ഷിഞ്ജുക്കു, സാങ്കേതിക ശാസ്ത്രീയ വികസനത്തിന്റെ ജാപ്പനീസ് മോഡൽ

“ദിനംപ്രതി 35 ലക്ഷത്തോളം ഹ്രസ്വ-ദൂര യാത്രക്കാർ, ഏതാണ്ട് 1600 മെട്രോ ട്രെയിനുകൾ, 200 എക്സിറ്റ്/എൻട്രൻസ് വാതിലുകൾ; എന്നിട്ടും പ്രവർത്തനക്ഷമത, കുറ്റകൃത്യങ്ങളുടെ നിരക്ക്, സമയക്ലിപ്തത, വൃത്തി എന്നിവയിൽ ബെസ്റ്റ് ഇൻ ദ വേൾഡ്,” ജപ്പാനിലെ ഷിഞ്ജുക്കു (Shinjuku) നഗരത്തെക്കുറിച്ചാണ് ഈ ആഴ്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 51

ങ്ങൾ ആ നഗരത്തിൽ എത്തിയത് ബുധനാഴ്ച്ച രാത്രി പന്ത്രണ്ട് മണിക്കാണ്. രണ്ട് തൃശ്ശൂർ പൂരത്തിനുള്ള ആളുകൾ നഗരത്തിന്റെ ചെറുതും വലുതുമായ വീഥികളിലൂടെ ഒഴുകുകയായിരുന്നു (മാദ്ധ്യമറിപ്പോർട്ടുകൾ പ്രകാരം തൃശ്ശൂർ പൂരം കാണാൻ വരുന്നവരുടെ എണ്ണം ഏതാണ്ട് 10 ലക്ഷമാണ്). എയർപോർട്ടിൽ നിന്നുള്ള ട്രെയിനുമിറങ്ങി, പെട്ടിയും വലിച്ചുകൊണ്ട് 500 മീറ്റർ അകലെയുള്ള ഹോട്ടലിൽ എത്താൻ അരമണിക്കൂറിലധികം വേണ്ടിവന്നു.

ഹോട്ടലിന്റെ ഇരുപത്തിയൊമ്പതാം നിലയിൽ നിന്ന് നോക്കുമ്പോൾ നഗരമദ്ധ്യത്തിലേക്കെത്തുന്ന വീഥികൾ അഴിമുഖ സമാനമാകുന്നു. അവിടെയൊരു സമുദ്രം രൂപം കൊള്ളുന്നു. ജലത്തിന് പകരം ജനങ്ങളാണെന്ന് മാത്രം. പലപല ദേശക്കാർ, കൂടെ തദ്ദേശീയരും. സൊള്ളുന്നവർ, കിന്നരിക്കുന്നവർ, കൂത്താടുന്നവർ, വിൽക്കുന്നവർ, വാങ്ങുന്നവർ, ആടുന്നവർ, പാടുന്നവർ, ഇലക്ട്രോണിക്കും, അല്ലാത്തതുമായ കാഴ്ച ആസ്വദിക്കുന്നവർ, ഒറ്റക്കും, ഇണകളായും, കൂട്ടരോടൊത്തും നീങ്ങുന്നവർ... അങ്ങനെയങ്ങനെ നിഴലിലും, ഇരുട്ടിലും, വെളിച്ചത്തുമായി യാമം ജൈവപ്രളയമയം!

പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് നോക്കുമ്പോൾ നഗരം ഏതാണ്ട് ശൂന്യമാണ്. രാത്രിയിൽ ഇത്രയധികം ആളുകൾ വന്നുപോയ ഒരു ഭാവവുമില്ലാതെ വീഥികൾ. ചപ്പില്ല, ചവറില്ല, മാലിന്യം കാണുന്നിടത്ത് ഒന്നുമില്ല. ഞങ്ങൾ പത്തുമണിക്ക് സ്റ്റേഷനിലേക്ക് നടക്കുമ്പോൾ ഏത് നഗരത്തിലേയും പോലെ സാദാ തിരക്കുമാത്രം. സ്ഥലങ്ങൾ കണ്ട് തിരിച്ചെത്തിയപ്പോൾ സമയം വൈകുന്നേരം അഞ്ച് മണി. നഗരകൈവഴികൾ വീണ്ടും നിറയാൻ തുടങ്ങുന്നു. രാത്രിയിൽ തലേന്ന് കണ്ട അതേ രംഗങ്ങൾ. സന്ധ്യയാകുമ്പോൾ ഇത്രയും ജനം എവിടെ നിന്ന് വരുന്നു?

ഞാൻ നഗരത്തെ കുറിച്ച് വായിക്കാൻ തുടങ്ങി. നഗരത്തിലെ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ ട്രെയിൻ യാത്ര ചെയ്യുന്നത്. ദിനംപ്രതി 35 ലക്ഷത്തോളം ഹ്രസ്വ-ദൂര യാത്രക്കാർ, ഏതാണ്ട് 1600 മെട്രോ ട്രെയിനുകൾ, 200 എക്സിറ്റ്/എൻട്രൻസ് വാതിലുകൾ; എന്നിട്ടും പ്രവർത്തനക്ഷമത, കുറ്റകൃത്യങ്ങളുടെ നിരക്ക്, സമയക്ലിപ്തത, വൃത്തി എന്നിവയിൽ ബെസ്റ്റ് ഇൻ ദ വേൾഡ്. ട്രെയിനുകളുടെ സമയക്ലിപ്തത 99-%. ഗുരുതരമായ ആക്രമണങ്ങളും, കവർച്ചയും തീരെ കുറവ്.

 ഷിഞ്ജുക്കു (Shinjuku) നഗരം. നഗരത്തിലെ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ ട്രെയിൻ യാത്ര ചെയ്യുന്നത്.
ഷിഞ്ജുക്കു (Shinjuku) നഗരം. നഗരത്തിലെ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ ട്രെയിൻ യാത്ര ചെയ്യുന്നത്.

രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഹോട്ടലിനടുത്തുള്ള ഫൂട്ട്പാത്തിലൂടെ ഉലാത്തുമ്പോൾ പരിചയപ്പെട്ട സാമിനോട് (മൂപ്പരുടേത് സങ്കീർണ്ണമായ ലോക്കൽ പേരാണ്, 'പ്ലീസ് കാൾ മി സാം' കുറേകാലം അമേരിക്കയിലായിരുന്നത് കൊണ്ട് ഫിലാഡൽഫിയ ചുവ കലർന്ന ഇംഗ്ലീഷായിരുന്നു) ഞാൻ ചോദിച്ചു,

"ഇമ്മാതിരി ജനം ഡെയിലി വന്ന് പോയിട്ട് നിങ്ങളെങ്ങനെ ഈ നഗരം അധികം അളിപിളിയാകാതെ വലിയ അക്രമമില്ലാതെ സൂക്ഷിക്കുന്നു?"

സാമിന് സന്തോഷമായി. ബ്രൗണിഷ് ടിഞ്ചുള്ള കവിൾ അഭിമാനം കൊണ്ട് തുടുത്തു.

"പൗരബോധം വളർത്തുന്ന സംസ്കാരം, കർശന നിയമങ്ങൾ, നിയമപരിപാലനത്തിൽ ജനപങ്കാളിത്തം, മോഡേൺ ടെക്നോളജി" സാം വാചാലനായി. ഞാൻ മലയാളീകരിച്ച ഈ വാക്കുകൾ വിശദവും വിശാലവുമായി സാം വിവരിച്ചു തന്നു.

പിരിയാൻ നേരം ഞാൻ സാമിനോട് പറഞ്ഞു, "സാമിന്റെ ശരിക്കുള്ള പേര് പറ. ഞാനൊന്ന് പഠിക്കട്ടെ"

സാം പറഞ്ഞു. ഞാൻ ഇംഗ്ലീഷിൽ കേട്ടു, "Haruto Hasegawa". സാമിന് ചിരി വന്നു.

“ചിരിക്കേണ്ട, നമ്മൾക്ക് തമ്മിൽ വലിയൊരു സാമ്യം ഇന്നുണ്ട്"

സാമിന് പിടികിട്ടിയില്ല.

"ഞാനും നീയും ഇന്ന് രാത്രി താമസിക്കുന്നത് ഒരേ നഗരത്തിലാണ്" ഇത്തവണ ഞങ്ങൾ രണ്ട് പേരും കൂടിയാണ് ചിരിച്ചത്.

ആ നഗരമാണ് ഷിഞ്ജുക്കു (Shinjuku). ജനനിബിഢവും, അതിവികസിതവും, ആഡംബരവും, അംബരചുംബികളും, ഉദ്യാനങ്ങളും, ഉന്മാദവും, 'ഇരവ് നമുക്കുള്ളതാണെടാ' എന്ന് പാടുന്ന സുന്ദരന്മാരും സുന്ദരിമാരുമുള്ള നഗരം.

ഉദ്യാനത്തിലേക്ക് ഞങ്ങൾ താമസിച്ചിരുന്നിടത്ത് നിന്ന് അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരമേയുണ്ടായിരുന്നുള്ളൂ. ഷിഞ്ജുക്കു നാഷണൽ ഗാർഡൻ. ജാപ്പനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് സ്റ്റൈലിൽ നിറങ്ങൾ നിറയുന്ന പൂങ്കാവനം. ഏപ്രിൽ മാസത്തിലാണ് സുരഭില സൗന്ദര്യം, വസന്തം ചെറിപ്പൂക്കൾക്ക് വർണ്ണം നൽകുന്ന കാലം. ഞങ്ങളെത്തുമ്പോൾ ശരത്കാലം കൂട് കൂട്ടി തുടങ്ങിയിട്ടേയുള്ളൂ. മേപ്പിൾ മരങ്ങൾ ചുമന്ന് തുടുക്കാനും, ഫ്രഞ്ച് ചില്ലകൾ സ്വർണ്ണവർണ്ണമാകാനും നവംബർ പാതി കഴിയണം.

പൂന്തോട്ടത്തിൽ നിന്നും ഞങ്ങൾ മെട്രോ ട്രെയിൻ വഴി പോയത് ജപ്പാനീസ് നാഗരികജീവിതത്തിന്റെ ഏറ്റവും ചലനാത്മകമായ ഷിബുയ ക്രോസിങ്ങിലേക്കായിരുന്നു. അവിടെ അഞ്ചാറ് ദിശകളിൽ രണ്ട്-മൂന്ന് ആയിരം ആളുകൾ അതീവ അച്ചടക്കത്തോടെ റോഡ് ക്രോസ്സ് ചെയ്യുന്നു, ഏതാണ്ട് അത്ര തന്നെ ആളുകൾ വഴിയോരത്തും, പിന്നെ ഉയരം കൂടിയ കെട്ടിടങ്ങളുടെ പല നിലകളിലും നിന്ന് ആ ദൃശ്യം കാണുന്നു.

ഒരു കൂട്ടം മനുഷ്യരുടെ വേഗത്തിലുള്ള സഞ്ചാരമെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും നോക്കിനിന്നാൽ റിഹേഴ്‌സലൊന്നുമില്ലാതെ, നൈസർഗ്ഗികമായ താളക്രമത്തിൽ, ചുറ്റുമുള്ള നിർമ്മിതികളുടെ പശ്ചാത്തലഭംഗികളോട് അലിഞ്ഞുചേരുന്ന സീനുകളായി പരിണമിക്കും ഷിബുയ ക്രോസിങ് (Shibuya Crossing).

നഗരത്തെ ഉന്നതങ്ങളിൽ നിന്ന് കാണാനാണ് ടോക്കിയോ ടവർന്റെ 250 മീറ്റർ ഉയരത്തിലേക്ക് ഞങ്ങൾ കയറിയത്. പാരീസിലെ ഈഫൽ ഗോപുരമായിരുന്നു ടവർ നിർമ്മിക്കാൻ ജപ്പാൻകാർക്കുള്ള പ്രചോദനം. ഈഫലിനേക്കാൾ ലേശം ഉയരം കൂടും. ആന്റീനയടക്കം ഉയരം 333 മീറ്റർ.

ഷിബുയ ക്രോസിങ്
ഷിബുയ ക്രോസിങ്

കൊറിയൻ യുദ്ധത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട അമേരിക്കൻ ടാങ്കുകളിൽ നിന്നെടുത്ത സ്റ്റീൽ റീസൈക്കിൾ ചെയ്ത് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. 1958-ലായിരുന്നെങ്കിലും ജാപ്പനീസ് ടെക്നോളജിയുടെ വൈദഗ്ദ്യം കരുത്ത് നിലനിർത്തി കൊണ്ട് തന്നെ സ്റ്റീലിന്റെ ഭാരം കുറച്ചു. ഈഫലിന്റെ ഏതാണ്ട് പകുതിയേ വരൂ ഈ ടവറിന്റെ ഭാരം. ഭൂകമ്പസാദ്ധ്യത ധാരാളമുള്ളതുകൊണ്ട് ലൈറ്റ് വെയ്റ്റ് സ്റ്റീലും നിർമ്മാണരീതികളും സുരക്ഷ ഉറപ്പുവരുത്തുന്നു. ടോക്കിയോ നഗരത്തിന്റെ സായാഹനസൗന്ദര്യം ആസ്വദിച്ചുകൊണ്ടാണ് ഞങ്ങൾ മടങ്ങിയത്.

400000-600000 വർഷങ്ങൾക്ക് മുമ്പ് ആദ്യ സ്ഫോടനം, 1700-കളിൽ അവസാനത്തേതും. അതിന് ശേഷം ശാന്തമായ, ഇപ്പോൾ തീരെ അഗ്നിയില്ലാത്ത പർവ്വതമാണ് ഫുജി. രണ്ടര മണിക്കൂർ ബസ്സ് യാത്രക്ക് ശേഷമാണ് ഞങ്ങൾ ഫുജിയുടെ അടുത്തെത്തുന്നത്. ഉയരത്തിനേക്കാൾ ആകൃതിയിലാണ് ഫുജിയുടെ ഗ്ലാമർ (A near perfect cone shape). കോൺ ഷേപ്പ് സൗന്ദര്യത്തിന് ഒന്നാം സ്ഥാനം ഫിലിപ്പീൻസിലെ മയോൺ മൗണ്ടൈനാണ്. ജപ്പാനിൽ ഒന്നാം സ്ഥാനമുള്ള ഫുജിക്ക് 3,776.24 മീറ്റർ ഉയരമുണ്ട്. വിസ്ഫോടനങ്ങൾ മൂലം പുറത്തുവന്ന വസ്തുക്കൾ പാളികളായി അടുക്കിയിടുക്കി വീണ് ഉണ്ടായതാണീ ഫുജി (Stratovolcano)). എന്നാൽ പൊട്ടിത്തെറിയുടെ ഫലമായി ഉയർന്നുവന്നതാണ് ഫുജിക്കടുത്തുള്ള ഹാകോൺ പർവ്വതം (Caldera Volcano). മുകളിൽ ഒരു വലിയ ഗർത്തവുമായിട്ടാണ് ഇപ്പോഴത്തെ നിൽപ്പ്.

എവറസ്റ്റ് അടക്കമുള്ള ഭൂരിഭാഗം പർവ്വതങ്ങളും ഉണ്ടായിട്ടുള്ളത് ഭൂഗർഭപാളികളുടെ ചലനഫലമായിട്ടാണ് (Orogenic). അഗ്നിശൈലങ്ങളിൽ നിന്ന് പരിണമിച്ച ഫ്യൂജിയെപോലെയുള്ളവ എണ്ണത്തിൽ കുറവാണ്. മണ്ണും ജലവും ഒഴുകി ഒഴുകി പോയി (Erosion) ഉണ്ടാകുന്ന മറ്റൊരു ഗ്രൂപ്പായ റെസിഡ്യൂവൽ മൗണ്ടൈൻസിൽ പെടുന്നതാണ് ഇന്ത്യയിലെ ആരാവാലി (Aravalli Range).

ഹാകോൺ പർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ ലാവയും മറ്റും അടിഞ്ഞ് ഹായകവാ നദിയിൽ ഒരു തടാകമുണ്ടായി, ലേയ്ക് ആഷി. ഫ്യൂജിയെ പോലെ ശാന്തമല്ല ഹാകോൺ. ചില്ലറ പൊട്ടിത്തെറികൾ ഇപ്പോഴുമുണ്ട്. അതങ്ങ് ഉയരത്തിൽ നടക്കുന്നു, താഴെ തടാകം സൗമ്യമാണ്. ചുറ്റുമുള്ള കാടും, മേടും, ഇടയിലുള്ള നാടും കണ്ട് ലേയ്ക്ക് ആഷിയിലൂടെ നടത്തിയ ഒരു ബോട്ട് യാത്ര രസകരമായിരുന്നു.

ബോട്ട് യാത്രക്കൊടുവിൽ ബുള്ളറ്റ് ട്രെയിൻ ഞങ്ങളെയും കൊണ്ട് 320 km/h സ്പീഡിൽ ടോക്കിയോ സ്റ്റേഷനിലെത്തി. അവിടന്ന് ഷിഞ്ജുക്കുവിലെത്തിയപ്പോൾ നഗരവീഥികളിൽ നിയോൺ ബൾബുകൾ കത്തിത്തുടങ്ങി, ഉള്ളിൽ വിശപ്പും. സ്റ്റേഷനടുത്തുള്ള ഇന്ത്യൻ റസ്റ്റോറന്റിൽ ചെന്നപ്പോൾ അവിടെ ചീഫ് ഷെഫ് തൃശ്ശൂർക്കാരൻ ഗോവിന്ദൻകുട്ടി. ഭക്ഷണം കഴിച്ചതോടെ ദിവസം തീർന്നതായി ഞങ്ങൾ പ്രഖ്യാപിച്ചു.

പിറ്റേദിവസം ഞങ്ങൾ കണ്ടുമുട്ടിയവർ അഫേട്ടോ (Affetto), ഐബോ (Aibo), ഇൻഡി (Indy), കെപാരൻ (Keparan) എന്നിവരാണ്. അഫേട്ടോ ഒരു കുട്ടിയാണ്. ആളുകളെ നോക്കി സങ്കടപ്പെടും, ചിരിക്കും, ചിലപ്പോൾ അത്ഭുതത്തോടെ നോക്കും. ഐബോ ഒരു പട്ടികുട്ടിയാണ്, പപ്പി. തൊട്ടാൽ, കൊഞ്ചിച്ചാൽ ഒരു സാധാരണ പട്ടികുട്ടിയെ പോലെ പ്രതികരിക്കും. ഇൻഡിയും കെപാരനും സംസാരപ്രിയരായ പെൺകുട്ടികളാണ്. കെപാരൻ സൈൻ ബോർഡ് കാണിച്ചാൽ അതിലെഴുതിയതു പോലെ പെരുമാറും, ഇൻഡി ചോദിച്ചതിന് മാത്രമേ ഉത്തരം പറയൂ.

ഇവരെല്ലാം നിർമ്മിത ബുദ്ധിയുള്ള റോബോട്ടുകളാണ്. മിറൈയ്കൻ മ്യൂസിയത്തിലെ ഗ്ലാമർ സ്റ്റാർസ്.

ദ നാഷണൽ മ്യൂസിയം ഓഫ് എമർജിങ് സയൻസ് ആൻഡ് ഇന്നൊവേഷൻ എന്നതിന്റെ ജാപ്പനീസ് ചുരുക്കപ്പേരാണ് മിറൈയ്കൻ (Miraikan). ഭൂമി, സ്പേസ്, സാങ്കേതികവിദ്യയുടെ വികാസം, കാലാവസ്ഥ വ്യതിയാനം, റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടർ, ഹ്യൂമൻ ബയോളജി, സുസ്ഥിരമായ വികസനം (sustainable development) എന്നിവയെ കുറിച്ചുള്ള വിശദവും വിശാലവുമായ ലോകമാണ് മിറൈയ്കൻ. മറ്റു സയൻസ് മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമായി മിറൈയ്കൻ അടിസ്ഥാനപ്പെടുത്തുന്നത് ഭാവിയിലെ സയൻസ് എന്തായിരിക്കുമെന്നും, എങ്ങനെയായിരിക്കണമെന്നതിനെയാണ് (futuristic science). അഞ്ചുമണിയാകാറായി, ക്ലോസ് ചെയ്യാനുള്ള സമയമാകുന്നുവെന്ന അനൗൺസ്‌മെന്റ് വന്നു. ഇനിയും അറിയാൻ മിറൈയ്കനിൽ ഏറെയുണ്ടെന്നതിനേക്കാൾ ഇത്രയും സമയം സയൻസിനൊപ്പം സഞ്ചരിച്ച സന്തോഷത്തോടെയാണ് ഞങ്ങൾ മ്യൂസിയം പടവുകളിറങ്ങിയത്.

Miraikan
Miraikan

സാങ്കേതികവും, സയന്റിഫിക്കുമായ വികസനങ്ങളുടെ അതിവിശാലമായ ഭൂമികയിൽ നിൽക്കുമ്പോഴും പരമ്പരാഗതവും, പ്രാചീനവും, മതപരവുമായ യുക്തിരഹിതവിശ്വാസങ്ങൾ വളരെ ശക്തമാണ് ജപ്പാനിൽ. അതുകൊണ്ട് തന്നെ കാണേണ്ട സ്ഥലങ്ങളെ കുറിച്ച് തിരഞ്ഞാൽ ടെമ്പിളും ഷ്രൈനുകളും ലിസ്റ്റിൽ വരും. ഇതൊക്കെ ധാരാളമുള്ള കൊയോട്ടോ നഗരം പണ്ട് കണ്ടിട്ടുള്ളത് കൊണ്ട് സെർച്ച് പദങ്ങൾ അൽപ്പം വ്യത്യസ്‌തമാക്കിയപ്പോൾ തെളിഞ്ഞുവന്ന ഓപ്ഷൻ ആണ് തീംലാബ് പ്ലാനറ്റ്സ് (TeamLab Planets TOKYO).

ശരീരവും മനസ്സും മുങ്ങി ആസ്വദിക്കേണ്ട ഡിജിറ്റൽ ആർട്ടിന്റെ ലോകം. വാട്ടർ ഏരിയയിലൂടെ നഗ്‌നപാദരായി നടക്കുമ്പോൾ മൽസ്യങ്ങൾ (Digital koi fish) വന്ന് തൊട്ട് പൂക്കളായി മാറും. നമ്മുടെ ചലനമനുസരിച്ചാണ് പൂക്കളുടെ വർണ്ണവും, വിതാനവും. ഇടക്ക് വെള്ളമില്ലാത്ത മൃദുവും, നടക്കുമ്പോൾ താഴ്ന്നുപോകുന്നതുമായ ഉപരിതലങ്ങൾ വരുന്നു. അതിലൂടെ പോകുമ്പോൾ നമ്മൾക്ക് ശരീരത്തെക്കുറിച്ചും, അതെങ്ങനെയാണ് മറ്റുള്ളവർക്ക് ഇടം കൊടുക്കാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചും പരിഭ്രമത്തോടെയുള്ള തോന്നലുണ്ടാകുന്നു.

കണ്ണാടികളും വിഭ്രാൽമകമായ പ്രകാശവുമുള്ള (Mirror and light) ഭാഗമായിരുന്നു അടുത്തത്. അത് അപരിമിതമായ (Infinite) ഒരു ഗാലക്‌സിയിലേക്ക് നമ്മെ കൊണ്ടുപോകും. തൂങ്ങി കിടക്കുന്ന ആയിരകണക്കിന് എൽഇഡി ലൈറ്റുകളും മിററുകളും ചേർന്ന് നമ്മുക്ക് ചുറ്റും ത്രിമാനമായ ഒരു ലോകം സൃഷ്ടിക്കുന്നു. ഈ ക്രിസ്റ്റൽ യൂണിവേഴ്സിലേക്ക് സ്മാർട്ട്ഫോണിലെ ആപ്പ് വഴി സ്വന്തം നക്ഷത്രങ്ങളെ കൂടി പ്രകാശിപ്പിക്കാം. പ്രപഞ്ചം അങ്ങനെ ഇന്ററാക്ടീവ് ആകുന്നു.

വിശാലമായ മറ്റൊരു മുറിയിൽ മലർന്ന് കിടന്നാൽ ആകാശത്ത് നക്ഷത്രങ്ങൾക്ക് പകരം പൂക്കളെ കാണാം. പുതിയ പുതിയ പൂക്കൾ വിരിഞ്ഞുകൊണ്ടേയിരിക്കും.

അകത്തുള്ള ഗാർഡനിൽ മേലെയെവിടെയോ നിന്ന് താഴേക്കിറങ്ങും പോലെ ആയിരക്കണക്കിന് റിയൽ ഓർക്കിഡുകൾ. അവ പൊങ്ങുകയും താഴുകയും ചെയ്യുന്നു. ബഹിരാകാശത്തിലെ ഒരു തോട്ടത്തിൽ എന്ന പോൽ ഓർക്കിഡുകൾ നമ്മെ തഴുകിപോകുന്നു. പുറത്തേക്കിറങ്ങിയാൽ ദീർഘചതുരാകൃതിയിലുള്ള പായൽച്ചെടികൾ തൊടുമ്പോൾ ഏതോ ഒരു ശബ്ദത്തിന്റെ പ്രതിധ്വനിയോടെ പല പല നിറങ്ങളായി മാറുന്നു. പകൽപ്രകാശവും, രാത്രിവെളിച്ചവും മുന്നിലൂടെ മാറിയും മറിഞ്ഞും, ഇടകലർന്നും മിന്നിമറയുന്നു.

ഡിജിറ്റൽ പ്രൊജക്ഷനും, വെള്ളവും, ജീവനുള്ള സസ്യലതാദികളും ചേർന്ന വർണ്ണശബളവും പ്രകാശപൂരിതവുമായ പ്രപഞ്ചത്തിൽ, ആപ്പ് വഴിയും, അനുഭൂതി വഴിയും അതിന്റെ ഭാഗമായി മാറുക, അങ്ങനെ മാറുമ്പോൾ വ്യക്തിയും ചുറ്റുമുള്ള ലോകവും തമ്മിൽ അതിർത്തികൾ ഇല്ലെന്നറിയുക എന്നതാണ് 10000 ചതുരശ്രമീറ്റർ വലിപ്പമുള്ള തീം ലാബിന്റെ ഫിലോസഫി. ആ ഫിലോസഫി പൂർണ്ണമായി മനസ്സിലാക്കി തന്നത് താമസിക്കുന്ന ഹോട്ടലിലേക്കുള്ള വഴിയിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയ സാം ആയിരുന്നു.

ജപ്പാനിലെ ആദിമമനുഷ്യരായ റിയുക്യുവൻ-അയിനു (Ryukuyan and Ainu) വംശജർ, അവർക്ക് കുടിയേറി വന്ന് ഭൂരിപക്ഷമായ യമാറ്റോ (Yamato) ജനങ്ങളിൽ നിന്ന് ഏൽക്കേണ്ടിവന്ന വംശഹത്യാപരമായ അക്രമവും അനീതിയും, അതുണ്ടാക്കിയ വംശീയ സംഘർഷങ്ങളും, സാമൂഹ്യനീതി ഉറപ്പാക്കാൻ ഇപ്പോൾ നടക്കുന്ന പരിശ്രമങ്ങളും, എന്നാലിന്നും പരിഹരിക്കപ്പെടാത്ത അവരുടെ ഭൂമിയിലുള്ള അവകാശവും, ഭരണപങ്കാളിത്തവും, ചരിത്രപരവും സാംസ്കാരികവുമായ നാശനഷ്ടങ്ങളും - സംഭാഷണത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ സാം ആ കഥകളും പറഞ്ഞു.

ജപ്പാനിലെ ആദിമമനുഷ്യരായ റിയുക്യുവൻ-അയിനു .
ജപ്പാനിലെ ആദിമമനുഷ്യരായ റിയുക്യുവൻ-അയിനു .

ജപ്പാൻകാർ കാണിക്കുന്ന ആതിഥ്യമര്യാദയുടേയും, വിനയവും സൗഹാർദ്ദവും നിറഞ്ഞ പെരുമാറ്റത്തിന്റെയും അടിസ്ഥാനമായ ഓമോട്ടിനാഷി (Omotenashi) എന്ന സാംസ്കാരികപ്രതിഭാസത്തിലാണ് (cultural philosophy) സാമിന്റെ സംസാരം അവസാനിച്ചത്. സാമിനോട് നന്ദി പറഞ്ഞ്, ഇനിയും കാണുമെന്ന പ്രത്യാശ പങ്കിട്ട്, ഞങ്ങൾ ജപ്പാൻ പ്രവാസത്തിന്റെ അവസാന രാത്രിയിലേക്ക് കടന്നു.

Cheers!!


Summary: Innovative Japan city Shinjuku travel experiences, Dr Prasannan PA's Good Evening Friday column continues from Australia.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments