ദാരിദ്ര്യത്തിന്റെ കൊടുമുടി,
ക്ലീൻ തെരുവുകൾ

അമ്പതു കൊല്ലം മുമ്പ് കേരളത്തിൽ കണ്ടിരുന്ന പോലുള്ള പീടികത്തിണ്ണകളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും. പക്ഷെ ദാരിദ്ര്യത്തിന്റെ കൊടുമുടിയിലും നല്ല വൃത്തിയോടെ ജീവിക്കുന്ന ആളുകൾ. തെരുവുകളിൽ അഴുക്കോ ദുർഗന്ധമോ വിരളം; ഷാജഹാൻ മാടമ്പാട്ട് എഴുതുന്ന എത്യോപ്യ- നൈജീരിയ യാത്ര തുടരുന്നു.

എത്യോപ്യ- നൈജീരിയ യാത്ര:
ഭാഗം: രണ്ട്

ഡിസ് അബാബയിൽ നിന്ന് വടക്കോട്ടോ തെക്കോട്ടോ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന ഉപദേശം ലഭിച്ചിരുന്നുവെങ്കിലും പോകാനുള്ള മോഹം കലശൽ. ഒരാഴ്ച മുമ്പുതന്നെ വടക്കൻ എത്യോപ്യയിലേക്കൊരു മുഴുദിന പരിപാടി ബുക്ക് ചെയ്തിരുന്നു. സമയം കുറവായതിനാൽ പരമാവധി നന്നായി വിനിയോഗിക്കണമെന്ന് ആദ്യമേ തീരുമാനിച്ചു.

ചരിത്രപ്രസിദ്ധമായ ദെബ്രെ ലിബാനോസ് സന്യാസിമഠം, പോർച്ചുഗീസ് പാലം, ജെമ്മ മലയിടുക്ക് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കാനുള്ളത്. ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്. രാവിലെ തന്നെ തയ്യാറായി കാത്തുനിന്നു. ഏഴരയ്ക്ക് വരാമെന്നുപറഞ്ഞ വണ്ടി ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. ചെറിയ ബസിലാണ് പോകുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും വന്നത് ഒരു ജീപ്പാണ്. ആകെ ഞാനും ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഇഡ്ക്ക പല്ലോവ എന്ന യുവ ഡോക്ടറും മാത്രം. അവർ ഒറ്റക്ക് ആഫ്രിക്ക കറങ്ങാൻ വന്നതാണ്. പിന്നെ ഡ്രൈവറും ഗൈഡും.

എത്യോപ്യൻ കാപ്പി ലോകോത്തരമാണ് എന്നാണ് പറയുന്നത്. ചെറിയ കടയിൽ പലകയിലിരുന്നാണ് കാപ്പികുടി. Photo: teckman / flickr
എത്യോപ്യൻ കാപ്പി ലോകോത്തരമാണ് എന്നാണ് പറയുന്നത്. ചെറിയ കടയിൽ പലകയിലിരുന്നാണ് കാപ്പികുടി. Photo: teckman / flickr

എത്യോപ്യൻ കാപ്പിയിൽ മുങ്ങി…

പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എത്യോപ്യൻ കാപ്പി കുടിക്കാൻ ഒരു കൊച്ചു പട്ടണത്തിൽ നിർത്തി. ലോകത്തെ പ്രധാന കാപ്പി ഉല്പാദനരാജ്യമാണ് എത്യോപ്യ. എത്യോപ്യൻ കാപ്പി ലോകോത്തരമാണ് എന്നാണ് പറയുന്നത്. ഒരു ചെറിയ കടയിൽ പലകയിലിരുന്നാണ് കാപ്പികുടി. പൊതുവെ കാപ്പിയോട് വലിയ താല്പര്യമില്ലാത്ത ആളാണ് ഞാൻ. എത്യോപ്യൻ പാരമ്പര്യ കാപ്പി ഒരു കോപ്പ രുചിച്ചതോടെ ഞാൻ കാപ്പിക്കാര്യത്തിൽ മതപരിവർത്തനത്തിന് വിധേയനായി. ഉണർവും ഉന്മേഷവും പകരുന്ന, നാവിൽ രുചിയുടെ പൂത്തിരി കത്തിക്കുന്ന ഒന്നാന്തരം കാപ്പി. ചെറിയ കോപ്പയിലാണ് കിട്ടുക. ഒന്നുകൂടി വേണമെന്ന് ആവശ്യപ്പെട്ടു. പാലില്ലാത്ത കടുപ്പമുള്ള കട്ടൻ കാപ്പി. സ്വാദൊന്നു വേറെ തന്നെ. തിരിച്ചുവരുമ്പോൾ ആഡിസ് വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ കാപ്പിപ്പൊടി വാങ്ങാൻ മറന്നില്ല.

