ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: 11
ഉച്ചതിരിഞ്ഞ് 3.20- നാണ് ബുഖാറയിൽ നിന്ന് സമർഖണ്ഡിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ. ഒരു മണിക്കൂർ 43 മിനിറ്റുകൊണ്ട് 217 കിലോമീറ്റർ താണ്ടി 5.03ന് സമർഖണ്ഡ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. സമർഖണ്ഡിലാണ് ഇന്നത്തെ അന്തിയുറക്കം. ബുഖാറയോളം പഴക്കമുള്ള നഗരമല്ലെങ്കിലും തിമൂറിന്റെ ഓർമകളുറങ്ങുന്ന മണ്ണാണത്. ഈ പുരാതന നഗരത്തിലിരുന്നാണ് തിമൂർ തന്റെ വലിയൊരു സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്. വിശ്വോത്തര നിർമിതികൾ പടുത്തുയർത്താനായി അദ്ദേഹം തിരഞ്ഞെടുത്തതും ഇവിടമാണ്.
ബുഖാറയിലെ Ziyobaxsh ഹോട്ടലിൽനിന്ന് ടാക്സി പിടിച്ച് റെയിൽവേ സ്റ്റേഷനിലെത്തി. നഗരമധ്യത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ തെക്കുകിഴക്കായി കഗൻ എന്ന സ്ഥലത്താണ് പ്രധാന റെയിൽവേ സ്റ്റേഷൻ. 1888-ലാണ് ഇവിടെ സ്റ്റേഷൻ സ്ഥാപിതമാകുന്നത്. ട്രാൻസ്- കാസ്പിയൻ റെയിൽവേലെെനിന്റെ ഭാഗമായ താഷ്കെന്റിലേക്കുള്ള പാത ബുഖാറ വഴിയാണ് കടന്നുപോകേണ്ടിയിരുന്നതെങ്കിലും 'ശെെത്താൻ അർബ'യെ (പിശാചിന്റെ വണ്ടി) നഗരത്തിലേക്ക് പ്രവേശിപ്പിക്കാൻ അന്നത്തെ അമീർ തയ്യാറായില്ല. അങ്ങനെയാണ് ബുഖാറയുടെ പഴയ നഗരത്തിൽ നിന്ന് ഇത്ര മാറി സ്റ്റേഷൻ സ്ഥാപിതമാകുന്നത്.
ട്രാൻസ്- കാസ്പിയൻ റെയിൽവേ ലെെൻ ഇവിടേക്കെത്തുന്നതോടുകൂടിയാണ് കഗൻ ചെറു നഗരമായി വികസിക്കുന്നത്. കഗന് റഷ്യക്കാർ ന്യൂബുഖാറ എന്ന് പേരുകൊടുത്തു. ഒരു റഷ്യൻ ഉപഗ്രഹനഗരം അവിടെ ഉയർന്നുവന്നു. തദ്ദേശീയരെ കൂടാതെ റഷ്യൻ സെെനികർ, കെട്ടിടനിർമാതാക്കൾ, എഞ്ചിനീയർമാർ, റെയിൽവേ സാങ്കേതിക വിദഗ്ധർ, സ്റ്റേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവരൊക്കെയായിരുന്നു ഇവിടത്തെ താമസക്കാർ. അവരിൽ പലരും പിന്നീട് ഇവിടെ സ്ഥലവും വീടും വാങ്ങി സ്ഥിരതാമസക്കാരായി. ഈ പുതിയ ജനസമൂഹത്തിന്റെ ആവശ്യാനുസരണം കച്ചവടവും വളർന്നു. നിരവധി കടകൾ പുതിയതായി തുറക്കപ്പെട്ടു. പോസ്റ്റ് ഓഫീസ്, ബാങ്ക്, കോളേജ്, കോടതി, കസ്റ്റംസ് ഓഫീസ് എന്നിവയൊക്കെ സ്ഥാപിക്കപ്പെട്ടു. സാറിസ്റ്റ് റഷ്യൻ കാലത്തും പിന്നീട് സോവിയറ്റ് യുഗത്തിലും റഷ്യൻ വംശജർ പ്രധാനമായി താമസിച്ചിരുന്നത് ഇവിടെയായിരുന്നു.
എല്ലാ സോവിയറ്റ് നിർമിതികളെയും പോലെ വിശാലമാണ് സ്റ്റേഷൻ മന്ദിരവും. യാത്രക്കാർക്ക് മാത്രമേ സ്റ്റേഷൻ വളപ്പിലേക്ക് പ്രവേശനമുള്ളൂ. ട്രെയിൻ കാത്തിരിക്കുന്നവരിൽ നിരവധി പേർ വിദേശ വിനോദ സഞ്ചാരികളാണ്.
റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കയറണമെങ്കിൽ സെക്യൂരിറ്റി ചെക്കിങ്ങ് പുർത്തിയാക്കണം. വിശാലമായ കെട്ടിടം, മുൻവശത്ത് നീണ്ട പാർക്കിങ്ങ്. സമയം രണ്ടരയാകുന്നതേയുള്ളൂ. സ്റ്റേഷനിലെത്തി ടിക്കറ്റ് കാണിച്ച് ട്രെയിൻ സമയം ഒന്നുകൂടി ഉറപ്പുവരുത്തി ഞങ്ങൾ പുറത്തിറങ്ങി. ബുഖാറയിലെ അലച്ചിലിനിടയിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല. സ്റ്റേഷന് പുറത്ത് നല്ല ഹോട്ടലുകളൊന്നും കാണാനില്ല. ഒടുവിൽ പുറത്ത് ഒരു പഴയ ഹോട്ടൽ കണ്ടെത്തി. ഒരു അമ്മയും മകളും അവിടെ ഭക്ഷണം കഴിക്കുന്നതൊഴിച്ചാൽ മറ്റാരുമില്ല. ഭക്ഷണം വിളമ്പുന്നത് മധ്യവയസ്ക്കയായ ഉസ്ബെക്ക് വനിത. ഭാഷ വീണ്ടും വില്ലനായി. ഒടുവിൽ അവർ ഫോണിൽ കാണിച്ചു തന്ന ഗ്രിൽ ചിക്കനും ഉസ്ബെക്ക് റൊട്ടിയും ഓർഡർ ചെയ്ത് കാത്തിരിപ്പായി. ഭക്ഷണ വെെവിധ്യങ്ങൾ ഏറെയുള്ള രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. ഇബ്രാഹിമും ഞാനും ഭക്ഷണപ്രിയരല്ലാത്തതുകൊണ്ടും കാഴ്ച്ചകൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ടും കിട്ടുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കുകയാണ് പതിവ്. രാത്രി ചിലപ്പോൾ പഴങ്ങൾ മാത്രമാകും കഴിക്കുക.
ഭക്ഷണശേഷം സ്റ്റേഷൻ വളപ്പിന് പുറത്തേക്ക് കുറച്ചുദൂരം നടന്നു. പടിവാതിലിനപ്പുറം തുടങ്ങുന്ന പ്രധാന നിരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുവശത്തായി ആദ്യം കാണുന്നതാണ് ബുഖാറ അമീറിന്റെ 19-ാം നൂറ്റാണ്ടിലെ കൊട്ടാരം. ബുഖാറയിലേക്കുള്ള സാറിസ്റ്റ് റഷ്യൻ അധിനിവേശത്തിന്റെ കാലത്ത് അമീർ സെയ്ദ് അബ്ദുൾ അഹദ് ഖാൻ ബുഖാറ അമീറായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം റഷ്യൻ വാസ്തുശില്പി അലക്സി എൽ. ബെനോയിറ്റാണ് കൊട്ടാരം രൂപകൽപ്പന ചെയ്യുന്നത്. റഷ്യൻ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ സന്ദർശനത്തിന് നിർമിച്ചതാണ് ഈ കൊട്ടാരം എന്ന വാദവുമുണ്ട്. എന്തായാലും സെയ്ദ് അബ്ദുൾ അഹദ് ഖാൻ കൊട്ടാരത്തിൽ താമസിക്കുകയുണ്ടായില്ല. നിക്കോളാസ് രണ്ടാമൻ ഒരിക്കലും ബുഖാറസന്ദർശിച്ചുമില്ല. അവസാന അമീറായ മുഹമ്മദ് അലിം ഖാന്റെ കാലത്ത് വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ അദ്ദേഹം ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു. പിന്നീട് സോവിയറ്റ് ഭരണകാലത്ത് സർക്കാർ ഇത് ഏറ്റെടുത്തു. പിന്നീട് റെയിൽവേ തൊഴിലാളികളുടെ സാംസ്ക്കാരിക കേന്ദ്രമായി മാറി. ഇന്ന് റെയിൽവേയുമായി ബന്ധപ്പെട്ട ചില ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
റെയിൽവേ എത്തി അൽപകാലം കഴിഞ്ഞപ്പോൾ തീവണ്ടിപ്പാത കുറച്ചുകൂടി അകത്തേക്ക് നീട്ടുകയും ബുഖാറയോട് കുറച്ചുകൂടി അടുത്ത് മറ്റൊരു സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഈ റെയിൽവെ ലെെനും സ്റ്റേഷനും ഉപേക്ഷിക്കപ്പെട്ടു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്റ്റേഷനാണ് പിന്നീട് കഗൻ എന്ന ന്യൂ ബുഖാറയിലെ പുതിയ താമസക്കാർക്കുള്ള ക്രിസ്ത്യൻ പള്ളിയായി മാറിയത്. മതങ്ങളെ അടിച്ചമർത്തിയിരുന്ന സോവിയറ്റ് യൂണിയന്റെ ആദ്യകാലത്ത് ഈ പള്ളിയുടെയും പ്രവർത്തനം നിലച്ചു. ആദ്യം ഈ സ്റ്റേഷന്റെ ചെറിയൊരു ഭാഗത്തായിരുന്നു പള്ളി പ്രവർത്തിച്ചിരുന്നതെങ്കിൽ സോവിയറ്റ് കാലത്തിന് ശേഷം ഇസ്‍ലാം കരിമോവിന്റെ കാലത്ത് പഴയ സ്റ്റേഷൻ കെട്ടിടം പൂർണമായി പള്ളിക്ക് വിട്ടു കൊടുത്തു.
ഞങ്ങൾ പുറത്തെ കറക്കം മതിയാക്കി വീണ്ടും സ്റ്റേഷനിലേക്കെത്തി. എല്ലാ സോവിയറ്റ് നിർമിതികളെയും പോലെ വിശാലമാണ് സ്റ്റേഷൻ മന്ദിരവും. യാത്രക്കാർക്ക് മാത്രമേ സ്റ്റേഷൻ വളപ്പിലേക്ക് പ്രവേശനമുള്ളൂ. ട്രെയിൻ കാത്തിരിക്കുന്നവരിൽ നിരവധി പേർ വിദേശ വിനോദ സഞ്ചാരികളാണ്. അഫ്രോസിയോബ് എന്നാണ് ഈ അതിവേഗ തീവണ്ടിയുടെ പേര്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കെെവരിക്കാൻ ഈ തീവണ്ടിക്ക് കഴിയും. ടാൽഗോ എന്ന സ്പാനിഷ് കമ്പനിയാണ് ഈ അതിവേഗ തീവണ്ടിയുടെ നിർമ്മാതാക്കൾ. താഷ്കന്റിനും സമർഖണ്ഡിനും ഇടയിൽ 351 കി.മീ. ദൂരം വരുന്ന ഉസ്ബെക്കിസ്ഥാന്റെ ആദ്യ ഹെെസ്പീഡ് റെയിൽവേ 2011ലാണ് കമിഷൻ ചെയ്തത്. 2016- ൽ ഈ പാത ബുഖാറയിലേക്ക് നീട്ടി. ബുള്ളറ്റ് ട്രെയിനിൽ ബിസിനസ്, വി ഐ പി ക്ലാസുകളുണ്ട്. ഞങ്ങൾ ടിക്കറ്റെടുത്തിരിക്കുന്നത് എക്കണോമി ക്ലാസിലാണ്. ട്രെയിനിന് കാത്തിരിക്കുന്നവരിൽ ചെറിയൊരു സംഘം വിദ്യാർത്ഥിനികളുമുണ്ട്. ഇബ്രാഹിം അവരുമായി എന്തൊക്കയോ സംസാരിക്കുന്നുണ്ട്. ദേശീയതലത്തിൽ നടക്കുന്ന സ്ക്കൂൾ കായികമേളയിൽ പങ്കെടുക്കാൻ പോകുന്നവരോ മടങ്ങുന്നവരോ ആണ് അവരെന്ന് ഇബ്രാഹിം പറഞ്ഞു.
ബുഖാറയിൽ ഇനിയും കാഴ്ച്ചകൾ ബാക്കിയുണ്ട്. ബുഖാറയിൽ നിന്ന് 5 കിലോമീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായുള്ള സുമിതൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മരിച്ചവരുടെ നഗരം എന്ന് വിളിക്കപ്പെടുന്ന ‘ചോർ-ബക്കർ നെക്രോപോളിസ്’ ആണ് അതിൽ പ്രധാനം. 16 മുതൽ 18 വരെയുള്ള മൂന്ന് നൂറ്റാണ്ടുകളിലായാണ് ഈ തനത് ഉസ്ബെക്ക് വാസ്തുവിദ്യാസമുച്ചയം നിർമിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച പ്രദേശമാണിത്. പ്രവാചകന്റെ വംശപരമ്പരയിൽ പെട്ട അബു ബക്കർ സെയ്ദ് തുടങ്ങി നിരവധി വിശുദ്ധരെയും ഭരണാധികാരികളെയും അവരുടെ കുടുംബാംഗങ്ങളെയുമൊക്കെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. മക്ബറകൾക്കൊപ്പം മസ്ജിദും ഖാനകയും മിനാരത്തും മദ്രസയുമൊക്കെ ഈ വലിയ വാസ്തുവിദ്യാ സമുച്ചയത്തിലുണ്ട്.
മറ്റൊന്ന്, ബുഖാറയിലെ ജൂത സിനഗോഗും ജൂതത്തെരുവുമാണ്. ബുഖാറൻ ജൂതന്മാർ എന്ന് പൊതുവിൽ വിളിക്കപ്പെടുന്ന മധ്യേഷ്യയിലെ ജൂതൻമാരുടെ ജീവിതവും ചരിത്രവും അടുത്തറിയാൻ ഈ സന്ദർശനത്തിനാകുമെന്ന് പറയുന്നു. ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന പഴയ ബുഖാറ ഖാനേറ്റിലെയും സമർകണ്ടിലെയും ഫെർഗാന താഴ്‌വരയിലെയും ജൂതൻമാരാണ് ‘ബുഖാറൻ ജൂതന്മാർ’ എന്നറിയപ്പെടുന്നത്. മധ്യേഷ്യയിലെ ഏറ്റവും പഴക്കമുള്ള വംശീയ- മത സമൂഹങ്ങളിലൊന്നാണിത്. ഉസ്‌ബെക്കിലെ സമർകണ്ട്, ബുഖാറ, താഷ്‌കന്റ്, കോക്കണ്ട്, താജിക്കിസ്ഥാനിലെ ദുഷാൻബെ, കിർഗിസ്ഥാനിലെ ബിഷ്‌കെക്ക് എന്നീ നഗരങ്ങളിലായാണ് ബുഖാറൻ ജൂതൻമാരിൽ ഭൂരിഭാഗവും പേരും ജീവിച്ചിരുന്നത്. ഹീബ്രു വാക്കുകൾ ഉൾക്കൊള്ളുന്ന താജിക്കി-പേർഷ്യൻ ഭാഷയുടെ ഒരു പ്രത്യേക ഉപഭാഷയായ ബുഖോറി അല്ലെങ്കിൽ ജൂഡോ- താജികാണ് അവരുടെ സംസാരഭാഷ.
ബി.സി എട്ടാം നൂറ്റാണ്ടിൽ നാടുകടത്തപ്പെട്ട ഇസ്രായേലിലെ പത്ത് ഗോത്രങ്ങളുടെ പിൻഗാമികളാണ് തങ്ങളെന്ന് ബുഖാറൻ ജൂതർ വിശ്വസിക്കുന്നു. പേർഷ്യൻ രാജാവായ സൈറസിന്റെ കാലത്ത് യഹൂദർക്ക് ജറുസലേമിലേക്ക് മടങ്ങാനായെങ്കിലും പലരും തിരിച്ചുപോയില്ല. പിന്നീട് അലക്സാണ്ടർ ചക്രവർത്തി പേർഷ്യ കീഴടക്കി. ബി.സി. 323-ൽ അലക്സാണ്ടറുടെ മരണശേഷം സെലൂസിഡുകൾ പേർഷ്യൻ സാമ്രാജ്യം പുനഃസ്ഥാപിച്ചു. പിന്നീട് വന്ന പാർത്തിയന്മാർ യഹൂദർക്ക് പൗരത്വം നൽകി. എഡി 224-ൽ ഈ പ്രദേശം കീഴടക്കിയ സസ്സാനിദുകൾ സൊറോസ്ട്രിയനിസത്തെ ഔദ്യോഗിക മതമാക്കി മാറ്റുകയും. മതപരിവർത്തനത്തിന് തയ്യാറാകാത്ത യഹൂദന്മാരെ പീഡിപ്പിച്ചു. പലരും വടക്കുകിഴക്ക് ഭാഗങ്ങളിലേക്ക് താമസം മാറ്റി.
7-8 നൂറ്റാണ്ടുകളിലെ ഇസ്‌ലാം വ്യാപന കാലത്ത് മുൻ പേർഷ്യൻ സാമ്രാജ്യമൊന്നാകെ ഉമയ്യദ് രാജവംശത്തിന് കീഴിലായി. ബാഗ്ദാദിൽ നിന്നുള്ള ഷിയാ മുസ്‍ലിംകളായിരുന്ന അബ്ബാസികൾ പിന്നീടിവിടം കെെയ്യടക്കി. 874-ൽ ബുഖാറ പിടിച്ചടക്കിയ സമാനികൾ ജൂതന്മാരോട് സഹിഷ്ണുത പുലർത്തിയിരുന്നെങ്കിലും മതം മാറാൻ വിസമ്മതിച്ച എല്ലാ അമുസ്‌ലിംകളെയും പോലെ ജൂതൻമാർക്കും കനത്ത നികുതി നൽകേണ്ടി വന്നു. യഹൂദന്മാർ ദിമ്മി അല്ലെങ്കിൽ "അവിശ്വാസികൾ" എന്ന് വിളിക്കപ്പെട്ടു. 999-ൽ കരാഖാനിദ് കാലമായപ്പോഴേക്കും മധ്യേഷ്യയിലെ ജൂതന്മാർ യൂറോപ്പിലെ ജൂതന്മാരിൽ നിന്ന് പൂർണ്ണമായും വേർപ്പെട്ടിരുന്നു. 1219-ൽ ബുഖാറ കീഴടക്കിയ ചെങ്കിസ് ഖാൻ ബുഖാറൻ ജൂത സമൂഹത്തെയും നശിപ്പിച്ചു. പിന്നീട് തിമൂർ സമർഖണ്ഡും ബുഖാറയും പുനർനിർമ്മിച്ചപ്പോൾ ചായം പൂശാനും നെയ്ത്തുജോലിക്കും തുണി വ്യവസായത്തിനുമായി പേർഷ്യൻ ജൂതന്മാരെ രാജ്യത്തേക്ക് കൊണ്ടു വന്നു.
ജൂതരുടെ താമസം ജൂത ക്വാർട്ടറിൽ മാത്രമായിരിക്കണമെന്നും അവരുടെ വിൽപ്പനശാലകൾ മുസ്‍ലിം വ്യാപാരികളുടേതിനേക്കാൾ ഒരു പടി താഴെയായിരിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു അന്ന്. സമർത്ഥരായ യഹൂദ വ്യാപാരികൾ എന്നിട്ടും വ്യാപാരവിജയം നേടി. യഹൂദ സ്ത്രീകൾ സ്വർണ്ണനൂലുകൾ കൊണ്ടുള്ള ചിത്രതുന്നൽ വേലകൾക്ക് പേരുകേട്ടവരായിരുന്നു. 1500-കളുടെ തുടക്കത്തിൽ പേർഷ്യ ഷിയ മുസ്‍ലിം ഭരണത്തിന് കീഴിലും മധ്യേഷ്യ സുന്നി ഉസ്ബെക്കുകളുടെ അധീനതയിലുമായി. അങ്ങനെ പേർഷ്യയിലും മധ്യേഷ്യയിലുമുള്ള ജൂതന്മാർ ഭിന്നിക്കപ്പെട്ടു. ഒറ്റപ്പെട്ട ബുഖാറൻ ജൂതസമൂഹം അവരുടേതായ യഹൂദമതം വികസിപ്പിച്ചെടുത്തു. ഭരണാധികാരികളുടെ മതകാർക്കശ്യത്തിന്റെ ഏറ്റക്കുറവിനനുസരിച്ച് സഹിഷ്ണുതയും വിവേചനവും മാറി മാറി അനുഭവിച്ച അവർ വേർതിരിച്ചറിയാൻ വേണ്ടി മഞ്ഞയും കറുപ്പും വസ്ത്രം ധരിക്കാൻ നിർബന്ധിതരായിരുന്നു. അമുസ്‌ലിംകളായതിനാൽ വാർഷിക നികുതി ഒടുക്കുന്ന വേളയിൽ മുഖത്തടിക്കപ്പെടലിന് വിധേയരായിരുന്നു ജൂതൻമാർ. 18ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ദുറാനി രാജവംശം അഫ്ഗാൻ രാജ്യം സൃഷ്ടിച്ചപ്പോൾ ബുഖാറയുടെ മങ്കിത് രാജവംശവുമായുണ്ടായ യുദ്ധങ്ങൾ മൂലം മധ്യേഷ്യൻ ജൂതർ വീണ്ടും വിഭജിക്കപ്പെട്ടു.
1887-89-ൽ റഷ്യൻ അധികാരികൾ തുർക്കിസ്ഥാനിലെ ബുഖാറൻ ജൂതന്മാരെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു. തദ്ദേശീയരായ ജൂതന്മാരും പിന്നീട് അവിടേക്കെത്തിയവരും.
18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബുഖാറയിലെ മുല്ലമാർ യഹൂദരുടെ നിർബന്ധിത മതപരിവർത്തനത്തിന് തുടക്കമിട്ടു. മതം മാറിയ യഹൂദർ ചാലകൾ എന്ന് വിളിക്കപ്പെട്ടു. അവരിൽ പലരും രഹസ്യമായി യഹൂദമതം ആചരിച്ചു പോന്നു. മുസ്‍ലിം, ജൂത സമുദായങ്ങൾ ചാലകളെ അവജ്ഞയോടെ നോക്കിക്കണ്ടു. യൂറോപ്യൻ ജൂതന്മാരിൽ നിന്നുള്ള നീണ്ട ഒറ്റപ്പെടലും 1700-കളിലെ നിർബന്ധിത ഇസ്‍ലാമികവൽക്കരണവും ബുഖാറയിലെ ജൂതന്മാരുടെ മതപരവും ആത്മീയവുമായ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ചിരുന്നു. 1793-ൽ ബുഖാറയിലെത്തിയ മൊറോക്കൻ ജൂതനായ റബ്ബി ജോസഫ് മാമൻ മഗ്രിബിയാണ് പിന്നീട് ബുഖാറൻ ജൂതരുടെ മത-ആത്മീയ ജീവിതം പുനരുജ്ജീവിപ്പിക്കുന്നത്. ആചാരങ്ങൾ മറന്നുപോയ ബുഖാറൻ ജൂതരെ വീണ്ടും മതം പഠിപ്പിക്കാനായി യൂറോപ്യൻ മതാധ്യാപകരെ കൊണ്ടു വന്നു അദ്ദേഹം. സയണിസത്തിന്റെ മുൻഗാമിയായ ഹിബ്ബത്ത് സിയോൺ (ലവ് ഓഫ് സീയോൻ) സ്ഥാപിക്കുകയും പാലസ്തീനിലേക്ക് തിരിച്ചുപോകുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു മഗ്രിബി. 1823-ൽ മരിക്കുന്നതുവരെയുള്ള 30 വർഷം മാമൻ മഗ്രിബി ബുഖാറൻ ജൂതന്മാരെ സേവിച്ചു.
ഷിയ മതമൗലികവാദികൾ പേർഷ്യയിലെ മെഷെഡ ജൂത ക്വാർട്ടർ കത്തിക്കുകയും യഹൂദരെ മുഴുവൻ നിർബന്ധിത മതപരിവർത്തനം നടത്താനാരംഭിക്കുകയും അള്ളാദാദ് വംശഹത്യ നടത്തുകയും ചെയ്തതോടെ അവിടെ നിന്നുള്ള വലിയൊരു വിഭാഗം ജൂതർ ബുഖാറയിലെ ഷാരിസാബ്സ്, മെർവ് എന്നിവിടങ്ങളിൽ അഭയം തേടി. 1868-ൽ സാറിസ്റ്റ് റഷ്യ തുർക്കിസ്ഥാൻ കീഴടക്കിയെങ്കിലും ബുഖാറ പിന്നീടും അമീറിന്റെ കീഴിൽ തന്നെ തുടർന്നു. ഒടുവിൽ ബുഖാറയും സമർഖണ്ഡുമൊക്കെ റഷ്യൻ സാമ്രാജ്യത്തിന്റെ മേൽക്കോയ്മക്കുകീഴിലായി. പുതിയ പ്രദേശങ്ങളിൽ റഷ്യ ആദ്യം തങ്ങളുടെ സുഹൃത്തായി ജൂതന്മാരെ കണ്ടു. ബുഖാറയിലെ അമീറാകട്ടെ ഖാനേറ്റിന്റെ പതനത്തിന് കാരണക്കാരെന്നാരോപിച്ച് യഹൂദരെ പീഡിപ്പിക്കാനാരംഭിച്ചു. അവർ ബുഖാറയിൽ നിന്ന് സമർകണ്ഡ് താഷ്‌ക്കന്റ് തുടങ്ങി മറ്റ് തുർക്കിസ്ഥാൻ നഗരങ്ങളിലേക്ക് പാലായനം ചെയ്തു. 1880-കളിൽ, ഈ കൂട്ടകുടിയേറ്റവും ജൂത-റഷ്യൻ വ്യാപാരികൾ തമ്മിലുള്ള മത്സരവും കണക്കിലെടുത്ത് റഷ്യ ഒരു ജൂതവിരുദ്ധ നിയമം പാസാക്കി.
1887-89-ൽ റഷ്യൻ അധികാരികൾ തുർക്കിസ്ഥാനിലെ ബുഖാറൻ ജൂതന്മാരെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു. തദ്ദേശീയരായ ജൂതന്മാരും പിന്നീട് അവിടേക്കെത്തിയവരും. സ്വദേശികൾക്ക് തുല്യാവകാശം അനുവദിച്ചപ്പോൾ ബാക്കിയുള്ളവരെ വിദേശ പൗരരായി മുദ്രകുത്തി അവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി. ഒന്നാം ലോകമഹായുദ്ധകാലത്തും റഷ്യ യഹൂദ വിരുദ്ധ നയം തുടർന്നു. ട്രാൻസ്- കാസ്പിയൻ റെയിൽവേയുടെ വരവാണ് ബുഖാറൻ ജൂതരുടെ ഒറ്റപ്പെടൽ അവസാനിപ്പിച്ചത്. സമർഖണ്ഡ്, ബുഖാറ, താഷ്‌കന്റ് എന്നിവിടങ്ങളിലൂടെ കടന്നുപോയ റെയിൽപാത ഒരു സഹസ്രാബ്ദത്തോളം ഒറ്റപ്പെട്ടുപോയ ബുഖാറൻ ജൂതൻമാരെ യൂറോപ്പിലെ ജൂതസമൂഹവുമായി ബന്ധിപ്പിച്ചു. ബുഖാറൻ ജൂതരുടെ പ്രാകൃത ജീവിതശൈലി കണ്ട് യൂറോപ്യൻ ജൂതന്മാർ ഞെട്ടിപ്പോയതായി പറയുന്നുണ്ട്. ബുഖാറൻ ജൂതന്മാരുടെ പലസ്തീൻ കുടിയേറ്റത്തിന് തുടക്കമിട്ടതും ഈ തീവണ്ടിപ്പാതയായിരുന്നു. 1914 ആയപ്പോഴേക്കും എട്ട് ശതമാനത്തോളം ബുഖാറൻ ജൂതർ ജറുസലേമിലെ ബുഖാറൻ ക്വാർട്ടറായ റെഹോവോട്ടിലേക്ക് കുടിയേറിയിരുന്നു. റെയിൽവേ വഴി കൊണ്ടുവരപ്പെട്ട വിലകുറഞ്ഞ ഫാക്ടറിനിർമ്മിത തുണിത്തരങ്ങൾ പക്ഷെ ബുഖാറയിലെ തുണിവ്യാപാരത്തിന്റെ കുത്തകയുണ്ടായിരുന്ന സമ്പന്നരായ ജൂത വ്യാപാരികളെ ദോഷകരമായി ബാധിച്ചു.
റഷ്യൻ വിപ്ലവകാലത്ത് ബുഖാറൻ ജൂതരിൽ ഭൂരിഭാഗവും പേരും ബോൾഷെവിക്കുകളെ അനുകൂലിച്ചു. നൂറ്റാണ്ടുകളായി പ്രാദേശിക മുസ്ലിം അധികാരികളുടെയും പിന്നീട് സാറിസ്റ്റ് റഷ്യയുടെയും കീഴിലുള്ള ദുരിതങ്ങൾക്ക് ബോൾഷെവിക്കുകൾ അറുതി വരുത്തുമെന്നും വിപ്ലവം പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്നും അവർ കരുതി. എന്നാൽ ഈ പിന്തുണ അമീറിന്റെയും ഇസ്‍ലാമിസ്റ്റുകളുടെയും രോഷത്തിനും വലിയ പീഡനങ്ങൾക്കും കാരണമായി. 1918 മുതൽ 1920 വരെ ജൂതർക്കെതിരെ നിരവധി കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിപ്ലവാനന്തരം ബുഖാറ 1924 വരെ ബുഖാറൻ സോവിയറ്റ് പീപ്പിൾസ് റിപ്പബ്ലിക് എന്ന പേരിൽ സ്വയംഭരണം നിലനിർത്തി. പിന്നീട് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാന്റെ ഭാഗമായി.
സ്റ്റാലിന്റെ കാലത്ത് യഹൂദമതത്തെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനാരംഭിച്ചു. പല സിനഗോഗുകളും പൂട്ടി. യഹൂദമതം അനുഷ്ഠിക്കുക കൂടുതൽ ബുദ്ധിമുട്ടായി മാറി. 1936-38 കാലഘട്ടത്തിൽ സോവിയറ്റ് അധികാരികൾ നിരവധി ജൂത നേതാക്കളെ ജയിലിലടച്ചു. ജൂഡോ-താജിക് പുസ്തകങ്ങളുടെയും പത്രങ്ങളുടെയും പ്രസിദ്ധീകരണം നിർത്തുകയും ജൂഡോ-ബുഖാറൻ സ്കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തു. ബുഖാറൻ യഹൂദ സമുദായത്തെ നിർബന്ധിതമായി സ്വാംശീകരിക്കാൻ ഭരണകൂടം തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. ഇതേസമയം തങ്ങളെ എതിർത്ത റഷ്യൻ വംശജരായ ജൂത വിമതരെ സോവിയറ്റുകൾ ഉസ്ബെക്കിലേക്ക് നാടുകടത്തുന്നുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ധാരാളം യൂറോപ്യൻ ജൂത അഭയാർത്ഥികൾ കൂടി ഇവിടേക്ക് കുടിയേറി.
രണ്ടാം ലോകമഹായുദ്ധത്തിന് മുൻപേ മധ്യേഷ്യൻ ജൂതരുടെ വലിയ തോതിലുള്ള ഇസ്രായേൽ കുടിയേറ്റം ആരംഭിച്ചിരുന്നു. സോവിയറ്റ് നിയന്ത്രണങ്ങൾ മൂലം രഹസ്യമായായിരുന്നു കുടിയേറ്റം. അക്കാലത്ത് പ്രബലമായിരുന്നു യഹൂദ വിരുദ്ധത നിയന്ത്രിക്കാൻ സോവിയറ്റ് യൂണിയൻ കാര്യമായൊന്നും ചെയ്തില്ല. 1926-ൽ ചാർജുയിയിലും 1930-ൽ സമർഖണ്ഡിനടുത്തുള്ള അഗാലിഖ് ഗ്രാമത്തിലും കൂട്ടക്കൊലകൾ നടന്നു. 1948-ൽ ഇസ്രായേൽ സ്ഥാപിതമായപ്പോൾ യഹൂദ വിരുദ്ധത വീണ്ടും ശക്തമായി. 1967-ലെ ആറ് ദിന യുദ്ധത്തോടെ ബുഖാറൻ ജൂതരും മുസ്ലിംകളും തമ്മിലുള്ള ബന്ധം തകരുന്ന ഘട്ടമെത്തി. സോവിയറ്റ് യൂണിയൻ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം നിർത്തലാക്കി. ഇസ്രായേൽ കുടിയേറ്റത്തിന് വീണ്ടും വിലക്കേർപ്പെടുത്തി. 1980-കളുടെ അവസാനം വരെ ഈ നിയന്ത്രണങ്ങൾ തുടർന്നു. എന്നാൽ ഇക്കാലയളവിലും ഇസ്രായേലിലേക്കുള്ള രഹസ്യ കുടിയേറ്റം തുടർന്നു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ പുതിയ സ്വതന്ത്ര റിപ്പബ്ലിക്കുകൾക്കിടയിൽ ജൂതർ വിഭജിക്കപ്പെട്ടു. സ്വതന്ത്രാനന്തരം യഹൂദരെ ലക്ഷ്യം വയ്ക്കാൻ മുസ്ലിം, ദേശീയ തീവ്രവാദികൾ മുന്നോട്ടുവരുമെന്ന ഭയം നിമിത്തം 70,000-ലധികം യഹൂദർ രാജ്യം വിട്ട് ഇസ്രായേലിലേക്കും അമേരിക്കയിലേക്കും കുടിയേറി.
എന്നാൽ ന്യൂനപക്ഷങ്ങളും അമുസ്ലിമുകളും ഇസ്ലാം കരിമോവിന്റെ ഉസ്ബെക്കിസ്ഥാനിൽ പൂർണസുരക്ഷിതരായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി യഹൂദന്മാരും മുസ്ലിംകളും സൗഹൃദത്തോടെ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ജീവിച്ചുപോന്നു. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ബുഖാറയിലെ ജൂതർ അവിടെ തന്നെ തുടരാനും പോയവർ തിരിച്ചുവരാനുമാണ് ഉസ്ബെക്ക് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഇപ്പോഴത്തെ ഭരണാധികാരികൾ പറയുന്നു. താജിക്കിസ്ഥാനിലും കിർഗിസ്ഥാനിലും പക്ഷെ വ്യത്യസ്തമാണ് കാര്യങ്ങൾ. പതിനായിരത്തിൽ താഴെ ജൂതർ മാത്രമേ ഇന്ന് ഉസ്ബെക്കിസ്ഥാനിലൊട്ടാകെ അവശേഷിക്കുന്നുള്ളു. അവരിൽ ഭൂരിഭാഗവും ബുഖാറ, സമർഖണ്ഡ്, താഷ്കെന്റ്, ഫെർഗാന എന്നിവിടങ്ങളിൽ താമസിക്കുന്നു. ബുഖാറ നഗരത്തിൽ വളരെ കുറച്ച് ജൂതന്മാർ മാത്രമേ ഇന്നുള്ളൂ. മതപരമായ ചടങ്ങുകൾക്ക് വേണ്ട ഏറ്റവും ചുരുങ്ങിയ ആളുകളെ വരെ കണ്ടെത്താൻ കഴിയാതെ പലപ്പോഴും അവർ ബുദ്ധിമുട്ടുന്നു. ഒരു യഹൂദ ഇണയെ കണ്ടെത്തുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുന്നു.
സ്റ്റേഷനിലെ ഉച്ചഭാഷിണിയിലൂടെ എന്തോ വിളിച്ചു പറഞ്ഞതോടെ ആളുകൾ പ്ലാറ്റ്ഫോമിലേക്ക് നടക്കാനാരംഭിച്ചു. തീവണ്ടിയുടെ വരവറിയിച്ചതാകണം. ഒട്ടും തിരക്കോ വൃത്തികേടോ ഇല്ലാതെ വിശാലമായി പരന്നുകിടക്കുന്നു അവിടം. താമസിക്കാതെ ട്രെയിനെത്തി ടിക്കറ്റ് പരിശോധിച്ച് നമ്പർ നോക്കി ആളുകളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാനാരംഭിച്ചു യൂണിഫോമിട്ട ജീവനക്കാർ. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഒരു നഗരത്തിൽ നിന്ന് അത്രത്തോളം തന്നെ പഴക്കമില്ലാത്ത എന്നാൽ ചരിത്രമുറങ്ങുന്ന മറ്റൊരു നഗരത്തിലേക്ക് പുതിയ കാലത്തിന്റെ പ്രതീകമായ അതിവേഗ തീവണ്ടിയിൽ ഒരു യാത്ര.
(തുടരും)