നൈജീരിയയിലെ രാഷ്ട്രീയനേതാവും ബിസിനസുകാരനുമായ ചുഡാബോ ബാബ്ബി തിജാനിയുടെ വീട്ടിൽ സുഹൃത്ത് അൻവർ ആലത്തിനൊപ്പം ഷാജഹാൻ മാടമ്പാട്ട്‌

മനുഷ്യപ്പറ്റുള്ള നൈജീരിയയിലെ ആദ്യദിവസം

സ്വാദേറിയ ആഹാരവും നീണ്ട സംഭാഷണവും കഴിഞ്ഞു സർവ്വകലാശാലയിലേക്ക് മടങ്ങുമ്പോൾ നൈജീരിയയിലെ ആദ്യദിവസം അർത്ഥപൂർണവും വിവരസമ്പന്നവുമായതിന്റെ സന്തോഷം. വീട്ടിലെത്തി ബാബ്ബി തന്ന ഉപഹാരം തുറന്നുനോക്കി. വിലപിടിപ്പുള്ള ഒരു സുഗന്ധക്കുപ്പിയും ഒരു ലക്ഷം നൈജീരിയൻ നൈറയും. പണം തന്നത് എന്നെ ഒന്നമ്പരപ്പിച്ചു. - ഷാജഹാൻ മാടമ്പാട്ട് എഴുതുന്ന എത്യോപ്യ- നൈജീരിയ യാത്ര തുടരുന്നു.

അധ്യായം മൂന്ന്

നാലര മണിക്കൂർ നീണ്ട പറക്കലിനൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിമാനം അബുജയിൽ ഇറങ്ങി. ചൂട് സാമാന്യം ശക്തമാണ്. ഇമ്മിഗ്രേഷനിൽ എത്തിയപ്പോൾ മുതൽ ഒരാഴ്ച കഴിഞ്ഞു മടങ്ങുന്നത് വരെ ഒരു കാര്യം ശ്രദ്ധിച്ചു. എല്ലാ ജോലിക്കും ആവശ്യത്തിൽ കൂടുതൽ ആളുണ്ട്.

ഇമ്മിഗ്രേഷനിൽ ആദ്യം ഒരാൾ പാസ്സ്‌പോർട്ട് വാങ്ങി എന്തോ പരിശോധന നടത്തുന്നു. അത് കഴിഞ്ഞു അടുത്തിരിക്കുന്ന സഹപ്രവർത്തകന് കൈമാറുന്നു. അയാളും തിരിച്ചും മറിച്ചുമൊക്കെ നോക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു ആദ്യത്തെ ആൾ ചോദിച്ചു: ‘ഞങ്ങൾക്ക് എന്താണ് സമ്മാനം കൊണ്ടുവന്നിട്ടുള്ളത്?’ ഞാൻ പറഞ്ഞു: ‘സ്നേഹം മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ.’ നിന്റെ സ്നേഹം ആർക്ക് വേണം എന്ന ഭാവത്തിൽ രണ്ടാമത്തവൻ പച്ചയായി കാര്യം പറഞ്ഞു. ‘കുറച്ച് നമസ്തേ തരൂ.’ നമസ്തെയോ അതെന്താ എന്ന് ഞാൻ.

നാലര മണിക്കൂർ നീണ്ട പറക്കലിനൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിമാനം അബുജയിൽ ഇറങ്ങി. ചൂട് സാമാന്യം ശക്തമാണ്.
നാലര മണിക്കൂർ നീണ്ട പറക്കലിനൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിമാനം അബുജയിൽ ഇറങ്ങി. ചൂട് സാമാന്യം ശക്തമാണ്.

‘ചോപ് ചോപ്‌’ എന്നുത്തരം. കാര്യം പിടികിട്ടിയെങ്കിലും ഞാൻ പൊട്ടൻ കളിച്ചു. ‘ഡോളറുണ്ടോ കയ്യിൽ?,’ ഇപ്പോൾ ഭാവം കുറച്ചുകൂടി ഗൗരവത്തിലാണ്. എന്നാലും യാചനയുടെ ലാഞ്ചന പോയിട്ടുമില്ല. ‘ഡോളറുണ്ട് പക്ഷെ ഇമ്മിഗ്രേഷനിൽ പണം കൊടുക്കേണ്ട ആവശ്യം എനിക്കില്ല. വിസ കിട്ടാൻ തന്നെ നല്ലൊരു തുക ചിലവായി!’.

എന്റെ പിന്നിൽ വരിയിലുള്ള ആൾ ഇതെല്ലം എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിൽ അക്ഷമ ഒട്ടും കാണിക്കാതെ രംഗനിരീക്ഷണം നടത്തുകയാണ്. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ സഹികെട്ട് പാസ്പ്പോർട്ടിൽ സ്റ്റാമ്പടിച്ച് തിരികെത്തന്നു, അവജ്ഞയോടെ. ജീവിതത്തിൽ ആദ്യമായാണ് ഇമ്മിഗ്രേഷനിൽ കൈക്കൂലി ചോദിക്കുന്നത്! നമസ്തേ എന്ന വാക്കിന് നൈജീരിയയിൽ അർത്ഥം വേറെയാണെന്ന് മനസ്സിലായി.

ഒരല്പം മുന്നോട്ടുവന്നപ്പോൾ മറ്റൊരുദ്യോഗസ്ഥൻ പാസ്സ്പോർട്ട് വാങ്ങി പരിശോധിച്ചു. അയാളും ആവർത്തിച്ചു യാചനയുടെ അനുഷ്ഠനമുറകൾ. കസ്റ്റംസിൽ എത്തിയപ്പോൾ സംഗതി യാചനയിൽ നിന്ന് ഭീഷണിയിലേക്ക് മാറി. ‘ഡോളർ തന്നാൽ ഉടനെ പോകാം. ഇല്ലെങ്കിൽ നിങ്ങളുടെ പെട്ടി തുറന്ന് പരിശോധിക്കേണ്ടി വരും. അതൊത്തിരി സമയമെടുക്കും.’ പരിശോധിച്ചോളൂ കുഴപ്പമില്ല എന്നായി ഞാൻ. ഒരു നിമിഷം ആലോചിച്ച ശേഷം പോകാൻ പറഞ്ഞു.

പുറത്തെത്തിയപ്പോൾ സുഹൃത്ത് അൻവർ ആലം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിക്കലും കുശലാന്വേഷണവും കഴിഞ്ഞ ഉടനെ വന്നു അൻവറിന്റെ ചോദ്യം: ‘എത്ര പേർ പണം ചോദിച്ചു?’ ഞാൻ കഥ വിശദമായി പറഞ്ഞു. അൻവർ ഹിന്ദിയിൽ മുട്ടൻ ഒരു തെറി പറഞ്ഞശേഷം പ്രതികരിച്ചു: ‘ഇവിടെ വന്നതുമുതൽ ഞാൻ ജെഎൻയുവിൽ പഠിച്ച സിദ്ധാന്തങ്ങളെല്ലാം മറക്കാൻ ശ്രമിക്കുകയാണ്. പ്രത്യേകിച്ച് കൊളോണിയലിസവും ഇമ്പിരിയലിസവും. ഈ വൃത്തികേടുകൾക്ക് മുഴുവനും പണ്ടത്തെ സായിപ്പിനെ കുറ്റം പറയുന്നതിൽ ഒരു കാര്യവുമില്ല. നമ്മൾ നേരെയാവാത്തതിന് പണ്ടുഭരിച്ച വെള്ളക്കാരനെന്തു പിഴച്ചു?’ അടുത്ത ദിവസങ്ങളിൽ നൈജീരിയയുടെ ശോചനീയാവസ്ഥ ഞങ്ങളുടെ സംസാരത്തിൽ പലവട്ടം കടന്നുവന്നു.

വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ സുഹൃത്ത് അൻവർ ആലം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നൈൽ സർവകലാശാലയിൽ ഉപവൈസ് ചാൻസലറാണ് അൻവർ
വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ സുഹൃത്ത് അൻവർ ആലം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നൈൽ സർവകലാശാലയിൽ ഉപവൈസ് ചാൻസലറാണ് അൻവർ

എനിക്ക് വി എസ് നയ്പോളിന്റെ ആഫ്രിക്കയെക്കുറിച്ചുള്ള നിരീക്ഷണങ്ങളോടുണ്ടായിരുന്ന സകലകലിപ്പും ഒരാഴ്ച കൊണ്ട് പോയിക്കിട്ടി! ജോസഫ് കോൺറാഡും നയ് പോളും പോൾ തോറോയും പോലുള്ള എഴുത്തുകാർ ആഫ്രിക്കയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ വിശദമായും വിമർശനാത്മകമായും അപഗ്രഥിക്കപ്പെട്ടിട്ടുണ്ട്. ആ വിമർശനങ്ങൾ മുഴുവൻ തള്ളിക്കളയണമെന്നല്ല പറയുന്നത്. കൊളോണിയൽ ശക്തികൾ നാടുവിട്ടു അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും നിലനിൽക്കുന്ന വൃത്തികേടുകൾക്ക് ഉത്തരവാദിത്വം കുറെയൊക്കെ തങ്ങൾക്ക് തന്നെയാണെന്ന തിരിച്ചറിവ് ഉണ്ടായാലേ എന്തെങ്കിലും മാറ്റം വരൂ.

നയ്പോളിന്റെ രചനകളിൽ ഒരു വലിയ ഭാഗം ആഫ്രിക്കയെപ്പറ്റിയാണ്. ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. “In Africa you can get a profound refusal to acknowledge the realities of the situation; people just push aside the real problems as if they had all been settled. As though the whole history of human deficiencies was entirely explained by the interlude of oppression and prejudice, which have now been removed; any remaining criticism being merely recurrence of prejudice and therefore to be dismissed.” (ആഫ്രിക്കയിൽ സാഹചര്യങ്ങളുടെ സത്യതയെ അഗാധമായി നിരാകരിക്കുന്ന ഒരു പ്രവണത കാണാം. യഥാർത്ഥപ്രശ്നങ്ങളെ അവയെല്ലാം പരിഹൃതമായെന്ന മട്ടിൽ ആളുകൾ മറച്ചുപിടിക്കുന്നു; മനുഷ്യരുടെ പോരായ്മകളുടെ ചരിത്രത്തെ മൊത്തം, ഇപ്പോൾ നിലവിലില്ലാത്ത അടിച്ചമർത്തലിന്റെയും മുൻവിധികളുടെയും ഒരിടവേളയെ ഉപയോഗിച്ച് വിശദീകരിച്ചുകളയാമെന്ന മട്ടിൽ. അവശേഷിക്കുന്ന എന്തെങ്കിലും വിമർശനമുണ്ടെങ്കിൽ അതിനെ പഴയ മുൻവിധികളുടെ ആവർത്തനമായി കണ്ടു തള്ളിക്കളയുന്നതാണ് ഇതിന്റെ രീതി). ആഫ്രിക്കയെക്കുറിച്ച് അദ്ദേഹം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഒരു പദം Dereliction (കൃത്യവിലോപം) ആണ്. നൈജീരിയയിൽ ചിലവിട്ട ഒരാഴ്ചയിൽ ഇടയ്ക്കിടയ്ക്ക് ഈ പദം ഞങ്ങളുടെ സംഭാഷണത്തിൽ കടന്നുവന്നു.

വിമാനത്താവളത്തിൽ നിന്ന് അരമണിക്കൂറിൽ താഴെ സമയമേ വേണ്ടൂ നൈൽ സർവ്വകലാശാലയിലേക്ക്. അൻവർ ഇതുവരെ ജോലി ചെയ്ത എല്ലാ സർവ്വകലാശാലകളിലും - തുർക്കിയിലൊഴിച്ച് - ഞാൻ പോയിട്ടുണ്ട്. കൂടെ താമസിച്ചിട്ടുണ്ട്. കുറച്ചുകൊല്ലം മുമ്പ് ജർമനിയിൽ ഫ്രെയ്‌ബുർഗ് സർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ കൂടെ ഒരാഴ്ച രസകരമായി ചെലവഴിച്ചിരുന്നു.

കുറച്ചുകൊല്ലം മുമ്പ് ജർമനിയിൽ ഫ്രെയ്‌ബുർഗ് സർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ കൂടെ ഒരാഴ്ച രസകരമായി ചെലവഴിച്ചിരുന്നു.  ജർമ്മനിയിലെ ഒരു പുരാതന സർവ്വകലാശാലാനഗരമാണ് ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന, ഉപരിറൈൻ മേഖലയിൽ കറുത്ത കാടിന്റെ (ബ്ലാക്ക് ഫോറസ്റ്റ്) പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്ന ഫ്രെയ്‌ബുർഗ്ഗ്. സ്വിറ്റ്സർലാൻഡും വളരെ അടുത്താണ്.
കുറച്ചുകൊല്ലം മുമ്പ് ജർമനിയിൽ ഫ്രെയ്‌ബുർഗ് സർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ കൂടെ ഒരാഴ്ച രസകരമായി ചെലവഴിച്ചിരുന്നു. ജർമ്മനിയിലെ ഒരു പുരാതന സർവ്വകലാശാലാനഗരമാണ് ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന, ഉപരിറൈൻ മേഖലയിൽ കറുത്ത കാടിന്റെ (ബ്ലാക്ക് ഫോറസ്റ്റ്) പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്ന ഫ്രെയ്‌ബുർഗ്ഗ്. സ്വിറ്റ്സർലാൻഡും വളരെ അടുത്താണ്.

മകൾ ഫറാഷയെ ബീഡൻകോഫ് (മാർബുർഗ്ഗിൽ നിന്ന് അരമണിക്കൂർ ദൂരെ) എന്ന ഗ്രാമത്തിൽ ഒരു സമ്മർകാമ്പിൽ വിട്ടിട്ടാണ് ഫ്രെയ്‌ബുർഗിലേക്ക് തീവണ്ടി കയറിയത്. ജർമ്മനിയിലെ ഒരു പുരാതന സർവ്വകലാശാലാനഗരമാണ് ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന, ഉപരിറൈൻ മേഖലയിൽ കറുത്ത കാടിന്റെ (ബ്ലാക്ക് ഫോറസ്റ്റ്) പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്ന ഫ്രെയ്‌ബുർഗ്ഗ്. സ്വിറ്റ്സർലാൻഡും വളരെ അടുത്താണ്.

ഒരുമണിക്കൂർ റോഡ്‌യാത്ര. ഒരുദിവസം ഫ്രാൻസിലെ കോൾമറിലേക്ക് ഞങ്ങൾ ബസിൽ പോയി. 50 കിലോമീറ്റർ ദൂരമേയുള്ളൂ. യൂറോപ്പിലെ ഏറ്റവും മനോഹരമായി പരിരക്ഷിക്കപ്പെട്ടിട്ടുള്ള പ്രാചീനപട്ടണമാണ് കോൾമർ. ഭംഗിയാർന്ന ആ പട്ടണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും പാർക്കുകളും വഴിത്താരകളുമൊക്കെ അതേപോലെ പരിരക്ഷിച്ചിട്ടുണ്ട്.

ഒരുദിവസം കറുത്ത കാട് കാണാൻ പോയി. പേരിൽ മാത്രമേ കറുപ്പുള്ളൂ. നല്ല പച്ചപ്പും വനസമൃദ്ധിയുമുള്ള ഒരു പർവ്വതപ്രദേശമാണത്. മലമുകളിലേക്ക് പോകാൻ കമ്പിപ്പാലമുണ്ട് (റോപ്പ് വേ). പക്ഷെ കേരളത്തിൽ അനുഭവപ്പെടുന്ന പോലുള്ള വനിമയുടെ വിസ്മയം യൂറോപ്പിലെ കാടുകളിൽ അനുഭവപ്പെടാറില്ല. എല്ലാം കൃത്രിമമായി സംവിധാനിച്ച പോലെ തോന്നും.

നൈൽ വിശാലമായ വലിയൊരു കാംപസാണ്. 10000 ഓളം വിദ്യാർത്ഥികളുണ്ട്. വൈദ്യവും നിയമവും എൻജിനീയറിങ്ങുമടക്കം മിക്ക വിഷയങ്ങളും ഉണ്ട്. അബുജയുടെ നഗരത്തിരക്കുകളിൽ നിന്ന് ഒരല്പം മാറിയാണ് കാമ്പസ്. നഗരത്തിലേക്ക് വലിയ ദൂരമൊട്ടില്ല താനും. ഉപവൈസ് ചാൻസലർ പദവിയുള്ളതിനാൽ അൻവറിന് ഔദ്യോഗികകാറും ഡ്രൈവറുമൊക്കെ ഉണ്ട്.

യഅഖൂബ് ആണ് ഡ്രൈവർ. അത്യാവശ്യത്തിന് മാത്രം വാ തുറക്കുന്ന പ്രസന്നവദനനും സഹായമനസ്കനുമായ നല്ലൊരു ചെറുപ്പക്കാരൻ. ആദ്യത്തെ രണ്ടുദിവസം അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണം മനസ്സിലാക്കാൻ പാടുപെട്ടു. വീട്ടിലെത്തിയപ്പോൾ ജോലിക്കാരി ആയിഷ ആഹാരം പാചകം ചെയ്തുകൊണ്ടിരിക്കുകയാണ്. വടക്കൻ നൈജീരിയക്കാരിയാണ്. ഇന്ത്യൻ ഭക്ഷണമൊക്കെ ഉണ്ടാക്കാൻ ശീലിച്ചിട്ടുണ്ട്. സ്ഫുടമായ ഇംഗ്ലീഷ് സംസാരിക്കും.

ഒരുദിവസം ഫ്രാൻസിലെ കോൾമറിലേക്ക് ഞങ്ങൾ ബസിൽ പോയി. 50 കിലോമീറ്റർ ദൂരമേയുള്ളൂ. യൂറോപ്പിലെ ഏറ്റവും മനോഹരമായി പരിരക്ഷിക്കപ്പെട്ടിട്ടുള്ള പ്രാചീനപട്ടണമാണ് കോൾമർ. ഭംഗിയാർന്ന ആ പട്ടണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും പാർക്കുകളും വഴിത്താരകളുമൊക്കെ അതേപോലെ പരിരക്ഷിച്ചിട്ടുണ്ട്.
ഒരുദിവസം ഫ്രാൻസിലെ കോൾമറിലേക്ക് ഞങ്ങൾ ബസിൽ പോയി. 50 കിലോമീറ്റർ ദൂരമേയുള്ളൂ. യൂറോപ്പിലെ ഏറ്റവും മനോഹരമായി പരിരക്ഷിക്കപ്പെട്ടിട്ടുള്ള പ്രാചീനപട്ടണമാണ് കോൾമർ. ഭംഗിയാർന്ന ആ പട്ടണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും പാർക്കുകളും വഴിത്താരകളുമൊക്കെ അതേപോലെ പരിരക്ഷിച്ചിട്ടുണ്ട്.

‘ഇവരുടെ ആംഗലഭാഷണം കേൾക്കുമ്പോൾ എനിക്കല്പം അപകർഷതാബോധം അനുഭവപ്പെടാറുണ്ട്,’ അൻവർ തമാശയായി പറഞ്ഞു. ആയിഷയുടെ ഭർത്താവിന് മറ്റൊരു ഭാര്യ കൂടിയുണ്ട്. രണ്ടിലും കൂടി 11 കുട്ടികളുണ്ട് അയാൾക്ക്, എന്നാലോ ജോലി ചെയ്തു കുടുംബത്തെ പോറ്റാനുള്ള ഉത്തരവാദിത്വബോധം തീരെയില്ല.

