കാലിഫോർണിയ; മുതലാളിത്തത്തിനകത്തെ സോഷ്യലിസ്റ്റ് പൊതുബോധം

കാലം മാറ്റം വരുത്താത്തതായി ഒന്നുമില്ല. എല്ലാ ദർശനങ്ങൾക്കും സാമ്പത്തിക സിദ്ധാന്തങ്ങൾക്കും പതിറ്റാണ്ടുകളുടെ കൂലംകുത്തിയൊഴുക്കിൽ സമൂല പരിവർത്തനം സംഭവിച്ചത് സങ്കൽപ്പമല്ല, യാഥാർത്ഥ്യമാണ്. സങ്കുചിതത്വത്തിന്റെ പുറംതോട് പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെയും വിശാല വീക്ഷണത്തിന്റെയും വിഹായസ്സിലേക്കുള്ള യാത്ര മനുഷ്യൻ തുടരുകയാണ്. യാഥാസ്തികത്വം എങ്ങും എവിടെയും കീറത്തുണി പോലെ വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യ മനുഷ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അളവറ്റതാണ്. കായികാദ്ധ്വാനത്തോടൊപ്പം തലച്ചോറിന്റെ പ്രവർത്തനവും ധ്രുതഗതിയിൽ ചലിച്ചപ്പോൾ വേർതിരിവുകൾ എത്രപെട്ടന്നാണ് അപ്രത്യക്ഷമാകുന്നത്. എന്തും ഏതും മനുഷ്യനെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണെന്ന് കരുതുന്നവരുടെ എണ്ണം നാൾക്കുനാൾ ക്രമാതീതം വർധിക്കുകയാണ്.

എല്ലാ പ്രമാണങ്ങളും തോറ്റു പോയത് പട്ടിണിയുടെ മുന്നിലാണല്ലോ? ഉപജീവനത്തിന്റെ നൂതന വഴികൾ തീർത്ത ചിന്താ പ്രപഞ്ചങ്ങൾ മനുഷ്യകുലത്തെ ഒരു കുടക്കീഴിലേക്ക് ആനയിക്കുന്ന കാഴ്ച ആരെയും ത്രസിപ്പിക്കും. മനുഷ്യരാശിയുടെ യാത്ര ഇവ്വിധം തുടർന്നാൽ വേർതിരിവിന്റെ ഇടം എന്നന്നേക്കുമായി അപ്രത്യക്ഷമാകും. ഓരോ യാത്രകളും സമ്മാനിക്കുന്ന പുതിയ പുതിയ അറിവുകൾ ഭിന്നിപ്പിന്റെ മതിലുകളാണ് തകർത്ത് മുന്നേറുന്നത്. ജനങ്ങളെ പഴമയുടെ ഉരക്കല്ലിൽ തേച്ച് മിനുക്കി ആധുനിക യുഗത്തിന് അനുയോജ്യമായ മൂശയിലിട്ട് വാർത്തെടുക്കുമ്പോൾ തകർന്ന് തരിപ്പണമാകുന്നത് പ്രാകൃതത്ത്വത്തിന്റെ പിരമിഡുകളാണ്.

ഫാത്തിമക്കുട്ടി, കെ.ടി. ജലീൽ, അസ്‌ലൻ

കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും വന്നുചേർന്ന ഭാവപ്പകർച്ചകൾ നമ്മുടെ കൺമുന്നിലുണ്ട്. കമ്മ്യൂണിസം മാനവിക പക്ഷത്ത് അടിയുറച്ച് നിന്ന് കൂടുതൽ പ്രായോഗികമായി. മുതലാളിത്വം അതിന്റെ സഹജമായ ചൂഷണാത്മകതയെ പൂർണ്ണമായും കയ്യൊഴിയാതെ സോഷ്യലിസ്റ്റ് രീതിശാസ്ത്രത്തെ വരിക്കാനുള്ള ശ്രമത്തിലാണ്. സാങ്കേതിക രംഗത്തും പശ്ചാത്തല സൗകര്യ വികസനത്തിലും മുതലാളിത്വം അനിവാര്യമാണെന്ന് കരുതിയവരുടെ മുന്നിൽ കമ്യൂണിസ്റ്റ് ചൈന ഒരു വലിയ ചോദ്യചിഹ്നമാണ് തീർത്തത്. അമേരിക്കയുടെ മൂക്കിന് താഴെ നിലകൊള്ളുന്ന ക്യൂബ സോഷ്യലിസ്റ്റ് സാമൂഹ്യഘടനയുടെ പ്രസക്തി അരക്കിട്ടുറപ്പിക്കുന്നു. സോഷ്യലിസം ഉപേക്ഷിച്ച രാജ്യങ്ങൾ തിരിച്ചു നടത്തത്തിന്റെ പാതയിലാണ്. മദ്ധ്യപൗരസ്ത്യ സമൂഹങ്ങൾ ലിബറലിസത്തെ നേഞ്ചോട് ചേർക്കാൻ തത്രപ്പെടുന്നത് ആരിലും ആവേശം ഉളവാക്കും.

ഇന്നലെവരെ മതവിരുദ്ധമെന്ന് ആണയിട്ടിരുന്ന പല കാര്യങ്ങളും മതനിഷിദ്ധമല്ലാതായി മാറിയത് വിശ്വാസികളിലുണ്ടാക്കിയ ഉണർവ്വ് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏകശിലാ സംസ്‌കാരത്തിൽ കെട്ടുപിണഞ്ഞു കിടക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. പുറംകാറ്റിന് വീശിയടിക്കാൻ പഴുതുകൾ നൽകാതെ കൊട്ടിയടച്ച വാതിലുകളെല്ലാം തള്ളിത്തുറക്കപ്പെട്ടിരിക്കുന്നു. ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. സഹകരണത്തിന്റെയും സ്വാംശീകരണത്തിന്റെയും മനോഭാവങ്ങൾ കൊണ്ട് സമൃദ്ധമാണ് ചുറ്റുവട്ടങ്ങൾ. ലോകത്താകമാനം പൗര സ്വാതന്ത്ര്യത്തിന്റെ വസന്തമാണ് പുലരുന്നത്. ചൂടും തണുപ്പും മഴയും മാറി മാറി വരുന്നു. ആഗോളതാപനം ജീവജാലങ്ങളുടെ ഉയിരെടുക്കാതെ നോക്കാനുള്ള തീവ്ര യത്‌നമാണ് എല്ലായിടത്തും ഭരണകൂടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഐക്യരാഷ്ട്രസഭ തന്നെ മുന്നിലുണ്ട്.

കെ.ടി. ജലീൽ, കൊച്ചുമകൻ അസ്‌ലൻ, മരുമകൻ അജീഷ്, മകൾ അസ്മാ ബീവി

ഇതെല്ലാം ഓർമ്മയിൽ സൂക്ഷിച്ചാണ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാലിഫോർണിയായിലെ സാൻഫ്രാൻസിസ്‌കോയിൽ വിമാനമിറങ്ങിയത്. മഞ്ഞുമൂടിയ മരങ്ങളും മലകളും സമതലങ്ങളും നിറഞ്ഞ ദിക്കുകൾ ഡിസംബറിൽ കാലിഫോർണിയ സ്റ്റേറ്റിലൂടെ യാത്ര ചെയ്യുമ്പോൾ കണ്ണിന് പുളകം നൽകുന്ന കാഴ്ചകളാണ്. വിവിധയിനം പഴവർഗ്ഗങ്ങളുടെ യാഡുകൾ ഉൾപ്പടെ മനോഹരമായ കൃഷിയിടങ്ങളാൽ തിങ്ങിനിറഞ്ഞ ഭൂപ്രദേശങ്ങൾ കാണേണ്ടതു തന്നെ. തണുപ്പാൻ കാലം ഇല പൊഴിച്ചിലിന്റേതാണ്. കായ്ക്കനികൾ പൂത്തുലഞ്ഞു നിൽക്കുന്ന സമയമാണ് സമ്മർ. ചുറ്റും പച്ചപ്പട്ട് വിരിച്ച ദൃശ്യങ്ങൾ. ജീവിക്കാൻ പറ്റിയ നാടാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ബോദ്ധ്യമാകും. ആരും ആരുടെയും കാര്യങ്ങളിൽ ഇടപെടുന്നില്ല. വ്യക്തി സ്വാതന്ത്ര്യം നിധി പോലെ കാക്കുന്ന മനുഷ്യർ. മതവും വിശ്വാസവും തെരുവിലും ജോലിയിടങ്ങളിലും പ്രസരിപ്പിക്കാത്ത ആൾക്കൂട്ടം. ഇവിടെ ജോലിക്കായി വന്ന് പെട്ടാൽ തിരിച്ചുപോക്ക് ദുർലഭമെന്നാണ് അനുഭവസ്ഥരുടെ പ്രബലാഭിപ്രായം.

ആരും ആരുടെയും ജീവിതത്തിലേക്ക് എത്തിനോക്കാത്ത വിവേകികളാൽ ഈ രാജ്യം സമ്പന്നമാണ്. ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം അവസരങ്ങൾ. ഓരോരുത്തരുമാണ് അവരവരെ നിയന്ത്രിക്കുന്നത്. എന്ന് കരുതി കയ്യേറ്റങ്ങളോ വാക്കേറ്റങ്ങളോ തെരുവിലെവിടെയും കാണാനാവില്ല. അപരർക്ക് അലോസരമുണ്ടാക്കുന്ന ശബ്ദമുയർത്തിയുള്ള സംസാരങ്ങളോ പൊട്ടിച്ചിരികളോ പൊതു ഇടങ്ങളിൽ പോലും കേൾക്കാൻ നന്നേ പ്രയാസം. കുറ്റകൃത്യങ്ങൾ സാമാന്യേന കുറവ്. അമേരിക്കയിലെ വിദേശ കുടിയേറ്റക്കാരിൽ 24% വും കാലിഫോർണിയ സ്റ്റേറ്റിലാണ്. നിയമം അനുസരിക്കാൻ തൽപരരായ ജനത. ഉയർന്ന പൗരബോധമുള്ള സമൂഹം. എങ്ങും എവിടെയും വൃത്തിയുള്ള പരിസരം. സ്ത്രീപുരുഷ വിവേചനം ഒട്ടുമേയില്ല. എല്ലാവരും തുല്യർ. അനുകമ്പയർഹിക്കുന്നവർക്ക് മുന്തിയ പരിഗണന നൽകുന്ന ജനങ്ങൾ. കൃത്രിമത്വമില്ലാത്ത ജീവിതം.

കെ.ടി. ജലീൽ അസ്‌ലനോടൊപ്പം

മുതലാളിത്ത സമൂഹമാണെങ്കിലും സോഷ്യലിസ്റ്റ് സ്വാധീനത്തിൽ രൂപംകൊണ്ട പാവപ്പെട്ടവരെ ചേർത്തു പിടിക്കുന്ന പൊതു ബോധം. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഓരോ നഗരത്തിലും ആഴ്ചച്ചന്തകൾ. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും അനന്ത സാദ്ധ്യതകൾ. പൊതു വിദ്യാലയങ്ങൾ സുലഭം. ഭേദപ്പെട്ട ചികിൽസാ സൗകര്യങ്ങൾ. പരമ സ്വതന്ത്രരെങ്കിലും പൊതുവെ അച്ചടക്കമുള്ള യുവതലമുറ. വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും ഉത്സവ സ്ഥലങ്ങളിലും പ്രകടമാകുന്നത് കുലീന പെരുമാറ്റം. എല്ലായിടത്തും നിറഞ്ഞ് നിൽക്കുന്ന ശാന്തത. പടക്കം പൊട്ടിക്കലോ മറ്റു ബഹളങ്ങളോ ഇല്ലാത്ത ക്രിസ്മസ് ആഘോഷങ്ങൾ. ആരോഗ്യപൂർണ്ണമായ രാഷ്ട്രീയ സാംസ്‌കാരിക ചർച്ചകൾ. കായിക വിനോദത്തിന് മികച്ച സൗകര്യങ്ങൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നാമമാത്ര മേഖലകളിലെങ്കിലും ഇൻഷൂറൻസ് പരിരക്ഷ. ഇതെല്ലാമാണ് കണ്ട കാഴ്ചയിലെയും കേട്ടു മനസ്സിലാക്കിയതിലെയും കാലിഫോർണിയ.

റോഡും വൃക്ഷങ്ങളും ചെറുകുന്നുകളും സമതലങ്ങളും മഞ്ഞുമൂടിക്കിക്കുന്ന ഹൈസിയറയിലെ പൈൻക്രസ്റ്റ് ഞങ്ങൾ താമസിക്കുന്ന സാന്റൊ ക്ലാരയിൽ നിന്ന് രണ്ടര മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ എത്തുന്ന ദൂരത്താണ്. ഐസ് മൂടിയ കുന്നിൽ നിന്ന് സ്‌നോ ട്യൂബിൽ ഇരുന്ന് താഴേക്ക് വഴുതിപ്പോരുമ്പോൾ വിമാനം ലാന്റ് ചെയ്യുന്ന പ്രതീതിയാണ്. പൈൻക്രസ്റ്റ് കണ്ടാൽ കണ്ണെത്താദൂരത്തോളം പഞ്ഞിക്കിടക്ക വിരിച്ചത് പോലെ തോന്നും. ജീവിതത്തിലാദ്യമായാണ് എങ്ങോട്ട് നോക്കിയാലും മഞ്ഞ് പുതച്ച് കിടക്കുന്ന ദേശം നേരിൽ കാണുന്നത്. മഞ്ഞുമഴ പെയ്ത് ഐസ് മൂടിയ റോഡ് ചെറിയ ജെ.സി.ബി ഉപയോഗിച്ച് ഇടക്കിടെ ഐസ് മാറ്റി ഗതാഗത യോഗ്യമാക്കുന്നതും കാണാം. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഏഴുമണിക്കൂർ പസഫിക്ക് സമുദ്രത്തിന്റെ തീരത്തുകൂടെ റോഡ് മാർഗ്ഗം യാത്ര ചെയ്താൽ ലോസ് ഏഞ്ചൽസിൽ എത്താം. സാൻസിമിയോണിൽ വെച്ച് കടൽ തീരത്ത് വലിയ കൊമ്പുള്ള ഒരുതരം ഭീമൻ നീർനായ്ക്കളെ (Walrus) കാണാനിടയായി. മുതലകൾ കരക്ക് കയറി കിടക്കുന്ന പോലെ അവ കടൽ തീരത്ത് നീണ്ടു നിവർന്ന് വിശ്രമിക്കുന്നു. ഇടക്ക് തലയുയർത്തി ശബ്ദമുണ്ടാക്കി പരസ്പരം പോരടിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഈ ജീവികളെ ധാരാളം കാണുന്ന സ്ഥലമാണത്രെ സാൻസിമിയോൺ.

രാവിലെ പത്തുമണിക്ക് തുടങ്ങിയ നീണ്ട യാത്ര വാഹനം നിർത്തി വിശപ്പടക്കിയും നയന മനോഹര കാഴ്ചകൾ ആസ്വദിച്ചും കടലോരവും മലയോരവും താണ്ടി വൈകുന്നേരം ഏഴു മണിയോടെ ലോസ് ഏഞ്ചൽസിൽ എത്തി. ക്രിസ്മസായതിനാൽ കടകമ്പോളങ്ങൾ വഴിയിലുടനീളം അടഞ്ഞ് കിടന്നു. അതിനാൽ ഉച്ച ഭക്ഷത്തിന് നന്നേ പ്രയാസപ്പെട്ടു. ചൂടുള്ള കാപ്പിയോ ചായയോ അത്യപൂർവ്വമായേ മരംകോച്ചുന്ന തണുപ്പിലും കടകളിൽ നിന്ന് ലഭിക്കൂ. കാലിലൂടെ കുളിര് തറച്ച് കയറുമ്പോഴും ആളുകൾ ഐസിട്ട പാനിയങ്ങളാണ് കുടിക്കുന്നത് എന്ന് കണ്ടപ്പോൾ ആശ്ചര്യം തോന്നി. ആയിരക്കണക്കിന് ഹെക്ടർ കൃഷിസ്ഥലങ്ങളും ഫാം ഹൗസുകളുമാണ് റോഡിന്റെ സൈഡിൽ കണ്ടത്. ജനവാസ കേന്ദ്രങ്ങൾ കുറവാണ്. ഒരു ടൗണിൽ നിന്ന് തൊട്ടടുത്ത ടൗണിലേക്ക് ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂർ യാത്ര ചെയ്യണം. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിർമ്മിക്കപ്പടാൻ പോകുന്ന തീരദേശ ഹൈവേയുടെ ചിത്രമാണ് പസഫിക്കിന്റെ തീരം ചേർന്നുള്ള യാത്രയിൽ മനസ്സിൽ കിളിർത്തു വന്നത്. ആറുവരിപ്പാതയിലൂടെ മണിക്കൂറുകൾ കുതിച്ചപ്പോൾ പൊന്നും വില നൽകി നമ്മുടെ സർക്കാർ ഏറ്റെടുത്ത് പണി ആരംഭിച്ച ദേശീയ പാതയുടെ ദൃശ്യങ്ങൾ മനോമുകരത്തിൽ മിന്നിമറഞ്ഞു.

കാലിഫോർണിയയിലെ വിശാലമായ നഗരങ്ങളിൽ ഒന്നാണ് ലോസ്ഏഞ്ചൽസ്. ഒളിമ്പിക്‌സ് ചാമ്പ്യൻമാരായ സോവിയറ്റ് യൂണിയൻ ബഹിഷ്‌കരിച്ച 1984 ലെ ഒളിംബിക്‌സ് നടന്നത് ഇവിടെയാണ്. നിരവധി പട്ടണങ്ങൾ ഉൾകൊള്ളുന്ന നഗരവും കൂടിയാണ് ലോസ്ഏഞ്ചൽസ്. അക്കൂട്ടത്തിലെ പ്രശസ്തമായ ഒന്നാണ് ഹോളിവുഡ്. 1908 ലാണ് ഇവിടെ വെച്ച് ആദ്യത്തെ സിനിമ ഷൂട്ട് ചെയ്തത്. പിന്നീട് ഇവിടം സിനിമക്കാരുടെ വിഹാര കേന്ദ്രമായി. അങ്ങിനെയാണ് ചെറുതും വലുതുവായ നിരവധി സ്റ്റുഡിയോകൾ ഹോളിവുഡ് പട്ടണത്തിൽ സ്ഥാപിക്കപ്പെടുന്നത്. അതോടെ ലോക സിനിമയുടെ മെക്കയും വത്തിക്കാനുമൊക്കെയായി ഹോളിവുഡ് മാറി. ഈ പട്ടണത്തിലെ എണ്ണം പറഞ്ഞ സ്റ്റുഡിയോകളിൽ ഒന്നാണ് യൂണിവേഴ്‌സൽ സ്റ്റുഡിയോസ്.

ഫാത്തിമക്കുട്ടിയും കെ.ടി. ജലീലും ഹോളിവുഡിലെ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ

വർഷങ്ങൾക്ക് മുമ്പ് കണ്ട ഹൈദരബാദിലെ രാമോജി ഫിലിം സിറ്റിയുടെ ഓർമ്മകളുമായാണ് താമസ സ്ഥലത്ത് നിന്ന് ഞങ്ങൾ രാവിലെ 8.30 ന് പുറപ്പെട്ടത്. നേരത്തെ എത്തിയത് കൊണ്ടാകണം ആൾത്തിരക്ക് കുറവായിരുന്നു. ഓരോ സ്ഥലത്തും ഒരുക്കിയിരുന്ന കാഴ്ചകൾ കണ്ട് ശരിക്കും വിസ്മയിച്ചു. മനുഷ്യൻ വിനോദത്തെ എത്രമാത്രമാണ് പ്രണയിക്കുന്നതെന്ന് ഉച്ചയോടെ സ്റ്റുഡിയോയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം വിളിച്ച് പറഞ്ഞു. സ്റ്റുഡിയോ സന്ദർശനമാണ് യൂണിവേഴ്‌സലിലെ ഏറ്റവും ആകർഷണീയമായ കാഴ്ച. അമേരിക്കയിലെ വൻ നഗരങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബഹുനില കെട്ടിടങ്ങൾ, കടൽ, നദി, വിമാനത്താവളം, തെരുവുകൾ, തകർന്ന് വീണ വിമാനം, വിമാനം വീണ് നിലംപരിശായ വീടുകൾ, കെട്ടിടങ്ങൾ, ജുറാസിക് പാർക്ക് എന്ന സിനിമക്കായി ഒരുക്കിയ സെറ്റ്, കൃത്രിമ മഴ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ അങ്ങിനെ സർവതും എത്ര വിശ്വസനീയമായാണ് അവിടെ ഒരുക്കപ്പെട്ടിരിക്കുന്നതെന്നോ? പറഞ്ഞാൽ വിശ്വാസം വരാത്ത വിധമാണ് അതിന്റെ പരിപൂർണ്ണത (Perfection). സിനിമകളിൽ കാണുന്ന അനുസരണയുള്ള പക്ഷിമൃഗാദികൾക്ക് പരിശീലനം നൽകുന്നത് വേറൊരു വേറിട്ട കലാവിരുന്നാണ്.

യൂണിവേഴ്‌സിൽ സംവിധാനിച്ചിരിക്കുന്ന ഹാരിപ്പോട്ടർ വില്ലേജ്, കാണികളെ അൽഭുത പരതന്ത്രരാക്കും. ഏഴ് വോളിയങ്ങളായി എഴുതപ്പെട്ട് എട്ട് സിനിമകൾക്ക് വിഷയമായ പ്രമേയമാണ് കോടിക്കണക്കിന് കുട്ടികളെയും മുതിർന്നവരെയും ആകർഷിച്ച "ഹാരിപ്പോട്ടറി'ലേത്. ലോകത്ത് ആ സിനിമകളും പുസ്തകങ്ങളും ചെലുത്തിയ സ്വാധീനത്തിന്റെ ആഴം എന്തുമാത്രമാണെന്ന് ദ്യോതിപ്പിക്കുന്നതാണ് വില്ലേജിലെ ഓരോ മുക്കും മൂലയും. ഇവിടുത്തെ ജനബാഹുല്യം പറഞ്ഞറിയിക്കാനാവില്ല. ഹാരിപ്പോട്ടർ വില്ലേജിലെ മാന്ത്രിക വിദ്യാ കേന്ദ്രം അൽഭുതങ്ങളുടെ കലവറയാണ്. അവിടുത്തെ റൈഡിൽ പങ്കെടുത്താൽ ഹാരിപ്പോട്ടറുടെ കൂടെ പ്രേതങ്ങളും പിശാചുക്കളും ദിനോസറുകളും ദുർമന്ത്രവാദികളും നിറഞ്ഞ വഴികളിലൂടെ പക്ഷികളെപ്പോലെ പറന്ന് ലക്ഷ്യസ്ഥാനത്തെത്താം. ഏതോ ഒരു മാന്ത്രിക ലോകത്ത് എത്തിപ്പെടുകയും പുറത്ത് കടക്കുകയും ചെയ്ത പോലെ തോന്നും ഹാരിപ്പോട്ടർ വില്ലേജിൽ നിന്ന് പടിയിറങ്ങുമ്പോൾ.

സാന്റെ മോണിക്കയിലെ പ്രശസ്തമായ ഹോളിവുഡ് സൈനിന്

ലോസ് ഏഞ്ചൽസിലെ രണ്ടാം ദിവസം നേരെ പോയത് സാന്റെ മോണിക്ക മലനിരകളിൽ സ്ഥാപിച്ചിട്ടുള്ള ഹോളിവുഡ് സൈൻ കാണാനാണ്. അവിടെയെത്തുന്ന ടൂറിസ്റ്റുകൾ മലമുകളിൽ വലിയ അക്ഷരത്തിൽ ഹോളിവുഡ് എന്ന് ഇംഗ്ലീഷിൽ സ്ഥാപിച്ച അക്ഷരങ്ങൾ ഉൾപ്പെടുത്തി ഫോട്ടോ എടുക്കലും സമയം ചെലവിടലും രസമായി കാണുന്നവരാണ്. നഗരത്തിൽ എങ്ങോട്ട് തിരിഞ്ഞാലും സിനിമയുടെ ലോകങ്ങളാണ്. ഓസ്‌കാർ നടക്കാറുള്ള ഡോൾബി തിയ്യേറ്ററും യാത്രക്കിടെ കാണാനിടയായി. സിനിമാ രംഗത്തെ ലോക പ്രശസ്തരായ പ്രമുഖരുടെ പേരുകൾ നടപ്പാതയിൽ നക്ഷത്രങ്ങളിൽ എഴുതിവെച്ച തെരുവിലും ഞങ്ങൾ പോയി. പലരും തങ്ങൾക്കിഷ്ടപ്പെട്ട പേരുകൾക്കരികെ നിന്ന് ഫോട്ടോ എടുക്കുന്നത് ദൃഷ്ടിയിൽ പെട്ടു. സിനിമാ വ്യവസായത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമായിരുന്നിട്ട് കൂടി ഹോളിവുഡ് പുലർത്തുന്ന പക്വതയും പാകതയും എടുത്തുപറയേണ്ടതാണ്.
ലോസ് ഏഞ്ചൽസിലെ ലോംഗ് ബീച്ചിലുള്ള പസഫിക്ക് അക്വാറിയത്തിൽ ഒരിക്കിയിരിക്കുന്ന അലങ്കാര മൽസ്യങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും മനോഹരമായ പവിഴപ്പുറ്റുകളും സന്ദർശകരെ ആനന്ദത്തിലാഴ്ത്തും. വൈകുന്നേരം അർവൈനിലെ ചില മലയാളി സുഹൃത്തുകളെയും കണ്ടാണ് ഹോട്ടലിലേക്ക് മടങ്ങിയത്.

ഡമോക്രാറ്റുകൾക്ക് നല്ല സ്വാധീനമുള്ള കാലിഫോർണിയ സ്റ്റേറ്റിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ മുനിസിപ്പൽ തലങ്ങളിലും കാണാനാകും. ലോക പ്രശസ്തമായ നിരവധി കമ്പനികളുടെ ആസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത് കാലിഫോർണിയായിലെ സിലിക്കൺ വാലിയിലാണ്. ഇന്ത്യയിലും അറേബ്യൻ നാടുകളിലും കാണാത്ത ഒരുപാട് സവിശേഷതകളാണ് അമേരിക്കയുടെ ഈ ഫെഡറൽ സ്റ്റേറ്റിലൂടെയുള്ള സഞ്ചാരത്തിനിടയിൽ അനുഭവിച്ച് അറിഞ്ഞത്.

കെ.ടി. ജലീൽ, വിനോദ് നാരായണൻ

ഒരു സ്വകാര്യ സന്ദർശനത്തിനാണ് ഭാര്യാ സമേതം സാൻഫ്രാൻസിസ്‌കോയിൽ എത്തിയത്. സിലിക്കൺ വാലിയിൽ ജോലി ചെയ്യുന്ന മകൾ അസ്മാ ബീവിയും മരുമകൻ അജീഷും കൂടെ കൊച്ചുമകൻ അസ്ലാനും രണ്ടാഴ്ച നീണ്ട യാത്രയിൽ ഞങ്ങളോടപ്പമുണ്ടായിരുന്നു. യാത്രക്കിടയിൽ ബല്ലാത്തപഹയൻ എന്ന വിനോദ് നാരായണനെയും കണ്ടു. പരന്ന വായനയുടെ ഗുണഗണങ്ങൾ പ്രകടമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തിൽ. കൊണ്ടും കൊടുത്തമുള്ള സംസാരം ഒരുപാട് നീണ്ടു. പഠിക്കാനും പകർത്താനും ഉതകിയ യാത്രക്കാണ് തൽക്കാലം വിരാമമാകുന്നത്. നാളെ നാട്ടിലേക്ക് തിരിക്കും. മനുഷ്യൻ എന്ന മഹാ സത്യത്തെ കുറച്ചു കൂടി അടുത്തറിയാൻ 20 ദിനങ്ങൾക്കായി എന്ന കൃതാർത്ഥതയോടെയാണ് മടക്കം.

പുസ്തകങ്ങളുടെ താളുകളിൽ നിന്ന് ചരിത്രത്തിന്റെ നേർസാക്ഷ്യത്തിലേക്കുള്ള പ്രയാണം സുന്ദരമാണ്. ഭൂമിയിലൂടെ യഥേഷ്ടം സഞ്ചരിക്കാൻ വേദഗ്രന്ഥങ്ങൾ പറഞ്ഞത് വെറുതെയല്ല. ആദി ഗുരുക്കൻമാരാരും അവർ കൊണ്ടുവന്ന ദർശനങ്ങളുടെയും സംസ്‌കാരങ്ങളുടെയും പേരിൽ പരസ്പരം തള്ളിപ്പറയുകയോ വിമർശിക്കുകയോ കലഹിക്കുകയോ ചെയ്തിട്ടില്ലല്ലോ? പിന്നെയെന്തിന് അവരുടെ അനുയായികൾ വിവിധ ജീവിത രീതികളെച്ചൊല്ലി തലതല്ലിച്ചാകണം? കണ്ണും മനസ്സും തുറന്നുവെച്ചുള്ള ഓരോ യാത്രയും മനുഷ്യനെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലോകത്താണ് എത്തിക്കുക. എല്ലാ ചിന്തകളുടെ വഴികളും അവസാനിക്കുന്ന ബിന്ദുവാണത് എന്ന് തിരിച്ചറിയാൻ കഴിയുന്നേടത്താണ് മനുഷ്യന്റെ ആത്യന്തിക വിജയം. അവിടെ ഞാനും നീയുമില്ല. ഞങ്ങളും നിങ്ങളുമില്ല. അവരും ഇവരുമില്ല. നമ്മൾ മാത്രം.

Comments