യാത്ര തുടരവേ പതുക്കെ പതുക്കെ ദൂരത്ത് മലകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വന്മലകളല്ല, ഇടത്തരം കുന്നിൻപുറങ്ങൾ. നല്ല പച്ചപ്പുള്ള രാജ്യമാണ് എത്യോപ്യ. Photo: LeviandRachel /  flickr
യാത്ര തുടരവേ പതുക്കെ പതുക്കെ ദൂരത്ത് മലകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വന്മലകളല്ല, ഇടത്തരം കുന്നിൻപുറങ്ങൾ. നല്ല പച്ചപ്പുള്ള രാജ്യമാണ് എത്യോപ്യ. Photo: LeviandRachel / flickr

വീണ്ടും യാത്ര തുടരവേ പതുക്കെ പതുക്കെ ദൂരത്ത് മലകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വന്മലകളല്ല, ഇടത്തരം കുന്നിൻപുറങ്ങൾ. നല്ല പച്ചപ്പുള്ള രാജ്യമാണ് എത്യോപ്യ. നാട്ടിൻപുറങ്ങളിലും ചെറു പട്ടണങ്ങളിലും ദാരിദ്ര്യത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണാം. ദൈന്യഭാവത്തോടെ തെരുവോരങ്ങളിൽ അലയുന്ന കുട്ടികളെ എല്ലായിടത്തും കണ്ടു. അതേസമയം സമ്പന്നതയുടെ വൻ കെട്ടുകാഴ്ചകളും പ്രത്യക്ഷപ്പെടാറുണ്ട്, മറ്റു രാജ്യങ്ങളിൽ. എത്യോപ്യയിലെവിടെയും അത് ശ്രദ്ധയിൽ പെട്ടില്ല, തലസ്ഥാനത്തൊഴികെ. അമ്പതു കൊല്ലം മുമ്പ് കേരളത്തിൽ കണ്ടിരുന്ന പോലുള്ള പീടികത്തിണ്ണകളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും. പക്ഷെ ദാരിദ്ര്യത്തിന്റെ കൊടുമുടിയിലും നല്ല വൃത്തിയോടെ ജീവിക്കുന്ന ആളുകൾ. തെരുവുകളിൽ അഴുക്കോ ദുർഗന്ധമോ വിരളം.

വിനയാന്വിതനായ ഒരു സന്യാസി

പത്തര മണിയോടെ ദെബ്രെ ലിബാനോസ് സന്യാസിമഠത്തിലെത്തി. ടെക്കിൽ ഹേമനോട്ട് എന്ന പുണ്യാളൻ 1284- ൽ സ്ഥാപിച്ചതാണിത്. ടെക്കിൽ ഹേമനോട്ട് എത്യോപ്യയിലെ ക്രിസ്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളിൽ ഉൾപ്പെടുന്നു. എത്യോപ്യക്കു പുറത്തും വലിയ തോതിൽ ഇന്നും ആദരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതം ജ്ഞാനാർജ്ജനത്തിന്റെയും പരിത്യാഗത്തിന്റെയും ഉദാത്ത മാതൃകയായാണ് വിവരിക്കപ്പെടുന്നത്. സന്യാസിമഠങ്ങൾ മിക്ക സ്ഥലങ്ങളിലും ഒന്നുകിൽ ആരും തിരിഞ്ഞുനോക്കാത്ത ചരിത്രാവശിഷ്ടങ്ങളായോ അല്ലെങ്കിൽ വെറും വിനോദസഞ്ചാരകേന്ദ്രങ്ങളായോ കാലക്രമേണ മാറാറാണ് പതിവ്. ദെബ്രെ ലിബാനോസ് പക്ഷെ ഇപ്പോഴും സജീവത പുലർത്തുന്ന ജനപ്രിയതയുള്ള ദേവാലയമാണ്. നോമ്പിന്റെ കാലം കൂടിയായതിനാൽ ഞങ്ങൾ ചെല്ലുമ്പോൾ നൂറുകണക്കിനാളുകൾ പ്രാർത്ഥനാനിരതരായി അകത്തും പുറത്തും ഉണ്ടായിരുന്നു. ഞങ്ങളെ കൊണ്ടുനടന്നു കാണിച്ച 'സന്യാസി' തന്റെ വിനയം കൊണ്ടും അറിവു കൊണ്ടും വിസ്മയിപ്പിച്ചു.

ദെബ്രെ ലിബാനോസ് ദേവാലയം. ടെക്കിൽ ഹേമനോട്ട് 1284- ൽ സ്ഥാപിച്ചതാണിത്. ടെക്കിൽ ഹേമനോട്ട് എത്യോപ്യയിലെ ക്രിസ്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളാണ്.
ദെബ്രെ ലിബാനോസ് ദേവാലയം. ടെക്കിൽ ഹേമനോട്ട് 1284- ൽ സ്ഥാപിച്ചതാണിത്. ടെക്കിൽ ഹേമനോട്ട് എത്യോപ്യയിലെ ക്രിസ്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളാണ്.