നൈജീരിയയിൽ മുസ്ലിംകൾക്കിടയിൽ ബഹുഭാര്യത്വം വ്യാപകമാണ്, പാവപ്പെട്ടവരിൽ പോലും. ലോകത്ത് ബഹുഭാര്യത്വത്തിൽ അഞ്ചാം സ്ഥാനത്താണ് നൈജീരിയ. ആദ്യനാല് സ്ഥാനത്തും ആഫ്രിക്കൻ രാജ്യങ്ങൾ തന്നെയാണ്: ബുർക്കിനോ ഫാസോ, മാലി, ഗാംബിയ, നൈജർ. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കിടയിൽ ഇത് കുറവാണ്. പക്ഷെ പൊതുവിൽ ആഫ്രിക്കയിൽ ഇക്കാര്യത്തിൽ മതഭേദമില്ല. കെനിയയിലും ടാൻസാനിയയിലുമൊക്കെ വ്യാപകമായി ബഹുഭാര്യത്വം നിലനിൽക്കുന്നുണ്ട്.

മുമ്പ് കെനിയയിൽ മസായി മാറയിൽ പോയപ്പോഴും ‘ഭാര്യാബാഹുല്യ’ത്തിന്റെ ജീവിതമാതൃകകൾ നേരിട്ട് കണ്ടിരുന്നു. മസായി ഗോത്രവർഗ്ഗക്കാരിൽ മിക്കവർക്കും ‘ബഹുപത്നീവ്രതം’ കലശലാണ്! അടുത്തടുത്ത് ഓരോ ഭാര്യക്കും വേറെ വേറെ കുടിലുകൾ പണിതിട്ടുണ്ട്.

സഹഭാര്യമാർ ഒരുമിച്ച് നല്ല സ്നേഹത്തിൽ കഴിയുന്നു. ഇവനെ എല്ലാ ദിവസവും സഹിക്കേണ്ടല്ലോ എന്ന ആശ്വാസമാവാം അവരുടെ ആഹ്ളാദഹേതു!! മതമല്ല ഗോത്രപരമ്പര്യമാണ് ഈ പ്രവണതയുടെ മൂലസ്രോതസ്സ്. മുസ്ലിംകളാവുമ്പോൾ മതത്തിന്റെ സൗകര്യം കൂടി ഉണ്ടെന്ന് മാത്രം!

സ്ഥിരം ഫോൺ സംഭാഷണം ഉണ്ടെങ്കിലും അൻവറിനെ നേരിട്ട് കണ്ടിട്ട് കുറച്ചുകാലമായി. ഉച്ചക്ക് ആഹാരം കഴിച്ചു കുറെ നേരം വർത്തമാനം പറഞ്ഞു. നൈജീരിയയിൽ ജീവിതം അത്ര സുഖകരമൊന്നുമല്ല. സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ മിക്ക സമയവും സർവ്വകലാശാലക്കുള്ളിൽ തന്നെ കഴിയണം.

നൈൽ വിശാലമായ വലിയൊരു കാംപസാണ്. 10000 ഓളം വിദ്യാർത്ഥികളുണ്ട്. വൈദ്യവും നിയമവും എൻജിനീയറിങ്ങുമടക്കം മിക്ക വിഷയങ്ങളും ഉണ്ട്. അബുജയുടെ നഗരത്തിരക്കുകളിൽ നിന്ന് ഒരല്പം മാറിയാണ് കാമ്പസ്. Photo: Wikipedia
നൈൽ വിശാലമായ വലിയൊരു കാംപസാണ്. 10000 ഓളം വിദ്യാർത്ഥികളുണ്ട്. വൈദ്യവും നിയമവും എൻജിനീയറിങ്ങുമടക്കം മിക്ക വിഷയങ്ങളും ഉണ്ട്. അബുജയുടെ നഗരത്തിരക്കുകളിൽ നിന്ന് ഒരല്പം മാറിയാണ് കാമ്പസ്. Photo: Wikipedia

അബൂജ അടുത്തകാലം വരെ താരതമ്യേന ഭേദമായിരുന്നു. ലാഗോസ് പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ തോത് കുറവായിരുന്നു. അടുത്ത കാലത്ത് അതെല്ലാം മാറിയിട്ടുണ്ട്. പിടിച്ചുപറി മുതൽ തട്ടിക്കൊണ്ടു പോയി വിലപേശൽ വരെയുള്ള സാംസ്കാരികവിദ്യകൾ ഇപ്പോൾ സർവ്വത്രയുണ്ട്.

വിദേശികളാണെങ്കിൽ പ്രത്യേകിച്ചും. അബൂജ ലോകത്തിലെ തന്നെ ഏറ്റവും പുതിയ നഗരങ്ങളിൽ ഒന്നാണ്. 1980 കളിലാണ് അബൂജ നിർമ്മിക്കപ്പെട്ടത്. കൃസ്ത്യൻ മേഖലയായ തെക്കൻ നൈജീരിയയിലെ ലാഗോസായിരുന്നു 1991 വരെ രാജ്യതലസ്ഥാനം. തെക്കൻ ഭാഗത്ത് ഭൂരിപക്ഷം ക്രിസ്ത്യാനികളും വടക്കൻ ഭാഗത്തു മുസ്ലിംകളുമാണ്.

രണ്ടിന്റെയും മധ്യത്തിലായിരിക്കണം തലസ്ഥാനമെന്ന ധാരണയുടെ ഫലമായാണ് ഒത്ത നടുക്കുള്ള അബുജയെ ഒരു നഗരമായി വിപുലീകരിക്കുന്നത്. 1976 ലെ സൈനികസർക്കാരാണ് പുതിയൊരു നഗരം നിർമ്മിച്ച് ലാഗോസിൽ നിന്ന് മാറാനുള്ള തീരുമാനം എടുത്തതെങ്കിലും 1991 ഡിസംബറിലാണ് അബുജയെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ആഫ്രിക്കയിലെയും ലോകത്തെയും ഏറ്റവും ദ്രുതഗതിയിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ അബൂജ ഉൾപ്പെടുന്നു.

അവസാനജനസംഖ്യാകണക്കെടുപ്പ് നടന്നത് 2006 ലാണ്. അന്ന് എട്ട് ലക്ഷത്തോളമായിരുന്നു ജനസംഖ്യ. ഇപ്പോഴത് ഇരട്ടിയോളമോ അതിൽ കൂടുതലോ വർധിച്ചിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുനഗരമായതിനാൽ ചരിത്രസ്മാരകങ്ങളോ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളോ ഒട്ടുമില്ല. അതുകൊണ്ട് തന്നെ കഷ്ടിച്ചു രണ്ടുദിവസം താമസിക്കാനേ പദ്ധതി ഇട്ടുള്ളൂ.

 ആഫ്രിക്കയിലെയും ലോകത്തെയും ഏറ്റവും ദ്രുതഗതിയിൽ വളരുന്ന നഗരങ്ങളിലൊന്നാണ്  അബൂജ  Photo: Stuffedbox NG / flickr
ആഫ്രിക്കയിലെയും ലോകത്തെയും ഏറ്റവും ദ്രുതഗതിയിൽ വളരുന്ന നഗരങ്ങളിലൊന്നാണ് അബൂജ Photo: Stuffedbox NG / flickr

ആദ്യത്തെ ദിവസം സർവകലാശാല ഒന്ന് ചുറ്റിക്കണ്ടു. അൻവറിന്റെ വിദ്യാർത്ഥിനി കൂടിയായ ഗ്ലോറി ഉക്വെങ്ക എന്ന സാമൂഹ്യപ്രവർത്തകയെ അബുജയിലെ ഒരു കാപ്പിക്കടയിൽ കാണാമെന്ന് പറഞ്ഞിരുന്നതിനാൽ വൈകീട്ടോടെ നഗരത്തിലേക്ക് പുറപ്പെട്ടു. ഗ്ലോറി ആഫ്രിക്കാന ലീഗ് എന്ന പേരിൽ സ്വന്തമായി ഒരു സന്നദ്ധസംഘടനക്ക് നേതൃത്വം കൊടുക്കുന്നുണ്ട്.

ആഫ്രിക്കയിലുടനീളം ഭരണപ്രക്രിയയിൽ ജനപങ്കാളിത്തം, പ്രത്യേകിച്ച് യുവപങ്കാളിത്തം, ഉറപ്പുവരുത്തുകയാണ് ആഫ്രിക്കാനയുടെ പ്രവർത്തനലക്ഷ്യം. നൈജീരിയയാണ് സിരാകേന്ദ്രമെങ്കിലും ബെനിൻ, ഘാന, സെനഗൾ, ഗാംബിയ, ടോഗോ, നൈജർ, കാമറൂൺ എന്നീ രാജ്യങ്ങളിലും അവർക്ക് അംഗങ്ങളുണ്ട്. ആഫ്രിക്കയുടെ പ്രശ്നങ്ങൾ തീർത്തും അന്യാദൃശമാണെന്നും അവയ്ക്കുള്ള പരിഹാരങ്ങൾ ആഫ്രിക്കൻ തന്നെയായിരിക്കണമെന്നുമാണ് അവരുടെ വാദം.

ഒരുതരം ആഫ്രിക്കൻ കേന്ദ്രിതത്വം, അല്ലെങ്കിൽ യൂറോകേന്ദ്രിതമായ ആഗോളവീക്ഷണങ്ങളിൽ നിന്ന് മാറി സ്വന്തമായ ഒരു വികസനകാഴ്ചപ്പാട് ആഫ്രിക്കയുടെ തനത് പശ്ചാത്തലത്തിൽ വികസിപ്പിക്കാനുള്ള ത്വര ഗ്ലോറിയുടെ വാക്കുകളിൽ വ്യക്തമായിരുന്നു. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ വലിയ ലക്ഷ്യപ്രാപ്തി നേടുകയാണ് തങ്ങളുടെ ഉന്നമെന്നു അവർ ഊന്നിപ്പറഞ്ഞു. ഈ പ്രവർത്തനങ്ങളോടൊപ്പം നൈൽ സർവ്വകലാശാലയിൽ പി എച്ച് ഡി ഗവേഷണവും അവർ തുടരുന്നുണ്ട്.

ഗ്ലോറിയുമായുള്ള സംഭാഷണം ആദ്യദിവസം തന്നെ നൈജീരിയയെക്കുറിച്ച് സമഗ്രമായ ഒരു ചിത്രം രൂപപ്പെടുത്താൻ സഹായിച്ചു. എത്ര വായിച്ചാലും ഒരു രാജ്യത്തെക്കുറിച്ചുള്ള കൃത്യമായ ഒരു ധാരണ അവിടത്തെ ആളുകളോട് സംസാരിക്കുമ്പോഴാണ് ലഭിക്കുക. ഗ്ലോറിയുടെ പ്രവർത്തനങ്ങൾക്ക് അന്തർദ്ദേശീയതലത്തിൽ പിന്തുണയും ധനസഹായവും ലഭിക്കാൻ എനിക്കാവുന്നത് ചെയ്യാമെന്ന് ഉറപ്പുനൽകി. പിറ്റേന്ന് സർവ്വകലാശാലയിൽ എന്റെ ഒരു പ്രഭാഷണം ഉള്ളതിനാൽ അവിടെ വച്ച് വീണ്ടും കാണാമെന്നും സംസാരം തുടരാമെന്നുമുള്ള ധാരണയിൽ ഗ്ലോറിയോട് യാത്രപറഞ്ഞു. രാത്രിഭക്ഷണത്തിന് നൈജീരിയയിലെ പ്രമുഖനായ ഒരു രാഷ്ട്രീയനേതാവും ബിസിനസുകാരനുമായ ചുഡാബോ ബാബ്ബി തിജാനിയുടെ വീട്ടിലേക്ക് ക്ഷണമുണ്ട്. അൻവറിന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം.

ബാബ്ബിയുടെ വീട്ടിലേക്കുള്ള യാത്രയിലുടനീളം അൻവർ അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ പുകഴ്ത്തിക്കൊണ്ടിരുന്നു. 50 വയസ്സ് കഴിഞ്ഞപ്പോഴാണ് ബാബ്ബി നൈൽ സർവ്വകലാശാലയിൽ പി എച്ച് ഡി യ്ക്ക് ചേരുന്നത്. അൻവർ അവിടെ ജോലി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവർ തമ്മിൽ അഗാധമായ ഒരു സൗഹൃദം താമസിയാതെ മൊട്ടിട്ടു. അന്നുമുതൽ അൻവറിന്റെ എന്ത് കാര്യത്തിനും അദ്ദേഹം സദാ സഹായമനസ്കനായി കൂടെയുണ്ട്.

ഗ്ലോറി ഉക്വെങ്ക
ഗ്ലോറി ഉക്വെങ്ക

അസാമാന്യമാംവിധം സ്വാധീനശാലിയാണ് അദ്ദേഹം. നൈജീരിയയുടെ അധികാര വാണിജ്യലോകത്ത് ഒറ്റ ഫോൺ വിളി കൊണ്ട് ഏതുകാര്യവും സാധിച്ചെടുക്കാൻ മാത്രം പ്രാപ്തൻ. പരിചയമുള്ളവർക്കെല്ലാം പ്രിയങ്കരൻ. അദ്ദേഹത്തിന്റെ സ്വാധീനശക്തി പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെ പല ഘട്ടങ്ങളിലും തുണച്ചു. ഒരു വലിയ, ധനാഢ്യതയുടെ ലക്ഷണങ്ങൾ നാലുപാടും നിറഞ്ഞ ഒരു സ്ഥലത്താണ് അദ്ദേഹത്തിന്റെ വീട്. വീട്ടിലേക്കുള്ള പാതയുടെ പേര് തന്നെ ബാബ്ബി സ്ട്രീറ്റ് എന്നാണ്.

കൊട്ടാരസദൃശമായ വീട്ടിന്റെ ഗേറ്റിലെത്തിയപ്പോഴേക്കും കുറേപേർ പുറത്ത് ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. രാജകീയമായ സ്വീകരണം തന്നെ. വണ്ടി ഉള്ളിൽ പാർക്ക് ചെയ്തപ്പോഴേക്കും ബാബ്ബി വാതിൽ തുറന്ന് പുറത്തേക്ക് വന്നു. ഇത്രയും സമ്പന്നനും അധികാരസ്വാധീനമുള്ളവനുമായ ഒരാളിൽ ഞാൻ പ്രതീക്ഷിച്ചത് താൻപോരിമയും തെല്ലൊരഹങ്കാരവുമുള്ള ശരീരഭാഷയും മുഖഭാവവുമായിരുന്നു.

പക്ഷെ അതിരില്ലാത്ത സ്നേഹോഷ്മളതയോടെ ഞങ്ങളെ സ്വീകരിച്ചത് വിനയം തുളുമ്പുന്ന, ആപാദചൂഢം മാന്യനും സൗമ്യനുമായ ഒരാൾ. അദ്ദേഹത്തിന്റെ ഒരു ബന്ധുവും കൂടെയുണ്ട്. അവരിരുവരും ഞങ്ങളെ വീട്ടിനുള്ളിലേക്ക് ഒട്ടൊരു ആചാരപരതയോടെ ആനയിച്ചു. എന്നെക്കുറിച്ചു അതിശയോക്തി കലർന്ന ഒരു ചിത്രം അൻവർ അദ്ദേഹത്തിന് കൊടുത്തുകഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് വ്യക്തമാണ്.

ഇടയ്ക്കിടക്കദ്ദേഹം സംഭാഷണം അറബിയിലേക്ക് മാറ്റുന്നുണ്ട്. അറബി ഏറെക്കുറെ കുഴപ്പമില്ലാതെ സംസാരിക്കുന്നുണ്ട് അദ്ദേഹം. ‘അൻവറിന് മനസ്സിലാവാതെ അദ്ദേഹത്തെ കുറ്റം പറയാൻ നമുക്കൊരു പൊതുഭാഷയുണ്ടെന്നുള്ളത് നല്ലതാണ്!,’ ഞാൻ പറഞ്ഞു. കുറച്ച് കാലമായി അദ്ദേഹം അറബി പഠിക്കുന്നുണ്ട്. അമ്പതുകളുടെ മധ്യത്തിലെത്തിയ ഈ പ്രായത്തിലും പഠനത്തിനും വായനക്കും തന്റെ നൂറുകൂട്ടം തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തുന്ന ഒരാളോട് തോന്നുന്ന ആദരം ഞാൻ മറച്ചുവച്ചില്ല.

സൂഫി നേതാവായ അഹ്മദ് അൽ-തിജാനിയുടെ  ധാരയായ  തിജാനി സൂഫിപാരമ്പര്യം പിന്തുടരുന്ന, ബാബ്ബിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒരാന്തരികചൈതന്യം സദാ പ്രതിഫലിക്കുന്നതായി എനിക്ക് തോന്നി. തിജാനി സൂഫി പാരമ്പര്യത്തിന് കേരളമടക്കം തെന്നിന്ത്യയിലും സാന്നിധ്യമുണ്ട് Photo: Anatomy of sufism / facebook
സൂഫി നേതാവായ അഹ്മദ് അൽ-തിജാനിയുടെ ധാരയായ തിജാനി സൂഫിപാരമ്പര്യം പിന്തുടരുന്ന, ബാബ്ബിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒരാന്തരികചൈതന്യം സദാ പ്രതിഫലിക്കുന്നതായി എനിക്ക് തോന്നി. തിജാനി സൂഫി പാരമ്പര്യത്തിന് കേരളമടക്കം തെന്നിന്ത്യയിലും സാന്നിധ്യമുണ്ട് Photo: Anatomy of sufism / facebook

സൂഫിപാരമ്പര്യം പിന്തുടരുന്ന ബാബ്ബി നല്ലൊരു മതഭക്തനാണ്. മതത്തെ അതിന്റെ ആത്മീയധന്യതയോടെ ആന്തരീകരിച്ച, അദ്ദേഹത്തിന്റെ പേർ സൂചിപ്പിക്കുന്ന പോലെത്തന്നെ തിജാനി സൂഫിപാരമ്പര്യം പിന്തുടരുന്ന, ബാബ്ബിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒരാന്തരികചൈതന്യം സദാ പ്രതിഫലിക്കുന്നതായി എനിക്ക് തോന്നി. തിജാനി സൂഫി പാരമ്പര്യത്തിന് കേരളമടക്കം തെന്നിന്ത്യയിലും സാന്നിധ്യമുണ്ട്. ബാബ്ബിയുടെ ഭക്തിപാരവശ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മക്കയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. നൂറോളം വട്ടം അദ്ദേഹം മക്ക സന്ദർശിച്ചിട്ടുണ്ട്. നിരന്തരമായി സന്ദർശിക്കുന്നതിനാൽ താമസത്തിനായി സ്വന്തം സ്ഥലം തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്. അത്രമേൽ ഇസ്ലാമികമായി ജീവിക്കുമ്പോഴും അദ്ദേഹത്തിന്റെ സാമൂഹ്യബന്ധങ്ങൾ മതാതീതമാണ്. എല്ലാ വിഭാഗങ്ങളുമായും അദ്ദേഹം ദൃഡമായ സ്നേഹസൗഹൃദങ്ങൾ പുലർത്തുന്നുണ്ട്. കൃസ്ത്യൻ മുസ്ലിം വൈരത്തിന്റെ ഇടക്കിടെയുള്ള പൊട്ടിപ്പുറപ്പെടൽ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുമുണ്ട്.

ബാബ്ബിയ്ക്ക് ആദ്യത്തെ പേരക്കുട്ടി ജനിച്ചിട്ട് രണ്ടു നാളേ ആയിട്ടുള്ളൂ. മകളും കുട്ടിയും വീട്ടിന്റെ ബേസ്‌മെന്റിലുള്ള വിശാലമായ ഭാഗത്താണ്. ഞങ്ങളെ അങ്ങോട്ടുകൊണ്ടുപോയി. അദ്ദേഹത്തിന്റെ വിദ്യാസമ്പന്നരായ രണ്ടു പെൺമക്കളെയും പേരക്കുട്ടിയെയും കണ്ടുസംസാരിച്ചു. ഒരാൾ വക്കീലാണ്. ഇളയവൾ ആംഗലസാഹിത്യവിദ്യാർത്ഥിനിയാണ്. നവജാതശിശുവിന് സമ്മാനം അൻവർ കയ്യിൽകരുതിയിരുന്നു. തിരിച്ചുവന്നു സ്വാദേറിയ ആഹാരവും നീണ്ട സംഭാഷണവും കഴിഞ്ഞു സർവ്വകലാശാലയിലേക്ക് മടങ്ങുമ്പോൾ നൈജീരിയയിലെ ആദ്യദിവസം അർത്ഥപൂർണവും വിവരസമ്പന്നവുമായതിന്റെ സന്തോഷം. വീട്ടിലെത്തി ബാബ്ബി തന്ന ഉപഹാരം തുറന്നുനോക്കി. വിലപിടിപ്പുള്ള ഒരു സുഗന്ധക്കുപ്പിയും ഒരു ലക്ഷം നൈജീരിയൻ നൈറയും. പണം തന്നത് എന്നെ ഒന്നമ്പരപ്പിച്ചു.

അൻവർ ഉടനെ ബാബ്ബിയ്ക്ക് ഒരു സന്ദേശമയച്ചു: ‘എന്റെ സുഹൃത്ത് നിങ്ങൾ പണം കൊടുത്തതിൽ കുറച്ച് അമ്പരപ്പിലാണ്. ഞാൻ ദരിദ്രനായത് കൊണ്ട് എന്റെ സുഹൃത്തിന്റെ കാര്യം നോക്കാൻ എനിക്കാവില്ലെന്ന് താങ്കൾക്ക് തോന്നിയത് കൊണ്ടാവാമെന്ന് ഞാൻ പറഞ്ഞുനോക്കി! ഷാജഹാൻ പക്ഷെ അത് സ്വീകരിക്കാൻ മടി കാണിക്കുന്നു.’ ബാബ്ബിയുടെ മറുപടി ഇങ്ങനെ: "അയ്യോ അതിൽ അങ്ങനെയൊക്കെ കാണേണ്ടതുണ്ടോ? നിങ്ങൾ അടുത്ത ദിവസങ്ങളിൽ യാത്രയിലല്ലേ? ഇവിടത്തെ കറൻസി ആവശ്യം വരുമല്ലോ എന്ന് കരുതി കുറച്ച് പണം കൂടി ഉൾപ്പെടുത്തിയെന്നേ ഉള്ളൂ."

നല്ലൊരു മനുഷ്യനെ കണ്ടതിന്റെ ആത്മനിർവൃതിയിൽ, ആദ്യദിവസം നന്നായതിന്റെ സന്തോഷത്തിൽ, പന്ത്രണ്ടുമണിയോടെ സുഖമായി കിടന്നുറങ്ങി. അടുത്ത ദിവസം കാര്യമായ പരിപാടികളൊന്നും ആലോചിച്ചിരുന്നില്ല. വൈകീട്ട് അഞ്ചു മണിക്കാണ് സർവ്വകലാശാലയിൽ പ്രഭാഷണം. യാത്രയുടെ തിരക്കുകൾക്കിടയിൽ പ്രസംഗത്തിന്റെ കരട് തയ്യാറാക്കാൻ പോലും സമയം കിട്ടിയിരുന്നില്ല.

‘മധ്യപൗരസ്ത്യമേഖലയിലെ സമീപകാലസംഭവവികാസങ്ങൾ: ആഗോളസുരക്ഷാവിവക്ഷകൾ’ (Recent Developments in the Middle East: Implications for Global Security) എന്നതാണ് വിഷയം. വിവിധസാമൂഹ്യശാസ്ത്രവിഷയങ്ങളിൽ, പ്രത്യേകിച്ച് അന്തർദ്ദേശീയപഠനവിഭാഗത്തിൽ, പി എച്ച് ഡി ചെയ്യുന്ന വിദ്യാർത്ഥികളാണ് സദസ്സിലുണ്ടാവുക എന്നാണ് അൻവർ പറഞ്ഞിരുന്നത്. രാവിലെ അൻവർ ഓഫിസിൽ പോയ സമയം ഏറെക്കുറെ ഒരു രൂപരേഖ ഉണ്ടാക്കി.

ഗാസയിൽ നടക്കുന്ന വംശഹത്യയും അതുമായി ബന്ധപ്പെട്ട മിഡിൽ ഈസ്റ്റിലെ അനുരണങ്ങളും ആഗോളതലത്തിലുള്ള പ്രതികരണങ്ങളും തമ്മിൽ ബന്ധപ്പെടുത്തി ഒരു നൈതികനിലപാട് മുന്നോട്ടുവയ്ക്കാനാണ് ഉദ്ദേശിച്ചത്. ബാക്കി കാര്യങ്ങൾ ചോദ്യോത്തരവേളയിൽ വിശദീകരിക്കാമെന്നും കരുതി. പരിപാടിക്ക് മുമ്പ് കുറെ സീനിയർ വിദ്യാർത്ഥികളുമായി സംവദിച്ചു. അവരിലൊരാൾ നൈജീരിയയിലെ ഏറ്റവും ജനപ്രിയനായ ഒരു പെന്തക്കോസ്തൽ ‘പ്രവാചകന്റെ’ സുവിശേഷകൻ കൂടിയായ മകനാണ്. ബിഷപ്പ് ഡോക്ടർ സ്റ്റീവൻ ഒഗെഡെങ്ബെ ആഫ്രിക്കയിലെ ജനപ്രിയനായ സുവിശേഷകനാണ്.

'പദവി' കൊണ്ട് ബിഷപ്പും 'ഉൾവിളി' കൊണ്ട് പ്രവാചകനുമായി സ്വയം വിശേഷിപ്പിക്കുന്ന, അത്ഭുതവിദ്യകൾ കൊണ്ട് അനുവാചകരെ മതിഭ്രമത്തിൽ ആറാടിക്കുന്ന ആൾദൈവം. ഒരു മലമുകളിൽ ദൈവം അദ്ദേഹത്തിന് മുന്നിൽ പലവട്ടം പ്രത്യക്ഷപ്പെട്ടതായും അദ്ദേഹം നിർവ്വഹിക്കേണ്ട കടമകൾ കൃത്യമായി നിർദ്ദേശിച്ചതായും അവകാശപ്പെടുന്നുമുണ്ട്. അൻവറും ഞാനും മകൻ വഴി പ്രവാചകനെ ലാഗോസിലെ അദ്ദേഹത്തിന്റെ വാസസ്ഥലത്ത് വച്ച് കാണാൻ കൂടിക്കാഴ്ച തരപ്പെടുത്തി.

ദൈവത്തെ നേരിൽ കണ്ട ആളല്ലേ? നിർഭാഗ്യവശാൽ ഞങ്ങളുടെ ലാഗോസ് വിമാനം വഴിയിൽ തടസ്സപ്പെട്ടതിനാൽ (അക്കഥ പുറകെ) ആ ദർശനസൗഭാഗ്യം നടന്നില്ല! ഞങ്ങൾക്ക് പക്ഷെ ഇത് അത്ഭുതമാണ് ഉണ്ടാക്കിയത്. ലാഗോസിൽ നിശ്ചിതദിവസം അഞ്ചുമണിക്ക് ഞങ്ങളെ കാണാമെന്ന് ഉറപ്പുതരുമ്പോൾ ദൈവവുമായി സ്ഥിരമായ ആശയവിനിമയം നടത്തുന്ന പ്രവാചകന് ഞങ്ങളുടെ വിമാനം വൈകുമെന്ന് അറിയാതെ പോയതെന്തേ? കഥയിൽ ചോദ്യമില്ലെന്ന ന്യായത്തിൽ ഞങ്ങളത് വിട്ടു! ആൾദൈവങ്ങളിൽ വിശ്വസിച്ച് ജീവിതം കളയുന്ന മണ്ടന്മാരെക്കുറിച്ചുള്ള രസകരമായ സംഭാഷണത്തിന് ഈ സംഭവം നിമിത്തമായി.

ഏപ്രിൽ എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് സർവകലാശാലയിലെ പരിപാടി തുടങ്ങി. അന്തർദ്ദേശീയപഠനവിഭാഗത്തിൽ അധ്യാപകനും മലപ്പുറം കക്കാട് സ്വദേശിയുമായ സലീൽ ചേമ്പയിൽ ആണ് സ്വാഗതം പറഞ്ഞത്. എന്റെ മലയാളത്തിലും ആംഗലത്തിലുമുള്ള രചനകളെക്കുറിച്ചും എടുക്കുന്ന നിലപാടുകളിലെ കണിശതയെക്കുറിച്ചുമൊക്കെ വളരെ വാചാലമായി അദ്ദേഹം വിവരിച്ചു. സലീൽ നല്ലൊരു അധ്യാപകനും പണ്ഡിതനുമാണ്.

സമാധാനവും സംഘർഷവും എന്ന പഠനമേഖലയിലാണ് അദ്ദേഹത്തിന്റെ സവിശേഷാവഗാഹം. അൻവറിനു സലീലിന്റെ കഴിവിനെക്കുറിച്ചും അറിവിനെക്കുറിച്ചും നല്ല മതിപ്പാണ്. സ്വാഗതഭാഷണത്തിന് ശേഷം ഞാൻ നാൽപ്പത് മിനിറ്റോളം സംസാരിച്ചു. ലോകരാഷ്ട്രീയത്തിൽ ആഫ്രിക്കയുടെ ഇതുവരെ അംഗീകരിക്കപ്പെടാത്ത പ്രാഥമ്യവും ദക്ഷിണാഫ്രിക്കയുടെ ഇസ്രായേലിനെതിരിലുള്ള അന്തർദ്ദേശീയകോടതിയിലെ കേസുമൊക്കെ മുഖവുരയായി സൂചിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.

മലപ്പുറം കക്കാട് സ്വദേശിയായ സലീൽ ചേമ്പയിൽ. നൈൽ സർവകലാശാലയിൽ  അന്തർദ്ദേശീയപഠനവിഭാഗത്തിലെ അധ്യാപകനാണ്.
മലപ്പുറം കക്കാട് സ്വദേശിയായ സലീൽ ചേമ്പയിൽ. നൈൽ സർവകലാശാലയിൽ അന്തർദ്ദേശീയപഠനവിഭാഗത്തിലെ അധ്യാപകനാണ്.

വോൾ സോയിങ്കയും ചിനു അച്ഛാബെയും ചിമമാണ്ടി അടിച്ചി, ബെൻ ഓക്രി മുതലായ നൈജീരിയൻ എഴുത്തുകാരോടുള്ള എന്റെ ബഹുമാനവും പ്രകടിപ്പിച്ചു. അതുകഴിഞ്ഞു ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയും അതിനോടുള്ള ആഗോളപ്രതികരണങ്ങളും അന്തർദ്ദേശീയരാഷ്ട്രീയപശ്ചാത്തലത്തിൽ വിശദീകരിച്ചു. ഫലസ്തിൻ പ്രശ്നത്തിന്റെ ചരിത്രം ഹൃസ്വമായി വിവരിക്കുകയും ചെയ്തു.

അതുകഴിഞ്ഞു ഒന്നരമണിക്കൂറോളം സജീവമായ ചോദ്യോത്തരവേള. വിഷയത്തിൽ ഊന്നിനിന്നുകൊണ്ടുള്ള വ്യക്തമായ അഭിപ്രായങ്ങളും ചോദ്യങ്ങളും. പൊതുവിൽ ഫലസ്തീൻ ജനതയോടുള്ള അനുതാപവും പിന്തുണയും ഓരോരുത്തരും പ്രകടിപ്പിച്ചു, മതഗോത്രഭേദമന്യെ.ആഫ്രിക്കയിൽ ഒരുകൂട്ടം വിദ്യാർത്ഥികളുമായി ദീർഘമായ ആശയവിനിമയം നടത്തിയതിന്റെ സന്തോഷം കുറച്ചൊന്നുമായിരുന്നില്ല. പരിപാടി കഴിഞ്ഞശേഷവും ഒരുമണിക്കൂറോളം കുറെ വിദ്യാർഥികൾ സംഭാഷണം തുടർന്നു. സലീൽ അതിനുശേഷം എന്നെയും അൻവറിനേയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

പത്തിരിയും പൂരിയും ഇറച്ചിക്കറിയുമൊക്കെ ചേർത്തുള്ള അസ്സൽ മലബാരിആഹാരവും ഹൃദ്യവും അർത്ഥപൂർണവുമായ ആശയവിനിമയവും. സലീൽ കുടുംബസമേതം കാമ്പസിനകത്ത് തന്നെയാണ് താമസം. ഒരു നാട്ടുകാരനെ ദൂരദേശത്ത് കണ്ടത്തിന്റെയും രുചികരമായ നാടൻഭക്ഷണം കഴിച്ചതിന്റെയും ആഹ്ളാദത്തോടെയാണ് അൻവറിന്റെ വീട്ടിലേക്ക് രാത്രിതിരിച്ചുപോയത്. അടുത്തദിവസം രാവിലെ വടക്കൻ നൈജീരിയയുടെ മുഖ്യസിരാകേന്ദ്രമായ കനോയിലേക്ക് പോകാനുള്ളതാണ്. രാവിലെ നേരത്തെത്തന്നെ വിമാനത്താവളത്തിലെത്തണം. ഒരു മണിക്കൂറിന്റെ വിമാനയാത്രയാണ് അബുജയിൽ നിന്ന് കനോയിലേക്ക്.


Summary: first day in nigeria shajahan madampat african travel series


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments