ചില നഗരങ്ങളെയെങ്കിലും അവിടത്തെ രുചിഭേദങ്ങളാലാണ് അടയാളപ്പെടുത്താറുള്ളത്. ഹൈദരാബാദ് അതുപോലൊരു നഗരമാണ്. ചാർമിനാറും ഖുതുബ് ഷാഹി ശവകുടീരങ്ങളും മക്കാ മസ്ജിദും രാമോജി ഫിലിം സിറ്റിയും ആകർഷണങ്ങളായി ഉണ്ടായിരുന്നപ്പോഴും ഹൈദരാബാദി ബിരിയാണിയും ഹലീമും ഇറാനിയൻ ചായയും കൊതിപ്പിച്ചിരുന്നു. മൂന്നു പകലും മൂന്നു രാത്രിയും മാത്രമേ എന്റെ ഹൈദരാബാദ് യാത്രക്ക് ദൈർഘ്യം ഉണ്ടായിരുന്നുള്ളൂ. ഒക്ടോബർ 2 മുതൽ 6 വരെയായിരുന്നു യാത്ര. ചൂട് കുറഞ്ഞ കാലാവസ്ഥയായതിനാൽ ശരീരവും മനസ്സ് പോലെ കുളിർത്തുനിന്നു എന്നുതന്നെ പറയാം.
ആദ്യ ദിനം ട്രെയിനിലായിരുന്നു. അർദ്ധരാത്രി ഹൈദരാബാദ് ചെന്നിറങ്ങിയപ്പോൾ ഉറക്കത്തിലായിരിക്കും ആ നഗരം എന്നു കരുതിയ എനിക്ക് തെറ്റി. പകൽപോലെ ഇറങ്ങി നടക്കുന്ന മനുഷ്യരും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുമാണ് എന്നെ വരവേറ്റത്.
നേരത്തെ ബുക്ക് ചെയ്ത റൂമിലെത്തി നന്നായൊന്നുറങ്ങി. രാവിലെ എഴുന്നേറ്റ് നല്ല ഭക്ഷണം എവിടെ കിട്ടും എന്ന് ഹോട്ടൽ ബോയിയോട് ചോദിച്ചപ്പോൾ വലിയ ആലോചനയൊന്നുമില്ലാതെ അടുത്ത തെരുവിലെ "റാം കി ബണ്ടി' എന്ന് പറഞ്ഞു. "റാം കി ബണ്ടി' ഒരു മൊബൈൽ റെസ്റ്റോറൻറാണ്. ഇരുപതിൽ പരം ദോശകളാണ് ഇവരുടെ പ്രത്യേകത. ബട്ടർ ദോശ, ചീസ് ദോശ, പിസ്സ ദോശ, അങ്ങനെ പോകുന്നു "റാം കി ബണ്ടി'യിലെ മെനു. ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ബ്രാഞ്ചുകളുണ്ട്. നല്ല രണ്ടു ചീസ് ദോശയും ചായയും കുടിച്ചു ഞങ്ങൾ പുറപ്പെട്ടു. സാലർ ജംഗ് മ്യൂസിയം ആണ് ലക്ഷ്യം. ഹൈദരാബാദ് ഭരിച്ചിരുന്ന സാലർ ജംഗ് കുടുംബത്തിന്റെ സ്വകാര്യ ആർട്ട് കളക്ഷൻ ആയിരുന്നു ഈ മ്യൂസിയം. സാലർ ജംഗ് മൂന്നാമന്റെ മരണശേഷം ഈ മ്യൂസിയം ഇന്ത്യാ ഗവണ്മെന്റിന് കൈമാറി. ലോകത്തിലെ തന്നെ മികച്ച മ്യൂസിയങ്ങളിൽ ഒന്നാണിത് എന്ന് നിസ്സംശയം പറയാം. ശരിക്കും കണ്ടാസ്വദിച്ചു നടക്കുകയാണെങ്കിൽ 5 മുതൽ 6 മണിക്കൂർ വരെ വേണം മ്യൂസിയം കണ്ടു തീർക്കാൻ. ഇറ്റാലിയൻ ശിൽപ്പിയായ ജിയോവാന്നി മരിയ ബെൻസോനിയുടെ മൂടുപടമണിഞ്ഞ റെബേക്ക, ഡബിൾ സ്‌കൾപ്ച്ചർ (ഒരു വശത്തു നിന്നും നോക്കിയാൽ മെഫിസ്റ്റോഫിലിസിന്റെയും മറുവശത്തു നിന്നും നോക്കിയാൽ മാർഗരറ്റയുടെ രൂപവുമുള്ള ഒരു അത്ഭുതശില്പമാണിത്), മ്യൂസിക്കൽ ക്ലോക്ക് എന്നിവയിൽ തുടങ്ങി ക്ലോക്കുകളുടെയും നാണയങ്ങളുടെയും, പെയിന്റിംഗ്‌സ്, മാനുസ്‌ക്രിപ്റ്റ്‌സ്, സെറാമിക്‌സ് എന്നിങ്ങനെ നിരവധി കലാവസ്തുക്കളുടെയും വലിയൊരു ശേഖരം തന്നെയുണ്ട് ഈ മ്യൂസിയത്തിൽ.
10 മണിയ്ക്കു മ്യൂസിയത്തിൽ കയറിയ ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ സമയം രണ്ടര കഴിഞ്ഞിരുന്നു. വിശപ്പ് ആളിക്കത്തിയിരുന്നതുകൊണ്ട് നേരെ പോയത് ഹൈദരാബാദി ബിരിയാണിയ്ക്ക് പ്രശസ്തമായ ഹോട്ടൽ ഷദാബിലേക്കാണ്. നല്ല തിരക്കാണ്. എങ്കിലും അധികം കാത്തിരിക്കാതെ തന്നെ ആവിപറക്കുന്ന രുചിയേറിയ മട്ടൺ ബിരിയാണിയും ചിക്കൻ കബാബും മുൻപിലെത്തി. ഒടുവിൽ ഡിസ്സേർട്ട് ആയി കുർബാനി കി മീത്താ കൂടി കഴിച്ചപ്പോൾ വയറു നിറഞ്ഞു, മനസ്സും. ആപ്രികോട്ട്, ബദാം, മലായ് ഇതൊക്കെ ചേർത്തുണ്ടാക്കുന്ന ഒരു ഡിസ്സെർട്ട് ആണിത്.
ഉച്ചഭക്ഷണത്തിനു ശേഷം കുറച്ചു വിശ്രമിച്ച് നേരെ ചാർമിനാർ കാണാൻ പുറപ്പെട്ടു. 400 വർഷങ്ങൾക്കു മുൻപ് ഖുത്ബ് ഷാഹി രാജാവംശത്തിലെ മുഹമ്മദ് ഖുത്ബ് നിർമിച്ചതാണിത്. ചാർമിനാറിനോട് ചേർന്നുതന്നെയാണ് മെക്കാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു ചരിത്രസ്മാരകങ്ങളോളം ആവേശം പകരുന്നതാണ് ഇതിനു വശങ്ങളിലായി പരന്നു കിടക്കുന്ന കടകമ്പോളങ്ങൾ. ഹൈദരാബാദ് മുത്തുകളുടെയും ഇമിറ്റേഷൻ ആഭരണങ്ങളുടെയും കമനീയ ശേഖരം. കടകൾ കയറിയിറങ്ങുന്നതിനിടെ ഒരു കുൽഫി വാങ്ങിച്ചു. കേരളത്തിൽ കുൽഫി ലഭ്യമാണെങ്കിലും അത്ര പ്രചാരത്തിൽ ഇല്ല. പാലിൽ മധുരം ചേർത്ത് സ്ലോ കുക്ക് ചെയ്‌തെടുക്കുന്ന ഒരുത്പന്നമാണിത്. ഐസ്‌ക്രീമിനെക്കാൾ കട്ടിയുള്ള ക്രീമിയായ ഒരു പലഹാരം.
കുൽഫി കഴിച്ചു കഴിഞ്ഞപ്പോഴാണ് ഓർത്തത്, ചാർമിനാർ പരിസരത്ത് വന്നിട്ട് ഒരു ഇറാനി ചായ കുടിക്കാതെ മടങ്ങുന്നതെങ്ങനെയെന്നു. അതുകൊണ്ട് ആ പരിസരത്തുള്ള നിമ്രഹ് കഫെയിൽ കയറി. ഇറാനി ചായയും, ചായയിൽ മുക്കി കഴിക്കാനായി വിവിധയിനം ബിസ്‌ക്കറ്റ്കളും ലഭ്യമാണിവിടെ. ഓസ്മാനിയ ബിസ്‌ക്കറ്റ്, കാജു ബിസ്‌ക്കറ്റ്, ബട്ടർ ബിസ്‌ക്കറ്റ് ഈ മൂന്നെണ്ണമാണ് ഞങ്ങൾ വാങ്ങിച്ചത്. ഇതിനു പുറമെ പല വിധം ബിസ്‌ക്കറ്റുകളും കേക്കുകളും ഈ കഫെയിലുണ്ട്. ഇരുന്നു കഴിക്കാൻ സൗകര്യമില്ല. വേണമെങ്കിൽ ചുവരിനോട് ചേർന്നുനിന്ന് ചായ കുടിക്കാൻ സൗകര്യമുണ്ട്. അല്ലെങ്കിൽ ചായയും ബിസ്‌ക്കറ്റും വാങ്ങി പുറത്തിറങ്ങി ചാർമിനാർ പരിസരത്തെ ജനപ്രവാഹം ആസ്വദിച്ചു ചായ കുടിക്കുകയുമാവാം. നല്ല കടുപ്പമുള്ള ചെറു മധുരത്തോടുകൂടിയതാണ് ഇറാനി ചായ. ചായ കുടി കഴിഞ്ഞ് കുറെ നേരം കൂടി മെക്കാ മസ്ജിദിന്റെ പരിസരത്തിരുന്നു. നല്ല സുഖമുള്ള കാലാവസ്ഥ. ആളുകൾ ഒരു പിക്‌നിക് സ്‌പോട്ടിൽ വന്നതുപോലെ കൂടിയിരുന്നു സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ആൾക്കൂട്ടത്തിന്റെ ബഹളത്തിനും ഒരു താളവും സുഖവുമുണ്ട്.
രാത്രി ഭക്ഷണം കഫെ ബഹാറിൽ നിന്നായിരുന്നു. അവിടത്തെ ബിരിയാണി വളരെ പ്രശസ്തമാണ്. പക്ഷെ ബിരിയാണി കഴിക്കാൻ മാത്രം വിശപ്പില്ലാത്തതിനാൽ ഒരു ഹാഫ് തന്തൂരി ചിക്കൻ വാങ്ങി ഞങ്ങൾ ഒരുമിച്ച് കഴിച്ചു. പിന്നെ ഒരു സൂപ്പും. അവിടുന്ന് നേരെ ഞങ്ങൾ താമസിക്കുന്ന താജ്മഹൽ ഹോട്ടലിലേക്ക്.
യാത്രയിലെ രണ്ടാമത്തെ ദിവസം മുഴുവൻ രാമോജി ഫിലിം സിറ്റിയിലായിരുന്നു. ഞങ്ങൾ താമസിക്കുന്നയിടത്തുനിന്നും 31 കിലോമീറ്റർ അകലെയാണ് ഫിലിം സിറ്റി. ഹോട്ടൽ താജ്മഹലിൽ റസ്റ്റോറൻറുണ്ട്. വെജിറ്റേറിയൻ ഭക്ഷണം മാത്രമേയുള്ളു. രുചികരമായ ഭക്ഷണമാണവിടുത്തേത് എന്ന് ആദ്യമേ കേട്ടിരുന്നതിനാൽ അവിടെ നിന്ന് സ്‌പെഷ്യൽ ഉപ്പുമാവും സെറ്റ് ദോശയും കഴിച്ചു. കേട്ടത് സത്യമായിരുന്നു എന്നുചുരുക്കം. അതിനുശേഷം ഫിലിം സിറ്റിയിലേക്ക് പുറപ്പെട്ടു. ബസ് യാത്രാ സൗകര്യമുള്ള വഴിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സ് ആണ് രാമോജി ഫിലിം സിറ്റി. പൂന്തോട്ടങ്ങളുടെയും റെയിൽവേ സ്റ്റേഷന്റെയും എയർപോർട്ടിന്റെയും യൂറോപ്യൻ തെരുവുകളുടെയും സ്റ്റുഡിയോ സെറ്റുകളിണ്ടിവിടെ. അതിനു പുറമെ പാർക്കുകളും പക്ഷി സങ്കേതവും. തിരക്ക് കണ്ടപ്പോൾ ബാഹുബലി സിനിമ സ്റ്റുഡിയോ സെറ്റാണ് നിലവിലെ ഏറ്റവും ആകർഷണീയമായ സ്ഥലം എന്ന് തോന്നി.
ഏക്കറുകളോളം നീണ്ടു കിടക്കുന്ന ഫിലിം സിറ്റിയുടെ വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കാൻ ബസുണ്ട്. ചുവപ്പുനിറത്തിൽ മകുടം ചാർത്തിയ രാജകീയ പ്രൗഡിയുള്ള ബസുകൾ. ഒരിടത്തെ കാഴ്ച കണ്ടു കഴിഞ്ഞാൽ ബസിൽ കയറി അടുത്ത സ്ഥലത്തേക്ക്. പുറമെ നിന്നുള്ള ഭക്ഷണം അനുവദനീയമല്ല. ഓരോ പോയിന്റിലും അവരുടെ തന്നെ ഫുഡ് കൗ
കൗണ്ടറുകളുണ്ട്. ചൂഷണത്തിന്റെ ഒരു പ്രത്യേക മുഖമാണെങ്കിലും മിനിമം യാത്രാനുഭവം സാധ്യമാക്കുന്നയിടം തന്നെയാണ് ഫിലിം സിറ്റി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണിവരെ സന്ദർശകർക്കായി ഫിലിം സിറ്റി തുറന്നു കൊടുത്തിരുന്ന സമയമായിരുന്നു. ദീപാലങ്കാരങ്ങൾ കൊണ്ട് പുല്ലും മരവും കാടും അലങ്കരിച്ചിരുന്നത് പറഞ്ഞറിയിക്കാവുന്നതിനപ്പുറത്തെ ഒരു കാഴ്ചാനുഭവമായിരുന്നു.
രാത്രി 8 മണിയോടെയാണ് ഞങ്ങൾ പുറത്തുവന്നത്. പെട്ടെന്ന് ബസ് കിട്ടിയതുകൊണ്ട് താമസമില്ലാതെ ഹൈദരാബാദ് നഗരമധ്യത്തിലെത്തി. പകൽ മുഴുവൻ കഴിച്ച ഭക്ഷണം അത്ര സംതൃപ്തി നൽകിയിരുന്നില്ല എന്നതുകൊണ്ടു നേരെ പോയത് ഹോട്ടൽ ബാവർച്ചിയിലേക്കാണ്. ഹൈദരാബാദി ബിരിയാണിയ്ക്ക് പ്രശസ്തമായ മറ്റൊരു റസ്റ്റോറൻറ്. ചിക്കൻ ബിരിയാണിയും, ബാവർച്ചി സ്‌പെഷ്യൽ ബോൺലെസ്സ് മട്ടനും കഴിച്ചു. ഹൈദരാബാദ് വരെ വന്നിട്ടുള്ള ഒരാൾ ഇവിടെ നിന്ന് ഭക്ഷണം കഴിക്കാതെ പോകുന്നത് സങ്കൽപ്പിക്കാൻ കൂടി വയ്യ. അത്ര രുചികരമാണിവിടത്തെ ഭക്ഷണം. മാംസാഹാരത്തിനു പേര് കേട്ട സ്ഥലമാണ് ഹൈദരാബാദ്. തുർക്കി, അറബ്, മുഗൾ ഭക്ഷണത്തിന്റെ സ്വാധീനം വളരെ കൂടുതലാണ് ഹൈദരാബാദി ഭക്ഷണത്തിന്. ഹൈദരാബാദ് രാജാക്കന്മാരുടെ അടുക്കളയിൽ 49- ൽ പരം ബിരിയാണികൾ പാകം ചെയ്യപ്പെട്ടിരുന്നു എന്നാണ് കഥകളിലുള്ളത്.
അവിടുന്ന് നേരെ ഹോട്ടൽ റൂമിലേക്ക്. ഒന്ന് കുളിച്ചു ബെഡിൽ കിടന്നതേ ഓർമയുള്ളൂ, എഴുന്നേറ്റത് പിറ്റേന്ന് രാവിലെയാണ്. അത്രയ്ക്കു ക്ഷീണമായിരുന്നു.
രാവിലെ ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി. ആദ്യം പോയത് ചൗമഹല്ല പാലസ് കാണാനാണ്. സിറ്റി യാത്ര ഓട്ടോറിക്ഷകളിലായിരുന്നു. കേരളത്തിൽ ട്രാഫിക് നിയമങ്ങൾ വലിയ തെറ്റില്ലാതെ പാലിക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയാൻ ഹൈദരാബാദ് വരെ പോയാൽ മതി.
രാവിലെ 10 മണിയ്ക്ക് പാലസ് തുറക്കും. ഹൈദരാബാദ് നിസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്നു ചൗമഹല്ല. 4 മഹലുകളുടെ സമുച്ചയം- അഫ്‌സൽ മഹൽ, മഹ്തബ് മഹൽ, തൻഹിയത് മഹൽ, അഫ്താബ് മഹൽ. ബെൽജിയൻ ഷാൻഡലിയരുകളുടെ കമനീയ ശേഖരമുണ്ടിവിടെ. 19 ഷാൻഡലിയർ തൂക്കിയിട്ടിരിക്കുന്ന ഖിൽവത് മുബാറക് ഹാൾ പാലസിലെ പ്രധാന ആകർഷണമാണ്. ഇവിടെ രാജാക്കന്മാരുടെ വിന്റെജ് കാറുകളുടെ ഒരു ശേഖരവുമുണ്ട്. കാഴ്ചകൾ കണ്ടിറങ്ങിയപ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു. അടുത്തൊരു ഹോട്ടലിൽ കയറി ചായയും ചെറുപലഹാരവും കഴിച്ച് വേഗം പുരാനി ഹവേലിയിലേക്ക് പോയി. നിസാമുമാരുടെ പഴയകാല വസതികളിൽ ഒന്നാണിത്. രണ്ടു നിലയുള്ള ഈ കെട്ടിടത്തിന്റെ താഴ്ഭാഗം ഇപ്പോൾ സ്‌കൂൾ ആണ്. രണ്ടാമത്തെ നിലയിൽ മ്യൂസിയമുണ്ട്. അതുവരെ പോയ എല്ലാ മ്യൂസിയങ്ങളെക്കാളും എൻട്രി ഫീയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാർഡ്രോബ് ആണ് ഈ മ്യൂസിയത്തിലെ സവിശേഷത. രാജാക്കന്മാർ ധരിച്ചിരുന്ന വസ്ത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ടിതിൽ.
കാഴ്ച കണ്ട ശേഷം ഭക്ഷണം കഴിക്കാനിറങ്ങി. പേരറിയാത്ത ഏതോ ഒരു ഹോട്ടലിൽ നിന്ന് റുമാലി റൊട്ടിയും ചിക്കനും കഴിച്ച് നേരെ പോയത് ഖുതുബ് ഷാഹി ശവകുടീരങ്ങൾ കാണാനാണ്. ഖുതുബ് ഷാഹി രാജപരമ്പരയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളും അവർ പണിത മസ്ജിദുകളുമാണ് ഇവിടെ. ഖുതുബ് ഷാഹി രാജവംശത്തിന്റെ ശില്പപാരമ്പര്യം വിളിച്ചോതുന്നവയാണ് ഇവയോരൊന്നും എന്ന് നിസ്സംശയം പറയാം. ഇവിടം ഹൈദരാബാദ് തദ്ദേശീയരുടെ ഒരു പ്രധാന പിക്‌നിക് സ്ഥലമാണെന്ന് തോന്നി. ഒട്ടനവധി കുടുംബങ്ങൾ പ്രായമായവരെയും കുട്ടികളെയും കൊണ്ടുവന്ന് ഒരു പരവതാനി തന്നെ വിരിച്ചിട്ട് ഭക്ഷണം കഴിക്കുകയും ആർത്തുല്ലസിക്കുകയും ചെയ്യുന്നത് കാണാം. 30 ശവകുടീരങ്ങളുണ്ട്. ഖുലി ഖുത്ബ് മുൽക് സുൽത്താന്റെ ശവകുടീരമാണ് ആദ്യമായി പണിതീർത്തത്. ഇതിന്റെ ചുവടുപറ്റിയാണ് ബാക്കിയുള്ളതെല്ലാം നിർമിച്ചിരിക്കുന്നത്.
ഖുത്ബ് ഷാഹി ശവകുടീരങ്ങൾ കണ്ട് നേരെ പോയത് ഗോൽക്കൊണ്ട കോട്ട കാണാനാണ്. സമയം 4.45. ഗോൽക്കൊണ്ട കാണാൻ ഒന്നുകിൽ രാവിലെ നേരത്തെ പോകണം, അല്ലെങ്കിൽ വൈകുന്നേരം. ബാക്കി സമയത്തെല്ലാം നല്ല വെയിലാണ്. പതിനൊന്നാം നൂറ്റാണ്ടിൽ കാകടിയ രാജവംശം നിർമിച്ചതാണെങ്കിലും മാറിവന്ന എല്ലാ രാജവംശങ്ങളും ഗോൽക്കൊണ്ടയെ വിപുലീകരിക്കുന്നതിൽ ഭാഗഭാക്കായിട്ടുണ്ട്. ആദ്യകാലത്തെ മൺകോട്ട ഏകദേശം 5 കിലോമീറ്റർ ചുറ്റളവു വരുന്നൊരു ഗ്രാനൈറ്റ് കോട്ടയാക്കി മാറ്റപ്പെട്ടു. കൊല്ലൂരിൽ നിന്ന് ഖനനം ചെയ്‌തെടുത്ത രത്‌നക്കല്ലുകൾ ഗോൽക്കൊണ്ടയിലാണ് സൂക്ഷിച്ചിരുന്നതും വിപണനം ചെയ്യപ്പെട്ടിരുന്നതെന്നുമാണ് പറയപ്പെടുന്നത്. നല്ല തിരക്കായിരുന്നെങ്കിലും കാലാവസ്ഥ നല്ലതായതു കൊണ്ട് മെല്ലെ നടന്നായാലും കോട്ടയുടെ സൗന്ദര്യം നന്നായി ആസ്വദിക്കാനായി.
കോട്ട കണ്ടിറങ്ങിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞു. ചാറ്റൽ മഴയും തുടങ്ങി. പെട്ടെന്നൊരു ഓട്ടോ വിളിച്ച് ഹോട്ടലിലേക്ക് തിരിച്ചു. മഴ തുടങ്ങിയാൽ ഹൈദരാബാദ് നഗരം ആകെ വൃത്തികേടാകും. അഴിക്കും ചെളിയും ട്രാഫിക് ബ്ലോക്കും. മഴ പെട്ടെന്ന് തീരണേ എന്നാഗ്രഹിച്ചു കൊണ്ടായിരുന്നു ഹോട്ടലിലേക്ക് പോയത്. എനിക്ക് ഹലീം കഴിക്കാൻ പോകണമായിരുന്നു. ഹൈദരാബാദിൽ വന്നിട്ട് ഹലീം കഴിക്കാതെ തിരിച്ചു പോകുന്നതെങ്ങനെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടൽ ഷദാബിലും ബാവർച്ചിയിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാലും ഹലീം വർഷം മുഴുവൻ വിൽക്കുന്ന സ്ട്രീറ്റ് ഫുഡ് വെണ്ടർസുണ്ടെന്നറിയാമായിരുന്നു. പക്ഷേ മഴ പെയ്തുകൊണ്ടേയിരുന്നു. ഒടുവിൽ ഹലീം മോഹം മാറ്റിവച്ചു ഇരിക്കുമ്പോൾ പൊടുന്നെനെ മഴ നിന്നു. സമയം 8 കഴിഞ്ഞിരുന്നു. എന്നാലും വേഗം ഇറങ്ങി. ഞങ്ങൾ താമസിക്കുന്ന താജ് മഹൽ ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരത്തിലുള്ള കിങ് കോട്ടി റോഡിലാണ് ഹലീം കച്ചവടക്കാരുള്ളത്. റോഡരികിലൂടെ ഒലിച്ചിറങ്ങുന്ന അഴുക്കുവെള്ളത്തിൽ ചവിട്ടാതെ ഹലീം എന്ന് മാത്രം മനസ്സിൽ ധ്യാനിച്ച് അങ്ങ് നടന്നു. റോഡരികിലായി ആറോ എഴോ അതിലധികമോ ഹലീം വില്പന ശാലകളുണ്ടായിരുന്നു. ടാർപോളിൻ വലിച്ചു കെട്ടി കുറച്ച് ഫൈബർ കസേരകൾ ഇട്ടിട്ടുണ്ട്. വലിയ ഒരു സ്റ്റീൽ പത്രത്തിലാണ് ഹലീം. നമ്മുടെ നാട്ടിൽ ഐസ്‌ക്രീം കൊണ്ടു നടന്നു വിൽക്കുന്ന വണ്ടിയിലുണ്ടാകുന്ന തരം ഒരു സംവിധാനം. ഇറച്ചി, പരിപ്പ്, പൊടിച്ച ,ഗോതമ്പ്, നെയ്യ്, സ്പൈസസ്, ഡ്രൈ ഫ്രൂട്ട്‌സ് എല്ലാം ഇടിച്ചു ചേർത്ത് സ്ലോ കുക്ക് ചെയ്‌തെടുക്കുന്ന ഒരു കിടിലൻ ഭക്ഷണമാണിത്. ഏകദേശം 12 മണിക്കൂർ എടുക്കും ഹലീം ഉണ്ടാക്കാൻ. നല്ല കട്ടിയുള്ള കുഴമ്പു രൂപത്തിൽ ആവി പറക്കുന്ന ഹലീം കഴിക്കുമ്പോൾ ഇതിനേക്കാൾ രുചിയുള്ള ഒരു ഭക്ഷണം വേറെയില്ലെന്നു തോന്നും. ഹൈദരാബാദി ഹലീം ലോകപ്രശസ്തമാണ്. റമദാൻ കാലത്താണ് കൂടുതലും ലഭ്യമാകുന്നത്. എങ്കിലും ഞങ്ങൾ പോയ കടകൾ പോലെ 365 ദിവസവും ഹലീം ലഭ്യമാകുന്ന സ്ഥലങ്ങളുമുണ്ട്. ഞങ്ങൾ ഒരു മട്ടൺ ഹലീമും ഒരു ചിക്കൻ ഹലീമും കഴിച്ചു. എന്തിനാണ് സ്വാദ് കൂടുതൽ എന്ന് പറയാൻ പറ്റാത്തവിധം രുചികരമായിരുന്നു രണ്ടും. ഹലീം കഴിച്ചതോടെ യാത്ര ഏകദേശം തീർന്നു എന്ന് മനസ്സും ശരീരവും മന്ത്രിക്കുന്നതുപോലെ തോന്നി.
പക്ഷെ കുറച്ച് ഷോപ്പിംഗ് കൂടി ബാക്കിയുണ്ട്. അതിൽ പ്രധാനം പുല്ലാ റെഡ്ഡി സ്വീറ്റ്‌സിൽ നിന്നാണ്. ഹൈദരാബാദ് മധുര പലഹാരങ്ങൾക്ക് കേൾവികേട്ടതാണ്. അതിൽ തന്നെ മികച്ചതാണ് പുല്ലാ റെഡ്ഡി സ്വീറ്റ്‌സ്. ശുദ്ധമായ നെയ്യിലുണ്ടാക്കുന്ന മധുരപലഹാരങ്ങൾക്ക് പ്രസിദ്ധമാണിവിടം. 1948 ൽ ആരംഭിച്ചതാണ്. അവിടെ സന്ദർശിച്ച പ്രശസ്തരുടെ ഫോട്ടോകൾ ഉള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വായിൽ വെച്ചാൽ അലിഞ്ഞു പോകുന്നത്രയും പതുപതുപ്പുള്ളവയാണ് പലഹാരങ്ങൾ. വില അല്പം കൂടുതലല്ലേ എന്ന് തോന്നിയാലും ആ പലഹാരങ്ങൾ നാവിൽ വയ്ക്കുമ്പോഴേക്കും ആ ചിന്ത തന്നെ അലിഞ്ഞില്ലതാവും. കുറച്ചു മലായ് പേട, ബർഫി, ഡ്രൈ ഫ്രൂട്ട്‌സ് ഹൽവ ഒക്കെ വാങ്ങി പുറത്തിറങ്ങി. കുറെനേരം കൂടി നഗരത്തിലെ തെരുവുകളിലൂടെ നടന്നു കാഴ്ചകൾ കണ്ടാസ്വദിച്ചു. ഒടുവിൽ റൂമിലേക്ക്. അടുത്ത ദിവസം നേരത്തെ നാട്ടിലേക്കു തിരിക്കണമല്ലോ.
മൂന്ന് പകലുകൾ കൊണ്ടും രാത്രി കൊണ്ടും കണ്ടുതീർക്കാനാവുന്ന ഒരു സ്ഥലമല്ല ഹൈദരാബാദ്. ഒരുപാടു കാഴ്ചകളുണ്ട്. ഒരു പാട് രുചികളും. അതെല്ലാം ആസ്വദിക്കാൻ ഇനിയുമൊരിക്കൽ പോകാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ തിരികെ പുറപ്പെട്ടു.