കേരളത്തിലെ ഓർത്തോഡോക്സ് സഭകളെപ്പറ്റിയും ഓർത്തോഡോക്സ് സഭകൾക്ക് കത്തോലിക്കരെപ്പോലെ ഒരു കേന്ദ്രനേതൃത്വം ലോകതലത്തിൽ ഇല്ലാത്തതിന്റെ കാരണങ്ങളെക്കുറിച്ചും ക്രൈസ്തവ മിസ്റ്റിസിസത്തിന്റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. പിരിയാൻ നേരത്ത് അദ്ദേഹത്തിന് ഒരു ചെറിയ ഒരു തുക ഞാൻ സമ്മാനമായി നീട്ടി. നന്ദിയോടെ അദ്ദേഹം അത് നിരസിച്ചു​; "നിങ്ങളുടെ സന്ദർശനത്തിന് ഒരു ചെറിയ തുക ഞങ്ങൾ ഒരു സ്ഥാപനമെന്ന നിലയ്ക്ക് ഈടാക്കുന്നുണ്ട്. നിങ്ങളുടെ ടൂർ കമ്പനി അത് നല്കിയിട്ടുണ്ടാകും. അതല്ലാതെ ഞങ്ങളാരും ഒന്നും വാങ്ങില്ല. എല്ലാ ഭൗതികതാല്പര്യങ്ങളും വലിച്ചെറിഞ്ഞ് സന്യാസം സ്വീകരിച്ച ഞങ്ങൾക്കെന്തിനാണ് പണം?", അദ്ദേഹം വിനയത്തോടെ പറഞ്ഞുനിർത്തി. ആൾദൈവങ്ങളെന്ന കാട്ടുകള്ളന്മാരെ ധാരാളം കാണുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന അമ്പരപ്പോടെയാണ് ഞങ്ങൾ അദ്ദേഹത്തോട് വിട പറഞ്ഞത്.

എത്യോപ്യക്കാർ നിർമിച്ച
പോർച്ചുഗീസ് പാലം

മഠത്തിൽ നിന്നിറങ്ങി ഞങ്ങൾ പോയത് തൊട്ടടുത്തുള്ള മലമുകളിലേക്കാണ്. അവിടെനിന്ന് നോക്കുമ്പോൾ പരന്നുകിടക്കുന്ന ജെമ്മ മലയിടുക്കിന്റെ വിശാല ദൃശ്യം കാണാം. അതിന് നടുവിൽ ജെമ്മ നദിയും. നദിയിൽ വെള്ളം നൂലുപോലെ മാത്രമേയുള്ളൂ. അമേരിക്കയിലെ ഗ്രാൻഡ് കാന്യനുമായി ഈ മലയിടുക്കിനെ പലയിടത്തും താരതമ്യം ചെയ്തു കണ്ടു. ഗ്രാൻഡ് കാന്യൻ നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ താരതമ്യം ശരിയാണോ എന്നറിയില്ല. മലകൾക്കിടയിൽ ആഴത്തിൽ പരന്നുകിടക്കുന്ന ഹരിതാഭമായ സ്ഥലമാണ് ജെമ്മ. വേണമെങ്കിൽ താഴേക്ക് നടന്നുപോകാം. തിരിച്ചുകയറുന്നത് ക്ലേശകരമാവുമെന്ന് തോന്നിയതിനാൽ ദൂരക്കാഴ്ച മതിയെന്ന് തീരുമാനിച്ചു. അവിടെനിന്ന് ചെങ്കുത്തായ മലമ്പാതയിലൂടെ താഴോട്ടുനടക്കണം പോർച്ചുഗീസ് പാലം കാണാൻ. പേര് പോർച്ചുഗീസ് പാലം എന്നാണെങ്കിലും അത് നിർമിച്ചത് എത്യോപ്യക്കാരാണ്.

17ാം നൂറ്റാണ്ടിൽ അബ്ബയ് നദിക്കു​കുറുകെ നിർമിച്ച ഈ പാലം ശ്രദ്ധേയമാവുന്നത് അതിന്റെ നിർമ്മാണ വിദ്യയും സാമഗ്രികളും മൂലമാണ്. കല്ലും കുമ്മായവുമാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്.

17ാം നൂറ്റാണ്ടിൽ അബ്ബയ് നദിക്കു​കുറുകെ നിർമിച്ച പാലം. നിർമ്മാണ വിദ്യയും പണിയാനുപയോഗിച്ച സാമഗ്രികളുമാണ് പാലത്തെ വേറിട്ടതാക്കുന്നത്. Photo: Babel
17ാം നൂറ്റാണ്ടിൽ അബ്ബയ് നദിക്കു​കുറുകെ നിർമിച്ച പാലം. നിർമ്മാണ വിദ്യയും പണിയാനുപയോഗിച്ച സാമഗ്രികളുമാണ് പാലത്തെ വേറിട്ടതാക്കുന്നത്. Photo: Babel

പാലനിർമിതിക്കുപിന്നിൽ പ്രചുരപ്രചാരം സിദ്ധിച്ച ഒരൈതിഹ്യമുണ്ട്. 17-ാം നൂറ്റാണ്ടിൽ ഭരിച്ച ഫാസിലൈഡ്സ് ചക്രവർത്തി വിഷയാസക്തിക്ക് പുകൾപെറ്റ ആളായിരുന്നു. പരശ്ശതം വെപ്പാട്ടിമാർ അദ്ദേഹത്തിന്റെ അന്തഃപുരത്തിൽ ചക്രവർത്തിയുടെ കടാക്ഷം തങ്ങൾക്കുമേൽ വീഴുന്ന സുദിനവും കാത്ത് കഴിഞ്ഞു. ചക്രവർത്തിയെ ഉപദേശിക്കേണ്ട പുരോഹിതരാകട്ടെ രാജകോപം ഭയന്ന് മൗനം ദീക്ഷിച്ചു. തന്റേടിയായ ഒരു സന്യാസി പക്ഷെ ഗോണ്ടറിലെ കൊട്ടാരത്തിലെത്തി രാജാവിനെ വിമർശിച്ചു. രോഷാകുലനായ ഫാസിലൈഡ്സ് അയാളെ വധിച്ചു. മറ്റു പുരോഹിതന്മാരും സന്യാസികളും പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ചു. കൊല്ലപ്പെട്ട സന്യാസിയുടെ ഉടലറ്റ തല ചിറകു വിരിച്ച് സ്വർഗ്ഗത്തിലേക്ക് പറന്നുപോകുന്നത് കണ്ടതായി അവർ അവകാശപ്പെട്ടു. രാജാവിന് ഭ്രഷ്ട് കൽപ്പിക്കാൻ അവർ ആഹ്വാനം ചെയ്തു. കുപിതനായ രാജാവ് അവരെയും കാലപുരിക്കയച്ചു. പക്ഷെ, കുറച്ചുകാലം കഴിഞ്ഞപ്പോൾ കടുത്ത പശ്ചാത്താപം അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. സന്യാസഘാതകന് പാപമോക്ഷം നൽകാൻ സമശീർഷനായ മറ്റൊരു സന്യസിക്കേ കഴിയൂ. അങ്ങനെയൊരാളെ കാണാതെ അലഞ്ഞുതിരിഞ്ഞ ഫാസിലൈഡ്സ് ദൂരെ സിമിയൻ മലയിൽ ധ്യാനനിമഗ്നയായി കഴിയുന്ന ഒരു സന്യാസിനിയെപ്പറ്റി കേട്ടു. പാപമോക്ഷം നൽകുന്നതിനുപകരം തന്റെ നാട്ടിലേക്ക് തിരിച്ചുപോയി പാവപ്പെട്ടവർക്കുള്ള കുടിവെള്ളവുമായി നടക്കുന്ന ഒരു അടിമസ്ത്രീയെ കാണാനാണ് നിർദ്ദേശിച്ചത്. തന്റെ ചക്രവർത്തി തനിക്കുമുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്നതിൽ വിഷമം തോന്നിയ അടിമസ്ത്രീ അദ്ദേഹത്തോട് പറഞ്ഞു: "പാപമോചനം നൽകാൻ ദൈവത്തിനു മാത്രമേ കഴിയൂ. പുഴക്കപ്പുറമുള്ള വഴികൾ ദുർഘടമാണ്. ആളുകൾക്ക് സുഗമമായി കടന്നുപോകാൻ നല്ലൊരു പാലം പണിയുക. പാലം കടക്കുന്ന ഓരോരുത്തരും ദൈവം ഫാസിലൈഡ്സ് ചക്രവർത്തിക്ക് മോക്ഷം നൽകട്ടെ എന്ന് പ്രാർത്ഥിക്കണമെന്ന് ഒരുത്തരവുമിറക്കുക. അത്രയേറെ ആളുകളുടെ പ്രാർത്ഥനയെ ദൈവത്തിനെങ്ങനെ അവഗണിക്കാനാവും?"
ഇതുകേട്ട രാജാവ് പാലം പണിതുവെന്നാണ് കഥ. പാലത്തിന് തൊട്ടു താഴെ ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. വെള്ളം കുറവായതിനാൽ വെള്ളച്ചാട്ടമെന്നൊന്നും പറഞ്ഞുകൂടാ. ഈ സ്ഥലത്ത് സാധാരണ ഗതിയിൽ ബബൂൺ കുരങ്ങുകളുടെ സാന്നിധ്യമുണ്ടാവുമെന്നാണ് കേട്ടിട്ടുള്ളത്. ഞങ്ങൾ ചെന്നപ്പോൾ ഒരു കുരങ്ങു പോലുമില്ല. ഒന്ന് കണ്ണാടിയിൽ നോക്കാൻ കണ്ണാടിയും കയ്യിലില്ല.

കാണേണ്ട മറ്റൊരു ശ്രദ്ധേയമായ സ്ഥലം, അടുത്തുള്ള ഒരു ഗുഹാദേവാലയമാണ്. താഴോട്ട് നടന്നുനടന്ന് ഒരു ഗുഹയിൽ പ്രവേശിച്ചുവേണം ആ പള്ളിയിലെത്താൻ. നിർഭാഗ്യവശാൽ ഞങ്ങൾ ചെന്ന സമയത്ത് വിനോദസഞ്ചാരികൾക്ക് അനുവാദമില്ല. പ്രാർത്ഥനാചടങ്ങുകൾ നടക്കുകയാണ്. ഭക്തിയുടെ നിറവിലേക്ക് വിനോദസഞ്ചാരികൾ കടന്നുവരരുതെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. അകത്തു കയറണമെങ്കിൽ രണ്ടു മണിക്കൂറെങ്കിലും കാത്തുനിൽക്കണം. ഇരുട്ടാവുമ്പോഴേക്ക് തിരിച്ച് ആഡിസ് അബാബയിൽ എത്തണമെന്ന് നിർബന്ധമുള്ളതിനാൽ മനസ്സില്ലാമനസ്സോടെ വേണ്ടെന്നുവച്ചു. രാത്രി യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. ഗോത്രസംഘർഷങ്ങൾ നടക്കുന്ന പ്രദേശങ്ങളാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് കുറെ വിദേശസഞ്ചാരികളെ ബന്ദികളാക്കിയെന്നു കേട്ടിരുന്നു. എത്യോപ്യയിൽ ഒറോമി അംഹാരി തീവ്രവാദികളുടെ നിർബന്ധ ആതിഥ്യം സ്വീകരിക്കേണ്ടിവരുന്നത് അത്ര സുഖകരമാവില്ല.

രാത്രി എട്ടുമണിയോടെ ഹോട്ടലിൽ തിരിച്ചെത്തി. രാവിലെ മുതൽ തിരിച്ചെത്തുന്നതുവരെ സഹയാത്രികയുമായി നിരന്തരസംഭാഷണം. ഇഡ്ക്ക ഇന്റർനൽ മെഡിസിനിൽ എം.ഡിയുള്ള ഡോക്ടറാണ്. പ്രാഗിൽ ഒരാസ്പത്രിയിൽ ജോലി ചെയ്യുന്നു. ഒറ്റക്ക് ലോകം കറങ്ങുന്നതാണ് ഇഷ്ടവിനോദം. മെഡിസിനുപുറത്തുള്ള കാര്യങ്ങളും നല്ല ധാരണയുണ്ട്. മിലാൻ കുന്ദേരയെയും വാക്ലാവ് ഹാവലിനെയുമൊക്കെ വായിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അവർക്ക് സന്തോഷം.

കാണേണ്ട മറ്റൊരു ശ്രദ്ധേയമായ സ്ഥലം, ഗുഹാദേവാലയമാണ്. താഴോട്ട് നടന്നുനടന്ന് ഒരു ഗുഹയിൽ പ്രവേശിച്ചുവേണം ആ പള്ളിയിലെത്താൻ. Photo: Mariusz / flickr
കാണേണ്ട മറ്റൊരു ശ്രദ്ധേയമായ സ്ഥലം, ഗുഹാദേവാലയമാണ്. താഴോട്ട് നടന്നുനടന്ന് ഒരു ഗുഹയിൽ പ്രവേശിച്ചുവേണം ആ പള്ളിയിലെത്താൻ. Photo: Mariusz / flickr

യൂറോപ്പിലുടനീളം ശക്തിപ്പെടുന്ന വലതുപക്ഷരാഷ്ട്രീയം അവരെ വേവലാതിപ്പെടുത്തുന്നുണ്ട്. തന്റെ രാജ്യത്തിന്റെ കമ്യൂണിസ്റ്റ് ഭൂതകാലം അവർക്കോർമയില്ല. മാതാപിതാക്കൾ അതിനെക്കുറിച്ച് പറഞ്ഞതു വച്ചുള്ള ധാരണയേ ഉള്ളൂ. യാത്ര കഴിഞ്ഞു തിരിച്ചെത്തി എന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷമാണ് അവർ തിരിച്ച് ഹോട്ടലിലേക്ക് പോയത്. പുലർച്ചെ പുറപ്പെടുന്ന വിമാനത്തിൽ അവർക്ക് വിയന്നയിലേക്ക് പോകണം. അവിടെനിന്ന് തീവണ്ടിയിൽ പ്രാഗിലെക്കും. വിധിയുണ്ടെങ്കിൽ പ്രാഗിലോ ദുബായിലോ കാണാമെന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.

എത്യോപ്യയിൽ
ഒരു മലയാളിയുവാവ്

എത്യോപ്യയിലേക്ക് പോകാൻ തീരുമാനിച്ചതു മുതൽ ഒരാൾ എന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു. മഹാപണ്ഡിതനും ചിന്തകനും മതമൈത്രിയുടെ അപ്പോസ്തലനുമായിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ്. 1990- കളിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ധാരാളം വായിച്ചിട്ടുണ്ട്. അന്നുതന്നെ അദ്ദേഹവും ഹെയ്‌ലി സലാസി ചക്രവർത്തിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് അറിയാം. ഒരു സ്‌കൂൾ അധ്യാപകനായി എത്യോപ്യയിലെത്തിയ പോൾ വർഗീസ് എന്ന മലയാളിയുവാവിന്റെ അറിവും കഴിവും ചക്രവർത്തിയുടെ ശ്രദ്ധയിൽപ്പെട്ടു. അംഹാരിക്ക് ഭാഷയിൽ ഒരു കൊല്ലം കൊണ്ട് അഗാധ വ്യുല്പത്തി നേടിയ പ്രതിഭാശാലിയായ ചെറുപ്പക്കാരനെ ഹെയ്‌ലി സലാസി കൂടെക്കൂട്ടി. അംഹാരിക്ക് വ്യാകരണത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട് അദ്ദേഹം. മലയാളിയുടെ പ്രവാസചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒരധ്യായമാണ് സലാസിയും പോൾ വർഗീസും തമ്മിലുള്ള ബന്ധം. ഏതാനും കൊല്ലം കഴിഞ്ഞ് അമേരിക്കയിൽ ഉപരിപഠനത്തിനുപോയ വർഗീസ് തിരിച്ചുവന്നശേഷം ഇന്ത്യയിൽ ജോലി ചെയ്തുവരികയായിരുന്നു.

സ്‌കൂൾ അധ്യാപകനായി എത്യോപ്യയിലെത്തിയ പോൾ വർഗീസാണ് (വലത്) പിന്നീട് പൗരോഹിത്യം സ്വീകരിച്ച്  ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ആയത്.
സ്‌കൂൾ അധ്യാപകനായി എത്യോപ്യയിലെത്തിയ പോൾ വർഗീസാണ് (വലത്) പിന്നീട് പൗരോഹിത്യം സ്വീകരിച്ച് ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ആയത്.

അക്കാലത്ത്, 1956- ൽ രണ്ടാഴ്ചത്തെ ഇന്ത്യ സന്ദർശനത്തിനുവന്ന സലാസി എത്യോപ്യയിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. ആദ്യം വിസമ്മതിച്ച അദ്ദേഹം ഒടുവിൽ ചക്രവർത്തിയുടെ സ്‌നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങുകയും സലാസിയുടെ പ്രത്യേക ഉപദേഷ്ടാവായി ആഡിസ് അബാബയിൽ മൂന്നു കൊല്ലം ചെലവഴിക്കുകയും ചെയ്തു. അതിനുശേഷമാണ് പോൾ വർഗീസ് പൗരോഹിത്യം സ്വീകരിക്കുന്നത്. വിമോചനദൈവശാസ്ത്രത്തോട് അടുത്തു നിൽക്കുന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹം എല്ലാ കാര്യത്തോടും പുലർത്തിയിരുന്നത്. ആസ്ട്രേലിയൻ പ്രധാനമന്ത്രിയെ ആ നാട്ടിലെ ആദിവാസികളോടുള്ള സമീപനത്തിന്റെ പേരിൽ വേദിയിലിരുത്തി ഒരിക്കൽ അദ്ദേഹം വിമർശിച്ചു. ദലിത്- ആദിവാസി അവകാശങ്ങൾ, മതമൈത്രിയും മതാന്തരസഹവർത്തിത്വവും, ക്രൈസ്തവസഭകൾ തമ്മിലുള്ള സഹകരണം, ഇന്ത്യയിലെ മതനിരപേക്ഷതയുടെ നിർണായക പ്രാധാന്യം, കമ്യൂണിസവും ക്രൈസ്തവതയും തമ്മിലുണ്ടാവേണ്ട സഹകരണം, ശാസ്ത്രവും മതവും - ഇങ്ങനെ പല വിഷയങ്ങളിലും ചിന്തോദീപകവും പുരോഗമനപരവുമായ നിലപാടുകൾ എടുക്കുകയും അവ അഗാധമായ ദാർശനിക വ്യക്തതയോടെ അവതരിപ്പിക്കുകയും ചെയ്ത മഹാബുദ്ധിജീവിയും മനുഷ്യസ്നേഹിയുമായിരുന്നു പൗലോസ് മാർ ഗ്രിഗോറിയോസ്. സമകാലിക ഇന്ത്യയിൽ ശ്രദ്ധിച്ചുവായിക്കപ്പെടേണ്ട ഒരെഴുത്തുകാരൻ എന്നദ്ദേഹത്തെക്കുറിച്ച് ഉത്തമബോധ്യത്തോടെ പറയാം. മുഖ്യധാരാ മതമേലധ്യക്ഷന്മാരും കമ്യൂണിസ്റ്റ് നേതാക്കളും തമ്മിലുണ്ടാവേണ്ട - അഭിപ്രായാന്തരങ്ങൾ നിലനിർത്തിക്കൊണ്ട് - ഊഷ്മളബന്ധത്തിന്റെ ഏറ്റവും നല്ല കേരളീയ ഉദാഹരണമാണ്, അദ്ദേഹത്തിന് സി. അച്യുതമേനോൻ, പി. ഗോവിന്ദപ്പിള്ള, ഇ.എം. എസ് എന്നിവരുമായുണ്ടായിരുന്ന ധൈഷണികവും വ്യക്തിപരവുമായ ഇഴയടുപ്പം.

ബീഫ്, കോഴി, ഇഞ്ചേര

എത്യോപ്യയിലെ അവസാനദിവസം ജോണി എന്നെ ബിഷോഫ്തു എന്ന തടാകനഗരത്തിലേക്ക് കൊണ്ടുപോയി. ജലസമൃദ്ധസ്ഥലം എന്നാണ് വാക്കിനർത്ഥം. ആഡിസിൽ നിന്ന് 50 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. അഞ്ചു തടാകങ്ങളാണ് ബിഷോഫ്തുവിലെ ആകർഷണം. ബിഷോഫ്തു, ഹോര, ബിഷോഫ്തു ഗുഡ, കോരിഫ്തു, ചെലെക്ളക്ക എന്നിങ്ങനെയാണ് ഈ തടാകങ്ങളുടെ പേരുകൾ. വയനാട്ടിലെ പൂക്കോട്ടു തടാകം പോലെ, എന്നാൽ അതിനേക്കാൾ ചെറിയ ജലാശയങ്ങൾ. അഗ്നിപർവ്വത സ്‌ഫോടനം മൂലമുണ്ടായ ഗർത്തങ്ങളാണ് തടാകങ്ങളായി പിന്നീട് രൂപപ്പെട്ടത്. മൂന്ന് തടാകങ്ങൾ പോയിക്കാണാനേ സമയമുണ്ടായിരുന്നുള്ളൂ. അവയോടു ചേർന്ന് മനോഹരമായി രൂപകൽപന ചെയ്ത റിസോർട്ടുകളുണ്ട്.
ഉച്ചയ്ക്ക് അവയിലൊന്നിൽ പോയി പാരമ്പര്യ എത്യോപ്യൻ ആഹാരം കഴിച്ചു. എന്തു കഴിക്കണമെന്ന കാര്യം ജോണിയുടെ തീരുമാനത്തിന് വിട്ടു. ബീഫും കോഴിയും ഇഞ്ചേരയുമായിരുന്നു വിഭവങ്ങൾ. അതിന്റെ മേൽ ഒരു പുഴുങ്ങിയ മുട്ടയും. ഇഞ്ചേര എത്യോപ്യൻ ദോശയാണ്. തെഫ് എന്ന ഔഷധ ധാന്യത്തിന്റെ പുളിപ്പിച്ച മാവു കൊണ്ടാണ് ഇഞ്ചേര ഉണ്ടാക്കുന്നത്. ഇഞ്ചേരയുടെ ഔഷധഗുണമാണ് എത്യോപ്യക്കാരെ ദീർഘദൂര ഓട്ടമത്സരങ്ങളിൽ ലോകജേതാക്കളാക്കുന്നതെന്ന ഒരവകാശവാദമുണ്ട്. ആസ്വദിച്ചു കഴിച്ചു.

എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌ലെ സെലാസ്സി 1956-ൽ കേരള സന്ദർശനത്തിനിടെ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. | Twitter/ Aby Tharakan
എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌ലെ സെലാസ്സി 1956-ൽ കേരള സന്ദർശനത്തിനിടെ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. | Twitter/ Aby Tharakan

തടാകത്തിന്റെ ചാരെ പ്രകൃതിയും പക്ഷികളും മീനുകളും തന്ന ദൃശ്യഭംഗി ആവാഹിച്ചു സമയത്തെക്കുറിച്ച് ഒരു വേവലാതിയുമില്ലാതെ വെറുതെ മനോരാജ്യം കണ്ടു അങ്ങനെ ഇരിക്കുന്നത് ഉന്മേഷദായകമായിരുന്നു. ആഡിസ് അബാബയെ അപേക്ഷിച്ച് ബിഷോഫ്തുവിൽ ചൂടല്പം കൂടുതലാണ്. അസഹനീയമെന്നു പറഞ്ഞുകൂടാ താനും. എത്യോപ്യയിൽ കാലാവസ്ഥ പൊതുവെ നന്നായിരുന്നു. ഇരുട്ടുന്നതിനുമുമ്പ് പുറപ്പെട്ടു. വഴിയിൽ ഒരു ഗ്രാമപ്രദേശത്ത് വീണ്ടും ഒരു കാപ്പികുടി. കാപ്പി ഉണ്ടാക്കുന്ന പെൺകുട്ടി ഞാൻ അറബി സംസാരിക്കുമോ എന്ന് ജോണിയോട് ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോൾ അവർ ആഹ്ളാദത്തോടെ അറബിയിൽ കുശലഭാഷണം തുടങ്ങി. ആദ്യ രണ്ടു വാചകങ്ങൾ കേട്ടപ്പോൾ തന്നെ ഞാൻ ചോദിച്ചു: "ലബനോനിൽ ഉണ്ടായിരുന്നു അല്ലേ?"
അവർക്ക് അത്ഭുതം, "അതെങ്ങനെ മനസ്സിലായി?" അവർ സംസാരിച്ചത് ലബനോനിലെ സംസാരഭാഷയാണെന്ന് ഞാൻ വിശദീകരിച്ചു. "അപ്പോൾ വേറെ രാജ്യങ്ങളിൽ അറബി വ്യത്യസ്തമാണോ?"
നിഷ്കളങ്കമായ ചോദ്യത്തിന് ഞാൻ അവർക്ക് മനസ്സിലാവുന്ന വിധത്തിൽ ഉത്തരം കൊടുത്തു. അവർ മൂന്നു കൊല്ലം ബൈറൂത്തിൽ ഒരു വീട്ടിൽ ജോലി ചെയ്തിട്ടുണ്ട്. അവിടത്തെ സാമ്പത്തികനില തകർന്നപ്പോൾ തിരിച്ചുവരേണ്ടി വന്നു. ലെബനോൻ ജീവിതം നന്നായിരുന്നുവെന്നും സ്നേഹത്തോടെ ഇടപഴകുന്ന ഒരു കുടുംബത്തിലായിരുന്നു നിന്നിരുന്നതെന്നും അവരുമായി, വിശേഷിച്ചു അവരുടെ കുട്ടികളുമായി, ഇപ്പോഴും വിഡിയോകാളിൽ ഇടക്കൊക്കെ സംസാരിക്കാറുണ്ടെന്നും അവർ സന്തോഷത്തോടെ പറഞ്ഞു.

ഇഞ്ചേര എത്യോപ്യൻ ദോശയാണ്. തെഫ് എന്ന ഔഷധ ധാന്യത്തിന്റെ പുളിപ്പിച്ച മാവു കൊണ്ടാണ് ഇഞ്ചേര ഉണ്ടാക്കുന്നത്.
ഇഞ്ചേര എത്യോപ്യൻ ദോശയാണ്. തെഫ് എന്ന ഔഷധ ധാന്യത്തിന്റെ പുളിപ്പിച്ച മാവു കൊണ്ടാണ് ഇഞ്ചേര ഉണ്ടാക്കുന്നത്.

രാവിലെ ഒമ്പതുമണിക്കാണ് അബുജയിലേക്കുള്ള വിമാനം. ജോണി ആറു മണിക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്. കുറച്ചുനേരം വായിച്ചശേഷം വസ്ത്രങ്ങളെല്ലാം പെട്ടിയിൽ നിക്ഷേപിച്ച് ഉറങ്ങാൻ കിടന്നു. ഈ നഗരവും രാജ്യവും ഇനികാണുമോ എന്തോ? സാധാരണഗതിയിൽ ആഫ്രിക്കയുടെ വിനോദസഞ്ചാര ഭൂപടത്തിൽ അത്ര പ്രധാനമല്ല എത്യോപ്യ. കെനിയ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളാണ് വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. ആ രാജ്യങ്ങളിലെ വന്യമൃഗബാഹുല്യവും വിനോദസഞ്ചാര സൗഹൃദക്രമീകരണങ്ങളും അവയെ ജനപ്രിയമാക്കി. കെനിയയിൽ പലതവണ സഫാരിക്കായി പോയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഒരു വട്ടവും. സീഷെൽസ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരാഫ്രിക്കൻ രാജ്യമാണ്. മനോഹരമായ കടൽത്തീരങ്ങളും വിസ്മയിപ്പിക്കുന്ന സൗന്ദര്യമുള്ള ദ്വീപുകളും ആ രാജ്യത്തെ സഞ്ചാരഭൂപടത്തിൽ കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്നു. ഏറ്റവും ചെലവേറിയ ഒരു രാജ്യമാണ് സീഷെൽസ്. ഞങ്ങൾ കുടുംബസമേതം അവിടെ കുറച്ചുദിവസം ചെലവഴിച്ചിട്ടുണ്ട്. റിഷാലാണ് ആ യാത്രയും ഏർപ്പാട് ചെയ്തത്. ആകെ ഒരു ലക്ഷത്തിൽ കുറവാണ് അവിടത്തെ ജനസംഖ്യ.

(തുടരും)


Summary: ethiopian travel series shajahan madampat 2


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments