ്ട് മേഞ്ഞുണ്ടാക്കിയ പരന്ന മേൽക്കൂരയുള്ള ഉയരം കുറഞ്ഞ കുടിലുകളിലാണ് ആറുമാസം ആട്ടിയന്മാരുടെ താമസം.

വളഞ്ഞു പുളഞ്ഞ വഴിയിലൂടെ മുന്നോട്ട് പോകുമ്പോൾ പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിച്ച് ശാലിഗംഗാ നദി മലമുകളിൽ നിന്ന് പതഞ്ഞൊഴുകുന്നു. കുത്തിയൊഴുകുന്ന നദിയിൽ നിറയെ പല വലുപ്പത്തിൽ ഉരുണ്ട മിനുസമുള്ള പാറക്കല്ലുകൾ. നദിക്കുകുറുകെ ഇളകുന്ന മരപ്പാലം. താഴെ കുതിച്ചൊഴുകുന്ന പാൽ പോലത്തെ വെള്ളം.

സഹായാത്രിയകൻ ‘ഹിമാലയൻ' പാർക്ക് ചെയ്ത് വരുമ്പോഴേക്കും മുഷിഞ്ഞ നീളൻ കുപ്പായം ധരിച്ച, ബാല്യകൗമാരങ്ങളുടെ നിറച്ചാർത്തുകളൊഴിഞ്ഞ് നരച്ച മുഖങ്ങളുള്ള കുറെ ഇടയബാലന്മാർ ഞങ്ങൾക്കു ചുറ്റും കൂടി. അവരുടെ കുതിരകളുടെ പുറത്ത് ഞങ്ങളെ കുന്നിൻമുകളിലേക്ക് കൊണ്ടുപോകുകയാണ് ഉദ്ദേശ്യം. ഒരാൾക്ക് 1500 രൂപ. അതിനിടയിൽ അവർക്കിടയിലെ രണ്ടു ടീമുകൾ തമ്മിൽ വാക്കേറ്റവും കയ്യേറ്റവും ഒക്കെയായി. അതിൽ ഒരു ടീം 800 രൂപക്ക് ഞങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞ് ഞങ്ങളെ നിർബന്ധിച്ച് അവരുടെ കുതിരപ്പുറത്ത് കയറ്റി.

ആദ്യമായി കുതിരപ്പുറത്ത് കയറുന്നതിന്റെ അങ്കലാപ്പും കുതിരക്കാർ തമ്മിലുള്ള അടിപിടിയും. അതിനിടയിൽ നമ്മൾ കയറിയ കുതിരകൾ നദിയുടെ കുറുകെയുള്ള മരപ്പാലത്തിലേക്ക് കയറി. പാലത്തിനു താഴെയുള്ള കുത്തൊഴുക്ക് കണ്ടതും എന്റെ നല്ല ജീവൻ പോയി. പാലം കടന്നതും വലിയ വലിയ പാറക്കല്ലുകൾ നിരന്നുകിടക്കുന്ന പുഴവെള്ളത്തിലൂടെയായി നടപ്പ്. ഇവരുടെ പൈസ കൊടുത്തിട്ട് കുതിരപ്പുറത്തു നിന്നിറങ്ങാം എന്ന് തോന്നി.. ‘ദീദി, മത്ഡരോ’ (പേടിക്കണ്ട ചേച്ചീ) എന്നു പറഞ്ഞ് കുതിരയുടെ കടിഞ്ഞാണിനൊപ്പം എന്റെ കയ്യും കൂട്ടിപ്പിടിച്ചാണ് കുതിരക്കാരൻ പയ്യന്റെ നടപ്പ്. ഞാനാണെങ്കിൽ 'Heartland' എന്ന Netflix സീരിസിലെ കുതിരക്കാരി Amy Flemming- നെ മനസ്സിൽ ധ്യാനിച്ച് മുറുകെ പിടിച്ചിരുന്നു.

കുറെ ഇടയബാലന്മാർ  ഞങ്ങൾക്ക് ചുറ്റും കൂടി. അവരുടെ കുതിരകളുടെ പുറത്ത് ഞങ്ങളെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോകുകയാണ് ഉദ്ദേശ്യം.
കുറെ ഇടയബാലന്മാർ ഞങ്ങൾക്ക് ചുറ്റും കൂടി. അവരുടെ കുതിരകളുടെ പുറത്ത് ഞങ്ങളെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോകുകയാണ് ഉദ്ദേശ്യം.

പുഴ കടന്ന് കുറച്ചുദൂരം പോയപ്പോൾ ചെറിയ ധൈര്യമൊക്കെ വന്നു. പിന്നെ തല ഉയർത്തി നോക്കുമ്പോൾ പള്ളയിൽ വലിയ വലിയ പാറകളും പൊത്തിപ്പിടിച്ചു കുത്തനെ ഒരു പർവ്വതശിഖരം. അതിന്റെ വിളുമ്പുകളിലൂടെ അള്ളിപ്പിടിച്ചു കയറുന്ന കുതിരകൾ. കുതിര മുകളിലേക്കു കയറുംതോറും നമ്മൾ പിന്നിലേക്ക് മറിയുന്നതുപോലെ തോന്നും.

'കൈകൊട്ട്‌ പെണ്ണെ കൈകൊട്ട്‌ പെണ്ണേ'... മലമുകളിൽ മലയാളം പാട്ട്. ഞങ്ങളുടെ മുന്നിൽ നടന്നുപോകുന്ന മലയാളി പയ്യന്മാരുടെ ബ്ലുടൂത്ത് സ്പീക്കറിൽ നിന്നാണ്. കുതിരപ്പുറത്തെ പേടിയൊക്കെ കുറഞ്ഞു, മുഖത്തൊരു പുഞ്ചിരിയൊക്കെ വരുത്താം എന്നായിട്ടുണ്ട്. അതുകൊണ്ട് അവരെകൊണ്ട് നമ്മൾ കുതിരപ്പുറത്തിരിക്കുന്ന ഫോട്ടോകൾ എടുപ്പിച്ചു.

കുന്നിൻചരിവുകൾക്കിടെ പല വലുപ്പത്തിൽ പാറക്കല്ലുകൾ, നിറയെ പച്ചപ്പുല്ല്, അതിൽ മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങൾ. അവരുടെ സംരക്ഷകരായ ഭീമൻ നായ്ക്കൾ, മുഷിഞ്ഞ കട്ടി കൂടിയ നീളൻ കുപ്പായങ്ങൾ ധരിച്ച് വടിയും തോളിൽ മാറാപ്പുമായി ആട്ടിടയന്മാർ. ഞങ്ങളുടെ കുശലങ്ങൾക്ക് മറുപടി ഒരു പുഞ്ചിരി മാത്രം.

കയറ്റം കഠിനം. മലയുടെ തുഞ്ചാം തുഞ്ചി. സീറോ പോയിന്റ് എന്ന വ്യൂ പോയിന്റ്. അവിടെ നിന്ന് താഴേക്കുള്ള പുൽമേടുകളുടെ ദൂരക്കാഴ്ച മോഹനം. താഴെ പല ഉയരത്തിലും പരപ്പിലും മലനിരകൾ. പലനിലകളിലായി പൈൻ, ദേവദാരു, ഫിർ മരങ്ങൾ. വൻമരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്. നല്ല വെയിൽ ഉണ്ടെങ്കിലും ശരീരം വിറച്ചു.

താഴേക്കുള്ള  പുൽമേടുകളുടെ ദൂരക്കാഴ്ച മോഹനം.  താഴെ പല ഉയരത്തിലും പരപ്പിലുംമലനിരകൾ. പലനിലകളിലായി പൈൻ, ദേവദാരു, ഫിർ മരങ്ങൾ. വൻ മരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്.
താഴേക്കുള്ള പുൽമേടുകളുടെ ദൂരക്കാഴ്ച മോഹനം. താഴെ പല ഉയരത്തിലും പരപ്പിലുംമലനിരകൾ. പലനിലകളിലായി പൈൻ, ദേവദാരു, ഫിർ മരങ്ങൾ. വൻ മരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്.

ഇനി അല്പം വിശ്രമം. കുതിരപ്പുറത്തുനിന്നിറങ്ങികുറച്ചുനടന്നു. കയ്യിലുള്ള ബിസ്‌ക്കറ്റും വെള്ളവും ഞങ്ങളും കുതിരപ്പയ്യന്മാരും കൂടി കഴിച്ചു. ആകാശത്തിനു തൊട്ടുതാഴെ നിന്നുള്ള ഈ കാഴ്ച ജീവിതത്തിൽ എപ്പോഴെങ്കിലും മാത്രമേ സംഭവിക്കൂ എന്നോർത്ത് അതിൽ ലയിച്ചുനിന്നു.

കയറുന്നതിനേക്കാൾ ഭയാനകമാണ് താഴേക്കുള്ള യാത്ര. കുതിരക്കുളമ്പുകൾ പാറക്കല്ലുകളിലൂടെ കയറിയിറങ്ങുമ്പോൾ ഇപ്പോൾ വഴുക്കി വീഴുമെന്നു തോന്നും. ഒരു വിധേന താഴെയെത്തി. മരപ്പാലത്തിലൂടെ നദി കടന്നു.

കുതിരപ്പുറത്ത് നിന്നിറങ്ങിയപ്പോൾ പറഞ്ഞതിൽ കൂടുതൽ പണം കൊടുത്ത് കുതിരക്കാരെ ഹാപ്പിയാക്കി. തിരികെവരുമ്പോൾ ആദ്യം തർക്കിച്ചു നിരാശരായ കുട്ടികൾക്കും കുറച്ചു പൈസ കൊടുക്കണമെന്ന് കരുതിയിരുന്നു. ഇറങ്ങിവരുമ്പോൾ അവിടെയൊക്കെ നോക്കിയെങ്കിലും അവരെ കണ്ടില്ല.

പാറക്കല്ലുകളിൽ അലച്ചുപായുന്ന പുഴയിലെ പാൽ വെള്ളത്തിൽ കാലുകളിട്ട് കുറെനേരം ഇരുന്നു. ക്ഷീണമെല്ലാം ഒഴുക്കിക്കളയുന്ന തണുതണുത്ത വെള്ളത്തിൽ മുഖം കഴുകി.

ദൂധ്പത്രിയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ വെയിൽ ചാഞ്ഞിരുന്നു. പുൽമേടുകളിൽ മേയുന്ന ആട്ടിൻ കൂട്ടങ്ങളെ തെളിച്ചുകൊണ്ട് നായ്ക്കളും ഇടയന്മാരും തിരികെ നടക്കുന്നു. അന്നത്തെ ജോലി കഴിഞ്ഞ കുതിരകൾ വഴിനീളെ. ഞങ്ങൾ ആട്ടിടയമാരുടെ ഗ്രാമാതിർത്തിയിലെത്തി.

മക്കി കി റോട്ടി (ചോളമാവ് കൊണ്ടുള്ള അപ്പം)
മക്കി കി റോട്ടി (ചോളമാവ് കൊണ്ടുള്ള അപ്പം)

നല്ല വിശപ്പ്. 'ഹിമാലയനെ' വഴിയരികിൽ നിർത്തി. മരച്ചുവട്ടിലെ തട്ടുകടയിൽ, നിലത്ത് ചമ്രം പടിഞ്ഞിരുന്നു കുഞ്ഞിനേയും മടിയിലിരുത്തിക്കൊണ്ട് തട്ടമിട്ട ഒരു സുന്ദരി മക്കി കി റോട്ടി (ചോളമാവ് കൊണ്ടുള്ള അപ്പം) ഉണ്ടാക്കുന്നു. നിലത്ത് വിരിച്ച വർണ്ണത്തടുക്കിൽ കണ്ണടച്ചിരുന്ന് സുന്ദരിയുടെ ഭർത്താവ് ഹുക്ക വലിക്കുന്നു. ഗ്രാമീണരുടെ തട്ടുകടകൾ പലതും കുടുംബം ഒന്ന് ചേർന്ന് നടത്തുന്ന ബിസിനസാണ്. ആറു മാസത്തേക്ക് അവരുടെ ജീവിതവും ജോലിയും എല്ലാം ഇവിടെയാണ്. സുന്ദരി നാണവും മൗനവും ഇഴചേർന്നൊരു പുഞ്ചിരിയോടെ ഞങ്ങൾക്ക് മക്കി കി റോട്ടിയും 'നംകീൻ' ചായയും (ചോളമാവിന്റെ റൊട്ടിയും ഉപ്പുള്ള കശ്മീരി ചായയും) വിളമ്പി. ഒരു പുകയെടുക്കുന്നോ എന്ന് ഹുക്കയുടെ മൗത്പീസ് ഞങ്ങൾക്ക് നേരെ നീട്ടി, സുന്ദരിയുടെ ഭർത്താവ്.

ചോളമാവിന്റെ റൊട്ടിയും ഉപ്പുള്ള കശ്മീരി ചായയും വിൽക്കുന്ന കട. കടയ്ക്കുമുന്നിലിരുന്ന് ഹുക്ക വലിക്കുന്ന കടക്കാരിയുടെ പങ്കാളി.
ചോളമാവിന്റെ റൊട്ടിയും ഉപ്പുള്ള കശ്മീരി ചായയും വിൽക്കുന്ന കട. കടയ്ക്കുമുന്നിലിരുന്ന് ഹുക്ക വലിക്കുന്ന കടക്കാരിയുടെ പങ്കാളി.

വീശിയടിക്കുന്ന മലങ്കാറ്റും കാശ്മീരസന്ധ്യയും തട്ടുകടക്കാരൻ തന്ന പുകയും ചേർന്ന് ഞങ്ങളെ ‘ആഭിചാരം’ ചെയ്തുകളഞ്ഞു. കല്ലും കുഴികളും നിറഞ്ഞ offroad ഇറക്കങ്ങളിലൂടെ, മലയിറങ്ങുന്ന ഒരു കുതിരയെപ്പോലെ ഞങ്ങളെയും വഹിച്ചു കൊണ്ട് 'ഹിമാലയൻ' ശ്രീനഗറിലേക്ക് ...


Summary: Doodhpathri: Kashmir's Enchanting Destination. Heedha Harsil writes her travel experiences.


ഹീദ ഹർസിൽ

യാത്രകൾ ചെയ്യുന്നു, യാത്രകളെക്കുറിച്ച് എഴുതുന്നു.

Comments